Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

നമ്മുടെ വിവാഹക്കമ്പോളം ബാബിലോണിയന്‍ മനുഷ്യച്ചന്തകളെ ഓര്‍മിപ്പിക്കുന്നില്ലേ?

സമീര്‍ വടുതല

ദ്യപാനിയായ ഭര്‍ത്താവിന്റെ ഭീകര മര്‍ദനമേറ്റ് പിടഞ്ഞൊടുങ്ങിയ പെരിന്തല്‍മണ്ണക്കാരി ഹലീമയെ ഓര്‍മയില്ലേ? കുപ്രസിദ്ധമായ മൈസൂര്‍ കല്യാണത്തിന്റെ ഇരയായിരുന്നു അവള്‍. പറക്കമുറ്റാത്ത സ്വന്തം കുഞ്ഞുങ്ങളുടെ മുമ്പില്‍ വെച്ചാണ് ഈ ഇരുപത്തെട്ടുകാരി ബലിയാടായത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും ക്രൂര പീഡനങ്ങള്‍ക്കൊടുവില്‍ കോണിപ്പടിയില്‍നിന്ന് വീണ വടകരക്കാരി സഫരിയയുടെ കരളലിയിക്കുന്ന മരണവാര്‍ത്തയും അടുത്ത നാളുകളിലാണ് വായിച്ചത്. 300 പവനും 40 ലക്ഷവും ലാന്‍സര്‍ കാറും കിട്ടിയിട്ടും ആര്‍ത്തിയാറാതെ ഒരു വരനും കുടുംബവും വധുവിന്റെ നേര്‍ക്ക് പീഡനം തുടര്‍ന്നപ്പോള്‍, നിരാശാഭരിതയായ അവള്‍ ആത്മഹത്യയിലഭയം പ്രാപിച്ച സംഭവവും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. പ്രബുദ്ധത സ്വയം പതിച്ചെടുത്ത കേരളത്തില്‍ പോലും വര്‍ഷാന്തം ഇരുപത്തൊന്ന് സ്ത്രീധന പീഡന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടത്രെ. വിദ്യാ സമ്പന്നരായ മലയാളികളില്‍ പെണ്‍പണ കാമുകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീധനപ്പിശാചിന്റെ നീരാളിക്കൈകള്‍ കാര്യമായി പിടിമുറുക്കിയിരിക്കുന്നത് മുസ്ലിം സമാജത്തിലാണെന്നതും ശ്രദ്ധേയമാണ്.

അന്യായം തിന്നുന്ന സമുദായം
ധനം അന്യോന്യം അന്യായമായി തിന്നരുതെന്നാണ് ഖുര്‍ആന്റെ കര്‍ശന ശാസന (2:188). അവിഹിതമായ വഴികളിലൂടെ വന്നുചേരുന്ന ഏതു വരുമാനവും അധാര്‍മികമത്രെ. പത്ത് ദിര്‍ഹം കൊടുത്ത് ഒരു വസ്ത്രം വാങ്ങുമ്പോള്‍ അതിലൊരു ദിര്‍ഹം നിഷിദ്ധമാര്‍ഗേണ വന്നതാണെങ്കില്‍ ആ വസ്ത്രം ധരിക്കുന്നേടത്തോളം നമസ്കാരം പോലും തിരസ്കരിക്കപ്പെടുമെന്നാണ് നബി പാഠം. അവിഹിതം കൊണ്ട് വളരുന്ന ശരീരങ്ങള്‍ നരകാഗ്നിയോടാണ് ചേര്‍ന്നു നില്‍ക്കുന്നതെന്നും തിരുനബി അറിയിച്ചിട്ടുണ്ട്. പരസ്പര സംതൃപ്തിയോടെയല്ലാതെ, അപരന്റെ ധനം അനുഭവിക്കാനുള്ള ത്വരയാലാണ് കരയിലും കടലിലും വിനാശം പൊട്ടിപ്പുറപ്പെടുന്നതെന്ന് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു (30: 41). മനഃപൊരുത്തമില്ലാതെ നേടുന്ന പെണ്‍പണം നിഷിദ്ധമത്രെ. നിസ്സഹായതയുടെ എവറസ്റില്‍ നിന്ന് മകളുടെ മംഗല്യമാലോചിക്കുന്ന ഒരു രക്ഷിതാവിനോട്, പണത്തിന്റെയും പണ്ടത്തിന്റെയും ഭാരിച്ച കണക്ക് പറഞ്ഞ് വിലപേശുന്നവന്‍, കഴുത്തറുപ്പന്‍ ബ്ളേഡ് മുതലാളിയേക്കാള്‍ കരുണയറ്റവനാകുന്നു. ദയാരഹിതമായ ചൂഷണത്തിന്റെ മുതലാളിത്ത പക്ഷത്താണയാള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ചൂഷകരും ചൂഷിതരുമില്ലാത്ത ഒരു ലോകത്തെ നിര്‍മിച്ചെടുക്കാനുള്ള പ്രവാചക പ്രോക്ത പരിശ്രമങ്ങളെയാണ് അയാള്‍ തകര്‍ക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്നു
കിഴക്കും പടിഞ്ഞാറുമുണ്ടായ മനുഷ്യ നിര്‍മിത ദര്‍ശനങ്ങളും മതപൌരോഹിത്യങ്ങളും സ്ത്രീത്വത്തെ അപമാനിച്ചിട്ടേയുള്ളൂ. ജനിക്കാനും ജീവിക്കാനും സമ്പാദിക്കാനും വളരാനുമുള്ള അവളുടെ അവകാശങ്ങളെ കുന്യായങ്ങള്‍ പറഞ്ഞ് അവര്‍ ഹനിച്ചു. ഇങ്ങനെ ചരിത്രത്തില്‍ ഏകപക്ഷീയമായി അടിച്ചമര്‍ത്തപ്പെട്ടവള്‍ക്ക് അവകാശങ്ങളുടെ വിശാലമായ വാതിലുകള്‍ തുറന്നുകൊടുത്തത് പ്രവാചകന്മാരായിരുന്നു. വിശിഷ്യാ, അന്ത്യപ്രവാചകന്‍. പ്രബോധനത്തിന്റെ തുടക്കത്തില്‍ ദൈവികദര്‍ശനത്തിന്റെ വിജയകാലത്തെ പ്രവചിക്കവെ, 'സ്ത്രീക്ക് സുരക്ഷിതമായി നിര്‍ഭയം സഞ്ചരിക്കാനാവുന്നകാലം' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചപ്പോള്‍, നല്ല സമൂഹത്തിന്റെ മുഖലക്ഷണം വരച്ചുകാണിക്കുകയായിരുന്നു. നിഴല്‍ പോലും സ്ത്രീയെ കയറിപ്പിടിക്കുമെന്ന് ഭീതിപ്പെടുത്തുന്ന വര്‍ത്തമാനത്തില്‍ നിന്ന് കാതോര്‍ക്കുമ്പോള്‍ ഈ നബിമൊഴിക്ക് വല്ലാത്ത മുഴക്കമുണ്ട്. "മാന്യനല്ലാതെ അവളെ മാനിക്കുകയില്ലെന്നും നീചനല്ലാതെ അവളെ നിന്ദിക്കുകയില്ലെന്നും'' പ്രഖ്യാപിച്ചപ്പോള്‍, പ്രവാചകന്‍ എക്കാലത്തെയും സ്ത്രീ പീഡകരെ തുറന്നുകാട്ടുകയായിരുന്നു. 'പിതാവിനേക്കാള്‍ മാതാവിന് മൂന്ന് പദവികള്‍ കൂടുതലുണ്ടെന്ന'റിയിക്കുമ്പോള്‍, മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ സ്ത്രീയെ പ്രതിഷ്ഠിക്കുകയാണ് അവിടുന്ന് ചെയ്തത്. ഈവിധം ആദരിക്കപ്പെട്ട സ്ത്രീയാണ്, മുസ്ലിം സമാജത്തില്‍ പോലും ക്രൂരമായി അധഃകരിക്കപ്പെടുന്നത്. ഇത്ര പണം തന്നാല്‍, നിങ്ങളുടെ വീട്ടിലെ വേസ്റ് നീക്കിത്തരാമെന്ന് കരാറുണ്ടാക്കുന്ന പോലെ, പുരുഷന്‍ വിവാഹ പ്രായത്തില്‍ സ്ത്രീക്ക് വിലയിടുകയും വില കെടുത്തുകയും ചെയ്യുന്നു. നമ്മുടെ വിവാഹക്കമ്പോളം പഴയ ബാബിലോണിയന്‍ മനുഷ്യച്ചന്തകളെയാണ് ഓര്‍മിപ്പിക്കുന്നത്.

സംസ്കാരം അട്ടിമറിക്കപ്പെടുന്നു
ഒരു ജനതയുടെ മൂല്യബോധത്തിന്റെയും ജീവിതത്തനിമയുടെയും ദര്‍പ്പണമത്രെ അവരുടെ ആഘോഷങ്ങളും ആചാരങ്ങളും. ലളിതമെങ്കിലും 'ഉള്‍ക്കനമുള്ള ഉടമ്പടി'യാണ് ഇസ്ലാമിലെ വിവാഹം. സ്ത്രീയുടെ ജീവിതത്തെ അവളുടെ രക്ഷാധികാരിയില്‍നിന്ന് വരന്‍, ഉത്തരവാദിത്വ ചിന്തയോടെ ഏറ്റെടുക്കുന്ന പാവന കര്‍മം. ഈ ഏറ്റെടുക്കലിന്റെ ശുഭസൂചകമായി വരന്‍ വധുവിന് മഹ്ര്‍ (വിവാഹമൂല്യം) നല്‍കുന്നു. തികഞ്ഞ സന്തോഷത്തോടെ വേണം ഈ ഉപഹാര സമര്‍പ്പണമെന്ന് ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. മൂല്യാധിഷ്ഠിതവും മനോഹരവുമായ ഇസ്ലാമിന്റെ വിവാഹ സംസ്കാരത്തെയാണ് പെണ്‍പണമാഫിയ തലകുത്തനെ നിര്‍ത്തുന്നത്. അവര്‍ ഒരാനയെ സ്ത്രീധനമായി വാങ്ങുകയും ഒരാനപ്പൂടയെടുത്ത് മഹര്‍ നല്‍കുകയും ചെയ്യുന്നു. നിഷിദ്ധം കൊണ്ട് മതത്തെ അമ്മാനമാടുന്നു. ഇങ്ങനെ വധുവില്‍ നിന്ന് വാങ്ങി വധുവിന് നല്‍കുന്ന വിചിത്ര വിവാഹങ്ങള്‍ പെരുകുമ്പോള്‍ അപമാനിക്കപ്പെടുന്നത് ദൈവികദര്‍ശനം തന്നെയാണ്. ഈ അട്ടിമറി ഓര്‍മിപ്പിക്കുന്നത്, കൌശലങ്ങളാല്‍ മതനിയമത്തെ അട്ടിമറിച്ച 'സാബ്ബത്തു'കാരെയത്രെ. 'പിന്‍ഗാമികള്‍ക്ക് ഗുണപാഠ'മായാണ് ഖുര്‍ആന്‍ അവരെ ചൂണ്ടിക്കാട്ടിയത് (2:66). ചരിത്രത്തിലെ അത്യപൂര്‍വമായ ദൈവിക നടപടിക്ക് അവര്‍ വിധേയരായി. ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് ചാടിക്കളിക്കുന്ന വാനരന്മാരെപ്പോലെ, ദൈവികനിയമത്തിനും ദുന്‍യാമോഹത്തിനുമിടയില്‍ അവര്‍ ചാഞ്ചാടിയപ്പോള്‍, അക്ഷരാര്‍ഥത്തില്‍ അവരെ വാനരന്മാരായി രൂപാന്തരപ്പെടുത്തിയെന്നാണ് ഖുര്‍ആന്റെ വെളിപ്പെടുത്തല്‍. സന്തോഷത്തിന്റെ താക്കോലുകളാകേണ്ട വിവാഹവേളകള്‍ ദൈവശിക്ഷയിലേക്കുള്ള കവാടങ്ങളാണോ നമുക്ക് മുമ്പില്‍ തുറക്കുന്നതെന്ന ചിന്ത അസ്ഥാനത്തല്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യായമായി കൈപ്പറ്റിയ സ്ത്രീധനത്തുക തിരിച്ചറിവിന്റെ ഒരു നിമിഷത്തില്‍, കുറ്റബോധത്തോടെ തിരിച്ചേല്‍പിച്ച് വധൂപിതാവിനോട് ക്ഷമായാചനം ചെയ്ത ഒരാളെ പരിചയമുണ്ട്. ഇത്തരം ആത്മാര്‍ഥമായ മാനസാന്തരങ്ങളുണ്ടാകുമ്പോള്‍, ഈ ദുരാചാരത്തിന്റെ വേരുകളില്ലാതാകുന്നു. അതിനാവശ്യം, സമാജത്തിന്റെ സമസ്ത തലങ്ങളിലും സംഭവിക്കേണ്ട മൌലികമായ ഉണര്‍വുകളത്രെ.

നമ്മുടെ യൌവനങ്ങള്‍
'തങ്ങളുടെ നാഥനില്‍ അഗാധമായി വിശ്വാസമുള്ളവരെ'ന്നത്രെ ഖുര്‍ആന്‍ ഇസ്ലാമിക യുവതയെ അടയാളപ്പെടുത്തിയത് (18:13). വിവാഹാഭ്യര്‍ഥനയുമായി വന്ന അബൂത്വല്‍ഹയോട് 'എന്താണ് താങ്കളുടെ ജീവിതാദര്‍ശ'മെന്ന ചോദ്യമുന്നയിച്ചപ്പോള്‍, ഉമ്മുസുലൈം വെളിപ്പെടുത്തിയത് ഈ ദൈവബോധ്യമായിരുന്നു. കല്യാണാലോചനയുമായി കടന്നുവരുന്നവരോട്, ദുനിയാവിന്റെ കനമറിയാനുള്ള ചോദ്യങ്ങളെറിയുന്നതിന് പകരം, ഉമ്മുസുലൈമിലേക്ക് വളരാനാകുമോ എന്നാണ് കാലം മുസ്ലിം യൌവനത്തോട് ചോദിക്കുന്നത്. 'ആദര്‍ശബോധമുള്ളവളെ തെരഞ്ഞെടുക്കൂ' എന്ന് പ്രവാചകന്‍ സ്നേഹത്താല്‍ പ്രചോദിപ്പിച്ചത് ചെറുപ്പക്കാരായ വിവാഹാര്‍ഥികളെയായിരുന്നു. പെണ്‍പണം, തൊലിപ്പുറ സൌന്ദര്യം, തറവാട്ട് പൊങ്ങച്ചം, ഉദ്യോഗ വലിപ്പം തുടങ്ങിയവക്ക് ആദര്‍ശമാനം നല്‍കുന്ന സമകാലിക ജാഹിലിയ്യത്തിന്റെ വിവാഹ പരിഗണനകളെ പരിത്യജിക്കുമ്പോള്‍ മാത്രമേ, യൌവനങ്ങള്‍ക്ക് പ്രവാചക ഗുണകാംക്ഷയെ അഭിവാദ്യം ചെയ്യാനാകൂ. മതബോധവും സ്വഭാവ സൌന്ദര്യവുമുള്ള ജീവിതപങ്കാളിയെ സ്വപ്നം കാണാന്‍ കഴിയുമ്പോള്‍ മാത്രമേ അവര്‍ കമ്പോളമൊരുക്കുന്ന കെണികളെ മറികടക്കുന്നുള്ളൂ. വിവാഹശേഷം ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, തങ്ങള്‍ക്കുണ്ടായ ദൈവാനുഗ്രഹ ലബ്ധിയില്‍ മനം നിറഞ്ഞ്, നന്ദിയുടെ സുജൂദി(സാഷ്ടാംഗ പ്രണാമം)ല്‍ വീണ അലി-ഫാത്വിമാ ദമ്പതികളുടെ മണിയറച്ചിത്രമുണ്ട് ചരിത്രത്തില്‍. ആദ്യരാത്രിയെ അഭിമുഖീകരിക്കുന്നതെങ്ങനെയെന്നറിയാന്‍ മനഃശാസ്ത്രജ്ഞന് കത്തെഴുതുന്ന കാലത്ത് ഈ ചിത്രം വെളിച്ചം പ്രസരിപ്പിക്കുന്നുണ്ട്.

രക്ഷിതാക്കള്‍
പാലില്‍ വെള്ളം ചേര്‍ത്ത് വിറ്റാല്‍ ലാഭം വര്‍ധിപ്പിക്കാമെന്നും ആരുമറിയാതെ വീട്ടിനുള്ളില്‍ കൃത്യം ചെയ്യാമെന്നും ഒരു മാതാവ് മകളെ പ്രലോഭിപ്പിച്ച സംഭവമുണ്ട്. പക്ഷേ, കൌമാരക്കാരിയും ആദര്‍ശവതിയുമായ മകള്‍ വഴങ്ങിയില്ല. 'ഉമ്മാ, പടച്ചവന്‍ കാണുമല്ലോ' എന്ന കനത്ത യുക്തി കൊണ്ട് അവള്‍ മാതാവിനെ തിരുത്തി. സംഭവത്തിന് സാക്ഷിയായ ഖലീഫാ ഉമര്‍, തന്റെ മകന്‍ ആസ്വിമിനോട് പറയുന്നു: "ആ കുട്ടിയെ നീ ജീവിതപങ്കാളിയാക്കിയാല്‍, നിങ്ങളുടെ ദാമ്പത്യം അനുഗ്രഹിക്കപ്പെടും.'' നാവിലും ഹൃദയത്തിലും ദൈവം സത്യത്തെ മുദ്രണം ചെയ്തയാള്‍ എന്ന് ദൈവദൂതന്‍ വാഴ്ത്തിയ ഉമറിന്റെ ഈ വാക്കുകള്‍ പില്‍ക്കാലത്ത് യാഥാര്‍ഥ്യമായി. സംതൃപ്തവും ശാന്തവും ഐശ്വര്യപൂര്‍ണവുമായിരുന്നു അവരുടെ ദാമ്പത്യം. ദൈവാനുസാരിയായ ആ ജീവിതവല്ലരിയില്‍ കുസുമങ്ങള്‍ പോലെ കുഞ്ഞുങ്ങള്‍ വിരിഞ്ഞു. അവര്‍ മൂല്യങ്ങളുടെ സുഗന്ധം പരത്തി ജീവിച്ചു. നീതിയുടെ പര്യായമായി പുകള്‍പെറ്റ ഉമര്‍ രണ്ടാമന്‍, ആ സന്തതി പരമ്പരയിലാണ് ജന്മം കൊള്ളുന്നത്. മക്കള്‍ക്ക് ഇണകളെ കണ്ടെത്തുമ്പോള്‍ 'ഇങ്ങനെയുമാകാ'മെന്നത്രെ ഖലീഫാ ഉമറിലെ പിതാവ് നല്‍കുന്ന പാഠം. സുന്ദരിയും ബുദ്ധിമതിയുമായ തന്റെ മകള്‍ക്ക് രാജകൊട്ടാരത്തില്‍ നിന്ന് വിവാഹാലോചനയെത്തുമ്പോള്‍, 'സുഖാഢംബരപൂര്‍ണമായ ഉമവീ കൊട്ടാരത്തില്‍ മകളുടെ പരലോകഭാവി സുരക്ഷിതമല്ലെ'ന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ സഈദുബ്നുല്‍ മുസയ്യബ് പങ്കുവെച്ചത് ഒരു വിശ്വാസിയായ രക്ഷിതാവിന്റെ യഥാര്‍ഥ ഉത്കണ്ഠയായിരുന്നു.

നേതൃത്വങ്ങള്‍
ജ്ഞാനിയായ പണ്ഡിതനെ 'നിലാവ് പോലെ ഒരാള്‍' എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശച്ചെരുവില്‍ നിലാവ് പരക്കുമ്പോഴെന്ന പോലെ, അയാള്‍ ജനജീവിതത്തിലെ ഇരുളുകള്‍ നീക്കി ഹൃദ്യമായ വെളിച്ചത്തിലേക്ക് അവരെ നയിക്കുന്നു. സ്വയം മാതൃക സൃഷ്ടിച്ചും മറ്റുള്ളവരില്‍ മാതൃക സൃഷ്ടിക്കാന്‍ ശ്രമിച്ചും പണ്ഡിതന്‍ വിവാഹരംഗത്തെ അത്യാചാരങ്ങളോട് പൊരുതുന്നു. അപ്പോള്‍ അയാള്‍ തന്റെ നിയോഗത്തിന്റെ അര്‍ഥം ലോകത്തെ പഠിപ്പിക്കുന്നു. എന്നാല്‍, സ്ത്രീധനത്തില്‍നിന്ന് പങ്കുപറ്റിയും ദുരാചാരങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചും വാക്കുകള്‍ കൊണ്ട് യുദ്ധം ചെയ്യേണ്ടിടത്ത് വാചാലമായ മൌനത്തിന്റെ വാല്‍മീകത്തിലൊളിച്ചും നടപ്പ് വ്യവസ്ഥയുടെ ദാസനാകുമ്പോള്‍, അയാള്‍ ആത്മവഞ്ചകനും പരവഞ്ചകനുമായി അധഃപതിക്കുന്നു. പണ്ഡിതനുറങ്ങുമ്പോള്‍, കാവല്‍ക്കാരനില്ലാത്ത ലെവല്‍ക്രോസിലെന്ന പോലെ, വമ്പിച്ച സാമൂഹിക ദുരന്തങ്ങള്‍ സംഭവിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം