Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

ഹൃദയതാളത്തിലെ അതിജീവന രാഗം

ടി.ഇ.എം റാഫി വടുതല

കൗമാരത്തോട് യാത്ര പറഞ്ഞ് നിറയൗവനത്തെ സ്വീകരിക്കുന്ന മധുരപ്പതിനേഴില്‍ കാലുകള്‍ തളര്‍ന്ന് ജീവിതം വീല്‍ചെയറില്‍ അമര്‍ന്നുപോയപ്പോള്‍ ഉത്സാഹഭരിതമായ ഇഛാശക്തിയോടെ ആ തീക്ഷ്ണാനുഭവങ്ങളെ മറികടന്ന് അതിജീവനത്തിന്റെ കഥ പറയുകയാണ് എസ്.എം സാദിഖിന്റെ ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം എന്ന പുസ്തകം. അസ്ഥികള്‍ തളര്‍ന്ന് ജീവിതം നീരുകെട്ടിയ സഞ്ചാരവഴികളില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും അനന്തമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും ഇതിലെ ഓരോ വരിയും.
വീല്‍ചെയറിലിരുന്ന് ഗ്രന്ഥകാരന്‍ ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ആ ഹൃദയനേത്രത്തില്‍ കുറേ കണ്ണീര്‍ക്കാഴ്ചകള്‍ മിന്നിമറയുന്നു. കാലുകള്‍ അറ്റു പോയവര്‍... കൈകാലുകള്‍ ഇല്ലാത്തവര്‍... നട്ടെല്ല് തകര്‍ന്നവര്‍... അങ്ങനെ ശരീരമാകെ തളര്‍ന്ന് ജീവിതം ഹൃദയത്തുടിപ്പു മാത്രമായി മരണം കാത്തുകഴിയുന്നവര്‍. ഇതൊക്കെ കാണുമ്പോള്‍ താന്‍ എത്ര സൗഭാഗ്യവാനാണെന്ന് മനസ്സിലാക്കി അധരങ്ങളില്‍ പടച്ചവന് സ്തുതിയോതുന്ന പ്രാര്‍ഥനാമന്ത്രങ്ങള്‍ അടര്‍ന്നുവീഴുന്നു. ശരീരത്തിന്റെ ദുരിതങ്ങളെ ആത്മാവിന്റെ സുകൃതങ്ങള്‍ കൊണ്ട് തോല്‍പിക്കുന്ന ജീവിത ചിന്തകളാല്‍ സമ്പന്നമാണ് ഈ ഗ്രന്ഥം.
പിടിച്ചുവെക്കാനോ ശേഖരിച്ചുവെക്കാനോ കഴിയാത്ത രൂപരഹിതമായ രണ്ട് അവസ്ഥകളെയാണ് നാം സമയമെന്നും ശ്വാസമെന്നും പറയുന്നത് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഏകാന്തതയില്‍ പൂക്കുന്ന തണല്‍മരങ്ങള്‍ തേടിയുള്ള യാത്രയില്‍ ആത്മകഥാകാരന്റെ കാഴ്ചയില്‍ ഓടിമറയുന്ന കാടുകളും വീടുകളും കായലുകളും ആശ്വാസത്തിന്റെ ആകാശങ്ങളും പ്രതീക്ഷയുടെ സ്വപ്‌നങ്ങളുമാണ് പകരുന്നത്. ഒപ്പം എവിടെ മരുന്ന് മണക്കുന്നുവോ അവിടെയൊക്കെയും കുറേ വേദനിക്കുന്ന മനുഷ്യരുടെ ചുടുനിശ്വാസങ്ങളുണ്ടെന്ന് ഗ്രന്ഥകാരന്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
വീല്‍ചെയറില്‍ ഇരുന്നുപോയ ജീവിതത്തെ തള്ളിനീക്കാന്‍ ഗ്രന്ഥകാരന്‍ എടുത്തണിഞ്ഞ വിവിധ വേഷപ്പകര്‍ച്ചകള്‍. അതിനിടയില്‍ ഓര്‍ക്കാന്‍ കണ്ണീരും പുഞ്ചിരിയും നിറഞ്ഞ, ഇരുളും വെളിച്ചവും മാറിമറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങള്‍. ഭാരമാണെന്നറിഞ്ഞിട്ടും നിറമനസ്സോടെ നെഞ്ചോട് ചേര്‍ത്തുവെച്ചവര്‍. മോഹന വാഗ്ദാനങ്ങള്‍ നല്‍കി നിസ്സഹായതയുടെ നീര്‍ചുഴിയില്‍ ഇട്ടുപോയവര്‍. അപ്പോഴും ആത്മാവിന്റെ സുകൃതങ്ങളാല്‍ ജീവിതം ധന്യമാക്കുകയായിരുന്നു ആ വീല്‍ചെയര്‍ സഞ്ചാരം.
നിശ്ചലമായ പാദങ്ങളെയും പരസഹായത്താല്‍ ഉരുളുന്ന വീല്‍ചെയറിനെയും ഇരുട്ട് മൂടിയ ഭാവിയെയും നോക്കി വിധിയെ പഴിക്കുന്നതിനു പകരം തന്നെക്കാള്‍ താഴ്ന്നവരിലേക്കും അവരുടെ യാതനകള്‍ നിറഞ്ഞ തേങ്ങലുകളിലേക്കും ആ നഗ്ന നേത്രങ്ങള്‍ നോട്ടം പായിച്ചുകൊണ്ടിരുന്നു. തീക്ഷ്ണമായ പരീക്ഷണങ്ങളുടെ സങ്കടക്കടലില്‍ പ്രതീക്ഷയോടെ ജീവിത നൗക തുഴഞ്ഞ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെയും തോരപ്പ മുസ്ത്വഫയുടെയും കുന്നിക്കേട് ഷംനാദിന്റെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അതിജീവനത്തിന്റെ ഊര്‍ജ രഹസ്യങ്ങള്‍ ഗ്രന്ഥകാരന്‍ ഹൃദയതാളത്തില്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്.
മാതാവിന്റെ കുളിരും പിതാവിന്റെ ചൂടും സ്‌നേഹജനങ്ങളുടെ ചുടുചുംബനങ്ങളും, നിസ്സഹായതയുടെ നിമിഷങ്ങളില്‍ സഹായഹസ്തം നീട്ടിയ മനുഷ്യ മാലാഖമാരുടെ ദയാവായ്പുകളും ചേര്‍ത്തുവെച്ച ഹൃദ്യമായ ഒരു വായനാനുഭവമാണ് ഒരു വീല്‍ചെയര്‍ സഞ്ചാരിയുടെ ഹൃദയതാളം. ഒപ്പം ഭിന്നശേഷിത്വത്തെ ശുഭാപ്തിവിശ്വാസം കൊണ്ട് മറികടക്കുന്ന സര്‍ഗാത്മകതക്ക് നല്‍കുന്ന അകമഴിഞ്ഞ പിന്തുണയും. കേരളത്തിന്റെ കഥാകാരന്‍ കെ.പി രാമനുണ്ണിയാണ് അവതാരിക എഴുതിയിരിക്കുന്നത്. കായംകുളം സ്വദേശി എസ്.എം സാദിഖിന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കോഴിക്കോട് ലിപി പബ്ലിക്കേഷനാണ്. എസ്.എം സാദിഖ് - 9497336262. sadiquekaleekkal@gmail.com. 

 

നവ നാസ്തികരുടെ ആരോപണങ്ങള്‍ക്ക് മറുപടി


കെ.എസ് നവാസ് എടവിലങ്ങ്
  navasedavilangu@gmail.com

ജീവിതത്തെ മനുഷ്യ യുക്തിക്കനുസരിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമം പണ്ടു മുതലേ നടക്കുന്നുണ്ട്. എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം എന്ന സങ്കല്‍പം ഇതില്‍നിന്ന് രൂപപ്പെട്ടതാണ്. നിയമങ്ങള്‍ക്കകത്ത്  ജീവിതത്തെ ക്രമീകരിക്കാന്‍ മടിക്കുകയും അനിയന്ത്രിതമായ ആസ്വാദനങ്ങളാല്‍ മനുഷ്യ ജീവിതം നിയന്ത്രണാതീതമായതുമാണതിന്റെ ഒരു കാരണം. പൗരോഹിത്യം മുന്നോട്ടുവെച്ച ചൂഷണാധിഷ്ഠിതമായ മതകെട്ടുപാടുകളും അത് സാമൂഹിക ജീവിതത്തില്‍ സൃഷ്ടിച്ച പ്രതിസന്ധികളും  ഇതിന്റെ മറ്റൊരു കാരണമായിട്ടുണ്ട്. മതരഹിത ജീവിതം മാനവികതയിലേക്ക് ഉയരാന്‍ സഹായിക്കുമെന്ന ധാരണ ഇതില്‍നിന്നൊക്കെ രൂപപ്പെട്ടതാണ്.
മതങ്ങള്‍ക്കെതിരെ നാസ്തികര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതിന് യുക്തമായ മറുപടികള്‍ നല്‍കാന്‍ മതസമൂഹവും ശ്രമിച്ചിട്ടുണ്ട്. നാസ്തികതയും മതവും തമ്മില്‍ ആരോഗ്യകരമായ പരസ്പര സംവാദങ്ങളും നടന്നിട്ടുണ്ട്.
എന്നാല്‍, പരസ്പരമുള്ള കൊടുക്കല്‍ വാങ്ങലുകളുടെ എല്ലാ സാധ്യതകളെയും ഇല്ലായ്മ ചെയ്തുകൊണ്ടാണ് നവ നാസ്തികത രംഗത്തുവരുന്നത്. മത വിരുദ്ധം എന്നതില്‍ നിന്ന് ഇസ്ലാം വിരുദ്ധതയിലേക്കുള്ള ചുവടുമാറ്റമായിരുന്നു നാസ്തികതയില്‍ നിന്ന് നവ നാസ്തികതയിലേക്കുള്ള മാറ്റം. പുതിയ കാലത്ത് രൂപപ്പെട്ട ഇസ്ലാമോഫോബിയയുടെ വാഹകരായി അവര്‍ മാറി. ഫാഷിസ്റ്റ് ശക്തികള്‍ മുന്നോട്ടുവെക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം നവ നാസ്തികരുടെ കൂടി പ്രത്യയശാസ്ത്രമായി. വിമര്‍ശനങ്ങള്‍ക്കു പകരം അല്ലാഹുവിനെയും മുഹമ്മദ് നബി(സ)യെയും പ്രവാചക പത്‌നിമാരെയും വിശ്വാസി സമൂഹത്തെയും അധിക്ഷേപിക്കാനും മോശമായി ചിത്രീകരിക്കാനും തുടങ്ങി. സോഷ്യല്‍ മീഡിയ ഇസ്ലാമിനെതിരെ വെറുപ്പുല്‍പാദിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമാക്കി നവ നാസ്തികര്‍ മാറ്റി. ഇസ്ലാമില്‍ സാന്ദര്‍ഭികമായി നല്‍കപ്പെട്ട നിയമങ്ങള്‍,  നിര്‍ദേശങ്ങള്‍, അനുവാദങ്ങള്‍ എന്നിവക്ക്  പൊതു സ്വഭാവം നല്‍കി അവതരിപ്പിക്കാനും ഇവര്‍ മടിച്ചില്ല.
നവ നാസ്തികര്‍  ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന പഴയതും പുതിയതുമായ ആരോപണങ്ങളെ (അധിക്ഷേപം എന്ന് പറയുന്നതാകും ശരി) ആധാരമാക്കി ഐ.പി.എച്ച് പ്രസിദ്ധീകരിച്ച, അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം രചിച്ച നവ നാസ്തികരുടെ ഇസ്ലാം വിമര്‍ശനങ്ങള്‍ എന്ന പുസ്തകം വായനയില്‍ ഒരു നവ്യാനുഭവമാണ്. ഇസ്ലാം വിമര്‍ശനങ്ങള്‍ക്കെതിരെ പ്രാമാണികമായ പല രചനകളും ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്ന് ഭിന്നമായി എം.എം അക്ബര്‍ തന്റെ അവതാരികയില്‍ സൂചിപ്പിക്കുന്നതു പോലെ, വിമര്‍ശനങ്ങളെ പ്രാമാണികമായി വിലയിരുത്തുന്നതോടൊപ്പം മാനവികമായി അപഗ്രഥിക്കുവാനും ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്.
ഉള്ളടക്കം വ്യക്തമാക്കുന്ന ആമുഖവും എം.എം അക്ബറിന്റെ അവതാരികയും വിഷയങ്ങളുടെ ക്രമീകരണവും ഗ്രന്ഥത്തിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു. ഇസ്‌ലാംവിരുദ്ധ വാദങ്ങളെ  വിശകലനം ചെയ്യാനും യുക്തിഭദ്രമായി അവയെ ഖണ്ഡിക്കാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്.
ഇസ്ലാംവിരുദ്ധര്‍ ദുര്‍വ്യാഖ്യാനിക്കുന്ന  ഖുര്‍ആന്‍ വചനങ്ങള്‍, ഹദീസുകള്‍, ചരിത്ര സംഭവങ്ങള്‍ തുടങ്ങിയവ അത്യാവശ്യം ദീര്‍ഘമായിത്തന്നെ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. മുര്‍ത്തദ്ദുകളുമായി ബന്ധപ്പെട്ട 12 ഖുര്‍ആന്‍ വചനങ്ങളെ ഓരോന്നിനെയും വ്യക്തമായി ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. രണ്ട് ഭാഗങ്ങളാണ് ഗ്രന്ഥത്തിനുള്ളത്. ആദ്യ ഭാഗത്ത് പത്ത് അധ്യായങ്ങളിലായി 56 ഉപ ശീര്‍ഷകങ്ങളിലും അടുത്ത ഭാഗത്ത് 8 അധ്യായങ്ങളിലായി 32 ഉപ ശീര്‍ഷകങ്ങളിലുമായാണ് വിഷയ ക്രമീകരണം. ജിഹാദ്, മത പരിത്യാഗിയുടെ ശിക്ഷ, അടിമത്തം, സ്ത്രീ, അന്യമത സുഹൃത്തുക്കള്‍ തുടങ്ങി യുക്തിവാദികളുടെ നവ സംരംഭമായ 'സൂറത്ത് കൊറോണ' വരെ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. വെറുപ്പും വംശീയതയും അടിത്തറയായി സ്വീകരിച്ച നവ നാസ്തികരുടെ ആരോപണങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മതയും പക്വതയും ഗ്രന്ഥകാരന്‍ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നത് ഏറെ ശ്ലാഘനീയമാണ്.
വിഷയത്തില്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു റഫറന്‍സ് ഗ്രന്ഥമായി പ്രയോജനപ്പെടും. 

നവനാസ്തികരുടെ
ഇസ്‌ലാം വിമര്‍ശനങ്ങള്‍
അബ്ദുല്‍ അസീസ് അന്‍സാരി പൊന്‍മുണ്ടം
പ്രസാധനം: ഐ.പി.എച്ച്
വില: 449
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌