Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

പട്ടിക്കാട് ജാമിഅ  നൂരിയ്യയും ശാന്തപുരം  ഇസ്‌ലാമിയാ കോളേജും

ഇ.എന്‍ മുഹമ്മദ് മൗലവി  sadarvzkd@gmail.com

അറിവടയാളങ്ങള്‍-8 /

അമ്പത് വര്‍ഷത്തിലേറെ നീണ്ട അധ്യാപക ജീവിതമാണ് എന്റെ ആയുസ്സിലെ ദൈര്‍ഘ്യമേറിയ കര്‍മ മേഖല. പ്രഭാഷണങ്ങളും ജുമുഅ ഖുത്വ്ബകളും ഉള്‍പ്പെടെ ഇസ്‌ലാമിക പ്രസ്ഥാന മാര്‍ഗത്തിലെ പ്രവര്‍ത്തനങ്ങളില്‍ പലവിധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും, വ്യത്യസ്ത ദീനീ വിദ്യാലയങ്ങളില്‍ നിര്‍വഹിച്ച അധ്യാപനം അറിവ് പകര്‍ന്നുകൊടുക്കുന്നതു പോലെ, അറിവ് നേടാനും സഹായകമായിട്ടുണ്ട്. സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായി നിരവധി പേരുടെ സൗഹൃദങ്ങള്‍ സമ്പാദിക്കാനും സാധിച്ചു. 

ജാമിഅ നൂരിയ്യയിലെ തുടക്കവും ഒടുക്കവും
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത പട്ടിക്കാട് ജാമിഅ നൂരിയ്യയിലാണ് എന്റെ അധ്യാപന ജീവിതത്തിന്റെ ഔപചാരികമായ തുടക്കം. ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമായില്‍ നിന്ന് ഞാന്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു അത്. ദയൂബന്ദില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ ജാമിഅ നൂരിയ്യയിലേക്ക് എന്നെ അധ്യാപകനായി ക്ഷണിച്ചിരുന്നു. ജാമിഅയുടെ ഭാരവാഹികള്‍ എന്റെ വാപ്പയെ സ്വാധീനിച്ചാണ് ഇത് ചെയ്തത്. ജാമിഅയുടെ സെക്രട്ടറിയായിരുന്ന ബീരാന്‍ കുട്ടി ഹാജി വാപ്പയുടെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം എന്റെ അസാന്നിധ്യത്തില്‍ വാപ്പയെ ചെന്ന് കാണുകയുണ്ടായി. ഞാന്‍ അവിടെ അധ്യാപകനായി ചെല്ലണം എന്നതായിരുന്നു അവരുടെ ആവശ്യം. സമസ്തയുടെ സ്ഥാപനമായ ജാമിഅ നൂരിയ്യയില്‍ ഞാന്‍ എത്തിക്കഴിഞ്ഞാല്‍, ജമാഅത്തെ ഇസ്‌ലാമിയിലേക്ക് പോകുന്നതില്‍ നിന്ന് എന്നെ തടയാമെന്ന് വാപ്പയും കരുതിക്കാണണം. അവിടെ മുദര്‍രിസായിരുന്ന തായിപ്പോട് കുഞ്ഞാലി മുസ്‌ലിയാര്‍ പോയ ഒഴിവില്‍ അവര്‍ക്കൊരു അധ്യാപകനെ അത്യാവശ്യമായിരുന്നു. ലഖ്‌നൗവില്‍ നിന്ന് ട്രെയിന്‍ വഴി നാട്ടിലെത്തുന്ന എന്നെ അന്വേഷിച്ച് ജാമിഅ നൂരിയ്യയുടെ ഭാരവാഹികള്‍ റെയില്‍വേ സ്റ്റേഷനില്‍ വരികയുണ്ടായി. എന്നെ കൈയോടെ കൂട്ടിക്കൊണ്ടു പോകലായിരുന്നു അവരുടെ ലക്ഷ്യം. ഉത്തരേന്ത്യന്‍ വേഷത്തിലാണ് ഞാനുണ്ടായിരുന്നത് എന്നതിനാല്‍ അവര്‍ക്കെന്നെ തിരിച്ചറിയാനായില്ല. പിന്നീട്, വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ വിവരമറിയുന്നത്. എനിക്ക് താല്‍പര്യം ഇല്ലായിരുന്നുവെങ്കിലും, വാപ്പ പറഞ്ഞതനുസരിച്ച് ഞാന്‍ ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി ചേര്‍ന്നു. 
ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരാണ് അന്ന് ജാമിഅ നൂരിയ്യയുടെ പ്രിന്‍സിപ്പല്‍. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്നവിടെ അധ്യാപകരായിരുന്നു. ഒരു ദിവസം ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും കോട്ടുമല ബാപ്പു മുസ്‌ലിയാരും ഞാനും ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. 'ഇന്ന് വൈകുന്നേരം എനിക്ക് ഒരു വഅളിന് പോകാനുണ്ട്'- സംസാരത്തിനിടെ കോട്ടുമല പറഞ്ഞു. 'വഅള്! ഉര്‍ദുവില്‍ വഅളിന് തഖ്‌രീര്‍ എന്നാണ് പറയുക. അതായത്, 'കുപ്പിയിലാക്കല്‍' അല്ലേ!' - ഫലിതം കലര്‍ത്തിയായിരുന്നു ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതികരണം. 
ഏതാനും മാസങ്ങള്‍ മാത്രമേ ഞാന്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ തുടര്‍ന്നുള്ളൂ. ഞാന്‍ ജമാഅത്ത് ആശയക്കാരനാണെന്ന്, ദയൂബന്ദിലെയും നദ്‌വയിലെയും എന്റെ സഹപാഠികള്‍ക്ക് അറിയാമായിരുന്നു. മൗലൂദ് ആഘോഷത്തില്‍ നിന്ന് ഞാന്‍ വിട്ടു നിന്നതും പ്രബോധനം വാരിക വായിക്കുന്നതും മറ്റും അവര്‍ക്ക് നേരിട്ട് അനുഭവമുള്ളതാണല്ലോ. അവരില്‍ ചിലര്‍ സമസ്തയുമായി ബന്ധമുള്ളവരുമാണ്. ഞാന്‍ ജാമിഅ നൂരിയ്യയില്‍ അധ്യാപകനായത് അറിയുമ്പോള്‍, അവര്‍ ഇ.കെയെയും മറ്റും വിവരം അറിയിക്കുക സ്വാഭാവികമാണല്ലോ. 'ജമാഅത്തുകാരനായ എന്നെ എങ്ങനെയാണ് ജാമിഅ നൂരിയ്യയില്‍ അധ്യാപകനാക്കിയത്' എന്ന് ചിലരൊക്കെ കത്തെഴുതി ചോദിക്കുകയും ചെയ്തു. ഇത് ജാമിഅക്കാര്‍ക്ക് വിഷമമുണ്ടാക്കി. സ്ഥാപനത്തില്‍ നടക്കുന്ന നിറഞ്ഞ ചില പരിപാടികളില്‍ പങ്കെടുക്കുക എനിക്കും പ്രയാസകരമായിരുന്നു. എല്ലാവരും ഭാഗഭാക്കാകുന്ന ചില പരിപാടികളില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്നതും അവരെ അസ്വസ്ഥരാക്കി. എനിക്കാകട്ടെ, സത്യം മനസ്സിലാക്കിക്കഴിഞ്ഞ ശേഷം അതിലൊന്നും പങ്കെടുക്കാന്‍ ഒട്ടും സാധ്യമായിരുന്നില്ല താനും. 
മുതിര്‍ന്ന വിദ്യാര്‍ഥികളാണ് അന്ന് ജാമിഅ നൂരിയ്യയില്‍ പഠിച്ചിരുന്നത്. വെല്ലൂരില്‍ ഉപരിപഠനത്തിന് പോകുന്നതിന് പകരമായിരുന്നു ജാമിഅയിലെ ഈ കോഴ്‌സ് എന്നാണ് വെപ്പ്! എനിക്കന്ന് ഏതാണ്ട് ഇരുപത്തിമൂന്ന് വയസ്സാണ് പ്രായം. ഇത്രയും ചെറുപ്പക്കാരനായ ഒരാളെ അധ്യാപകനായി ഉള്‍ക്കൊള്ളാന്‍ ചില വിദ്യാര്‍ഥികള്‍ക്കും പ്രയാസമുണ്ടായിരുന്നു. 'കാലിനടിയിലെ ചുകപ്പ് മാറാത്തയാള്‍' എന്നൊരു പരാമര്‍ശം എന്നെക്കുറിച്ച് നടത്തിയത് എനിക്കോര്‍മയുണ്ട്. അതേസമയം, പാണ്ടിക്കാട് അലവി മുസ്‌ലിയാര്‍ എന്ന വലിയ പണ്ഡിതന്‍ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളാണ് ഞാന്‍ ക്ലാസെടുത്തിരുന്നത്. ജംഉല്‍ ജവാമിഅ്, മൈബദി, മുല്ലാ ഹസന്‍, ശറഹുല്‍ മഹല്ലി തുടങ്ങിയ കിതാബുകളാണ് ഞാന്‍ ദര്‍സ് നടത്തിയിരുന്നത്. അതിലൊന്നും പാകപ്പിഴവുകള്‍ ഉള്ളതായി അവര്‍ക്ക് കണ്ടെത്താനായില്ല. അതെല്ലാം നേരത്തെ തന്നെ ഞാന്‍ തഹ്ഖീഖായി പഠിച്ചിട്ടുള്ളവയാണ്. മാത്രമല്ല, മൈബദിയുടെ ആദ്യ പേജുകള്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ നേരത്തെ പഠിപ്പിച്ചിരുന്നുവെങ്കിലും ആ പേജുകള്‍ ഉള്‍പ്പെടെ കിതാബിന്റെ തുടക്കം മുതലേ എന്നോട് ക്ലാസെടുക്കാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയുണ്ടായി. അപ്രകാരം ഞാന്‍ ക്ലാസെടുക്കുകയും ചെയ്തു. ആദര്‍ശപരമായ വിയോജിപ്പിന്റെ അസ്വസ്ഥതകള്‍ എനിക്കും സ്ഥാപനത്തിനും ഉണ്ടായിരുന്നതിനാല്‍, ഞാന്‍ പെട്ടെന്ന് തന്നെ ജാമിഅ നൂരിയ്യയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.
  
ചെറുവാടിയിലെ പള്ളിദര്‍സില്‍
ജമാഅത്തുമായുള്ള എന്റെ ബന്ധം ചെറുവാടിയിലും പ്രചരിച്ചതോടെ, സ്വദേശമായ ചുള്ളിക്കാപറമ്പ് പള്ളിയില്‍ ദര്‍സ് നടത്താന്‍ അനുവാദമില്ലാതായി. എന്നാല്‍, പുരോഗമന ചിന്തയുള്ളവരും ജമാഅത്ത് അനുഭാവികളുമായ ചെറുപ്പക്കാര്‍, കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി ഉള്‍പ്പെടെയുള്ളവര്‍ ചെറുവാടി ഒതയോത്ത് പള്ളിയില്‍ ഞാന്‍ ദര്‍സ് നടത്തണം എന്നാവശ്യപ്പെടുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 1960-കളില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടനായിരുന്നു കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി. ചെറുവാടി സ്വദേശിയായ അദ്ദേഹം കുന്ദമംഗലത്ത് മുദര്‍രിസായിരുന്നു. പതി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഒരു പ്രസംഗത്തില്‍ ജമാഅത്തിനെ കാഫിറാക്കിയതിനെ ചോദ്യം ചെയ്യുകയും മറ്റും ചെയ്തതോടെയാണ് കെ.വിയെ അവര്‍ പുറത്താക്കുന്നത്. കടുത്ത എതിര്‍പ്പുകളും പീഡനവും ബഹിഷ്‌കരണവും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങള്‍ ചുള്ളിക്കാപറമ്പ് കുന്നത്ത് താമസമാക്കിയപ്പോള്‍, എന്റെ അനുജന്‍ അബ്ദുല്ലയുടെയോ മറ്റോ സുന്നത്ത് നടന്നു. അതിന്റെ സല്‍ക്കാരത്തിന് എല്ലാവരെയും കത്ത് കൊടുത്ത് ക്ഷണിച്ചിരുന്നു. അതിലൊരു കത്ത് കെ.വിക്കും കിട്ടിയതനുസരിച്ച് അദ്ദേഹവും വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചതിനെതിരെ വരെ ചിലര്‍ അന്ന് പ്രശ്‌നമുണ്ടാക്കുകയുണ്ടായി. അത്രമേല്‍ ത്യാഗം സഹിച്ച വ്യക്തിത്വമാണ് കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി. 
അദ്ദേഹവും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം, 1966-ല്‍ ഞാന്‍ ഒതയോത്ത് പള്ളിയിലെ മുദര്‍രിസായി. പാരമ്പര്യ സ്വഭാവത്തില്‍, സമസ്തയുടെ ഭാഗമായിത്തന്നെയാണ് പള്ളി നടന്നുവന്നിരുന്നത്. പക്ഷേ, പുരോഗമന ആശയക്കാരും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. മുജാഹിദ് പണ്ഡിതരുടെയും മറ്റും പ്രഭാഷണങ്ങള്‍ കേട്ട് ദീന്‍ മനസ്സിലാക്കിയ കുറച്ചു പേര്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരായിരുന്നു. മാത്രമല്ല, നേരത്തെത്തന്നെ ഖുത്വ്ബ പരിഭാഷ നിലവിലുള്ള പള്ളിയായിരുന്നു ഒതയോത്ത് ജുമാ മസ്ജിദ്. ഞാന്‍ ദര്‍സ് ആരംഭിച്ചതോടെ, മലബാറിന്റെ പല ഭാഗങ്ങളില്‍ നിന്നായി കുറേ വിദ്യാര്‍ഥികള്‍ അവിടെ വന്നുചേര്‍ന്നു. ദര്‍സില്‍ 'പതിവ് ക്ലാസുകളോടൊപ്പം പുരോഗമന സ്വഭാവമുള്ള വൈജ്ഞാനിക ചര്‍ച്ചകളും നടക്കാറുണ്ടായിരുന്നു. പ്രബോധനം വാരികയും ദര്‍സിലെ വിദ്യാര്‍ഥികള്‍ വായിക്കുമായിരുന്നു.  അതിനാല്‍, ദര്‍സ് സജീവമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ, പള്ളിയിലെ ഖാദിയും ചിലരും ഇതൊന്നും ഇഷ്ടപ്പെടാത്തവരായിരുന്നു. ചെറുവാടിക്കാരനായ അസീസ് മുസ്‌ലിയാരുടെ മകളുടെ ഭര്‍ത്താവ് തലവണ്ണ് മമ്മദ് മുസ്‌ലിയാരായിരുന്നു അവിടെ ഖാദി. കീഴുപറമ്പ് സ്വദേശിയായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും ഞങ്ങള്‍ തമ്മില്‍ ഭിന്നതകളുണ്ടായി. ഖുത്വ്ബ തര്‍ജമ ചെയ്യുന്ന കാലത്ത് നാലഞ്ച് ആഴ്ചകള്‍ അതിനെ ന്യായീകരിച്ച് പ്രസംഗിച്ചിരുന്ന അദ്ദേഹം, പിന്നീട് ഖുത്വ്ബ പരിഭാഷ നിര്‍ത്തലാക്കുക വരെ ചെയ്തു. 'ഞാന്‍ മുത്വ്‌ലഖ് സുന്നിയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. ചില ഖുറാഫാത്തുകളൊക്കെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും  ശ്രമിക്കുകയുണ്ടായി. ഇത് ഞങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് കാരണമാവുക സ്വാഭാവികമാണല്ലോ. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് വിയോജിച്ചു കൊണ്ട് ഞാന്‍ അദ്ദേഹത്തിന് കത്ത് നല്‍കുകയും ചെയ്യുകയുണ്ടായി. ഖുത്വ്ബ വിഷയത്തില്‍, കൊടിയത്തൂരിലെ അബ്ദുല്‍ അസീസ് മൗലവിയും ഞാനും അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് മറുപടി പ്രസംഗങ്ങള്‍ നടത്തിയതും ഓര്‍മയുണ്ട്.

ശാന്തപുരത്തേക്കുള്ള യാത്ര
ഞാന്‍ അപ്പോഴേക്കും ജമാഅത്തെ ഇസ്‌ലാമിയുമായി സംഘടനാ ബന്ധം സ്ഥാപിക്കുകയും കെ.സി അബ്ദുല്ല മൗലവിയുമായും മറ്റും ആശയ വിനിമയം നടത്തുകയും ചെയ്യുകയുണ്ടായി. ഒതയോത്ത് പള്ളിയിലെ ഖാദിയും മറ്റുമായി ഭിന്നതകളും തര്‍ക്കങ്ങളും ശക്തമാകാന്‍ തുടങ്ങിയത് കെ.സി അറിഞ്ഞതോടെ, ഏറ്റുമുട്ടലിന് നില്‍ക്കാതെ, ശാന്തപുരത്ത് അധ്യാപകനായി പോകാന്‍, കെ.വി അബ്ദുര്‍റഹ്മാന്‍ മൗലവി വഴി എന്നോട് ആവശ്യപ്പെട്ടു. കെ.സി ഒരു കത്തും എഴുതിത്തന്നിരുന്നു. വെള്ളിമാട്കുന്നില്‍ ചെന്ന്, എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയെ കണ്ടു, അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആദ്യമായി ശാന്തപുരത്ത് പോകുന്നത്. 1967-ല്‍ ഞാന്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി. 1969 വരെ, മൂന്ന് വര്‍ഷം അവിടെ തുടര്‍ന്നു. എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയാണ് പ്രിന്‍സിപ്പല്‍. ടി. ഇസ്ഹാഖലി മൗലവി ഉള്‍പ്പെടെ പ്രമുഖരായ അധ്യാപകരുമുണ്ട്. നല്ലൊരു ടീം അന്ന് ശാന്തപുരത്തുണ്ടായിരുന്നു.
മുതിര്‍ന്ന ക്ലാസുകളില്‍ ഉള്‍പ്പെടെ അധ്യാപനം നടത്തിയിരുന്നു. ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉര്‍ദു ഭാഷ തുടങ്ങിയവയായിരുന്നു വിഷയങ്ങള്‍. ഫൈനല്‍ വിദ്യാര്‍ഥികള്‍ക്ക് ജംഉല്‍ ജവാമിഅ്, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ കിതാബുകള്‍ പഠിപ്പിച്ചു. 
താഴെ ക്ലാസുകളില്‍ സ്വഹീഹു മുസ്‌ലിം, മന്‍ത്വിഖില്‍ ശറഹുത്തഹ്ദീബ്, ഫിഖ്ഹില്‍ ശറഹുല്‍ മഹല്ലി, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയവയും എടുത്തിരുന്നു. ചില ക്ലാസുകളില്‍ ഉര്‍ദു ഭാഷയും പഠിപ്പിച്ചു. മഹല്ലിയുടെ മൂന്ന്, നാല് വാള്യങ്ങളാണ് ശാന്തപുരത്ത് ഞാന്‍ ക്ലാസെടുത്തിരുന്നത്. ഫിഖ്ഹില്‍ സമഗ്രതയുള്ള കിതാബാണ് ഫത്ഹുല്‍ മുഈന്‍. യഥാര്‍ഥത്തില്‍, ഒരാള്‍ ഫത്ഹുല്‍ മുഈന്‍ ശരിയാം വിധം പഠിച്ചാല്‍, ശറഹുല്‍ മുഹദ്ദബ്, തുഹ്ഫ തുടങ്ങി ശാഫിഈ മദ്ഹബിലെ പ്രധാന ഫിഖ്ഹീ കിതാബുകളെല്ലാം അയാള്‍ക്ക് വായിക്കാന്‍ സാധിക്കും. ആ രീതിയാണ് പണ്ടുകാലത്ത് ഉണ്ടായിരുന്നത്. എന്നാല്‍, ഖുര്‍ആനും സുന്നത്തുമായി നേര്‍ക്കുനേരെ ബന്ധപ്പടുത്താതെ, കേവല ഫിഖ്ഹീ നിയമങ്ങളില്‍ പരിമിതപ്പെട്ടു പോയിരുന്നു ദര്‍സ് വിദ്യാഭ്യാസം എന്നതാണ് അതിന്റെ ദൗര്‍ബല്യം. ഇതിനെ മറികടക്കുക എന്നതാണ് ഇസ്‌ലാമിയാ കോളേജുകളിലൂടെ സാധിക്കേണ്ടിയിരുന്നത്. പക്ഷേ, പള്ളിദര്‍സില്‍ ഉണ്ടായിരുന്നതു പോലെ, ഒരു വിഷയത്തില്‍ പഠിക്കുന്ന കിതാബിന് പുറമെ മറ്റു കിതാബുകള്‍ മുത്വാലഅ ചെയ്യുന്ന രീതിയൊന്നും കോളേജുകളില്‍ ഉണ്ടായിരുന്നില്ല. ജലാലൈനി പഠിക്കുമ്പോള്‍ മറ്റു ചില തഫ്‌സീറുകളും, ഫത്ഹുല്‍ മുഈന്‍ എടുക്കുമ്പോള്‍ മറ്റു ഫിഖ്ഹീ കിതാബുകളും അവയോട് ബന്ധപ്പെടുത്തി വായിക്കുന്ന പഴയ പള്ളിദര്‍സ് രീതി ഏറെ ഗുണം ചെയ്യുന്നതായിരുന്നു. കിതാബിന്റെ മാര്‍ജിനില്‍ തന്നെ വിദ്യാര്‍ഥികള്‍ കുറിപ്പുകള്‍ എഴുതുകയും ചെയ്യും. ജംഉല്‍ ജവാമിഅ്, ശറഹുല്‍ അഖാഇദ് തുടങ്ങിയ കിതാബുകളില്‍, വിദ്യാര്‍ഥിയായിരിക്കെ ഞാന്‍ കുറിപ്പുകള്‍ എഴുതിയിരുന്നു. ഇതൊക്കെ പില്‍ക്കാലത്ത് പ്രയോജനപ്പെടും. കരിങ്ങപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെ കുറിപ്പുള്ള ഫത്ഹുല്‍ മുഈന്‍ ഇപ്പോള്‍ പ്രിന്റ് ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. 
ശാന്തപുരത്ത് ഞാന്‍ അധ്യാപകനായി എത്തുമ്പോള്‍, കെ. അബ്ദുല്ല ഹസന്‍ മഞ്ചേരി, എം.സി അബ്ദുല്ല, വി.പി കുഞ്ഞിമൊയ്തീന്‍ കുട്ടി മൗലവി തുടങ്ങിയവരൊക്കെ  ഫൈനല്‍ ക്ലാസില്‍ പഠിക്കുന്നുണ്ട്. ടി.കെ ഉബൈദ് അന്ന് അഞ്ചാം വര്‍ഷ വിദ്യാര്‍ഥിയാണ്. സിദ്ദീഖ് ഹസന്‍ സാഹിബ്, വി.എ കബീര്‍ തുടങ്ങിയവരുമുണ്ട്. അനുജന്‍ ഇ.എന്‍ അബ്ദുല്ലയും എന്റെ അമ്മാവന്‍ എം.ടി അഹ്മദ് കുട്ടി മൗലവി(വാഴക്കാട്)യുടെ മകന്‍ എം.ടി അബ്ദുസ്സലാമും അവിടെ വിദ്യാര്‍ഥികളായിരുന്നു. ഇരുവരെയും ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എ.കെ മിക്കപ്പോഴും സ്ഥാപനത്തിന് വേണ്ടിയുള്ള യാത്രകളിലായിരിക്കും. പി.കെ അബ്ദുല്ല മൗലവിയായിരുന്നു അന്ന് വൈസ് പ്രിന്‍സിപ്പല്‍. കാമ്പസ് പള്ളിയിലെ ഖത്വീബും അദ്ദേഹം തന്നെ. രണ്ടു വര്‍ഷം കാമ്പസ് പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിക്കാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. അക്കാലത്ത് സമീപ പ്രദേശങ്ങളിലെ സ്റ്റഡി സര്‍ക്കിളുകളിലും ക്ലാസെടുക്കാന്‍ പോയിട്ടുണ്ട്. 
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ശാന്തപുരത്തെ അധ്യാപനം മതിയാക്കി നാട്ടില്‍ തിരിച്ചെത്തി. കാസര്‍കോട് ജില്ലയിലെ പടന്നയായിരുന്നു പിന്നീട് കര്‍മരംഗം. അടിയന്തരാവസ്ഥക്കാലത്ത് ഞാന്‍ പടന്നയിലാണ്. തുടര്‍ന്ന് കീഴുപറമ്പില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മേല്‍നോട്ടത്തിലുള്ള പള്ളിയിലും മദ്‌റസയിലും സേവനം ചെയ്തു.  പിന്നീട്, തൃശൂര്‍ ജില്ലയിലെ മാളയിലും. 1972-75 കാലത്തായിരുന്നു ഇത്. 

(അടുത്ത ലക്കത്തില്‍ അവസാനിക്കും)
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53