Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 09

3280

1444 ജമാദുല്‍ അവ്വല്‍ 15

ഏകാധിപതികളുടെ മണ്ടത്തരങ്ങള്‍

സീറോ കോവിഡ് പോളിസി തിരുത്തി ഇവര്‍ സീറോ ഫൂളിഷ്‌നസ് പോളിസി സ്വീകരിക്കുമോ? കോവിഡ് മഹാമാരി നിയന്ത്രിക്കാനെന്ന പേരില്‍ സകലതും ലോക് ഡൗണ്‍ ചെയ്യുന്ന ചൈനീസ് ഭരണ നേതൃത്വത്തിനെതിരെ ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എഴുതിയ കുറിപ്പിന്റെ പരിഹാസച്ചുവയുള്ള തലവാചകമാണിത്. കോവിഡ് ബാധ ആദ്യം റിപ്പോര്‍ട്ടു ചെയ്തത് ചൈനയില്‍ നിന്നാണ്. പക്ഷേ, റിപ്പോര്‍ട്ട് ചൈനീസ് ഭരണകൂടം പൂഴ്ത്തി. ലോകം അത് അറിഞ്ഞു വന്നപ്പോഴേക്കും മാസങ്ങള്‍ പിന്നിട്ടിരുന്നു. ചൈനയില്‍നിന്ന് എത്തിയവരിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടര്‍ന്നു. വൈറസ് ബാധയുണ്ടെന്ന് ലോകമറിഞ്ഞാല്‍ അത് തങ്ങളുടെ സാമ്പത്തിക കുതിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകൂടം ഭയന്നിരിക്കണം. ഏതായാലും അലംഭാവമുണ്ടായി എന്നത് വസ്തുതയാണ്. അതിന്റെ വില ചൈന മാത്രമല്ല, ലോകം മുഴുവന്‍ ഇപ്പോഴും ഒടുക്കിക്കൊണ്ടിരിക്കുന്നു. വികസിത രാജ്യങ്ങളിലുള്‍പ്പെടെ കോവിഡ് മരണ നൃത്തം ചവിട്ടിക്കൊണ്ടിരുന്നപ്പോള്‍ ലോക് ഡൗണിലൂടെയും മറ്റു നിയന്ത്രണങ്ങളിലൂടെയും തങ്ങള്‍ പകര്‍ച്ചവ്യാധിയെ വരുതിയില്‍ നിര്‍ത്തി എന്ന് ചൈന അവകാശപ്പെട്ടിരുന്നു. ചൈനയുടെ കോവിഡ് നിയന്ത്രണ പോളിസിയില്‍ അവ്യക്തതകളൊന്നുമില്ല. സമ്പൂര്‍ണ സ്വേഛാധിപത്യമായതിനാല്‍ ജനം എന്ത് പറയുന്നു എന്ന് നോക്കേണ്ടതില്ല. അതത് പ്രദേശത്തുകാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എന്താണെന്ന് തിരക്കേണ്ടതില്ല. എവിടെയോ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സൂചന കിട്ടിയാല്‍ മതി ആ പ്രദേശവുമായുള്ള സകല ബന്ധങ്ങളും വിഛേദിക്കപ്പെടുകയായി; സമ്പൂര്‍ണ ലോക് ഡൗണ്‍. ഒരാള്‍ക്കും രോഗബാധയില്ല എന്ന് ഉറപ്പായാലേ ഭരണകൂടം അടച്ചിട്ടവ തുറന്നുകൊടുക്കുകയുള്ളൂ. ഇതിനാണ് ചൈനയുടെ 'സീറോ കോവിഡ് പോളിസി' എന്നു പറയുക. ഈയിടെ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഊന്നിപ്പറഞ്ഞ ഒരു കാര്യം, ഈ സീറോ കോവിഡ് പോളിസിയില്‍ ഒരു മാറ്റവും വരുത്താന്‍ പോകുന്നില്ല എന്നതാണ്.
ഈ നയത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് സകല സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട ചൈനീസ് ജനത. പൊറുതിമുട്ടി, സീറോ കോവിഡ് പോളിസി തോട്ടിലെറിയുക എന്നാവശ്യപ്പെട്ട് ജനം തെരുവിലിറങ്ങിയിരിക്കുകയാണ് ഇതെഴുതുമ്പോള്‍. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈനീസ് ഭരണകൂടം ആസൂത്രിത വംശഹത്യ നടത്തുന്ന സിഞ്ചിയാംഗ് പ്രവിശ്യയുടെ തലസ്ഥാനത്ത് തീപ്പിടിത്തത്തില്‍ പത്ത് പേര്‍ മരിച്ചതാണ് പ്രതിഷേധം ആളിപ്പടരാന്‍ ഇടയാക്കിയത്. ഈ പ്രദേശം മാസങ്ങളായി ലോക് ഡൗണിലാണ്. തീപ്പിടിത്തമുണ്ടായപ്പോള്‍ ലോക് ഡൗണ്‍ കാരണം രക്ഷാപ്രവര്‍ത്തനം സമയത്ത് നടത്താന്‍ കഴിഞ്ഞില്ല. പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിക്കാനും വൈകി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പ്രസിഡന്റ് ഷി ജിന്‍പിങിനുമെതിരെ ജനം പരസ്യമായി തെരുവിലിറങ്ങുന്നത് ടിയാന്‍മന്‍ സ്‌ക്വയര്‍ കൂട്ടക്കൊലക്ക് ശേഷം ഇതാദ്യമായിരിക്കും. പ്രതിഷേധക്കാരെ വേണ്ട വിധം കൈകാര്യം ചെയ്യുമെന്നല്ലാതെ ഒരിളവും ഷി ജിന്‍പിങില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ലോകത്തെ ഏക ജനതയാണ് അവരെന്ന് കൂടി ഓര്‍ക്കണം. കോവിഡുമൊത്ത് ജീവിക്കുക എന്ന പോളിസിയാണ് ലോകത്തെ മുഴുവന്‍ രാഷ്ട്രങ്ങളും സ്വീകരിച്ചു വരുന്നത്. പ്രതിരോധ കുത്തിവെപ്പ് നടത്തുക, മുന്‍കരുതലെടുക്കുക, രോഗം വന്നാല്‍ ചികിത്സിക്കുക, അത്യാവശ്യമായി വരുമ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക - ഇതാണ് എല്ലാ രാഷ്ട്രങ്ങളും വിജയകരമായി പരീക്ഷിക്കുന്ന രീതി. ഇത് ചൈനക്കും സ്വീകരിക്കാവുന്നതേയുള്ളൂ. പക്ഷേ, ഭരണാധികാരിയുടെ ധാര്‍ഷ്ട്യം സമ്മതിക്കുന്നില്ല. അവസാനത്തെ കോവിഡ് കേസും ഇല്ലാതാകുന്നത് വരെ എന്തൊക്കെ സംഭവിച്ചാലും അടച്ചുപൂട്ടല്‍ തുടരും എന്നാണ് വാശി. നോക്കൂ, പല നാടുകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ തിങ്ങിനിറഞ്ഞ് കളി ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍  തൊട്ടടുത്ത കടയിലേക്കു പോലും പോകാന്‍ അനുവദിക്കാതെ ഒരു ഭരണകൂടം പൗരനെ വരിഞ്ഞു മുറുക്കിയിടുന്നത്.
സ്വേഛാധിപതികള്‍ക്ക് സാമാന്യ ബോധം പോലും നഷ്ടപ്പെടുന്നതിന്റെ തെളിവാണിത്. തുടക്കത്തില്‍ പറഞ്ഞ തലക്കെട്ട് അതിലേക്കുള്ള സൂചനയാണ്. കോവിഡ് കേസ് പൂജ്യത്തിലേക്ക് എത്തിക്കുക എന്നതല്ല, ആ ഭരണകൂടത്തിന്റെ മണ്ടത്തരം പൂജ്യത്തിലേക്ക് എത്തിക്കുക എന്നതാണ് ഏറെ അനിവാര്യമായിട്ടുള്ളത്. ഇറാനിലെ ഏകാധിപത്യ ഭരണകൂടവും ഇതേ നിലപാടാണ്, ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് തെരുവിലിറങ്ങിയ അവിടത്തെ ജനങ്ങളോടും സ്വീകരിക്കുന്നത്. ലോക കപ്പ് കളിക്കാന്‍ ഖത്തറിലെത്തിയ ഇറാനിയന്‍ ടീം, ദേശീയ ഗാനം ആലപിക്കപ്പെട്ടപ്പോള്‍ ചുണ്ടനക്കാതിരുന്നത് പ്രതിഷേധത്തിന്റെ വ്യാപ്തി വിളിച്ചോതുന്നു. ആ ടീമും മാനേജരും നാട്ടില്‍ തിരിച്ചെത്തിയാല്‍ എങ്ങനെ പൂട്ടാമെന്നാണ് ഭരണകൂടം ആലോചിക്കുന്നത്. എണ്ണ സമ്പന്നമായ ആ രാജ്യത്തെ പകുതിയോളം ജനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയാണെന്നത് ഭരണാധികാരികളെ അലട്ടുന്ന പ്രശ്‌നമേയല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് - 15-21
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭൗതിക ജ്ഞാനം അല്ലാഹുവിന് മാത്രം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌