Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

ശൈഥില്യം വിധിയോ  അനിവാര്യതയോ അല്ല

ഡോ. യൂസുഫുല്‍ ഖറദാവി

ഐക്യത്തിനും ചേര്‍ന്നുനില്‍പിനും ഇസ്‌ലാം ഇത്രയേറെ പ്രാധാന്യം നല്‍കുന്നതും, ഭിന്നതയെക്കുറിച്ചും പരസ്പര പോരിനെക്കുറിച്ചും ഇത്ര കര്‍ശനമായി താക്കീത് ചെയ്യുന്നതും എന്തിന്?  കാരണം വ്യക്തം: ഐക്യപ്പെടുമ്പോഴാണ് സാമൂഹിക നന്മകള്‍ നമുക്ക് അനുഭവിക്കാനാവുക. ബുദ്ധിയും വിവേകവുമുള്ളവരെ ഇതു പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. രണ്ട് വശങ്ങള്‍ സൂചിപ്പിക്കാം:
ഒന്ന്: ഐക്യം ദുര്‍ബലരെ ശക്തരാക്കും; ശക്തര്‍ക്ക് ഇരട്ടിയിരട്ടിയായി ശക്തിവര്‍ധനവ് നല്‍കും. ഒരു ഇഷ്ടിക, അത് എത്ര മേത്തരം മണ്ണുകൊണ്ടോ മറ്റു പദാര്‍ഥങ്ങള്‍ കൊണ്ടോ നിര്‍മിച്ചതാണെങ്കിലും ദുര്‍ബലമായ അവസ്ഥയിലാണ്. അതിന് സ്വന്തമായി ഒന്നും ചെയ്യാനാവില്ല. ഇനി അത്തരം ഇഷ്ടികകള്‍ ലക്ഷക്കണക്കിന് പലേടത്തായി ചിതറിക്കിടക്കുന്നുണ്ടെന്ന് കരുതുക. അപ്പോഴും അവക്ക് യാതൊരു ശക്തിയുമില്ല. ഇനി ആ ഇഷ്ടികകള്‍ ചേര്‍ത്തുവെച്ച് സിമന്റ് തേച്ച് നാം കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ്. അവ സെറ്റായിക്കഴിഞ്ഞാല്‍ എന്ത് ഉറപ്പായിരിക്കും ആ ചുമരുകള്‍ക്ക്! ഇതിനെക്കുറിച്ചാണ് നബിവചനത്തില്‍ പറഞ്ഞിട്ടുള്ളത്: ''വിശ്വാസി വിശ്വാസിക്ക് കെട്ടിടം പോലെയാണ്; അതിലൊന്ന് മറ്റൊന്നിനെ ബലപ്പെടുത്തി നിര്‍ത്തുന്നു.'' ഇതു പറഞ്ഞ ശേഷം നബി (സ) തന്റെ വിരലുകള്‍ കോര്‍ത്തു പിടിച്ചു. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഭദ്രമായ കെട്ടിടം കണക്കെ അണിചേര്‍ന്നു നില്‍ക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു' (അസ്സ്വഫ്ഫ് 4) എന്നു പറഞ്ഞതും ഇതിനെക്കുറിച്ചാണ്.
പിതാവ് മക്കളെ ഐക്യത്തിന്റെ പ്രാധാന്യം പഠിപ്പിക്കവെ പറയുന്ന ഒരു കാര്യമുണ്ട്: 'മക്കളേ, പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ വേറെ വേറെയായി നിന്നുകളയരുത്. കുറേ കമ്പുകള്‍ ഒന്നിച്ചു ചേര്‍ന്ന് കെട്ടിയാല്‍ ആരൊടിക്കാന്‍ മെനക്കെട്ടാലും അത് ഒടിയുകയില്ല. കമ്പുകള്‍ ഓരോന്നോരോന്നായി എടുത്താലോ, പൊട്ടിക്കാന്‍ എന്തെളുപ്പം!'
രണ്ട്: ചേര്‍ന്നു നിന്നാല്‍ അപകടത്തില്‍നിന്നും വിനാശങ്ങളില്‍നിന്നും രക്ഷപ്പെടാം. വ്യക്തി ഒറ്റക്കാവുമ്പോള്‍ അവന്‍ വഴിതെറ്റിപ്പോകും; ഏതെങ്കിലും കുഴിയില്‍ വീഴും. ജിന്ന്-മനുഷ്യ വര്‍ഗങ്ങളിലെ പിശാചുക്കള്‍ അവനെ വേട്ടയാടും. സംഘത്തില്‍ നില്‍ക്കുമ്പോള്‍ രക്ഷയുണ്ട്. ആട്ടിന്‍പറ്റത്തിലെ ഓരോ ആടും ആ സുരക്ഷയിലാണ്. ആട്ടിന്‍പറ്റങ്ങളെ ആക്രമിക്കാന്‍ ചെന്നായ ധൈര്യപ്പെടുകയില്ല. പറ്റത്തില്‍നിന്ന് വേറിട്ട് ഒരാട് ഒറ്റക്ക് പോയാലോ, ചെന്നായ ഉടനടി അതിന്റെ കഥ കഴിച്ചിരിക്കും. ഒരു നബിവചനത്തില്‍ വന്നിട്ടുണ്ട്: ''സംഘത്തെ മുറുകെ പിടിക്കൂ. ദൈവകരം സംഘത്തോടൊപ്പമാണ്. ആരെങ്കിലും ഒറ്റപ്പെട്ടു നിന്നാല്‍ നരകത്തിലും അവന്‍ ഒറ്റക്കായിരിക്കും.'' ''പിശാച് മനുഷ്യന്റെ ചെന്നായയാണ്. ഒറ്റപ്പെട്ടുപോയ ആടിനെയാണ് ചെന്നായ പിടിക്കുക.'' ''സംഘത്തോടൊപ്പം നില്‍ക്കൂ, ഒറ്റക്ക് നില്‍ക്കുന്നവനെ തേടി പിശാച് വരും. രണ്ടാളാണെങ്കില്‍ പിശാചിന് വളരെ അകലെ നില്‍ക്കാനേ കഴിയൂ.''

അനൈക്യം വിധിയാണോ?
ചിലയാളുകള്‍ പറയാറുണ്ട്: ഭിന്നിക്കുക എന്നത് ഈ സമുദായത്തെ സംബന്ധിച്ചേടത്തോളം അനിവാര്യമാണ്. അത് വിധിയാണ്. പ്രമാണങ്ങളിലും അക്കാര്യം പറയുന്നുണ്ടല്ലോ. അതിനാല്‍ രക്ഷയില്ല. അനുഭവിക്കുക തന്നെ.
ഇതിനവര്‍ ചില നബിവചനങ്ങളും തെളിവായി കൊണ്ടുവരും. ധാരാളമായി പല വേദികളിലും ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്: സമുദായം തമ്മില്‍ തമ്മില്‍ ബലപരീക്ഷണം കാട്ടണമെന്നത് അല്ലാഹുവിന്റെ നിശ്ചയമാണ് (ഇന്നല്ലാഹ ജഅല ബഅ്‌സ ഹാദിഹില്‍ ഉമ്മ ബൈനഹാ). അല്‍ അന്‍ആം 65-ാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു കസീര്‍ ഈ ഹദീസ് ചേര്‍ത്തിട്ടുണ്ട്. ഇത് നിവേദക പരമ്പരക്ക് തകരാറൊന്നുമില്ലാത്ത, സ്വഹീഹായ ഹദീസാണ്. സഅ്ദുബ്‌നു അബീവഖാസ്, സൗബാന്‍, ജാബിറുബ്‌നു ഉതൈക്, അനസുബ്‌നു മാലിക്, ഹുദൈഫ, മുആദുബ്‌നു ജബല്‍, ഖബ്ബാബുബ്‌നുല്‍ അറത്ത്, ശദ്ദാദുബ്‌നു ഔസ്, ഖാലിദുല്‍ ഖുസാഇ, അലിയ്യുബ്‌നു അബീത്വാലിബ്, ഇബ്‌നു അബ്ബാസ്, അബൂഹുറയ്‌റ തുടങ്ങി നിരവധി സ്വഹാബിമാര്‍ വഴി ഈ ഹദീസിന്റെ ആശയം നബിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഈ ആശയമുള്ള ഹദീസുകളില്‍ രണ്ടെണ്ണം മാത്രം നാം തെരഞ്ഞെടുക്കുന്നു:
ഒന്ന്: അഹ്മദും മുസ്‌ലിമും സഅ്ദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്: ഒരു ദിവസം നബി തിരുമേനി മദീനയുടെ പ്രാന്തത്തിലുള്ള ആലിയ ഗ്രാമത്തിന് നേരെ നടന്നു. അങ്ങനെ ബനൂമുആവിയാ പള്ളിയിലെത്തിയപ്പോള്‍ നബി (സ) രണ്ട് റുകൂഅ് ചെയ്തു, ഞങ്ങളെയും കൊണ്ട് നമസ്‌കരിച്ചു. ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകി. പിന്നെ ഞങ്ങളുടെ അടുത്ത് വന്ന് റസൂല്‍ പറഞ്ഞു: ''ഞാന്‍ എന്റെ റബ്ബിനോട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. രണ്ടെണ്ണം തന്നു, ഒരെണ്ണം തടഞ്ഞു. എന്റെ സമൂഹത്തെ വരള്‍ച്ച കൊണ്ട് നശിപ്പിക്കരുതേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു. ആ പ്രാര്‍ഥന സ്വീകരിച്ചു. കൂട്ടത്തോടെയുള്ള മുങ്ങി മരണം എന്റെ സമൂഹത്തിന് ഉണ്ടാകരുതേ എന്ന് പ്രാര്‍ഥിച്ചു, അതും സ്വീകരിച്ചു. സമുദായം പരസ്പരം ബലപരീക്ഷണം നടത്തരുത് എന്ന് പ്രാര്‍ഥിച്ചപ്പോള്‍ അതെനിക്ക് എന്റെ നാഥന്‍ നിഷേധിച്ചു'' (മുസ്‌ലിം, ഫിതന്‍ അധ്യായം- 2889).
രണ്ട്: അഹ്മദും മറ്റുള്ളവരും ഖബ്ബാബുബ്‌നുല്‍ അറത്തില്‍നിന്ന് ഉദ്ധരിക്കുന്നത്. ഖബ്ബാബ് പറഞ്ഞു: ''ഒരു രാത്രി ഞാന്‍ അവിടുന്ന് നിര്‍വഹിച്ച നമസ്‌കാരങ്ങളെല്ലാം ശ്രദ്ധിച്ചു. അങ്ങനെ പ്രഭാതമായി. അവിടുന്ന് നമസ്‌കാരത്തില്‍നിന്ന് സലാം ചൊല്ലി ഒഴിവായി. ഞാന്‍ ചോദിച്ചു: ഈ രാത്രി നിര്‍വഹിച്ചത് പോലുള്ള നമസ്‌കാരം അങ്ങ് മറ്റു സമയങ്ങളില്‍ നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അപ്പോള്‍ റസൂല്‍ പറഞ്ഞു: ശരിയാണ്. അത് പ്രതീക്ഷയുടെയും ചങ്കിടിപ്പിന്റെയും നമസ്‌കാരമാണ്. നാഥനോട് ഞാന്‍ മൂന്ന് കാര്യങ്ങളാണ് ചോദിച്ചത്. രണ്ടെണ്ണം നാഥന്‍ നല്‍കി; ഒന്ന് തടഞ്ഞു. മുമ്പുള്ള സമുദായങ്ങളെ നശിപ്പിച്ചതുപോലെ എന്റെ സമുദായത്തെ നശിപ്പിക്കരുതെന്ന് ഞാന്‍ റബ്ബിനോട് കേണു. അതെനിക്ക് അംഗീകരിച്ചു തന്നു. പുറം ശത്രുക്കള്‍ ഞങ്ങള്‍ക്ക് മേല്‍  അധീശത്വം സ്ഥാപിക്കരുതേ എന്ന് പ്രാര്‍ഥിച്ചപ്പോള്‍ അതും അംഗീകരിച്ചു. കക്ഷികളാക്കി ഞങ്ങളെ കഷ്ടപ്പെടുത്തരുതേ എന്ന് പ്രാര്‍ഥിച്ചപ്പോള്‍ അത് അംഗീകരിച്ചില്ല'' (തിര്‍മിദി, നസാഇ).
ഈ ഹദീസുകളുടെയും ഇതേ അര്‍ഥമുള്ള മറ്റു ഹദീസുകളുടെയും ആശയം വ്യക്തമാണ്. റസൂലിനോടുള്ള ആദര സൂചകമായി, അവിടുന്ന് തന്റെ സമുദായത്തിനു വേണ്ടി ആവശ്യപ്പെട്ട രണ്ട് കാര്യങ്ങള്‍ നല്‍കാമെന്ന് അല്ലാഹു വാക്ക് കൊടുത്തു. നൂഹിന്റെ സമുദായം, ഫറോവയും സൈന്യവും - ഇവരെയൊക്കെ വെള്ളത്തില്‍ മുക്കി നശിപ്പിച്ച രീതിയില്‍ തന്റെ സമുദായത്തെ നശിപ്പിക്കരുത്. സമുദായത്തെ ഒന്നടങ്കം ഇല്ലാതാക്കിക്കളയുന്ന പട്ടിണിമരണങ്ങള്‍ പോലുള്ള ദുരന്തങ്ങളും, ആകാശത്ത് നിന്നോ ഭൂമിക്കടിയില്‍നിന്നോ ഉള്ള അതിഘോര ശിക്ഷകളും അവര്‍ അനുഭവിക്കാന്‍ ഇടയാകരുത്. ഇതാണ് റസൂലിന്റെ ഒരു ആവശ്യം. രണ്ടാമത്തെ ആവശ്യം ഇതാണ്: പുറമെ നിന്നുള്ള ശത്രുക്കള്‍ക്ക് മുസ്‌ലിം സമുദായത്തെ ഉന്മൂലനം ചെയ്യാന്‍ തക്കമുള്ള അധീശത്വവും ആധിപത്യവും നല്‍കരുത്.
ഇത് രണ്ടും റബ്ബ് അംഗീകരിക്കുകയാണ്. മൂന്നാമത് ചോദിച്ച കാര്യത്തിലാണ് ഒരു ഉറപ്പും രക്ഷിതാവായ അല്ലാഹു നല്‍കാതിരിക്കുന്നത്. അതായത് ഈ സമുദായത്തെ പല സംഘങ്ങളായി ശിഥിലീകരിക്കരുത്, അവര്‍ തമ്മില്‍ തല്ലാന്‍/പരസ്പരം ശക്തി പരീക്ഷിക്കാന്‍ ഇടയാകരുത് എന്ന ആവശ്യത്തിന്മേല്‍ അല്ലാഹു തന്റെ ദൂതന് മറുപടി കൊടുക്കുന്നില്ല. പ്രാപഞ്ചിക-സാമൂഹിക നിയമങ്ങള്‍ക്കും കാര്യകാരണ ബന്ധങ്ങളുടെ ചട്ടക്കൂടിനും വിധേയമായിട്ടാവും ആ ചോദ്യത്തിന്റെ ഉത്തരം സംഭവിക്കുക എന്നര്‍ഥം.
മറ്റൊരു വാക്കില്‍, സ്വന്തം കാര്യത്തില്‍ എന്തും ചെയ്യാനുള്ള കര്‍തൃത്വ പദവി അല്ലാഹു ഈ സമുദായത്തിന് നല്‍കുകയാണ്. അല്ലാഹു ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. അല്ലാഹുവിന്റെ വിളിക്കും നബിയുടെ നിര്‍ദേശത്തിനും വിശുദ്ധ ഗ്രന്ഥത്തിന്റെ ആഹ്വാനത്തിനുമാണ് സമുദായം ഉത്തരം നല്‍കുന്നതെങ്കില്‍ അവര്‍ ഒറ്റ അണിയായി ഐക്യത്തോടെ അണിനിരക്കും. ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടും. ഇസ്‌ലാമിന്റെ വിജയക്കൊടി പാറിക്കും. ഇനിയവര്‍ പിശാചിന്റെയും തങ്ങളുടെ ദേഹേഛകളുടെയും ആഹ്വാനത്തിനാണ് ചെവി കൊടുക്കുന്നതെങ്കില്‍ അവര്‍ ഭിന്ന വഴികളിലൂടെ സഞ്ചരിക്കും. ശൈഥില്യമൊരുക്കിയ പിളര്‍പ്പിലൂടെ കയറിപ്പറ്റി ശത്രുക്കള്‍ മുസ്‌ലിം സമുദായത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കും. ഈ ഇനത്തില്‍ പെട്ട ഒരു ഹദീസില്‍ (മുസ്‌ലിം, സൗബാനില്‍നിന്ന് ഉദ്ധരിച്ചത്) പറഞ്ഞതു പോലെ, 'അവരില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം തകര്‍ക്കും, അവര്‍ പരസ്പരം തടവുകാരായി പിടിക്കും.'
ചുരുക്കിപ്പറഞ്ഞാല്‍, സമുദായത്തിന്റെ ശൈഥില്യവും അവര്‍ പരസ്പരം കടന്നാക്രമിക്കലുമൊന്നും വിധിയോ അനിവാര്യമായി സംഭവിക്കേണ്ട കാര്യമോ അല്ല. എല്ലാ കാലത്തേക്കും ദേശത്തേക്കും ഫിറ്റാകുന്ന ഒരു പൊതു നിയമവും അല്ല. അങ്ങനെയെങ്കില്‍,  'നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക, ഭിന്നിക്കരുത്' (ആലു ഇംറാന്‍ 103), 'വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയ ശേഷവും ഭിന്നിക്കുകയും വഴിമാറിപ്പോവുകയും ചെയ്തവരെപ്പോലെ നിങ്ങള്‍ ആകരുത്' (ആലു ഇംറാന്‍ 105), 'നിങ്ങള്‍ ഭിന്നിക്കരുത്. ഭിന്നിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടും, നിങ്ങളുടെ കാറ്റ് പോകും' (അല്‍അന്‍ഫാല്‍ 46), 'തന്റെ മാര്‍ഗത്തില്‍ സുശക്തമായ കോട്ടപോലെ അണിചേര്‍ന്ന് നിന്ന് പോരാടുന്നവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്' (അസ്സ്വഫ്ഫ് 4) തുടങ്ങിയ നിരവധിയായ ഖുര്‍ആനികാഹ്വാനങ്ങള്‍ക്ക് എന്തര്‍ഥമാണുണ്ടാവുക? 'നിങ്ങള്‍ ഭിന്നിക്കരുത്; നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ ഭിന്നിച്ചു, അവരങ്ങനെ നശിച്ചു', 'ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസി പരസ്പരം ബന്ധിപ്പിക്കുന്ന എടുപ്പ് പോലെയാണ്' എന്നിങ്ങനെ ഒട്ടനവധി നബിവചനങ്ങളുണ്ട്. ഭിന്നിപ്പ് ഒരു അനിവാര്യത എന്ന് വാദിച്ചു കഴിഞ്ഞാല്‍ ഈ ആജ്ഞാ നിരോധങ്ങളൊക്കെയും വ്യര്‍ഥമായിപ്പോകില്ലേ? ഖുര്‍ആനും ഹദീസും അസംഭവ്യമായത് കല്‍പിക്കുന്നു, ഒഴിവാക്കല്‍ അസാധ്യമായത് തടയുന്നു എന്നാകില്ലേ അപ്പോള്‍ ധ്വനി?
യഥാര്‍ഥത്തില്‍ ശൈഥില്യവും ഭിന്നിപ്പും സമുദായത്തെ ബാധിക്കുന്ന രോഗമാണ്. കാര്യകാരണ സഹിതമാണ് അത് സംഭവിക്കുന്നത്. മുന്‍കരുതലെടുക്കാതിരുന്നാലും ചികിത്സയില്‍ വീഴ്ചവരുത്തിയാലും വ്യക്തിയെ രോഗം കീഴ്‌പ്പെടുത്തുമല്ലോ; അതു പോലെ. അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും നിയമവ്യവസ്ഥയില്‍നിന്നും മുസ്‌ലിം സമുദായം, പ്രത്യേകിച്ച് അവരിലെ പണ്ഡിതരും നേതാക്കളും  വ്യതിചലിച്ചതിനുള്ള ശിക്ഷയാണ് അവര്‍ തമ്മില്‍ തമ്മിലെ പോര് എന്ന ആശയമുള്ള ഒരു നബിവചനമുണ്ട്. ഇബ്‌നു ഉമറില്‍നിന്ന്: 'അവരുടെ നേതാക്കള്‍ ദൈവിക ഗ്രന്ഥമനുസരിച്ച് വിധി നടത്തുന്നില്ലെങ്കില്‍ ബലപരീക്ഷണം അവര്‍ തമ്മില്‍ തമ്മില്‍ തന്നെയാക്കും അല്ലാഹു.' ഇസ്‌ലാമിക ചരിത്രത്തില്‍ ചില കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ (ഉമവി-അബ്ബാസി കാലഘട്ടങ്ങളിലും സ്വഹാബികളുടെ കാലത്ത് തന്നെയും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്) വെച്ച് ഈ ആശയം വിശദീകരിക്കാനാവും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌