Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

രോഷ പ്രഘോഷണത്തിന് പകരം

ശൈഖ് മുഹമ്മദ് കാരകുന്ന്   smkarakunnu@gmail.com

ചിന്താവിഷയം /   
 

സ്‌നേഹം എത്രമേല്‍ സുന്ദരം! കേള്‍വിക്കാരിലൊക്കെയും അത് കൗതുകമുണര്‍ത്തും. സ്‌നേഹം കിട്ടാന്‍ കൊതിക്കാത്തവരില്ല. കൊടുക്കാന്‍ പിശുക്ക് കാണിക്കുന്നവര്‍ പോലും അത് ലഭിക്കാന്‍ അതിയായി ആഗ്രഹിക്കും. സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. സ്‌നേഹം അതിന്റെ ഉടമക്ക് മനസ്സിന് സമാധാനമേകും. സൈ്വരവും സ്വസ്ഥതയും  സമ്മാനിക്കും. ജീവിതത്തെ സംതൃപ്തമാക്കും. ശരീരത്തിന് ഉന്മേഷം നല്‍കും. സ്‌നേഹം കൊടുക്കുന്നതിനനുസരിച്ച് കുറയുകയില്ല; കൂടിക്കൊണ്ടിരിക്കും. അത് അകന്നവരെ അടുപ്പിക്കും. ശത്രുക്കളെ മിത്രങ്ങളാക്കും. അങ്ങനെ സ്‌നേഹം നല്‍കി സ്‌നേഹം നേടുന്നവരാണ് സൗഭാഗ്യവാന്മാര്‍.
  സത്യവിശ്വാസികളുടെ അകം നിറയെ സ്‌നേഹമായിരിക്കും; ആയിരിക്കണം. അതിരുകളില്ലാത്ത സ്‌നേഹം. അതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. കണ്ടവരെയും കാണാത്തവരെയും അറിയുന്നവരെയും അറിയാത്തവരെയുമെല്ലാം സ്‌നേഹിക്കാന്‍ അതനുശാസിക്കുന്നു. കാല-ദേശ ഭേദങ്ങള്‍ക്കതീതമായി ലോകാരംഭം മുതല്‍ ലോകാന്ത്യം വരെയുള്ള മുഴുവന്‍ മനുഷ്യരോടും ഗുണകാംക്ഷയും സ്‌നേഹവും കാരുണ്യവും പുലര്‍ത്തണമെന്ന് അതാവശ്യപ്പെടുന്നു. ഓരോ ദിവസത്തെ നമസ്‌കാരത്തിലും മുഴുവന്‍  വിശ്വാസികളും നന്നച്ചുരുങ്ങിയത് ദിനേന പതിനേഴ് തവണയെങ്കിലും ഖുര്‍ആനിലെ ആദ്യ അധ്യായം പാരായണം ചെയ്യുന്നതിലൂടെ എല്ലാ മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി പ്രാര്‍ഥിക്കുന്നു (ഖുര്‍ആന്‍ 1: 6,7).
അതോടൊപ്പം എല്ലാ നമസ്‌കാരങ്ങളിലും മാനവ സമൂഹത്തിലെ മുഴുവന്‍ സച്ചരിതര്‍ക്കും സമാധാനത്തിനു വേണ്ടി 'വഅലാ ഇബാദില്ലാഹിസ്സ്വാലിഹീന്‍' എന്ന് പ്രത്യേകം പ്രാര്‍ഥിക്കുന്നു. സര്‍വോപരി ദേശ, ഭാഷാ ഭേദമന്യേ കഴിഞ്ഞ കാലത്ത് ജീവിച്ച് മരിച്ചു പോയ എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നവരാണവര്‍. 'അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ''ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ, ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ''(59:10).
മുഴുവന്‍ മനുഷ്യരോടും അതിരുകളില്ലാത്ത ഗുണകാംക്ഷ പുലര്‍ത്തുന്നവരായിരിക്കണം ഓരോ വിശ്വാസിയും. അതുകൊണ്ടുതന്നെ ജനങ്ങള്‍ അന്ധവിശ്വാസത്തില്‍ നിന്ന് സത്യവിശ്വാസത്തിലേക്കും ദുര്‍മാര്‍ഗത്തില്‍ നിന്ന് സന്മാര്‍ഗത്തിലേക്കും അസത്യത്തില്‍ നിന്ന് സത്യത്തിലേക്കും തിന്മയില്‍ നിന്ന് നന്മയിലേക്കും അധര്‍മത്തില്‍ നിന്ന്  ധര്‍മത്തിലേക്കും അവിശ്വാസത്തില്‍ നിന്ന് വിശ്വാസത്തിലേക്കും നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കും പരാജയത്തില്‍ നിന്ന് വിജയത്തിലേക്കും വന്നെത്തണമെന്ന്  ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവരാണ് സത്യവിശ്വാസികള്‍. അതിനായി  അവിരാമം ശ്രമിച്ചു കൊണ്ടേയിരിക്കുകയും ചെയ്യും. അഥവാ, അങ്ങനെ ശ്രമിച്ചുകൊണ്ടിരിക്കേണ്ടവരാണ് വിശ്വാസികള്‍. പ്രവാചകന്മാര്‍ അതിന്റെ ഏറ്റവും  മികച്ച മാതൃകകളായിരുന്നു. ജനങ്ങളുടെ മാര്‍ഗദര്‍ശനത്തിനായി അകമാകെ തപിച്ച് നീറിക്കൊണ്ടിരുന്ന പ്രവാചക മനസ്സ് ഖുര്‍ആന്‍ ഇങ്ങനെ അനാവരണം ചെയ്യുന്നു: 'ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഃഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം'(18:6).

ഒരു രക്തസാക്ഷിയുടെ മനോ വിചാരങ്ങള്‍
പ്രവാചകന്മാരെ ധിക്കരിച്ച സമൂഹം. അകലങ്ങളില്‍ നിന്ന് ഒരു പ്രബോധകന്‍ അവരിലേക്ക് കടന്നുവരുന്നു. അദ്ദേഹം അങ്ങേയറ്റത്തെ സ്‌നേഹത്തോടെ ആ സമൂഹത്തോട്  സന്മാര്‍ഗം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു. അവരോടുള്ള അതിരറ്റ ഗുണകാംക്ഷയോടെ, അവരിലേക്കാഗതരായ സത്യപ്രബോധകരുടെ സവിശേഷതകള്‍ വിശദീകരിച്ച് അവരെ പിന്തുടര്‍ന്ന്, വിജയം വരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. എന്നാല്‍, അവര്‍ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. ധിക്കാര പൂര്‍വം അദ്ദേഹത്തിന്റെ അഭ്യര്‍ഥന നിരാകരിക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ രക്തസാക്ഷിത്വം വരിച്ച ആ സത്യപ്രബോധകന് സ്വര്‍ഗം നല്‍കി അനുഗ്രഹിച്ചതായി അല്ലാഹു അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മഗതം അല്ലാഹു തന്നെ അനാവരണം ചെയ്യുന്നു. ഇത്തിരി നേരം മുമ്പ് തന്നെ കൊന്ന ജനത്തോട് അദ്ദേഹത്തിന്റെ മനസ്സില്‍  അല്‍പം പോലും കാലുഷ്യമോ കോപമോ വെറുപ്പോ പ്രതികാര വാഞ്ഛയോ ഇല്ല. പകരം തനിക്ക് ലഭിച്ച ദിവ്യാനുഗ്രഹങ്ങള്‍ മനസ്സിലാക്കി അവര്‍ സത്യ മാര്‍ഗം സ്വീകരിച്ച് വിജയം വരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതും കാംക്ഷിച്ചതും. സത്യപ്രബോധന മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ച ആ വിശ്വാസി  തന്റെ  കൊലയാളികളോട്  പുലര്‍ത്തിയ ഗുണകാംക്ഷ അത്ഭുതകരമത്രേ. അദ്ദേഹം, തന്നെ കൊന്നതിന് അവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നോ നരകത്തില്‍ അവര്‍ പ്രവേശിക്കണമെന്നോ ആഗ്രഹിക്കുന്നില്ല. മറിച്ച്, തന്റെ മരണത്തില്‍ നിന്നെങ്കിലും പാഠമുള്‍ക്കൊണ്ട് സന്മാര്‍ഗം സ്വീകരിച്ച് സ്വര്‍ഗാവകാശികളാകട്ടെയെന്നാണ് കൊതിച്ചുകൊണ്ടിരുന്നത്. ഖുര്‍ആന്‍ ഈ സംഭവം ഇങ്ങനെ അനാവരണം ചെയ്യുന്നു: 'നീ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍. അഥവാ, എന്റെ നാഥന്‍ എനിക്കു മാപ്പേകിയതും എന്നെ ആദരണീയരിലുള്‍പ്പെടുത്തിയതും' (36:26,27).

സൗമ്യഭാഷണം
പ്രബോധന ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അഥവാ സമൂഹത്തിന് സത്യവും അസത്യവും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും, ശരിയും തെറ്റും, നന്മയും തിന്മയും വേര്‍തിരിച്ച് മനസ്സിലാവുകയും അങ്ങനെ ബോധപൂര്‍വം ധിക്കരിച്ച് നിഷേധികളാവുകയും ചെയ്യുന്നതു വരെ, മുഴുവന്‍ പ്രവാചകന്മാരും അവരോട് അതിരുകളില്ലാത്ത സ്‌നേഹവും ഒടുങ്ങാത്ത ഗുണകാംക്ഷയും പുലര്‍ത്തിയതായി ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. അവരോട് അല്‍പം പോലും വെറുപ്പോ അകല്‍ച്ചയോ അസഹിഷ്ണുതയോ കാണിച്ചിരുന്നില്ല. എല്ലാവരെയും സ്വന്തം ജനതയായും  സഹോദരന്മാരുമായാണ് കണ്ടിരുന്നത്.  തദനുസൃതമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. സത്യവും അസത്യവും കൃത്യമായി വേര്‍തിരിച്ചറിഞ്ഞ ശേഷം ബോധപൂര്‍വം ധിക്കരിക്കുകയും സത്യത്തെ നിഷേധിക്കുകയും ചെയ്തവരോട് മാത്രമേ മറിച്ചൊരു നിലപാട് സ്വീകരിച്ചിരുന്നുള്ളൂ.
ഹിജ്‌റ അഞ്ചാം വര്‍ഷം മക്കയിലുണ്ടായിരുന്നത് പ്രവാചകന്റെയും അനുയായികളുടെയും കൊടിയ ശത്രുക്കളായിരുന്നു. വിശ്വാസികള്‍ മക്കയിലായിരിക്കെ അവര്‍ക്കെതിരെ മനുഷ്യ സാധ്യമായ എല്ലാ ക്രൂരതകളും കാണിച്ചവര്‍, പരമാവധി പീഡനമേല്‍പ്പിച്ചവര്‍, സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാക്കിയവര്‍, നാടും വീടും വിട്ടിട്ടും സൈ്വരം കൊടുക്കാതെ അവരെ പിന്തുടര്‍ന്നവര്‍. പിന്നീട് മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായപ്പോള്‍ അതിന് നേതൃത്വം നല്‍കിയ പ്രവാചകനും ഇസ്‌ലാമിക സമൂഹത്തിനുമെതിരെ യുദ്ധം ചെയ്തവര്‍, പ്രവാചകന്റെ പോലും ശരീരത്തില്‍ മുറിവേല്‍പ്പിച്ചവര്‍, പ്രവാചകന്റെ പിതൃവ്യനുള്‍പ്പെടെ പ്രമുഖരായ പല സഖാക്കളെയും ക്രൂരമായി കൊലപ്പെടുത്തിയവര്‍.
എന്നിട്ടും മക്കയില്‍ കടുത്ത ക്ഷാമവും പട്ടിണിയും പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാചകന്‍ മദീനയിലെ വിശ്വാസികളില്‍ നിന്ന് ധാരാളം ധാന്യം ശേഖരിച്ച് മക്കയിലേക്ക് കൊടുത്തയക്കുകയാണുണ്ടായത്. ശത്രുക്കളുടെ നേതാവായിരുന്ന അബൂ സുഫ്‌യാനെയാണ് അത് ഏല്‍പിച്ചത്.
പ്രവാചകന്മാരുടെ പാത പിന്തുടരുന്ന പ്രബോധകന്മാരും ഇതേ സമീപനമാണ് സ്വീകരിക്കേണ്ടത്. അവരുടെ അകം നിറയെ, ദുര്‍മാര്‍ഗത്തില്‍ അകപ്പെട്ടുപോയ സഹോദരന്മാരോടുള്ള അതിരറ്റ സ്‌നേഹവും അകമഴിഞ്ഞ ഗുണകാംക്ഷയുമാണുണ്ടാവേണ്ടത്. അവരുടെ ഭാഷ എപ്പോഴും സ്‌നേഹത്തിന്റെതായിരിക്കണം. കേരളത്തിന്റെ പ്രഭാഷണ ഭാഷ പൊതുവേ പരുഷവും രൂക്ഷവും അക്രമാസക്തവുമായിക്കൊണ്ടിരിക്കുകയാണ്. വിശേഷിച്ചും സാമൂഹിക മാധ്യമങ്ങളില്‍. വെറുപ്പിന്റെ ഭാഷ അനുയായികളെ ആവേശം കൊള്ളിച്ചേക്കാം. അവരുടെ കൈയടി വാങ്ങാന്‍ സഹായിച്ചേക്കാം. എന്നാല്‍, സുമനസ്സുകളെ അതൊട്ടും സ്വാധീനിക്കുകയില്ല; നിഷ്പക്ഷമതികളില്‍ മതിപ്പുളവാക്കുകയില്ല. എതിരാളികളെ പ്രകോപിതരാക്കുകയല്ലാതെ അവരിലാരെയും  ആകര്‍ഷിക്കുകയോ അടുപ്പിക്കുകയോ അനുകൂലിയാക്കുകയോ ഇല്ല. നമ്മുടേതു പോലുള്ള ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസി സമൂഹം രോഷപ്രഘോഷണങ്ങള്‍ ഉപേക്ഷിക്കുക തന്നെ വേണം. പകരം സ്‌നേഹവും കാരുണ്യവും ഗുണകാംക്ഷയും കതിരിട്ട്  നില്‍ക്കുന്ന സൗമ്യ ഭാഷണങ്ങള്‍ സ്വീകരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. 
  94474 26247
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53