Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

അഭിപ്രായ ഭിന്നത  നിയമാനുസൃതവും ശപിക്കപ്പെട്ടതും

 ഡോ. യൂസുഫുല്‍ ഖറദാവി

പുതിയ കാലത്തെ ഇസ്‌ലാമിക ചലനങ്ങളോടും സംരംഭങ്ങളോടും വിദ്വേഷം പുലര്‍ത്തുന്നവരും അവയെ അട്ടിമറിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നവരും ബാഹ്യ ശത്രുക്കളായി ഉണ്ടാവുകയെന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. സത്യവും അസത്യവും തമ്മിലുള്ള, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ അത് തീര്‍ത്തും സ്വാഭാവികവുമാണ്. ആ ശത്രുത ദൈവിക നടപടിക്രമം പോലുമാണ്. ''നാം ഇതേപ്രകാരം എല്ലാ നബിമാര്‍ക്കും ധിക്കാരികളെ ശത്രുക്കളാക്കിയിട്ടുണ്ട്'' (അല്‍ഫുര്‍ഖാന്‍ 31). ''കഴിയുമെങ്കില്‍ നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത് വരെ അവര്‍ യുദ്ധം ചെയ്തുകൊണ്ടേയിരിക്കും'' (അല്‍ബഖറ 217). എന്നെ അത്ഭുതപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതും മനസ്സില്‍ ദുഃഖം നിറക്കുന്നതും, ഇസ്‌ലാമിന്റെ അകത്ത് തന്നെയുള്ളവര്‍ ശത്രുക്കളാകുന്നതും പരസ്പരം പടവെട്ടുന്നതുമാണ്; പരസ്പരം ചെളിവാരിയെറിയുന്നതും കുതന്ത്രങ്ങള്‍ മെനയുന്നതുമാണ്.
ഇസ്‌ലാമിക സമൂഹത്തില്‍ പല സംഘടനകളുണ്ടാവുക എന്നത് എന്നെ ഒട്ടും അസ്വസ്ഥനാക്കുന്നില്ല. ഇസ്‌ലാമിന് സേവനം ചെയ്യാന്‍ വിവിധ വിഭാഗങ്ങള്‍ക്കും സംഘടനകള്‍ക്കും വിവിധ രീതികള്‍ എന്ന നിലക്കേ അവയെ കാണേണ്ടതുള്ളൂ. ലക്ഷ്യങ്ങളും ക്രമീകരണങ്ങളും മാറുന്നതിനനുസരിച്ചാണ് സംഘടനകള്‍ രൂപം കൊള്ളുന്നത്. അവയുടെ പ്രവര്‍ത്തന രീതികളും വ്യത്യസ്തമായിരിക്കും. ഇസ്‌ലാമിന് വേണ്ടി സേവനം ചെയ്യുന്നവരെല്ലാം ഒരൊറ്റ സംഘടനയില്‍, ഒരൊറ്റ നേതാവിന് കീഴില്‍ അണിനിരക്കണം എന്ന് സംഭവ യാഥാര്‍ഥ്യങ്ങളൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ച് ആഹ്വാനം ചെയ്യുന്ന ഒരാളല്ല ഞാന്‍. അതിന് തടസ്സമായി നില്‍ക്കുന്ന വിഘ്‌നങ്ങളെയൊക്കെയും ഞാന്‍ കാണുന്നുണ്ട്. ആശിക്കാനാവാത്തത് ആശിക്കുക മാത്രമാണത്. ഇസ്‌ലാമിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പല സംഘങ്ങളോ സംഘടനകളോ ഉണ്ടാകുന്നതിന് ഒരു വിരോധവുമില്ലെന്ന് ഞാന്‍ നിരവധി പഠനങ്ങളിലായി സമര്‍ഥിച്ചിട്ടുണ്ട്. പക്ഷേ ആ ബഹുത്വം, ഓരോ സംഘടനയും ഓരോരോ മേഖലയില്‍ സവിശേഷം ഊന്നി പ്രവര്‍ത്തിക്കാന്‍ വേണ്ടിയാവണം. അപ്പോള്‍ വൈരുധ്യമോ ഏറ്റുമുട്ടലോ ഉണ്ടാകില്ല. ഒത്തൊരുമയോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കാനാവും. ഓരോ സംഘടനയും മറ്റേ സംഘടനയുടെ പൂരകമായി വര്‍ത്തിക്കും. അവര്‍ പരസ്പരം ശക്തിപ്പെടുത്തും. സമുദായത്തെയും അതിന്റെ ഭാവിയെയും ബാധിക്കുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ ഒരൊറ്റ അണിയായി ഒന്നിച്ചു നില്‍ക്കും.
പക്ഷേ ഹൃദയവേദനയുണ്ടാക്കുന്ന കാര്യം, ഇസ്‌ലാമിക പ്രബോധകരായി രംഗത്തുള്ള ചിലര്‍ ഇക്കാര്യം വേണ്ട പോലെ മനസ്സിലാക്കുന്നില്ല എന്നതാണ്. എവിടെയൊക്കെ വിഭാഗീയതയുടെ വിത്തിടാം എന്നാണവര്‍ നോക്കുന്നത്. അഭിപ്രായ ഭിന്നത ഊതിക്കത്തിച്ച് അവര്‍ വെറുപ്പും ശത്രുതയും വളര്‍ത്തുന്നു. അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളാണ് അവര്‍ എപ്പോഴും ഊന്നിപ്പറയുക. അഭിപ്രായൈക്യമുള്ള പോയിന്റുകളിലേക്ക് പോവുകയില്ല. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കപ്പുറം മറ്റൊന്നുമില്ല എന്നവര്‍ മൂഢമായി ധരിച്ചുവെച്ചിരിക്കുന്നു. സകല വിശുദ്ധിയും അവര്‍ കല്‍പിച്ചു നല്‍കുന്നത് തങ്ങള്‍ക്കും തങ്ങളുടെ സംഘടനക്കും മാത്രം. മറ്റുള്ള സംഘടനകളെയൊക്കെ ആരോപണങ്ങള്‍ കൊണ്ട് പൊതിയുന്നു.
സത്യമെന്തെന്നാല്‍, അഭിപ്രായ ഭിന്നത ഒരു അപകടമല്ല; പ്രത്യേകിച്ച് അത് ശാഖാപരമായ വിഷയങ്ങളിലാകുമ്പോള്‍. മൗലിക കാര്യങ്ങളില്‍ പെടാത്ത ചില തത്ത്വങ്ങളു(ഉസ്വൂല്‍)ടെ കാര്യത്തിലും ഭിന്നത അപകടമുണ്ടാക്കുന്നില്ല. ഭിന്നത വിഭാഗീയതയും ശത്രുതയുമായി മാറുമ്പോഴാണ്, അത് അല്ലാഹുവും അവന്റെ ദൂതനും മുന്നറിയിപ്പ് നല്‍കിയ തിന്മയായി മാറുക. അതിനാല്‍, ഇസ്‌ലാമിക പ്രബോധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ സംഘടനയും 'വിയോജിപ്പിന്റെ സംസ്‌കാരം' (അദബുല്‍ ഇഖ്തിലാഫ്) ആഴത്തില്‍ അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടത് വളരെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.

അഞ്ച് മൗലിക തത്ത്വങ്ങള്‍
ഈയൊരു അവബോധം വളര്‍ത്തിയെടുക്കാന്‍ നാം അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധയൂന്നണം. ഒന്ന്: ശരീഅത്തിലെ ഓരോ നിയമത്തിനും സമുന്നതമായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ (ഫിഖ്ഹുല്‍ മഖാസ്വിദ് എന്ന പഠനശാഖ) ഉണ്ട്. അവ അവയുടെ സാകല്യത്തില്‍ (കുല്ലിയ്യാത്ത്) മനസ്സിലാക്കണം. ഭാഗികമായ (ജുസ്ഇയ്യാത്ത്) വായന അപകടം ചെയ്യും. ഇമാം ശാത്വിബിയുടെ അല്‍ മുവാഫഖാത്ത് എന്ന കൃതിയില്‍ ഊന്നിപ്പറയുന്നത് ഇക്കാര്യമാണ്. രണ്ട്: മുന്‍ഗണനകള്‍ (ഔലവിയ്യാത്ത്) കൃത്യമായി ക്രമീകരിക്കണം. സ്ഥലവും കാലവും സന്ദര്‍ഭവുമൊക്കെ നോക്കി ഏതൊക്കെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം എന്ന് വീണ്ടുവിചാരം നടത്തണം. മൂന്ന്: സാമൂഹിക മാറ്റത്തെക്കുറിച്ച് ദൈവികമായ പ്രാപഞ്ചിക നിയമസംഹിത (ഫിഖ്ഹുസ്സുനന്‍)  ഉണ്ട്. അത് ആഴത്തില്‍ പഠിച്ചുകൊണ്ടാവണം നിലപാടുകള്‍ സ്വീകരിക്കുന്നത്. നാല്: ഒരു നിലപാടെടുക്കുമ്പോള്‍, പ്രവര്‍ത്തന രീതി സ്വീകരിക്കുമ്പോള്‍ ഉണ്ടാകാവുന്ന ധനാത്മകവും നിഷേധാത്മകവുമായ വശങ്ങള്‍ കണക്കിലെടുത്തും വിശകലനം ചെയ്തും (മുവാസന) ആയിരിക്കണം മുന്നോട്ട് പോക്ക്. ഫലം അത്ഭുതകരമായിരിക്കും. അഞ്ച്: നാം ചര്‍ച്ച ചെയ്യുന്ന വിഷയമാണത്. അതായത്, അഭിപ്രായ ഭിന്നതയുടെ രീതിയും സ്വഭാവവും. റസൂല്‍ (സ), 'മികച്ച നൂറ്റാണ്ടുകള്‍' എന്ന് വിശേഷിപ്പിച്ച കാലത്ത് അവിടുത്തെ അനുയായികളും അവരുടെ അനുയായികളും അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ സ്വീകരിച്ച കൃത്യമായ നിലപാടുകളുണ്ട്. അവ വിശാലവും ഉദാരവുമായിരുന്നു. അവര്‍ക്കിടയിലെ ഭിന്നതകള്‍ അവരുടെ വൈജ്ഞാനിക മുന്നേറ്റത്തിന് ഒരു തടസ്സവുമുണ്ടാക്കിയിട്ടില്ല. നമ്മള്‍ വിവരദോഷികളായതു കൊണ്ട് ഭിന്നതകളെ പരസ്പരം പടവെട്ടാനുള്ള ആയുധമാക്കുന്നു. നിസ്സാര കാരണം മതി വാളെടുക്കാന്‍. കാരണമില്ലാതെയും വാളെടുക്കുന്നു ചിലര്‍!

ഭിന്നിപ്പിന്റെ ഇനങ്ങള്‍, കാരണങ്ങള്‍
ഭിന്നതകളെ അവയുടെ കാരണങ്ങളും അടിവേരുകളും നോക്കി പല ഇനങ്ങളായി തിരിക്കാമെങ്കിലും മൊത്തത്തില്‍ അവ രണ്ടിനമാണ്. ഒന്ന്: സ്വഭാവപരമായ കാരണങ്ങളാലുള്ള ഭിന്നത. രണ്ട്: ചിന്താപരമായ കാരണങ്ങളാലുള്ള ഭിന്നത. ഇതില്‍ സ്വഭാവപരമായ ഭിന്നതകളെക്കുറിച്ച് പണ്ഡിതന്മാരും ആത്മീയ ഗുരുക്കന്മാരും ധാരാളമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വ്യക്തികളുടെയോ സംഘങ്ങളുടെയോ സ്വഭാവപരമായ രീതികളാണ് അതിന് വഴിവെക്കുക. അവ ഇങ്ങനെ സംഗ്രഹിക്കാം:
എ) ആത്മവഞ്ചനയില്‍ കുടുങ്ങി, താന്‍/തങ്ങള്‍ പറയുന്നത് തന്നെ അവസാന വാക്കെന്ന് കരുതുക. ബി) മറ്റുള്ളവരെ സംബന്ധിച്ച് ചീത്ത വിചാരങ്ങളും ഊഹങ്ങളും വെച്ചു പുലര്‍ത്തുക. തെളിവൊന്നുമില്ലാതെ അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കുക. സി) ഇഷ്ടം സ്വന്തത്തോടാവുകയും ദേഹേഛകളെ പിന്‍പറ്റുകയും ചെയ്യുക. അധികാരവും നേതൃപദവിയും സ്ഥാനമാനങ്ങളും മോഹിക്കുക ഇതിന്റെ അടയാളമാകുന്നു. ഡി) വ്യക്തികളുടെയോ സംഘങ്ങളുടെയോ മദ്ഹബുകളുടെയോ വാക്കുകളില്‍ കടുംപിടിത്തം പിടിക്കുക. ഇ) ഒരു നാടിനോടോ ഭൂപ്രദേശത്തോടോ പാര്‍ട്ടിയോടോ സംഘത്തോടോ നേതാവിനോടോ ഉള്ള അന്ധമായ പക്ഷപാതിത്വം.
ഇവയെല്ലാം സ്വഭാവപരമായ അധാര്‍മികതകളാണ്. ആത്മീയ ഗുരുക്കന്മാര്‍ അവയെ സര്‍വനാശിനികള്‍ (മുഹ്‌ലികാത്ത്) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്വഭാവ വ്യതിയാനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഇസ്‌ലാമിക പ്രബോധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയും മനസ്സറിഞ്ഞ് ശ്രമിച്ചേ മതിയാവൂ. ഈ ദുഃസ്വഭാവങ്ങള്‍ക്ക് വഴിപ്പെട്ടുപോയാല്‍ പിശാചിന്റെ കൈകളില്‍ നമ്മുടെ കടിഞ്ഞാണ്‍ കൊടുക്കുന്നതിന് തുല്യമായിരിക്കും അത്. ഇതെല്ലാം അങ്ങേയറ്റം നാശഹേതുകവും ഒഴിവാക്കപ്പെടേണ്ടതുമാണ്. ഇസ്‌ലാമില്‍ പ്രശംസിക്കപ്പെടുന്ന അഭിപ്രായ ഭിന്നത ഇതല്ല എന്ന് ആദ്യം മനസ്സിലാക്കുക. ഇതൊക്കെയും ശപിക്കപ്പെട്ട ഭിന്നതയുടെ/വിഭാഗീയതയുടെ ചതുപ്പ് നിലങ്ങളാണ്.

ചിന്താപരമായ കാരണങ്ങള്‍
ചിന്താപരമായ കാരണങ്ങളാലും ഭിന്നതയുണ്ടാകും. ഒരു വിഷയത്തില്‍ തന്നെ പല കാഴ്ചപ്പാടുകള്‍ ഉണ്ടാവുമല്ലോ. അത് ചിലപ്പോള്‍ വൈജ്ഞാനിക വിഷയങ്ങളിലായിരിക്കും; അല്ലെങ്കില്‍ ശരീഅത്തിലെ ശാഖാപരമായ വിഷയങ്ങളില്‍. മൗലിക തത്ത്വങ്ങളല്ലാത്ത വേറെ വിഷയങ്ങളിലുമാകാം. രാഷ്ട്രീയ നിലപാടെടുക്കുമ്പോഴും വ്യത്യസ്ത വീക്ഷണങ്ങള്‍ ഉയര്‍ന്നുവരും. സമകാലിക വിഷയങ്ങളില്‍ കൂടുതല്‍ ഉദ്ബുദ്ധമായ ഒരു സംഘവും അത്ര ഉദ്ബുദ്ധമല്ലാത്ത മറ്റൊരു സംഘവും എടുക്കുന്ന നിലാപാടുകളില്‍ അക്കാരണം കൊണ്ട് തന്നെ ഭിന്നതയുണ്ടാകും. പിന്നെ ഓരോ വിഭാഗവും പ്രതിനിധാനം ചെയ്യുന്ന ചിന്താധാരകള്‍, അവര്‍ ജീവിക്കുന്ന നാട്, സാമൂഹിക സ്ഥിതികള്‍- ഇതെല്ലാം ഭിന്ന നിലപാടുകളെടുക്കാന്‍ കാരണമായിത്തീരും.
ഇസ്‌ലാമിക സംഘടനകളുടെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ തന്നെ ഇതിന് നല്ല ഉദാഹരണമാണല്ലോ. തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കേണ്ടതുണ്ടോ, ഇസ്‌ലാമിക വിധികള്‍ നടപ്പാക്കുന്നതില്‍ താല്‍പര്യമില്ലാത്ത കക്ഷികളുമായി ഭരണ പങ്കാളിത്തം ആകാമോ, ഒരു ഫാഷിസ്റ്റ്, ഏകാധിപത്യ ഭരണകൂടത്തെ താഴെയിറക്കാന്‍ ഇസ്‌ലാമിക വൃത്തത്തിന് പുറത്തുള്ള സംഘടനകളുമായി രാഷ്ട്രീയ സഖ്യമാകാമോ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഭിന്ന നിലപാടുകള്‍ സ്വീകരിക്കുന്നവയാണ് മുസ്‌ലിം ലോകത്തെ സംഘടനകള്‍. ചില നിലപാടുകള്‍ കേവലം രാഷ്ട്രീയമായിരിക്കും; ഗുണവും ദോഷവും കണക്കിലെടുത്തുകൊണ്ടാവും മറ്റു ചില നിലപാടുകള്‍. ഫിഖ്ഹീ സംജ്ഞകള്‍ ഉപയോഗിച്ച് അനുവദനീയം അല്ലെങ്കില്‍ നിഷിദ്ധം എന്നിങ്ങനെ വിധിപ്രസ്താവം നടത്തുന്നവരുമുണ്ടാകും. പരിഷ്‌കരണം/ ഇസ്വ്‌ലാഹ് എങ്ങനെ എന്ന് ചോദ്യമുയരുമ്പോഴും ഭിന്ന വീക്ഷണങ്ങള്‍ ഉയര്‍ന്നുവരുന്നതു കാണാം. സൈനിക അട്ടിമറി പോലുള്ളത് നടത്തുകയാണോ വേണ്ടത്? രാഷ്ട്രീയ പോരാട്ടത്തിലൂടെ ക്രമപ്രവൃദ്ധമായി മാറ്റം കൊണ്ടുവരികയാണോ വേണ്ടത്? ജനങ്ങളുടെ ധാര്‍മികവും സംസ്‌കരണപരവുമായ വശങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുകയല്ലേ വേണ്ടത്? ഇങ്ങനെ വിവിധ വീക്ഷണങ്ങള്‍. ഒരൊറ്റ സംഘടന മതിയോ, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ വിവിധ സംഘടനകളല്ലേ നല്ലത്?  ഭിന്നാഭിപ്രായമുള്ള മറ്റൊരു മേഖല.
വൈജ്ഞാനിക മേഖലയിലേക്ക് കടന്നാല്‍ ഇല്‍മുല്‍ കലാം, സ്വൂഫിസം, തത്ത്വചിന്ത, മന്‍ത്വിഖ്, മദ്ഹബ് തുടങ്ങിയ ശാഖകളോടുള്ള നിലപാടുകളിലും ഭിന്നത കാണാനാവും. ചിലര്‍ ഈ പഠനശാഖകള്‍ക്കു വേണ്ടി തീവ്രമായി വാദിക്കുന്നവരാവും; ചിലര്‍ അവയെ മൊത്തമായി തള്ളിക്കളയുന്നവരും. അവയില്‍ സ്വീകരിക്കാവുന്നവ സ്വീകരിക്കാം എന്ന മധ്യമ നിലപാടെടുക്കുന്നവരെയും കാണാം. ചരിത്ര സംഭവങ്ങളെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ടാവാം.  ഉദാഹരണത്തിന്, ഖാലിദുബ്‌നുല്‍ വലീദിനെ സൈന്യാധിപസ്ഥാനത്ത് നിന്ന് നീക്കിയ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ നടപടി. അല്ലെങ്കില്‍ മൂന്നാം ഖലീഫ ഉസ്മാന്‍, ഇബ്‌നു മസ്ഊദിനോടും അബൂദര്‍റിനോടും സ്വീകരിച്ച നിലപാട്. നാലാം ഖലീഫ അലിയുമായി ആഇശ, സുബൈര്‍, ത്വല്‍ഹ തുടങ്ങിയ പ്രമുഖ സ്വഹാബിമാര്‍ക്കുണ്ടായിരുന്ന വിയോജിപ്പിന്റെ കാര്യത്തിലും ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നവരുണ്ട്. ചരിത്ര വ്യക്തിത്വങ്ങളുടെ കാര്യത്തിലും ഇത് ശരിയാണ്. അബൂഹാമിദില്‍ ഗസാലി, അബുല്‍ അബ്ബാസ് ഇബ്‌നു തൈമിയ്യ, മുഹ്‌യിദ്ദീനിബ്‌നു അറബി എന്നിവരെക്കുറിച്ച് ധാരാളം ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. ഏറ്റവും കൂടുതല്‍ ഭിന്നതകള്‍ കാണുക ഫിഖ്ഹീ വിഷയങ്ങളില്‍ തന്നെയാകും.
പ്രബോധന മേഖലയില്‍ വ്യാപൃതരാവുന്നവര്‍ വിവിധ കൂട്ടായ്മകളെ ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. വിഭാഗീയതകളെ അകറ്റിനിര്‍ത്തണം. ഐക്യത്തെ തകര്‍ക്കുന്ന സംസാരങ്ങള്‍ ഒഴിവാക്കണം. ശത്രുത പ്രകടിപ്പിക്കാനോ ഉള്ളില്‍ വെറുപ്പ് സൂക്ഷിക്കാനോ പാടില്ല. ഈ ഐക്യത്തിനും ചേര്‍ന്നുനില്‍പിനും ഖുര്‍ആന്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത് (ആലു ഇംറാന്‍ 100-107). 
(അസ്സ്വഹ്‌വതുല്‍ ഇസ്‌ലാമിയ്യ ബൈനല്‍ ഇഖ്തിലാഫില്‍ മശ്‌റൂഅ് വത്തഫര്‍റുഖില്‍ മദ്മൂം എന്ന കൃതിയില്‍നിന്ന്).
 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53