Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

മാനവികതാവാദം: പേരിലെ ചതിക്കുഴികള്‍

സഈദ് പൂനൂര്‍

പ്രതികരണം /

സര്‍വ മനുഷ്യരും ഒരേ രീതിയില്‍ അന്തസ്സോടെ പരിഗണിക്കപ്പെടാന്‍ അര്‍ഹരെന്ന് കരുതുന്ന ആശയമായാണ് ഹ്യൂമനിസത്തെ പരിചയപ്പെടുത്താറുള്ളത്. പക്ഷേ, എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം, മനുഷ്യന്‍ എന്ന സ്വത്വരൂപത്തിന് നല്‍കുന്ന ആദരവല്ല ആശയപരമായി ഹ്യൂമനിസം മുന്നോട്ടു വെക്കുന്ന മാനവികത. അത് അമാനുഷിക നിയമങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്നു. ശാസ്ത്രമാത്രവാദം എന്ന പദാര്‍ഥ ബന്ധിത പ്രാപഞ്ചിക വീക്ഷണം (സയന്റിസം) ആണ് ഇവരുടെ മതം. 'മേലാളന്മാരുടെ ഉന്നമനത്തിനു വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിത ദൗത്യം' എന്ന് പറഞ്ഞ ഫ്രഡ്‌റിക് നീഷേയും, 'സവര്‍ണ മേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല' എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും, 'സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസ്പ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ്' എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവെക്കുന്ന വംശീയത മണക്കുന്ന നിരീശ്വരത്വമാണ്  ഹ്യൂമനിസത്തിന്റെ അടിത്തറ. 'മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല' എന്ന ബെര്‍ട്രാന്‍ഡ് റസ്സലിനെ പോലുള്ളവരുടെ ആത്മനിരാസ വാദം കൂടി ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് മാനവികതാവാദവും അത് പ്രമോട്ട് ചെയ്യുന്ന നവനാസ്തികതയും.
അവരെ സംബന്ധിച്ചേടത്തോളം ഉദാര ലൈംഗികത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്. അപ്പോള്‍ ഘഏആഠഝകഅ+ ക്കാര്‍ക്കു വേണ്ടി ശബ്ദിക്കേണ്ടത് ഹ്യൂമനിസത്തിന്റെ ഭാഗമാവും. എന്നാല്‍, സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നാക്കക്കാര്‍ക്ക് വേണ്ടിയോ, അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല. അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും, നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് Utilitarianism പ്രകാരം അവരുടെ നിലപാട്.
എന്നാലും ഇടതുപക്ഷ/കമ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കില്‍ കീഴാള മതാതീത ചിന്തയെക്കാള്‍ മുസ്ലിം വിരുദ്ധമായത്, ബ്രാഹ്മണിക്കല്‍ ഹെജിമണിയെ ശാസ്ത്രീയമായി പ്രകൃതിപരമാക്കാന്‍ വളഞ്ഞു വലയം പിടിക്കുന്ന സവര്‍ണ യുക്തിവാദം തന്നെയാണ്. മുസ്ലിം ആധിപത്യം ലോകത്ത് നിന്ന് ഇല്ലാതാക്കാന്‍, പെട്രോള്‍ രഹിത മോട്ടോര്‍ എന്‍ജിനീയറിംഗ് വികസിപ്പിക്കണം എന്നു പറയാന്‍ പുസ്തകം തന്നെ എഴുതിയ മുസ്ലിം വിരോധിയായ ഹിച്ചണ്‍സിനെ മാതൃകയാക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്തുമാത്രം ഭീകരമായിരിക്കും! അവരുടെ സോ കോള്‍ഡ് മാനവികത എത്രമേല്‍ മാനുഷികമായിരിക്കും?!
ഹ്യൂമാനിറ്റേറിയന്‍ (Humanitarian) എന്ന വിവക്ഷയില്‍ 'മാനവികം' എന്ന പദം മതസാഹിത്യങ്ങളില്‍ പൊതുവേ മനുഷ്യത്വം എന്ന അര്‍ഥത്തിലാണ് പ്രയോഗിക്കാറുള്ളത്. പക്ഷേ, യുക്തിവാദമടക്കമുള്ള മതരഹിത വ്യവഹാരങ്ങളില്‍ അതിന് 'മനുഷ്യകേന്ദ്രിതം' എന്നാണര്‍ഥം. ആധുനിക സൈദ്ധാന്തിക പരിസരത്ത് ദൈവനിഷേധപരമായ ഒരു സാങ്കേതിക പദമായിട്ടാണ് 'ഹ്യൂമനിസം' ചര്‍ച്ചകള്‍ക്ക് വിധേയമാകാറുള്ളത്.
മതനിരാസകര്‍ അസ്ഥാനത്ത് പ്രമോട്ട് ചെയ്യുന്ന ഇത്തരം ഭൗതിക ആശയധാരകള്‍ അടിസ്ഥാനപരമായി തന്നെ നിരര്‍ഥകമാണ്. അവ അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് വസ്തുതാപരമായി തെളിയിക്കപ്പെട്ടതുമാണ്.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക സാമൂഹിക വിശകലന ഏജന്‍സിയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍. അതിന്റെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് വിശ്വാസപരമായി അഞ്ചിനം സമൂഹങ്ങളാണുള്ളത്: ആകെ ജനസംഖ്യയുടെ 84 ശതമാനം മതവിശ്വാസികളാണ്. വിശ്വാസികള്‍ എന്ന പൊതുഗാത്രത്തില്‍ വരുന്ന ഈ വിഭാഗം ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നവരും ഇതര മതങ്ങള്‍ ശരിയല്ല എന്ന് ധരിക്കുന്നവരുമാണ്. 15 ശതമാനം ആളുകള്‍ നിര്‍മത സമൂഹമോ നാസ്തികരോ ആണ്. നിര്‍മതത്വം എന്നാല്‍ മതവിശ്വാസത്തോടും വിശ്വാസരാഹിത്യത്തോടും സമദൂരത്തില്‍ അകലം പാലിക്കുന്ന സമീപനമാണ്. മത വിരുദ്ധവും നിരാസ്തിക്യപൂര്‍ണവുമായ പ്രത്യയശാസ്ത്രമാണ് നാസ്തികത. ഇവരൊന്നുമല്ലാത്ത, ഒരു ശതമാനത്തില്‍ താഴെ വരുന്നവരാണ് സര്‍വ മതസത്യവാദികള്‍. എല്ലാ മതങ്ങളും സത്യമാണെന്നും ശാശ്വതമായ സത്യത്തിലേക്കും ജീവിത മോക്ഷത്തിലേക്കുമുള്ള വ്യത്യസ്തമായ കൈവഴികളാണ് ഭിന്ന മതധാരകളെന്നുമാണ് അവര്‍ ആത്യന്തികമായി പറയുന്നത്.
നവനാസ്തികരാണ് മാനവികതയുടെ ലേബലില്‍ ആശയപ്രചാരണങ്ങളില്‍ മുമ്പില്‍. എന്നാല്‍ സെക്യുലര്‍ ഹ്യൂമനിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന, പ്രഫസര്‍ പോള്‍ കെട്സ് പറയുന്നതിങ്ങനെയാണ്: ''ഞാന്‍ നവനാസ്തികരെ നാസ്തിക മൗലികവാദികള്‍ ആയാണ് കാണുന്നത്. നാസ്തികര്‍ ആയിരിക്കുമ്പോഴും, നിര്‍ഭാഗ്യവശാല്‍ അവര്‍ മനുഷ്യപ്പറ്റില്ലാത്തവരാണ്. അവരുടെ സായുധ നിരീശ്വരവാദം (militant atheism) കൊണ്ട് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാവുക.''
മതത്തിന് അതീതമായി മനുഷ്യനെ മനുഷ്യനായി കാണൂ എന്നത് ഹ്യൂമനിസ്റ്റുകള്‍ മഹത് വാക്യമായി ഹൈലൈറ്റ് ചെയ്യാറുണ്ട്. മതമുപേക്ഷിക്കൂ, മനുഷ്യനാകൂ എന്നത് പ്രത്യക്ഷത്തില്‍ പുരോഗമന മാനവികതയായൊക്കെ തോന്നാമെങ്കിലും ശുദ്ധ അസംബന്ധമാണത്. മതത്തിന്റെ മൂല്യങ്ങളെടുത്ത് (Values and Ethics) മതത്തെ തന്നെ ആക്രമിക്കുന്ന വൈരുധ്യാത്മകതയുള്ള പുരോഗമനമാണത്. മതഗ്രന്ഥങ്ങള്‍ക്ക് പകരം ഹ്യൂഗോയുടെ പാവങ്ങള്‍, ടാഗോറിന്റെ ഗീതാഞ്ജലി, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, ശ്രീ നാരായണഗുരുവിന്റെ ആത്മോപദേശശതകം, കുമാരനാശാന്റെ വീണപൂവ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ കൂടുതല്‍ വെളിച്ചമുണ്ടാകുമെന്ന ആശയത്തിന് വിവിധങ്ങളായ അര്‍ഥ തലങ്ങളുണ്ട്.
മനുഷ്യന് ഔന്നത്യവും മഹത്വവും ഉണ്ടെന്നത് ഒരു മതമൂല്യമാണ്. ആദം സന്തതികളെ അല്ലാഹു ആദരിച്ചിരിക്കുന്നു എന്നത് മനുഷ്യന്റെ മഹത്വവും മതമൂല്യവുമാണ്. മതത്തിന് പുറത്ത് നാസ്തിക സൈദ്ധാന്തിക തലങ്ങളില്‍ പക്ഷേ, ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായി പരിണമിച്ച മറ്റൊരു ജീവിവര്‍ഗം എന്നതിലപ്പുറം ഒരു മഹത്വവും മനുഷ്യനില്ല!  മൃഗങ്ങള്‍ക്ക് മതമില്ല, പിന്നെന്തിനാണ് മനുഷ്യന് മതം എന്ന വാദങ്ങള്‍ ആ താവഴിയിലാണ് ഉടലെടുക്കുന്നത്. ഇതേ യുക്തിയുപയോഗിച്ച്, മൃഗങ്ങള്‍ക്ക് ഭരണഘടനയോ നിയമങ്ങളോ വിദ്യാഭ്യാസമോ ഇല്ല, അതുകൊണ്ട് ഇതൊന്നും മനുഷ്യനും വേണ്ട എന്ന വാദങ്ങള്‍ അള്‍ട്രാ ഹ്യൂമനിസ്റ്റുകള്‍ ഉന്നയിക്കാത്തിടത്ത് തന്നെ Humanism പ്രമോട്ട് ചെയ്യുന്ന ആശയധാരയുടെ പ്രത്യയശാസ്ത്ര പാപ്പരത്തം മനസ്സിലാക്കാം.  ആഴത്തില്‍ പോയാല്‍, കാര്‍ബണും പ്രോട്ടീനുമടങ്ങിയ മാംസയന്ത്രം മാത്രമാണ് മനുഷ്യന്‍, ഇതര ജീവികളെക്കാള്‍ എന്നല്ല, പ്രപഞ്ചത്തിലെ മറ്റു വസ്തുക്കളെക്കാള്‍ ഒരു മഹിമയും മനുഷ്യനില്ല എന്ന തീര്‍പ്പിലേക്കാണ് മെറ്റീരിയലിസം എത്തുക. മതത്തിന് പുറത്തു കടന്നാല്‍ മനുഷ്യനൊരു മൂല്യവുമില്ല, എല്ലാം കണികകളുടെ പുനഃക്രമീകരണം മാത്രം! അതിനിടയില്‍ എവിടെയും നീതിയോ ധര്‍മമോ മൂല്യമോ മാനവികതയോ ജീവിതത്തിന്റെ അര്‍ഥമോ ലക്ഷ്യമോ ഇല്ല.
 മനുഷ്യരെല്ലാവരും തുല്യരാണെന്നത് മതമൂല്യമാണ്. പക്ഷേ, മതമത് പറയുന്നത് ആത്മീയ തലത്തിലാണെന്ന് മാത്രം. 'മനുഷ്യരെല്ലാം ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും ഉള്ളവരാണ്. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ, വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല, ആത്മീയതയുടെയും സത്കര്‍മങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ' എന്നത് മതാധ്യാപനമാണ്. മതത്തിനതീതമായി, ഭൗതിക തലത്തില്‍ മനുഷ്യര്‍ തമ്മില്‍ ഒരു തുല്യതയുമില്ല. ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും കഴിവ് കൊണ്ടും നിറം കൊണ്ടും സമ്പത്ത് കൊണ്ടും മനുഷ്യര്‍ വ്യത്യസ്തരാണ്. ആകെ പറയാന്‍ കഴിയുക എല്ലാവരും ഹോമോസ്പിയന്‍സാണ്, അതുകൊണ്ട് എല്ലാവരും തുല്യരാണെന്നാണ്. അതില്‍ പ്രത്യേകിച്ചൊരു യുക്തിയുമില്ല.
ഇങ്ങനെ വലിയ വായില്‍ മാനവികതയുടെ മഹത്വം മതരഹിത പുരോഗമന ലിബറല്‍ ലോകം നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കും. സമ്പൂര്‍ണമായ ജീവിത രീതിയുടെയും ആശയങ്ങളുടെയും ഒരു ചട്ടക്കൂട് അവര്‍ വരച്ചു തന്നിട്ടുണ്ട്. ആ ഫ്രെയ്മിനകത്ത് വരാത്തവരൊക്കെ പ്രശ്‌നമുള്ളവരും പ്രാകൃതരുമാണെന്ന ലൈനിലാണ് പുരോഗമന ലിബറല്‍ ലോകം ബ്രെയിന്‍ വാഷ് ചെയ്യുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് mhdpkd@gmail.com