Prabodhanm Weekly

Pages

Search

2022 നവംബര്‍ 25

3278

1444 ജമാദുല്‍ അവ്വല്‍ 01

മദ്‌റസയില്‍ പോകാത്ത കുട്ടി

അബ്ദുല്‍ ബാസിത്ത് കുറ്റിമാക്കല്‍

ഒരു പോലീസ് സുഹൃത്ത് അടുത്തിടെ തനിക്കുണ്ടായ ഒരനുഭവം പങ്കുവെക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അയല്‍പക്കത്തെ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടി മദ്റസയില്‍ പോകാന്‍ വിമുഖത കാട്ടിത്തുടങ്ങിയത് പെട്ടെന്നായിരുന്നു. നല്ലപോലെ പഠിക്കുന്ന, സ്മാര്‍ട്ടായ മോനാണ്. സ്‌കൂളിലും മദ്റസയിലുമൊന്നും പോകാന്‍ മടികാണിക്കുന്ന കൂട്ടത്തിലല്ല. എല്ലാറ്റിലും സജീവമാകുന്ന പ്രകൃതം. പക്ഷേ, മദ്റസയിലേക്കില്ല എന്ന് പറഞ്ഞ് കരച്ചില്‍ പതിവായി. കാരണമായി ഒന്നുംതന്നെ പറയുന്നുമില്ല. മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ അസ്വാഭാവികമായി ഒന്നും കണ്ടെത്താനുമായില്ല. എന്നാല്‍, അദ്ദേഹം കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹം അവനെക്കുറിച്ച് സാധ്യമായതെല്ലാം അന്വേഷിച്ചറിഞ്ഞു. എന്താണവന്റെ പ്രശ്നം എന്നതിനെക്കുറിച്ച ചെറിയ സൂചനകള്‍ അതിലൂടെ അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ കൗണ്‍സിലിഗും മറ്റും നടത്തുന്ന ചിലരുടെ സാന്നിധ്യത്തില്‍ അദ്ദേഹം കുട്ടിയുമായി വിശദമായി സംസാരിച്ചു. ആ സംസാരത്തിലൂടെ ചുരുള്‍ നിവര്‍ത്തപ്പെട്ടത്, മദ്റസയിലെ പുതിയതായി വന്ന അധ്യാപികയുടെ അരോചകമായ പെരുമാറ്റത്തിന്റെയും ക്രൂരമായ ശിക്ഷാമുറകളുടെയും പീഡനത്തിന്റെയുമൊക്കെ കരളലിയിക്കുന്ന കഥകളാണ്. ഭയംമൂലം ഒന്നും പുറത്ത്പറയാന്‍ പോലുമാവാത്ത  മാനസിക നിലയിലേക്ക് അവനും അവന്റെ സഹപാഠികളും എത്തിച്ചേര്‍ന്നിരുന്നു. മദ്റസ എന്ന് കേള്‍ക്കുമ്പോള്‍ കുട്ടിയുടെ കണ്ണുകളില്‍ ഭയം ഉരുണ്ടുകൂടുന്നത് കണ്ടു എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാനാവില്ല. മദ്റസകളില്‍ നിന്നുയരുന്ന കുഞ്ഞുമക്കളുടെ തേങ്ങലുകള്‍ ഈ സമൂഹത്തിന് പലപ്പോഴും കേള്‍ക്കേണ്ടിവരുന്നുണ്ട്. മേല്‍പറയപ്പെട്ടത് പോലുള്ള സംഭവങ്ങള്‍ കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍, മദ്റസാ പ്രസ്ഥാനത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ആര്‍ജവവും മഹത്വവും പാരമ്പര്യവും നേട്ടങ്ങളുമെല്ലാം അഭിമാനത്തോടെ നോക്കിക്കാണുന്നവരുടെ  ശിരസ്സ് താണ്പോവുകയാണ്;  ഉള്ളം നീറുകയാണ്.
കുട്ടികള്‍ക്കിടയില്‍ കുട്ടികളെക്കാള്‍ നിഷ്‌കളങ്കതയോടെ നിലകൊണ്ട പ്രവാചകന്റെ അധ്യാപനങ്ങള്‍ പഠിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ അശാസ്ത്രീയവും അനാരോഗ്യകരവുമായ പ്രവൃത്തികള്‍ക്കെവിടെ സ്ഥാനം! ദീനീവിദ്യാഭ്യാസത്തിന്റെ പ്രകാശം സ്ഫുരിക്കേണ്ട ഇടങ്ങളില്‍ ദീനിന് കടകവിരുദ്ധമായ വൈകൃതങ്ങളുടെ ഇരുള്‍ പതിയുമ്പോള്‍ അപലപിക്കുകയും ധാര്‍മികരോഷം കൊള്ളുകയും ചെയ്യുന്നതിനൊക്കെ അപ്പുറം നമുക്ക് ചെയ്യാന്‍ സാധിക്കുന്ന, അല്ലെങ്കില്‍ നാം ചെയ്യേണ്ട ചില കാര്യങ്ങളെങ്കിലുമുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് അധ്യാപക നിയമനങ്ങളിലെ സൂക്ഷ്മത. കുട്ടികള്‍ക്ക് ദീന്‍ പറഞ്ഞുകൊടുക്കുക എന്നത്  വലിയ ഉത്തരവാദിത്വം തന്നെയാണ്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്നവരെ കണ്ടെത്താനാകണം. ഇതിനായി ഏറ്റവും പ്രഫഷനലായ മാര്‍ഗങ്ങള്‍ തന്നെ അവലംബിക്കണം. ഉദ്യോഗാര്‍ഥികളുടെ അക്കാദമിക യോഗ്യതകളും ദീനീപരിജ്ഞാനവും  ജീവിതപശ്ചാത്തലവും അനുഭവസമ്പത്തും അധ്യാപന നൈപുണ്യവുമെല്ലാം വേണ്ടപോലെ പരിശോധിക്കപ്പെടണം. ഈവിധം അര്‍ഹതയും യോഗ്യതയുമുള്ള അധ്യാപകരെ കണ്ടെത്തിയാല്‍ തന്നെ വലിയൊരളവോളം കുട്ടികള്‍ ഇരയാക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം. ഏറ്റവും മികവുറ്റ രീതിയിലും നിലവാരത്തിലും ദീനീവിദ്യാഭ്യാസം തലമുറകളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുകയും ചെയ്യും.
വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഉത്കൃഷ്ടമായ ഉപഹാരം ദീനീവിദ്യാഭ്യാസം തന്നെയാണല്ലോ. യാഥാര്‍ഥ്യമിതായിരിക്കെ നിര്‍ഭാഗ്യവശാല്‍ ചിലയിടങ്ങളിലെങ്കിലും അധ്യാപക നിയമനങ്ങളില്‍ ഗുരുതരമായ അലംഭാവമോ പിഴവോ സംഭവിക്കുന്നുണ്ട്. അതിന് മാറ്റം വരേണ്ടതുണ്ട്. ശരിയായ യോഗ്യതയില്ലാത്തവര്‍ക്ക് പ്ലേസ്മെന്റ് നല്‍കിയാല്‍ അത് സൃഷ്ടിക്കുക ദൂരവ്യാപക പ്രത്യാഘാതങ്ങളാണ്. ആശാന് ഒരക്ഷരം പിഴച്ചാല്‍ ശിഷ്യന് അന്‍പത്തിയൊന്നും പിഴക്കും എന്നത് മറന്നുകൂടാ. 


പ്രവാചകന്‍ പരമത വിദ്വേഷിയോ?

റഹ്മാന്‍ മധുരക്കുഴി

'ആര്‍.എസ്.എസിന് വഴിവെട്ടുന്ന ഇസ്‌ലാമിക തീവ്രവാദികള്‍' എന്ന ശീര്‍ഷകത്തില്‍ യുക്തിരേഖ മാസികയില്‍ (ജൂലൈ 2022) പത്രാധിപര്‍, അഡ്വ. രാജഗോപാല്‍ വാകത്താനം, കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത ഭീകരകൃത്യം ഉദ്ധരിച്ചുകൊണ്ട് 'ഈ ഭീകരത ഇതര മതക്കാര്‍ക്കുള്ള സൂചന തന്നെ' എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു. തുടര്‍ന്ന്, 'സത്യനിഷേധികളെ (ഇസ്‌ലാമല്ലാത്തവരെ) കണ്ടാല്‍ അവരുടെ പിടലി വെട്ടുക' (47:4) എന്ന ഖുര്‍ആന്‍ വാക്യത്തെ, വികലമായ അര്‍ഥ കല്‍പന ചെയ്തും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും ഇസ്‌ലാമല്ലാത്തവരോടുള്ള മുസ്‌ലിംകളുടെ ചെയ്തികള്‍ അവരുടെ വിശ്വാസ പ്രമാണമനുസരിച്ച് തന്നെയാണെന്ന് തട്ടിവിടുന്നു!
'നിങ്ങള്‍ സത്യനിഷേധികളെ കണ്ടാല്‍' എന്നല്ല, 'നിങ്ങള്‍ക്ക് സത്യനിഷേധികളുമായി ഏറ്റുമുട്ടേണ്ടി വന്നാല്‍ പിടലിക്ക് വെട്ടുക' എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സത്യനിഷേധികള്‍ എന്നാല്‍ 'ഇസ്‌ലാമല്ലാത്തവര്‍' എന്ന് പത്രാധിപര്‍ ബ്രാക്കറ്റില്‍ കൊടുത്ത അര്‍ഥകല്‍പന തെറ്റാണ്. ഖുര്‍ആന്‍ മുസ്‌ലിംകളല്ലാത്ത മതസമൂഹത്തെയല്ല അഭിസംബോധന ചെയ്യുന്നത്. മുസ്‌ലിം കുടുംബത്തില്‍ പിറന്നുവെന്ന ഏകകാരണത്താല്‍ സര്‍വരും സത്യവിശ്വാസികളാവണമെന്നില്ല. യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍, പടക്കളത്തില്‍ ശത്രുക്കളോട് സ്വീകരിക്കേണ്ട സമീപനമാണ് ഖുര്‍ആന്‍ ഇവിടെ ഉദ്ധരിച്ചത്; യുദ്ധാഹ്വാനമല്ല. തലയറുക്കാന്‍ വരുന്നവരോട് തൊട്ട് തലോടാന്‍ ഏതെങ്കിലും സമൂഹം സന്നദ്ധമാവുമോ?
ഇസ്‌ലാമിലെ യുദ്ധങ്ങളെല്ലാം പ്രതിരോധാര്‍ഥമായിരുന്നു. സ്വമതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു: 'നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍, അതിക്രമം അരുത്. അവര്‍ നിങ്ങളോട് പോരാടാത്തേടത്തോളം കാലം നിങ്ങള്‍ അവരോടും പടവെട്ടരുത്' (2:191,192).
'അവര്‍ നിങ്ങളോട് പോരാടാത്തേടത്തോളം കാലം നിങ്ങള്‍ അവരോട് പടവെട്ടരുത്' എന്ന പ്രയോഗവും, 'അതിക്രമം അരുത്' എന്ന ആഹ്വാനവും മറ്റെന്താണ് വ്യക്തമാക്കുന്നത്?
'മത സംസ്ഥാപനത്തിന് പ്രവാചകന്‍ നെടുനാളത്തെ യുദ്ധം തന്നെ നടത്തി' എന്ന് ആഗസ്റ്റ് ലക്കം യുക്തിരേഖയിലെ ലേഖനത്തിലും, കാലടി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ഡോ. അജയശേഖറും (പേ. 17) തട്ടിവിടുന്നു. 'ലാ ഇക്‌റാഹ ഫിദ്ദീന്‍' (മതത്തില്‍ നിര്‍ബന്ധമില്ല), 'ജനങ്ങള്‍ വിശ്വസിക്കാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?' (10:99) 'നീ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമത്രേ. അവരെ നിര്‍ബന്ധിച്ച് വഴിപ്പെടുത്തുന്നവനല്ല' (88:21,22) എന്നിങ്ങനെയുള്ള ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യക്തമാക്കുന്ന യാഥാര്‍ഥ്യം, യുദ്ധം ചെയ്ത് മതം സ്ഥാപിച്ചുവെന്ന ആരോപണത്തിന്റെ കടയ്ക്കലല്ലേ കത്തിവെയ്ക്കുന്നത്!
പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന യുദ്ധങ്ങള്‍, ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ബദ്ര്‍, ഉഹുദ് യുദ്ധ പശ്ചാത്തലങ്ങളെ നിരീക്ഷിച്ചുകൊണ്ട്, യുക്തിവാദികളുടെ തലതൊട്ടപ്പനായ ഇടമറുക്, ഖുര്‍ആന്‍- ഒരു വിമര്‍ശന പഠനം എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടമറുക് എഴുതുന്നത് നോക്കൂ: ''മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്റെ അധിപനാക്കി. മെക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മെദീനത്ത് അദ്ദേഹത്തിന്റെ ശക്തി വര്‍ധിച്ചുവരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദകച്ചവടക്കാര്‍ മെക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്റെ ഫലമായി കുറൈഷികള്‍ മെദീനക്കെതിരായി യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗസംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്റെ സൈന്യമാണ് വിജയിച്ചത്'' (ഇടമറുക്- ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം, പുറം 35).
മദീനയില്‍ പ്രവാചകന്റെ ശക്തി വര്‍ധിച്ചു വരുന്നതില്‍ അസൂയ പൂണ്ട യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കിയതിന്‍ ഫലമായി ഖുറൈശികള്‍ മദീനക്കെതിരായി യുദ്ധത്തിന് പുറപ്പെട്ടപ്പോഴാണ് നബിയും അനുയായികളും അവരെ പ്രതിരോധിക്കാനായി യുദ്ധത്തിനൊരുങ്ങിയതെന്നാണ് ബദ്ര്‍ യുദ്ധ പശ്ചാത്തലം വിവരിച്ച ഇടമറുക് ഇവിടെ വിശദമാക്കിയത്.
''ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കിയെങ്കിലും കൂടുതല്‍ സന്നാഹങ്ങളോടെ അവര്‍ വീണ്ടും യുദ്ധത്തിന് വന്നു. ഉഹുദ് മലയുടെ താഴ്‌വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരുകൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന ആക്രമിച്ചു കീഴടക്കാമെന്ന വ്യാമോഹം കുറൈശികള്‍ക്ക് ഇല്ലാതായി'' (അതേ പുസ്തകം, പേജ് 36).
ബദ്ര്‍, ഉഹുദ് എന്നീ രണ്ട് യുദ്ധങ്ങളും, ആക്രമിച്ച് കീഴടക്കി മതം സ്ഥാപിക്കാന്‍ വേണ്ടി പ്രവാചകന്‍ നടത്തിയവയാണെന്ന യുക്തിവാദികളുടെയും മറ്റും ആരോപണം യുക്തിവാദി പ്രമുഖന്‍ തന്നെ നിഷേധിക്കുന്ന കൗതുകകരമായ കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. 


കവര്‍‌സ്റ്റോറികള്‍ ശ്രദ്ധേയമായി

മമ്മൂട്ടി കവിയൂര്‍

തിരുവല്ലയിലെ നരബലിയുടെ പശ്ചാത്തലത്തില്‍ വന്ന കവര്‍‌സ്റ്റോറികള്‍ (3274) ശ്രദ്ധേയമായി. മുഹമ്മദ് ശമീമിന്റെ 'വിശ്വാസവും അന്ധവിശ്വാസവും' എന്ന ലേഖനത്തില്‍ നമ്മള്‍ ഇന്നേവരെ കേട്ടിട്ടില്ലാത്ത ദര്‍ശനങ്ങള്‍ വരെ പഠനവിധേയമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഷ ദഹിച്ചു കിട്ടാന്‍ അധികം പേര്‍ക്കും കഴിയുമോ എന്നും തോന്നിപ്പോയിട്ടുണ്ട്. ടി. മുഹമ്മദ് വേളത്തിന്റെ ലേഖനവും വിഷയത്തോട് നീതി പുലര്‍ത്തി.
പിന്നീടുള്ള ലക്കത്തില്‍(3275) കുട്ടു സാഹിബിന്റെ അനുഭവ വിവരണവും വായിച്ചു. തൊണ്ണൂറിന്റെ പടിവാതുക്കലെത്തി നില്‍ക്കുമ്പോഴും ആറര പതിറ്റാണ്ട് മുമ്പ് കഴിഞ്ഞ കാര്യങ്ങള്‍ ഇന്നലെ നടന്ന പോലെ പറഞ്ഞുതരുന്നത് വായിക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ആ ഓര്‍മശക്തി ദൈവം തമ്പുരാന്‍ അദ്ദേഹത്തിന് നല്‍കിയ വരദാനമായിരിക്കാം. പ്രസ്ഥാനവുമായി ബന്ധപ്പെടുന്നതും അന്നത്തെ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതും പുതു തലമുറക്കൊരു മുതല്‍ക്കൂട്ട് തന്നെയാണ്. പെരിങ്ങാടിയിലെ ഹല്‍ഖാ ക്ലാസിനെ പറ്റിയും ആ ക്ലാസിലെ പിന്‍സീറ്റില്‍ പതിവായി ഇരിക്കാറുള്ള എട്ടാം ക്ലാസുകാരനായ കെ.എം രിയാലുവിനെ പറ്റിയും മറ്റുമുള്ള വിവരണം പുതിയ അറിവാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-43 / അസ്സുഖ്‌റുഫ് -01-08
ടി.കെ ഉബൈദ്‌