Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

ജെന്‍ഡര്‍ വര്‍ണരാജി സമീപനത്തിന്റെ പ്രശ്‌നങ്ങള്‍ - 3 രാഷ്ട്രീയ സമീപനം

ടി.കെ.എം ഇഖ്ബാല്‍   tkmiqbal1@gmail.com

പഠനം /


മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലൈംഗിക ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഇതര ന്യൂനപക്ഷ വിഭാഗങ്ങളോട് രാഷ്ട്രീയമായി ഐക്യപ്പെടുകയല്ലേ വേണ്ടത് എന്ന ഒരു വാദം ഉന്നയിക്കപ്പെടാറുണ്ട്. ഷെര്‍മന്‍ ജാക്‌സണ്‍, ജോനാഥന്‍ എ.സി ബ്രൗണ്‍ തുടങ്ങിയ അമേരിക്കയിലെ അറിയപ്പെടുന്ന ചില ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ സ്വവര്‍ഗ വിവാഹത്തെ അനുകൂലിക്കണം എന്ന് വാദിച്ചത് ഈ നിലപാടില്‍ നിന്നു കൊണ്ടാണ്. (ബ്രൗണ്‍ പിന്നീട് തന്റെ അഭിപ്രായങ്ങളില്‍ ചില പുനര്‍വിചിന്തനങ്ങള്‍ നടത്തുകയുണ്ടായി). അമേരിക്കന്‍ മുസ്‌ലിംകളുടെ വിവാഹത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ സ്വവര്‍ഗ വിവാഹത്തെ അവര്‍ അനുകൂലിക്കണം എന്നായിരുന്നു അവരുടെ വാദം. അമേരിക്കയില്‍ മാത്രമല്ല, മുസ്‌ലിംകള്‍ ന്യൂനപക്ഷമായ മറ്റു പല രാജ്യങ്ങളിലും ഇതു പോലെയുള്ള വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.
ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ അതിന് മറുപടി നല്‍കിയിട്ടുമുണ്ട്. ഇസ്ലാം വ്യക്തമായും ഖണ്ഡിതമായും വിലക്കിയ ഗുരുതരമായ ഒരു തിന്മയെ രാഷ്ട്രീയ സ്ട്രാറ്റജിയുടെ പേരിലാണെങ്കിലും മുസ്‌ലിംകള്‍ അനുകൂലിക്കണം എന്ന് പണ്ഡിതന്മാര്‍ വരെ അഭിപ്രായപ്പെടുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്, എല്‍.ജി.ബി.ടി രാഷ്ട്രീയത്തിന്റെ സ്വാധീനം എത്രമാത്രം ശക്തമാണെന്നാണ്. എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി ലോക രാഷ്ട്രങ്ങള്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിംകളുടെ പിന്തുണയോ എതിര്‍പ്പോ അവര്‍ക്ക് ഒരു നിര്‍ണായക ഘടകമല്ല. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ലൈംഗികാഭിമുഖ്യങ്ങളെ മനശ്ശാസ്ത്ര ചികിത്സയിലൂടെ മാറ്റിയെടുക്കുന്ന കണ്‍വര്‍ഷന്‍ തെറാപ്പി ഇന്ത്യയിലെ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ നിരോധിച്ചത് ഈയിടെയാണ് (ഒരാള്‍ക്ക് സ്വയം ഏത് ജെന്‍ഡറും തെരഞ്ഞെടുക്കാം, അതെത്ര അപകടകരമാണെങ്കിലും മറ്റുള്ളവര്‍ അതില്‍ ഇടപെടരുത് എന്ന ലിബറല്‍ യുക്തിയാണ് ഇതിന്റെ പിന്നില്‍). അതേസമയം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് എതിര്‍ ലിംഗത്തിലേക്ക് മാറുന്നതിന് വേണ്ടിയുള്ള അതി സങ്കീര്‍ണവും വിജയസാധ്യത കുറഞ്ഞതുമായ ശസ്ത്രക്രിയക്ക് (Sexual Reassignment Surgery) നിയമത്തിന്റെ എല്ലാ പിന്തുണയുമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും കുട്ടികളില്‍ ഈ സര്‍ജറി നടത്താന്‍ രക്ഷിതാക്കളുടെ അനുമതി പോലും ആവശ്യമില്ല. സ്വവര്‍ഗ വിവാഹത്തിന് ധാരാളം രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ നിയമപരിരക്ഷയുണ്ട്. 
വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇത്തരം തിന്മകളെ സാധ്യമായ രീതിയില്‍ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിന് പകരം അനുകൂലിക്കണം എന്ന് വാദിക്കുന്നത് അല്ലാഹു കഠിനമായി വിലക്കിയ കാര്യങ്ങള്‍ക്ക് സാധൂകരണം നല്‍കലാണ്. മുസ്‌ലിംകളുടെ സാംസ്‌കാരികവും ധാര്‍മികവുമായ അടിത്തറയെ അത്തരം നിലപാടുകള്‍ ദുര്‍ബലമാക്കുകയും ചെയ്യും. മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഇത്തരം തിന്മകള്‍ പടരുന്നതിന് ഇത് കാരണമാക്കും. ഫാഷിസം, വംശീയത തുടങ്ങിയ തിന്മകളെപ്പോലും മുസ്‌ലിംകള്‍ എതിര്‍ക്കേണ്ടത് അവരുടെ താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നതു കൊണ്ട് മാത്രമല്ല, അത് അല്ലാഹു വിലക്കിയ തിന്മകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നതു കൊണ്ടുകൂടിയാണ്. രാഷ്ട്രീയമായി ഗുണകരമാണെങ്കില്‍ പോലും സ്വയം വംശീയവാദിയാവാന്‍ മുസ്‌ലിമിന് പാടില്ലാത്തത് വംശീയത ഇസ്‌ലാം വിലക്കിയ തിന്മയായതു കൊണ്ടാണ്. അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ വിലക്കുകയോ ചെയ്യുന്നതിന് പിന്നില്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്നതും പറ്റാത്തതുമായ കാരണങ്ങളും യുക്തികളും ഉണ്ടാകും എന്നത് മറ്റൊരു യാഥാര്‍ഥ്യം.

ഇടപെടല്‍ എങ്ങനെ?

ഭരണകൂടത്തിന്റെയും മീഡിയയുടെയും പിന്തുണയോടെ എല്‍.ജി.ബി.ടി ആശയങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ലിബറല്‍, ജനാധിപത്യ ഇടത്തില്‍ നിന്നുകൊണ്ട് മുസ്‌ലിംകള്‍ ഈ പ്രശ്‌നത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന വളരെ പ്രസക്തമായ ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. മുസ്‌ലിം പ്രശ്‌നങ്ങളോട് അനുഭാവം പുലര്‍ത്തുകയും അവരോട് രാഷ്ട്രീയമായി ഐക്യപ്പെടുകയും ചെയ്യുന്ന, എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകളുമായും അവരെ പിന്തുണക്കുന്നവരുമായുള്ള മുസ്‌ലിം ഇടപെടലിനെ ഇത് സങ്കീര്‍ണമാക്കില്ലേ എന്ന ന്യായമായ ആശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇസ്‌ലാമിക കാഴ്ചപ്പാടില്‍ എല്‍.ജി.ബി.ടിയോടുള്ള നിലപാട് കൃത്യപ്പെടുത്തുകയും അതെക്കുറിച്ച് മുസ്‌ലിംകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുകയുമാണ് ഒന്നാമതായി വേണ്ടത്. ആശയപരമായ വിയോജിപ്പുകള്‍ തുറന്നു പറയാനുള്ള ഇടം നിലനിര്‍ത്തിക്കൊണ്ട് ആരുമായും എന്‍ഗേജ് ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് തടസ്സമില്ല. അംറുന്‍ ബില്‍ മഅ്‌റൂഫ്, നഹ്‌യുന്‍ അനില്‍ മുന്‍കര്‍ എന്നത് വ്യക്തിപരവും സാമൂഹികവുമായ എന്‍ഗേജ്‌മെന്റിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ്.
'നന്മയിലും തഖ്‌വയിലും പരസ്പരം സഹകരിക്കുക. തെറ്റിലും അതിക്രമത്തിലും സഹകരണമരുത്' എന്നതാണ് ആക്ടിവിസവും സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട മറ്റൊരു ഖുര്‍ആനിക നിര്‍ദേശം.
എല്‍.ജി.ബി.ടിയിലെ വിവിധ വിഭാഗങ്ങളോട് ഇസ്‌ലാമിന്റെ സമീപനം വ്യത്യസ്തമായതു കൊണ്ട് അവരുമായുള്ള ഇടപെടലിന്റെ രീതിയും സമീപനവും അതിനനുസരിച്ച് വ്യത്യാസപ്പെടും. എല്‍.ജി.ബി.ടിയുമായുള്ള ഇടപെടലിലെ ഏറ്റവും വലിയ പ്രതിസന്ധി ഏത് തരം വിമര്‍ശനത്തെയും റാസിസവും അസഹിഷ്ണുതയുമായി അവര്‍ മനസ്സിലാക്കുന്നു എന്നതാണ്. ഇസ്‌ലാമിന്റെ എതിര്‍പ്പ് വ്യക്തികളോടല്ല, തിന്മകളോടാണ് എന്ന് മുമ്പ് പറഞ്ഞല്ലോ. എല്‍.ജി.ബി.ടി യോടുള്ള മുസ്ലിംകളുടെ സമീപനവും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കണം.
എല്‍.ജി.ബി.ടി ആശയങ്ങള്‍ മുസ്‌ലിംകളെ മാത്രം ദോഷകരമായി ബാധിക്കുന്നതല്ല എന്ന ബോധ്യം ഉണ്ടായിരിക്കുക എന്നതും പ്രധാനമാണ്. സ്വവര്‍ഗരതി പോലുള്ള തിന്മകള്‍ ദോഷകരമായി ബാധിക്കുക അത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെയും, അവര്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തെയുമാണ്. തിന്മകള്‍ എങ്ങനെയാണ് സമൂഹത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച ഇസ്‌ലാമിന്റെ നിലപാട് നേരത്തെ വിശദീകരിച്ചിട്ടുണ്ടല്ലോ.
അതു കൊണ്ട് മുസ്‌ലിംകള്‍ ഇതിനെ അവരുടെ സദാചാരത്തെയും സംസ്‌കാരത്തെയും ബാധിക്കുന്ന ഒരു പ്രശ്‌നമായിട്ട് മാത്രമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ആരോഗ്യകരമായ നിലനില്‍പിനെ ബാധിക്കുന്ന പ്രശ്‌നമായിട്ട് കൂടിയാണ് മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്യേണ്ടത്. ഇത്തരം ആശയങ്ങള്‍ നടപ്പാക്കിയ സമൂഹങ്ങളുടെ ദുരനുഭവങ്ങള്‍ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളുടെ സാക്ഷ്യപത്രമാണ്. കുടുംബവും ധാര്‍മികതയും തകരുന്നതും ലൈംഗികാരാജകത്വം പടരുന്നതും മുസ്‌ലിംകളെ മാത്രം അലോസരപ്പെടുത്തേണ്ട കാര്യമല്ല. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട വസ്തുതകളും അനുഭവ യാഥാര്‍ഥ്യങ്ങളും സമൂഹത്തിന് മുമ്പില്‍ തുറന്നു പറയാന്‍ 'ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായം' ബാധ്യസ്ഥമാണ്. എല്‍.ജി.ബി.ടിയുമായി ബന്ധപ്പെടുത്തിയും അല്ലാതെയും ലിബറല്‍ ഇടങ്ങളിലെ മുസ്‌ലിംകളുടെ സാംസ്‌കാരിക-രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. 
(അവസാനിച്ചു)
 8592868098
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌

ഹദീസ്‌

ധൂര്‍ത്ത് പിശാചില്‍നിന്ന്
അശ്ഫാഖ് ദുബൈ ashqkpv@gmail.com