Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

മനുഷ്യാവകാശങ്ങള്‍

ടി.കെ.എം ഇഖ്ബാല്‍   tkmiqbal1@gmail.com

എല്‍.ജി.ബി.ടിയോട് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും അതിലെ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുന്ന വ്യക്തികളെയും വ്യത്യസ്തമായി കാണേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. സ്വവര്‍ഗരതി പോലെ തെറ്റായ ലൈംഗികാഭിനിവേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെടുന്ന സ്വത്വ നിര്‍മിതികളെ ഇസ്‌ലാമിന് സാധൂകരിക്കാനോ പിന്തുണക്കാനോ കഴിയില്ല. സ്വവര്‍ഗ ലൈംഗികബന്ധങ്ങളെ ശിക്ഷയര്‍ഹിക്കുന്ന പാപമായിട്ടാണ് ഇസ്ലാം കാണുന്നത്. എന്നാല്‍, സ്വവര്‍ഗരതിയോടുള്ള ആഗ്രഹത്തിന്റെയും അഭിനിവേശത്തിന്റെയും പേരില്‍ മാത്രം അല്ലാഹു ഒരാളെ ശിക്ഷിക്കുകയില്ല. ആ തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ അയാള്‍ ശിക്ഷക്ക് അര്‍ഹനാവുകയുള്ളൂ. സ്വവര്‍ഗാനുരാഗിയായതിന്റെ പേരില്‍ ഒരു മുസ്‌ലിം ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല. പക്ഷേ, സ്വവര്‍ഗാനുരാഗം ശരിയും അനുവദനീയവുമാണെന്ന് ഒരാള്‍ വാദിച്ചാല്‍ അയാള്‍ സ്വവര്‍ഗ ലൈംഗികബന്ധം പുലര്‍ത്തുന്ന ആളല്ലെങ്കില്‍ പോലും കുഫ്‌റ് (ദൈവനിഷേധം) എന്ന കൂടുതല്‍ ഗുരുതരമായ തെറ്റാണ് അയാളില്‍ നിന്ന് സംഭവിക്കുന്നത്. ഒരാള്‍ സ്വവര്‍ഗാനുരാഗിയാവുന്നതും സ്വവര്‍ഗ ലൈംഗികതക്ക് ന്യായം ചമയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇതാണ്.
സെക്‌സും ജെന്‍ഡറും രണ്ടാണെന്നും രണ്ടും സ്ഥായിയല്ലെന്നും ഓരോരുത്തരുടെയും അനുഭവങ്ങള്‍ക്കും തോന്നലുകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് മാറാവുന്നതാണെന്നും പറയുന്ന ട്രാന്‍സ്‌ജെന്‍ഡറിസത്തെയും ഇസ്ലാം പിന്തുണക്കുന്നില്ല. സെക്‌സില്‍ നിന്ന് വേര്‍തിരിച്ചുകൊണ്ട് ജെന്‍ഡറിനെ വിശദീകരിക്കുന്ന സാമൂഹിക ശാസ്ത്ര വ്യവഹാരങ്ങള്‍ ആധുനിക യൂറോപ്പിന്റെ സവിശേഷമായ ആശയ പരിസരത്ത് ഉണ്ടായതാണ്. സമൂഹത്തില്‍ അവഗണനയും വിവേചനവും നേരിടുന്ന ലൈംഗിക സ്വത്വങ്ങളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ നിന്നും, സ്ത്രീ-പുരുഷ ബന്ധങ്ങളെയും ധാര്‍മിക സദാചാര മൂല്യങ്ങളെയും കുടുംബ ഘടനയെയും, മനുഷ്യന്റെ ജൈവ ഘടനയെത്തന്നെയും മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ഒന്നായി എല്‍.ജി.ബി.ടി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ യാഥാര്‍ഥ്യം അവഗണിച്ചുകൊണ്ട് ഒരു പ്രസ്ഥാനം എന്ന നിലയില്‍ അതിനോട് ഇസ്‌ലാമികമായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയില്ല.
അതേസമയം എല്‍.ജി.ബി.ടിയിലെ വിവിധ കാറ്റഗറികളുടെ മനുഷ്യാവകാശങ്ങളോട് മുസ്‌ലിംകള്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ട്രാന്‍സ്, ഇന്റര്‍സെക്‌സ് വിഭാഗങ്ങള്‍ ഇപ്പോഴും പല സമൂഹങ്ങളിലും അവഗണനയും വിവേചനവും നേരിടുന്നുണ്ട് എന്നത് നേരാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ അവസ്ഥ വളരെ വേഗം മാറിവരുന്നുണ്ട്. എല്‍.ജി.ബി.ടി വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ പല രാജ്യങ്ങളിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സംഭവിക്കുന്നതു പോലെ എല്‍.ജി.ബി.ടി ആക്ടിവിസം പലേടത്തും മറ്റു വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന തലത്തിലോളം വളര്‍ന്നുകഴിഞ്ഞിട്ടുമുണ്ട്.
ജീവിക്കാനും നിലനില്‍ക്കാനുമുള്ള ഏതൊരു മനുഷ്യന്റെയും അവകാശത്തെ ഇസ്‌ലാം അംഗീകരിക്കുകയും അതിനു വേണ്ടി അവരുടെ കൂടെ നില്‍ക്കുകയും ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, എല്‍.ജി.ബി.ടി പ്രസ്ഥാനം അവരുടെ മനുഷ്യാവകാശങ്ങള്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്, അതിലെ വിവിധ വിഭാഗങ്ങള്‍ക്ക് അവരുടെ ഐഡന്റിറ്റി നിലനിര്‍ത്താനും അത് ആവിഷ്‌കരിക്കാനും അതിനു വേണ്ടി സംഘടിക്കാനും വാദിക്കാനും ആശയ പ്രചാരണം നടത്താനും സമരം ചെയ്യാനും എല്ലാമുള്ള അവകാശം കൂടിയാണ്. ഭരണഘടനാപരമായി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ ഈ അവകാശങ്ങള്‍ക്കു വേണ്ടി സ്വയം വാദിക്കുകയും ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന് വ്യവഹരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് ഇതേ അവകാശങ്ങള്‍ നല്‍കപ്പെടുമ്പോള്‍ അതിനെ എതിര്‍ക്കുകയും ചെയ്യുന്നതില്‍ വൈരുധ്യമില്ലേ എന്ന ചോദ്യം ന്യായമായും ഉന്നയിക്കാവുന്നതാണ്. സ്വവര്‍ഗ ലൈംഗികബന്ധങ്ങള്‍ പുലര്‍ത്താനും സ്വവര്‍ഗവിവാഹം ചെയ്യാനും ആ രീതിയിലുള്ള കുടുംബജീവിതം നയിക്കാനും സ്വവര്‍ഗ ലൈംഗികതക്കു വേണ്ടി വാദിക്കാനും പ്രചാരണം നടത്താനും മറ്റുമുള്ള നിയമാനുവാദമാണ് സ്വവര്‍ഗാനുരാഗികളുടെ മൗലികാവകാശമായി മനസ്സിലാക്കപ്പെടുന്നത്. ലിബറല്‍ ജനാധിപത്യത്തില്‍ അവകാശങ്ങളുടെ അതിരെവിടെ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് നേരത്തെ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരം. സ്വവര്‍ഗരതി അനുവദിക്കുന്നതു പോലെ ആത്മഹത്യ ചെയ്യാനും ശവരതി, മൃഗരതി, ഇന്‍സെസ്റ്റ് തുടങ്ങിയ ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെടാനും വ്യക്തികള്‍ക്ക് അനുവാദമുണ്ടാകുമോ? (പല പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്ക് ഇപ്പോഴും നിയമാനുവാദമില്ല. ഇന്‍സെസ്റ്റിനുള്ള നിയമാനുമതി ജര്‍മനി എടുത്തുകളഞ്ഞത് ഈയിടെയാണ്). ജെന്‍ഡര്‍ മാറുന്നതു പോലെ തോന്നലുകള്‍ക്കനുസരിച്ച് വ്യക്തികള്‍ക്ക് വയസ്സ് മാറാന്‍ അനുവാദമുണ്ടാകുമോ? 20 വയസ്സായ ഒരാള്‍ തനിക്ക് 70 വയസ്സാണെന്ന് പ്രഖ്യാപിച്ചാല്‍ അയാള്‍ക്ക് വാര്‍ധക്യ പെന്‍ഷന് നിയമാനുവാദം നല്‍കുമോ? ഒരാള്‍ക്ക് താന്‍ മൃഗമാണെന്ന് തോന്നുകയും അങ്ങനെ പ്രഖ്യാപിക്കുകയും ചെയ്താല്‍ നിയമം അയാളെ മൃഗമായി പരിഗണിക്കുമോ? ഇതൊന്നും സാങ്കല്‍പ്പികമായ ചോദ്യങ്ങളല്ല. ഇത്തരം പലവിധ തോന്നലുകളും വിഭ്രാന്തികളും ഉള്ള മനുഷ്യരുണ്ടെന്നാണ് മനശ്ശാസ്ത്രം പറയുന്നത്. ജെന്‍ഡര്‍ തോന്നലുകള്‍ക്ക് ഉള്ളതു പോലെ വിചിത്രമായ പേരുകള്‍ അവയ്ക്കുമുണ്ട്. Sexual orientation എന്ന ഓമനപ്പേര് നല്‍കിയതു കൊണ്ട് മാത്രം ശാസ്ത്രത്തിനോ യുക്തിക്കോ മനുഷ്യന്റെ സാമാന്യബോധത്തിനോ അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് നിയമാനുവാദം നല്‍കുന്നതിനെ സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പില്‍ ആകുലതയുള്ളവര്‍ക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുമോ? ഇങ്ങനെ എതിര്‍ക്കാനുള്ള അവകാശവും ലിബറല്‍ ജനാധിപത്യത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗമായി പരിഗണിക്കപ്പെടേണ്ടതല്ലേ?
സ്വവര്‍ഗരതിയോടും ട്രാന്‍സ്‌ജെന്‍ഡറിസത്തോടുമുള്ള എതിര്‍പ്പ് ഇന്റര്‍സെക്‌സ്, ജെന്‍ഡര്‍ ഡിസ്‌ഫോറിയ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍, അസെക്ഷ്വല്‍ തുടങ്ങിയ വിഭാഗങ്ങളോട് ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ ഇല്ല എന്നും മനസ്സിലാക്കേണ്ടതുണ്ട്. അത്തരം വ്യക്തികളെയും അവരുടെ പ്രശ്‌നങ്ങളെയും അനുഭാവപൂര്‍വമാണ് ഇസ്‌ലാം സമീപിക്കുന്നത് എന്ന് നാം കണ്ടു. ചുരുക്കത്തില്‍, എല്‍.ജി.ബി.ടിയോടുള്ള മുസ്‌ലിംകളുടെ എതിര്‍പ്പ് ആ പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന ആശയങ്ങളോടുള്ള എതിര്‍പ്പാണ്. അതിലെ വ്യക്തികളോടോ വിഭാഗങ്ങളോടോ ഉള്ള എതിര്‍പ്പല്ല. ഇസ്‌ലാമിനെയും നാസ്തികതയെയും മാര്‍ക്‌സിസത്തെയും ലിബറലിസത്തെയും കാപിറ്റലിസത്തെയും ആശയപരമായി വിമര്‍ശിക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശം എല്‍.ജി.ബി.ടിയുടെ കാര്യത്തില്‍ മാത്രം നിഷേധിക്കപ്പെടുന്നതില്‍ അര്‍ഥമില്ല.
ഇസ്ലാം വ്യക്തിസ്വാതന്ത്ര്യത്തിന് കൃത്യമായ അതിരുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം ഒരു ലിബറല്‍ ജനാധിപത്യ ഭരണകൂടത്തിന് പോലും അംഗീകരിച്ചു കൊടുക്കാന്‍ പ്രായോഗികമായി സാധ്യമല്ല. മദ്യവില്‍പന ഉദാരമാക്കുന്ന ഭരണകൂടങ്ങള്‍ തന്നെ മയക്ക്മരുന്നിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണ്? ദേശരാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി വ്യക്തിസ്വാതന്ത്ര്യങ്ങളുടെ മേല്‍ വിപുലമായ സര്‍വൈലന്‍സ് നടത്തുന്നത് എന്തുകൊണ്ടാണ്? ലിബറലിസത്തിന് അതിന്റെ മൂല്യസങ്കല്‍പത്തില്‍ നിന്നുകൊണ്ട് സ്വവര്‍ഗരതിക്ക് നിയമാനുവാദം നല്‍കാം. വ്യത്യസ്തമായ മൂല്യ സങ്കല്‍പങ്ങളില്‍ നിന്നുകൊണ്ട് അതിനെ എതിര്‍ക്കാനുള്ള അനുവാദം മറ്റുള്ളവര്‍ക്കും ഉണ്ടായിരിക്കണം. സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന സ്വവര്‍ഗ ലൈംഗികബന്ധങ്ങളുടെയും തലതിരിഞ്ഞ ജെന്‍ഡര്‍ ആശയങ്ങളുടെയും സാമൂഹിക പ്രത്യാഘാതങ്ങള്‍ അനുഭവത്തില്‍ വരുമ്പോള്‍ ഇപ്പോള്‍ അവയ്ക്ക് ഉദാരമായി അനുമതി നല്‍കുന്ന ഭരണകൂടങ്ങള്‍ക്ക് മാറിച്ചിന്തിക്കേണ്ടിവരും. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ധാരാളമായി സംസാരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള ലിബറല്‍ കാഴ്ചപ്പാടുകള്‍, അതംഗീകരിക്കാത്തവരുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയുമാണ് ലിബറലിസം ചെയ്യുന്നത്. പല ജനാധിപത്യരാജ്യങ്ങളിലും സ്വവര്‍ഗരതി നിയമവിധേയമാവുമ്പോള്‍ തന്നെ ഹിജാബിന് വിലക്കുകള്‍ വീഴുന്നത് ഈ കാപട്യത്തിന്റെ ഫലമായിട്ടാണ്.

തിന്മയോടുള്ള എതിര്‍പ്പ്

സ്വവര്‍ഗരതിയെയും ട്രാന്‍സ്‌ജെന്‍ഡറിസത്തെയും പരസ്യമായി എതിര്‍ക്കുന്നത് അതിനെ ലിംഗസ്വത്വത്തിന്റെ അടിസ്ഥാനമായി കാണുന്നവരുടെ അവകാശങ്ങളിലും സ്വാതന്ത്ര്യങ്ങളിലും കൈകടത്തലാണ് എന്ന് മുസ്‌ലിംകളില്‍ ചിലര്‍ പോലും വിചാരിക്കുന്നത് ലിബറലിസത്തിന്റെ ആശയ പരിസരത്ത് നിന്നുകൊണ്ട് കാര്യങ്ങളെ നോക്കിക്കാണുന്നതുകൊണ്ടായിരിക്കാം. നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്നത് (അംറുന്‍ ബില്‍ മഅ്‌റൂഫ്, നഹ്‌യുന്‍ അനില്‍ മുന്‍കര്‍) പ്രവാചകന്‍മാരെയും മുസ്‌ലിം ഉമ്മത്തിനെയും അല്ലാഹു ഏല്‍പിച്ച ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായിട്ടാണ് ഖുര്‍ആന്‍ പറയുന്നത്. 'ജനങ്ങള്‍ക്കു വേണ്ടി ഉയിര്‍പ്പിക്കപ്പെട്ട, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്ന ഉത്തമ സമുദായം' എന്നാണ് മുസ്‌ലിംകളെ അല്ലാഹു വിശേഷിപ്പിക്കുന്നത് (ഖുര്‍ആന്‍ 3:110 ). ഈ ഉത്തരവാദിത്വം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം നിര്‍വഹിക്കാനുള്ളതല്ല എന്നത് 'ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍പ്പിക്കപ്പെട്ട ഉത്തമ സമുദായം' എന്ന ഖുര്‍ആന്റെ പ്രയോഗത്തില്‍ നിന്ന് വ്യക്തമാണ്. പ്രവാചകന്‍മാരുടെ ദൗത്യമായി ഖുര്‍ആന്‍ പറയുന്നതും അംറുന്‍ ബില്‍ മഅ്‌റൂഫ്, നഹ്‌യുന്‍ അനില്‍ മുന്‍കര്‍ തന്നെയാണ്. അതുകൊണ്ടാണ് എല്ലാ പ്രവാചകന്‍മാരും അവര്‍ നിയോഗിതരായ സമൂഹങ്ങളില്‍ നിലനിന്നിരുന്ന സാമൂഹിക തിന്മകളെ നിശിതമായി വിമര്‍ശിച്ചത്. തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കുന്നതോടൊപ്പം, ശിര്‍ക്ക് ഉള്‍പ്പെടെയുള്ള തിന്‍മകളോടും അതിനെ താങ്ങിനിര്‍ത്തുന്ന അധികാര ശക്തികളോടും പ്രവാചകന്‍മാര്‍ ആശയപരമായി ഏറ്റുമുട്ടി. ലൂത്വ് നബി സ്വവര്‍ഗരതിയെ എതിര്‍ത്തതും ആ തിന്മയില്‍ നിന്ന് സ്വന്തം ജനതയെ മുക്തരാക്കാന്‍ പരിശ്രമിച്ചതും നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന പ്രവാചക ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു. മുഹമ്മദ് നബി (സ) ഇതേ ദൗത്യവുമായി മക്കയില്‍ നിയോഗിതനാവുമ്പോള്‍ ഇസ്‌ലാം സ്വീകരിച്ച ഒരാള്‍ പോലും അവിടെ ഉണ്ടായിരുന്നില്ലല്ലോ. ഏത് കാലത്തും ഏത് സമൂഹത്തിലും ഈ ദൗത്യം തുടരാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്.
ലിബറലിസം മുന്നോട്ടുവെക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാഴ്ചപ്പാടില്‍ നിന്ന് സാമൂഹിക തിന്മകളെ സമീപിച്ചാല്‍, മറ്റുള്ളവര്‍ ചെയ്യുന്ന ഒന്നിനെയും മുസ്‌ലിംകള്‍ എതിര്‍ക്കേണ്ടതില്ല എന്ന് വരും. സ്വവര്‍ഗരതിയുടെ വിഷയത്തില്‍ മാത്രമല്ല, എല്ലാതരം തിന്മകളുടെയും അധാര്‍മികതകളുടെയും കാര്യത്തില്‍ മൗനം പാലിക്കേണ്ടിവരും. ഖുര്‍ആന്റെ കാഴ്ചപ്പാടില്‍ യാതൊരു ന്യായീകരണവുമില്ലാത്തതാണ് ഈ നിലപാട്.
തിന്മയെ എതിര്‍ക്കുക എന്നാല്‍ തിന്മ ചെയ്യുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതല്ല ഇസ്‌ലാമിന്റെ നിലപാട്. തിന്മയെ സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുകയും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയും ചെയ്യുക; സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് തിന്മ തടയാന്‍ ശ്രമിക്കുക; തിന്മ ചെയ്യുകയും അത് പ്രചരിപ്പിക്കുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന വ്യക്തികളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക- ഇതാണ് 'നഹ്‌യുന്‍ അനില്‍ മുന്‍കറി'ന്റെ ഏറ്റവും ചുരുങ്ങിയ അര്‍ഥം. (നന്മ കല്‍പിക്കുക, തിന്മ വിരോധിക്കുക എന്ന ഖുര്‍ആനികാശയത്തിന് നന്മയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതി സ്ഥാപിക്കുക എന്നു വരെയുള്ള വിശാലമായ അര്‍ഥ കല്‍പനകളുണ്ട്.) 'അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നിന്റെ സഹോദരനെ സഹായിക്കുക' എന്ന ഒരു നബിവചനമുണ്ട്. എങ്ങനെയാണ് അക്രമിയെ സഹായിക്കുക എന്ന് ഒരു അനുചരന്‍ സംശയം ചോദിച്ചപ്പോള്‍ നബി പറഞ്ഞു:
'അക്രമിയെ സഹായിക്കുകയെന്നാല്‍ അക്രമത്തില്‍ നിന്ന് അയാളെ തടഞ്ഞുനിര്‍ത്തുക എന്നാണ്.' ഇസ്‌ലാമിന്റെ ദൈവശാസ്ത്രപരമായ ഒരു നിലപാടിനെയാണ് ഈ നബിവചനം വ്യക്തമാക്കുന്നത്. നന്മ ചെയ്യാനും തിന്മ ചെയ്യാനും മനുഷ്യര്‍ക്ക് അല്ലാഹു സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മനുഷ്യനില്‍ തന്നെയുള്ള ദുഷ്ചിന്തകള്‍ക്കും ദുഷ്പ്രവണതകള്‍ക്കും അടിപ്പെടുമ്പോഴാണ് ഒരാള്‍ തെറ്റു ചെയ്യുന്നത്. നന്മയുടെയും തിന്മയുടെയും പ്രത്യാഘാതങ്ങള്‍ ഈ ലോകത്തും പരലോകത്തും മനുഷ്യര്‍ അനുഭവിക്കും. നന്മ പ്രോത്സാഹിപ്പിക്കപ്പെടുകയും തിന്മ തടയപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ മനുഷ്യ ജീവിതം ദുരിതപൂര്‍ണമായി മാറും. ഖുര്‍ആന്‍ അത് വ്യക്തമായി പറയുന്നുണ്ട് : 'നിങ്ങള്‍ ഫിത്‌നയെ സൂക്ഷിക്കുക; നിങ്ങളുടെ കൂട്ടത്തിലെ അക്രമികളെ മാത്രമല്ല അത് ദോഷകരമായി ബാധിക്കുക' (അല്‍ അന്‍ഫാല്‍ 25). 'മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി കരയിലും കടലിലും നാശം പടര്‍ന്നിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ചില ഫലങ്ങള്‍ അതു വഴി അവരെ അനുഭവിപ്പിക്കാന്‍ വേണ്ടി. അവര്‍ പിന്തിരിഞ്ഞെങ്കിലോ?' (അര്‍റൂം 41).
തിന്മയുടെ നേരെ മൗനം പാലിക്കാനല്ല പ്രവാചകന്‍ പഠിപ്പിച്ചത്. പ്രശസ്തമായ ഒരു നബിവചനമുണ്ട്: 'നിങ്ങളിലൊരാള്‍ ഒരു തിന്മ കാണുകയാണെങ്കില്‍ കൈകൊണ്ട് അതിനെ മാറ്റാന്‍ ശ്രമിക്കട്ടെ. അതിന് സാധ്യമല്ലെങ്കില്‍ നാവ് കൊണ്ട്. അതിനും സാധ്യമല്ലെങ്കില്‍ ഹൃദയം കൊണ്ട് . അതാണ് വിശ്വാസത്തില്‍ ഏറ്റവും ദുര്‍ബലമായിട്ടുള്ളത്.' സാഹചര്യവും സാധ്യതയും പരിഗണിച്ചുകൊണ്ട് തിന്മയെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി സ്വീകരിക്കണം എന്നാണ് ഈ നബിവചനത്തിന്റെ താല്‍പര്യം.
ഇസ്ലാം ഏറ്റവും ഗുരുതരമായ തിന്മയും പാപവുമായി എണ്ണിയിട്ടുള്ളതാണ് ശിര്‍ക്ക് അഥവാ ബഹുദൈവത്വം. പക്ഷേ, ശിര്‍ക്ക് ചെയ്തതിന്റെ പേരില്‍ മാത്രം അല്ലാഹു ഒരു ജനതയെ ഭൂമിയില്‍ നാമാവശേഷമാക്കിയതായി ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയില്ല. (അല്ലാഹു അല്ലാത്തവര്‍ക്ക് പ്രാര്‍ഥനയും ആരാധനയും അര്‍പ്പിക്കുക എന്ന അര്‍ഥത്തിലുള്ള ശിര്‍ക്ക് ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ പരമാധികാരത്തെ നിഷേധിക്കുന്ന ഏത് പ്രവൃത്തിയും വിശാലമായ അര്‍ഥത്തില്‍ ശിര്‍ക്കിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടും). ശിര്‍ക്കിനോടൊപ്പം അധാര്‍മികതയിലും മറ്റു തിന്മകളിലും ആണ്ടു മുങ്ങുമ്പോഴാണ് ഒരു ജനത ദൈവശിക്ഷക്ക് അര്‍ഹരായിത്തീരുന്നത്. അല്ലാഹു പറയുന്നു: 'നാം ഒരു നാടിനെ നശിപ്പിക്കാനുദ്ദേശിച്ചാല്‍ അതിലെ സുഖലോലുപരെ നേതാക്കളാക്കുന്നു. അവരവിടെ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ ദൈവത്തിന്റെ വാക്ക് ആ നാടിന് മേല്‍ സത്യമായി പുലരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.' (അല്‍ ഇസ്‌റാഅ് 16).
ഒരു ജനതയിലെ സമ്പന്ന വര്‍ഗം എല്ലാ അതിരുകളും ലംഘിച്ച് ജീവിതാര്‍ഭാടങ്ങളില്‍ ആറാടുമ്പോള്‍ അനിവാര്യമായ നാശം ഒരു പ്രാപഞ്ചിക നിയമം കണക്കെ അവരുടെ മേല്‍ വന്നു പതിക്കുന്നു എന്നാണ് ഈ സൂക്തത്തിന്റെ ആശയം. 'നിന്റെ നാഥന്‍ അക്രമത്തിന്റെ പേരില്‍ നാടുകളെ നശിപ്പിക്കുകയില്ല. അവിടത്തെ നിവാസികള്‍ നന്മ ചെയ്യുന്നവരായിരിക്കെ' (ഹൂദ്: 117). ഈ സൂക്തത്തില്‍ 'അക്രമം' (ളുല്‍മ്) എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് ശിര്‍ക്കും കുഫ്‌റുമാണെന്ന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഖുര്‍ത്വുബി, ശൗകാനി, അല്‍ മറാഗി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സംസ്‌കാരത്തെയും നാഗരികതയെയും തകര്‍ക്കുന്ന വിധത്തില്‍ തിന്മയും അധാര്‍മികതയും ഒരു സമൂഹത്തില്‍ വ്യാപകമാവുമ്പോഴാണ് ആ ജനത അനിവാര്യമായ നാശത്തിന് അര്‍ഹമായിത്തീരുന്നത് എന്നും പണ്ഡിതന്‍മാര്‍ ഇതിനെ വിശദീകരിച്ചിട്ടുണ്ട്.  (തുടരും)
 8592868098
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്