Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

ബ്ലാക്ക് മാജിക്കും മനുഷ്യബലിയും

എ. അബു കുന്ദംകുളം   engineeraboo@gmail.com

മന്ത്രംകൊണ്ട് പിശാചിനെയോ ബാധയെയോ ഉച്ചാടനം ചെയ്യുന്ന (ഓടിക്കുന്ന) വിദ്യയാണ് മന്ത്രവാദം. വശ്യപ്രയോഗങ്ങളും ഉറുക്കുകളും മാന്ത്രിക ഔഷധങ്ങളും ഇതിനായി ഉപയോഗിക്കുന്നു. വ്യക്തികളെയോ സമൂഹത്തെയോ സംഭവങ്ങളെയോ നിയന്ത്രിക്കുന്നതിന് പ്രകൃത്യതീത ശക്തികളെ സ്വാധീനിക്കാനുള്ള യജ്ഞമാണ് നടത്തുന്നത് (ചാത്തന്‍സേവ, ജിന്നുസേവ). പൂജകളും വഴിപാടുകളും മുഖേനയുള്ള അഭ്യര്‍ഥനകള്‍ ഉണ്ടെങ്കിലും ആഭിചാരത്തിന് ആജ്ഞയുടെ സ്വരമാണ്. മരുന്നുകളും മന്ത്രങ്ങളും പരാജയപ്പെടുമ്പോള്‍ ബാധയകറ്റാന്‍ ഇരകളെ ദേഹോപദ്രവമേല്‍പിക്കുന്നു. മര്‍ദനം കൊണ്ട് ബാധയല്ല ബോധവും പ്രാണനുമാണ് പോവുന്നത്.
ആഭിചാര ക്രിയകള്‍ക്ക് ദുഷ്ടലാക്കാണ്. ശത്രുസംഹാരമാണ് പ്രധാനം. എതിരാളിക്ക് അംഗഭംഗം വരുത്തുക, മാനഹാനിയുണ്ടാക്കുക, ധനനഷ്ടംകൊണ്ട് കഷ്ടപ്പെടുത്തുക. ഇതിനൊക്കെ എല്ലാ മാരണക്കാരും സമാനരീതിയാണ് സ്വീകരിക്കുന്നത്. ശത്രുവിന്റെ പ്രതിമയുണ്ടാക്കി തീയിലിടുക, തിളച്ച എണ്ണയില്‍ മുക്കുക, ആണിയടിച്ച് കയറ്റുക മുതലായവ.
പ്രേതബാധയും പിശാച്ബാധയും ആരോപിക്കുന്നത് ദുര്‍ബലരായ യുവതികളിലാണ്. ആഭിചാരികളും സഹായികളും ഈ പാവങ്ങളെ ആവുന്നത്ര ചൂഷണം ചെയ്യുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ മന്ത്രവാദികളെ സമീപിക്കുന്നത് ഭൂരിപക്ഷവും സ്ത്രീകളാണ്. അവരെ പ്രലോഭിപ്പിച്ച് വശത്താക്കി തങ്ങളുടെ ഇംഗിതങ്ങള്‍ നടപ്പാക്കുന്നു.
സ്വന്തം ഭാര്യയെ മന്ത്രവാദിയുടെ മുറിയിലടച്ച് പുറത്തിരിക്കുന്ന ഭര്‍ത്താക്കന്മാരുള്ള നാട്ടില്‍; ക്ഷുദ്രക്കാരന്, ക്ഷിപ്രവിശ്വാസികളെ നിഷ്പ്രയാസം വലയിലാക്കാം.
ഒരു മനോരോഗ ചികിത്സകന്റെ നിര്‍ദേശ പ്രകാരം നിസ്സാര മരുന്നുകള്‍കൊണ്ട് നിയന്ത്രിക്കാവുന്ന ചില്ലറ മാനസിക വൈക്ലബ്യങ്ങളുള്ള യുവതികളെപ്പോലും മാരണക്കാരന്റെ മൃഗീയ മര്‍ദനങ്ങള്‍ക്ക് വിധേയരാവാന്‍ വിട്ടുകൊടുക്കുന്നു. അന്ധകാരത്തില്‍നിന്ന് ജ്ഞാനോദയത്തിലേക്കെത്താത്തവരുടെ 'അന്ധവിശ്വാസം' ആധുനിക വൈദ്യശാസ്ത്രത്തെ അവലംബിക്കാന്‍ അനുവദിക്കുന്നില്ല.

ആഭിചാര ചരിത്രം

ഗ്രീക്ക് പുരാണത്തില്‍, കോള്‍ക്കീസിലെ രാജാവായ അയീറ്റസിന്റെ പുത്രി 'മിഡിയ'യായിരുന്നു പ്രശസ്ത മന്ത്രവാദിനി. സാവൂള്‍ രാജാവ് രാജ്യത്തെ സകല മന്ത്രവാദികളെയും നാടുകടത്തി (ബൈബിള്‍) മധ്യകാലഘട്ടത്തില്‍ മന്ത്രവാദം പിശാചുബാധ മൂലമാണെന്ന് ആളുകള്‍ വിശ്വസിച്ചു. പതിനാറും പതിനേഴും നൂറ്റാണ്ടില്‍ യൂറോപ്പില്‍ നടന്ന മന്ത്രവാദ വേട്ടയില്‍ നാല്‍പതിനായിരത്തിനും അറുപതിനായിരത്തിനുമിടയില്‍ ആളുകള്‍ വധിക്കപ്പെട്ടു (ബ്രിട്ടാനിക്ക).
പുരാതന പേര്‍ഷ്യയില്‍ (ഇറാന്‍) ചെപ്പടി വിദ്യ കാണിച്ച് ആളുകളെ അമ്പരപ്പിച്ചിരുന്ന മതപുരോഹിതന്മാര്‍ 'മാജൈ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'മാജൈ'ക്ക് ഭാവിഫലം അറിയാന്‍ കഴിയുമെന്ന് ആളുകള്‍ വിശ്വസിച്ചു. ഈ വിശ്വാസം മുതലെടുത്ത് അവര്‍ ജനങ്ങളെ പരമാവധി ചൂഷണം ചെയ്തു (മാജൈയില്‍നിന്നാണ് 'മാജിക്ക്' എന്ന വാക്കുണ്ടായത്). അക്കാലത്ത് മാജിക്കിന്റെ (സിഹ്‌റിന്റെ) ഏറ്റവും വലിയ മാര്‍ക്കറ്റ് ബാബിലോണായിരുന്നു. അതുകൊണ്ട് അവരുടെ പുതിയ 'ലാവണം' ബാബിലോണിയയിലായി (ലോക ചരിത്രം ഒന്നാംഭാഗം, പ്രഫ. പി.കെ.ടി രാജ).
ഇസ്രായേല്യര്‍ ബന്ദികളാക്കപ്പെട്ടു (ബാബിലോണ്‍ ബന്ധനം) ബാബിലോണിയയില്‍ കഴിയുന്ന കാലമായിരുന്നു സിഹ്‌റിന്റെ (മാജിക്കിന്റെ) സുവര്‍ണ ദശ. ബ്ലാക്ക് മാജിക്കും (ആഭിചാരം) വൈറ്റ് മാജിക്കും (സ്‌റ്റേജ് ഷോ/ Street Show) ഒരുമിച്ചാണ് സിഹ്‌റുകാര്‍ അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് ജനങ്ങളെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. ഈ കാലഘട്ടത്തിലാണ് ഹാറൂത്തും മാറൂത്തും ബാബിലോണില്‍ ജീവിച്ചിരുന്നത്. അവര്‍ ഇവ രണ്ടും വേര്‍തിരിച്ച് കാണിച്ച് ജനങ്ങളെ സിഹ്‌റുകാരുടെ ചതിയില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ചിരിക്കാം. മാറൂത്തിനെ പില്‍ക്കാലത്ത് ബാബിലോണിയക്കാര്‍ മാജിക്കിന്റെ ദേവനായി ആരാധിച്ചു. ഈ വിദ്യകളുടെ പൊരുള്‍ (Magic Secret) ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുത്തപ്പോള്‍ പഠിതാക്കളിലെ സാമൂഹിക വിരുദ്ധര്‍, ബ്ലാക്ക് മാജിക്ക് മാത്രം പ്രചരിപ്പിക്കുവാനും അത് ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുവാനും തുടങ്ങി. പഠിപ്പിക്കുന്നത് (ദുരുപയോഗം ചെയ്യരുത്) സത്യനിഷേധത്തിലേര്‍പ്പെടാനുള്ള മാര്‍ഗമാക്കരുത് എന്ന താക്കീതോടെയല്ലാതെ അവര്‍ ആര്‍ക്കും പഠിപ്പിച്ചിട്ടില്ല. എന്നാല്‍, ദമ്പതികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കി യുവതികളെ തട്ടിയെടുക്കാനാണ് അവര്‍ മാരണ വിദ്യ പ്രയോഗിച്ചത്. ഇത് ആളുകള്‍ പഠിച്ചുകൊണ്ടിരുന്നു. നിഷ്പ്രയോജനമായതും അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതുമായ ഈ വിദ്യ ആര് കൈവശപ്പെടുത്തിയോ അവര്‍ക്ക് പരലോക നഷ്ടമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ (2:102) പ്രഖ്യാപിക്കുന്നു. ക്ഷുദ്രക്രിയകളുടെ ലക്ഷ്യം എല്ലാ കാലത്തും സ്ത്രീ മുതലെടുപ്പ് തന്നെയാണ്.

നരബലിയുടെ തുടക്കം

ആദിയില്‍ ഏകദൈവാരാധകനായിരുന്ന മനുഷ്യന്‍, അതില്‍നിന്ന് വ്യതിചലിച്ച് ബഹുദൈവാരാധകനായപ്പോള്‍ അവനില്‍ അന്തര്‍ലീനമായ അക്രമ സ്വഭാവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. ഏകദൈവ വിശ്വാസത്തിന്റെ ഭാഗമായ 'നന്മ-തിന്മ' തിരിച്ചറിവുകള്‍ നഷ്ടപ്പെട്ടു. എന്ത് നീച കര്‍മവും ചെയ്യാന്‍ മടിയില്ലാതായി...
സുമേറിയക്കാരും ആദി ബാബിലോണ്‍കാരും ബഹുദൈവാരാധകരായിരുന്നു. നക്ഷത്രങ്ങളുടെ സ്ഥാനവും ചലനവും നോക്കി അവര്‍ ഭാവി പ്രവചിച്ചിരുന്നു. (ലോകചരിത്രം- ഒന്നാംഭാഗം, പ്രഫ. പി.കെ.ടി രാജ). ജ്യോതിഷവും ബഹുദൈവാരാധനയുടെ ഭാഗം തന്നെയാണ്. സുമേറിയയില്‍ ഓരോ വിളവെടുപ്പ് നടത്തുമ്പോഴും ഓരോ നരബലി പതിവായിരുന്നു (ലോകചരിത്ര സംഗ്രഹം, എച്ച്.ജി വെല്‍സ്). സുമേറിയയില്‍, വെള്ളത്തിനും കാറ്റിനും ഇടിമിന്നലിനും കൊടുങ്കാറ്റിനും വരെ ദേവീ-ദേവ സങ്കല്‍പമുണ്ടായിരുന്നു. പ്രകൃതിക്ഷോഭത്തില്‍നിന്ന് രക്ഷപ്പെടാനും ഐശ്വര്യത്തിനും വേണ്ടിയാണ് നരബലി നടത്തിയിരുന്നത്.
നൂഹ് നബി(അ) സുമേറിയക്കാരനായിരുന്നു. മെസൊപ്പൊട്ടേമിയ (ഇറാഖ്)യുടെ തെക്കേ പ്രവിശ്യയാണ് മാനവ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ സുമേറിയ. ദൈവദൂതന്റെ നിയോഗകാലത്ത് പലതരം ദേവീ-ദേവന്മാരെ അവര്‍ ആരാധിക്കുകയും തിന്മയില്‍ മുഴുകുകയും ചെയ്തു. പ്രവാചകന്‍ രാപ്പകല്‍ ഭേദമന്യേ ഏകദൈവാരാധനയിലേക്കും നന്മയിലേക്കും ക്ഷണിച്ചെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ഒടുവില്‍ ആ ജനത പ്രളയത്താല്‍ നശിപ്പിക്കപ്പെട്ടു.

സാക്ഷര കേരളവും കുരുതിയും

കേരളത്തില്‍ മന്ത്രവാദത്തിന്റെ മറവില്‍ ധാരാളം നരഹത്യകള്‍ നടന്നിട്ടുണ്ട്. കുറച്ച് കാലം മുമ്പ് കേച്ചേരിയില്‍, ജിന്ന് ബാധയൊഴിപ്പിക്കാന്‍ വേണ്ടി ഒരു യുവതിയെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഇടുക്കി കമ്പക്കാനത്ത്, രണ്ട് കൊല്ലം മന്ത്രവാദം പഠിച്ചശേഷം ഗുരുവിന്റെ മന്ത്രശക്തി കൈവശപ്പെടുത്താന്‍ വേണ്ടി അനീഷ് എന്ന യുവാവ് സുഹൃത്ത് ബിനീഷിന്റെ സഹായത്തോടെ ഗുരുനാഥനെയും കുടുംബത്തെയുമടക്കം നാലുപേരെ കൊലപ്പെടുത്തി. ജില്ലയിലെ തന്നെ ഇടമലക്കുടിയില്‍, ദേവീപ്രീതിക്കും ജാതകദോഷമകറ്റാനും വേണ്ടി പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള മൂന്നു പെണ്‍കുട്ടികളെ കുരുതികൊടുത്തത് അക്ഷര കേരളത്തെ ഞെട്ടിച്ചു. രാമക്കല്‍മേട്ടില്‍, പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയെ മന്ത്രവാദത്തിന്റെ മറവില്‍ മര്‍ദിച്ചു കൊന്നത് കേരളത്തിന് അപമാനമായി. നന്ദന്‍കോട്ട്, ജിന്‍സന്‍ രാജ് സാത്താന്‍ സേവയുടെ പരീക്ഷണാര്‍ഥം നടത്തിയ മന്ത്രവാദത്തില്‍ ജീവന്‍ കവര്‍ന്നത് സ്വന്തം അഛനമ്മമാരുടെയും സഹോദരിയുടെയും തന്നെയാണ്. അടിമാലിയില്‍ സോഫിയ എന്ന യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വകവരുത്തിയതും മന്ത്രവാദത്തിന് വശംവദരായാണ്. പൊന്നാനിയിലും പൂവാറിലും കരുനാഗപ്പള്ളിയിലും മന്ത്രവാദ ബലികള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. വാര്‍ത്തയാകാത്ത സംഭവങ്ങള്‍ ചിലപ്പോള്‍ ഇതിനെക്കാള്‍ ഭയാനകമാവാം. ഇലന്തൂരില്‍ അതിക്രൂരവും പൈശാചികവുമായ രീതിയില്‍ രണ്ടു സ്ത്രീകളെ നരബലി നടത്തിയത് ദേവിയെ പ്രീതിപ്പെടുത്തി, സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ്!
അന്ധവിശ്വാസികള്‍ക്കും അത്യാര്‍ത്തിയുള്ളവര്‍ക്കും പഞ്ഞമുള്ള നാടല്ല നമ്മുടേത്. അതുകൊണ്ട് ആഭിചാര ക്രിയ നടത്തുന്നവര്‍ക്ക് അധികം പ്രയാസപ്പെടാതെ പണക്കാരാകാം. ഇല്ലാത്ത നിധികള്‍ എടുത്തുകൊടുക്കാമെന്ന് പറഞ്ഞ് വിഡ്ഢികളായ വിശ്വാസികളില്‍നിന്ന് പണം പിടുങ്ങാം. ഇലന്തൂര്‍ സംഭവത്തിനുശേഷം പല മന്ത്രവാദികളുടെയും താവളങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ആഭിചാരകന്മാരും ആള്‍ദൈവങ്ങളും ഭീതിയിലാണ്. എന്നാല്‍, മൂഢവിശ്വാസികളും വികല വിശ്വാസികളുമായ പൊതുജനം ഇതില്‍നിന്ന് എന്തെങ്കിലും പഠിക്കുമെന്ന് ഒട്ടും പ്രതീക്ഷയില്ല. 
 9446234127


 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌

ഹദീസ്‌

ധൂര്‍ത്ത് പിശാചില്‍നിന്ന്
അശ്ഫാഖ് ദുബൈ ashqkpv@gmail.com