Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

വിശ്വാസവും  അന്ധവിശ്വാസവും

കവര്‍ സ്റ്റോറി / മുഹമ്മദ് ശമീം   mail.metaphor@gmail.com 

 

പ്രാര്‍ഥനയുടെ രണ്ട് രീതികള്‍ പഠിപ്പിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ഹജ്ജ് കര്‍മങ്ങളുടെ അനുവര്‍ത്തനത്തെപ്പറ്റി പരാമര്‍ശിക്കുമ്പോഴാണ് സൂറഃ അല്‍ബഖറ ഇരുനൂറാം വചനം മുതല്‍ ഈ പാഠം വരുന്നത്. രണ്ട് രീതിയുടെയും ഫലങ്ങളും അവിടെ പരാമൃഷ്ടമാകുന്നുണ്ട്.
'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്ക് ഈ ഐഹികലോകത്ത് നീ (എല്ലാം) പ്രദാനം ചെയ്യേണമേ' എന്നതാണ് ഒരു വിഭാഗത്തിന്റെ പ്രാര്‍ഥന (200). അവര്‍ തേടുന്ന ഐഹികവിഭവങ്ങള്‍ അവര്‍ക്ക് കിട്ടുമെന്നോ ഇല്ലെന്നോ ഖുര്‍ആന്‍ പറയുന്നില്ല. എന്നാല്‍, പാരത്രിക ജീവിതത്തില്‍ അവര്‍ക്ക് യാതൊരു വിഹിതവുമില്ല എന്ന് പ്രസ്താവിക്കുന്നുണ്ട് താനും. മറു വിഭാഗമാകട്ടെ  'ഐഹികജീവിതത്തില്‍ തങ്ങള്‍ക്ക് നന്മ, നല്ലത് തരേണമേ' (201) എന്ന് പ്രാര്‍ഥിക്കുന്നു. ഐഹികാനന്തര ജീവിതത്തിലും അപ്രകാരം ഏറ്റവും നല്ലത് പ്രദാനം ചെയ്യണമെന്ന് കൂട്ടിച്ചേര്‍ക്കുന്നു. 'അവര്‍ അവരുടെ കര്‍മങ്ങളിലൂടെ സമ്പാദിച്ചതിന്റെ വിഹിതം അവര്‍ക്കുണ്ട്' എന്നാണ് ഖുര്‍ആന്റെ തുടര്‍ പ്രസ്താവന (202).  ഈ രണ്ട് പ്രാര്‍ഥനകളും വ്യത്യസ്ത ലോകവീക്ഷണങ്ങളെ അടയാളപ്പെടുത്തുന്നു. തീര്‍ത്തും ഐഹികവും ലൗകികവുമാണ് ആദ്യത്തേത്. രണ്ടാമത്തെതാകട്ടെ, നന്മയെയും പ്രതിബദ്ധതയെയും ആഗ്രഹിക്കുന്നു. എന്നാല്‍, ഐഹികതയോട് വിരക്തമാകുന്നില്ല താനും.
ധര്‍മം എന്ന് വിവര്‍ത്തനം ചെയ്യാവുന്ന 'ദീന്‍' എന്ന ആശയത്തിന്റെ അടിസ്ഥാനം ധാര്‍മികബോധം തന്നെയാണ്. എന്നാല്‍, ഇതിനെതിരില്‍ ഖുര്‍ആന്‍ നിര്‍ത്തുന്നത് ഭൗതികത അഥവാ ലൗകികത എന്ന വികാരത്തെയാണ്.  ഈ ഭൗതികത ഉദ്ഭവിക്കുന്നത് ഭൗതികവാദത്തില്‍ നിന്ന് തന്നെയാവണം എന്നില്ല. മുകളില്‍ പറഞ്ഞ ഉദാഹരണത്തില്‍ ലൗകികാസക്തനും ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട്. എന്നുവെച്ചാല്‍ അയാള്‍ വിശ്വാസിയാണ്. എന്നു മാത്രമല്ല, അയാളും രണ്ടാമനും പ്രാര്‍ഥനയില്‍ ഒരേ സംബോധന തന്നെ (റബ്ബനാ എന്ന്) സ്വീകരിച്ചിട്ടുണ്ട്.
അതായത്, കാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമാണ്. ബഹിര്‍ദൃശമോ ഉപരിപ്ലവമോ ആയ ഖ്യാതികള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. അതേസമയം തിരുവല്ലയില്‍ നടന്ന നരബലിയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ബഹിര്‍മാത്രസ്പര്‍ശിയായ ചര്‍ച്ചകളാണ് പൊതുവെ നടന്നുവരുന്നത്. കാര്യങ്ങള്‍ ആഴത്തില്‍ അപഗ്രഥിക്കുന്നതിന് അനിവാര്യമായ ചില തിരിച്ചറിവുകളാണ് ഈ ലേഖനത്തില്‍.

* * * * *
ബലിയര്‍പ്പിക്കാന്‍ മതം പറയുമ്പോള്‍ അത് ആസക്തികളെ ബലികഴിക്കലാണ്. ഭൗതികലോകത്തോടുള്ള ക്രിയാത്മക സമീപനവുമാണത്. അതില്‍ പ്രതിബദ്ധതയും സാമൂഹികബോധവുമുണ്ട്. മേല്‍ ഉദ്ധരിച്ച ഖുര്‍ആന്‍ വചനത്തിലെ രണ്ടാമത്തെ പ്രാര്‍ഥന അങ്ങനെയൊരു വീക്ഷണത്തെ അടയാളപ്പെടുത്തുന്നു. പ്രത്യേകിച്ചും അതില്‍ 'ഹസനഃ' എന്നൊരു പദമുണ്ടല്ലോ. നന്മ എന്നതിന്റെ ഗാഢരൂപമായി ഇവിടെ അതിനെ കണക്കാക്കാം. ഒന്നാമത്തെയാളുടെ അര്‍ഥനയില്‍ ഈ സത്വതയോ സാധുതയോ ഇല്ല. ദുനിയാവില്‍ എന്തും എങ്ങനെയും കിട്ടണം എന്നതാണ് അയാളുടെ അഭിവാഞ്ഛ. എന്നാല്‍, രണ്ടാമത്തെയാള്‍ ഐഹികത്തിലും ഐഹികാനന്തരത്തിലും കാംക്ഷിക്കുന്നത് ഹസനഃയാണ്. അതാകട്ടെ, അയാളുടെ പ്രതിബദ്ധതയെയും സമൂഹബദ്ധതയെയും സൂചിപ്പിക്കുന്നു.
അതായത്, വിശ്വാസം എന്നതിനപ്പുറം രണ്ടും രണ്ട് വീക്ഷണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. രണ്ടും രണ്ട് വഴികളാണ്. ഒന്നിന്റെ ആധാരം സ്വാര്‍ഥതയും ഭൗതികതയുമാണെങ്കില്‍ രണ്ടാമത്തേതിന്റെ അടിസ്ഥാനം പ്രതിബദ്ധതയും ധാര്‍മികതയുമാണ്. വിശ്വാസമല്ല ഇതില്‍ പ്രതിയാവുന്നത് എന്നര്‍ഥം.
മതങ്ങള്‍ എന്ന പട്ടികയില്‍ ചേര്‍ക്കപ്പെടുന്ന സംഹിതകളും ദര്‍ശനങ്ങളുമെല്ലാം സാമൂഹിക ബന്ധത്തെയും ബോധത്തെയുമാണ് ആധാരമാക്കുന്നത്. മതത്തിന്റെ ഉല്‍പത്തി തന്നെ മന്ത്രവാദമാണെന്ന നിരീക്ഷണത്തിനൊന്നും ചരിത്രപരമായി തെളിവുകളുണ്ടെന്ന് തോന്നുന്നില്ല. വിശ്വാസപരമായ വ്യതിയാനങ്ങള്‍ മതപരമായ അറിവിന് മാത്രമല്ല ഉണ്ടായിട്ടുള്ളത്. ആധുനിക ശാസ്ത്രം ഉത്ഭവിക്കുന്നതിന് മുമ്പാണെങ്കിലും അന്നത്തെ വാനനിരീക്ഷണങ്ങളെയും അതിന്റെ ഫലമായി കണ്ടെത്തുന്ന അറിവുകളെയും പൗരാണിക ജ്യോതിശ്ശാസ്ത്രം എന്നു തന്നെ വിളിക്കാം. കാലഗണന, കാലാവസ്ഥ തുടങ്ങിയവയും ഖഗോളീയ പ്രതിഭാസങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രമാണ്. എന്നാല്‍, ഈ അറിവിന്റെ വ്യതിയാനമാണ് ജ്യോതിഷത്തിനും ഫലഭാഗത്തിനുമൊക്കെ നിമിത്തമായിത്തീര്‍ന്നത് എന്നു വേണം കരുതാന്‍.
എന്തായാലും മുകളില്‍ പറഞ്ഞ രണ്ട് വഴികളില്‍ ഭൗതികതയുടെയും സ്വാര്‍ഥത്തിന്റെയും വഴിയിലാണ് ആഭിചാരം നിലകൊള്ളുന്നത്. ആഭിചാരകര്‍മങ്ങള്‍ക്ക് ഫലമുണ്ടാകുമെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍, അത് തെറ്റാണെന്നും മോശമാണെന്നുമുള്ള നിലപാടും അതോടൊപ്പം തന്നെ നിലനില്‍ക്കുന്നു. പലപ്പോഴും പുരാണകഥകളില്‍പ്പോലും ദുഷ്ടകര്‍മങ്ങളുടെ മറുകര്‍മങ്ങളായാണ് സാത്വികാഭിചാരകര്‍മങ്ങളെ വിശേഷിപ്പിക്കാറുള്ളത്. ഇതിലെ ശരിയും തെറ്റുമൊക്കെ നമുക്ക് വഴിയേ ചര്‍ച്ച ചെയ്യാം.
ഇന്ത്യന്‍ ആഭിചാരത്തില്‍ 'കൃത്തികാബലി' എന്ന കര്‍മം പ്രസിദ്ധമാണ്. ഈ ആഭിചാരത്തില്‍ ഉപാസിക്കപ്പെടുന്ന കൃത്തികയുടെ ഉത്ഭവത്തെപ്പറ്റി രണ്ട് കഥകളുണ്ട്. അതിലൊന്ന് കാശിയിലെ രാജാവായ പൗണ്ഡ്രക വാസുദേവന് ശ്രീകൃഷ്ണനോടുണ്ടായിരുന്ന ശത്രുതയില്‍ നിന്ന് കൃത്തിക ഉടലെടുത്തു എന്നതാണ്. രണ്ടാമത്തെ കഥയില്‍ അംബരീഷന്‍ എന്ന സാത്വികനും ധര്‍മിഷ്ഠനുമായ രാജാവിനോട് ദുര്‍വാസാവ് മഹര്‍ഷിക്കുണ്ടായ കോപത്തില്‍ നിന്ന് കൃത്തിക ഉണ്ടായി എന്നും. അതായത്, ആഭിചാരത്തില്‍ ഉപാസിക്കപ്പെടുന്ന മൂര്‍ത്തിയുടെ ഉത്ഭവം തന്നെ ക്രോധത്തില്‍ നിന്നും ദ്വേഷത്തില്‍ നിന്നുമാണ്.
അതേസമയം, ഹിന്ദുമതത്തില്‍ മോക്ഷത്തിന് ഷഡ്രിപുക്കളില്‍ നിന്നുള്ള മോചനം അനിവാര്യവുമാണ്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയാണ് ഷഡ്രിപുക്കള്‍ (ആറ് ശത്രുക്കള്‍). എന്നാല്‍, സ്വാര്‍ഥതയുടെയും വിദ്വേഷത്തിന്റെയും ഈ വികാരങ്ങളില്‍ നിന്നാണ് ആഭിചാരത്തിലെ ഉപാസനകള്‍ ഉണ്ടാകുന്നത്. എന്നുവെച്ചാല്‍ ഹൈന്ദവ ആഭിചാരവും ഹിന്ദുമതവും രണ്ടും രണ്ടാണ്. പില്‍ക്കാലത്ത് മതത്തിന് തന്നെ വ്യതിയാനങ്ങളുണ്ടാവുകയും ആഭിചാരകര്‍മങ്ങള്‍ മതജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തപ്പോഴും അവയെ നീചകര്‍മങ്ങളായിത്തന്നെ പരിഗണിച്ചു. അതോടെ മറുഭാഗത്ത് സാത്വിക ആഭിചാരങ്ങളും ഉടലെടുത്തു. കൃത്തികാബലി നീചകര്‍മമാണെങ്കില്‍ ഖഡ്ഗരാവണ ബലി സാത്വിക കര്‍മമായിരുന്നു. മായാവിയും ദ്രോഹിയുമായ കലശ രാജാവിനെ പരമശിവന്‍ നിഗ്രഹിച്ചത് ഖഡ്ഗരാവണരൂപത്തിലായിരുന്നു എന്ന് പുരാണം.
പൗണ്ഡ്രകന്റെ വിദ്വേഷത്തിന്റെയും ദുര്‍വാസാവിന്റെ ക്രോധത്തിന്റെയും ഉല്‍പന്നമായ കൃത്തികയെ ശ്രീകൃഷ്ണന്‍ വധിക്കുന്നത് സുദര്‍ശനം ഉപയോഗിച്ചാണ് എന്ന് പുരാണം. സു എന്ന പദം നന്മയെയും ദര്‍ശനം വീക്ഷണത്തെയും സൂചിപ്പിക്കുന്നുവല്ലോ. ഇവിടെ പുരാണങ്ങള്‍ക്ക് ആധികാരികത നല്‍കുകയല്ല ഈ ലേഖകന്‍ ചെയ്യുന്നത്. മറിച്ച്, ആഭിചാരങ്ങള്‍ക്ക് ആധികാരികത നല്‍കുമ്പോഴും പുരാണങ്ങള്‍ പോലും അവയെ ക്രോധവിദ്വേഷങ്ങളുടെ പ്രതീകമായും അതിനെതിരില്‍ മതത്തെ സു-ദര്‍ശനമായും തന്നെ അവതരിപ്പിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ്.
ഭൗതികാസക്തികളുടെ ഉപാസനയില്‍ നിന്ന് ആഭിചാരമുണ്ടാകുന്നു. എന്നാല്‍, ധര്‍മമാര്‍ഗത്തോടുള്ള പ്രതിബദ്ധതയില്‍നിന്ന് മതവുമുണ്ടാകുന്നു. രണ്ടും രണ്ട് വഴികളത്രേ.

* * * * *
ഒരുപക്ഷേ, ആഭിചാരത്തിന്റെ പ്രതീകമാണ് ഖുര്‍ആനിലെ സാമിരി എന്ന കഥാപാത്രം. സാമിരിയുടെ കഥയിലും ഒരു ഏറ്റുമുട്ടല്‍ വരുന്നുണ്ട്. ഒരര്‍ഥത്തില്‍ മൂസാ നബിയുടെ രാഷ്ട്രീയ എതിരാളിയായ ഫിര്‍ഔനിനെക്കാള്‍ അപകടകാരിയും ഭീകരനുമാണ് സാമിരി. സാമിരിയുടെ കൃത്തികാ മൂര്‍ത്തിക്ക് ഒരു പശുക്കിടാവിന്റെ രൂപമാണുണ്ടായിരുന്നത്. ഈജിപ്തുകാരുടെ (ഈജിപ്തിലാണല്ലോ മൂസാ നബിയുടെ നിയോഗവും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നത്) ആഭിചാരദേവതയായ സേത്തിന് ആടിന്റെ രൂപമായിരുന്നു. ആധുനിക കാലത്ത് അമേരിക്കയിലെ സേറ്റനിസ്റ്റ് (സാത്താനിക) ചര്‍ച്ചുകളിലൊന്നായ ടെംപിള്‍ ഒാഫ് സേത്ത് സേത്തിനെയാണ് പ്രധാന അടയാളമായി സ്വീകരിച്ചത്. ചര്‍ച്ച് ഓഫ് സേറ്റന്‍ എന്ന സാത്താനിക സഭയുടെ സ്ഥാപകനായ ആന്റണ്‍ ലാവേയുടെ മകളായ സീന ഷ്രെക്കും അവരുടെ ഭര്‍ത്താവ് നികോളാസ് ഷ്രെക്കും പിന്നീട് ലാവേയന്‍ സേറ്റനിസത്തില്‍ നിന്ന് വേറിട്ടുപോയി രൂപവത്കരിച്ചതാണ് ടെംപിള്‍ ഓഫ് സേത്ത്.
സ്വര്‍ണം കൊണ്ടാണ് സാമിരി അയാളുടെ ആഭിചാരമൂര്‍ത്തിയെ നിര്‍മിച്ചത്. സ്വര്‍ണം ഭൗതികതയുടെ പ്രതീകമാണ്. നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും ആഭരണങ്ങള്‍ കൊണ്ടുവരൂ എന്ന് അഹരോന്‍ (സാമിരിയുടെ കഥയില്‍ ബൈബിളില്‍ കാണപ്പെടുന്ന പേര് അഹരോന്റേതാണ്) ജനങ്ങളോട് പറഞ്ഞതായും അവര്‍ അപ്രകാരം തങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചതായും ബൈബിളില്‍ (പുറപ്പാട് 32) വായിക്കാം. (സ്വര്‍ണ) പശുക്കുട്ടിയോടുള്ള അഭിനിവേശം നിങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കയാല്‍ നിങ്ങള്‍ സത്യം കാണാന്‍ വിസമ്മതിക്കുന്നു എന്ന് ഖുര്‍ആന്‍ സാമിരിയുടെ അനുഗതാക്കളായിത്തീര്‍ന്നവരോട് പറയുന്നുമുണ്ട്. ഈജിപ്തുകാര്‍ അക്കാലമായപ്പോഴേക്കും ആഭിചാരങ്ങളുടേതായ ഒരു മതം വികസിപ്പിച്ചു കഴിഞ്ഞിരുന്നു. ഇസ്രായേല്യരില്‍പ്പെട്ട സാമിരി അതില്‍ ആകൃഷ്ടനായിരുന്നുവെന്നു വേണം കരുതാന്‍. ആഭിചാരമൂര്‍ത്തിയായ പശുക്കുട്ടി, സ്വര്‍ണം കൊണ്ടുള്ള അതിന്റെ നിര്‍മിതി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നിടത്ത് ആഭിചാരവും ഭൗതികതയും തമ്മിലുള്ള ബന്ധവും നമുക്ക് ഗ്രാഹ്യമായിത്തീരുന്നു. മദ്യവും നൃത്തവുമൊക്കെയായി ഉന്മാദത്തിന്റെ ആഘോഷമായിരുന്നു സ്വര്‍ണപ്പശുവിന് ചുറ്റും നടമാടിയിരുന്നത് എന്നും പുറപ്പാട് പുസ്തകത്തില്‍ കാണാം. തലകുത്തി നിര്‍ത്തപ്പെട്ട ആത്മീയബോധത്തിന്റെ പ്രകടനമായിരുന്നു അത്. ഉന്മാദം ബാധിച്ചവരുടെ ശീര്‍ഷാസനങ്ങള്‍.
ഇത്തരം ഉന്മാദങ്ങളെ മതം അംഗീകരിക്കുന്നില്ല. രക്തമൊഴുക്കുമ്പോള്‍ പ്രസാദിക്കുന്ന ദൈവവും അതിലില്ല. അതിലെ ബലി സാമൂഹികബോധത്തെയാണ് അടയാളപ്പെടുത്തുന്നത്. സ്വയം മറക്കലല്ല, മറിച്ച് സ്വന്തത്തെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കലാണത്.

* * * * *
മതം തന്നെ ഒക്കള്‍ട്ട് (ആഭിചാരം) ആയിത്തീരുകയോ ആഭിചാരത്തെ മതം അംഗീകരിക്കുകയോ ചിലപ്പോഴെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്ത സന്ദര്‍ഭങ്ങള്‍ ഇല്ലെന്നല്ല. ചിലപ്പോള്‍ മതനേതൃത്വങ്ങള്‍ക്ക് ഔപചാരികമായി അതില്‍ പങ്കൊന്നുമുണ്ടായിക്കൊള്ളണമെന്നില്ലെങ്കിലും വിശ്വാസികള്‍ക്കിടയില്‍ ഇത് സംബന്ധമായ ധാരണകള്‍ വ്യാപിക്കുന്നത് തടയാതിരിക്കുകയോ, പുരോഹിതന്മാര്‍ മറുമന്ത്രവും ആഭിചാരത്തെ ചെറുക്കുന്ന ആഭിചാരവും കൊണ്ട് അതിനെ മുതലെടുക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുമുണ്ട്.
അയുക്തിക സിദ്ധാന്തവത്കരണത്തിലൂടെയും നിഗൂഢവത്കരണത്തിലൂടെയും മതത്തെ ഒരു സ്ഥാപനമാക്കിത്തീര്‍ക്കാനുള്ള പരിശ്രമങ്ങളായിരുന്നു അതിന് നിമിത്തമായിത്തീര്‍ന്നത്. അതാകട്ടെ, മതത്തിന്റെ യഥാര്‍ഥ ചൈതന്യത്തില്‍ നിന്ന് മതസമൂഹങ്ങളെ അകറ്റുകയാണ് ചെയ്തത്.
ആചാരാനുഷ്ഠാനങ്ങളിലെ അമിതത്വം എത്രത്തോളം സമൂഹത്തെ അധാര്‍മികമാക്കും എന്നതിനെക്കുറിച്ച തിരിച്ചറിവായിരുന്നിരിക്കണം അക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താന്‍ ശ്രീ ബുദ്ധനുണ്ടായിരുന്ന ന്യായം. എന്നാല്‍ തന്ത്ര, വജ്ര തുടങ്ങിയ രൂപങ്ങളില്‍ ബുദ്ധസമൂഹത്തില്‍ ആഭിചാരങ്ങള്‍ കടന്നുവന്നു. പദ്മസംഭവന്‍ ഉള്‍പ്പെടെയുള്ള വജ്രയാനാചാര്യന്മാര്‍ മന്ത്രതന്ത്രാദികളെ മുക്ത്യുപായങ്ങളായി കണക്കാക്കി. നിഗൂഢശക്തികളുള്ള ഡാക, ഡാകിനി തുടങ്ങിയ ദേവതകള്‍ അതില്‍ സ്ഥാനം പിടിച്ചു. ബുദ്ധന്‍ തന്നെയും ഒരു ഒക്കള്‍ട്ട് ദൈവമായി മാറി.
ഇതുപോലെ ലാളിത്യത്തില്‍ ഊന്നുകയും ഗൂഢാത്മകതയെ നിരാകരിക്കുകയും ചെയ്ത ലൗ ദ് സുവിന്റെ താവോ മതത്തില്‍ പുരോഹിതനായ ചങ് താവോ ലിങ് എന്ന യോഗി ആഭിചാരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ഗത്തില്‍ നിന്ന് താന്‍ കണ്ടെടുത്ത വെള്ളക്കടുവയും നീലവ്യാളിയും എന്ന രസായനം സേവിച്ച് താന്‍ അമാനുഷനായിത്തീര്‍ന്നതായി അയാള്‍ അവകാശപ്പെട്ടു. ചൈനയിലെ പരമ്പരാഗത മാന്ത്രികാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു നീല വ്യാളി, ചുവന്ന പറവ, വെളുത്ത കടുവ, കറുത്ത ആമ എന്നിവ. ഈ ആഭിചാര ചിഹ്നങ്ങളെല്ലാം താവോ മതത്തിന്റെയും ഭാഗമായി മാറി.
അഥര്‍വത്തിലെ ആഭിചാരമന്ത്രങ്ങള്‍ ഉച്ചരിക്കുന്നത് തന്നെ സപ്തമഹാപാപങ്ങളിലൊന്നായി ആപസ്തംബ ധര്‍മസൂത്രവും വിഷ്ണുസ്മൃതിയുമൊക്കെ കണക്കാക്കുന്നതായി ആചാര്യ നരേന്ദ്രഭൂഷണ്‍ എഡിറ്റ് ചെയ്ത ഹിന്ദു എന്‍സൈക്ലോപീഡിയയില്‍ പറയുന്നുണ്ട്. അതേസമയം ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, ഉച്ചാടനം, മാരണം എന്നീ ഷഡ്ക്രിയകളടങ്ങുന്ന ആഭിചാരങ്ങള്‍ വളര്‍ച്ച പ്രാപിക്കുകയും ദുര്‍ബലരും അജ്ഞരുമായ ആളുകളെ അവ ബാധിക്കുകയും ചെയ്തുതുടങ്ങിയതോടെ ഇവക്കെതിരായ സാത്വികാഭിചാരങ്ങള്‍ അംഗീകാരം നേടി.
അബ്രഹാമിക മതസമൂഹങ്ങളിലും ആഭിചാരകര്‍മങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്രിസ്തുമതത്തിന് ഔദ്യോഗികാംഗീകാരം നല്‍കിയ റോമന്‍ ചക്രവര്‍ത്തി കുസ്താന്തിനോസ് (കോണ്‍സ്റ്റന്റൈന്‍) തന്റെ അങ്കവസ്ത്രത്തില്‍ രാശിചിഹ്നങ്ങള്‍ തുന്നിച്ചേര്‍ത്തിരുന്നുവത്രേ. താന്‍ പണികഴിപ്പിച്ച പുതിയ തലസ്ഥാനമായ കുസ്താന്തിനോസ്പോലീസ് (കോണ്‍സ്റ്റാന്റിനോപ്പിള്‍) എന്ന നഗരത്തിന് കാല്‍ദിയയില്‍ നിന്നുള്ള ഒരു പ്രമുഖ ജ്യോതിഷിയെക്കൊണ്ട് ജാതകം വരെ എഴുതിച്ചിട്ടുണ്ട് അദ്ദേഹം. ഗ്രഹയോഗങ്ങളെയും ധൂമകേതുക്കളെയും സംബന്ധിച്ച വേവലാതികള്‍ പലപ്പോഴും സഭയെ ബാധിച്ചിരുന്നതായി ചരിത്രമുണ്ട്.
കേട്നി റോബര്‍ട്സ് എന്ന ജ്യൗതിഷികന്‍ എഴുതിയ, സ്റ്റാര്‍ ഒാഫ് ദ് മാഗി എന്ന പുസ്തകത്തില്‍ ജ്യോതിഷികളായ സഭാപുരോഹിതന്മാരുടെ ഒരു പട്ടിക തന്നെയുണ്ട്.
കുറെക്കൂടി ജാഗ്രതയോടെ ഇത്തരം പ്രവണതകളെ എതിര്‍ത്തുപോന്നിരുന്ന ഇസ്‌ലാമികലോകം വൈജ്ഞാനിക രംഗത്ത് മേല്‍ക്കോയ്മ നിലനിര്‍ത്തിയ ആദ്യഘട്ടം ജ്യോതിഷത്തില്‍ നിന്ന് ജ്യോതിശ്ശാസ്ത്രത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ ഘട്ടമായി അടയാളപ്പെട്ടിരുന്നു. എന്നാല്‍, ഖഗോളശാസ്ത്രത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കിയ മുസ്‌ലിം ലോകത്തും ജഅ്ഫര്‍ അബൂമഅ്ശര്‍, ജാബിര്‍ ഇബ്നു ഹയ്യാന്‍, മസ്‌ലമ ഇബ്നു അഹ്മദില്‍ മജ്രീത്തി തുടങ്ങിയവര്‍ ജ്യോതിഷത്തിന്റെ വിത്തിട്ടു വളര്‍ത്തി. സിഹ്ര്‍ എന്ന പേരില്‍ ക്ഷുദ്രവും ആഭിചാരവും മുസ്‌ലിം ലോകത്തും പ്രചാരം നേടി. പ്രവാചകന് സിഹ്ര്‍ ബാധിച്ചതായി ഉദ്ധരിക്കപ്പെട്ട നിവേദനങ്ങള്‍ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തൊള്ള തൊടാതെ വിഴുങ്ങുകയും ഇന്ത്യന്‍ ആഭിചാരത്തിലെ സാത്വിക കര്‍മങ്ങള്‍ പോലെ സിഹ്റിനുള്ള മറു സിഹ്ര്‍ വ്യാപകമാവുകയും ചെയ്തു. രോഗബാധയുടെയും മറ്റ് ക്ലേശങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ സാന്ത്വനമായി ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ട് ശരീരത്തില്‍ ഊതുകയോ കൈകളില്‍ ഊതി ശരീരത്തില്‍ തടവുകയോ ചെയ്യുന്ന പ്രവാചകചര്യയെ റുഖയ്യഃ ശറഇയ്യഃ എന്ന് പേരിട്ട് മന്ത്രിച്ചൂത്തിന് നിയമാംഗീകാരം നല്‍കുന്നതിനുള്ള തെളിവായി വ്യാഖ്യാനിക്കുകയും അങ്ങനെ ഊത്ത് ഏലസ്സില്‍ ആവാഹിക്കുന്ന ത്വല്‍സമാത്ത് വിദ്യ സമുദായത്തില്‍ പ്രചരിക്കുകയും ചെയ്തു.

* * * * *
പേരെടുത്തു പറഞ്ഞ ഏഴ് മഹാപാപങ്ങളില്‍ ഒന്നാണ് ആധികാരിക പ്രവാചക വചനങ്ങളില്‍ സിഹ്ര്‍. അതേസമയം സിഹ്റിന് ഫലമുണ്ടാകുമോ? മനുഷ്യമനസ്സിനെയും പ്രകൃതി പ്രതിഭാസങ്ങളെയും സംബന്ധിച്ച സാമാന്യധാരണയെങ്കിലുമുള്ളവരുടെ യുക്തിബോധം നിരാകരിക്കുന്ന ഒന്നാണ് സിഹ്റിന്റെ ഫലപ്രാപ്തി. അറിവിനെയും യുക്തിബോധത്തെയും നിരാകരിക്കുന്ന ഇസ്‌ലാമാകട്ടെ, പ്രായോഗികമല്ല എന്നതിലുപരി, തെല്ലും പ്രയോജനപ്രദമല്ല എന്ന നിലപാടിലും.  സത്യവിരുദ്ധമായത് യാഥാര്‍ഥ്യമെന്ന് തോന്നിക്കലാണ് സിഹ്ര്‍ എന്ന് ഇമാം റാസി പറഞ്ഞിട്ടുണ്ട്. മരീചിക കണ്ടാല്‍ വെള്ളമെന്ന് തോന്നുന്നതു പോലെയും, മുന്നോട്ട് ഗമിക്കുന്ന യാത്രക്കാരന്‍ വഴിവക്കിലെ മരങ്ങള്‍ പിറകോട്ട് പായുന്നതായി കാണുന്നതു പോലെയുമാണെന്ന് ത്വബരിയും സൂചിപ്പിച്ചിട്ടുണ്ട് (അവലംബം: സി.എം മൗലവി, അന്ധവിശ്വാസങ്ങളുടെ ലോകം). ബാബിലോണിയയിലാണ് ഇതിന്റെ ഉദ്ഭവം എന്ന് ഇബ്നു ഖല്‍ദൂന്‍ പ്രസ്താവിക്കുന്നു. എല്ലാ പ്രവാചകന്മാരും ഇത്തരം വ്യാജങ്ങളെ ശക്തിയായി എതിര്‍ത്തിരുന്നതായും മുഖദ്ദിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നുവെച്ചാല്‍ സിഹ്റിന് അല്ലാഹുവിന്റെ പ്രകൃതിനിയമത്തില്‍ സത്യമായി ഇടപെടാനുള്ള യാതൊരു ശേഷിയുമില്ല. കേവലം മതിഭ്രമമാകുന്നു അത്. അറിവും മനഃസ്ഥൈര്യവും ഇല്ലാത്തവരെ മാത്രം ബാധിക്കുന്ന മതിഭ്രമം. ഇക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, പ്രവാചകന് സിഹ്ര്‍ ബാധിച്ച കഥ നിവേദനത്തില്‍ സംഭവിച്ച തകരാറായി തിരിച്ചറിയാന്‍ പറ്റും. എന്തെന്നാല്‍, അറിവോ മനഃസ്ഥൈര്യമോ തികയാത്ത ഒരാളായി പ്രവാചകനെ ഒരാളും കരുതില്ലല്ലോ.
അതായത്, സിഹ്ര്‍ ബാധിച്ചു എന്ന് കരുതപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ സ്വയം അങ്ങനെ കരുതുക മാത്രമാണ് ചെയ്യുന്നത്. അവര്‍ ഒരുതരം ഹിപ്നോസിസിന് വിധേയരാവുകയാണ്. അതാകട്ടെ, താന്‍ മാരണത്തിന് വിധേയനായി എന്ന ഭയവും ആ മാരണം ഫലം ചെയ്യും എന്ന വിശ്വാസവും ഒത്തുചേരുമ്പോള്‍ മാത്രം സംഭവിക്കുന്നതുമാണ്. ഈ ഭയമോ വിശ്വാസമോ ഇല്ലാത്ത ഒരാളെപ്പോലും ഇന്നുവരെ ഒരു മാരണവും ബാധിച്ചതായി ചരിത്രമില്ല. വെറും പ്രാഥമികം മാത്രമായ ശാസ്ത്രബോധത്തിന്റെയും കാര്യകാരണ യുക്തിയുടെയും പിന്‍ബലത്തില്‍ത്തന്നെ നേടാന്‍ സാധിക്കുന്ന ഈ അറിവ്, പ്രാമാണികര്‍ക്ക് തെറ്റുപറ്റില്ല എന്ന, അതിനെക്കാള്‍ മൂഢവും അന്ധവുമായ വിശ്വാസത്താല്‍ നഷ്ടപ്പെട്ടു പോയവരാണ് സിഹ്റിന്റെ ഫലപ്രാപ്തിയെക്കുറിച്ച സിദ്ധാന്തങ്ങളുന്നയിക്കുന്നത്.
ഫലപ്രാപ്തിയില്ലെങ്കില്‍ പിന്നെന്തിന് ഇസ്‌ലാം ഇതിനെ നിഷിദ്ധമാക്കി എന്ന് ചോദിക്കുന്നവരുണ്ട്. ഒരു കര്‍മത്തിന്റെ നിഷിദ്ധത ആ കര്‍മത്തിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നേയില്ല. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥന ഫലം ചെയ്യുന്ന ഒന്നാണ് എന്ന് ഇസ്‌ലാം കരുതുന്നില്ല. എന്നിട്ടും ഇസ്‌ലാമില്‍ അത് നിഷിദ്ധമാണ്. ഒരു പ്രവൃത്തിയുടെ നിരോധവുമായി ബന്ധപ്പെട്ട നിയമത്തെ വിശകലനം ചെയ്യേണ്ടത് മാനസികമായും സാമൂഹികമായും ആ പ്രവൃത്തി ഉണ്ടാക്കാനിടയുള്ള ആഘാതങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാവണം. 'ആ മരത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ നിങ്ങള്‍ അക്രമികളായിപ്പോകും' എന്നതാണ് പ്രശ്നം. അല്ലാതെ ആ മരത്തിന്റെ ഫലം വിശപ്പ് ശമിപ്പിക്കുമോ ഇല്ലയോ എന്ന ചര്‍ച്ച പ്രസക്തമേയല്ല.
കെട്ടുകളില്‍ ഊതുന്നവരും ശകുനം നോക്കുന്നവരും ജ്യോതിഷികളുമൊക്കെ സൃഷ്ടിക്കുന്ന ചില അനാരോഗ്യ പ്രവണതകളുണ്ട്. ഒന്നാമതായും മനുഷ്യന്റെ ഊര്‍ജം വ്യര്‍ഥവ്യായാമങ്ങളില്‍ പാഴായിപ്പോകുന്നു എന്നതു തന്നെ. രണ്ടാമതായി, ഇത്തരം കാപട്യങ്ങള്‍ സമൂഹത്തിന്റെ പൊതുവായ സംസ്‌കാരത്തെ ബാധിച്ചേക്കാം. മൂന്നാമതായി, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷങ്ങള്‍ -മന്ത്രവാദികളുടെ ഹാവഭാവങ്ങള്‍, അവരുരുവിടുന്ന മന്ത്രങ്ങള്‍, അതിനൊരുക്കുന്ന അന്തരീക്ഷം തുടങ്ങിയവ- ദുര്‍ബലരും അജ്ഞരുമായ മനുഷ്യരില്‍ ഹിപ്നോസിസ് സൃഷ്ടിച്ചേക്കാം. അതുവഴി അവരുടെ ബോധവും ബുദ്ധിയും ജീവിതം തന്നെയും തകിടം മറിയാന്‍ നല്ല സാധ്യതയുണ്ട്. കെട്ടുകളില്‍ ഊതുന്നവര്‍ സൃഷ്ടിക്കുന്ന 'ശര്‍റു'കള്‍ ഇതൊക്കെയാണ്. അല്ലാതെ, കാര്യകാരണപരമായ ഫലപ്രാപ്തിയെയല്ല സൂറഃ ഫലഖിലെ അഭയാര്‍ഥനയും അര്‍ഥമാക്കുന്നത്. പരേതാത്മാക്കളെക്കുറിച്ച കഥകള്‍ ഉപബോധ മനസ്സുകളില്‍ രൂഢമൂലമായിട്ടുള്ള ഒരു സമൂഹത്തില്‍ ശവക്കല്ലറകള്‍ സൃഷ്ടിച്ചേക്കാവുന്ന ഹിപ്നോസിസ് തന്നെയാണ് ആദ്യകാലത്ത് ഖബ്ര്‍ സിയാറത്ത് പോലും നിരോധിച്ചതിന്റെ യുക്തി. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയും മരണചിന്തയും തുടര്‍ക്കാലത്ത് മാത്രം പ്രസക്തമായ ഒന്നല്ലല്ലോ. എന്നാല്‍, അതിനെക്കാളെല്ലാം മുന്നേ മനസ്സ് വ്യാജബോധങ്ങളില്‍ നിന്ന് അതിജീവനം നേടേണ്ടതുണ്ടല്ലോ.
ശലമോന്‍ (സോളമന്‍) എന്ന സുലൈമാന്‍ നബിയെക്കുറിച്ച യൂദ ആഭിചാര വിശ്വാസങ്ങള്‍ ബാബിലോണിയക്കാരുടെ താന്ത്രിക മിത്തുകളില്‍നിന്ന് വന്നതാണെന്ന സൂചന ഖുര്‍ആനില്‍ തന്നെയുണ്ട്. ഹാറൂത്ത്-മാറൂത്ത് മലക്കുകളുടെ അധ്യാപനങ്ങള്‍ സംബന്ധിച്ചും ഒക്കള്‍ട്ട് യൂദന്മാര്‍ അവ്യക്തവും വ്യാജവുമായ ചിന്തകളാണ് വെച്ചുപുലര്‍ത്തിയത് എന്നും ഖുര്‍ആന്‍ പറയുന്നു. സോളമന്റെ മുദ്ര എന്നറിയപ്പെടുന്ന ഹെക്സഗ്രം (ഷഡ്കോണ നക്ഷത്രചിഹ്നം) മുതല്‍ ഹൈന്ദവ പാരമ്പര്യത്തിലെ സാളഗ്രാമം വരെയുള്ള ഫെറ്റിഷുകള്‍ മതത്തില്‍ കടന്നുകൂടിയ ആഭിചാര സ്വാധീനങ്ങള്‍ മാത്രമാണ്. ഫാത്വിമീ രാജാക്കന്മാര്‍ അവരുടെ കൊട്ടാരത്തില്‍ ഒരു താലിസ്മാനിക് ചുരുള്‍ സ്ഥാപിച്ചിരുന്നുവത്രേ. അലിയുടെ വാളായ ദുല്‍ഫുഖാറിനെ ആവാഹിച്ച ഏലസ്സുകള്‍ ഉസ്മാനി സുല്‍ത്താന്മാരുടെ രക്ഷാഭടന്മാര്‍ അണിഞ്ഞിരുന്നതായും ചരിത്രമുണ്ട്.
ജഡികമായ ഇത്തരം ഫെറ്റിഷുകളിലാണ് ആഭിചാരം നിലനില്‍ക്കുന്നത്. യഥാര്‍ഥ മതബോധമാകട്ടെ, ജീവത്തായ ദൈവത്തെക്കുറിച്ച ബോധത്തിലും.

* * * * *
തിരുവല്ലയില്‍ നടന്നതു പോലുള്ള ക്രൂരതകള്‍ തൊട്ട് ശത്രുസംഹാരം, ഭാഗ്യലബ്ധി തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ വേണ്ടിയുള്ള ഒക്കള്‍ട്ട് ആചാരങ്ങളെ പൊതുവേ അന്ധവിശ്വാസങ്ങളായി പരിഗണിക്കാറുണ്ട്. എന്നാല്‍, അവയുടെ അടിസ്ഥാനം അന്ധവിശ്വാസമോ വിശ്വാസമോ ആണെങ്കിലും കൃത്യമായി അവയെ രേഖപ്പെടുത്തേണ്ടത് ദുരാചാരങ്ങളുടെ പട്ടികയിലാണ്. അതേസമയം വിശ്വാസം തന്നെ അന്ധമാണെന്നും നരബലി ഉള്‍പ്പെടെയുള്ള ഇത്തരം ക്രൂരതകളുടെ പ്രഥമമായ അടിസ്ഥാനം ദൈവവിശ്വാസം തന്നെയാണെന്നും കൂടി ചിലര്‍ സിദ്ധാന്തിക്കുന്നു. തുടക്കത്തില്‍ സൂചിപ്പിച്ച ബഹിര്‍മാത്ര ചിന്തകള്‍ക്ക് ഉദാഹരണങ്ങളാണ് ഇത്തരം ചിന്തകള്‍. ഇവിടെ വിശ്വാസവും അന്ധവിശ്വാസവും സംബന്ധിച്ച ചെറു ചര്‍ച്ച കൂടി പ്രസക്തമാകുന്നുണ്ട്. വിശ്വാസത്തിന് യുക്തിപരമായ പിന്‍ബലമുണ്ടെങ്കില്‍ അത് ബോധ്യവും, അതില്ലെങ്കില്‍ അന്ധവിശ്വാസവും ആയിത്തീരും എന്നതാണ് യാഥാര്‍ഥ്യം.
ബോധ്യത്തിന്റെ പിന്‍ബലമില്ലാതെ എന്തിലെങ്കിലും ദൃഢമായി വിശ്വസിക്കുന്നതിനെ ആംഗലത്തില്‍ ൗെുലൃേെശശേീി എന്ന് പറയും. ഏതാണ്ട് ഇതിന് സമാനമാണ് യലഹശലള എന്ന പദം. ദൈവശാസ്ത്രപരമായ ബോധ്യങ്ങളെ ബിലീഫ് എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് ഇസ്‌ലാമിന് സ്വീകാര്യമാകും എന്ന് തോന്നുന്നില്ല. എന്തെന്നാല്‍, ഇസ്‌ലാം ഉപയോഗിക്കുന്ന ഈമാന്‍ എന്ന പദത്തിന്റെ അര്‍ഥം അതല്ല. ഈമാന്‍ കേവല വിശ്വാസത്തെത്തന്നെ സൂചിപ്പിക്കുന്നില്ല.
കേവലം കൈക്കൊള്ളലിനെ അഥവാ acceptance നെ മാത്രമേ ബിലീഫ് എന്ന പദം സൂചിപ്പിക്കുന്നുള്ളൂ. കൃത്യമായി പറഞ്ഞാല്‍ an acceptance that something (especially one without proof) exists എന്നര്‍ഥം. എന്തെങ്കിലുമൊന്ന് നിലനില്‍ക്കുന്നു എന്ന് യാതൊരു തെളിവും വെളിവുമില്ലാതെ അംഗീകരിക്കുക എന്നു തന്നെ. എന്നാല്‍, അതല്ല ഈമാന്‍. ഏറ്റവും ചുരുങ്ങിയ അര്‍ഥത്തില്‍ ദൃഢവിശ്വാസം (conviction) എങ്കിലുമാണത്.
കുറെക്കൂടി ശരിയായ പദം ളമശവേ ആണ്. നിഘണ്ടുക്കള്‍ ആ പദത്തിന് നല്‍കുന്ന വിശദീകരണം complete trust or confidence in someone or something എന്നാണ്. ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ സംബന്ധിച്ച പൂര്‍ണമായ ബോധ്യവും ആത്മവിശ്വാസവും എന്നര്‍ഥം. അന്ധവിശ്വാസത്തെ സൂപര്‍സ്റ്റിഷന്‍ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും കുറെക്കൂടി ശരിയായ വിശേഷണം credulous belief (ക്രെജുലസ് ബിലീഫ്) എന്നതാകുന്നു. ഇൃലറൗഹശ്യേ (ക്രെഡ്യൂലിറ്റി) എന്നതിന് ഡിക്ഷനറിയില്‍ tendency to be too ready to believe that something is real and true എന്ന് അര്‍ഥം കാണാം. എന്തെങ്കിലുമൊന്ന് യാഥാര്‍ഥ്യവും സത്യവുമാണെന്ന് വിശ്വസിക്കാന്‍ ഏത് സമയത്തും തയാറായിരിക്കുന്ന പ്രവണത. യാഥാര്‍ഥ്യമാണെങ്കിലും അല്ലെങ്കിലും വിശ്വസിക്കുക.
അതായത്, ക്രെജുലസ് ബിലീഫ് എന്നത് റീസനിങ്ങിന്റെയോ (ഹേതുബോധം) ലോജിക്കിന്റെയോ (യുക്തിബോധം) പിന്‍ബലമില്ലാത്ത വിശ്വാസമാണ്. ഇതിനെയാണ് ശരിക്കും അന്ധവിശ്വാസം എന്ന് പറയുക. ഒരാള്‍ വിശ്വസിക്കുന്ന കാര്യം സത്യമായിരിക്കാം. എന്നാല്‍ പോലും അയാള്‍ക്ക് ആ വിശ്വാസത്തില്‍ പൂര്‍ണമായ റീസനിങ്ങോ ലോജിക്കോ ഇല്ലെങ്കില്‍ അത് അന്ധവിശ്വാസം തന്നെയാണ്. മുകളില്‍ സൂചിപ്പിച്ചത് പോലെ യുക്തിബോധത്തിന്റെയും ഹേതുബോധത്തിന്റെയും പിന്‍ബലമുള്ള വിശ്വാസം ബോധ്യമാകും, അതില്ലാത്തത് അന്ധവിശ്വാസവുമാകും.
ദൈവം ഉണ്ട് എന്ന് വിശ്വസിച്ചാലും ഇല്ല എന്ന് വിശ്വസിച്ചാലും, മറ്റൊരു ഭാഗത്ത് ദൈവം ഏകമാണെന്ന് വിശ്വസിച്ചാലും അനേകമാണ് എന്ന് വിശ്വസിച്ചാലും അതെല്ലാം കേവലം വിശ്വാസം മാത്രമാണ്. എന്നാല്‍, ഇതിലേതാണെങ്കിലും ഹേതു-യുക്തി ബോധങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ അത് ബോധ്യമായിത്തീരും. അത് സത്യമായാലും അസത്യമായാലും, ഒരാളെ സംബന്ധിച്ചേടത്തോളം അയാളുടെ യുക്തിബോധമാണ് പ്രധാനം.
ഇതിലേക്കാണ് ഈമാന്‍ ഇടപെടുന്നത്. അല്‍പമെങ്കിലും അതിനോട് ചേര്‍ന്നുനില്‍ക്കുന്നത് ളമശവേ എന്ന പദത്തിന്റെ വ്യാഖ്യാനമാണ്. അതായത്, കംപ്ലീറ്റ് ട്രസ്റ്റ് ഓര്‍ കോണ്‍ഫിഡന്‍സ്. അതേസമയം ഈമാന്‍ എന്നതിന്റെ പദാര്‍ഥം ശാന്തി, നിര്‍ഭയത്വം എന്നെല്ലാമാണ്. പൂര്‍ണമായ വിശ്വാസം എന്നതോടൊപ്പം അനുഭവം കൂടിയാണ് ഈമാന്‍. അതായത്, feeling that something is real and true. ഇതില്‍ നിന്നാണ് ട്രസ്റ്റും കോണ്‍ഫിഡന്‍സും ഉണ്ടാകേണ്ടത്. ഇതാണ് പരമമായ ശാന്തിയും നിര്‍ഭയത്വവും പ്രദാനം ചെയ്യുന്നത്.
ഉപദ്രവമുണ്ടാക്കുന്നതാണ് അന്ധവിശ്വാസം എന്നത് തെറ്റായ വ്യാഖ്യാനമാണ്. ലോകത്ത് യാതൊരുപദ്രവവുമുണ്ടാക്കാത്ത എത്രയോ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശരിയായതില്‍ പോലും വിശ്വസിക്കുന്നത് അന്ധമായിട്ടാണെങ്കില്‍ അത് അന്ധവിശ്വാസമാണെന്നാണല്ലോ മുകളില്‍ പറഞ്ഞത്. നരബലി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ക്ക് അന്ധവിശ്വാസങ്ങളുടെ പിന്‍ബലമുണ്ടെങ്കിലും എല്ലാ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളിലേക്ക് നയിക്കുന്നില്ല.
അതേസമയം അന്ധവിശ്വാസം എന്നത് ഒട്ടും നല്ല പ്രവണതയുമല്ല താനും. അന്ധവിശ്വാസമുണ്ടാകുന്നത് അജ്ഞതയില്‍ നിന്നും ഭയത്തില്‍ നിന്നുമാണെങ്കില്‍ ഈമാന്‍ എന്നത് നിര്‍ഭയത്വമാണ്. അതാകട്ടെ, യുക്തിബോധത്തെയും വിവേചനശേഷിയെയും അവലംബമാക്കുന്നുമുണ്ടല്ലോ.
ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത് ഈ ഭയരാഹിത്യവും വ്യസനരാഹിത്യവുമാണല്ലോ. 'ഇനി, എന്നില്‍ നിന്ന് മാര്‍ഗദര്‍ശനമെത്തിക്കഴിഞ്ഞാല്‍, ആരാണോ അത് പിന്തുടരുന്നത് അവര്‍ക്ക് യാതൊരു ഭയവും വേണ്ടതില്ല. അവരൊട്ടും വ്യസനിക്കുകയുമില്ല. (അല്‍ബഖറ 38). 
 96054 68846
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്