Prabodhanm Weekly

Pages

Search

2022 നവംബര്‍ 04

3275

1444 റബീഉല്‍ ആഖിര്‍ 09

ദൈവ ഭക്തിയും  മാതൃസേവയും 

സദാനന്ദന്‍ പാണാവള്ളി

'വഴിയും വെളിച്ചവും' പംക്തിയില്‍  ജി.കെ എടത്തനാട്ടുകരയുടെ 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന ചിന്താശകലം കാലത്തിന്റെ കണ്ണാടിയായി. 'നിന്റെ സ്വര്‍ഗം നിന്റെ മാതാവിന്റെ കാല്‍ക്കീഴിലാണെ'ന്ന പ്രവാചക വചനമാണ് ഓര്‍മവന്നത്.
പ്രവാചക ശിഷ്യനായിരുന്ന അല്‍ഖമ ഭക്തനും ധീരനും ദയാലുവും വിശുദ്ധനുമൊക്കെ ആയിരുന്നെങ്കിലും രോഗം അദ്ദേഹത്തെ തളര്‍ത്തി. നിസ്സഹായയായ അദ്ദേഹത്തിന്റെ പത്‌നി പ്രവാചകന്റെ അടുത്തെത്തി, അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ടു. ഇതുകേട്ട പ്രവാചകന്‍ മൂന്നു പേരെ, അല്‍ഖമയെ സന്ദര്‍ശിച്ചു വിവരം  അന്വേഷിച്ചുവരാന്‍ നിയോഗിച്ചു. അവര്‍ ചൊല്ലിക്കൊടുത്ത വിശുദ്ധ വചനം ഏറ്റുചൊല്ലാന്‍ അല്‍ഖമക്കായില്ല. അത്രമാത്രം പരിക്ഷീണിതനായിരുന്നു അദ്ദേഹം.
തുടര്‍ന്ന് പ്രവാചകന്‍ അല്‍ഖമയുടെ മാതാപിതാക്കളെ കുറിച്ച് അന്വേഷിച്ചു. വൃദ്ധയും വിധവയുമായ മാതാവ് മാത്രമേ അദ്ദേഹത്തോടൊപ്പം ഉള്ളൂ എന്നറിഞ്ഞ പ്രവാചകന്‍ ആ മാതാവിനെ വിളിച്ചു വരുത്തി. മാതാവിനോടുള്ള അല്‍ഖമയുടെ പെരുമാറ്റത്തെ കുറിച്ചന്വേഷിച്ചപ്പോള്‍, അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവനെങ്കിലും തന്നോടുള്ള അവന്റെ പെരുമാറ്റം വളരെ മോശമാണെന്നും ഭാര്യയുടെ മുന്നില്‍ വെച്ചുപോലും അവനെന്നെ അവഹേളിക്കുമെന്നും അവര്‍ ബോധിപ്പിച്ചു.
ആ ഒരു പ്രവൃത്തികൊണ്ടാണ് വിശുദ്ധ വചനമുരുവിടാന്‍ അല്‍ഖമക്ക് കഴിയാത്തതെന്ന സത്യം മനസ്സിലാക്കിയ പ്രവാചകന്‍ അവനുവേണ്ടി ഒരു അഗ്നികുണ്ഠം തയാറാക്കാന്‍ ബിലാലിനോടാവശ്യപ്പെട്ടു.
'തന്റെ മുന്നില്‍ വെച്ച് സ്വന്തം മകനെ ഭസ്മമാക്കുന്നത് ഞാനെങ്ങനെ സഹിക്കും' എന്ന് വേവലാതിപ്പെട്ട മാതാവിനോട്, 'അല്ലാഹുവിന്റെ ശിക്ഷ ഇതിലും കടുപ്പമല്ലേ, അവനു മാപ്പു നല്‍കുക, അല്ലെങ്കില്‍ അവന്റെ ആരാധനകളൊക്കെ വിഫലമാകും, ഇപ്പോഴത്തെ ശിക്ഷയില്‍ നിന്ന് മോചനവുമുണ്ടാകില്ല' എന്നാണ് പ്രവാചകന്‍ പ്രതികരിച്ചത്. ഇതുകേട്ട് മാതാവ് അല്‍ഖമക്ക് മാപ്പുനല്‍കി.
അല്‍ഖമക്ക് വ്യക്തമായി വിശുദ്ധ വചനം ഉരുവിട്ടു കൊണ്ട് പരലോകം പ്രാപിക്കാന്‍ കഴിഞ്ഞു. 'മാതാവിന്റെ കാല്‍പ്പാദത്തിലാണ് നിന്റെ സ്വര്‍ഗം' എന്ന വചനം അന്വര്‍ഥമായി.
വൃദ്ധ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. 346 ലക്ഷം മലയാളികളില്‍ 70 ലക്ഷത്തോളം വൃദ്ധജനങ്ങള്‍. ഓരോ വര്‍ഷവും നൂറുകണക്കിന് അഛനമ്മമാര്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്നു. പ്രയാഗില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ മുപ്പതിനായിരം വരുമത്രേ. 30,000 പേരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള നാനൂറോളം വൃദ്ധ സദനങ്ങളാണ് കേരളത്തില്‍. ഏകാന്തത അനുഭവിക്കുന്ന മുതിര്‍ന്നവരുടെ ദുഃഖത്തിന് പരിഹാരം കാണേണ്ടിയിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലെ ഒരു അജണ്ട കൂടിയാവട്ടെ ഇത്. 


വിഷന്‍-'26 
പ്രസക്തമാവുന്നത്

ടി.പി ഹംസ തച്ചമ്പറ്റ

 

ദല്‍ഹി കലാപത്തിനു ശേഷം ഇരകളുടെ  കുടുംബങ്ങള്‍, അതില്‍ തന്നെ വിധവകളും  അവരുടെ മക്കളും അനുഭവിക്കുന്ന കടുത്ത ദുരിതങ്ങളെ കുറിച്ച് ഡോ. ഷര്‍നാസ് മുത്തു എഴുതിയ ലേഖനവും നിസ്താര്‍ കീഴുപറമ്പ് തന്റെ യാത്രയിലൂടെ തൊട്ടറിഞ്ഞ, അക്ഷര വെളിച്ചം എത്തിച്ചേരാത്ത അസം, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്ന നിരക്ഷരതയും ദാരിദ്ര്യവും, ഇതെല്ലാം പരിഹരിക്കേണ്ട ഭരണകൂടങ്ങളുടെ വിവേചനപരമായ അവഗണനയും വിവരിക്കുന്ന ലേഖനവും വായിച്ചു. രണ്ട് ലേഖനങ്ങളിലും  പൊതുവായി സൂചിപ്പിക്കപ്പെടുന്ന കാര്യം, മുസ്‌ലിം സമുദായത്തെ കൃത്യമായ  കാഴ്ചപ്പാടോടു കൂടി മുന്നോട്ട് നയിക്കാന്‍ പ്രാപ്തമായ ഒരു നേതൃത്വത്തിന്റെ അഭാവമാണ്. പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക പ്രസ്ഥാനം ആരംഭിച്ച വിഷന്‍ '26 പദ്ധതിയുടെ പ്രസക്തിയും പ്രാധാന്യവും വളരെ വലുതാണെന്ന് ഇവയില്‍നിന്നൊക്കെ മനസ്സിലാകുന്നു. ഡോ. ഷര്‍നാസ് മുത്തു സൂചിപ്പിക്കുന്നതു പോലെ ദല്‍ഹി കലാപത്തിന് ഇരയാക്കപ്പെട്ട പല കുടുംബങ്ങളും ആശ്വാസം കണ്ടെത്തുന്നത് വിഷന്റെ കീഴിലുള്ള  സംവിധാനങ്ങളിലും മറ്റുമാണല്ലോ. സി.എ.എ, എന്‍.ആര്‍.സി പ്രശ്‌നങ്ങളുടെ പേരിലാണ് ആ കലാപം നടന്നത് എന്നതിനാല്‍ കലാപ ബാധിതരെ സഹായിക്കാനും സംരക്ഷിക്കാനും നീതിയിലും നന്മയിലും താല്‍പര്യമുള്ള മുഴുവന്‍ മനുഷ്യര്‍ക്കും ഉത്തരവാദിത്വമുണ്ട്. 

 

കേരളീയ 
കൂട്ടായ്മകള്‍ക്ക് 
ഇനിയും ഒരുപാട് 
ചെയ്യാനു@്

കെ.സി ജലീല്‍ പുളിക്കല്‍

 

ലഹരി വിപത്തിനെതിരെ ഗവണ്‍മെന്റും മറ്റും രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് നരബലി വാര്‍ത്തയാകുന്നത്. തുടര്‍ന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരായ ചര്‍ച്ചയും സജീവമായി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമനിര്‍മാണം പണിപ്പുരയിലാണെന്നും വൈകാതെ ബില്ല് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഗവണ്‍മെന്റ് അനുകൂല സംഘടനകളും പ്രതിപക്ഷ സംഘടനകളും മറ്റു സാംസ്‌കാരിക കൂട്ടായ്മകളുമെല്ലാം ഇരു വിപത്തുകള്‍ക്കെതിരെ രംഗത്തുണ്ട്. അവയെ ഒരു സംഘടനയും ന്യായീകരിക്കുന്നില്ല.
എന്നാല്‍, ഇതൊന്നും ഇരു വിപത്തിന്റെയും പ്രചാരകരെയോ വക്താക്കളെയോ ഭയപ്പെടുത്തില്ലെന്നതാണ് വാസ്തവം. ഏത് കൊടുങ്കാറ്റും ഇലകളെയും ചില്ലകളെയും ഇളക്കി സ്വയം ഇല്ലാതാകുമെന്ന  വന്‍മരങ്ങളുടെ ആശ്വാസമാണ് ഇവര്‍ക്ക്. ലഹരിയുടെ കാര്യം തന്നെയെടുത്താല്‍, 'ഏത് ലഹരിയെയാണ് നിങ്ങള്‍ എതിര്‍ക്കുന്നത്?' എന്ന ചോദ്യത്തോടെത്തന്നെ എതിര്‍പ്പിന്റെ മുനയൊടിയുന്നു.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാര്യം അതിനെക്കാള്‍ സങ്കീര്‍ണമാണ്. രാഷ്ട്രീയ പാര്‍ട്ടികളെയാണ് ഇതും ഏറെ പ്രതിസന്ധിയിലാക്കുന്നത്. വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് അവരെ ഭയപ്പെടുത്തുന്നത്. എന്നാലോ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും തങ്ങള്‍ എതിരാണെന്ന് വരുത്തുകയും വേണം. അതിനാല്‍, ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും എതിര്‍ക്കും. ഏതെങ്കിലും മന്ത്രവാദ കേന്ദ്രത്തിലേക്ക് മാര്‍ച്ചും നടത്തും. പിന്നെപ്പിന്നെ പ്രതിഷേധം ക്രമേണ കെട്ടടങ്ങാനാണ് സാധ്യത.
   എന്നാല്‍ ലഹരി, അന്ധവിശ്വാസം തുടങ്ങിയ എല്ലാ തിന്മകള്‍ക്കുമെതിരെ സമാധാനപൂര്‍ണവും ഗുണകാംക്ഷാ നിര്‍ഭരവും നിരന്തരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള  നാടാണ് കേരളം. വ്യവസ്ഥാപിതമായ സംഘടനകളുടെ സജീവ സാന്നിധ്യവും ഇവിടെയുണ്ട്. എന്നാല്‍, അവര്‍ ഈ രംഗത്ത് അവരുടെ ബാധ്യത യഥാവിധി നിര്‍വഹിക്കുന്നുണ്ടോ?
ലഹരിയില്‍ മുങ്ങിക്കുളിച്ച സമൂഹത്തെ പൂര്‍ണമായും മോചിപ്പിച്ചെടുത്ത്, 'ഈ പൈശാചികത നിങ്ങള്‍ നിര്‍ത്താന്‍ തയാറുണ്ടോ' എന്ന് ദിവ്യഗ്രന്ഥം ചോദിച്ചപ്പോള്‍ 'അതെ, ഞങ്ങള്‍ നിര്‍ത്തി ദൈവദൂതരേ' എന്ന് പ്രഖ്യാപിച്ച പാരമ്പര്യമുള്ള ഇസ്‌ലാമിക സമൂഹം, ഇന്നും ആ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന ഇസ്ലാമിക സമൂഹം അറച്ചുനില്‍ക്കുന്നതെന്തിന്? കേരളത്തിലെ മുഖ്യധാരാ ഇസ്‌ലാമിക സംഘടനകളിലോ പോഷക സംഘടനകളിലോ അണിനിരന്ന പ്രവര്‍ത്തകരാരും ലഹരിക്കടിപ്പെട്ടവരല്ലെന്നിരിക്കെ ലഹരിക്കടിപ്പെട്ട  സഹോദരങ്ങളെ രക്ഷപ്പെടുത്താനുള്ള നിരന്തര പ്രവര്‍ത്തനങ്ങളിലേക്കിറങ്ങാന്‍ അവര്‍ എന്തിന് മടിക്കണം?
കേവലം ബോധവത്കരണത്തിലൊതുങ്ങാതെ, വിപുലമായ ലഹരിവിരുദ്ധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് സാധിക്കും. ഇത്തരം കാര്യങ്ങളില്‍ സംഘടനകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുന്നതും ഗുണകരമായിരിക്കും. 


റെക്കോര്‍ഡ് ജനസഞ്ചയത്തിന് മുന്നിലെ ആ ഖുത്വ്ബ!

മുഹമ്മദ് അലി, ചങ്ങനാശ്ശേരി

 

പണ്ഡിത ശ്രേഷ്ഠനായ ശൈഖ് യൂസുഫുല്‍ ഖറദാവിയെ സ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ വളരെ വിജ്ഞാനപ്രദവും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ആവേശദായകവുമായിരുന്നു. ആരും പരാമര്‍ശിക്കാതിരുന്ന ഒരു  സംഭവം സ്മരിക്കട്ടെ. ഈജിപ്തിലെ മുല്ലപ്പൂ വിപ്ലവത്തിനു തൊട്ടുടനെ നടന്ന ജുമുഅ നമസ്‌കാരത്തിന് ഇമാമത്ത് നിര്‍വഹിച്ചത് അദ്ദേഹമായിരുന്നല്ലോ. അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം, ഏതാണ്ട് മൂന്ന് മില്യന്‍  ആളുകള്‍ അതില്‍ പങ്കുകൊണ്ടു. അവിടത്തെ കോപ്റ്റിക് ക്രിസ്ത്യാനികളും പങ്കെടുത്തിരുന്നു. ലോക ചരിത്രത്തില്‍ അത്രയും ജനപങ്കാളിത്തമുണ്ടായ ഒരു ജുമുഅ നടന്നിട്ടില്ലല്ലോ. ആ മഹാ ജനസഞ്ചയത്തിനു മുന്നില്‍ ഖുത്വ്ബ നിര്‍വഹിച്ച റെക്കോര്‍ഡ് ഇനി എന്നാണ് തിരുത്തപ്പെടുക. ആര്‍ക്കാണ് അതിനു നാഥന്‍ അവസരം നല്‍കുക! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-40-43
ടി.കെ ഉബൈദ്‌

ഹദീസ്‌

ധൂര്‍ത്ത് പിശാചില്‍നിന്ന്
അശ്ഫാഖ് ദുബൈ ashqkpv@gmail.com