Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

എസ്‌കോബാറും മെസൂദ് ഓസിലും: രണ്ട് ചുവപ്പു കാര്‍ഡുകള്‍

യാസീന്‍ വാണിയക്കാട്


റഷ്യന്‍ ലോക കപ്പിന്റെ പ്രാഥമിക റൗണ്ടിനപ്പുറം കടക്കാനാകാതെ ജര്‍മന്‍ ടീമിലെ പതിനൊന്ന് കളിക്കാരും തലകുനിച്ച് മൈതാനം വിടുന്ന കാഴ്ച, അന്ന് (2018-ല്‍), ഫുട്‌ബോള്‍ പ്രേമികളെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. കിരീട പ്രതീക്ഷയുമായി വന്നവര്‍ വക്കുപൊട്ടിയ സ്വപ്‌നങ്ങളെ റഷ്യന്‍ മണ്ണില്‍ കുഴിച്ചുമൂടി ഹതാശരായി മടങ്ങുമ്പോള്‍, മുഴുവന്‍ ജര്‍മന്‍ വിരലുകള്‍ക്കും ചൂണ്ടാന്‍ ഒരാളെ വേണമായിരുന്നു. പാപഭാരം കയറ്റിവെക്കാന്‍ അവരുടെ കണ്ണുകള്‍ ഒരാളെ പരതുന്നുണ്ടായിരുന്നു. ജര്‍മന്‍ പത്രങ്ങളും കായിക പ്രേമികളും ഫുട്‌ബോള്‍ ഫെഡറേഷനും തോല്‍വിയുടെ ഭാരം ഒരാള്‍ക്കു മേല്‍ കയറ്റിവെച്ച് നിര്‍വൃതിയടഞ്ഞു.
മെസൂദ് ഓസില്‍! പരശ്ശതം ചൂണ്ടുവിരലിന്റെ നഖമുന പോറി അയാളുടെ ഹൃദയത്തില്‍ നിന്ന് ചോര പൊടിഞ്ഞു. മൈതാനത്ത് ഓസിലിന്റെ കണ്ണുനീരാണ് വീണതെങ്കില്‍ അയാള്‍ നടന്നുമറഞ്ഞ ജര്‍മന്‍ തെരുവീഥികളിലൊക്കെയും ഹൃദയമുറിവുകളിലെ ചെഞ്ചോര ഇറ്റിറ്റു വീണു. വംശവെറിയുടെ അപ്പോസ്തലന്മാര്‍ ആ ചോരയില്‍ ചോന്ന പൂക്കളെ കണ്ടു. ആ പൂക്കള്‍ മണത്ത് അവര്‍ ആനന്ദംകൊണ്ടു. ഒടുവിലയാള്‍ ജര്‍മന്‍ കളിക്കുപ്പായം അഴിച്ചുവെച്ചു രാജ്യാന്തര കരിയറിനോട് വിടപറയുന്നതുവരേക്കും അത് നിര്‍ബാധം തുടര്‍ന്നു.
വിജയത്തിന്റെയും പരാജയത്തിന്റെയും പരിണതികള്‍ തുല്യമായി വീതിക്കപ്പെടുന്ന കായിക സംസ്‌കാരത്തിന്റെ മരണമണി, ഓസിലിനെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ആ ദിനങ്ങളില്‍, കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി. ആന്ദ്രേ എസ്‌കോബാറിന്റെ വിഷാദമുഖം ആ മരണമണി ഓര്‍മിപ്പിച്ചു. കൃത്യം കാല്‍നൂറ്റാണ്ടോട് അടുക്കുകയായിരുന്നു എസ്‌കോബാറിന്റെ മരണത്തിന്. ഒരു സെല്‍ഫുഗോള്‍ അയാള്‍ക്ക് സമ്മാനിച്ചത് പന്ത്രണ്ട് വെടിയുണ്ടകള്‍! നാടിന് നാണക്കേട് ഉണ്ടാക്കിയവനേ എന്നലറി വിളിച്ച് അവരുടെ തോക്കുകള്‍ അയാളുടെ മാംസളതക്കുമേല്‍ തുപ്പിത്തുടങ്ങി. ഓരോ വെടിയുണ്ടയും അക്രമികളെ സംബന്ധിച്ചേടത്തോളം ഓരോ ഗോളുകളായിരുന്നു; കൊളംബിയക്ക് വേണ്ടിയുള്ള ഗോള്‍! അമേരിക്കയോട് 2-1ന് തോറ്റതിന് എസ്‌കോബാറിന്റെ വലയില്‍ തുളഞ്ഞുകയറിയത് പന്ത്രണ്ട് വെറുപ്പിന്റെ വെടിയുണ്ടകള്‍!
നാടിന് നാണക്കേട് ഉണ്ടാക്കിയവനേ... ഈ വിളി തന്നെയായിരുന്നില്ലേ ഓസിലിനു നേര്‍ക്കും അവര്‍ തൊടുത്തത്? എസ്‌കോബാറിന് ഒരു സെല്‍ഫുഗോളിന്റെ കറയെങ്കിലുമുണ്ടായിരുന്നു; ഓസിലിന്റേത് തികച്ചും രാഷ്ട്രീയപരമായിരുന്നു.  മധ്യനിരയില്‍ പന്തുമായി ഒഴുകിനടന്ന, ഗോളുകളെക്കാള്‍ നിസ്വാര്‍ഥതയുടെ പ്രകാശമുള്ള അസിസ്റ്റുകളുടെ രാജകുമാരന്‍ പൊടുന്നനെ വംശവെറിയുടെ ഇരയാവുകയായിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോടൊന്നിച്ചുള്ള ഫോട്ടോ കണ്ടതു മുതല്‍ ഇളകിത്തുടങ്ങിയിരുന്നു ജര്‍മന്‍ കലി. ഞാനൊരു ജര്‍മന്‍-തുര്‍ക്കി വംശജനും മുസ്‌ലിം സ്വത്വം പേറുന്നവനുമായതാണോ നിങ്ങളുടെ വിവേചനങ്ങളുടെ കാതലെന്ന് ചോദിക്കുന്നിടത്തോളമെത്തി കാര്യങ്ങള്‍.
വെടിയുണ്ടകള്‍, ആന്ദ്രേ എസ്‌കോബാറിന്റെ ജീവിതത്തിന് ചോരപുരണ്ട റെഡ്കാര്‍ഡ് നല്‍കി. വംശവെറി, ജര്‍മന്‍ കളിക്കുപ്പായമിട്ട് കൊതിതീരാത്ത മെസൂദ് ഓസിലിന്റെ നേര്‍ക്ക് റെഡ്കാര്‍ഡ് എടുത്തുവീശി.
ഖത്തര്‍ ലോക കപ്പില്‍ ഓസിലിനെന്തു കാര്യം? ചോദ്യമെറിയാന്‍ വരട്ടെ. ജര്‍മനി സ്‌പെയിനുമായി കൊമ്പുകോര്‍ത്ത മത്സരത്തില്‍ ഗാലറിയില്‍ ഓസിലുണ്ടായിരുന്നു. ഒന്നല്ല, ഒരായിരം ഓസിലുമാര്‍! ഓസിലിന്റെ ഫോട്ടോയും പെന്‍സില്‍ ഡ്രോയിംഗുമേന്തി കാണികള്‍ ആ കളിക്കാരനെ ചേര്‍ത്തുപിടിച്ചു. മൂര്‍ച്ചപോയ ജര്‍മന്‍ മുന്നേറ്റങ്ങളോട്, നിങ്ങളുടെ മധ്യനിരയില്‍ പന്തുകൊണ്ട് കവിത നെയ്യുന്ന ഒരാളുടെ കുറവുണ്ടെന്ന് ഓര്‍മിപ്പിച്ചു. നിങ്ങള്‍ അയാളോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത വംശവെറിയാണെന്ന് ഗാലറി ആര്‍ത്തുവിളിച്ചു. ഓസിലിനുവേണ്ടി സങ്കീര്‍ത്തനങ്ങള്‍ പൊഴിച്ചു.
ഹുങ്കാരം മുഴക്കുന്ന ഖത്തറിലെ ഗാലറികള്‍ രണ്ടു കാഴ്ചകളാല്‍ കാണികളെ, ലോകത്തെത്തന്നെ സമൃദ്ധമായി വിരുന്നൂട്ടി. ഒന്ന്, മെസൂദ് ഓസില്‍, അത്ര പെട്ടെന്നൊന്നും മറവിക്ക് വിഴുങ്ങാന്‍ കൊടുക്കേണ്ട കളിക്കാരനല്ല എന്ന ഓര്‍മപ്പെടുത്തല്‍.
മറ്റൊന്ന്, ലോക കപ്പില്‍ മത്സരിക്കാനില്ലാതിരുന്നിട്ടും ഫലസ്ത്വീന്‍ പതാകയേന്തി കളികാണുന്ന കാണികള്‍. ലോകത്തിന്റെ നീറുന്ന നൊമ്പരമാണ് ഫലസ്ത്വീന്‍ എന്ന് ഓര്‍മപ്പെടുത്താന്‍ ഗാലറികള്‍ ഫലസ്ത്വീന്റെ പതാക പുതച്ചുനില്‍ക്കുന്ന കാഴ്ച ഹൃദയഹാരിയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌