Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

പ്രവാചകനെ അനുസരിക്കുന്നതിന്റെയും പിന്തുടരുന്നതിന്റെയും വിവക്ഷ-3 ഇമാറത്തും രിസാലത്തും

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാകാത്തതിന്റെ ഫലമാണ് നേരത്തെപ്പറഞ്ഞ തെറ്റിദ്ധാരണകള്‍. അല്ലാഹുവിന്റെ ദൂതന്‍ ജനങ്ങള്‍ നിര്‍മിച്ചെടുത്ത നേതാവല്ല എന്ന വസ്തുത ഗ്രന്ഥകാരന്‍ മനസ്സിലാക്കിയില്ല. സ്വയം നേതാവായ ആളുമല്ല തിരുമേനി; മറിച്ച്, അല്ലാഹു നിശ്ചയിച്ച നേതാവും ഭരണാധികാരിയുമാണ്. നബിയുടെ ഇമാറത്ത് (നേതൃത്വം) തിരുമേനിയുടെ രിസാലത്തി(പ്രവാചകത്വം)ല്‍നിന്ന് വേറിട്ട ഒന്നല്ല. യഥാര്‍ഥത്തില്‍ ദൈവദൂതന്‍ എന്ന നിലയില്‍ തന്നെയുള്ള നേതാവ് (അമീര്‍) ആണ് തിരുമേനി. എന്നു മാത്രമല്ല, നബി അമീര്‍ (നേതാവ്) അല്ല. അല്ലാഹുവിങ്കല്‍നിന്നുള്ള മഅ്മൂര്‍ (കല്‍പനകള്‍ക്ക് വിധേയന്‍) ആണ് എന്നതാണ് ശരി. ഈ യാഥാര്‍ഥ്യം ഗ്രന്ഥകാരന് മനസ്സിലാകാതെ പോയി. അതുകൊണ്ടാണ് നബിയുടെ നേതൃത്വത്തിന്റെ നില സാധാരണ നേതാക്കളുടെ നേതൃത്വം പോലെയുള്ള നിലയില്‍ അദ്ദേഹം മനസ്സിലാക്കിയത്.
തന്റെ വാദഗതിക്ക് തെളിവായി ഗ്രന്ഥകാരന്‍ ഖുര്‍ആനില്‍നിന്ന് ഏതെല്ലാം സൂക്തങ്ങള്‍ ഉദ്ധരിച്ചോ അവയും അദ്ദേഹം ശരിയായി മനസ്സിലാക്കിയില്ല. ആളുകളുമായി കൂടിയാലോചിക്കാന്‍ നബിയോടും കല്‍പിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍, അത് കൂടിയാലോചനാ പ്രക്രിയയുടെ മാതൃക സ്വയം സമര്‍പ്പിക്കാനും തന്റെ പ്രവൃത്തിയിലൂടെ ജനാധിപത്യത്തിന്റെ ശരിയായ തത്ത്വങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും വേണ്ടിയായിരുന്നു. അതില്‍നിന്ന് നബിതിരുമേനിയുടെ നില മറ്റു നേതാക്കളുടേത് പോലെയാണെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ല. ഇതര നേതാക്കളെ സംബന്ധിച്ചേടത്തോളം  وَأَمْرُهُمْ شُورَىٰ بَيْنَهُمْ(അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുക പരസ്പര കൂടിയാലോചനയിലൂടെയാണ്- അശ്ശൂറാ 38). എന്നും   فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ   (വല്ല വിഷയത്തിലും തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടക്കുക- അന്നിസാഅ് 59) എന്നുമുള്ള നിയമം നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍, കൂടിയാലോചനക്ക് നബിയോട് കല്‍പിച്ചിടത്ത്, ഒരു കാര്യം തീരുമാനിച്ചുറച്ചാല്‍ പിന്നെ അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുന്നോട്ടു പോവുകفَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّه  (ആലു ഇംറാന്‍ 159) എന്നും പറഞ്ഞിട്ടുണ്ട്. തിരുമേനിക്ക് കൂടിയാലോചന ആവശ്യമുണ്ടായിരുന്നില്ല, കൂടിയാലോചിക്കാന്‍ തിരുമേനിയോട് കല്‍പിച്ചത് തിരു കരങ്ങളാല്‍ ശരിയായ ജനാധിപത്യ രീതിക്ക് അടിത്തറയിടാന്‍ വേണ്ടിയായിരുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തമായും മനസ്സിലാകുന്നുണ്ട്.

താല്‍ക്കാലികമോ?
ഇനി, നേതാവെന്ന നിലയില്‍ നബിക്കുള്ള അനുസരണം നബിയുടെ കാലഘട്ടത്തില്‍ മാത്രം പരിമിതമാണെന്ന കാര്യമാണെങ്കില്‍ അതും അബദ്ധമാണ്. അതിന് തെളിവായുദ്ധരിച്ച ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് അങ്ങനെ മനസ്സിലാക്കാന്‍ സാധ്യമല്ല. وأنتم تسمعون  (നിങ്ങള്‍ കേട്ടുകൊണ്ടിരിക്കെ) എന്ന ഖുര്‍ആന്‍ വാക്യത്തില്‍നിന്ന്, അക്കാലത്ത് ഈ വിധി കേട്ടുകൊണ്ടിരുന്ന ആളുകളോട് മാത്രമാണ് റസൂലിനെ അനുസരിക്കാന്‍ കല്‍പിച്ചിട്ടുള്ളത് എന്നാണ് ഗ്രന്ഥകാരന്‍ മനസ്സിലാക്കിയിരിക്കുന്നത്. പക്ഷേ, അല്‍അന്‍ഫാല്‍ അധ്യായത്തിലെ തുടക്കം മുതല്‍ അത് പാരായണം ചെയ്യുകയാണെങ്കില്‍, അവിടത്തെ ഉദ്ദേശ്യം തികച്ചും മറ്റൊന്നാണെന്ന് മനസ്സിലാകുന്നതാണ്. وَأَطِيعُوا اللَّهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ  (നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക-അല്‍അന്‍ഫാല്‍ 1) എന്നാണ് തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്ന് ജിഹാദ് ചെയ്യാനുള്ള നബിയുടെ ആഹ്വാനത്തില്‍, മനസ്സില്‍ അനിഷ്ടമുണ്ടായവരെ ആക്ഷേപിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു:
''വല്ലവനും അല്ലാഹുവിനോടും അവന്റെ ദൂതനോടും എതിര്‍പ്പ് കാണിക്കുകയാണെങ്കില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് അറിഞ്ഞുകൊള്ളുക'' (അല്‍അന്‍ഫാല്‍ 13). അതിനു ശേഷം ഇപ്രകാരം നിര്‍ദേശം നല്‍കുന്നു: ''വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ഈ കല്‍പന കേട്ടുകൊണ്ട് ദൈവദൂതന്റെ കല്‍പനയില്‍നിന്ന് നിങ്ങള്‍ പിന്തിരിയരുത്'' (അല്‍അന്‍ഫാല്‍ 20). ഈ സൂക്തത്തിലും കഴിഞ്ഞുപോയ എല്ലാ സൂക്തങ്ങളിലും, റസൂലിനുള്ള അനുസരണയോടൊപ്പം അല്ലാഹുവിനുള്ള അനുസരണയുടെ കല്‍പന പല തവണ ആവര്‍ത്തിച്ചു വന്നിരിക്കുന്നു. റസൂലിനുള്ള അനുസരണയെന്നാല്‍ അല്ലാഹുവിനുള്ള അനുസരണ തന്നെയാണെന്ന് ഓര്‍മപ്പെടുത്തുകയാണ് അതിന്റെ ഉദ്ദേശ്യം. പിന്നെ, എല്ലായിടത്തും വന്നിരിക്കുന്നത് റസൂല്‍ എന്ന പദമാണ്. ഒരിടത്തും അമീര്‍ (നേതാവ്) എന്ന വാക്ക് വന്നിട്ടില്ല. ഇവിടെ റസൂല്‍ എന്നതിന്റെ ഉദ്ദേശ്യം രിസാലത്തി(പ്രവാചകത്വം)ല്‍നിന്ന് ഭിന്നമായ റസൂലിന്റെ ഇമാറത്ത് (നേതൃ പദവി) ആണെന്ന് മനസ്സിലാക്കാന്‍ കഴിയുന്ന നേരിയൊരു സൂചന പോലും എവിടെയും ലഭ്യമല്ല. അതിനു ശേഷം ദൈവദൂതന്റെ കല്‍പനയില്‍നിന്ന് മുഖം തിരിക്കുന്നതിനെ വിലക്കിക്കൊണ്ട്, അങ്ങനെ ചെയ്താല്‍ കഠിന ശിക്ഷക്ക് പാത്രമാകുമെന്ന താക്കീത് ചെയ്തിരിക്കുകയാണ്. അതിനു ശേഷം 'നിങ്ങള്‍ കേട്ടുകൊണ്ടിരിക്കെ' (وأنتم تسمعون) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, നിങ്ങള്‍ കേട്ടുകൊണ്ട് നമ്മുടെ ദൂതനെ അനുസരിക്കുന്നതില്‍നിന്ന് ഒരിക്കലും മുഖം തിരിക്കരുത് എന്നാണെന്ന് വളരെ വ്യക്തമാണ്. ഇവിടെ وأنتم (നിങ്ങള്‍) എന്നും تسمعون (കേട്ടുകൊണ്ട്) എന്നുമുള്ള രണ്ട് പദങ്ങളുടെയും അഭിസംബോധിതര്‍ അക്കാലത്തുണ്ടായിരുന്ന ആളുകള്‍ മാത്രമല്ല, മറിച്ച് വിശ്വാസപൂര്‍വം ഖുര്‍ആന്‍ ശ്രവിക്കുന്ന അന്ത്യനാള്‍ വരെയുള്ള എല്ലാ ജനങ്ങളുമാണ്. മുഹമ്മദ് നബിയുടെ കല്‍പന ലഭിച്ച എല്ലാവരും അതിന് മുന്നില്‍ തലകുനിക്കേണ്ടത് നിര്‍ബന്ധമാണ്.
ഇന്ന് നാം, ബദ്‌റിലും ഉഹുദിലുമെന്ന പോലെ ജിഹാദിന് വാളും കുന്തവും ഉപയോഗിക്കാത്തതു പോലെ, ഇതര നേതാക്കളുടേതിന് തുല്യം മുഹമ്മദ് നബിയുടെ നേതൃപരമായ കടമകളും താല്‍ക്കാലികം മാത്രമായിരുന്നുവെന്ന ഗ്രന്ഥകര്‍ത്താവിന്റെ പ്രസ്താവന അതിവിചിത്രമാണ്. റസൂല്‍ തന്റെ കാലഘട്ടത്തില്‍ ഉപയോഗിച്ച ആയുധങ്ങള്‍ തീര്‍ച്ചയായും ഒരു പ്രത്യേക പരിതഃസ്ഥിതിയുമായി ബന്ധപ്പെട്ടത് തന്നെ. എന്നാല്‍, റസൂല്‍ തന്റെ യുദ്ധങ്ങളില്‍ പാലിച്ചതും പാലിക്കാന്‍ കല്‍പിച്ചതുമായ ധാര്‍മിക മുറകളും നിയമങ്ങളുമൊന്നും ഏതെങ്കിലും പ്രത്യേക കാലഘട്ടത്തിലേക്ക് മാത്രമുള്ളതല്ല. മറിച്ച്, തിരുമേനി മുസ്‌ലിംകള്‍ക്ക് ശാശ്വതമായ യുദ്ധ നിയമങ്ങള്‍ തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. ശറഈ ദൃഷ്ടിയില്‍ തിരുമേനി വാളാണോ ഉപയോഗിച്ചിരുന്നത്, തോക്കാണോ ഉപയോഗിച്ചിരുന്നത് എന്നതിന് യാതൊരു പ്രാധാന്യവുമില്ല. പ്രത്യുത, തിരുമേനി എന്തൊരു ലക്ഷ്യത്തിന് വേണ്ടിയാണ് തന്റെ ആയുധം ഉപയോഗിച്ചത്, എങ്ങനെയാണ് രക്തം ചിന്തിയത് എന്നതിനാണ് പ്രസക്തി.  ഈ വിഷയകമായ, തന്റെ യുദ്ധങ്ങളില്‍ നബി തിരുമേനി കാണിച്ചുതന്ന മാതൃക അത് എന്നേക്കുമുള്ള ഇസ്‌ലാമിക ജിഹാദിന്റെ സമ്പൂര്‍ണ മാതൃകയത്രേ. ആശയതലത്തില്‍ ലോകാനുഗ്രഹിയായ നബി തിരുമേനി അന്ത്യനാള്‍ വരെ മുസ്‌ലിം സേനകളുടെ സര്‍വ സൈന്യാധിപനാണ്.
ഗ്രന്ഥകാരന്‍, രിസാലത്തും (പ്രവാചകത്വം) ഇമാറത്തും (ഭരണ നേതൃത്വം) തമ്മില്‍ മറ്റൊരു വിഭജനവും കൂടി നടത്തുന്നുണ്ട്. മുസ്‌ലിംകള്‍ക്ക് തങ്ങളുടെ നേതാക്കളോട് തര്‍ക്കിക്കാനും ഭിന്നിക്കാനും അവകാശമുണ്ട് എന്നതാണത്. അപ്പോള്‍ നബിയുടെ നേതൃപരമായ പദവി ഇതര നേതാക്കളുടേത് പോലെയുള്ള അതേ സ്വഭാവത്തിലുള്ളത് തന്നെയാണോ എന്നതാണ് എനിക്ക് ഗ്രന്ഥകാരനോട് ചോദിക്കാനുള്ളത്. നബി തിരുമേനിയോട് ഒരു മുസ്‌ലിമിന് വഴക്കിടാന്‍ അവകാശമുണ്ടോ? ആരുടെ മുന്നില്‍ ഒച്ചയിട്ടു സംസാരിച്ചാല്‍ സര്‍വ കര്‍മങ്ങളും നിഷ്ഫലമായിത്തീരുമെന്ന് താക്കീത് നല്‍കപ്പെട്ടോ (അല്‍ഹുജുറാത്ത് 2), ആരെ ധിക്കരിച്ചാല്‍ നരകത്തിലേക്ക് വലിച്ചെറിയപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയോ (അന്നിസാഅ് 14) ആ നേതാവിനോട് എതിര്‍പ്പു കാട്ടാന്‍ ഏതെങ്കിലും മുസല്‍മാന് അവകാശമുണ്ടാവുക സാധ്യമാണോ? ഇല്ലെന്നാണെങ്കില്‍ ആ നേതാവിന്റെ നേതൃത്വമെവിടെ, മുസ്‌ലിംകള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമുള്ള ഇതര നേതാക്കളുടെ നേതൃത്വമെവിടെ!
പ്രവാചകന്റെ നേതൃനിലയും സാധാരണ ഭരണ നേതാക്കളുടെ നേതൃനിലയും തമ്മില്‍ ഗ്രന്ഥകര്‍ത്താവ് യാതൊരു വിവേചനവും കല്‍പിക്കുന്നില്ല. എത്രത്തോളമെന്നാല്‍ പ്രവാചകനുള്ള അനുസരണവുമായി ബന്ധപ്പെട്ട എല്ലാ കല്‍പനകളും നേതാവിനുള്ള കല്‍പനകളായാണ് പരിഗണിച്ചിരിക്കുന്നത്. 157-ാം പേജിന്റെ കുറിപ്പില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: ''അല്ലാഹു, റസൂല്‍ എന്നീ വാക്കുകള്‍ ഖുര്‍ആനില്‍ എവിടെയെല്ലാം ഒന്നിച്ചുവന്നിരിക്കുന്നുവോ അതുകൊണ്ടുള്ള ഉദ്ദേശ്യം നേതൃത്വം എന്നാണ്. അല്ലാഹുവിന്റെ വേദമാണ് അതിന്റെ നിയമം. അല്ലാഹുവിന്റെ ദൂതനോ തിരുമേനിയുടെ ഖുലഫാഉകളോ ആണ് അത് നടപ്പാക്കുന്നത്. ഉദാഹരണത്തിന്  يَسْأَلُونَكَ عَنِ الْأَنفَالِۖ قُلِ الْأَنفَالُ لِلَّهِ وَالرَّسُولِۖ   (യുദ്ധമുതലുകളെ കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ അല്ലാഹുവിനും ദൈവദൂതനുമുള്ളതാണ്- അല്‍അന്‍ഫാല്‍ 1) എന്ന ഖുര്‍ആന്‍ സൂക്തത്തിലെ യുദ്ധമുതലുകളെക്കുറിച്ച നിയമം പ്രവാചക കാലഘട്ടത്തിലേക്ക് മാത്രം പരിമിതമല്ല; പ്രത്യുത, ഭാവിയിലേക്ക് കൂടിയുള്ളതാണ്. അത് നടപ്പാക്കേണ്ടത് ഖിലാഫത്തിന്റെ ബാധ്യതയത്രേ.''
പിന്നീട്  فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ  (നിങ്ങള്‍ക്കിടയില്‍ വല്ലതിലും തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും ദൈവദൂതനിലേക്കും മടക്കുക - അന്നിസാഅ് 59) എന്ന ഖുര്‍ആന്‍ സൂക്തത്തെക്കുറിച്ച് പേജ് 158-ലെ കുറിപ്പില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു: ''തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്വാതന്ത്ര്യം അല്ലാഹുവിനും റസൂലിനുമാണ്. അതായത്, ഭരണ നേതൃത്വത്തിന്. അതിനാല്‍, ഭരണ നേതാവെന്ന നിലയിലുള്ള റസൂലിന്റെ അതേ പദവി തന്നെ ഖുലഫാഇനുമുണ്ടായിരിക്കും.''

അനുസരണത്തിന്റെ മൂന്ന് പദവികള്‍
ഇപ്പറഞ്ഞത് സത്യത്തില്‍നിന്നുള്ള വ്യക്തമായ വ്യതിചലനമാകുന്നു. ഖുര്‍ആനില്‍ അല്ലാഹുവിനുള്ള അനുസരണം, റസൂലിനുള്ള അനുസരണം, ഭരണകര്‍ത്താക്കള്‍ക്കുള്ള അനുസരണം എന്നിങ്ങനെ അനുസരണത്തിന് മൂന്ന് പദവികള്‍ വിശദീകരിച്ചിട്ടുണ്ട്. ദൈവത്തിനുള്ള അനുസരണം എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ കല്‍പനകളുടെ അനുസരണം എന്നാണ് വിവക്ഷ. റസൂലിനുള്ള അനുസരണമെന്നാല്‍ മുഹമ്മദ് നബിയുടെ വാക്കും പ്രവര്‍ത്തനങ്ങളും പിന്‍പറ്റലാണ്. ഭരണകര്‍ത്താക്കള്‍ക്കുള്ള അനുസരണമാകട്ടെ, മുസ്‌ലിംകളുടെ ഭരണാധികാരികള്‍ക്കും, ഭരണാധികാരികളെ നിശ്ചയിക്കാനും ഒഴിവാക്കാനും അധികാരമുള്ളവര്‍ക്കുമുള്ള അനുസരണം എന്നാണ് അര്‍ഥം. ആദ്യം പറഞ്ഞ രണ്ട് പദവികളെ സംബന്ധിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും വിധികളില്‍ തെരഞ്ഞെടുപ്പിന് യാതൊരു പഴുതുമില്ലെന്ന് ഖുര്‍ആനില്‍ അനേകം സ്ഥലങ്ങളില്‍ സംശയത്തിനിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കേള്‍ക്കുക, അനുസരിക്കുക - ഇത് മാത്രമാണ് മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ളത്. അല്ലാഹുവും നബിയും ഒരു കാര്യം തീരുമാനിച്ചാല്‍ പിന്നെ, സ്വന്തം നിലക്ക് അതില്‍ ഒരു തീരുമാനമെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും അവശേഷിക്കുന്നില്ല. ഇനി, മൂന്നാമത്തെ പദവിയെ സംബന്ധിച്ചേടത്തോളമാണെങ്കില്‍, ഭരണാധികാരികള്‍ക്കുള്ള അനുസരണം അല്ലാഹുവിനും റസൂലിനുമുള്ള അനുസരണത്തിന് വിധേയമാണെന്ന് പറഞ്ഞിരിക്കുന്നു. അതില്‍ തര്‍ക്കമുണ്ടായാല്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കേണ്ടത് അനിവാര്യമത്രെ. ഇവ്വിധം സ്പഷ്ടവും തുറന്നതുമായ വിധികള്‍ ഉണ്ടായിരിക്കെ, അല്ലാഹുവിനും റസൂലിനുമുള്ള അനുസരണം ഭരണ കാര്യങ്ങളിലുള്ള അനുസരണം എന്ന അര്‍ഥത്തിലെടുക്കുന്നതിനും, റസൂലിന്റെ നേതൃപദവി മുസ്‌ലിംകളുടെ സാധാരണ നേതാക്കളുടെ നേതൃപദവിയോട് ചേര്‍ക്കുന്നതിനും യാതൊരു പഴുതുമില്ല. ഇവ്വിഷയകമായി  (പറയുക, യുദ്ധമുതലുകള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാണ്) എന്ന ഖുര്‍ആന്‍ സൂക്തത്തില്‍നിന്ന് തെളിവുണ്ടാക്കുന്നത് ശരിയല്ല. യുദ്ധമുതലുകള്‍ അല്ലാഹുവിനും റസൂലിനുമുള്ളതാണെന്ന് പറഞ്ഞതിന്റെ താല്‍പര്യം, അല്ലാഹുവും ദൈവദൂതനും സ്ഥാപിച്ചെടുത്ത ഇസ്‌ലാമിക സമാജത്തിന്റെ വ്യവസ്ഥയുടെ ഗുണങ്ങള്‍ക്കായി യുദ്ധമുതലുകള്‍ ചെലവഴിക്കണം എന്നാണ്. അല്ലാഹുവും റസൂലും എന്നതുകൊണ്ട് ഇവിടെ ഉദ്ദേശ്യം നേതൃത്വമാണെന്ന് എവിടന്നാണ് ലഭിച്ചിരിക്കുന്നത്? 
(തുടരും)
വിവ: വി.എ.കെ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌