Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

സി.പി ബീവി

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

എറണാകുളത്തെ വ്യാപാര പ്രമുഖനും പൊതുകാര്യ പ്രസക്തനുമായ പി.കെ ഹാശിം ഹാജിയുടെ പത്‌നി സി.പി ബീവി(75) അല്ലാഹുവിങ്കലേക്ക് യാത്രയായി. ഹാശിം ഹാജി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബിനോട് പറഞ്ഞത് 'എന്റെ ജീവിതത്തില്‍ എന്റെ ബീവി നബിയുടെ ജീവിതത്തിലെ ഖദീജ ബീവിയെ പോലെയാണ്...' എന്നാണ്.
മക്കളോടും മരുമക്കളോടുമുള്ള അങ്ങേയറ്റം സ്‌നേഹമസൃണമായ പെരുമാറ്റം, ഭര്‍തൃ പരിചരണത്തിലെ സ്‌നേഹപൂര്‍വമുള്ള നിതാന്ത ജാഗ്രത, ദീനീചിട്ട തുടങ്ങിയ കാര്യങ്ങളില്‍, ബീവിത്തയെന്ന് ഞങ്ങള്‍ വിളിക്കുന്ന മഹതി മാതൃകയായിരുന്നു. പരോപകാര പ്രവര്‍ത്തനങ്ങളിലും അവര്‍ മികച്ചുനിന്നു. ആറ് ദശകത്തിലേറക്കാലം ഹാശിം ഹാജിയും ബീവിത്തയും താമസിച്ചത് എറണാകുളത്തെ പുല്ലേപ്പടിയില്‍ തന്നെയാണ്. അതിനടുത്തുള്ള ആര്യാട്ടുപറമ്പില്‍ എന്ന കോളനിയിലെ എല്ലാ വീട്ടുകാരുടെയും സന്തോഷ-സന്താപ വേളകളില്‍ ബീവിത്താന്റെ ഹൃദയപൂര്‍വമുള്ള സാന്നിധ്യവുമുണ്ടായിരുന്നു.
ദാനധര്‍മങ്ങളിലും അന്നദാനത്തിലും നിറഞ്ഞ മനസ്സോടെ അവര്‍ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. പരേതയുടെ അതിഥി സല്‍ക്കാര താല്‍പര്യം വളരെ വിശ്രുതമാണ്. മര്‍ഹൂം അബ്ദുസ്സലാം മൗലവി (മാള) ഉള്‍പ്പെടെ പലരും ഇക്കാര്യം എന്നോട് വളരെ സന്തോഷപൂര്‍വം അനുസ്മരിച്ചിട്ടുണ്ട്. ഇടക്കാലത്ത് നിര്‍ഭാഗ്യവശാല്‍ ഹാശിം ഹാജിക്കയും ഇസ്‌ലാമിക പ്രസ്ഥാനവും തമ്മില്‍ അകല്‍ച്ചയുണ്ടായതില്‍ പിന്നെയും ഈയുള്ളവനും അതുപോലെ മറ്റു ചിലരും അവിടെ പോയാല്‍ ഒരു പിണക്കവുമില്ലാത്ത പോലെയായിരുന്നു പെരുമാറ്റ രീതികള്‍. ബശീര്‍ മുഹിയുദ്ദീന്‍ എറണാകുളത്ത് നിന്ന് താല്‍ക്കാലികമായി വിട്ടുപോകുമ്പോള്‍ ഹാജിയെയും ബീവിത്തയെയും കാണാന്‍ ഞങ്ങള്‍ ഒരുമിച്ചു പോയിരുന്നു. തദവസരത്തില്‍ അവരുടെ മുഖത്ത് കണ്ട സന്തോഷം പ്രത്യേകം എടുത്തുപറയാതെ വയ്യ.
ആറ് ദശകത്തോളം പ്രസ്ഥാന പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി അതിഥികളെ നിരന്തരം സസന്തോഷം വിരുന്നൂട്ടി സല്‍ക്കരിച്ച പരേതയെ എല്ലാവരും ആദരപൂര്‍വമാണ് സ്മരിക്കുന്നത്. ബീവിത്താന്റെ വിയോഗത്തെ തുടര്‍ന്ന് ബശീര്‍ മുഹിയുദ്ദീന്‍ എനിക്കയച്ച സുദീര്‍ഘമായ കുറിപ്പിലെ പ്രസക്ത ഭാഗം ഉദ്ധരിക്കട്ടെ:
''കുഞ്ഞുനാളിലേ എന്നില്‍നിന്ന് ഉമ്മത്തണല്‍ നീങ്ങിപ്പോയിരുന്നു. അതിനാല്‍, ഉമ്മമുഖവും ഉമ്മമനസ്സും എങ്ങനെയിരിക്കുമെന്ന ഒരു സങ്കല്‍പവും എന്റെ മനസ്സിലില്ല.... ലക്ഷണമൊത്ത ചില ഉമ്മമാരെ കാണുമ്പോള്‍ സ്വന്തം ഉമ്മയെ അവരില്‍ സങ്കല്‍പിച്ചുപോകാറുണ്ട്. അത്തരം ഒരുമ്മയായിരുന്നു എനിക്ക് ബീവിത്ത. ഉമ്മയെന്ന ബീവിത്തയുടെ വിയോഗം എന്നെ പിന്നെയും ശൂന്യതയുടെ കൊടും വെയിലില്‍ കുത്തനെ നിര്‍ത്തുന്നു.
കാല്‍നൂറ്റാണ്ട് മുമ്പാണ് ഇസ്‌ലാമിക പ്രസ്ഥാനം എന്നെ എറണാകുളം മദീനാ മസ്ജിദിലേക്ക് നിശ്ചയിക്കുന്നത്. ഞങ്ങള്‍ ഉപ്പാവ എന്നു വിളിക്കുന്ന എറണാകുളത്തെ ഹാശിം ഹാജി സാഹിബ് അന്ന് ഉപ്പക്ക് ഒരു കത്ത് എഴുതിയിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി: 'എറണാകുളത്ത് ബശീറിന് ഒരു ഉമ്മയും ഉപ്പയും ഉണ്ടായിരിക്കും' എന്നതായിരുന്നു അത്. അന്നു മുതല്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു കുടുംബാംഗം എന്ന നിലയിലായിരുന്നു എനിക്ക് ആ വീടുമായുള്ള ബന്ധം.
എപ്പോഴും പുഞ്ചിരിതൂകി മാത്രം സംസാരിക്കുന്ന ആ ഉമ്മ തന്നെയായിരുന്നു ആ വീടിന്റെ വിളക്ക്.
ആതിഥേയത്വം പ്രകൃതമാക്കിയവര്‍. ഒരു ഉമ്മയായിതന്നെ ഏറെ കരുതല്‍ നല്‍കിയവര്‍. ആരോഗ്യം ശ്രദ്ധിക്കണമെന്ന് അധികാര സ്വരത്തില്‍ ഉപദേശിച്ചിരുന്നവര്‍. പ്രിയതമയെയും മക്കളെയും പറ്റി നിരന്തരം അന്വേഷിച്ചിരുന്നവര്‍. വിശേഷ വേളകളില്‍ സമ്മാനങ്ങളും പെരുന്നാള്‍ ഉടുപ്പുകളും തന്നയച്ചിരുന്നവര്‍. ഇങ്ങനെ, ഓര്‍മകളില്‍ നിറമുള്ള കാഴ്ചകളായി ആ ഉമ്മ കൂടെ തന്നെയുണ്ട്.
പ്രസ്ഥാന വഴിയിലെ ഒരു അന്‍സാരി കുടുംബം തന്നെയാണ് ഉപ്പാവയുടെ വീട്. നാസിമായിരുന്ന കാലത്തെ ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ഉപ്പ പറയുമായിരുന്നു, ബാഗിനകത്ത് കരുതിവെച്ച നേന്ത്രപ്പഴം കഴിച്ച് തെരുവോരത്തെ കിണറ്റില്‍നിന്ന് വെള്ളം കോരിക്കുടിച്ച് നടന്നു തീര്‍ത്ത വഴികളെപ്പറ്റി. അന്ന് വസ്ത്രം അലക്കി രുചിയുള്ള ഭക്ഷണം കഴിച്ച് അല്‍പം ഒന്ന് വിശ്രമിക്കാന്‍ ലഭിക്കുന്ന അപൂര്‍വം താവളങ്ങളില്‍ ഒന്നായിരുന്നു ഉപ്പാവയുടെ വീട്. അപ്പോഴെല്ലാം അതിഥികള്‍ക്ക് കരുതല്‍ നല്‍കി ഒരു നിഴല്‍പോലെ പിന്നാമ്പുറത്ത് ആ ഉമ്മ നിറഞ്ഞുനിന്നിരുന്നു.....''
എടക്കാട് ചേക്കിനകത്ത് പുതിയ പുരയില്‍ ഖദീജയുടെയും അബ്ദുല്ലയുടെയും പുത്രിയാണ് സി.പി ബീവി. മര്‍ഹൂം നിസാര്‍, മുസമ്മില്‍, മശ്ഹൂദ്, മുഹമ്മദ് ഹാരിസ്, സിദ്ദീഖ് അബ്ദുസ്സമദ് സഹോദരന്മാരും നൂര്‍ജഹാന്‍, നജ്മു, ഷമീറ, വഹീദ, ഫരീദ, ജമീല സഹോദരിമാരുമാണ്. നസ്വീര്‍, അനീസ്, സുഹൈല്‍, റഈസ്, ഹാജറ, ജബീറ എന്നിവരാണ് മക്കള്‍. മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയുടെ മകന്‍ അബ്ദുല്ലത്വീഫ് (ഖത്തര്‍), ഫിസുലി (മെസ്‌കോ കോഴിക്കോട്), ഹഫ്‌സ തന്‍സി, അന്‍സാം, സാറ എന്നിവര്‍ മരുമക്കളുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌