Prabodhanm Weekly

Pages

Search

2022 നവംബര്‍ 11

3276

1444 റബീഉല്‍ ആഖിര്‍ 16

ആകാരവും തൊലി നിറവും  അത്രമേല്‍ ഊന്നിപ്പറയേണ്ടതുണ്ടോ?

മുഹമ്മദ്കുട്ടി എളമ്പിലാക്കോട് 8078300878

മുഹമ്മദ് ജബാറയുടെ Muhammed, the World - Changer എന്ന കൃതിയില്‍ നിന്ന് എ.കെ അബ്ദുല്‍ മജീദ് വിവര്‍ത്തനം ചെയ്ത് പ്രബോധനത്തില്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയെക്കുറിച്ച എഴുത്ത് വേറിട്ട വായനാനുഭവം പകര്‍ന്നു.  ഭാവി ലോകത്തിന്റെ ഭാഗധേയത്തെ അടിമുടി മാറ്റിത്തിരുത്താന്‍ പോന്നതും, മനുഷ്യ പ്രകൃതിയോട് ഗാഢമായി ചേര്‍ന്നു നില്‍ക്കുന്നതുമായ അതുല്യമായ ജീവിത ആദര്‍ശത്തിന്റെ മുന്നേറ്റം, ആയിരത്താണ്ടുകള്‍ക്കപ്പുറം, മരുഭൂ രംഗവിതാനത്തില്‍ മുഹമ്മദ് നബിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത് ഒരു ചലച്ചിത്രത്തിലെന്ന പോലെ അതീവ ഹൃദ്യമായി അനുഭവവേദ്യമാക്കിത്തീര്‍ത്തു മുഹമ്മദ് ജബാറയുടെ അനുഗൃഹീത തൂലിക. എ.കെ അബ്ദുല്‍ മജീദിന്റെ സൂക്ഷ്മമായ മൊഴിമാറ്റവും  അഭിനന്ദനീയം. ഇസ്‌ലാമെന്ന സമഗ്രമായ ജീവിത രീതിയുടെ അന്തസ്സത്ത ഉള്‍ക്കൊള്ളുന്നതും, പുതിയ കാലത്തോട് സംവദിക്കും വിധം പ്രബുദ്ധവും പുരോഗമനോന്മുഖവുമായ മുഹമ്മദ് ജബാറയുടെ അഭിവീക്ഷണങ്ങളെ ഏറെ ആദരവോടെ നോക്കിക്കാണുന്നതോടൊപ്പം, പ്രവാചകന്റെ തൊലി നിറവും  ആകാര - കേശ രൂപ ഭംഗിയും  അത്രമേല്‍ ഊന്നിപ്പറയേണ്ടതോ ഊറ്റം കൊള്ളേണ്ടതോ ആയ കാര്യമാണോ എന്നൊരു ശങ്ക കല്ലു കടിയായതും മറച്ചുവെക്കുന്നില്ല. കറുത്തവരും കുറിയവരും, സാമ്പ്രദായിക ലോക ബോധ്യങ്ങള്‍ വിരൂപികളെന്നു വിധിച്ച് പ്രാന്തവല്‍ക്കരിക്കുന്നവരുമെല്ലാമുള്‍ക്കൊള്ളുന്ന മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും ജീവിതം പാടേ മാറ്റിത്തിരുത്താന്‍ ആഗതനായ മഹാ പരിഷ്‌കര്‍ത്താവിനെ,  സംശുദ്ധമായ ജീവിത മാതൃകകള്‍ കൊണ്ടും മഹനീയമായ ആശയാദര്‍ശങ്ങള്‍ കൊണ്ടും തന്നെ ഉയര്‍ത്തിനിര്‍ത്താം. 


പുതിയ സമര മാതൃകകള്‍ സൃഷ്ടിക്കണം

എ. മൂസ എടക്കാപറമ്പ്

മുന്‍ ലക്കത്തില്‍ (ലക്കം 22 )പി.സി മുഹമ്മദ് കുട്ടി  എഴുതിയത്  ശരിയാണ്. പുതുതായി രൂപീകൃതമായ പാര്‍ട്ടികള്‍ വരെ പഴകിപ്പുളിച്ച സമര രീതി കണ്ണടച്ച് അനുകരിക്കുന്നതാണ് കാണുന്നത്. ഈ രീതി കടമെടുത്തിരിക്കുന്നത് ഏത് ചരിത്ര  ഘട്ടത്തില്‍ നിന്നായിരുന്നാലും ഇന്ന് അതിന്  പ്രസക്തിയുണ്ടോ എന്ന് പുനരാലോചിച്ചേ മതിയാവൂ. പുതിയ സമര രീതി ആവിഷ്‌കരിക്കുന്നതില്‍ ഗാന്ധിജി  മാതൃകയാണ്.
ജപ്പാനില്‍ ഒരു ഷൂ കമ്പനി ജീവനക്കാര്‍ സമരം ചെയ്തത് കേട്ടിട്ടുണ്ട്. ഇടതു കാലിന്റെ ഷൂ മാത്രം നിര്‍മിച്ച് കമ്പനിയുടെ വ്യാപാരം തടസ്സപ്പെടുത്തി. തൊഴിലാളികള്‍ ജോലി തുടര്‍ന്നുകൊണ്ടിരുന്നു. കമ്പനി സാധാരണ പോലെ നടന്നു. കമ്പനിയില്‍ ഇടത് കാല്‍ ഷൂ കുന്നുകൂടി. അങ്ങനെ ആ തൊഴിലാളികള്‍ ലോക ജനശ്രദ്ധ  പിടിച്ചുപറ്റി.
ഇത്തരം പുതിയ സമര മാതൃകകള്‍  ഉണ്ടാകേണ്ടിയിരിക്കുന്നു. മിക്ക സമരങ്ങളും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും വിഷമങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുന്നു. പൊതുമുതല്‍ നശിക്കുന്നു. ഇങ്ങനെ വഴിയില്‍ മുള്ളു വാരിയെറിഞ്ഞ് പൊതുജന ശ്രദ്ധ നേടുന്നതിനു പകരം വഴികളില്‍, വിദ്യാലയ കേന്ദ്രങ്ങളില്‍, സ്ഥാപനങ്ങളില്‍ പുഷ്പ വൃഷ്ടി നടത്തി  ശ്രദ്ധ പിടിച്ചുപറ്റുന്ന പുതിയ എന്തെങ്കിലും രീതികള്‍ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. 


ലോകത്തെ മാറ്റിപ്പണിത വിപ്ലവകാരി

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്

നബിയെക്കുറിച്ച് മുഹമ്മദ് ജബാറ എഴുതിയ പുസ്തകത്തില്‍നിന്നെടുത്ത ഭാഗം (2022 ഒക്‌ടോബര്‍ 14) വായിച്ചു. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട മക്കയിലെ ജനത പരിപൂര്‍ണ നഗ്നരായി കഅ്ബാ മന്ദിരം ത്വവാഫ് ചെയ്യുമായിരുന്നു. മുഹമ്മദ് നബി(സ)യുടെ വരവോടുകൂടി എല്ലാ അന്ധവിശ്വാസങ്ങള്‍ക്കും അറുതിയാവുന്നുണ്ട്. കാലഘട്ടങ്ങളെ മാറ്റിമറിക്കുവാനും, ലോകത്തെ ആകമാനം മാറ്റിപ്പണിയുവാനും മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. സത്യത്തിന്റെ മാര്‍ഗത്തില്‍ ലോകത്തിന് തന്നെ മാതൃകയായി അദ്ദേഹം ജീവിച്ചു. 'കുന്നിന്‍ മുകളില്‍ തനിയെ നില്‍ക്കുന്ന ഈ മനുഷ്യന്‍ ലോകത്തിലെ ഏറ്റവും സ്വാധീനശേഷിയുള്ള ആളുകളില്‍ ഒരാളായി മാറുമെന്ന് അപ്പോള്‍ ആരും നിനച്ചില്ല' എന്ന് ആ കൃതിയില്‍ പറയുന്നു. ആ ജീവിതത്തില്‍നിന്ന് തലമുറകള്‍ക്ക് ധാരാളം പാഠം ഉള്‍ക്കൊള്ളാനുണ്ട്. ജീര്‍ണിച്ച് ദ്രവിച്ചു കൊണ്ടിരിക്കുന്ന വ്യവസ്ഥിതികളില്‍ ജീവിക്കുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് മുഹമ്മദ് നബി(സ)യില്‍ ഉത്തമ മാതൃകയുണ്ട്. ലോകത്തെ മാറ്റിപ്പണിത വിപ്ലവകാരിയായ നബി(സ)യെ എല്ലാ കാലക്കാരും ഓര്‍മിക്കാതിരിക്കില്ല. 

ജോഡോ യാത്രയില്‍നിന്ന് മടങ്ങുമ്പോള്‍

കെ.സി ജലീല്‍ പുളിക്കല്‍

'മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി' എന്ന പഴഞ്ചൊല്ലാണ്, കെജ്‌രിവാളിന്റെ 'കറന്‍സി' പ്രസ്താവനയും കോണ്‍ഗ്രസിന്റെ ജോഡോ യാത്രയും ചേര്‍ത്തു വായിച്ചപ്പോള്‍ ഓര്‍മവന്നത്. സ്വതന്ത്ര ഭാരതത്തിലെ എല്ലാ വിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച് മതേതര ജനാധിപത്യ പാതയിലൂടെ ദീര്‍ഘകാലം രാജ്യത്തെ നയിച്ച പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. എന്നാല്‍, ഇടക്കാലത്ത് ബി.ജെ.പി വര്‍ഗീയ കാര്‍ഡിറക്കി കളിക്കുന്നത് കണ്ട് കൗതുകം തോന്നിയ കോണ്‍ഗ്രസ് മൃദുല വര്‍ഗീയത ഇറക്കാനാകുമോ എന്നാലോചിച്ച് മെല്ലെപ്പോവുകയും ചിലപ്പോള്‍ കാര്‍ഡിറക്കി നോക്കുകയും ചെയ്തു. എല്ലാം നഷ്ടത്തില്‍ കലാശിച്ചു. പൈങ്കിളി ചാടിച്ചാടി പോകുന്നത് കണ്ട് കൗതുകം തോന്നി പൈങ്കിളിയെ അനുകരിച്ച് നേരെയുള്ള നടത്തം മറന്ന് 'രണ്ടും കെട്ട' അവസ്ഥയിലായ കാക്കയെപ്പോലെ ഗതിമുട്ടിനിന്ന കോണ്‍ഗ്രസ് 'നടക്കാനിറങ്ങി'യതിനെ രാജ്യസ്നേഹികള്‍ പ്രതീക്ഷയോടെ കാണുകയാണ്.
ഇതിനിടക്കാണ് വര്‍ഗീയതയോട് അന്ധവിശ്വാസവും ചേര്‍ത്ത് 'വീര്യം കൂട്ടിയ' കാര്‍ഡിറക്കി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയത്.  മൃദുലതക്കോ പ്രീണനത്തിനോ ഇടമില്ലാതായിക്കഴിഞ്ഞു.
കോണ്‍ഗ്രസ് ഇനി വര്‍ഗീയ കളരിയിലേക്ക് തിരിഞ്ഞു നോക്കേണ്ടതേയില്ല. സംഘ് പരിവാറും കെജ്‌രിവാള്‍ സംഘും അവിടെ നിറഞ്ഞാടുന്നുണ്ട്. മറ്റാര്‍ക്കും ഇനി അവിടെ 'സ്പേസ്' ഇല്ല. കളരിക്കളത്തിലുള്ളവര്‍ ഒത്തുകളിക്കുകയാണോ? അതല്ല, കളി കാര്യത്തിലാണോ? ഒത്തുതീര്‍പ്പിലാകുമോ? ആര്‍ ആരെ വിഴുങ്ങും? കാത്തിരുന്നു കാണാം. തല്‍ക്കാലം പ്രതീക്ഷക്ക് വകയില്ല.
  കോണ്‍ഗ്രസിലേക്ക് തന്നെയാണ് പ്രതീക്ഷയോടെ ജനം ഉറ്റുനോക്കുന്നത്. അതോടൊപ്പം  കോണ്‍ഗ്രസിന് അവസരത്തിനൊത്ത് ഉയരാനാവുമോ എന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. കഴിഞ്ഞ കാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ ആശങ്ക സ്വാഭാവികം. ജോഡോ യാത്രയും പ്രസിഡന്റ് തെരഞ്ഞെടുപ്പുമാണ് വീണ്ടും കോണ്‍ഗ്രസില്‍ പ്രതീക്ഷ വെക്കാന്‍ കാരണമായത്. ഈ പ്രതീക്ഷയും അസ്തമിച്ചാല്‍ കൂരിരുള്‍ തന്നെ ഫലം; പാര്‍ട്ടിക്കും മിക്കവാറും നാട്ടിനും.
ജോഡോ യാത്ര കശ്മീരിലെത്തി, പിരിഞ്ഞു പോരാന്‍ തുടങ്ങും മുമ്പ് ഒരു നിമിഷം നില്‍ക്കണം; ഭാവിയിലേക്ക് നോക്കിക്കൊണ്ട്. യാത്രയയക്കാനെത്തിയവരിലതാ പണ്ഡിറ്റുമാരും. അപ്പോള്‍ പണ്ഡിറ്റ് ജവഹര്‍ലാര്‍ നെഹ്റുവിനെ ഓര്‍മവരാതിരിക്കില്ല. ഗാന്ധിജിയോടൊപ്പം സ്വാതന്ത്ര്യസമരം നടത്തിയ, സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ്, ചേരിചേരാ രാഷ്ട്രങ്ങളുടെ തലവന്‍, സര്‍വോപരി കോണ്‍ഗ്രസ് ഉന്നതതല ആദ്യകാല നേതാവ്....
എല്ലാ മതങ്ങളോടും സമഭാവന പുലര്‍ത്തിയ, വര്‍ഗീയ പ്രീണനമോ മൃദുല വര്‍ഗീയതയോ ഇല്ലാത്ത ശുദ്ധ മതേതര പാതയിലൂടെ രാജ്യത്തെ നയിച്ച നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു. എല്ലാ സംസ്ഥാനങ്ങളും എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നെഹ്റു നയിച്ച മതേതര ജനാധിപത്യത്തിന്‍ കീഴില്‍ അണിനിരന്നു. കുടുംബ വാഴ്ചയോ സ്വാര്‍ഥതയോ നെഹ്റുയുഗത്തില്‍ ആരോപിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഈ യുഗത്തിലേക്കാണ് കോണ്‍ഗ്രസ് തിരിച്ചുപോകേണ്ടത്. അതിനുള്ള പ്രതിജ്ഞയെടുത്തു വേണം ജോഡോ യാത്രയില്‍നിന്ന് മടങ്ങാന്‍. എങ്കില്‍ ജനം കോണ്‍ഗ്രസിനൊപ്പം അണിനിരക്കും. 


ഖറദാവിയുടെ  ഖുര്‍ആന്‍ പാരായണവും  പഠന ക്ലാസും

കെ.പി ഉമ്മര്‍ 9645586865

ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ഖിറാഅത്തും പ്രസംഗ ശൈലിയും ആരുടെയും ശ്രദ്ധ പിടിച്ചു നിര്‍ത്തുന്നതായിരുന്നു. ഖുര്‍ആന്‍ പാരായണം ഓരോരുത്തര്‍ക്കും ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത് പോലെയാണ് അനുഭവപ്പെടുക. നമസ്‌കാരത്തില്‍ ഫാത്തിഹയിലെയും മറ്റു സൂറത്തുകളിലെയും ചില ആയത്തുകള്‍ ആവര്‍ത്തിച്ച് ഓതാറുണ്ട്.  കുറച്ചു കാലം തറാവീഹ്  നമസ്‌കാരങ്ങളില്‍ ആ ഖിറാഅത്ത് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി. ഇന്നും മനസ്സില്‍ അത് മങ്ങാതെ നില്‍ക്കുന്നു. തറാവീഹ് നാലു റക്അത്ത് കഴിഞ്ഞാല്‍ നടക്കുന്ന അദ്ദേഹത്തിന്റെ പഠന ക്ലാസ്സ്, നമസ്‌കാരത്തില്‍ അന്ന്  പാരായണം ചെയ്ത പ്രധാന  ആയത്തുകളുമായി ആനുകാലിക വിഷയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും.
ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കുന്ന വിശദീകരണങ്ങള്‍ കേട്ട് സദസ്സ് ചിരിക്കുകയും കരയുകയും   ചെയ്യുന്നത് കണ്ടിട്ടുണ്ട്. നര്‍മം കലര്‍ത്തിയായിരിക്കും ചിലപ്പോള്‍ നിരൂപണങ്ങള്‍. ഒരിക്കല്‍ ആ സദസ്സില്‍ ഇരുന്ന് ഒരു വന്ദ്യ വയോധികന്‍ കരയുന്നത് ശ്രദ്ധയില്‍ പെട്ടു. ഉന്നത പണ്ഡിതനും ഇഖ്വാന്‍ നേതാവുമായിരുന്ന അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍ ആയിരുന്നു അതെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഇഖ്വാനുല്‍ മുസ്‌ലിമൂന്‍ എന്ന, ഈജിപ്തിലെ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട ത്യാഗത്തിന്റെ കഥകള്‍ സൈനബുല്‍ ഗസാലിയുടെ ജയിലനുഭവങ്ങളിലൂടെ പണ്ടെന്നോ വായിച്ചത് ഓര്‍മയില്‍ വന്നു. അങ്ങനെ ജയിലിലടക്കപ്പെട്ടവര്‍ തന്നെയായിരുന്നു യൂസുഫുല്‍ ഖറദാവിയും അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറും എന്നോര്‍ത്തപ്പോള്‍ ആ കരച്ചിലിന്റെ ഉറവിടം കണ്ടെത്താനായി. കാലം ഇങ്ങനെയുള്ള പരിഷ്‌കര്‍ത്താക്കളെ ഇനിയും സമ്മാനിച്ചുകൊണ്ടിരിക്കും എന്നു സമാധാനിക്കാനേ നമുക്ക് കഴിയൂ. അതിനു വേണ്ടി പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 44-48
ടി.കെ ഉബൈദ്‌

ഹദീസ്‌

മന്ത്രം, ഏലസ്സ്, മാരണം
ഡോ. കെ. മുഹമ്മദ് പാ@ിക്കാട് mhdpkd@gmail.com