Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

അനാചാരങ്ങള്‍ ഉണ്ടാകുന്നത്

കവര്‍ സ്റ്റോറി / ടി. മുഹമ്മദ് വേളം   tm.velam@gmail.com

ബഹുദൈവത്വ സ്വഭാവമുള്ള ഒരു മത സ്ഥാപനത്തിന്റെ നേര്‍ച്ചപ്പെട്ടിയില്‍ അല്ലെങ്കില്‍ ഭണ്ഡാരക്കുറ്റിയില്‍ ഒരു അമ്പതിനായിരം രൂപയുടെ നോട്ടുകള്‍ വന്നുവീണാല്‍ അതിന്റെ അര്‍ഥം അതിലൂടെ ഒരു കള്ളക്കടത്ത് വണ്ടി കടന്നുപോയിട്ടുണ്ട് എന്നാണെന്ന് പറയാറുണ്ട്. ആ കള്ളക്കടത്ത് നടത്തുന്ന ഭക്തന്റെ മനസ്സ് അല്ലെങ്കില്‍ പ്രാര്‍ഥന ഇതാണ്: 'ദൈവമേ, എന്റെ കള്ളക്കടത്തിലെ നിന്റെ ഓഹരി ഞാനിതാ നിന്റെ ഭണ്ഡാരക്കുറ്റിയില്‍ നിക്ഷേപിച്ചിരിക്കുന്നു; പിടിക്കപ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു തരേണമേ.'
ഖുര്‍ആന്‍ രണ്ടുതരം മതവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതില്‍ ഒന്നിന് ഏകദൈവ വിശ്വാസമെന്നും മറ്റേതിന് ബഹുദൈവ വിശ്വാസമെന്നും തലക്കെട്ടുകള്‍ നല്‍കാം. ഏകദൈവ വിശ്വാസത്തിനും ബഹുദൈവ വിശ്വാസത്തിനും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ടെന്നാണ് ഖുര്‍ആനില്‍നിന്ന് മനസ്സിലാക്കാനാവുക. ഏകദൈവ വിശ്വാസം അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ദൈവത്തിന്റെ അസ്തിത്വത്തിലും ശക്തിവിശേഷണങ്ങളിലും ഒന്നിനെയും പങ്കു ചേര്‍ക്കാത്ത വിശ്വാസ ധാരയാണ്. മരണത്തിനുശേഷം ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കുന്ന മറ്റൊരു ഇടമുണ്ട് എന്ന വിശ്വാസമാണ് അതിന്റെ രണ്ടാമത്തെ സവിശേഷത. ജീവിതത്തില്‍ ഇടപെടുന്ന ദൈവത്തിലാണ് അത് വിശ്വസിക്കുന്നത്; നന്മ തിന്മകളെ കുറിച്ച് മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുന്ന ദൈവം. ആ മാര്‍ഗദര്‍ശനത്തിലൂടെ വിശ്വാസി മറ്റു മനുഷ്യരുടെ ന്യായമായ അവകാശങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. നന്മകളില്‍ നല്ലൊരു പങ്ക് അന്യരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടവയാണ്. അന്യനെ കുറിച്ച കരുതല്‍ നന്മയുടെ കാതലാണ്. ദൈവത്തിന്റെ അവകാശങ്ങളെയും മനുഷ്യന്റെ അവകാശങ്ങളെയും കുറിച്ച ബോധം അവിടെ സജീവമാണ്. അതിലെ ആരാധനകളും ആചാരങ്ങളും സമഗ്ര സ്വഭാവമുള്ളവയാണ്. അതിന് പ്രധാനമായും മൂന്ന് തലങ്ങളുണ്ട്: ഒന്ന്, പരലോകത്ത് രക്ഷ ലഭിക്കാന്‍. രണ്ട്, ആത്മസംസ്‌കരണത്തിന്. മൂന്ന്, തന്റെയും മറ്റുള്ളവരുടെയും ഭൗതികമായ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്.
എന്നാല്‍, ബഹുദൈവ വിശ്വാസം അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അനേക ദൈവങ്ങളിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ബഹുദൈവ വിശ്വാസങ്ങള്‍ക്കിടയില്‍ പല വൈവിധ്യങ്ങളും ഉണ്ടെങ്കിലും പരലോകനിഷേധം അതിന്റെ പൊതു സവിശേഷതയാണ്. ഇനി പരലോകത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഭൂമിയിലെ നന്മ-തിന്മകളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്ന രക്ഷകള്‍ ഉള്ള പരലോകം ആയിരിക്കില്ല. ചില വംശങ്ങളില്‍ പെട്ടതുകൊണ്ട് ഉറപ്പായും ലഭിക്കുന്ന സ്വര്‍ഗം, അല്ലെങ്കില്‍ ചില ശക്തികളെ പ്രീതിപ്പെടുത്തിയതുകൊണ്ടുമാത്രം ലഭിക്കുന്ന സ്വര്‍ഗം മുതലായ സങ്കല്‍പങ്ങളായിരിക്കും അത്. ഇതിലെ ആചാരങ്ങളും ആരാധനകളും ഭൗതികമായ  കാര്യസാധ്യത്തിനുവേണ്ടി മാത്രമുള്ളതായിരിക്കും. പരലോക രക്ഷയോ ആത്മസംസ്‌കരണമോ ഒരിക്കലും അതിന്റെ ലക്ഷ്യമായിരിക്കില്ല.
ഈ രണ്ട് മതധാരകള്‍ തമ്മിലുള്ള സംഘട്ടനമാണ് ചരിത്രത്തിലുടനീളം നടന്നിട്ടുള്ളത്. ഈ മത കാഴ്ചപ്പാടുകളെ തൗഹീദ്, ശിര്‍ക്ക് എന്നും പ്രവാചക മതം, പുരോഹിത മതം എന്നുമൊക്കെ തലക്കെട്ടുകള്‍ നല്‍കി വേര്‍തിരിക്കാവുന്നതാണ്. ജീവിതത്തില്‍ ഇടപെടാത്ത ദൈവം അഥവാ നന്മ-തിന്മകളെക്കുറിച്ച് മാര്‍ഗദര്‍ശനം നല്‍കാത്ത ദൈവം എന്നത് പുരോഹിത മതങ്ങളുടെ, അല്ലെങ്കില്‍ ബഹുദൈവത്വ മതങ്ങളുടെ പ്രധാന സവിശേഷതയാണ്. ആ ദൈവങ്ങളോട്, മൂര്‍ത്തികളോട് ഭക്തന് അങ്ങോട്ട് എന്തും പറയാം, ഭക്തന്‍ പറയുന്ന ശരിയോ തെറ്റോ ആയ എന്തു കാര്യവും ഈ ദൈവം നടത്തിക്കൊടുക്കും, അതാണ് ഭക്തനും മൂര്‍ത്തിയും തമ്മിലെ കരാര്‍. മൂര്‍ത്തി അല്ലെങ്കില്‍ പ്രസ്തുത ദൈവം ഒരിക്കലും ഭക്തനോട് നന്മ-തിന്മകളെക്കുറിച്ച് സംസാരിക്കുകയില്ല. ശരി-തെറ്റുകളെ കുറിച്ച് മാര്‍ഗദര്‍ശനം നല്‍കുകയില്ല.  ജീവിതത്തില്‍ ഇടപെടാത്ത ദൈവങ്ങളാണ്. അതുകൊണ്ടുതന്നെ ഭക്തന്  ഏതന്യായവും സാധിപ്പിച്ചു തരാന്‍ ആ ദൈവങ്ങളോട് പ്രാര്‍ഥിക്കാം. അത് മറ്റു മനുഷ്യരെ എങ്ങനെ ബാധിക്കുന്നു എന്നൊന്നും ചിന്തിക്കേണ്ട കാര്യം ബഹുദൈവത്വത്തിലെ ദൈവങ്ങള്‍ക്കില്ല. ഭക്തരുടെ പോക്കറ്റ് ദൈവങ്ങളാണവ.
ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച പോലെ, കള്ളക്കടത്തുകാരനോട് അവന്റെ ഇഷ്ടദൈവം 'ഭക്താ നീ കള്ളക്കടത്ത് നടത്തരുത്' എന്ന് ഒരിക്കലും പറയുകയില്ല. ശരിയോ തെറ്റോ ആയ ഭക്തന്റെ ഏത് ആവശ്യവും നിവര്‍ത്തിച്ചു കൊടുക്കുക എന്നതാണ് ദൈവം ഏറ്റെടുത്തിരിക്കുന്നത്. ആധുനിക കാലം ജീവിതത്തില്‍ ഇടപെടാത്ത ദൈവങ്ങളെ ആഘോഷിച്ച കാലമാണ്. മത രഹിത മതേതരത്വം മതവിശ്വാസികളോട് എപ്പോഴും ആവശ്യപ്പെടുന്നത് ജീവിതത്തില്‍ ഇടപെടാത്ത ദൈവങ്ങളെയാണ്. അത്തരം ദൈവങ്ങള്‍ക്ക് മതേതരത്വത്തിന്റെ ചന്തയില്‍ നല്ല ഡിമാന്‍ഡാണ്. മതേതര ലോകത്ത് സല്‍പേരുള്ള ദൈവങ്ങളാണവ. തീവ്രവാദവും മതമൗലികവാദവുമില്ലാത്ത മതേതര ദൈവങ്ങള്‍!
നരബലിയും ക്രിമിനല്‍ പ്രവൃത്തികളും നടത്തുന്നവരുടെ ദൈവ സങ്കല്‍പ്പം നന്മ-തിന്മകളെ കുറിച്ച് കല്‍പനാ-നിരോധനങ്ങള്‍ നല്‍കാത്ത, ജീവിതത്തില്‍ ഇടപെടാത്ത മൂര്‍ത്തികള്‍ എന്നതാണ്. അതുകൊണ്ടാണ് നരബലിയും നരമാംസ ഭോജനവുമടക്കം ഏത് ജുഗുപ്‌സാവഹമായ അക്രമവും മന്ത്രവാദത്തിന്റെയും മറ്റും പേരില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ജീവിതത്തില്‍ ഇടപെടാത്ത ദൈവങ്ങളാണ് നല്ല ദൈവങ്ങള്‍, അത്തരം മതതത്ത്വ സംഹിതകളാണ് നല്ല മതങ്ങള്‍ എന്ന മതേതര കൈയടികള്‍ക്കും ഈ രക്തത്തില്‍ പങ്കുണ്ട്. പുരോഹിത മതത്തെയും പ്രവാചക മതത്തെയും ഒറ്റച്ചരടില്‍ കൂട്ടിക്കെട്ടി ഇതൊക്കെ മതത്തിന്റെ കുഴപ്പമാണ് എന്നു പറഞ്ഞ് കൈയൊഴിയാനാണ് മതരഹിത മതേതരക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇത് നിങ്ങള്‍ മഹത്തരം എന്നു പറഞ്ഞ, ജീവിതത്തില്‍ ഇടപെടാത്ത മതത്തിന്റെ സ്വാഭാവിക വികാസമാണ്.
ബഹുദൈവത്വത്തിലെ ഈ ദൈവങ്ങള്‍ മതേതര ദൈവങ്ങളാണ്.  അതുകൊണ്ടുതന്നെ ഇത്തരം മതാചാരങ്ങളില്‍ വളരെ നിഷേധാത്മകമായ മതേതരത്വം കാണാന്‍ കഴിയും. ഇലന്തൂരിലെ നരബലിയില്‍ ഹിന്ദുവും മുസ്‌ലിമും ചേര്‍ന്നാണ് ഈ അനുഷ്ഠാനക്രിയകള്‍ നടത്തിയിരിക്കുന്നത്. ബഹുദൈവത്വ സ്വഭാവമുള്ള ആരാധനാ കേന്ദ്രങ്ങള്‍ ഇങ്ങനെ 'മതസൗഹാര്‍ദ കേന്ദ്രങ്ങള്‍' കൂടിയാണ്.
മതത്തിന്റെ സവിശേഷത അത്  ഓരോരുത്തനെയും അവന്റെ/അവളുടെ അപ്പുറത്തേക്ക് കൊണ്ടുപോകുന്നു, ഒപ്പം അവന്റെ / അവളുടെ താല്‍പര്യങ്ങളെ ലോകത്തിനപ്പുറത്തേക്ക് കൊണ്ടുപോകുന്നു എന്നതാണ്.  മതം ആത്മീയനിര്‍ഭരമാണ്. ആത്മീയതയെക്കുറിച്ച് പലരും പറഞ്ഞ നിര്‍വചന സ്വഭാവമുള്ള ഒരു പ്രസ്താവനയുണ്ട്: ഒരാള്‍ തന്റെ അന്നത്തെ കുറിച്ച് ആലോചിക്കുന്നത് അവനിലെ ഭൗതിക കാര്യമാണ്. എന്നാല്‍, ഒരാള്‍ അയല്‍ക്കാരന്റെ അന്നത്തെ കുറിച്ചാണ് ആലോചിക്കുന്നതെങ്കില്‍ അതവനിലെ ആത്മീയ കാര്യമാണ്. ബഹുദൈവത്വ മതങ്ങളെക്കുറിച്ചാലോചിച്ചാല്‍ ഇത്ര വടക്കോ കിഴക്ക് എന്നാശ്ചര്യപ്പെട്ടുപോകും, ഇത്ര ഭൗതികമാണോ ആത്മീയത എന്ന്. യഥാര്‍ഥത്തില്‍ ബഹുദൈവത്വം ഭൗതികവാദമാണ്. ഇക്കാര്യം ഖുര്‍ആന്‍ ഇങ്ങനെ പറയുന്നുണ്ട്: 'പ്രവാചകരേ, താങ്കള്‍ പിന്തിരിയുക;  എന്റെ ഉല്‍ബോധനത്തില്‍ നിന്ന് പിന്തിരിഞ്ഞവരില്‍ നിന്ന്. കാരണം, അവര്‍ ഭൗതിക ജീവിതമല്ലാതെ ഉദ്ദേശിക്കുന്നില്ല. ഭൗതിക ജീവിതമാണ് അവരുടെ അറിവിന്റെ ആകത്തുക' (അന്നജ്മ് 29,30).
ഈ രണ്ടു മതധാരകളുടെയും പ്രാര്‍ഥനയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'ജനങ്ങളില്‍ ഒരു വിഭാഗം ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് ഐഹിക ജീവിതത്തില്‍ ഐശ്വര്യം നല്‍കേണമേ. അവര്‍ക്ക് പരലോകത്തില്‍ ഒരു വിഹിതവും ഇല്ല. ജനങ്ങളില്‍ മറ്റൊരു വിഭാഗമുണ്ട്, അവര്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നവരാണ്: ഞങ്ങള്‍ക്ക് ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും നന്മകള്‍ നല്‍കേണമേ, ഞങ്ങളെ നരക ശിക്ഷയില്‍ നിന്ന് കാത്തു രക്ഷിക്കേണമേ. അവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചതിന്റെ പങ്കുണ്ട്. അല്ലാഹു എളുപ്പത്തില്‍ കണക്കു നോക്കുന്നവനാണ്' (അല്‍ ബഖറ 201,202).
ബഹുദൈവത്വങ്ങളിലുള്ളത് ജീവിതത്തിന് മാര്‍ഗനിര്‍ദേശം നല്‍കാത്ത ദൈവങ്ങളാണ്. ഈ ദൈവങ്ങളെക്കൊണ്ട് എന്താണ് പ്രയോജനം, ഇവ ജീവിതത്തിന് മാര്‍ഗദര്‍ശനം നല്‍കാത്ത ദൈവങ്ങളല്ലേ എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.
ഭക്തരുടെ ആവശ്യങ്ങള്‍ ധര്‍മാധര്‍മ വിവേചനമില്ലാതെ നടത്തിക്കൊടുക്കുന്ന ദൈവസങ്കല്‍പങ്ങളുടെ തന്നെ സാമൂഹിക രൂപങ്ങളാണ് വംശീയ ദൈവങ്ങള്‍ എന്നത്. ഒരു വംശത്തിന്റെ ന്യായമോ അന്യായമോ ആയ ഏത് ആവശ്യങ്ങളെയും പിന്തുണക്കുന്ന ഗോത്ര ദൈവങ്ങള്‍; ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത പ്രവാചകന്മാര്‍ക്കെല്ലാം എതിരിടേണ്ടിവന്നത് ഈ ഗോത്ര ദൈവങ്ങളെയാണ്, ബഹുദൈവത്വത്തിന്റെ സാമൂഹികത വംശീയതയാണ്. അതിന് വംശീയതക്കപ്പുറത്തേക്ക് ഒരിക്കലും വികസിക്കാനാവില്ല. മിക്ക ഭൗതിക വാദങ്ങളുടെയും സാമൂഹികതലം വംശീയതയാണ്. അതുകൊണ്ടുതന്നെ ബഹുദൈവത്വ മതങ്ങള്‍ക്കും മൂല്യരഹിത ഭൗതിക വാദത്തിനും വളരെ എളുപ്പത്തില്‍ കൈകോര്‍ക്കാനാവും. 
 97449 44521
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്