Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

മര്‍മങ്ങളില്‍ സ്പര്‍ശിക്കുന്ന  ഖുര്‍ആന്‍ സൂക്തങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്   smkarakunnu@gmail.com 

ചിന്താവിഷയം /

 

മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്താണ്? മഹാഭൂരിപക്ഷത്തിന്റേതും പണം തന്നെ. അതിന്റെ മുന്നില്‍ പതറാത്തവര്‍ വളരെ വിരളം. ഐഛികവും നിര്‍ബന്ധവുമായ ആരാധനാനുഷ്ഠാനങ്ങള്‍ ഒട്ടും മടിയില്ലാതെ ധാരാളമായി നിര്‍വഹിക്കുന്നവര്‍ പോലും പണമിടപാടുകളില്‍ പൂര്‍ണമായും പരാജയപ്പെടുന്നു. ഒരാളുടെ ജീവിതവിശുദ്ധി പരീക്ഷിച്ചറിയാനുള്ള ഏറ്റവും നല്ല മാനദണ്ഡം സമ്പത്തിനോടുള്ള സമീപനമാണ്. അത് സമ്പാദിക്കുന്നതിലും കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും പുലര്‍ത്തുന്ന സൂക്ഷ്മതയാണ് അയാളെ വിലയിരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. അതിനാലാണ് രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് തന്റെ മുന്നില്‍ സാക്ഷിയായി വന്ന മനുഷ്യനോട്, കേസില്‍ ബന്ധപ്പെട്ട കക്ഷിയെ അറിയുമോയെന്ന് അന്വേഷിച്ചപ്പോള്‍ അയാളുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചത്. അദ്ദേഹത്തെ അറിയുമെന്നതിന് തെളിവായി, നമസ്‌കാരവേളയില്‍ സ്ഥിരം കാണാറുണ്ടെന്ന് പറഞ്ഞ സാക്ഷിയോട് അയാളൊന്നിച്ച് യാത്ര ചെയ്യുകയോ അയല്‍പക്കത്ത് താമസിക്കുകയോ സാമ്പത്തിക ഇടപാട് നടത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ 'എങ്കില്‍ താങ്കള്‍ക്ക് അയാളെ അറിയില്ല' എന്നാണ് ഖലീഫ വിധിച്ചത്.
മാതാപിതാക്കളും മക്കളും സഹോദരീ സഹോദരന്മാരും മറ്റു കുടുംബാംഗങ്ങളും ദമ്പതികളും അയല്‍ക്കാരും സുഹൃത്തുക്കളുമൊക്കെ തമ്മില്‍ തെറ്റുന്നതും അകലുന്നതും മറ്റെന്തിനെക്കാളുമേറെ സമ്പത്ത് കാരണമാണ്. പലപ്പോഴും ശത്രുതക്കും കുഴപ്പങ്ങള്‍ക്കും കലാപങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും വഴിവെക്കാറുള്ളതും അതുതന്നെ.
സമ്പത്തിനോടുള്ള ആര്‍ത്തി പലരെയും അസ്വസ്ഥരും അസംതൃപ്തരുമാക്കുന്നു. സൈ്വര നിദ്രക്ക് വിഘാതം വരുത്തുന്നു. ഇങ്ങനെ എല്ലാ അര്‍ഥത്തിലും മനുഷ്യന്റെ ഏറ്റവും വലിയ ദൗര്‍ബല്യം സമ്പത്തായതിനാലാണ് വിശുദ്ധ ഖുര്‍ആന്‍ മറ്റെന്തിനെക്കാളുമേറെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍  ഊന്നിപ്പറയുന്നത്.
നിര്‍ബന്ധ നമസ്‌കാരം മാത്രം നിര്‍വഹിക്കുന്ന വിശ്വാസി ദിനേന  നന്നച്ചുരുങ്ങിയത് പതിനേഴ് തവണ 'ഞങ്ങള്‍ നിനക്ക് മാത്രം വഴിപ്പെട്ട് ജീവിക്കുന്നു' (ഇയ്യാക്ക നഅ്ബുദു) എന്ന് അല്ലാഹുവോട് കരാര്‍ ചെയ്യുന്നു. തിരിച്ച് അല്ലാഹു ഖുര്‍ആനില്‍ 'നിങ്ങള്‍ അല്ലാഹുവിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്നവരെങ്കില്‍' (ഇന്‍ കുന്‍തും ഇയ്യാഹു തഅ്ബുദൂന്‍) എന്ന് മൂന്ന് തവണ പറഞ്ഞതില്‍ ഒന്ന് മാത്രം ആരാധനയെക്കുറിച്ചും രണ്ടെണ്ണം ആഹാരത്തെക്കുറിച്ചുമാണ്.
'നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ പടച്ച അല്ലാഹുവിനെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍!' (41:37). 'വിശ്വസിച്ചവരേ, നാം നിങ്ങള്‍ക്കേകിയവയില്‍നിന്ന് ഉത്തമമായത് ആഹരിക്കുക. അല്ലാഹുവോട് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരാണെങ്കില്‍!' (2:172). 'അതിനാല്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ വിഭവങ്ങളില്‍ അനുവദനീയവും ഉത്തമവുമായത് തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുക. നിങ്ങള്‍ അവനുമാത്രം വഴിപ്പെടുന്നവരെങ്കില്‍!' (16:114).
വിശുദ്ധ ഖുര്‍ആനില്‍ മുഴുവന്‍ പ്രവാചകന്മാരെയും സംബോധന ചെയ്യുന്ന (യാ അയ്യുഹര്‍റുസുല്‍) ഒറ്റ സൂക്തമേ ഉള്ളൂ. അതും ആഹാരത്തെ സംബന്ധിച്ചാണ്.
'അല്ലാഹുവിന്റെ ദൂതന്മാരേ, നല്ല ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷിക്കുക. സല്‍ക്കര്‍മങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം നന്നായറിയുന്നവനാണ് നാം' (23:51).
 
രണ്ടു കുറ്റങ്ങളിലൊന്ന്
പരലോകത്തെ വിചാരണാ വേളയില്‍, അറുപതോ എഴുപതോ കൊല്ലം ജീവിച്ച മനുഷ്യന്‍ നരകാവകാശിയാണെന്ന് വിധിക്കപ്പെടുമ്പോള്‍ അയാളുടെ തെറ്റുകുറ്റങ്ങള്‍ രണ്ടായി ചുരുക്കിയാല്‍ അതിലൊന്ന് സമ്പത്തുമായി ബന്ധപ്പെട്ടതാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു: 'എന്നാല്‍ ഇടതു കൈയില്‍ കര്‍മപുസ്തകം കിട്ടുന്നവനോ, അവന്‍ പറയും: കഷ്ടം! എനിക്കെന്റെ കര്‍മപുസ്തകം കിട്ടിയില്ലായിരുന്നെങ്കില്‍! എന്റെ കണക്ക് എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലെങ്കില്‍! മരണം എല്ലാറ്റിന്റെയും ഒടുക്കമായിരുന്നെങ്കില്‍! എന്റെ ധനം എനിക്കൊട്ടും ഉപകരിച്ചില്ല. എന്റെ അധികാരങ്ങളൊക്കെയും എനിക്ക് നഷ്ടപ്പെട്ടു. അപ്പോള്‍ കല്‍പനയുണ്ടാകുന്നു: നിങ്ങള്‍ അവനെ പിടിച്ച് കുരുക്കിലിടൂ. പിന്നെ നരകത്തീയിലെറിയൂ. എന്നിട്ട് എഴുപതു മുഴം നീളമുള്ള ചങ്ങലകൊണ്ട് കെട്ടിവരിയൂ. അവന്‍ മഹാനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അഗതികള്‍ക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിച്ചിരുന്നുമില്ല'' (69:25-34).
മനുഷ്യന്‍ തരണം ചെയ്യേണ്ട ഏറ്റവും പ്രയാസകരമായ പാത ധനവ്യയമാണെന്ന് ഖുര്‍ആന്‍ പറയുന്നു: ''അവന്‍ അവകാശപ്പെട്ടു; താന്‍ ധാരാളം ധനം തുലച്ചെന്ന്. അവന്‍ കരുതുന്നുവോ; അവനെ ആരും കാണുന്നില്ലെന്ന്. അവനു നാം കണ്ണിണകള്‍ നല്‍കിയില്ലേ? നാവും ചുണ്ടിണകളും? തെളിഞ്ഞ രണ്ടു വഴികള്‍ നാമവന് കാണിച്ചുകൊടുത്തില്ലേ? എന്നിട്ടും അവന്‍ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാത എന്തെന്ന് നിനക്കെന്തറിയാം? അത് അടിമയുടെ മോചനമാണ്. അല്ലെങ്കില്‍ കൊടും വറുതി നാളിലെ അന്നദാനം; അടുത്ത ബന്ധുവായ അനാഥക്ക്. അല്ലെങ്കില്‍ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്. പിന്നെ സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുകയും ചെയ്തവരില്‍ ഉള്‍പ്പെടലുമാണ്'' (90:6-17).
സമ്പന്നരിലെ ധനത്തിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് അത് നല്‍കാത്തത് മാത്രമല്ല, നല്‍കാന്‍ പ്രേരിപ്പിക്കാത്തത് പോലും മതനിഷേധമാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: 'മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? അവന്‍ അനാഥയെ ആട്ടിയകറ്റുന്നവനാണ്. അഗതിയുടെ അന്നം അയാള്‍ക്ക് കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും' (107:13).

അതിരുകളില്ലാത്ത പ്രതിഫലം, അതികഠിനമായ ശിക്ഷ
വിശുദ്ധ ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാഗ്ദാനം ചെയ്തത് സമ്പത്ത് ചെലവഴിക്കുന്നവര്‍ക്കാണ്. എഴുനൂറിരട്ടിയും അതിലും കൂടുതലും.
'ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്' (2:261).
സമ്പത്ത് ചെലവഴിക്കാതെ കെട്ടിപ്പൂട്ടി വെക്കുന്നവര്‍ക്കുള്ള ശിക്ഷയും ഖുര്‍ആന്‍ വിശദാംശങ്ങളോടെ വിവരിച്ചിരിക്കുന്നു: ''സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച 'സുവാര്‍ത്ത' അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍, നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക'' (9:34,35).
അവിഹിത മാര്‍ഗത്തിലൂടെ സമ്പാദിച്ചവരെയും തെറ്റായ വഴിയില്‍ ചെലവഴിച്ചവരെയും ഭൂമിയില്‍ വെച്ച് തന്നെ ശിക്ഷിച്ച കഥയും ഖുര്‍ആന്‍ വിശദീകരിക്കുന്നു. അല്ലാഹുവിന്റെ ശാപ കോപങ്ങളേറ്റുവാങ്ങി ഭൂമിയില്‍ വെച്ച് നാമാവശേഷമാക്കപ്പെട്ട ജനസമൂഹങ്ങളിലേറെയും സാമ്പത്തിക കുറ്റങ്ങളിലേര്‍പ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഹൂദ് നബിയെ ധിക്കരിച്ച ആദ് സമൂഹവും സ്വാലിഹ് നബിയെ നിഷേധിച്ച സമൂദ് സമൂഹവും പൊങ്ങച്ചത്തിനുവേണ്ടി ധനം ധൂര്‍ത്തടിച്ചവരായിരുന്നു. ശുഐബ് നബിക്കെതിരെ നിലയുറപ്പിച്ച മദ്‌യന്‍ ജനത നിഷിദ്ധ മാര്‍ഗത്തിലൂടെ ധനം സമ്പാദിച്ചവരുമായിരുന്നു (26:128,149, 89: 6-14).
സാധാരണ മതനിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നവര്‍ പോലും അനന്തര സ്വത്ത് ഓഹരി വെക്കുമ്പോള്‍ വേണ്ടത്ര സൂക്ഷ്മത പുലര്‍ത്താറില്ല. അതുകൊണ്ടുതന്നെയായിരിക്കാം ആരാധനാ കര്‍മങ്ങളുടെ വിശദാംശങ്ങളൊന്നുമില്ലാത്ത വിശുദ്ധ ഖുര്‍ആന്‍, അനന്തരാവകാശങ്ങളുടെ അതിസൂക്ഷ്മമായ വിശദാംശങ്ങള്‍ പോലും കൃത്യമായി വിവരിച്ചുതന്നത്.  സാമ്പത്തിക ഇടപാടുകളില്‍ കൃത്യത പുലര്‍ത്തുന്നവര്‍ തന്നെ കടമിടപാട് എഴുതിവെക്കുന്നതില്‍ തികഞ്ഞ ഉദാസീനരാവുന്നതും കാണാറുണ്ട്. മറവി മനുഷ്യ പ്രകൃതത്തിന്റെ ഭാഗമായതിനാല്‍ എഴുതിവെക്കാതിരിക്കുന്ന ഇടപാടുകള്‍ പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുകയും സുഹൃത്തുക്കള്‍ക്കിടയില്‍ അകല്‍ച്ചക്കും ശത്രുതക്കും കാരണമായിത്തീരുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ കടമിടപാടുകള്‍ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിവെക്കണമെന്ന് നിഷ്‌കര്‍ഷിക്കാനുള്ള കാരണവും അതുതന്നെ. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദീര്‍ഘമായ സൂക്തവും അതു തന്നെയാണല്ലോ (2:282).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌