Prabodhanm Weekly

Pages

Search

2022 ഡിസംബര്‍ 02

3279

1444 ജമാദുല്‍ അവ്വല്‍ 08

ഏക സിവില്‍ കോഡിനെക്കുറിച്ച്  ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍

ഏക സിവില്‍ കോഡിനെക്കുറിച്ച് പലതരം ചര്‍ച്ചകള്‍ നടക്കുന്ന കാലമാണ്. പലതരം സംശയങ്ങളും ചോദ്യങ്ങളും അവ ഉയര്‍ത്തുന്നുമുണ്ട്. ഏക സിവില്‍ കോഡ് വേണം എന്ന മുറവിളി ഏഴ് പതിറ്റാണ്ടിലധികം കാലമായി ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ടും ഭരണകൂടമോ മറ്റു കക്ഷികളോ എന്തുകൊണ്ടാണ് ഏക സിവില്‍ കോഡിന്റെ ഒരു കരട് രേഖപോലും ഇതുവരെ പൊതുജന സമക്ഷം സമര്‍പ്പിക്കാത്തത്? എങ്കിലല്ലേ ഏതെങ്കിലുമൊരു നിലപാടില്‍ നിന്നുകൊണ്ട് എന്തെങ്കിലും പറയാന്‍ പറ്റൂ. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ വിഷയം എടുത്തിടുന്ന ബി.ജെ.പിയും ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഏതു വിധം എന്ന് എവിടെയെങ്കിലും വിശദീകരിച്ചുകണ്ടിട്ടില്ല. പൊതുവേ മുസ്‌ലിം സമൂഹത്തെ പേടിപ്പിക്കാനാണ് ആ ആയുധമെടുത്ത് എറിയാറുള്ളത്. ഇത് തങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്ന നിലയില്‍ മുസ്‌ലിംകള്‍ അതിനോട്  പ്രതികരിക്കുകയും ചെയ്യും. അത് വന്നുകഴിഞ്ഞാല്‍ രാജ്യത്തെ മുസ്‌ലിം വ്യക്തിനിയമം മാത്രമാണ് ഇല്ലാതാവുക, മറ്റൊരു വിഭാഗത്തിനും ഒരു പ്രശ്‌നവുമുണ്ടാവുകയില്ല എന്ന നിലയില്‍ പ്രചാരണം നടക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൂടിയാണ് ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നല്ലൊരു ആയുധമായി അത് മാറുന്നത്.
തിരിച്ചങ്ങോട്ട് ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ഇത്രയേറെ വൈവിധ്യങ്ങളുള്ള നാട്ടില്‍, ആ വൈവിധ്യങ്ങള്‍ സംരക്ഷിക്കാനായി ചില ജനവിഭാഗങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമായി പ്രത്യേക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടല്ലോ, ആ നിയമങ്ങളൊക്കെയും ഏക സിവില്‍ കോഡ് വരുന്നതോടെ റദ്ദായിപ്പോകുമോ? 'ഒരു രാജ്യം, ഒരു നിയമം' എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ്, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏതാനും സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുന്നത്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും അത് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെയുള്ള കടന്നാക്രമണമായി മാറുന്നതും നാം കാണുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ഗുജറാത്തില്‍ ഒരു മുന്‍ ന്യായാധിപന്റെ നേതൃത്വത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നോട്ടു നീക്കാന്‍ ഒരു കമ്മിറ്റി തട്ടിക്കൂട്ടുകയുമുണ്ടായി. മറ്റു ജന വിഭാഗങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സവിശേഷമായി നല്‍കപ്പെട്ട നിയമങ്ങളെക്കുറിച്ച് ഇത്തരം സമിതികള്‍ പഠിക്കുമോ?
ഇതിനെക്കാളൊക്കെ പ്രധാനമായ മറ്റൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഏക സിവില്‍ കോഡുണ്ടാക്കാന്‍ നയരൂപവത്കരണം നടത്തേണ്ടതും അതിന്റെ ചട്ടക്കൂട് സമര്‍പ്പിക്കേണ്ടതും കേന്ദ്ര ഗവണ്‍മെന്റല്ലേ? അതു സംബന്ധമായ ചര്‍ച്ചകള്‍ നടക്കേണ്ടത് ഇന്ത്യന്‍ പാര്‍ലമെന്റിലല്ലേ? കേന്ദ്രത്തില്‍ ഇതു സംബന്ധമായി പ്രാഥമിക ചര്‍ച്ച പോലും നടന്നിട്ടില്ലെന്നിരിക്കെ, ഗുജറാത്തിലെ സംസ്ഥാന ഗവണ്‍മെന്റിന് അത് നടപ്പാക്കാനായി എങ്ങനെയാണ് സമിതിക്ക് രൂപംനല്‍കാനാവുക? ഇനി, ഏക സിവില്‍ കോഡുണ്ടാക്കുക ഓരോ സംസ്ഥാനത്തിന്റെയും അധികാര പരിധിയിലാണെങ്കില്‍ അത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ഓരോ സംസ്ഥാനവും സിവില്‍ കോഡുണ്ടാക്കാന്‍ തുനിഞ്ഞാല്‍ അതത് സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ചാവും അത് രൂപപ്പെടുക. അവ തീര്‍ത്തും ഭിന്നമായിരിക്കുമെന്നും ഉറപ്പാണല്ലോ. അപ്പോള്‍ എങ്ങനെയാണ് അത് 'ഏക' സിവില്‍ കോഡാവുക?
ഇത്തരം വൈരുധ്യങ്ങളും ഏങ്കോണിപ്പുകളും, ഇനി ഏക സിവില്‍ കോഡ് ഉണ്ടാക്കിയാല്‍ തന്നെ ഉടലെടുക്കുന്ന നിരവധി പ്രായോഗിക പ്രശ്‌നങ്ങളും ചര്‍ച്ചയാക്കുകയും ഉയര്‍ത്തിക്കൊണ്ടുവരികയുമാണ് വേണ്ടത്. ഏക സിവില്‍ കോഡിന് ഏക തടസ്സം മുസ്‌ലിം വ്യക്തിനിയമമാണ് എന്ന പ്രചാരണം സംഘ് പരിവാറിന്റേതാണ്. ചില സെക്യുലര്‍ വിഭാഗങ്ങളും അത് ഏറ്റുപിടിക്കുന്നുണ്ടാവാം. അവരൊരുക്കിയ കെണിയില്‍ വീണ് മറു പ്രതികരണങ്ങള്‍ നടത്താതിരിക്കാന്‍ മുസ്‌ലിം കൂട്ടായ്മകള്‍ ശ്രദ്ധിക്കണം. മേല്‍ കൊടുത്ത ചോദ്യങ്ങളെ ആസ്പദമാക്കി ചര്‍ച്ച വികസിപ്പിക്കാനും വിഭാഗീയമല്ലാത്ത ഒരു തലത്തിലേക്ക് അതിനെ എത്തിക്കാനും അവര്‍ക്ക് കഴിയണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -9-14
ടി.കെ ഉബൈദ്‌