Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 28

3274

1444 റബീഉല്‍ ആഖിര്‍ 02

കപട ശാസ്ത്രവാദത്തിന്റെ  നവ നാസ്തിക ദൈവം

പ്രതിവിചാരം / ബശീര്‍ ഉളിയില്‍   basheeruliyil@gmail.com 

'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം' (The world’s biggest atheist meet in God’s own country) എന്ന തലക്കെട്ടില്‍ ഒക്‌ടോബര്‍ 2-നു എറണാകുളത്ത് നടന്ന 'ലിറ്റ്മസ് 22' എന്ന യുക്തിവാദി സമ്മേളനം ആയിരുന്നു പോയ വാരത്തിലെ സോഷ്യല്‍ മീഡിയ വൈറല്‍. 'നവ നാസ്തികരുടെ കണ്‍കണ്ട ദൈവം' സി. രവിചന്ദ്രന്റെ അധ്യക്ഷതയിലുള്ള 'എസ്സെന്‍സ് ഗ്ലോബല്‍' ആണ് സംഘാടകര്‍. 'നാസ്തികനായ ദൈവം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ശ്രീ രവിചന്ദ്രന്‍ 2016-ല്‍ തുടങ്ങിയ സൈബര്‍ കൂട്ടായ്മയാണ് പിന്നീട് എസ്സെന്‍സ് ഗ്ലോബല്‍ (essence Global) ആയത്. രണ്ട് 'എമു'(എക്‌സ് മുസ്ലിംസ്)ക്കളായിരുന്നു 'ലിറ്റ്മസ്-22'-ലെ 'മോസ്റ്റ് അട്രാക്ടീവ് എസ്സെന്‍സു'കള്‍. ചെമ്മാട്ട് നിന്ന് 'ഹുദവി' പട്ടം നേടിയ ശേഷം 'മുര്‍തദ്ദ്' ആയ   അസ്‌കര്‍ അലിയും, മുന്‍ ഹോമിയോപ്പതി ഡോക്ടറും 'മുന്‍ മുസ്ലി'മുമായ  ആരിഫ് ഹുസൈന്‍ തെരുവത്തും (ഒരു കാലത്ത് ഭഗന്ദരം പോലും ഹോമിയോപ്പതിയിലൂടെ ചികിത്സിച്ച ആരിഫ്, പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ തന്നെ ഹോമിയോപ്പതി വ്യാജ വൈദ്യമാണെന്ന് പ്രചാരണം നടത്തിയതിന്റെ പേരില്‍ 2010-ല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും പേരിന്റെ അറ്റത്തൊരു ഡോ. സൂക്ഷിക്കുന്നുണ്ട്. A Bloody Ex-Muslim എന്നാണ് ഫേസ്ബുക്ക് ഇന്‍ട്രോ). രവിചന്ദ്രന്റെ ഉള്ളിലെ ഹിന്ദുത്വ എസ്സെന്‍സ് ഒരിക്കല്‍ കൂടി എക്‌സ്‌പോസ് ചെയ്യപ്പെടുകയും ഒരു പ്ലസ്ടു വിദ്യാര്‍ഥിയുടെ ശാസ്ത്ര വിജ്ഞാനം പോലുമില്ലാത്തയാളെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തു എന്നതായിരുന്നു 'ലിറ്റ്മസ് 22'-ന്റെ ആകെ ബാക്കി. 
പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണമായ ഡാര്‍വിന്റെ 'പ്രകൃതി നിര്‍ധാരണം' (Natural Selection) 'ലളിത'മായി വിശദീകരിച്ചപ്പോഴാണ് അരവിവരവും പിടിപ്പത് തിമ്മിരിട്ടുമുള്ള വെറുമൊരു 'ഉക്കിടി വാദി'യാണ് രവിചന്ദ്രന്‍ എന്ന മട്ടില്‍ ട്രോളന്മാര്‍ കേറി മേഞ്ഞത്. മേലോട്ട് എറിഞ്ഞ കല്ല് താഴേക്കു വീഴുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണം മൂലമാണെന്ന ന്യൂട്ടന്‍ സിദ്ധാന്തവും ഏറ്റവും അര്‍ഹമായത് അതിജീവിക്കും (Survival of the fittest) എന്ന  ഡാര്‍വിന്റെ പ്രകൃതി നിര്‍ധാരണ തത്ത്വവും രവിചന്ദ്രന്‍ 'ലിറ്റ്മസ് 22' ന്റെ വേദിയില്‍ 'ലളിത'മായി മാറ്റി എഴുതിയത് ഇപ്പടി: ഒരു തീവണ്ടി പാളം തെറ്റി പുഴയില്‍ വീണപ്പോള്‍ ഒരു കുഞ്ഞ് തെറിച്ച് പുറത്ത് വൈക്കോല്‍ കൂനയില്‍ വീഴുകയും പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍, തീവണ്ടിയിലുണ്ടായിരുന്ന നീന്തല്‍ക്കാരടക്കം മുങ്ങി മരിച്ചു. ആ കേസില്‍ ആ കുഞ്ഞാണ് സര്‍വൈവ് ചെയ്യാന്‍ ഫിറ്റസ്റ്റ്. അതാണ് നാച്വുറല്‍ സെലക്ഷന്‍ എന്നായിരുന്നു രവിചന്ദ്രന്‍ പ്രസംഗിച്ചത്.
ട്രോള്‍ ഭാഷയില്‍ അതിങ്ങനെ തര്‍ജമ ചെയ്യാം: രണ്ടു മുയലുകള്‍ ഒരു വരിക്ക പ്ലാവിനു ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ഒരു മുയലിന്റെ തലയില്‍ ചക്ക വീണപ്പോള്‍ അത് കാഞ്ഞു പോയി. രണ്ടാമത്തെ മുയല്‍ അതിജീവിച്ചു. ഇതാണ് സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ്.  ഈ തിയറി അനുസരിച്ചു ജാതീയത, വര്‍ണവിവേചനം തുടങ്ങിയ 'സനാതന ധര്‍മ'ങ്ങളെല്ലാം 'സമൂഹത്തിന്റെ സ്വാഭാവിക അവസ്ഥ'യാണ്. അര്‍ഹതയുള്ളതേ അതിജീവിക്കൂ എന്നതു കൊണ്ട് രവിചന്ദ്രമതത്തില്‍ സംവരണം, മുസ്‌ലിം വംശഹത്യ, ദലിത് പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ഹിന്ദുത്വയുടെ നിലപാടാണ് ശാസ്ത്രീയവും പരമമായ ശരിയും. ഗാന്ധിജി വെടിയേറ്റ് മരിച്ചതും അര്‍ഹമായതേ അതിജീവിക്കൂ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസില്‍ ഗോഡ്സെ കുറ്റക്കാരനല്ല, വെറുമൊരു 'പ്രകൃതി നിര്‍ധാരക'ന്‍! 
ഇസ്ലാംവിരോധത്തിന്റെ യുക്തിബാധയേറ്റ് പ്രജ്ഞാ ശോഷണം സംഭവിച്ച 'എമു' ക്കളും ചില ലിബറലുകളും എറണാകുളത്ത് ഒത്തുകൂടിയ അതേദിവസം തന്നെ എസ്സെന്‍സിന്റെ 'ലിറ്റ്മസ്' കടലാസില്‍ പതിഞ്ഞ കാവിനിറം നേരത്തെ തിരിച്ചറിഞ്ഞ യഥാര്‍ഥ യുക്തിവാദികള്‍ ഡോ. വിശ്വനാഥന്‍ സി.വി എന്നിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ 'നാം' എന്ന പേരില്‍ മറ്റൊരു സമ്മേളനവും സംഘടിപ്പിച്ചു. 'സവര്‍ക്കറൈറ്റ് നാസ്തികത അറബിക്കടലില്‍'എന്നായിരുന്നു 'നാം' ഉയര്‍ത്തിയ മുദ്രാവാക്യം. രവിചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന വലതുപക്ഷ ആശയ അധിനിവേശമാണ് കേരളീയ സ്വതന്ത്ര ചിന്താ മണ്ഡലം നേരിടുന്ന അടിയന്തര പ്രതിസന്ധിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ 'നാം' സംഘാടകന്‍ ഡോ. വിശ്വനാഥന്‍ പറഞ്ഞത്. എല്ലാ ദൈവങ്ങളെയും നിഷേധിച്ചു 'രവിചന്ദ്രദൈവ'ത്തില്‍ മാത്രം വിശ്വസിക്കാന്‍ തന്റെ യുക്തിബോധ്യം  അനുവദിക്കുന്നില്ല എന്ന നിലപാടില്‍ എസ്സെന്‍സ് ഗ്ലോബലിന്റെ സ്ഥാപക പ്രസിഡന്റ് സജീവന്‍ അന്തിക്കാടും കളം വിട്ടു. 'നാസ്തികനായ ദൈവം ഗ്രൂപ്പിന് വിധേയമായി പ്രവര്‍ത്തിക്കുക എന്നതിന്റെ പച്ചമലയാളത്തിലുള്ള അര്‍ഥം രവിചന്ദ്രന് വിധേയനായി പ്രവര്‍ത്തിക്കുക എന്നതാണ്' (സജീവന്‍ അന്തിക്കാട് - മാധ്യമം വെബ്ഡെസ്‌ക് 4-10-2022).   
പരിണാമദശയില്‍  'എമു'ക്കള്‍ക്ക് മുമ്പേ രൂപപ്പെട്ട 'ജബ്ര' (ഇ.എ ജബ്ബാര്‍, ജസ്ല മാടശ്ശേരി ടീം) കളും രവിചന്ദ്രന്റെ കാവിക്കളസം കണ്ട് 'ലിറ്റ്മസ് 22'-ല്‍ നിന്ന് വിട്ടുനിന്നു. യുക്തിവാദ സംഘത്തിലെ പിളര്‍പ്പ് ആദ്യത്തെ സംഭവമല്ല. ആശയപരമായ ഭിന്നതകളുടെ പേരിലായിരുന്നു ആദ്യകാല പിളര്‍പ്പുകള്‍. മാര്‍ക്‌സിസത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമായി പിരിഞ്ഞതാണ് ആദ്യ വിഘടനം. ഇപ്പോഴത് ആശയപരം എന്നതിനപ്പുറം ആമാശയപരമായ താല്‍പര്യങ്ങളുടെ പേരില്‍ തീ പിടിച്ച കാടു പോലെയാണ് പൊട്ടിപ്പിളര്‍ന്നുകൊണ്ടിരിക്കുന്നത്. 2018 മുതല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ എസ്സെന്‍സ് തന്നെ നാല് വട്ടം പിളര്‍ന്നതായി സജീവന്‍ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നുണ്ട് (Mediaoneonline.com - 4-10-2022).
ആര്‍.എസ്.എസിന്റെ 'ബൗദ്ധിക ഭീകരന്‍' സവര്‍ക്കര്‍ മുതല്‍ ഇങ്ങ് കേരളത്തിലെ  മുന്‍ ബൗദ്ധിക പ്രമുഖ് ടി.ആര്‍ സോമശേഖരന്‍ വരെയുള്ള നാസ്തിക സംഘമിത്രങ്ങള്‍ക്ക് പോലും നാസ്തികതയെ ഹിന്ദുത്വയുടെ പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയാണ് സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയതയും ഇസ്‌ലാമോഫോബിയയും 'സ്വതന്ത്ര ചിന്ത' എന്ന പട്ടുനൂല്‍ ചാക്കില്‍ പൊതിഞ്ഞു ഒളിച്ചു കടത്തുന്നതില്‍ ശ്രീ രവിചന്ദ്രന്‍ വിജയിക്കുന്നത്. രവിചന്ദ്രന്റെ 'നാച്വുറല്‍ സെലക്ഷന്‍' തിയറി വെച്ച് ഇ.എ ജബ്ബാര്‍ ട്രോളിയത് ഇങ്ങനെയാണ്: ഇന്നത്തെ ചാണകം പഴയ ചാണകം പോലെ അല്ല. ചാണകത്തില്‍ പ്ലൂട്ടോണിയം ഒക്കെ ഉള്ള കാലമാണ്. അതുകൊണ്ട് അങ്ങോട്ട് ചാരുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. അതിജീവനത്തിനായി ഒരു നിലപാട് സ്വീകരിക്കുക എന്ന സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് എന്ന പരിണാമ തത്ത്വം അനുസരിച്ച്, നമുക്ക് വേണമെങ്കില്‍ സംഘപരിവാറിനോട് ചേര്‍ന്നുനിന്ന് ലാഭകരമായ ബിസിനസ്സായി മാറ്റാം. പക്ഷേ, വംശീയമായ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ പോലുള്ള ശക്തികളോട് പരോക്ഷമായി പോലും നമ്മള്‍ ചേര്‍ന്നുനില്‍ക്കരുത് എന്നാണ് എന്റെ നിലപാട്' (ചാണകത്തില്‍ പ്ലൂട്ടോണിയം - ഇ.എ ജബ്ബാര്‍ യൂട്യൂബ് പ്രഭാഷണം). 
മത-സാമുദായിക നേതാക്കളെ സന്ദര്‍ശിക്കുന്നതിനൊപ്പം നാസ്തികരെയും കൂടെ നിര്‍ത്തണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ കേരള ബി.ജെ.പിയോട് നിര്‍ദേശിച്ചതും ഇതോട് കൂട്ടിച്ചേര്‍ത്ത് വായിക്കണം. പണ്ടെങ്ങോ അച്ചടിച്ച വിചാരധാരയില്‍ നിന്ന് ഒരുപാട് മാറിയ ആര്‍.എസ്.എസുകാരെ അനാവശ്യമായി വിമര്‍ശിക്കേണ്ടതില്ല എന്നാണ് രവിചന്ദ്ര മതം. അതേസമയം പേരില്‍ ഒരു 'ഖാന്‍' ഉള്ളതു കൊണ്ട് 'ടെന്‍ഗ്രിസം' എന്ന മതത്തില്‍ വിശ്വസിച്ചിരുന്ന, മനുഷ്യരെ  ജീവനോടെ തൊലിയുരിച്ചു കൊന്ന മംഗോളിയനായ ചെങ്കിസ്ഖാന്‍, കൊണ്ടോട്ടിയിലെ ഒരു മദ്‌റസയില്‍ 'ദീന്‍' പഠിപ്പിക്കുന്ന മൊല്ലാക്കയുടെ വകയിലൊരു മൂത്താപ്പയാണ്, രവിചന്ദ്രന്. അതുകൊണ്ട് നമ്മള്‍ ഏറ്റവും പേടിക്കേണ്ടത് സംഘ് പരിവാറിനെയല്ല, ഇസ്ലാമിനെയാണ്! 'നിങ്ങള്‍ക്കിവിടെ സമാധാനത്തോടെ ജീവിക്കണമെങ്കില്‍ ആദ്യം ഒതുക്കേണ്ടത് 'ഉമ്മത്തിന്‍ ഗുണ്ട'കളെയാണ്, സംഘികളെ അല്ല' (ഫേസ്ബുക്ക് പോസ്റ്റ്) എന്ന് ആരിഫ് ഹുസൈന്‍ 'എമു' അതിനെ  പിന്തുണക്കുകയും ചെയ്യുന്നു. ഗൂഗിള്‍ സര്‍ച്ചിലൂടെ കിട്ടുന്ന വിവരങ്ങളെ പരമമായ അറിവായി വിളംബരിക്കുന്ന, ഇസ്ലാമോഫോബിയ ഞരമ്പില്‍ പിടിച്ച സംഘി നാസ്തികന് ചെങ്കിസ്ഖാന്റെ കാര്യത്തില്‍ ഗൂഗിള്‍ പോലും പക്ഷേ, തുണയായില്ല.
ഉച്ചനീചത്വങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടഭൂമികയായിരുന്നു തുടക്കത്തില്‍ കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം. 'തൊപ്പിയിട്ട പുലയനോട് വഴിമാറാന്‍ പറയാന്‍ കേരളക്കരയില്‍ ആരും ധൈര്യപ്പെടുകയില്ല' (അസവര്‍ണര്‍ക്ക് നല്ലത്  ഇസ്ലാം, പേജ് 43) എന്നെഴുതിയ സഹോദരന്‍ അയ്യപ്പന്‍, അമ്പലങ്ങളുടെ മോന്തായത്തിനു തീ കൊടുക്കാന്‍ പറഞ്ഞ വി.ടി ഭട്ടതിരിപ്പാട് തുടങ്ങിയവരാണ് അതിന് നേതൃത്വം നല്‍കിയത്. അവര്‍ നയിച്ച പരിഷ്‌കരണ പ്രസ്ഥാനങ്ങളെല്ലാം യുക്തിവാദത്തെ ഒരു ഐഡിയോളജിക്കല്‍ റിസോഴ്‌സ് ആയിട്ടാണ് കണ്ടിരുന്നത്. അടിസ്ഥാന മനുഷ്യരുടെ ജീവിതവുമായി ചേര്‍ത്തുവെച്ചായിരുന്നു അവര്‍ യുക്തിയെ പ്രയോഗിച്ചിരുന്നത്. അങ്ങനെയാണ് കേരളത്തില്‍ പുരോഗമനപരമായ ഒരു ഇടതുപക്ഷ പൊതുബോധം സൃഷ്ടിക്കപ്പെട്ടത്. ആ യുക്തിവാദ ധാരയാണ് രവിചന്ദ്രന്‍ എന്ന ദൈവവും 'എമു'ക്കളാകുന്ന അനേകം  പ്രതിഷ്ഠകളുമുള്ള നവ നാസ്തികതയായി ഇപ്പോള്‍ പുനര്‍നിര്‍മിക്കപ്പെടുന്നത്.
'പാതിവെന്ത കപടശാസ്ത്ര വാദത്തിന് ലഭിക്കുന്ന സ്വീകാര്യതയാണ് സി. രവിചന്ദ്രന്‍ എന്ന നവ നാസ്തിക ദൈവത്തെ സൃഷ്ടിച്ചത്. ഈ ദൈവത്തെ രക്തം ചിന്തിയും സംരക്ഷിക്കാന്‍ നില്‍ക്കുന്ന ഒരു സോഷ്യല്‍ മീഡിയ ഫാന്‍ സംഘത്തിന് കേരളത്തിലെ റാഡിക്കല്‍ ബൗദ്ധിക മണ്ഡലത്തെ ഹൈജാക്ക് ചെയ്യാന്‍ കഴിയുന്നു എന്നത് മലയാളിയുടെ സാമൂഹിക ജീവിതത്തെ അസ്വസ്ഥപ്പെടുത്തേണ്ട ഒരു യാഥാര്‍ഥ്യമാണ്. തീവ്ര വലതുപക്ഷ വംശീയ വാദത്തിന്റെയും സങ്കുചിത ദേശീയവാദത്തിന്റെയും ഉത്പന്നമാണ് രവിചന്ദ്രന്റെ നവനാസ്തികത' (സി. രവിചന്ദ്രന്‍, അടിയന്തര ചികിത്സ വേണ്ട മാരക രോഗലക്ഷണം - by കെ. കണ്ണന്‍, turecopy think). 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 3539
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗത്തിലെ നിധി
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്