Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ആത്മഹത്യയെ പ്രതിരോധിക്കാന്‍

റഹ്മാന്‍ മധുരക്കുഴി  

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാംസ്‌കാരിക പ്രബുദ്ധമെന്ന് നാം ഊറ്റം കൊള്ളുന്ന കേരളം രാജ്യത്ത് ഒന്നാം  സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ് ഇവിടെ ആളുകള്‍ ജീവനൊടുക്കുന്നത്. 2020-നെ അപേക്ഷിച്ച് ആത്മഹത്യകളുടെ എണ്ണത്തില്‍ 2.9 ശതമാനത്തിന്റെ വര്‍ധനവ് കേരളത്തിലുണ്ടായി. 2021-ല്‍ നടന്ന ആകെ ആത്മഹത്യകളില്‍ 47.7 ശതമാനവും കുടുംബ പ്രശ്‌നങ്ങള്‍ മൂലമായിരുന്നു. ഇവിടെ കഴിഞ്ഞ വര്‍ഷം മാത്രം 12 കുടുംബങ്ങളാണ് കൂട്ട ആത്മഹത്യ ചെയ്തത്. കൂട്ട ആത്മഹത്യയിലും കേരളം നാലാം സ്ഥാനത്തുണ്ട്. കുടുംബ ശൈഥില്യം, കടക്കെണി, സ്ത്രീധനം, കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ്, തൊഴിലില്ലായ്മ, പരീക്ഷയിലെ തോല്‍വി, മാറാ രോഗങ്ങള്‍... ഇങ്ങനെ കാരണങ്ങള്‍ പലതുണ്ട്. മയക്കുമരുന്നുകളുടെ ഉപയോഗവും മദ്യാസക്തിയും ആത്മഹത്യക്ക്  പിന്നിലെ മറ്റു പ്രധാന കാരണങ്ങളാണ്. മാനസികാരോഗ്യത്തിന്റെ അഭാവമാണ് കേരളത്തില്‍ ആത്മഹത്യാ നിരക്ക് ഉയരാന്‍ കാരണമെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നു. മനോരോഗം മൂലമുള്ള ആത്മഹത്യകള്‍ ദേശീയതലത്തില്‍ അഞ്ചു ശതമാനം മാത്രമാണെങ്കില്‍ പ്രബുദ്ധ കേരളത്തില്‍ അത് 14.3 ശതമാനം!

 ഉയര്‍ന്ന ആത്മഹത്യാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം, മദ്യപാനവും പലിശ സംഘങ്ങളുടെ നീരാളിപ്പിടിത്തവുമാണെന്നാണ് പഠന റിപ്പോര്‍ട്ട്. 10-നും 15-നും ഇടയില്‍ പ്രായമുള്ളവരില്‍ 10 ശതമാനം മദ്യം-മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കെട്ടുറപ്പില്ലാത്ത സമൂഹത്തിലാണ് ആത്മഹത്യാ നിരക്കുകള്‍ കൂടുതലുള്ളത്. ഉത്തമ കുടുംബ ജീവിത വ്യവസ്ഥകള്‍ ഉള്ളിടത്ത് ആത്മഹത്യാ പ്രവണതകള്‍ കുറവാണെന്ന് കാണാം. വ്യക്തികളെ സമൂഹവുമായി ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ചരടുകള്‍ അയഞ്ഞു തുടങ്ങുമ്പോള്‍ വ്യക്തിത്വ ശിഥിലീകരണം സംഭവിക്കുന്നു. വ്യക്തിക്ക് സമൂഹത്തില്‍ നിന്ന് ആശ്വാസവും പ്രതീക്ഷയും ലഭിക്കാതെ വരുമ്പോള്‍ വന്‍തോതില്‍ വ്യക്തിത്വ ശിഥിലീകരണം നടക്കുകയും അതിന്റെ മൂര്‍ധന്യത്തില്‍ അയാള്‍ക്ക് ആത്മഹത്യയാണ് പോംവഴിയെന്ന് തോന്നുകയും ചെയ്യുമെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ആധുനിക നാഗരികത മനുഷ്യബന്ധങ്ങളില്‍ വരുത്തിയിരിക്കുന്ന വ്യതിയാനവും മൂല്യത്തകര്‍ച്ചയും ആത്മഹത്യയോട് ബന്ധപ്പെട്ടു നില്‍ക്കുന്നു. സുഖാഡംബര വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഏത് അവിഹിത മാര്‍ഗവും അവലംബിക്കുന്ന ബഹു രാഷ്ട്ര കുത്തകകള്‍ മൂല്യത്തകര്‍ച്ചയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
മതപരമായ ചിട്ടകള്‍ ആത്മഹത്യക്ക് കടിഞ്ഞാണിടുന്നതായി മനഃശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറവായി കാണുന്നത് മതപരമായ വിലക്ക് കൊണ്ടാണെന്നും, ഭൗതിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയാല്‍ പരലോകവും നഷ്ടപ്പെടുമെന്ന മതവിശ്വാസം ആത്മഹത്യക്ക് തടയിടുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ സൈക്യാട്രി വിഭാഗം തലവന്‍ പറയുന്നു. സാമ്പത്തിക പരാധീനതയുള്ള പ്രദേശങ്ങളില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി പാശ്ചാത്യ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും, ആത്മഹത്യാ നിരക്ക് കുറയുന്നത് ഈശ്വര പ്രാര്‍ഥനയും ഖുര്‍ആനികമായ അവബോധവും കൊണ്ടാണെന്ന് ഡോ. അലക്‌സാണ്ടര്‍ പറയുന്നു. മതങ്ങള്‍ മാനവ സമൂഹത്തിന് നല്‍കിയ ജീവിത വിജയത്തിന്റെ, മാനുഷിക മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഒട്ടനവധി സാമൂഹിക പ്രശ്‌നങ്ങളുടെ തായ്‌വേര്. 'കൂട്ട ആത്മഹത്യകള്‍, ഒരു സാമൂഹിക പ്രശ്‌നം' എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനി പത്രം ഒരിക്കല്‍ എഴുതിയ മുഖപ്രസംഗം, മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മൂല്യനിരാസത്തെ ചൂണ്ടിക്കാണിക്കുകയും, ആത്മഹത്യയെ പ്രതിരോധിക്കാന്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.
രോഗാതുരമായ മനുഷ്യ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ഫലപ്രദമായ നടപടികളാണ് നാം കണ്ടെത്തേണ്ടത്. നഷ്ടമൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ധാര്‍മിക പുനഃസംവിധാനത്തിനുള്ള വഴികള്‍ ആരായേണ്ടിയിരിക്കുന്നു. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാവണം. നിസ്സാരങ്ങളായ ജീവിത പ്രയാസങ്ങളോട് വൈകാരികമായി സമീപിക്കുകയും, ലാഘവ ബുദ്ധിയോടെ ജീവനൊടുക്കുകയും  ചെയ്യുന്ന പ്രവണത വിവേകത്തിന്റെ മാര്‍ഗമല്ലെന്ന് തിരിച്ചറിയണം. ജീവിതം പൂമെത്തയല്ലെന്നും പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് മുന്നേറുമ്പോള്‍ മാത്രമേ ജീവിതം സാര്‍ഥകമാവൂ എന്നുമുള്ള ഉത്തമ ബോധ്യം കൈവരിക്കാനാവണം. ജീവിത പ്രയാണത്തിനിടയില്‍ ഒരിക്കല്‍ പരാജയം നേരിട്ടാല്‍, തനിക്കിനി ഒരിക്കലും വിജയം കൈവരിക്കാനാവില്ലെന്ന് വിധിയെഴുതരുത്. ആത്മവിശ്വാസം കൈവിടാതെ ശ്രമം തുടര്‍ന്നാല്‍ വിജയം പുല്‍കാനാവുമെന്ന് ഉറപ്പിച്ച് മുന്നോട്ടു നീങ്ങണം. 'പ്രയാസത്തിനൊപ്പം എളുപ്പമുണ്ടാവും' എന്ന വേദവാക്യം വിസ്മരിക്കരുത്. ഒരു വഴി അടയുമ്പോള്‍ ഒമ്പത് വഴി തുറക്കും. സാമ്പത്തികമായോ മറ്റേത് വിധത്തിലോ പ്രയാസം നേരിടുമ്പോള്‍, ഭൂമിയില്‍ തന്നെപ്പോലുള്ള നിര്‍ഭാഗ്യവാന്മാര്‍ ആരുമുണ്ടാവില്ലെന്ന് ധരിക്കരുത്. നിങ്ങളെക്കാള്‍ നൂറുമടങ്ങ് കഷ്ടപ്പെടുന്ന പതിനായിരങ്ങള്‍ ഇവിടെയുണ്ട്. ഭൗതിക കാര്യങ്ങളില്‍ തന്നെക്കാള്‍ പ്രയാസപ്പെടുന്ന, തന്നെക്കാള്‍ താഴെയുള്ളവരെക്കുറിച്ച് ചിന്തിക്കണമെന്ന പ്രവാചകന്റെ ഉദ്‌ബോധനവും നാം വിസ്മരിക്കരുത്. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല; പിടിച്ചു നില്‍പാണ് ധീരത. 'തന്നാല്‍ കരേറേണ്ടവരെത്ര പേരോ താഴത്ത് പാഴ്‌ചേറിലമര്‍ന്നിരിപ്പുണ്ടെ'ന്ന തിക്ത യാഥാര്‍ഥ്യം, ജീവിക്കാനും മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാനും പ്രചോദനമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്