Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

ഇസ്‌ലാം  തുറന്ന പുസ്തകമാണ്

ശൈഖ് അഹ്മദ് കുട്ടി ടൊറണ്ടോ /സദ്‌റുദ്ദീന്‍ വാഴക്കാട്   vpahmadkutty@gmail.com


ദീര്‍ഘ സംഭാഷണം /

അരനൂറ്റാണ്ടുകാലമായി കനഡയില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് ശൈഖ് വി.പി അഹ്മദ് കുട്ടി. മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയില്‍ ജനിച്ച അദ്ദേഹം, ശാന്തപുരം ഇസ്ലാമിയാ കോളേജ്, മദീനാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി, ടൊറണ്ടോ യൂനിവേഴ്‌സിറ്റി, മെഗില്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. ടൊറണ്ടോ ഇസ്ലാമിക് ഫൗണ്ടേഷന്‍, ഇസ്ലാമിക് സെന്റര്‍ എന്നിവയുടെ ഡയറക്ടറായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു. ഇസ്ലാം ഓണ്‍ലൈന്‍, ഇസ്ലാം ഓണ്‍ വെബ് എന്നിവയില്‍ ഫത്‌വ നല്‍കിയിരുന്നു. ഇപ്പോള്‍ ടൊറണ്ടോ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ലക്ചററായും എബൗട്ട് ഇസ്ലാമിലെ  ഫത്‌വാ വിഭാഗത്തിലും സേവനം ചെയ്യുന്നു. ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ അദ്ദേഹം പ്രബോധനത്തിന് നല്‍കിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.


2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷം വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങളെ എങ്ങനെ കാണുന്നു?
ഇസ്‌ലാമോഫോബിയ (lsIamophobia) ഒരു യാഥാര്‍ഥ്യമാണ്. ഇസ്‌ലാംഭീതിയുടെ പ്രചാരണം നടക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. 9/11-ന് ശേഷം പുതുതായി ആരംഭിച്ചതല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഇസ്‌ലാമോഫോബിയ. 9/11-ന് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും അത് സജീവമായി എന്നുമാത്രം. കുരിശുയുദ്ധങ്ങളുടെ കാലമാണ് യൂറോപ്പില്‍ ഇസ്‌ലാമോഫോബിയയെ വളര്‍ത്തിയത്. മുസ്‌ലിം ലോകത്തിനെതിരില്‍, കുരിശുയുദ്ധം എന്ന് പേരിട്ട യൂറോപ്പിന്റെ ആക്രമണങ്ങള്‍ക്ക് ആളെക്കൂട്ടാന്‍ ഇസ്‌ലാമിനെക്കുറിച്ച വര്‍ധിച്ച പേടി പ്രചരിപ്പിക്കുകയാണ് മതനേതൃത്വവും ഭരണാധികാരികളും ചെയ്തത്. ഖുര്‍ആനെയും മുഹമ്മദ് നബിയെയും കുറിച്ച് അവര്‍ ജനമനസ്സുകളില്‍ ഭയം ജനിപ്പിക്കുന്ന കള്ളങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. മുഹമ്മദ് നബി അന്തിക്രിസ്തുവാണ്, കള്ള ദൈവമാണ് (ങമവീൗിറ), പിശാചാണ് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു. പല തരം കാരിക്കേച്ചറുകള്‍ മുഹമ്മദ് നബിയെ പരിഹസിക്കും വിധം അവര്‍ പുറത്തിറക്കുകയുണ്ടായി. 
മധ്യകാല യൂറോപ്പിലെ ഒരു വിഭാഗം എഴുത്തുകാര്‍ മുഹമ്മദ് നബിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പേരായിരുന്നു Mahound. മധ്യകാല യൂറോപ്യന്‍ സാഹിത്യങ്ങളില്‍ ഈ പ്രയോഗം കാണാം. ഇതിലെ M മുഹമ്മദ് നബിയെയാണ് സൂചിപ്പിക്കുന്നത്. വീൗിറ എന്നാല്‍ വേട്ടനായ, പിശാച്. വ്യാജപ്രവാചകന്‍ എന്നാണ് ആ പ്രയോഗം കൊണ്ട് ധ്വനിപ്പിക്കുന്നത്.  മുഹമ്മദ് നബിയെ പിശാചിന്റെ മനുഷ്യ രൂപമായി അവതരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. സല്‍മാന്‍ റുശ്ദി തന്റെ സാത്താനിക് വേഴ്‌സസില്‍ മുഹമ്മദ് നബിയെ സൂചിപ്പിക്കാന്‍ ഈ പേരാണ് ബോധപൂര്‍വം തന്നെ ഉപയോഗിച്ചിട്ടുള്ളത്. ഒരു അധ്യായം തന്നെ ആ പേരിലുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയിലും Mahound എന്നാല്‍, വ്യാജ പ്രവാചകന്‍ എന്നാണ് അര്‍ഥം. യേശുവിനെയും ക്രിസ്തുമതത്തെയും തകര്‍ക്കാന്‍ വന്നയാളും യുദ്ധോത്സുകനുമായിട്ടാണ് മുഹമ്മദ് നബിയെ അവതരിപ്പിച്ചത്. യൂറോപ്യന്‍ എഴുത്തുകാര്‍ നബിചരിത്രത്തെ വലിയ രീതിയില്‍ ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് ഓറിയന്റലിസം (Oriantalism) രംഗപ്രവേശം ചെയ്തത്. ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്രവും പ്രധാന ഗ്രന്ഥങ്ങളും പരിശോധിച്ച്, ദുര്‍വ്യാഖ്യാനിക്കാവുന്ന കാര്യങ്ങള്‍ കണ്ടെത്തി, നിഷേധാത്മകമായി അവതരിപ്പിക്കുകയാണ് ഒരു വശത്ത് ഓറിയന്റലിസം ചെയ്തത്. ഇസ്‌ലാമിന്റെ ഗുണാത്മക വശങ്ങള്‍ സാധ്യമാകുന്നത്ര വികൃതമാക്കുകയും ചെയ്തു. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പ് ജനമനസ്സുകളില്‍ രൂപപ്പെടുത്തലായിരുന്നു ഇതിന്റെയെല്ലാം ലക്ഷ്യം. ഇതെല്ലാം ചേര്‍ന്നാണ് ഇന്ന് കാണുന്ന ഇസ്‌ലാമോഫോബിയയായി വളര്‍ന്നത്. ഇതിന്റെ തുടര്‍ച്ചകള്‍ തന്നെയാണ് ഇക്കാലത്ത് ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന പ്രവാചകനിന്ദകള്‍.

ആഗോളതലത്തില്‍ ഇന്ന്  ഇസ്‌ലാമോഫോബിയ എങ്ങനെയെല്ലാമാണ് പ്രത്യക്ഷമാകുന്നത്? അതിന്റെ അടയാളങ്ങള്‍?

ഇസ്‌ലാമോഫോബിയക്ക് പല രൂപങ്ങളുമുണ്ട്. വ്യക്തിപരമാണ് ഒന്ന്. ഘടനാപരം (Structural), അല്ലെങ്കില്‍ സ്ഥാപനവത്കൃതം (Institutional) ആണ് രണ്ടാമത്തേത്. സ്വകാര്യവും (Private) പൊതുവുമായ (Public) ഇസ്‌ലാമോഫോബിയകള്‍ ഉണ്ട്. ഭരണകൂട സ്ഥാപനങ്ങളും സംവിധാനങ്ങളും അധികാര താല്‍പര്യത്തിനു വേണ്ടി ഇസ്‌ലാംപേടിയുടെ ഉല്‍പ്പാദകരും പ്രചാരകരും ആകുന്നതാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ /സ്ട്രക്ച്വറല്‍ ഇസ്‌ലാമോഫോബിയ. മുസ്‌ലിംകള്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ പ്രത്യേകമായ നിരീക്ഷണങ്ങള്‍ (Surveillance) ഇതിന്റെ ഉദാഹരണമാണ്. മുസ്‌ലിംകളെ സംശയിക്കുക, ജിഹാദിനെ തെറ്റിദ്ധരിക്കുക, താടിയെയും മറ്റു ചിഹ്നങ്ങളെയും സംശയത്തോടെ വീക്ഷിക്കുക, ചെറിയ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവരെ പോലും പെട്ടെന്ന് ജയിലിലടക്കുക തുടങ്ങിയവയും ഇതിന്റെ സൂചകങ്ങളാണ്. ഒരു മുസ്‌ലിം സ്വന്തം പേരിന് പകരം വിളിപ്പേര് (കുന്‍യത്ത്) ഉപയോഗിക്കുന്നതില്‍ പോലും കോടതി സംശയം പ്രകടിപ്പിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ യാഥാര്‍ഥ്യം വിശദീകരിക്കാന്‍ കോടതിയില്‍ പോയപ്പോള്‍, എന്റെ താടിയുടെ ദൈര്‍ഘ്യമില്ലായ്മയെക്കുറിച്ചും കോടതിയില്‍ ചോദ്യം ഉയരുകയുണ്ടായി. 
അധികാരശക്തി ആര്‍ജിക്കാന്‍ രാഷ്ട്രീയക്കാര്‍ ഭയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ജനങ്ങളെ തങ്ങളുടെ പക്ഷത്ത് ഒരുമിച്ച് നിര്‍ത്താന്‍ ഒരു അപരന്‍ വേണം, ഒരു ശത്രു ഉണ്ടാകണം. ജനവികാരങ്ങളെ മുതലെടുക്കുന്ന രാഷ്ട്രീയ നേതാക്കളാ(Political demagogues)ണ് ഇതിന്റെ പിന്നില്‍. എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്പിലെ ഏതാണ്ടെല്ലാ രാജ്യങ്ങളിലും വെള്ളക്കാരുടെ സ്വത്വരാഷ്ട്രീയമാണ് (White Identity Politics) ഇസ്‌ലാമോഫോബിയയുടെ ഉല്‍പ്പാദനവും പ്രചാരണവും നടത്തുന്നത്. മുസ്‌ലിംകള്‍ക്കെതിരെ മാത്രമാണ് വെള്ളക്കാരുടെ സ്വത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് എന്നു ചിലര്‍ കരുതുന്നുണ്ട്. യഥാര്‍ഥത്തില്‍, മുഴുവന്‍ ഇതര വര്‍ണക്കാര്‍ക്കും എതിരില്‍ വെള്ളക്കാരുടെ സ്വത്വരാഷ്ട്രീയം വെറുപ്പ് ഉല്‍പാദിപ്പിക്കുകയാണ്. ഇപ്പോള്‍, അത് മുസ്‌ലിംകളെ മുഖ്യസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നു എന്ന് മാത്രം. ഇസ്‌ലാമിനോടുള്ള വെറുപ്പ് കൊണ്ട് ചിലര്‍ യൂറോപ്പിന്റെ ഇസ്‌ലാമോഫോബിയയെ ഏറ്റെടുക്കുകയാണ്. വെള്ള വംശീയത മറ്റുള്ളവര്‍ക്കെല്ലാം എതിരാണ് എന്ന് മനസ്സിലാക്കണം. വംശീയതയുടെ (Racism) ഒരു ശാഖയാണ് ഇസ്‌ലാമോഫോബിയ.
സ്ട്രക്ച്വറല്‍ ഇസ്‌ലാമോഫോബിയയെ നിയമപരമായി നേരിടണം. നിയമത്തിന്റെ എല്ലാ വഴികളിലൂടെയും ഇതിനെതിരെ നാം പൊരുതണം. സ്ട്രക്ച്വറല്‍ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതിയും ഹ്രസ്വകാല പദ്ധതിയും ആവശ്യമാണ്. ഇതൊരു ആശയ പോരാട്ടവും ബൗദ്ധിക യുദ്ധവുമാണ്. അതിനൊരു സൈന്യം ഉണ്ടാകണം. സാമൂഹിക ശാസ്ത്രജ്ഞര്‍, മാധ്യമ പ്രവര്‍ത്തകര്‍, നിയമ വിശാരദര്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഒരു വിദഗ്ധ സംഘത്തെ നാം ഇതിനായി രൂപപ്പെടുത്തണം. അവര്‍ക്ക് മികച്ച പരിശീലനം നല്‍കണം. സംഘടിതമായ പ്രവര്‍ത്തനമാണ് ഭരണകൂട ഇസ്‌ലാമോഫോബിയക്കെതിരെ ഉണ്ടാകേണ്ടത്. മീഡിയ ഇതില്‍ ഏറ്റവും പ്രധാനമാണ്. അമേരിക്ക ഒരു വര്‍ഷം രണ്ടായിരത്തിലേറെ മാധ്യമ പ്രവര്‍ത്തകരെ പുതുതായി രംഗത്തിറക്കുന്നുണ്ട്. മീഡിയയാണ് ഇന്നത്തെ യുദ്ധ ഭൂമി. ഇസ്‌ലാമിക ടെററിസത്തെക്കുറിച്ചാണ് പലരും വലിയ വായില്‍ സംസാരിക്കുന്നത്. ആവര്‍ത്തിച്ച് കേള്‍ക്കുമ്പോള്‍ ജനം അതിനെ ചോദ്യം ചെയ്യണമെന്നില്ല. നാം യാഥാര്‍ഥ്യങ്ങള്‍ നിരത്തി ഇതിന്റെ സത്യാവസ്ഥ ജനങ്ങളോട് പറയണം. വസ്തുതകളാണ് സംസാരിക്കേണ്ടത്. സോഷ്യല്‍ മീഡിയ ഏതാണ്ട് പൂര്‍ണമായും ഇസ്‌ലാമിനെതിരായ വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇത് ബോധപൂര്‍വകമാണ്. ഇതിനെ മാറ്റിമറിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും. 
നമുക്ക് മാധ്യമങ്ങള്‍ ഇല്ലെങ്കില്‍, നമ്മുടെ ശബ്ദം തന്നെ ഇല്ല എന്നാണര്‍ഥം. കേരളത്തില്‍ നമുക്ക് മാതൃക കാണിക്കാനായ പ്രിന്റ്, ഇലക്‌ട്രോണിക് മീഡിയയുടെ നേട്ടമിതാണ്. ഇതിന് ലോകമാകെ തുടര്‍ച്ചകള്‍ ഉണ്ടാകണം. അറബ് ലോകം പക്ഷേ, ഈ രംഗത്ത് ഒന്നും ചെയ്യുന്നില്ല. മലേഷ്യയുടെയും മറ്റും ആഭിമുഖ്യത്തില്‍ ഒരു ആഗോള ഇസ്‌ലാമിക് മീഡിയയെക്കുറിച്ച ആലോചനകള്‍ നടന്നുവെങ്കിലും, ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല. ഇസ്‌ലാമോഫോബിയയോട് പോരാടാന്‍ വലിയ മീഡിയാ ശൃംഖല ആവശ്യമാണ്. നല്ല സോഷ്യല്‍ സയന്റിസ്റ്റുകളുടെ അഭാവവും മുസ്‌ലിം സമൂഹത്തിലുണ്ട്. ഇതും ഗൗരവത്തില്‍ കാണണം. മാത്രമല്ല, മനഃശാസ്ത്രത്തെ  നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട് ഇസ്‌ലാംവിരുദ്ധ മീഡിയ. പലതരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത് അങ്ങനെയാണ്. നമുക്ക് പക്ഷേ, ഈ സൈക്കോളജി അറിയില്ല. സ്ട്രാറ്റജികളാണ് യുദ്ധം (അല്‍ഹര്‍ബു ഖുദ്അ) എന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.

വ്യക്തിഗതമായ ഇസ്‌ലാമോഫോബിയയെ മറികടക്കാന്‍ മുസ്‌ലിം സമൂഹം സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെ?

ഇസ്‌ലാമിന്റെ സന്ദേശം സുതാര്യവും തുറന്നതുമാണ്. അത് ആ നിലയില്‍ തന്നെ സമൂഹമധ്യേ തുറന്നുവെക്കാന്‍ മുസ്‌ലിം സമൂഹം കൂടുതല്‍ ശ്രമിക്കണം. നമ്മുടെ പള്ളികള്‍ തുറന്നുവെക്കണം. നമുക്ക് യാതൊന്നും മറച്ചുവെക്കാനില്ല, ഭയപ്പെടാനുമില്ല. ഇസ്‌ലാം തുറന്ന പുസ്തകമാണ്. വിശുദ്ധ ഖുര്‍ആന്‍ ആര്‍ക്കും ലഭ്യമാകുന്ന, ഏതൊരാള്‍ക്കും വായിക്കാനും പഠിക്കാനും സാധിക്കുന്ന തുറന്ന ഗ്രന്ഥമാണ്. മറ്റു ചില മത ഗ്രന്ഥങ്ങളെ അപേക്ഷിച്ച്, ഖുര്‍ആന്‍ യുദ്ധത്തെക്കുറിച്ചും മറ്റും പറയുന്നത് കുറച്ച് മാത്രമാണ്. യുദ്ധവും മറ്റും ഇസ്‌ലാമില്‍ അപവാദങ്ങള്‍ (Exceptions) ആണ്; സമാധാനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വവും പ്രയോഗവും. യുദ്ധം തുടങ്ങാനല്ല, പാരമ്പര്യമായി തുടര്‍ന്നു വന്ന ജാഹിലിയ്യത്തിന്റെ യുദ്ധങ്ങള്‍ അവസാനിപ്പിച്ച്, സാമൂഹിക സമാധാനം സ്ഥാപിക്കാനാണ് പ്രവാചകന്‍ ആഗതനായത്. മുഹമ്മദ് നബിയുടെ യുദ്ധങ്ങളില്‍ മൊത്തം, 2000-ത്തിലേറെ മരണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍, പില്‍ക്കാലത്ത് ലോകം കണ്ടിട്ടുള്ള യുദ്ധങ്ങളില്‍ മില്യന്‍ കണക്കിന് മനുഷ്യരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുള്ളത്. ഇസ്‌ലാം ഓണ്‍ലൈനില്‍, 'മുഹമ്മദ് നബിയുടെ യുദ്ധോത്സുകത'യെക്കുറിച്ച ഒരാളുടെ ചോദ്യത്തിന് ഞാന്‍ ഈ മറുചോദ്യം ഉന്നയിച്ചാണ് വിശദമായി മറുപടി നല്‍കിയത്. ബൈബിളിലെ ചില വചനങ്ങളും ഉദ്ധരിക്കുകയുണ്ടായി. ലോകം കണ്ട വലിയ യുദ്ധങ്ങളിലൊന്നും മുസ്‌ലിംകളുടെ പങ്കാളിത്തം ഉണ്ടായിട്ടില്ല. 'നിങ്ങളുടെ കണ്ണില്‍ വലിയൊരു മരക്കഷണം കിടക്കുമ്പോള്‍, നിങ്ങളെന്തിനാണ് സഹോദരന്റെ കണ്ണിലെ കരടിനെ വിമര്‍ശിക്കുന്നത്' എന്നതാണ് നാം ഉയര്‍ത്തേണ്ട ചോദ്യം.
മുഹമ്മദ് നബി എല്ലാ ജീവജാലങ്ങള്‍ക്കും കാരുണ്യമായാണ് വന്നിട്ടുള്ളത്. ഇസ്‌ലാമിന് മുമ്പില്‍ കിഴക്കും പടിഞ്ഞാറുമുണ്ട്, എല്ലാ വംശ-വര്‍ഗ വിഭാഗങ്ങളുമുണ്ട്. ആരോടും വിവേചനമില്ല. മാല്‍ക്കം എക്‌സിന്റെ ചരിത്രം ഉദാഹരണമായി എടുക്കാം. വൈറ്റ് സുപ്രീമസിക്കെതിരെ, ബ്ലാക്ക് സുപ്രീമസിയെയാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വെളുത്തവരും കറുത്തവരും ഒരിക്കലും ചേരില്ല എന്നായിരുന്നു ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അവര്‍ പരസ്പരം പോരടിക്കണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് മാല്‍ക്കം എക്‌സ് ഇസ്‌ലാം സ്വീകരിച്ചു. ഹജ്ജ് നിര്‍വഹിക്കാന്‍ മക്കയിലെത്തി. ഇതോടെ അദ്ദേഹത്തിന്റെ നിലപാടില്‍ മാറ്റം വന്നു. ഹജ്ജിന് ശേഷം അദ്ദേഹം അമേരിക്കയിലേക്ക് എഴുതിയ കത്തില്‍, 'വംശവെറിക്ക് ഇസ്‌ലാമില്‍ പരിഹാരമുണ്ട്, വെള്ളക്കാര്‍ക്കും കറുത്തവര്‍ക്കും സഹോദരങ്ങളായി സഹവര്‍ത്തിക്കാനാകും. മനുഷ്യ സാഹോദര്യം പഠിപ്പിക്കുന്ന ഇസ്‌ലാമില്‍ നമുക്ക് ഒരുമിക്കാനാകും' എന്ന ആശയം മുന്നോട്ടുവെച്ചു. ഇത് വലിയൊരു തിരിച്ചറിവാണ്.
ദുഷ്പ്രചാരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, യഥാര്‍ഥ പ്രവാചകനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയാല്‍ വലിയ സദ്ഫലമുണ്ടാകുമെന്ന് എന്റെ അനുഭവത്തിലുണ്ട്.
ഒരിക്കല്‍ വിന്നിപെഗിലെ (Winnipeg) ആരോഗ്യ കേന്ദ്രത്തില്‍ ആത്മീയതയെക്കുറിച്ച് പ്രസംഗിക്കാന്‍ എന്നെ ക്ഷണിക്കുകയുണ്ടായി. മുപ്പതിലേറെ ക്രിസ്ത്യന്‍ പാതിരിമാര്‍ അവിടെ ഉണ്ടായിരുന്നു. പ്രസംഗ മധ്യേ ഞാന്‍, മുഹമ്മദ് നബി അല്ലാഹുവിനെ ഓര്‍ത്ത് രാത്രി സുജൂദില്‍ കിടന്ന് കരഞ്ഞതും നബിയുടെ മുഖവും മുടിയും കണ്ണീരില്‍ നനഞ്ഞതുമായ സംഭവം വിവരിച്ചപ്പോള്‍, അവരില്‍ പലരുടെയും കണ്ണുകള്‍ നിറയുകയുണ്ടായി. 'യുദ്ധോത്സുകനായ പ്രവാചകനെയാണ് ഞങ്ങള്‍ കേട്ടിട്ടുള്ളത്. നിങ്ങളുടെ അവതരണത്തില്‍ നിന്നാണ് നബിയുടെ യഥാര്‍ഥ ചിത്രം ലഭിച്ചത്' എന്ന് അവര്‍ പ്രതികരിക്കുകയുണ്ടായി. ഇത്തരം ധാരാളം അനുഭവങ്ങള്‍ എനിക്കുണ്ട്. ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കുമ്പോള്‍ നൂറ് ശതമാനം ഗുണപരമായ പ്രതികരണങ്ങളാണ് എനിക്ക് ലഭിക്കാറുള്ളത്. ഈ അനുഭവത്തില്‍ നിന്ന് എനിക്ക് പറയാനുള്ളത്, മുസ്‌ലിം സമൂഹത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടക്കുകയും തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ഇസ്‌ലാമിനെ തനിമയോടെ അവതരിപ്പിച്ചുകൊണ്ടേയിരിക്കുക എന്നതാണ്, ഇസ്‌ലാമോഫോബിയയെ മറികടക്കാനുള്ള ഏറ്റവും നല്ല വഴി. 
നാം നമ്മുടെ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ അറിയാന്‍ മറ്റുള്ളവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കണം. 'അജ്ഞത ഭയം ഉല്‍പ്പാദിപ്പിക്കും, ഭയം വെറുപ്പ് സൃഷ്ടിക്കും, വെറുപ്പ് കലാപത്തിന് കാരണമാകും' എന്ന് ഇബ്‌നു റുശ്ദിന്റെ ഒരു പ്രസ്താവമുണ്ട്. ഇത് നാം ഉള്‍ക്കൊള്ളണം. 'ഇസ്‌ലാമിനെ വെറുക്കുന്ന അമേരിക്കക്കാരില്‍ ഭൂരിപക്ഷവും ജീവിതത്തില്‍ ഒരിക്കലും ഒരു മുസ്‌ലിമുമായും ഇടപഴകിയിട്ടില്ല' എന്ന് വ്യക്തമാക്കുന്ന ഒരു അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയുടെ പഠനമുണ്ട്. എന്നാല്‍, മുസ്‌ലിംകളുമായി ഇടപഴകാന്‍ അവസരം കിട്ടുന്നതോടെ പലരുടെയും സമീപനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. മുസ്‌ലിംകളോട് കടുത്ത ശത്രുത പ്രഖ്യാപിച്ചു വരുന്ന പലരും നല്ല അനുഭവങ്ങള്‍ ഉണ്ടാകുന്നതോടെ ഇസ്‌ലാമിലേക്ക് വരുന്ന സംഭവങ്ങള്‍ അമേരിക്കയിലുണ്ട്. എനിക്ക് നേരിട്ടറിയാവുന്നതാണ് ഇത്. അജ്ഞത മാറ്റിയെടുക്കുന്ന തരത്തില്‍ അനുഭവങ്ങള്‍ നല്‍കണം. വെറുപ്പിനെ തിരിച്ച് വെറുക്കുകയല്ല, അവരുടെ വെറുപ്പിന്റെ വഴികള്‍ അടച്ചുകളയുകയാണ് വേണ്ടത്. അജ്ഞയില്‍ നിന്ന് ഭയം ഉണ്ടാകും എന്ന് പറയുന്നത് വളരെ ശരിയാണ്. ടൊറണ്ടോയില്‍ ജീവിക്കുമ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചിരുന്നത്, ആളുകള്‍ പൊതുവെ ഇസ്‌ലാമിനെ വെറുക്കുന്നവരാണ് എന്നായിരുന്നു. അതുകൊണ്ട് ഞാന്‍ പൊതു ഇടങ്ങളില്‍ മറ്റുള്ളവരോട് ആദ്യമൊന്നും അടുക്കാന്‍ പോയിരുന്നില്ല. നമ്മെ അറിയാത്തതുകൊണ്ട് അവരും നമ്മെക്കുറിച്ച് ഒരു ഭയം സൂക്ഷിച്ചിരുന്നു. നബി(സ)യുടെ മാതൃക ഇതല്ലല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ആളുകളോട് അങ്ങോട്ട് ചിരിക്കാനും സംസാരിക്കാനും തുടങ്ങി. ഇതിന്റെ ഫലം വളരെയേറെ ഗുണപരമായിരുന്നു. ഈ അനുഭവങ്ങള്‍ വിശദമായി ഞാന്‍ പിന്നീട് വിവരിക്കുന്നുണ്ട്.
പ്രമാണങ്ങളെ, വിശേഷിച്ചും നബിപാഠങ്ങളെ നാം മൊത്തത്തില്‍ എടുത്ത് വിശുദ്ധമായൊരു വെളിപാടായി മനസ്സിലാക്കണം. ഹദീസുകള്‍ക്ക് സന്ദര്‍ഭങ്ങളുണ്ടാകും. ആ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഒറ്റയൊറ്റയായി ഹദീസുകള്‍ വ്യാഖ്യാനിക്കരുത്.  ചെറിയൊരു ഉദാഹരണം പറയാം: പൊണ്ണത്തടി (Obesity) ഇന്ന് വലിയൊരു പ്രശ്‌നമാണ്. വ്യായാമമില്ലായ്മയും അമിത ഭക്ഷണവുമൊക്കെയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. അമേരിക്കയില്‍ ഇതു സംബന്ധിച്ച കാര്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒരു നബിവചനത്തില്‍ ഇതിന് പരിഹാരമുണ്ട്. 'ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിന്, മൂന്നിലൊന്ന് വെള്ളത്തിന്, മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിന്' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസത്തെ നോമ്പും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷണ നിയന്ത്രണമാണ് പൊണ്ണത്തടി കുറയാനും ആരോഗ്യം സംരക്ഷിക്കാനുമുള്ള പ്രധാന വഴിയെന്ന് തെളിയിക്കുന്ന ധാരാളം പഠനങ്ങള്‍ അമേരിക്കയിലും യൂറോപ്പിലും നടന്നിട്ടുണ്ട്. ആത്മീയവും ഭൗതികവുമായ ഫലങ്ങള്‍ ഇസ്‌ലാമിനെ സന്തുലിതമായി അവതരിപ്പിക്കാനായാല്‍ അത് ഫലം ചെയ്യും.
അനീതിക്കെതിരെ മുസ്‌ലിം സമൂഹം എഴുന്നേറ്റ് നില്‍ക്കണം. എവിടെ അനീതി കണ്ടാലും ശബ്ദമുയര്‍ത്തണം. നീതിക്ക് സാക്ഷികളാകേണ്ട ജനതയാണ് നാം. അനീതിയെ നമുക്ക് മറച്ചുപിടിക്കാനാവില്ല. യുവജനങ്ങള്‍ക്ക് മുഖ്യമായും നാം നല്‍കേണ്ട സന്ദേശമാണിത്. നിയമ വ്യവസ്ഥ വളരെ ശക്തമാണ് നോര്‍ത്തമേരിക്കയിലും മറ്റു പലയിടങ്ങളിലും. അതുകൊണ്ട്, അനീതിക്കും ഇസ്‌ലാമോഫോബിയക്കും എതിരെ നിയമപരമായി നമുക്ക് പോരാടാനാകും. ടൊറണ്ടോയിലെ ഒരു വലിയ മുസ്‌ലിം ബിസിനസുകാരനെതിരെ ഒരാള്‍ 'ജിഹാദി' ആണെന്ന ആരോപണം  ഉന്നയിക്കുകയുണ്ടായി. ആരോപകന് എതിരെ കേസ് കോടതിയിലെത്തി. മുസ്‌ലിം ബിസിനസുകാരന് 2.5 മില്യന്‍ നഷ്ടപരിഹാരം നല്‍കാനും പരസ്യമായി ക്ഷമാപണം നടത്താനുമായിരുന്നു കോടതിയുടെ വിധി. 

ഇസ്‌ലാമോഫോബിക്കായ സമൂഹത്തോടുള്ള മുസ്‌ലിം സമീപനം എന്തായിരിക്കണം?

ഒരു രാജ്യത്തോ സമൂഹത്തിലോ ഇസ്‌ലാമോഫോബിയ ഉണ്ട് എന്നതിനര്‍ഥം, അവിടത്തെ എല്ലാ മനുഷ്യരും ഇസ്‌ലാമോഫോബുകളാണ് എന്നല്ല. 'നാം എന്തിനെയാണോ ഫോക്കസ് ചെയ്യുന്നത്, നമുക്ക് ചുറ്റും കാണുന്ന യാഥാര്‍ഥ്യം അതായി മാറും' എന്ന് സോഷ്യല്‍ സയന്റിസ്റ്റുകള്‍ നിരീക്ഷിച്ചിണ്ട്. ഞാന്‍ ഒരു വെളുത്ത കാറ് വാങ്ങി. പിന്നീട്, ഞാന്‍ റോഡില്‍ കാണുന്നതെല്ലാം വെളുത്ത കാറുകളാണ്! കാരണം, എന്റെ കണ്ണിലും മനസ്സിലുമുള്ളത് അതാണ്. ഇസ്‌ലാമോഫോബിയയെ നാം ഫോക്കസ്  ചെയ്താല്‍ കാണുന്നതെല്ലാം അതായിരിക്കും, ചുറ്റുമുള്ളവരൊക്കെ ഇസ്‌ലാമോഫോബുകളാണെന്ന് തോന്നും. ഇത് ശരിയായ സാമൂഹിക കാഴ്ചപ്പാടല്ല. ഇസ്‌ലാമിനെതിരായ വിമര്‍ശനമുണ്ട്, ഇസ്‌ലാമോഫോബിയയും ഉണ്ട്. പക്ഷേ, മറ്റുള്ളവരെ മുഴുവന്‍ ഇസ്‌ലാമോഫോബിയയുടെ വക്താക്കളായി തെറ്റിദ്ധരിക്കരുത്. 
ചില രാജ്യങ്ങള്‍ ഇസ്‌ലാമോഫോബിയയെ പ്രമോട്ട് ചെയ്യുന്നുണ്ടാകാം. പക്ഷേ, ആ രാജ്യത്തെ ജനം മുഴുവന്‍ അതിന്റെ വക്താക്കളാണെന്ന് നാം വിചാരിക്കരുത്. മറ്റുള്ളവരെ സംബന്ധിച്ച് സദ്വിചാരം (ഹുസ്‌നു ളന്ന്) പുലര്‍ത്തുകയാണ് ഇസ്‌ലാമിക സംസ്‌കാരം. ദുശ്ചിന്ത (സൂഉ ളന്ന്) നമുക്ക് ചേര്‍ന്നതല്ല. പക്ഷേ, സൂഉ ളന്ന് ഇന്നൊരു ശീലമായിരിക്കുന്നു. ചിലര്‍ തെറ്റായ കണ്ണുകൊണ്ടാണ് എല്ലാവരെയും കാണുന്നത്. സംശയത്തോടെ നോക്കി, എല്ലാവരെയും ശത്രുക്കളായി കരുതുന്നു. ഇത് നമ്മെ മാനസിക അസന്തുലിതത്വത്തിലേക്ക് (Mental Imbalance) നയിക്കും. അങ്ങനെ സംഭവിച്ചാല്‍, സന്തുലിതമായ വിമര്‍ശന ചിന്ത അസാധ്യമായി മാറും. പാരമ്പര്യമായി നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. നാം ക്രിയാത്മകമായ പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ അതിനെ ക്രമാനുഗതമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലും കാനഡയിലുമൊക്കെ ഭരണ, അധികാര, രാഷ്ട്രീയ രംഗത്ത് നിരവധി മുസ്‌ലിംകള്‍ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതൊക്കെ ക്രമാനുഗതമായി നാം കൈവരിച്ച നേട്ടങ്ങളാണ്. അമേരിക്കയിലെ ഇല്‍ഹാന്‍ ഒമറിനെ ഉദാഹരണമായെടുക്കുക. ഒരുകാലത്ത് അടിമകളായി കൊണ്ടുവന്നവരുടെ, അടിച്ചമര്‍ത്തപ്പെട്ടവരുടെ പില്‍ക്കാല തലമുറയാണവര്‍. ഇസ്‌ലാമിലൂടെ അവര്‍ കൈവരിച്ച നേട്ടങ്ങള്‍ നോക്കൂ. ഒരു ഭാഗത്ത്, അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തിന്റെ പ്രതീകമാണ് അവര്‍. മറുഭാഗത്ത്, വിവേചനത്തിനെതിരെ ഉയരുന്ന ശബ്ദത്തിന്റെ പ്രതിനിധാനവും. പതിറ്റാണ്ടുകള്‍ കൊണ്ട്, സാവകാശത്തില്‍ പരിശ്രമിച്ച് നേടിയതാണിത്.
നോര്‍ത്ത് അമേരിക്കയിലെ ഇത്രയും കാലത്തെ ജീവിതവും ചര്‍ച്ചകളും മറ്റും എനിക്ക് തന്ന അനുഭവങ്ങളില്‍ നിന്ന് മനസ്സിലായത്, ഇസ്‌ലാമിനെ സംബന്ധിച്ച വലിയ അജ്ഞതയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നത് എന്നാണ്. തെറ്റിദ്ധാരണകളാണ് പലരെയും നയിക്കുന്നത്. നാം നമ്മുടെ ദൗത്യം ശരിയാംവിധം നിര്‍വഹിക്കാന്‍ തയാറായാല്‍ വലിയ മാറ്റമുണ്ടാകും എന്നതാണ് എന്റെ അനുഭവം. ഇസ്‌ലാം സ്വയം വിശദീകരിക്കുന്നതാണ്. നാം അതിലേക്ക് ഒന്നും ചേര്‍ക്കേണ്ടതില്ല. അതിനെ യഥാവിധി പ്രതിനിധാനം ചെയ്താല്‍ മതി. മുഹമ്മദ് അസദ് പറഞ്ഞതുപോലെ, 'ഇസ്‌ലാം വിശിഷ്ടമായൊരു കലാ പ്രവര്‍ത്തനമാണ്.' ഇസ്‌ലാമിലേക്ക് പുറത്തുനിന്ന് ഒന്നും ചേര്‍ക്കേണ്ടതില്ല, അതിനകത്തുനിന്ന് ഒന്നും എടുത്തു മാറ്റാനും പാടില്ല. ഇസ്‌ലാമിന്റെ തനത് സൗന്ദര്യത്തെ നാം പ്രതിനിധാനം ചെയ്യണം. മുസ്‌ലിംകള്‍ക്ക് അത് സാധ്യമാകണം. 9/11-ന് ശേഷം നോര്‍ത്ത് അമേരിക്കയില്‍ നടന്ന ചില സംവാദങ്ങളില്‍ ഈ വിധത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ചതിന്റെ സദ്ഫലം ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. മുമ്പ് കൂടുതലായിരുന്ന ഇസ്‌ലാംസ്വീകരണം 9/11-ന് ശേഷം താരതമ്യേന കുറവുവന്നിട്ടുണ്ട്. പക്ഷേ, 9/11-ന് ശേഷമുള്ള വര്‍ധിച്ച ഇസ്‌ലാമോഫോബിയ, കുറേപ്പേരെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഇസ്‌ലാമിനെതിരായ വിമര്‍ശനം കേട്ട്, മറുവശം അറിയാന്‍ വേണ്ടി പഠിച്ച്, ഇസ്‌ലാം സ്വീകരിക്കുന്ന ധാരാളം  സ്ത്രീകള്‍ ഇംഗ്ലണ്ടിലുണ്ട്. ഇവിടെ, തമിഴ്‌നാട്ടിലെ ഫാത്വിമ ശബരിമാലയുടെ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ.
മുസ്‌ലിം സമൂഹം തുറന്ന സമീപനം സ്വീകരിക്കുക എന്നതാണ് ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള പ്രധാന വഴികളിലൊന്ന്. എന്നാല്‍, ഇസ്‌ലാമിനെ ഇതര സമൂഹങ്ങള്‍ക്കു മുമ്പില്‍ ഗുണാത്മകമായി അവതരിപ്പിക്കുന്നതിന് മുസ്‌ലിം സമൂഹത്തില്‍ ചിലരുടെ ജീവിതവും നടപടികളും വലിയ തടസ്സമായി മാറാറുണ്ട്. ചില രംഗങ്ങളില്‍ യാഥാസ്ഥിതികത്വം കടന്നുകൂടി. ചില തുറവികളൊക്കെ നാം നഷ്ടപ്പെടുത്തി. ഒരുതരം മെന്റല്‍ ബ്ലോക്ക് മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. മുസ്‌ലിം ഉമ്മത്ത് ശത്രുക്കളില്‍ നിന്ന് നേരിടേണ്ടി വന്ന ആക്രമണങ്ങള്‍, ചില പിന്‍വാങ്ങലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. തുറവികള്‍ നഷ്ടപ്പെടുത്തിയത് നമുക്ക് നഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍, ഇസ്‌ലാമിനോളം തുറവിയുള്ള മറ്റൊരു ദര്‍ശനവും ലോകത്തില്ല. ഇന്തോനേഷ്യയുടെ ചരിത്രം നാം പഠിക്കണം. ഇസ്‌ലാം അവിടെ വരുത്തിയ മാറ്റം നമുക്ക് ബോധ്യപ്പെടും. ജാഹിലിയ്യത്തിന്റെ പ്രത്യേകതകളായ അടച്ചുപൂട്ടലുകളും (Close Mindedness) വംശീയതകളുമൊക്കെ അവസാനിപ്പിക്കുകയാണല്ലോ ഇസ്‌ലാം ചെയ്തത്. ഭൂമിയുടെ വിശാലതയെക്കുറിച്ച അധ്യാപനങ്ങള്‍, ഇസ്‌ലാമിന്റെ തുറവിയുടെ കൂടി പ്രഖ്യാപനങ്ങളാണ്. ഇസ്‌ലാമിന്റെ വിജയവും ലോകത്തിന്റെ തുറവിയാണ്; അതാണ് ഫത്ഹ്. വിജയം അഥവാ ഫത്ഹ് എന്നാല്‍, എല്ലാ മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കുമായി തുറന്നുവെക്കുക കൂടിയാണ്.
തീവ്ര നിലപാട് കൈയൊഴിഞ്ഞു മധ്യമമാര്‍ഗം സ്വീകരിക്കാന്‍ ഇസ്‌ലാം പഠിപ്പിച്ചു. മധ്യമനിലപാടാണ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. എന്നാല്‍, ചിലര്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് ഉപേക്ഷിച്ച്, തീവ്രമോ യാഥാസ്ഥിതികമോ ആയ സമീപനങ്ങള്‍ പുലര്‍ത്തുന്നവരാണ്. ഇത്  തിരുത്തണം. പ്രവാചകന്റെ പ്രബോധന ശൈലിയെ നാം ജീവിതമാക്കുകയാണ് വേണ്ടത്. നബിയുടെ പ്രബോധനം പ്രഭാഷണമായിരുന്നില്ല; ജീവിതമായിരുന്നു. കോപ്റ്റിക് ക്രൈസ്തവനായിരുന്ന അബൂറാഫിഅ, ഖുറൈശികളുടെ പ്രതിനിധിയായി മദീനയിലെത്തിയപ്പോള്‍, നബി അയാളെ പ്രസംഗിച്ച് പ്രബോധനം ചെയ്തില്ല. അയാള്‍ നബിയുടെ നടപടികള്‍ നിരീക്ഷിച്ചു, സ്വഹാബികളുടെ ഇടപെടലുകള്‍ നോക്കിക്കണ്ടു.... അദ്ദേഹത്തിന് മാനസിക പരിവര്‍ത്തനമുണ്ടായി. 'ഞാന്‍ മദീനയില്‍ തന്നെ നില്‍ക്കുകയാണ്, മക്കയിലേക്ക് തിരികെ പോകുന്നില്ല' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍, നബിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'താങ്കള്‍ മക്കയില്‍ നിന്ന് ഒരു ദൗത്യവുമായി വന്നതാണ്. അത് പൂര്‍ത്തീകരിച്ച് അവിടേക്ക് തിരിച്ച് പോകണം. അവിടെ എത്തിയ ശേഷവും ഇതേ മാനസികാവസ്ഥ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മദീനയിലേക്ക് വരാം.' പൊതു സമൂഹത്തിന് മുന്നില്‍ നാം എങ്ങനെ ജീവിക്കുന്നു, മറ്റുള്ളവരോട് എങ്ങനെ ഇടപെടുന്നു എന്നത് വളരെ പ്രധാനമാണ്. ഒരു ചിത്രം ആയിരം വാക്കുകളെക്കാള്‍ മൂല്യവത്താണ്. തെക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ജനങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ ഇന്ന് കാണുന്ന മാറ്റം സാധ്യമായത് എങ്ങനെയാണെന്ന് ഇന്ത്യയിലെ മുസ്‌ലിം സമൂഹം പഠിക്കേണ്ടതാണ്. 
മുഹമ്മദ് നബി (സ) പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ മക്കക്കാരെ ഒരുമിച്ചു ചേര്‍ത്ത്, 'ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കില്ലേ?' എന്ന് ചോദിക്കുന്നുണ്ട്. 'അതെ' എന്നാണ് അവരുടെ മറുപടി. തുടര്‍ന്നാണ് നബി (സ) ഇസ്‌ലാമിനെ അവതരിപ്പിക്കുന്നത്. ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളുടെ, സംഘങ്ങളുടെ സാമൂഹിക സ്വീകാര്യത, ക്രെഡിബിലിറ്റി വളരെ പ്രധാനമാണ്. പ്രബോധക സംഘം എന്ന നിലക്ക്, മുസ്‌ലിം ഉമ്മത്ത് തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ വിശ്വാസ്യതയും സ്വീകാര്യതയുമുള്ള സാംസ്‌കാരിക ഔന്നത്യം കൈവരിക്കണം. ക്രെഡിബിലിറ്റി ഉള്ളവരെ പൊതു സമൂഹം സ്വീകരിക്കും. 
(തുടരും)
 70257 86574
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് mhdpkd@gmail.com