Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

നിര്‍ഭാഗ്യകരം  സമസ്തയിലെ അപസ്വരങ്ങള്‍

എ.ആര്‍

'സമുദായത്തിന്റെ ഒന്നാമത്തെ ശത്രു കമ്യൂണിസമാണെന്ന നദ്‌വിയുടെ വാദത്തെയും ഉമര്‍ ഫൈസി തിരുത്തി. ഒന്നാമത്തെ ശത്രു വഹാബിസവും മൗദൂദിസവുമാണ്. ചില കാര്യങ്ങളില്‍ സര്‍ക്കാറുമായി സഹകരിച്ചുപോവേണ്ടിവരും. അതുകൊണ്ട് കമ്യൂണിസം നല്ലതെന്ന് പറയുന്നില്ല. കേരളം ഭരിക്കുന്നത് അവരാണ്. അവരില്‍നിന്ന് കിട്ടേണ്ട കാര്യങ്ങള്‍ കിട്ടാന്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും. അപ്പോള്‍ സഖാവ് ഉമര്‍ ഫൈസി എന്ന് പറയരുതെന്നും അദ്ദേഹം പരിഹസിച്ചു' (മാതൃഭൂമി, കോഴിക്കോട്, 20 നവംബര്‍ 2022). അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയിലെ എല്ലാ സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയ സാഹചര്യമടക്കം വിശദീകരിക്കാനായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച പരിപാടിയില്‍ ചെമ്മാട് ദാറുല്‍ ഹുദാ അക്കാദമി ഡയറക്ടറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവുമായ ബഹാവുദ്ദീന്‍ നദ്‌വി കമ്യൂണിസത്തോട് സന്ധി ചെയ്യുന്ന നയങ്ങള്‍ക്കെതിരെ ശക്തിയായി പ്രതികരിച്ചതാണ്, എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്‌റസാ അധ്യാപക ക്ഷേമ നിധി ബോര്‍ഡില്‍ അംഗം കൂടിയായ ഉമര്‍ ഫൈസിയെ പ്രകോപിപ്പിച്ചത്. സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തു കോയ തങ്ങളും മുശാവറയിലെ മുതിര്‍ന്ന പണ്ഡിതന്മാരും വാഫി, വഫിയ്യ ബിരുദങ്ങള്‍ നല്‍കുന്ന സി.ഐ.സി കോളേജുകളെ നേരത്തെ തള്ളിപ്പറയുകയും അതിന്റെ പ്രധാന ഭാരവാഹി അബ്ദുല്‍ ഹകീം ആദൃശ്ശേരിയുടെ പേരില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തതോടെ സംഘടനക്കകത്തെ ഭിന്നതകള്‍ മൂര്‍ഛിച്ചുവരികയായിരുന്നു. സുന്നി പാഠ്യപദ്ധതി നിലനിര്‍ത്തിക്കൊണ്ടുതന്നെ ആധുനിക വിദ്യാഭ്യാസം നല്‍കുന്നതില്‍ ഏറെ മുന്നോട്ടുപോയ സി.ഐ.സിക്കെതിരെ കൃത്യമായ അജണ്ടകളോടെ ലോബിയിംഗ് നടത്തുന്നവര്‍ മുസ്‌ലിം ലീഗിന്റെയും പാണക്കാട് കുടുംബത്തിന്റെയും മുതിര്‍ന്ന സമസ്ത നേതാക്കളുടെയും അനുരഞ്ജന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമം ശക്തിപ്പെടുത്തുന്നു എന്ന തോന്നലിന് ഇടനല്‍കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
1987-ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നയിച്ച സമസ്തയോട് കലഹിച്ച് സമാന്തര സംഘടന രൂപവത്കരിച്ചതോടെ യാഥാര്‍ഥ്യമായിത്തീര്‍ന്ന പിളര്‍പ്പ് പിന്നീട് മഹല്ല് കമ്മിറ്റികളുടെ ശിഥിലീകരണത്തിലും, പള്ളികളും മദ്‌റസകളുമടക്കം രണ്ടായി പകുക്കുന്നതിലും, തന്മൂലം കൊലപാതകങ്ങളടക്കം അരങ്ങേറുന്നതിലുമാണ് കലാശിച്ചത്. ഔദ്യോഗിക സമസ്ത പാണക്കാട് തങ്ങള്‍ കുടുംബത്തിനു ചുറ്റും കറങ്ങിയതിനാല്‍ മുസ്‌ലിം ലീഗിന്റെ പോഷക മത സംഘടനയുടെ പരിവേഷമാണ് അതിനുണ്ടായത്. മുസ്‌ലിം ലീഗിന് നിര്‍ണായക പങ്കാളിത്തമുള്ള യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോഴൊക്കെ ഔദ്യോഗിക സമസ്തക്ക് നല്ല പരിഗണന ലഭിച്ചുപോന്നു; എ.പി വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിക്കാതെയുമിരുന്നു. ഇത് സ്വാഭാവികമായും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയോട് ചേര്‍ന്നു നില്‍ക്കാന്‍ അവര്‍ക്ക് പ്രചോദനമായി. 'അരിവാള്‍ സുന്നി' എന്ന അപരനാമം അവര്‍ക്ക് പ്രതിയോഗികള്‍ നേരത്തെ ചാര്‍ത്തിക്കൊടുത്തിരുന്നതാണ്. മതത്തോടുള്ള ബന്ധം വിഛേദിക്കാത്ത മുസ്‌ലിം കമ്യൂണിസ്റ്റുകാര്‍ സാമാന്യമായി എ.പി വിഭാഗത്തോടാണ് ആഭിമുഖ്യം പുലര്‍ത്തിയതും. രാഷ്ട്രീയ സമവാക്യങ്ങളെ അട്ടിമറിക്കുവോളം അത് ശക്തിപ്പെട്ടില്ലെങ്കിലും സി.പി.എം നിരന്തര ശ്രമം തുടരുന്നതിനാല്‍ സുന്നികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ പാര്‍ട്ടിക്ക് ഫിക്‌സഡ് ഡെപ്പോസിറ്റായിത്തീര്‍ന്ന സാഹചര്യമുണ്ട്. സമസ്തയെ പുനരേകീകരിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നടത്തിയ ശ്രമങ്ങള്‍ മുഖ്യമായും സമസ്ത ഔദ്യോഗിക വിഭാഗത്തിലെ ചിലരുടെ ശാഠ്യം മൂലം വിഫലമാവുകയാണ് ചെയ്തിട്ടുള്ളത്. ആര്യാടന്‍ മുഹമ്മദിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എ.പി വിഭാഗത്തോടുള്ള ആഭിമുഖ്യവും യു.ഡി.എഫിനോട് കാന്തപുരം വിഭാഗത്തെ അടുപ്പിക്കുന്നതില്‍ വിജയിക്കുകയുണ്ടായില്ല.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് ഭരണത്തിന്റെ രണ്ടാമൂഴം വന്‍ ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കുന്നത്. മുഖ്യഘടകമായ കോണ്‍ഗ്രസ്സിന്റെ സീറ്റുകള്‍ ഗണ്യമായി നഷ്ടമായതും മുസ്‌ലിം ലീഗിന് ചില മണ്ഡലങ്ങളില്‍ തിരിച്ചടി നേരിട്ടതും വിലയിരുത്തി ഒരു വീണ്ടെടുപ്പിനുള്ള ഗൗരവതരമായ ശ്രമങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗത്ത് പ്രകടമായതുമില്ല. ഒപ്പം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ചേരിമാറ്റം മൂലം പരമ്പരാഗത ക്രൈസ്തവ വോട്ടുകളില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് മുന്നണിക്ക് നഷ്ടപ്പെട്ടതും യു.ഡി.എഫിനെ തളര്‍ത്തിയിട്ടുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ വേറെയും. ഇനിയുമൊരു തിരിച്ചുവരവ് എളുപ്പമാവില്ലെന്ന ആശങ്ക രണ്ടാമത്തെ മുഖ്യ ഘടകമായ മുസ്‌ലിം ലീഗ് അണികളെയാണ് കൂടുതല്‍ അസ്വസ്ഥരാക്കുന്നത്. മറുവശത്ത് കോണ്‍ഗ്രസ്സില്ലെങ്കില്‍ സി.പി.എം എന്ന സമവാക്യം നിലവിലെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും അവര്‍ മനസ്സിലാക്കുന്നു. കാരണം, ലീഗിനെ കൂട്ടുപിടിക്കാതെത്തന്നെ ഇടതുമുന്നണിക്ക് ഭരണം കൈപ്പിടിയിലൊതുക്കാമെന്ന തിരിച്ചറിവിലാണവര്‍. ഈ അടിയൊഴുക്കുകളാണ് മുസ്‌ലിം ലീഗ് എന്ന ഒരേയൊരു ഓപ്ഷനപ്പുറം ചിന്തിക്കാന്‍ സമസ്ത യുവജനങ്ങളില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. അതിന് ഊര്‍ജം നല്‍കുന്ന വിധം ചില പൊടിക്കൈകള്‍ പ്രയോഗിക്കാനും അപ്പക്കഷണങ്ങള്‍ വെച്ചുനീട്ടാനും സി.പി.എം ജാഗ്രത പാലിക്കുകയും ചെയ്യുന്നു. വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗും മുസ്‌ലിം സംഘടനകളും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തി, സമര മാര്‍ഗത്തിലേക്ക് നീങ്ങിയപ്പോള്‍ സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങളെ മാത്രം ചര്‍ച്ചക്ക് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റിയ തന്ത്രം ഒരുദാഹരണം മാത്രമാണ്. സമസ്ത ആവശ്യപ്പെട്ടതിനാലാണ് തീരുമാനം റദ്ദാക്കിയതെന്ന് വരുത്തിത്തീര്‍ത്തതോടെ ജിഫ്‌രി തങ്ങളും അദ്ദേഹത്തോടൊപ്പം നിന്നവരും സംതൃപ്തരായി. ഇതുപോലുള്ള നടപടികള്‍ കൊണ്ട് യു.ഡി.എഫിനെയും അതിന്റെ മുഖ്യ ചാലക ശക്തിയായ മുസ്‌ലിം ലീഗിനെയും നിരായുധരാക്കുന്നതില്‍ കവിഞ്ഞ ലക്ഷ്യമൊന്നും സി.പി.എമ്മിനുണ്ടാവാനിടയില്ല. 
കമ്യൂണിസമല്ല, വഹാബിസവും മൗദൂദിസവുമാണ് സുന്നികളുടെ മുഖ്യ ശത്രു എന്ന, സമസ്ത മുശാവറയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഉമര്‍ ഫൈസിയുടെ തിരുത്ത് അദ്ദേഹത്തിന്റെയും സമാന മനസ്‌കരുടെയും ഇപ്പോഴത്തെ മാനസിക നില അനാവരണം ചെയ്യുന്നുവെന്നത് ശരി. പക്ഷേ, ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അതൊരു നിരുത്തരവാദപരമായ ജല്‍പനമായിത്തന്നെ കാണേണ്ടിവരും. കഴിഞ്ഞ പഞ്ചായത്ത്-നഗരസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ 'മതരാഷ്ട്രവാദ'ത്തിനെതിരെ എഴുതിയതും പ്രസംഗിച്ചതും എന്തിന്, ആര്‍ക്കു വേണ്ടി എന്ന് വ്യക്തമായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതുവായ മുഖ്യശത്രു രാജ്യത്തിന്റെ കടിഞ്ഞാണ്‍ കൈയിലേന്തിയ ഫാഷിസമാണെന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കെ വഹാബിസം, മൗദൂദിസം പോലുള്ള പഴകിപ്പുളിച്ച പ്രയോഗങ്ങളില്‍ അഭിരമിക്കുന്നത് മിതമായി പറഞ്ഞാല്‍ അല്‍പത്തമാണ്. സാക്ഷാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രണ്ട് വിഭാഗങ്ങളും സമീപകാലത്തൊന്നും അത്തരമൊരു പ്രസ്താവന ഇറക്കിയതായി കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പതിവുകാരായ പണ്ഡിതന്മാര്‍ പോലും വഹാബിസത്തെയോ മൗദൂദിസത്തെയോ മുഖ്യശത്രുക്കളായി അവതരിപ്പിക്കാറുമില്ല. രണ്ടിനോടുമുള്ള വിയോജിപ്പും എതിര്‍പ്പും സുന്നി സംഘടനകള്‍ അവസാനിപ്പിച്ചു എന്നല്ല ഇതിനര്‍ഥം. പൗരത്വ ഭേദഗതിക്കും വഖ്ഫ് ബോര്‍ഡിലെ പി.എസ്.സി നിയമന നീക്കത്തിനും ഹിജാബ് പ്രശ്‌നത്തിലുമൊക്കെ 'വഹാബികളും മൗദൂദികളും' ഉള്‍പ്പെടെയുള്ളവരുമായി സുന്നി നേതാക്കള്‍ വേദി പങ്കിട്ടിരിക്കെ അവരാണ് മുഖ്യ ശത്രു എന്ന് തട്ടിമൂളിക്കുന്നതിലെ വകതരിവില്ലായ്മ സ്പഷ്ടമാണ്. വിദ്യാര്‍ഥി-യുവജനങ്ങളില്‍ പാര്‍ട്ടി പിന്തുണയോടെ യുക്തിവാദവും നാസ്തികതയും അരാജകത്വവും അധാര്‍മികതയും സ്ത്രീ വാദവും പ്രചരിപ്പിച്ചു മസ്തിഷ്‌ക പ്രക്ഷാളനം നടത്താന്‍ തീവ്ര ശ്രമം നടക്കെ ഉത്തരവാദപ്പെട്ട മതപണ്ഡിതന്മാര്‍ തികഞ്ഞ ലാഘവ ബുദ്ധിയോടെ സമരമുഖം വിഭാഗീയ പ്രശ്‌നങ്ങളിലേക്ക് തിരിച്ചുവിടുന്നത് നിര്‍ഭാഗ്യകരം എന്നല്ലാതെ പ്രതികരിക്കാതിരിക്കാനാവില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌