Prabodhanm Weekly

Pages

Search

2022 നവംബര്‍ 18

3277

1444 റബീഉല്‍ ആഖിര്‍ 23

അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായും പ്രാമാണികമായും തുറന്നു കാണിക്കണം

അബൂ സുഹൈല്‍, കുറ്റ്യാടി

'ബ്ലാക് മാജിക്കും മനുഷ്യ ബലിയും' (ലക്കം 23) എന്ന എ. അബു കുന്ദംകുളത്തിന്റെ ലേഖനം തികച്ചും കാലിക പ്രസക്തിയുള്ളതു തന്നെ. എന്നാല്‍, വിഷയത്തിന്റെ താത്ത്വികവും ചരിത്രപരവുമായ വിശകലനത്തിനപ്പുറത്തേക്കു കൂടി വെളിച്ചം വീശേണ്ടതായിരുന്നു. സാധാരണ പൊതു സമൂഹത്തിനു കൂടി എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ആഴത്തിലുള്ള പഠനം നടത്തി അവതരിപ്പിക്കേണ്ട വിഷയമാണിത്. ഉറുക്കിനും തകിടിനും മന്ത്രത്തിനും പിറകെ പോകുന്നവരുടെ എണ്ണം ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രോഗ വിമുക്തി തേടി വിദഗ്ധരായ ഭിഷഗ്വരന്മാരുടെ അടുത്തു മാറി മാറി പോയിട്ടും ശമനം കിട്ടാതെ വരുമ്പോഴാണ് എങ്ങനെയെങ്കിലും ഇതൊന്നു മാറിക്കിട്ടിയാല്‍ മതിയെന്ന ചിന്ത ഉടലെടുക്കുന്നതും മറ്റു മാര്‍ഗങ്ങള്‍ തേടുന്നതും. ഈ പഴുതിലാണ് തക്കം പാര്‍ത്തിരിക്കുന്ന ആള്‍ ഏറ്റവും അടുത്ത ഗുണകാംക്ഷിയായി രംഗപ്രവേശം നടത്തുക. അങ്ങനെ ഇതും കൂടി ഒന്നു പരീക്ഷിച്ചുകളയാം എന്നു തീരുമാനിക്കുന്നു.
സിദ്ധന്‍മാരുടെയും മാരണക്കാരുടെയും അടുത്തു പോകുന്നവരില്‍ ഉല്‍പതിഷ്ണു വിഭാഗത്തിലെ ചിലരെങ്കിലും പെട്ടുപോകുന്നു എന്നത് ഗൗരവത്തില്‍ കാണണം. അത്തരം വിശ്വാസങ്ങളുടെ അടിവേരറുക്കുന്ന ശാസ്ത്രീയവും പ്രാമാണികവുമായ ലേഖനങ്ങള്‍ സോദാഹരണം പ്രബോധനത്തില്‍ പ്രതീക്ഷിക്കുന്നു. എങ്കിലേ സമൂഹ ശരീരത്തില്‍ പടര്‍ന്നുകയറുന്ന ഈ വൈറസിനെ പ്രതിരോധിക്കാനാവൂ.
കൈവിരലുകള്‍ പഴുത്തു അസ്ഥി പുറത്തു കാണുന്ന രോഗി നഗരത്തിലുള്ള ത്വക്‌രോഗ വിദഗ്ധരെ മാസങ്ങളോളം കാണിച്ചു ചികിത്സിച്ചിട്ടും മാറാതെ വന്നപ്പോഴാണ് അടുത്ത ബന്ധുവിന്റെ നിര്‍ദേശ പ്രകാരം തൊട്ടടുത്തുള്ള മന്ത്രവാദിയുടെ അടുത്തു ചികിത്സ തേടിയതും അതിശയിപ്പിക്കുന്ന വേഗത്തില്‍ ആഴ്ചക്കകം തന്നെ കൈവിരലുകള്‍ പൂര്‍വ സ്ഥിതിയിലായതും; മറ്റൊരാള്‍, വയറിന് അസുഖം ബാധിച്ച് പല ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുകളെയും സമീപിച്ചു ഫലം കിട്ടാതായപ്പോള്‍, ഒരു പുരോഹിതന്‍ നല്‍കിയ മരുന്ന് കഴിച്ച് വിഷം ഛര്‍ദിയിലൂടെ പുറത്തേക്ക് പോയി രോഗം ഭേദമായെന്നും തുടങ്ങിയ കള്ളക്കഥകള്‍ സാധാരണക്കാരില്‍ വിശ്വാസം ജനിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയാണ്.
ഇത്തരം അന്ധവിശ്വാസങ്ങളെ ഖുര്‍ആന്റെയും ഹദീസിന്റെയും മനശ്ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ പ്രബോധനത്തിലൂടെ വായനക്കാരില്‍ എത്തിക്കുകയാണെങ്കില്‍ അതു നല്ലൊരു മുതല്‍ക്കൂട്ടായിരിക്കും. സിഹ്‌റിന്റെ വിഷയത്തില്‍ മര്‍ഹൂം ടി. മുഹമ്മദ് സാഹിബ് എഴുതിയ അതേ പേരിലുള്ള ഒരു കൊച്ചു പുസ്തകം മാത്രമേ എന്റെ അറിവില്‍ ഐ.പി.എച്ച് ഗ്രന്ഥശേഖരത്തിലുള്ളൂ. 

 

അറബി വാക്കുകള്‍ മലയാളത്തില്‍ എഴുതണോ?

കെ.ടി അബ്ദുല്ല, ചേന്ദമംഗല്ലൂര്‍

പ്രബോധനത്തിലെ ചില ലേഖനങ്ങളില്‍ വരുന്ന അറബി വാക്കുകളും ആയത്തുകളും മലയാള ലിപിയില്‍ തന്നെ അച്ചടിക്കുന്നത് വളരെ അരോചകമായി തോന്നുന്നു. അറബി ഭാഷ അറിയാത്തവര്‍ക്ക് അവ വായിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം? ഭാഷ വശമുള്ളവര്‍ക്കാണെങ്കില്‍ അറബി ലിപിയില്‍ തന്നെ വായിക്കുന്നതല്ലേ സുഖം? ലക്കം 3275-ല്‍ വന്ന അബ്ദുല്ലത്വീഫ് കൊടുവള്ളിയുടെ ലേഖനം വായിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇതെഴുതാന്‍ പ്രേരകം. 

 

ശിര്‍ക്കിനെകരുതിയിരിക്കുക

അബ്ദുല്‍ മാലിക് മുടിക്കല്‍

കേരളത്തിലെ ചില മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമായി തൗഹീദിന് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്. അല്ലാഹുവിന്റെ അസ്തിത്വത്തില്‍ പങ്ക് ചേര്‍ത്ത് മണ്‍മറഞ്ഞ മനുഷ്യരെ വിളിച്ചുപ്രാര്‍ഥിക്കുകയും, അത് മുസ്ലിം സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവരിലൂടെ മാത്രമേ മോക്ഷം ഉണ്ടാവുകയുള്ളൂവെന്ന് പറഞ്ഞു പഠിപ്പിക്കുന്നു. ലോകം നിയന്ത്രിക്കുന്നതു മാത്രമല്ല, ലോകത്തിന്റെ കടിഞ്ഞാണ്‍ തന്നെ ഈ മഹാന്റെ കൈയിലാണെന്ന് പ്രചരിപ്പിച്ചു മുസ്ലിം സമൂഹത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു.
അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ് ഇതെന്ന് അറിഞ്ഞിട്ടും ഈ ശിര്‍ക്കന്‍ പാതയില്‍ തന്നെ ഇത്തരക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ഏത് പാപവും പൊറുക്കുന്ന അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണ് അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍. ശിര്‍ക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇത്തരക്കാരുടെ വലയത്തില്‍ ആളുകള്‍ ചെന്നു പെടാതെ മുസ്ലിം സമൂഹത്തെ സംരക്ഷിച്ചുനിര്‍ത്തലും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഇതര പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയും ബാധ്യതയാണ്. 

Comments

Other Post

ഹദീസ്‌

സ്വര്‍ഗം ഉറപ്പാക്കിയ പത്താളുകള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 49-53