Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

ആ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിഞ്ഞിരിക്കണം

/ നൗഷാദ്  ചേനപ്പാടി

വിശുദ്ധ ഖുര്‍ആനിന് മൗലികമായ ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ഓരോ വിശ്വാസിയും അവ അറിഞ്ഞിരിക്കണം. ആ ലക്ഷ്യത്തിനനുസരിച്ചാവണം അവന്റെ ഖുര്‍ആന്‍ പഠനവും ജീവിതവും പ്രബോധനവും. ഖുര്‍ആനിക ലക്ഷ്യങ്ങള്‍ വിവരിക്കുന്ന അനേകം കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇമാം സര്‍ക്കശിയുടെ അല്‍ബുര്‍ഹാന്‍, ഇമാം സുയൂത്വിയുടെ അല്‍ഇത്ഖാന്‍, ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ കയ്ഫ നതആമലു മഅല്‍ ഖുര്‍ആനില്‍ അളീം, അലി മുഹമ്മദ് സല്ലാബിയുടെ അല്‍ഈമാനു ബില്‍ ഖുര്‍ആനില്‍ കരീം, ഡോ. സ്വലാഹ് അബ്ദുല്‍ ഫത്താഹ് അല്‍ ഖാലിദിയുടെ മഫാതീഹു ലിത്തആമുലി മഅല്‍ ഖുര്‍ആന്‍ എന്നിവ അവയില്‍ ചിലത് മാത്രം. ഖുര്‍ആന്‍ പഠനത്തിന്റെ മുഖ്യ വശമാണ് അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഏതാണെന്നറിഞ്ഞിരിക്കല്‍. മൗലികമായ ഈ ലക്ഷ്യങ്ങള്‍ ഏതാണെന്നും എന്താണെന്നും അറിഞ്ഞില്ലെങ്കില്‍ അതിനെ വഹിക്കുന്ന ഉമ്മത്തിനും ഒരു ലക്ഷ്യവും ദൗത്യവും ഉണ്ടാവില്ല. ശൈഖ് യൂസുഫുല്‍ ഖറദാവി ഈ ലക്ഷ്യങ്ങള്‍ ഏഴായി എണ്ണിയിരിക്കുന്നു: 1. വിശ്വാസത്തെയും വീക്ഷണങ്ങളെയും ശരിയാക്കല്‍. 2. മനുഷ്യമഹത്വത്തെയും അവന്റെ അവകാശങ്ങളെയും അംഗീകരിക്കല്‍. 3. അല്ലാഹുവിനു ഇബാദത്ത് ചെയ്യലും അവനെ സൂക്ഷിച്ചു ജീവിക്കലും. 4. മനുഷ്യമനസ്സിന്റെ സംസ്‌കരണം. 5. സ്ത്രീകളോട് നീതി ചെയ്തുകൊണ്ടുള്ള  കുടുംബത്തിന്റെ രൂപവത്കരണം. 6. മനുഷ്യവംശത്തിനായി  സത്യസാക്ഷ്യം നിര്‍വഹിക്കുന്ന ഒരു ഉമ്മത്തിന്റെ നിര്‍മാണം. 7. മനുഷ്യവംശത്തെ ഒന്നടങ്കം അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യല്‍.
ഈ ലക്ഷ്യങ്ങള്‍ ഖത്വീബുമാരും പ്രബോധകരും ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. എന്നാല്‍, മുഹമ്മദലി സല്ലാബി തന്റെ കൃതിയില്‍ ഈ ലക്ഷ്യങ്ങളെ പതിനേഴായി എണ്ണിയിരിക്കുന്നു. അവ വിശദമായി വിവരിക്കുകയും ചെയ്തിരിക്കുന്നു. ഡോ. സ്വലാഹ് ഖാലിദി ഖുര്‍ആന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇവയെ എല്ലാം സംഗ്രഹിച്ച് നാലായിട്ടാണ് വിശദീകരിച്ചിട്ടുള്ളത്. ശൈഖ് ഖറദാവിയും സല്ലാബിയും പറഞ്ഞ ലക്ഷ്യങ്ങള്‍ അടിസ്ഥാനപരമായി ഈ നാലുകാര്യങ്ങളുടെ വിശദീകരണങ്ങളാണ്. ഇതാണ് ആ നാലു ലക്ഷ്യങ്ങള്‍:

1. ജനങ്ങളെ അല്ലാഹുവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുക.
'ഈ ഖുര്‍ആന്‍ ജനങ്ങള്‍ക്കുള്ള സന്ദേശമാണ്. അവര്‍ക്ക്  മുന്നറിയിപ്പ് നല്‍കുവാനും അവരുടെ ദൈവം ഒരേയൊരു ദൈവമാണെന്നവര്‍ അറിയുവാനും ബുദ്ധിമാന്മാര്‍ ഉദ്‌ബോധനം ഉള്‍ക്കൊള്ളുവാനുമുള്ളതാണിത്' (ഇബ്‌റാഹീം 52).
'തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. ആ മാര്‍ഗം സ്വീകരിച്ച് അതില്‍ വിശ്വസിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലമുണ്ടെന്ന സന്തോഷവാര്‍ത്തയും ഈ ഖുര്‍ആന്‍ നല്‍കുന്നു' (അല്‍ഇസ്‌റാഅ് 9).
ഇതുപോലെ ഖുര്‍ആന്റെ  മാര്‍ഗദര്‍ശനപരമായ ലക്ഷ്യത്തെ ഊന്നിപ്പറയുന്ന ധാരാളം സൂക്തങ്ങളുണ്ട് ഖുര്‍ആനില്‍. ആ മാര്‍ഗദര്‍ശനം മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. അല്ലാതെ ആത്മീയവും ആരാധനാപരവുമായ വശത്തില്‍ മാത്രമല്ല.
2. സമ്പൂര്‍ണവും സന്തുലിതവുമായ ഒരു ഖുര്‍ആനിക- ഇസ്‌ലാമിക- വ്യക്തിത്വത്തെ സൃഷ്ടിച്ചെടുക്കുക. ഇവിടെ സമ്പൂര്‍ണമെന്നതുകൊണ്ടുദ്ദേശ്യം,  മനുഷ്യന്റെ ആത്മീയവും സ്വകാര്യവുമായ വ്യക്തിജീവിതത്തെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ  ജീവിതത്തിന്റെ സകല മേഖലകളിലും മാതൃകയായ വ്യക്തിത്വം എന്നാണ്. സന്തുലിതത്വം എന്നത് ആത്മീയവും ഭൗതികവുമായ ജീവിതത്തിന്റെ സന്തുലിതത്വമാണ്. അതായത്, മനുഷ്യന്‍ അതിരുകവിഞ്ഞ ആത്മീയ ജീവിതം നയിക്കുന്ന സന്യാസിയോ പുരോഹിതനോ സൂഫിയോ ആവാതെയും, ആത്മീയവശത്തെ പറ്റെ മാറ്റിനിര്‍ത്തി തികഞ്ഞ ഭൗതിക ജീവി ആവാതെയുമുള്ള സന്തുലിതമായ ജീവിതം നയിക്കാന്‍ പ്രാപ്തമാക്കുന്ന വേദഗ്രന്ഥമാണ് ഖുര്‍ആന്‍. കാരണം, ഖുര്‍ആന്റെ വീക്ഷണത്തില്‍ മനുഷ്യന്‍, ഭൂമിയിലെ മണ്ണിനാല്‍ രൂപപ്പെടുത്തി സ്രഷ്ടാവായ അല്ലാഹുവില്‍നിന്നുള്ള ആത്മാവിനാല്‍ ഊതപ്പെട്ട ഒരു സൃഷ്ടിയാണ്. ഈ രണ്ടു ഘടകങ്ങളുടെയും ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും സന്തുലിതമായി പൂര്‍ത്തീകരിക്കുന്ന ഒരു ഖുര്‍ആനിക വ്യക്തിത്വത്തിന്റെ രൂപവത്കരണം എന്നതാണുദ്ദേശ്യം. നബി (സ) മക്കയില്‍ ഈ രീതിയിലുള്ള വ്യക്തിത്വങ്ങളെയാണ് രൂപപ്പെടുത്തിയെടുത്തത്.
3. സമ്പൂര്‍ണവും സന്തുലിതവുമായ ഒരു ഖുര്‍ആനിക-ഇസ്‌ലാമിക- സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക. ഏറ്റവും നല്ല മണ്ണുകൊണ്ട് ഭംഗിയുള്ള  അച്ചില്‍വെച്ച് നന്നായി ചുട്ടെടുത്ത, ബലവത്തായ ഇഷ്ടികകള്‍ ഒരിടത്ത് കൂട്ടിയിട്ടാല്‍ അതുകൊണ്ട് ആര്‍ക്കെങ്കിലും വല്ല പ്രയോജനവും ഉണ്ടാകുമോ, അത് ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ആയാലും? എന്നാല്‍, ആ ഇഷ്ടികകള്‍ കൊണ്ട്  വിദഗ്ധനായ എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ പരിചയസമ്പന്നരായ തൊഴിലാളികള്‍ പാലങ്ങളോ കെട്ടിടങ്ങളോ ഫാക്ടറികളോ അണക്കെട്ടുകളോ നിര്‍മിക്കുമ്പോഴാണ് മനുഷ്യസമൂഹത്തിനത് പ്രയോജനകരമാവുക. പലരും ചെയ്തുകൊണ്ടിരിക്കുന്നത് ആദ്യം പറഞ്ഞ പണിയാണ്.  അതായത്, നല്ല പരിപക്വമായ  ഇഷ്ടികകള്‍ ചുട്ടെടുക്കുക. പിന്നെയും പിന്നെയും ചുട്ടെടുക്കുക.  ആ പണിതന്നെ ചെയ്തുകൊണ്ടേയിരിക്കുക. ആ ഇഷ്ടികകളെയെല്ലാം വ്യവസ്ഥാപിതമായി സംഘടിപ്പിച്ച് ഉമ്മത്തിനോ മനുഷ്യസമൂഹത്തിന് മൊത്തത്തിലോ പ്രയോജനകരമായ ഒരു 'ബുന്‍യാന്‍ മര്‍സ്വൂസ്വ്' അവര്‍  സൃഷ്ടിക്കുന്നേയില്ല. ഉള്ളതെല്ലാം അത്യന്തം ബലഹീനമായ ആള്‍ക്കൂട്ടങ്ങള്‍. സംഘടനയെന്നോ പ്രസ്ഥാനമെന്നോ വിശേഷിപ്പിക്കാന്‍ പോലും പറ്റാത്ത കേവലമായ മജ്മൂഅത്തുകള്‍ (ജമാഅത്തല്ല)മാത്രമാണവ. ഇവിടെയാണ് ഖുര്‍ആന്റെ 'ഭദ്രമായ എടുപ്പ്' എന്ന പ്രയോഗത്തിന്റെ പ്രസക്തി. അവര്‍ക്കു മാത്രമേ മനുഷ്യജീവിതത്തിന്റെ ഏതു മേഖലയിലും ലോകത്തെ അടക്കിവാഴുന്ന ത്വാഗൂത്തുകളെ നേരിട്ടുകൊണ്ട് ഒരു ഖുര്‍ആനിക ഉമ്മത്തിനെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.
ഏത് ആദര്‍ശവും ആശയവും പ്രത്യയശാസ്ത്രവും അതിനെ ഏറ്റെടുത്തു നടത്താനും പ്രചരിപ്പിക്കാനും ശക്തമായ ഒരു സമൂഹം രൂപപ്പെട്ടില്ലെങ്കില്‍ അതെല്ലാം വ്യക്തിപരമായ കേവലാശയങ്ങളില്‍ ഒതുങ്ങി പിന്‍വാങ്ങിയും പിന്തള്ളപ്പെട്ടും പോകും. ലോകം കണ്ട ഭൗതിക പ്രസ്ഥാനങ്ങള്‍ അവയുടെ ചിന്തകള്‍ പ്രയോഗവല്‍ക്കരിച്ചത് ശക്തമായ സംഘടനകള്‍ക്ക് രൂപം നല്‍കിക്കൊണ്ടായിരുന്നു.  ഈ ലോകത്ത് ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സത്യത്തിലും നന്മയിലും നീതിയിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു നവലോകക്രമം സ്ഥാപിക്കാന്‍വന്ന ഇസ്‌ലാമിനും ശക്തമായ ഒരു ഉമ്മത്ത് സ്ഥാപിതമായേ പറ്റൂ.
4. ആ ഉമ്മത്തിനെ വലയം ചെയ്തുനില്‍ക്കുന്ന സകലവിധ ജാഹിലിയ്യത്തിനോടുമുള്ള അനിവാര്യവും നിരന്തരവുമായ പോരാട്ടത്തില്‍ അതിന് നേതൃത്വപരമായ മാര്‍ഗനിര്‍ദേശം നല്‍കുക (അല്‍ ഫുര്‍ഖാന്‍ 52). ഈ ലോകത്ത് ഏത് സമൂഹത്തിനും രാഷ്ട്രത്തിനും അതിജീവിക്കുകയും  നിലനില്‍ക്കുകയും ചെയ്യണമെങ്കില്‍ ശക്തമായ ഒരു പ്രതിരോധനിര അതിനുണ്ടായേ പറ്റൂ. മുസ്‌ലിം ഉമ്മത്തിനും ഈ പ്രതിരോധനിര ഉണ്ടാവണമെന്നത് അതിന്റെ അടിസ്ഥാനത്തില്‍പ്പെട്ടതുമാണ്. സാങ്കേതികമായി അതിന് ജിഹാദ് എന്നു പറയുന്നു. ഈ ജിഹാദും രണ്ടു വിധമാണ്. ഒന്ന് ജിഹാദും രണ്ട് ഇജ്തിഹാദും. ഇതു രണ്ടും അതിന്റെ പൂര്‍ണ ജീവനോടെയും ചൈതന്യത്തോടെയും ഉമ്മത്തില്‍ നിലനിന്ന കാലമാണ് അതിന്റെ സുവര്‍ണ ദശയായി കണക്കാക്കുന്നത്. ജിഹാദ് അതിന്റെ പോരാട്ടവശത്തെയും ഇജ്തിഹാദ് അതിന്റെ വൈജ്ഞാനികവും ബൗദ്ധികവുമായ വശത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌