Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

ദേശീയതയുടെ ആന്തരിക ദൗര്‍ബല്യങ്ങള്‍

അഫ്‌ലഹുസ്സമാന്‍   aflah.zaman4@gmail.com

സ്വദേശത്തോട് സ്‌നേഹമുണ്ടാവുക മനുഷ്യ സഹജമാണ്. ആ  അഭിനിവേശം അതിരുകവിയുമ്പോള്‍ ദേശീയതയായി രൂപമാറ്റം പ്രാപിക്കുന്നു. അപരനിര്‍മാണം എന്ന ആശയമാണ് അതിന്റെ ആണിക്കല്ല്. മാനവികതയെ ബന്ധിച്ച് സ്വാര്‍ഥതയും വെറുപ്പും അതീവ സ്വതന്ത്രമായി വിരാജിക്കുന്ന വിഹായസ്സാണ് ദേശീയത ഒരുക്കിവെക്കുന്നത്. അവിടെ ദേശമാണ് പരമാധികാരി. ദേശത്തിനതീതമായി ഒരു മാനവികതയും ധാര്‍മിക-നൈതിക മൂല്യങ്ങളും സ്ഥാനമുറപ്പിക്കില്ല. ദേശതാല്‍പര്യത്തിന് മുമ്പില്‍ പൗരതാല്‍പര്യങ്ങള്‍ ബലികഴിക്കപ്പെടും. ദേശത്തിനനുസൃതമായി ശരി-തെറ്റുകള്‍ നിശ്ചയിക്കപ്പെടും. നീതിയുടെയും അനീതിയുടെയും മാനദണ്ഡം ദേശ താല്‍പര്യങ്ങളാവും. ദേശതാല്‍പര്യങ്ങള്‍ക്കെതിരായ നന്മകളവിടെ അഭിശംസിക്കപ്പെടും. ദേശത്തിനനുഗുണമായ അനീതികളവിടെ ന്യായീകരിക്കപ്പെടും.
സമകാലിക ലോകക്രമത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്ര സങ്കല്‍പ്പം ഈ ആശയത്തിന്റെ പ്രായോഗിക രൂപമാണ്. അതിനാലാണ് ഇന്നത്തെ രാഷ്ട്രങ്ങളെ  ദേശരാഷ്ട്രങ്ങള്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. ദേശീയത ഒരു ദര്‍ശനമെന്ന നിലക്ക് നവോത്ഥാനാനന്തരമുള്ള യൂറോപ്പ് ജന്മം നല്‍കിയ ആശയമാണ്. വ്യവസായ വിപ്ലവത്തിനും, ചര്‍ച്ചിനും ശാസ്ത്രത്തിനുമിടയില്‍ സംഭവിച്ച സംഘട്ടനങ്ങള്‍ക്കും ശേഷം മതേതര ചിന്ത സമൂഹത്തില്‍ വേരാഴ്ത്തി. തദ്ഫലമായി, ചര്‍ച്ചിന്റെയും മറ്റു അനുബന്ധ മതസ്ഥാപനങ്ങളുടെയും സമൂഹത്തെ നിയന്ത്രിക്കാനുള്ള ശേഷി ഇല്ലാതായി. ഈ സന്ദര്‍ഭത്തില്‍ ക്രിസ്തുമതത്തിനും ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ഈ ഘടകങ്ങളെല്ലാം ഒത്തുചേര്‍ന്നപ്പോഴാണ് യൂറോപ്പിലെ പുതിയ മനുഷ്യന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു ആശയത്തെക്കുറിച്ച അന്വേഷണം തുടങ്ങിയത്. ദേശീയതാ സങ്കല്‍പം ഈ അന്വേഷണത്തിന്റെ ഫലമായി രൂപംകൊണ്ടതാണ്.
ഉദാര ദേശീയതയില്‍ നിന്ന് സമഗ്രാധിപത്യ ദേശീയതയിലേക്കുള്ള ദേശീയതയുടെ രൂപമാറ്റം വിനാശങ്ങള്‍ വിതച്ചു.  ഈ ചുവടുമാറ്റത്തിന്റെ അപകടമെത്രത്തോളമാണെന്ന് വരച്ചിടുന്ന സമീപകാല നേര്‍സാക്ഷ്യമാണ് നാസിസവും ഫാഷിസവും. വിദൂര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന ഈ പ്രതിലോമകരമായ ആശയത്തെക്കുറിച്ച പഠന-ഗവേഷണങ്ങള്‍ ഇടമുറിയാതെ തുടരുക എന്നത് കാലത്തിന്റെ അനിവാര്യതയാണ്. അത്തരത്തില്‍ ദേശീയതയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന പുസ്തകമാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മുഹമ്മദ് ശമീമിന്റെ കുപ്പിച്ചില്ലും വൈരക്കല്ലും ദേശീയത ഒരു പഠനം.
രബീന്ദ്രനാഥ ടാഗോര്‍, ജോര്‍ജ് ഓര്‍വെല്‍, ബെനഡിക്റ്റ് ആന്‍ഡേഴ്‌സന്‍, അബുല്‍ അഅ്‌ലാ മൗദൂദി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, ആല്‍ബര്‍ട് ഐന്‍സ്‌റ്റൈന്‍ എന്നിവരുടെ ദേശീയതാ വിമര്‍ശനങ്ങളുടെ വിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അതോടൊപ്പം ദേശീയതയുടെ ചരിത്രവും അടിസ്ഥാനങ്ങളും, മാനവചരിത്രത്തില്‍ അതുണ്ടാക്കിയ സംഘര്‍ഷങ്ങള്‍, ദേശീയതയുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകള്‍, ഫാഷിസ്റ്റ് ദേശീയതകള്‍ എന്ന് തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലേക്കെല്ലാം ഈ പുസ്തകം സഞ്ചരിക്കുന്നു.
'കുപ്പിച്ചില്ലും വൈരക്കല്ലും' പുസ്തകത്തിന്റെ ശീര്‍ഷകം പൊടുന്നനെ അനുവാചകന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ദേശീയതയെ കുറിക്കുന്നതിന് രബീന്ദ്രനാഥ ടാഗോര്‍ ഉപയോഗിച്ച പദങ്ങളാണ് അവ രണ്ടുമെന്ന് ഗ്രന്ഥകര്‍ത്താവ് ആമുഖത്തില്‍ സൂചിപ്പിക്കുന്നു.  മനുഷ്യനെ വിഭജിക്കുന്ന സകലതിനോടും പോരാടിയ ഗാനരചയിതാവ് ജോണ്‍ ലെന്നനിന്റെ വിശ്രുതമായ 'ഇമാജിന്‍' എന്ന ഗാനശകലത്തോടു കൂടി ആരംഭിക്കുന്ന പുസ്തകം 'ദേശം' എന്ന വാക്ക് ഉള്‍ക്കൊള്ളുന്ന അര്‍ഥങ്ങളിലേക്ക് കടന്നുചെല്ലുകയും 'ദേശം' എന്ന യാഥാര്‍ഥ്യത്തോടുള്ള പ്രതിബദ്ധതയുടെ ആവിഷ്‌കാരത്തിന് നിമിത്തമാവുന്ന സ്വഗൃഹ പ്രേമം, സംഘബോധം, അസ്വബിയ്യ എന്നീ വികാരങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു. ശേഷം, ആധുനിക ദേശരാഷ്ട്രങ്ങളിലടക്കം പിടിമുറുക്കിയ നിഷേധാത്മക ദേശീയതയില്‍ കുടിയിരിക്കുന്ന ഷോവനിസത്തെയും അപരവിദ്വേഷത്തെയും തുറന്നുകാട്ടുന്നു.
ഇന്ത്യന്‍ ദേശീയതയെ അനാവരണം ചെയ്യുമ്പോള്‍ അതിനുള്ളില്‍ സാംസ്
കാരിക ദേശീയത തെളിഞ്ഞു കാണുന്നുണ്ട്. കൊളോണിയല്‍ ചരിത്രകാരന്മാര്‍ നിര്‍മിച്ചെടുത്ത ഹിന്ദു-മുസ്ലിം ദ്വന്ദ്വത്തില്‍ നിന്നുകൊണ്ട് ചരിത്രത്തെ നോക്കിക്കാണുമ്പോള്‍,  ഹൈന്ദവ സംസ്‌കാരത്തില്‍ മുക്കിയെടുത്ത ദേശീയത തിടംവെക്കുന്നൊരിടം തനിയെ രൂപപ്പെടുന്നുണ്ട്. അതിനാല്‍, ഹൈന്ദവത വരക്കുന്ന ഇന്ത്യന്‍ ദേശീയ ഭൂപടത്തില്‍ മുസ്ലിംകളും ദലിതരും സ്ത്രീകളും അപരവത്കരിക്കപ്പെടുന്നു. വരേണ്യതയും ഫാഷിസവും എക്കാലത്തും ദേശത്തെ സമീപിക്കുന്നത് ഇപ്രകാരമാണ്. രബീന്ദ്രനാഥ ടാഗോറിന്റെ ദേശീയതാ വിമര്‍ശനത്തിന്റെ അന്തസ്സത്തയെ രചയിതാവ് കണ്ടെത്തുന്നത് ഇവിടെയാണ്. ടാഗോറിന്റെ വീക്ഷണത്തില്‍ ഇന്ത്യയുടെ ചരിത്രം ഏതെങ്കിലുമൊരു വംശത്തിന്റേത് മാത്രമായി ചുരുങ്ങുന്നില്ല. മറിച്ച്, ലോകത്തിലെ വിവിധ വംശങ്ങള്‍ സംഭാവന ചെയ്ത് സംസൃഷ്ടമായ ഒരു പ്രക്രിയയിലൂടെയാണത് രൂപംകൊള്ളുന്നത്. അതിനാല്‍, ഇന്ത്യാ ചരിത്രം മനുഷ്യ ചരിത്രത്തിന് സമാനമാണ്. സത്യത്തിനും സ്‌നേഹത്തിനും പകരം ആവശ്യങ്ങളും വികാരങ്ങളും അടിസ്ഥാനമായി വര്‍ത്തിക്കുന്ന ദേശീയതയെ മനുഷ്യഗുണവും ആത്മീയതയും ധാര്‍മികതേജസ്സും തൊട്ടുതീണ്ടാത്ത മാരക രോഗമായി അദ്ദേഹം കണക്കാക്കുന്നു. അതിനാല്‍, 'തിന്മയുടെ മഹാമാരി' എന്ന്  ദേശീയതയെ ടാഗോള്‍ വിളിക്കുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍, ഇന്ത്യയില്‍ മാനവിക വീക്ഷണങ്ങളെ തകര്‍ത്തെറിഞ്ഞതും ദേശീയതയെ ഊട്ടിയുറപ്പിക്കുന്നതും വംശീയതയുടെ ആക്രമണോത്സുകമായ വളര്‍ച്ചയും ജാത്യാധിഷ്ഠിതമായ സാമൂഹിക ശിഥിലീകരണവുമാണ്.
ശേഷം അല്ലാമാ ഇഖ്ബാല്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ ദേശീയതാ വിമര്‍ശനങ്ങളിലേക്ക് പുസ്തകം വെളിച്ചം വീശുന്നു. ദേശീയതയില്‍ നിന്നും ദേശരാഷ്ട്രത്തില്‍ നിന്നും ഭിന്നമാണ് ദേശം എന്ന സങ്കല്‍പമെന്ന് പ്രഖ്യാപിച്ച ഇഖ്ബാല്‍, ടാഗോറിനെപ്പോലെ കൊളോണിയല്‍ ദേശരാഷ്ട്ര സങ്കല്‍പത്തിന് ബദലായി, കൊളോണിയല്‍ വിരുദ്ധ ദേശരാഷ്ട്രത്തെയും ദേശീയതയെയും മുന്നോട്ടു വെച്ച ഇന്ത്യന്‍ ദേശീയ വാദികളോട് വിയോജിച്ചു. കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ് ദേശരാഷ്ട്രമെന്ന് അദ്ദേഹം വിലയിരുത്തുകയും ഖുര്‍ആന്‍ പറയുന്ന വിഗ്രഹങ്ങളുടെ (സ്വനം) അതേ സംവര്‍ഗത്തില്‍പ്പെട്ട ഒന്നായി തന്നെ ദേശീയതയെ കാണുകയും ചെയ്യുന്നു. ദേശസ്‌നേഹം ഉന്നതമായ ലക്ഷ്യത്തിലേക്കെത്തുന്നില്ലെങ്കില്‍ അത് ദുര്‍ബല രാജ്യങ്ങളെ കീഴടക്കാനുള്ള ഉപകരണമായി അധഃപതിച്ചേക്കാം എന്ന് ദേശസ്‌നേഹത്തെക്കുറിച്ച തന്റെ കാഴ്ചപ്പാടുകളെ അദ്ദേഹം സംഗ്രഹിക്കുന്നു. ഇതിന് ബദലായി, ഇസ്ലാമിലെ 'ഉമ്മത്ത്' എന്ന കാഴ്ചപ്പാടിനെ അവതരിപ്പിക്കുന്നു.  ദൈവത്തെ വിട്ട് മനുഷ്യന്‍ ഉപാസിക്കുന്ന ബിംബമായാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറും ദേശീയതയെ കണ്ടത്. ദേശീയതക്ക് പുറമേ, ശാസ്ത്രം, ധനം എന്നിവയെയും വ്യാജദൈവങ്ങളായി അദ്ദേഹം മനസ്സിലാക്കുന്നു. തുടര്‍ന്ന്, ബെനഡിക്റ്റ് ആന്‍ഡേഴ്‌സന്റെയും ഐന്‍സ്‌റ്റൈന്റെയും ദേശീയതയെക്കുറിച്ച കാഴ്ചപ്പാടുകളെ വിശദീകരിക്കുന്നു.  
മൗലാനാ മൗദൂദിയുടെ ദേശീയതയെക്കുറിച്ച ചിന്തകളെയും രചയിതാവ് അപഗ്രഥിക്കുന്നുണ്ട്. ലോകത്തെ ഏക യൂനിറ്റായി കണ്ട അദ്ദേഹം ഭൗതികതയെയും ആത്മീയതയെയും പരസ്പര വിരുദ്ധ ദ്വന്ദ്വങ്ങളായി കാണാതെ, ഒരു നൂലില്‍ സംയോജിപ്പിച്ച ഇസ്ലാമിക ദര്‍ശനത്തില്‍, മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകളും വിഭജനങ്ങളും ഇല്ലെന്നതിനാല്‍ അഭേദ്യമായ അതിരുകള്‍ ഭൂമിയിലും സാധ്യമല്ലെന്ന് നിരീക്ഷിക്കുന്നു. അതുകൊണ്ട് ഇസ്ലാം അതിരുകളെ അതിവര്‍ത്തിച്ച് സാര്‍വത്രിക, സാര്‍വജന്യ, സാര്‍വലൗകിക മൂല്യങ്ങളെ സാധ്യമാക്കുന്നു. ദേശീയതയെ മതേതരത്വം പ്രതിഷ്ഠിച്ച ദൈവമായിത്തന്നെ മൗദൂദിയും കാണുന്നു. അവസാന ഭാഗത്ത്, ദേശീയതയെ നിരാകരിക്കുന്ന ഇസ്ലാമിക ആശയങ്ങളെ പറഞ്ഞുവെക്കുകയും മനുഷ്യര്‍ക്കിടയിലെ വൈവിധ്യങ്ങള്‍ അല്ലാഹുവിന്റെ അടയാളങ്ങളാണെന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌