Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

അന്ധ വിശ്വാസം,  അനാചാരം ഖുര്‍ആനിക മുഖവുര

അബ്ദുല്ലത്വീഫ് കൊടുവള്ളി

പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ ആഘാതത്തിന്റെ പ്രതികരണമെന്നോണം, വിശ്വാസവും അന്ധവിശ്വാസവും ആചാരവും അനാചാരവും വ്യവഛേദിച്ച് നിയമനിര്‍മാണം വേണമെന്ന ആവശ്യം ഒരിക്കല്‍കൂടി ഉയര്‍ന്നുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഖുര്‍ആന്‍ ഈ വിഷയകമായി മുന്നോട്ടു വെക്കുന്ന ചില മൗലിക ചിന്തകള്‍ പ്രസക്തവും പ്രധാനവുമാണ്. ഖുര്‍ആന്റെ സന്ദേശം എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ബാധകമായതിനാല്‍ എല്ലാവരും അതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. സത്യവിശ്വാസികള്‍ പ്രത്യേകിച്ചും തദടിസ്ഥാനത്തില്‍ നിലപാടെടുക്കേണ്ടവരുമാണ്.
ശ്രുതി സ്മൃതി വിരുദ്ധങ്ങളായ ആചാരങ്ങള്‍ എന്നാണ് ഹൈന്ദവ ധര്‍മ പ്രകാരം അനാചാരങ്ങള്‍ എന്നതിന്റെ ഒരു കല്‍പിതാര്‍ഥം. ശ്രുതി: വേദം (കേള്‍ക്കേണ്ടത്), സ്മൃതി: (ശ്രുതികള്‍ ഓര്‍മിക്കപ്പെടുന്നത്). ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം ആചാരം, അനാചാരം എന്ന വിവേചനത്തിനാധാരം ഖുര്‍ആനും നബിചര്യയുമാണ്. അതുപ്രകാരം നബി(സ)യുടെ പ്രവാചക നിയോഗത്തോടെ ആചാരമായത് ലോകാവസാനം വരെ ആചാരവും, അനാചാരമായത് അനാചാരവുമായിരിക്കും.
ആത്മീയതക്കോ മനുഷ്യജീവനോ ശരീരത്തിനോ സ്വത്തിനോ മാനത്തിനോ ബുദ്ധിക്കോ ഹാനികരമായ ഒന്നും വിശ്വാസപരമായോ ആചാരപരമായോ ഇസ്‌ലാം നിര്‍ദേശിക്കുന്നില്ലെന്ന് സാമാന്യമായി മനസ്സിലാക്കാം.

ഇസ്‌ലാമിന്റെ നിലപാട്
മതപരമോ മതേതരമോ, ഭൗതികമോ അഭൗതികമോ, പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിധേയമോ അതീതമോ ആയി വിശ്വസിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്ന എല്ലാം ഇസ്‌ലാമിക നിര്‍വചന പ്രകാരം ആചാരം, അനാചാരം എന്നതിന്റെ വിവക്ഷയില്‍പെടും. തികച്ചും മതപരം, ആത്മീയം എന്ന് വിശ്വസിക്കപ്പെടുകയും വ്യവഹരിക്കപ്പെടുകയും ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങള്‍ പോലെത്തന്നെ മതപരമെന്ന് പൊതുവേ മനസ്സിലാക്കപ്പെടാത്ത സാമ്പത്തിക-രാഷ്ട്രീയ-വിദ്യാഭ്യാസ-സാംസ്‌കാരികാദി മേഖലകളിലെല്ലാം ഇസ്‌ലാമിക വിധിപ്രകാരം ആചാരങ്ങള്‍ക്കൊപ്പം അനാചാരങ്ങളും കടന്നുവരുന്നുണ്ട്. ആചാരങ്ങളും അനാചാരങ്ങളും മതമേഖലയില്‍ പരിമിതമല്ലെന്നര്‍ഥം.

ഖുര്‍ആനിലെ പദങ്ങള്‍
അനിസ്‌ലാമികതയെയും അനാചാരത്തെയും പ്രകാശിപ്പിക്കാനായി ഖുര്‍ആന്‍ ഉപയോഗിച്ച വ്യത്യസ്ത പദങ്ങളും അവ പ്രയോഗിച്ച ഇടങ്ങളും, അവ ആത്മീയപരം മാത്രമല്ലെന്ന് വ്യക്തമാക്കുന്നവയാണ്. അത്തരം ചില പദങ്ങള്‍ താഴെ:
ബാത്വില്‍/ മിഥ്യ: (പരിശോധനയില്‍ അസ്തിത്വമില്ലെന്ന് ബോധ്യപ്പെടുന്നത്; പരമസത്യം എന്നതിന്റെ വിപരീതം) '...... അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് പരമ സത്യമായിട്ടുള്ളവന്‍. അവനു പുറമേ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം മിഥ്യയാകുന്നു' (ലുഖ്മാന്‍ 30).
ഇഫ്ക് /വ്യാജം: (തിരിച്ചു വിടപ്പെടേണ്ടതല്ലാത്ത വഴികളില്‍ തിരിച്ചു വിടപ്പെടുന്നതെല്ലാം). 'അല്ലാഹുവിനു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയാണോ?' (അസ്സ്വാഫ്ഫാത്ത് 86).
ദലാല്‍/മാര്‍ഗഭ്രംശം: (ചൊവ്വായ മാര്‍ഗത്തില്‍നിന്ന് തെറ്റല്‍). 'അവര്‍ മുമ്പ് വഴിതെറ്റി. അവര്‍ ധാരാളം പേരെ വഴി തെറ്റിച്ചു. അവര്‍ ചൊവ്വായ വഴിയില്‍നിന്ന് വഴിതെറ്റുകയും ചെയ്തു.' (അല്‍മാഇദ 77).
ളന്ന് /ഊഹം: (ഒരു ലക്ഷണം അഥവാ അടയാളം വഴി ലഭിക്കുന്നതിന്റെ നാമം. ലക്ഷണം അഥവാ അടയാളം ശക്തമാവുമ്പോള്‍ അത് അറിവ് പ്രദാനം ചെയ്യുന്നു. അടയാളം വളരെ ദുര്‍ബലമാവുമ്പോള്‍ അത് ഊഹത്തിന്റെ പരിധിക്കപ്പുറം കടക്കുന്നില്ല).
'അല്ലാഹുവെപ്പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്‌ലാമിക ധാരണയായിരുന്നു' (ആലുഇംറാന്‍ 154).
ളുല്‍മ് / അക്രമം: (ഒരു വസ്തുവെ അതിന്റേതായ സവിശേഷ സ്ഥലത്ത് കുറഞ്ഞോ കൂടുതലായോ വെക്കുക/സ്ഥാപിക്കുക). ളലംത്തുസ്സിഖാഅഃ എന്നാല്‍ അസമയത്ത് വെള്ളം കുടിച്ചു, ളലംത്തുല്‍ അര്‍ദ എന്നാല്‍ അസ്ഥാനത്ത് നിലം കുഴിച്ചു. ളലീം എന്നാല്‍ അസ്ഥാനത്ത് കുഴിച്ച കുഴിയില്‍നിന്ന് പുറത്തെടുത്ത മണ്ണ്. അല്ലാഹു ഏകനാണ് എന്ന സത്യത്തെ നിരാകരിച്ച് അവനില്‍ ബഹുദൈവത്വം ആരോപിക്കുന്നതിനെ ഖുര്‍ആന്‍ 'ളുല്‍മ്' എന്നാണ് വ്യവഹരിച്ചിരിക്കുന്നത്. 'തീര്‍ച്ചയായും ശിര്‍ക്ക് മഹാ അക്രമം തന്നെ' (ലുഖ്മാന്‍ 13). ജിബ്ത്ത്, ത്വാഗൂത്ത് (അല്ലാഹുവേതര മൂര്‍ത്തികള്‍), ശൈത്വാന്‍ (പിശാച്) മുതലായവ മേല്‍ ഭ്രംശങ്ങള്‍ക്ക് പ്രേരകമാവുന്ന ഭൗതികവും അഭൗതികവുമായ ശക്തികളാണ്.
മുന്‍കര്‍: (ശരിയായ ബുദ്ധി ചീത്തയെന്ന് വിധിയെഴുതുന്ന പ്രവൃത്തി, അഥവാ നല്ലതോ ചീത്തയോ എന്ന് ബുദ്ധി തീര്‍പ്പിലെത്താതിരിക്കുകയും തുടര്‍ന്ന് ശരീഅത്ത് ചീത്തയെന്ന് വിധിയെഴുതുകയും ചെയ്യുന്ന പ്രവൃത്തി). 'അവര്‍ നിഷിദ്ധം വിലക്കുകയും ചെയ്യുന്നു' (ആലുഇംറാന്‍ 114).

ശിര്‍ക്കിന്റെ പ്രത്യാഘാതം
തൗഹീദ് പിഴച്ചാല്‍ മനുഷ്യന്‍ ചെന്നുപെടുക എന്തുമാത്രം ഭീകരമായ അവസ്ഥയിലായിരിക്കുമെന്ന് മനസ്സിലാക്കാന്‍ താഴെ സൂക്തം തന്നെ ധാരാളമാണ്. 'വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്ക് ചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തുനിന്ന് വീണതു പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു' (അല്‍ഹജ്ജ് 31). സത്യവിശ്വാസത്തിന്റെ ഉച്ചിയില്‍നിന്ന് സത്യനിഷേധത്തിന്റെ പാതാള ഗര്‍ത്തത്തിലേക്ക് അയാള്‍ എടുത്തെറിയപ്പെടുന്നു. അന്ധവിശ്വാസവും അനാചാരവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏതു കാര്യത്തിന്റെയും അന്തിമ പരിണതി ആകാശത്തുനിന്ന് വീണ് ശിഥിലവും ഛിന്നഭിന്നവുമാവുന്ന ആളുടെ ദുരവസ്ഥ തന്നെയാണ്.

നരബലി
'ജാഹിലിയ്യാ കാല അറബികളുടെ അജ്ഞതയെയും തജ്ജന്യമായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചറിയണമെങ്കില്‍ അല്‍അന്‍ആം അധ്യായത്തിലെ നൂറ്റിമുപ്പത് മുതല്‍ക്കുള്ള സൂക്തങ്ങള്‍ വായിക്കുക' എന്ന് ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി). അവയിലൊന്നാണ് സന്താനഹത്യയെ കുറിച്ച പരാമര്‍ശം. '...... അതുപോലെ തന്നെ ബഹുദൈവ വാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നില്ല. അതിനാല്‍, അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക' (അല്‍അന്‍ആം 137). 'ഭോഷത്വം കാരണമായി, ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചുപോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല' (അല്‍അന്‍ആം 140). മേല്‍ രണ്ട് സൂക്തങ്ങളിലെ 'കെട്ടിച്ചമച്ചത്', 'ഭോഷത്വം', 'അജ്ഞത', 'മാര്‍ഗഭ്രംശം' എന്നിവയാണ് അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും അന്തസ്സത്തയായി വര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തില്‍ അല്ലാഹുവേതര വ്യാജദൈവങ്ങളാണ് ഇവയ്ക്ക് ബാഹ്യ പ്രചോദനമെങ്കിലും ആന്തരികമായി പിശാചാണ് ഇവ പ്രലോഭനീയമായി അവരുടെ മുമ്പാകെ അവതരിപ്പിക്കുന്നതെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറയുന്നുണ്ട്.
സാധാരണ മതഭാഷയില്‍ നരബലി അഭൗതികവും ആത്മീയവുമായ അനുഷ്ഠാനമാണെങ്കില്‍, ഖുര്‍ആന്റെ ഭാഷയില്‍, ഭൗതികമായും നരബലി നരബലി തന്നെയാണ്. സാമ്പ്രദായിക നരബലിയില്‍ ദൈവം അപ്രത്യക്ഷനാണെങ്കില്‍ ഭൗതിക നരബലിയില്‍ ദൈവം പാര്‍ട്ടിയോ നേതാവോ വര്‍ഗമോ വംശമോ ഒക്കെയാവാം. ആരുടെ, എന്തിന്റെ താല്‍പര്യത്തിനായി അറുക്കപ്പെടുന്നുവോ അതായിരിക്കും അതനുസരിച്ച് ദൈവം. ചുരുക്കത്തില്‍, ഖുര്‍ആനിക വീക്ഷണത്തില്‍ ശുദ്ധമതാത്മകം മാത്രമായല്ല, ഭൗതികമായും നരബലിയുണ്ടാകാം. മതപരമാവുമ്പോള്‍ നരബലി, രാഷ്ട്രീയപരമാവുമ്പോള്‍ രാഷ്ട്രീയക്കൊല എന്ന രീതിയില്‍ കൊലപാതകത്തെ 'രാഷ്ട്രീയ ദൈവങ്ങളി'ല്‍നിന്ന് രക്ഷിച്ചെടുക്കുന്നത് ശരിയല്ല. വര്‍ഗീയതയെ മതവുമായി മാത്രം ചേര്‍ത്തുകെട്ടി അവതരിപ്പിക്കുന്നതുപോലെ അന്ധവിശ്വാസത്തെയും അനാചാരത്തെയും മതത്തിനു മാത്രമായി സംവരണം ചെയ്തു നല്‍കേണ്ടതില്ല.

ദൈവം കൊന്നതും 
മുസ്‌ലിംകള്‍ കൊന്നതും
ആചാരത്തെയും അനുഷ്ഠാനത്തെയും പുനര്‍ നിര്‍വചിക്കാനുള്ള മക്കയിലെ ബഹുദൈവ വിശ്വാസികളുടെ ശ്രമത്തെ ഖുര്‍ആന്‍ അനാവരണം ചെയ്യുന്നത് കാണാം. 'നിങ്ങള്‍ കൊന്നതിനെ (അറുത്തതിനെ) തിന്നുന്ന നിങ്ങള്‍ എന്തുകൊണ്ട് അല്ലാഹു കൊന്നതിനെ- ചത്തതിനെ- തിന്നുന്നില്ല' എന്ന് അവര്‍ നബി(സ)യോട് ചോദിച്ചു. അല്ലാഹു ജീവന്‍ എടുത്തതു വഴി ചത്തതിനെ തിന്നാന്‍ പറ്റില്ലെങ്കില്‍ നിങ്ങള്‍ അറുത്തതുവഴി ജീവന്‍ നഷ്ടപ്പെട്ടതിനെ തിന്നുന്നതെങ്ങനെയാണ് അനുവദനീയമാവുക എന്ന ദുര്‍ന്യായമായിരുന്നു ഇതുവഴി അവര്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ പ്രതികരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍നിന്ന് നിങ്ങള്‍ തിന്നരുത്. തീര്‍ച്ചയായും അത് അധര്‍മമാണ്. നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും' (അല്‍അന്‍ആം 121).
ഇസ്‌ലാമിക വിധിപ്രകാരം, ചത്തത് ഭക്ഷിക്കുന്നത് അനാചാരവും അറുത്തത് ഭക്ഷിക്കുന്നത് ആചാരവുമാണെന്നു സാരം. ഹലാല്‍-ഹറാം വിധിതീര്‍പ്പിന്റെ അധികാരം അല്ലാഹുവേതര ദൈവങ്ങള്‍ക്കെന്ന പോലെ ഭൗതിക അധികാരശക്തികള്‍ക്ക് വകവെച്ചു നല്‍കിയാലും ശിര്‍ക്കും അതുവഴി അനാചാരവുമായി ഭവിക്കുമെന്നര്‍ഥം. അഭൗതിക ദൈവികസങ്കല്‍പമനുസരിച്ച് ഹലാല്‍-ഹറാം വിധികള്‍ മാത്രമല്ല, ഏത് കേവല ഭൗതികാധികാര കേന്ദ്രങ്ങളില്‍നിന്നുള്ള ദൈവവിരുദ്ധ നിയമങ്ങളോടുമുള്ള വിധേയത്വവും ഖുര്‍ആന്‍ പ്രകാരം അന്ധവിശ്വാസവും ജീവിതത്തില്‍ അതിന്റെ പാലനം അനാചാരവുമാകുന്നു. എല്ലാറ്റിനും പിന്നില്‍ പിശാച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇത്തരം സൂക്തങ്ങളിലെല്ലാം ഖുര്‍ആന്‍ എടുത്തുപറയുന്നത് ശ്രദ്ധേയമാണ്.
പലിശ ഇടപാട് കച്ചവടം പോലെ അനുവദനീയവും സാര്‍വത്രികവുമായ വ്യവഹാരമായി അംഗീകരിച്ച ഒരു ലോകക്രമത്തിലാണ് നാം ജീവിക്കുന്നത്. ആചാര-അനാചാര ഭാഷയില്‍ പറഞ്ഞാല്‍ കച്ചവടവും പലിശയും തമ്മില്‍ ധാര്‍മിക തലത്തില്‍ വ്യത്യാസമില്ല. പക്ഷേ, ഖുര്‍ആന്‍ രണ്ടിനെയും രണ്ടായാണ് പരിചയപ്പെടുത്തുന്നത്. ഇവിടെ പലിശ ഇടപാടില്‍ അഭൗതിക ശക്തികളിലുള്ള വിശ്വാസമില്ല. പക്ഷേ, ഖുര്‍ആന്‍ പറഞ്ഞ 'മുന്‍കറി'ല്‍ പലിശയും പെടും. അതായത് ഇസ്‌ലാമിക വ്യാഖ്യാന പ്രകാരം, ഭൗതിക മാത്രമായ സാമ്പത്തിക മേഖലയിലും അനാചാരങ്ങളുണ്ടെന്നര്‍ഥം. ഭൗതിക മാത്രമായ മദ്യത്തെയും ചൂതാട്ടത്തെയും അഭൗതികവും ദൈവികവുമായ മാനങ്ങളുള്ള പ്രതിഷ്ഠകളെയും പ്രശ്‌നം വെച്ചു നോക്കാനുള്ള അമ്പുകളെയും ഒന്നിച്ച് പരാമര്‍ശിച്ച്, രണ്ടിനങ്ങളും ഒരുപോലെ പൈശാചിക വേലത്തരങ്ങളാണെന്ന് ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട് (അല്‍മാഇദ 90).
അഭൗതിക മുഖമുള്ള പ്രതിഷ്ഠകള്‍ മാത്രമല്ല, ഭൗതിക മുഖമുള്ള മദ്യവും ചൂതാട്ടവും പൈശാചികം തന്നെ. മദ്യം ശരി; മയക്കുമരുന്ന് തെറ്റ്, ചൂതാട്ടം തെറ്റ്; ലോട്ടറി ശരി എന്നിങ്ങനെ ഇസ്‌ലാം അനാചാരത്തെ വേര്‍തിരിക്കുന്നില്ല.
ചുരുക്കത്തില്‍, അല്ലാഹുവിന്റെയും നബി(സ)യുടെയും ഹിതാഹിതങ്ങള്‍ക്ക് വിരുദ്ധമായി ആവിഷ്‌കരിക്കപ്പെടുന്നതെല്ലാം ഖുര്‍ആനിക ഭാഷ്യപ്രകാരം അനാചാരങ്ങളുടെ വൃത്തത്തില്‍ വരും. അവ ഭൗതിക മാത്രമാവാം, അഭൗതികമാവാം. 
 80863 60835
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌

ഹദീസ്‌

ധൂര്‍ത്ത് പിശാചില്‍നിന്ന്
അശ്ഫാഖ് ദുബൈ ashqkpv@gmail.com