Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

വിദ്വേഷ പ്രചാരണം  പരാജയം മറച്ചുവെക്കാന്‍

എ.ആര്‍

രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ പെരുകുന്നതില്‍ നടുക്കം പ്രകടിപ്പിച്ച സുപ്രീം കോടതി അവ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ് പോയ വാരത്തിലെ പ്രധാന  വാര്‍ത്തകളിലൊന്ന്. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ വ്യാപിക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ശഹീന്‍ അബ്ദുല്ല സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 'ഇന്ത്യ ഒരു മതേതര രാജ്യമാണ്; ഓരോ വ്യക്തിയുടെയും അന്തസ്സ് ഉറപ്പുവരുത്തണമെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഐക്യവും അഖണ്ഡതയും ഭരണഘടനയുടെ മാര്‍ഗദര്‍ശക തത്ത്വങ്ങളാണ്. വിവിധ മത-ജാതികളില്‍ പെട്ടവര്‍ സൗഹാര്‍ദത്തോടെ കഴിഞ്ഞില്ലെങ്കില്‍ മതേതര രാജ്യമായ ഇന്ത്യയില്‍ സാഹോദര്യമുണ്ടാവില്ല'- ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. ഹരജിക്കാരന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത് പരമോന്നത കോടതി അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി മുമ്പാകെയുള്ള, വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ കേസുകളില്‍ എതിര്‍ കക്ഷികളായ ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും അവരുടെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നും ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ ചെയ്ത ആഹ്വാനമാണ് സുപ്രീം കോടതി അടിയന്തരമായി പരിഗണിച്ച വിദ്വേഷ പ്രസംഗങ്ങളില്‍ ഒന്ന്. ദല്‍ഹി വര്‍ഗീയ കലാപാഗ്നിയില്‍ ചാമ്പലാവാന്‍ വഴിയൊരുക്കിയ കുപ്രസിദ്ധമായ പ്രസംഗവും ഈ പാര്‍ലമെന്റംഗത്തിന്റെതായിരുന്നു. പക്ഷേ, നിരവധി മുസ്‌ലിം യുവാക്കളെ യു.എ.പി.എ ഉപയോഗിച്ച് ജയിലിലടച്ചപ്പോള്‍ എം.പിക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. മുസ്‌ലിംകളിലാരെങ്കിലും മിണ്ടിയാല്‍ പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന സാക്ഷി മഹാരാജില്‍ നിന്നാരംഭിച്ച വിദ്വേഷ പ്രചാരണ പരമ്പര രാജ്യത്താകെ അനുസ്യൂതം തുടരുകയാണ്. ബി.ജെ.പി നേതാവിന്റെ വിദ്വേഷ പ്രസംഗം ഒരു സമുദായത്തിനെതിരാണെന്നും കോടതി ഇത് കണ്ടിട്ടില്ലേ എന്നും ജസ്റ്റിസ് റോയ് ചോദിക്കേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്. ഹരിദ്വാറില്‍ നടന്ന ധര്‍മസന്‍സദില്‍ സന്യാസി വേഷധാരികള്‍ മുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന് ആക്രോശിച്ചപ്പോഴും ഒരു പ്രതികരണവും യോഗി ആദിത്യനാഥ് സര്‍ക്കാറില്‍നിന്നുണ്ടായില്ല. പകരം ഗ്യാന്‍വ്യാപി പള്ളി പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യു.പി സര്‍ക്കാറിന്റെ ഒത്താശകളോടെ വര്‍ഗീയവാദികള്‍. അടുത്ത വര്‍ഷാദ്യത്തില്‍ ചേരാനിരിക്കുന്ന ധര്‍മസന്‍സദില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വോട്ടവകാശം നിഷേധിക്കുന്ന ഹിന്ദുത്വ ഭരണഘടന അവതരിപ്പിച്ചു കൊണ്ട് പൂര്‍വാധികം പ്രകോപനപരമായ നടപടികളിലേക്കാണ് ധര്‍മ സന്‍സദുകാര്‍ മുന്നോട്ടുപോകുന്നത്. സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം, സംസ്ഥാനങ്ങളിലെ പോലീസ് മേധാവികള്‍ വിദ്വേഷ പ്രചാരണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാറുകള്‍ തദ്വിശയില്‍ എന്തെങ്കിലും ചെയ്തിട്ടു വേണം. അത്തരമൊരു നീക്കം യോഗി ആദിത്യനാഥിനെ പോലുള്ളവരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നതേ പമ്പര വിഡ്ഢിത്തമാവും. പകരം, ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രചാരണത്തിനെതിരെ നടപടി വേണമെന്ന കോടതിയുടെ പരാമര്‍ശത്തിന്മേല്‍ കടിച്ചുതൂങ്ങി ന്യൂനപക്ഷ സമുദായക്കാരെ പ്രതികളാക്കിയുള്ള കേസുകള്‍ക്കാവും പ്രഥമ പരിഗണന. ചാനലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ദിനേന വമിച്ചുകൊണ്ടിരിക്കുന്ന ഗാലന്‍ കണക്കില്‍ വര്‍ഗീയ വിഷം പ്രത്യക്ഷത്തില്‍ സുപ്രീം കോടതിയുടെ സത്വര പരിഗണനയില്‍ വന്നിട്ടില്ലെന്നു കൂടി ഓര്‍ത്താല്‍, ഇപ്പോഴത്തെ ഇടക്കാല ഉത്തരവ് ക്രിയാത്മക നടപടികളിലേക്കൊന്നും എത്താനുള്ള സാധ്യതകള്‍ കുറവാണ്. അതേസമയം ഏറ്റവും ഒടുവില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ചെയ്ത പ്രസംഗവും പ്രയാഗ് രാജില്‍ നടന്ന ആര്‍.എസ്.എസ് നേതൃസംഗമത്തിന്റെ തീരുമാനവും, ഇന്ത്യയിലെ ജനസംഖ്യയുടെ മതപരമായ അസന്തുലിതത്വം അവസാനിപ്പിക്കണമെന്ന അജണ്ടയില്‍ ഊന്നുന്നതാണ്. ഒരടിസ്ഥാനവുമില്ലാത്ത ഈ പ്രോപഗണ്ട കൊണ്ട് ലക്ഷ്യമിടുന്നത് 2024-ലെ ലോക്‌സഭാ ഇലക്ഷനില്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണമാണെന്ന് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടതില്ല. അമിത്ഷായുടെ ഹിന്ദി അടിച്ചേല്‍പിക്കല്‍ വ്യഗ്രതയും ഇതിന്റെ ഭാഗം തന്നെ.
ഇങ്ങനെ, അതിവൈകാരികവും ന്യൂനപക്ഷവിരുദ്ധവുമായ ഇഷ്യൂകളില്‍ മാത്രം കറങ്ങാന്‍ സംഘ് പരിവാറിനെയും അവരുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെയും പ്രേരിപ്പിക്കുന്ന കാരണങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ ആലോചനയും വിലയിരുത്തലും അനുപേക്ഷ്യമായിരിക്കുന്നു. ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയും വികസനവും ശാക്തീകരണവുമാണ് കാവിപ്പടയുടെ ലക്ഷ്യമെങ്കില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടിയതു പോലെ സാഹോദര്യവും പരസ്പര സ്‌നേഹവും മത നിരപേക്ഷതയും ഊട്ടിയുറപ്പിച്ചുകൊണ്ടേ അത് സാധ്യമാവൂ. ഒടുവില്‍ ഇന്ത്യ സന്ദര്‍ശിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, മതേതര ജനാധിപത്യ ഇന്ത്യയുടെ ശബ്ദം ആധികാരികവും വിശ്വസനീയവുമാവണമെങ്കില്‍ ഈ പോക്കിന് തടയിടണമെന്നാവശ്യപ്പെട്ടത് ലോകത്തിന്റെ മുന്നില്‍ ഈ മഹാ രാജ്യത്തിന്റെ പ്രതിഛായയുടെ നഷ്ടം മുന്നില്‍ വെച്ചുകൊണ്ടാണെന്ന് മനസ്സിലാക്കാതിരുന്നിട്ടു കാര്യമില്ല. മുസ്‌ലിം രാജ്യങ്ങളുടെ മുന്നില്‍ മാത്രമല്ല, പരിഷ്‌കൃത ജനാധിപത്യ ലോകത്ത് പൊതുവേ മഹാത്മാ ഗാന്ധിയുടെ ഇന്ത്യ അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നത്, നാഴികക്ക് നാല്‍പത് വട്ടം ഭാരതത്തിന്റെ ശക്തിയെക്കുറിച്ച് ഊറ്റം കൊള്ളുന്നവരെ അസ്വസ്ഥരാക്കുന്നില്ലെങ്കില്‍ മൂലകാരണങ്ങള്‍ വേറെയാണെന്ന് വരുന്നു.
തീവ്ര വര്‍ഗീയതയും പരമത വിദ്വേഷവും വഴി ഭൂരിപക്ഷ സമുദായത്തെ കൈയിലെടുക്കാമെന്നും അവരുടെ വോട്ട് ചെലവില്ലാതെ സമാഹരിക്കാമെന്നും സംഘ് പരിവാര്‍ കണക്കുകൂട്ടുന്നുണ്ടാവാം. കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ അവരുടെ ധാരണയെ ശക്തിപ്പെടുത്തുന്നുമുണ്ടാവാം. ഹിന്ദുമതം എന്ന പേരില്‍ ഒരു മതമില്ലെന്നും അത് ഒരു സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ജീവിത രീതിയുടെയും പേരാണെന്നുമാണ് ഉത്തരവാദപ്പെട്ട ഹൈന്ദവ ദാര്‍ശനികരും ഹിന്ദുത്വ വക്താക്കളും പറഞ്ഞുകൊണ്ടേയിരിക്കുന്നതെങ്കിലും, മതപരമെന്ന് വ്യവഹരിക്കപ്പെടുന്ന വിശ്വാസാചാരങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവില്ലെന്നാണ് സംഘ് പരിവാറിന്റെ ഇതഃപര്യന്തമുള്ള ചെയ്തികള്‍ തെളിയിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശന കാര്യത്തില്‍ സുപ്രീം കോടതിയുടെ അനുകൂല വിധിക്കെതിരെ കേരളത്തിലെ പാതകളും തെരുവുകളും ബഹളമയമാക്കിയത് ഒന്നാന്തരം ഉദാഹരണമാണ്. ഇത് തങ്ങളുടെ വോട്ട് ബാങ്കുകളെയാണ് പ്രതികൂലമായി ബാധിച്ചതെന്ന് തിരിച്ചറിഞ്ഞ സി.പി.എം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പിന്മാറേണ്ടിയും വന്നു. ഒട്ടുമിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോവധം കഠിന പാതകമാക്കിക്കൊണ്ടുള്ള നിയമ നിര്‍മാണത്തിന് ബി.ജെ.പി സര്‍ക്കാറുകള്‍ ധൃതിപ്പെട്ടത് മതത്തിന്റെ പേരിലല്ലെങ്കില്‍ മറ്റെന്തിന്റെ പേരിലാണ്? ബാബരി മസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് രാമക്ഷേത്രം പണിയുന്നത് മതമോ സംസ്‌കാരമോ? മത ന്യൂനപക്ഷങ്ങളെ ഘര്‍വാപസി പ്രസ്ഥാനത്തിലൂടെ ഹിന്ദു മതത്തിലേക്ക് കടത്തുന്നതും സംസ്‌കാരവുമായിട്ടെന്ത് ബന്ധം?  ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ദേവദാസി സമ്പ്രദായത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലും 28,000 ദേവദാസികള്‍ ക്രൂരമായി ലൈംഗിക ചൂഷണത്തിനിരകളായി തുടരുന്നുണ്ടെന്ന കണക്കുകള്‍ പുറത്തു വരുന്നു. ഇത് മതത്തിന്റെ പേരിലല്ലെങ്കില്‍ പിന്നെ എന്തിന്റെ പേരിലാണ് ന്യായീകരിക്കുന്നത്? വര്‍ണാശ്രമ ധര്‍മത്തെ അടിസ്ഥാനമാക്കിയുള്ള  ജാതി വ്യവസ്ഥ ഈ പരിഷ്‌കൃത യുഗത്തിലും പരിരക്ഷിക്കുന്നതും ബ്രാഹ്മണ്യത്തിന് അപ്രമാദിത്വം കല്‍പിക്കുന്നതും മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ മതപരം തന്നെയാണ്. സ്വാമി വിവേകാനന്ദന്‍ മുതല്‍ ശ്രീനാരായണ ഗുരു വരെയുള്ളവര്‍ ആയുഷ്‌കാലം മുഴുവന്‍ പൊരുതിയിട്ടും ജാതി വ്യവസ്ഥ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സംഘ് പരിവാര്‍ ഭരണത്തില്‍ അത് പൂര്‍വാധികം കരുത്താര്‍ജിക്കുകയാണ്. ഈ മൗലിക പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മുമ്പേ അലര്‍ജിയായ ന്യൂനപക്ഷ മതങ്ങളുടെ നേരെ വിദ്വേഷം ആളിക്കത്തിക്കുകയേ പോംവഴിയായി സംഘ് പരിവാര്‍ കാണുന്നുള്ളൂ.
ഇതിലും ദയനീയമാണ്, ഭരണത്തിന്റെ രണ്ടാമൂഴത്തിലും മോദി- അമിത് ഷാ ടീമിന് രാജ്യത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളായ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതില്‍ ഏറ്റുകൊണ്ടിരിക്കുന്ന വന്‍ തിരിച്ചടികള്‍. പോയ വാരത്തില്‍ പുറത്തു വന്ന ആഗോള പട്ടിണി റിപ്പോര്‍ട്ടുകളില്‍ 127 രാജ്യങ്ങളുടെ കണക്കെടുത്തപ്പോള്‍ 107-ാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ! പോഷകാഹാരക്കുറവ്, ശരീര പോഷണം, ശിശു മരണം, വളര്‍ച്ചാ മുരടിപ്പ് എന്നീ നാല് സൂചകങ്ങളെ ആധാരമാക്കിയാണീ റിപ്പോര്‍ട്ട്. നമ്മെക്കാള്‍ ഏറെ പ ിന്നിലായിരുന്ന ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും മേല്‍ സൂചികകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം മൂലം തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്താന്‍ 109-ാം സ്ഥാനത്ത് നില്‍ക്കുന്നത് മാത്രമാണ് ഇന്ത്യക്ക് ആശ്വാസകരം! ലിസ്റ്റ് തയാറാക്കിയതിലെ അശാസ്ത്രീയത ആരോപിച്ചുകൊണ്ട് സ്വയം പ്രതിരോധിക്കുകയാണ് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം ചെയ്തിരിക്കുന്നത്. പക്ഷേ, കേന്ദ്ര സര്‍ക്കാറിന്റെ സ്വന്തം പട്ടിക പ്രകാരം തന്നെ 22 കോടി ഭാരതീയര്‍ ദാരിദ്ര്യ രേഖക്ക് താഴെയാണിപ്പോഴും. ഇത്രയെല്ലാമായിട്ടും ആഗോളതലത്തില്‍ പോഷകാഹാരത്തിന്റെ ഏറ്റവും സമ്പുഷ്ട സ്രോതസ്സായ മാട്ടിറച്ചി മതഭ്രാന്തിന്റെ പേരില്‍ വിലക്കിയ നടപടി പോലും പുനഃപരിശോധിക്കാന്‍ തയാറില്ല താനും. അതും പോരാഞ്ഞ് ഹലാല്‍ ഭക്ഷണ നിരോധത്തിലേക്കാണ് കര്‍ണാടകയിലും മറ്റും നീക്കം. എന്നാലോ, സഹസ്ര കോടികള്‍ വെള്ളം പോലെ ഒഴുക്കിയ അഹ്മദാബാദ് -മുംബൈ അതിവേഗ റെയില്‍, പുതിയ പാര്‍ലമെന്റ് സൗധം, ഇതിഹാസ കഥാപാത്രങ്ങളുടെ പ്രതിമാ നിര്‍മാണം പോലുള്ള പദ്ധതികള്‍ക്ക് ഒരു മുടക്കവുമില്ല താനും.
ഇത്രയും ഭീമമായ പരാജയങ്ങള്‍ മൂടിവെക്കാനുള്ള വൃഥാ ശ്രമമാണ് പരമത വിദ്വേഷത്തിലൂടെ ജനശ്രദ്ധ തിരിക്കുന്ന പരിപാടി. ഈ വിധത്തിലാണ് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയെങ്കില്‍ യഥാര്‍ഥ ഹിന്ദുമത സ്‌നേഹികളെയും സനാതന ധര്‍മികളെയും ഏറെ നാള്‍ കൂടെ കൂട്ടാന്‍ പറ്റിയെന്നു വരില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌

ഹദീസ്‌

ധൂര്‍ത്ത് പിശാചില്‍നിന്ന്
അശ്ഫാഖ് ദുബൈ ashqkpv@gmail.com