Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

ജി.കെ എടത്തനാട്ടുകര  

ഒരിക്കല്‍, സിനിമാ നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളുടെ  വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവമാണ്. പല വിഷയങ്ങളും ചര്‍ച്ചയില്‍ വന്നു. ഇസ്‌ലാമിനെക്കുറിച്ചുള്ള ചര്‍ച്ചയും വന്നു. അതിനിടയില്‍, പ്രമുഖനായ ഒരു സിനിമാ നടനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആ നടന് മദ്യപാനമടക്കമുള്ള ദുശ്ശീലങ്ങളൊന്നുമില്ലെന്ന് അദ്ദേഹം സംസാരത്തിനിടയില്‍ പ്രത്യേകം എടുത്തു പറഞ്ഞു. അദ്ദേഹത്തിന്റെ നമസ്‌കാരത്തിലെ നിഷ്ഠയും അദ്ദേഹം പറയുന്നുണ്ട്. ഇസ്‌ലാമിന്റെ സ്വാധീനമാണ്, ഇങ്ങനെ ഒരു ഫീല്‍ഡില്‍, ആ മഹാനടനെ ദുശ്ശീലങ്ങളില്‍ നിന്ന് കാത്തുരക്ഷിക്കുന്നത് എന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അതേക്കുറിച്ചല്ല ഇപ്പോള്‍ പറയാനുദ്ദേശിച്ചത്. സംസാരം കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവിനെ വഴിയില്‍ വച്ച് കണ്ടു. 'എവിടെന്നാണ് വരുന്നത്' എന്നന്വേഷിച്ചപ്പോള്‍ പറഞ്ഞത്, 'ഭക്ഷണം കഴിച്ച് വര്വാണ്' എന്നാണ്. 'മോനെ അധികം ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി' എന്നും കൂട്ടത്തില്‍ പറഞ്ഞു.
മകന്റെ കൂടെ താമസിക്കുന്ന പിതാവാണ് തൊട്ടടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നത്! മനസ്സിനെ വല്ലാതെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. സ്വന്തം വീടുകളില്‍ തന്നെ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ധാരാളം പേരുണ്ട്. ആത്മഹത്യ ചെയ്യാന്‍ പോലും കഴിയാതെ, 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയില്‍, സ്വന്തം വീടുകളില്‍ തന്നെ ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ ഇങ്ങനെ ധാരാളം പേരുണ്ട് .
'മനുഷ്യപ്പറ്റ്' എന്നത് ഇസ്ലാമിക ജീവിതരീതിയുടെ കാമ്പും കാതലുമാണ്. അതുകൊണ്ടു തന്നെ യഥാര്‍ഥ ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഒരാള്‍ക്ക് ഒറ്റപ്പെടേണ്ടിവരില്ല എന്നത് അനുഭവമാണ്; വെറുമൊരു അവകാശവാദമല്ല.
'നിങ്ങള്‍ക്കു സമാധാനം. നിങ്ങളുടെ നാഥന്‍ കാരുണ്യത്തെ തന്റെ ബാധ്യതയാക്കിയിരിക്കുന്നു' എന്ന് വിശുദ്ധ ഖുര്‍ആനിലെ  ആറാം അധ്യായം അമ്പത്തിനാലാം സൂക്തത്തില്‍ കാണാം. കാരുണ്യത്തെ സ്വയം ബാധ്യതയാക്കിയ ദൈവത്തിലുള്ള വിശ്വാസം മനുഷ്യസമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം അതിമനോഹരമായി തോന്നിയിട്ടുണ്ട്.
ആത്മസുഹൃത്തും അയല്‍വാസിയുമായിരുന്നു അബ് ദുന്നാസര്‍. ചെറുപ്പം മുതല്‍ തന്നെ, എല്ലാ പെരുന്നാളിനും ഭക്ഷണം കഴിക്കാന്‍ അവരുടെ വീട്ടിലേക്ക് വിളിക്കുമായിരുന്നു. അടുത്തുള്ളവരെയെല്ലാം അവര്‍ വിളിക്കാറുണ്ട്.
പെരുന്നാള്‍ ദിവസം ഉച്ചയോടടുത്താല്‍, ആ വിളി പ്രതീക്ഷിച്ച് നോക്കിയിരിക്കാറുണ്ട്. തേങ്ങാച്ചോറ് ബീഫും കൂട്ടി കഴിക്കുന്നതിന്റെ രുചി ഇപ്പോഴും ഓര്‍മയായി നാവിന്‍തുമ്പിലുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ചുള്ള സന്തോഷാവസരങ്ങളില്‍ ഇതര മതസ്ഥരെയും പങ്കാളികളാക്കാന്‍ മുസ്‌ലിം സമൂഹം പൊതുവില്‍ കൂടുതല്‍ താല്‍പര്യമെടുക്കുന്നത് കണ്ടിട്ടുണ്ട്. ജാതിയും മതവും നോക്കാതെ ആരെയും വീട്ടിനകത്ത് കയറ്റിയിരുത്തി ഭക്ഷണം നല്‍കാന്‍ എല്ലാവര്‍ക്കും കഴിയില്ല. ഇസ്‌ലാമില്‍, എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കളാണ്. അതുകൊണ്ടുതന്നെ ജാതിബോധത്തില്‍ നിന്നുണ്ടാകുന്ന 'അയിത്താ'ചാരത്തിന്റെ സ്വാധീനം ഉണ്ടാവുകയില്ല. അതിനാലാണ് മുസ്ലിംകള്‍ക്ക് ആരെയും വീടിനകത്ത് കയറ്റിയിരുത്തി ഭക്ഷണം നല്‍കാന്‍ സാധ്യമാകുന്നത്.
ഇസ്‌ലാമില്‍ സാഹോദര്യം എന്നതൊരു ഭംഗിവാക്കല്ല; മനുഷ്യര്‍ക്കിടയില്‍ പ്രയോഗവല്‍ക്കരിക്കേണ്ട  'പുണ്യ നിലപാടാ'ണ്. കാരണം, മനുഷ്യരെല്ലാം ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമാണ്. ഈ വിശ്വാസത്തിന്റെ  സ്വാധീനം മുസ്‌ലിം സമൂഹത്തില്‍നിന്ന് പൊതുവില്‍ അനുഭവിച്ചറിയാവുന്ന ഒന്നാണ്. എന്തുകൊണ്ട് 'ജാതിക്കൊല' വാര്‍ത്തകള്‍ മുസ്‌ലിം ലോകത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല? എന്തുകൊണ്ട് 'വര്‍ണ വിവേചന വിപത്ത്' മുസ്‌ലിം ലോകത്ത് ഉണ്ടാവുന്നില്ല? ഇങ്ങനെയുള്ള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും ഇസ്‌ലാമിനോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പ്രേരണയായിട്ടുണ്ട്.
ജാതി-വര്‍ണവിവേചനത്തിന് ഇരകളായി മനംനൊന്തും ആത്മഹത്യകള്‍ നടക്കാറുണ്ട്. അങ്ങനെയുള്ള ആത്മഹത്യകള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് പൊതുവില്‍ കേള്‍ക്കാറില്ല. എന്തെങ്കിലും അപവാദങ്ങളുണ്ടെങ്കില്‍ ഇസ്ലാമിനെ ഉള്‍ക്കൊള്ളാത്തവരില്‍ നിന്നായിരിക്കും അത്.
ഇസ്‌ലാമിനെ സംബന്ധിച്ച അറിവും ഇസ്‌ലാമുമായുള്ള അടുപ്പവും അനുസരിച്ച്  സ്ത്രീധനം പോലെയുള്ള അനാചാരങ്ങള്‍, വ്യഭിചാരം തുടങ്ങിയവയില്‍ നിന്നെല്ലാം പൊതുവില്‍ വിശ്വാസികള്‍ വിട്ടുനില്‍ക്കുന്നതായിട്ടാണ് അനുഭവം. ഇതെല്ലാം മനുഷ്യന്റെ ജീവിതഭാരത്തെ ലഘൂകരിക്കുന്ന ഘടകങ്ങളാണ്. ഒരു സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ടു മാത്രം ഇത്തരം തിന്മകളില്‍ നിന്ന് ഒരാള്‍ മാറിനില്‍ക്കണമെന്നില്ല. എന്നാല്‍, ഇസ്ലാമിക സംസ്‌കാരമുള്ള ഒരു കൂട്ടായ്മയില്‍ ജീവിക്കുമ്പോള്‍ അയാള്‍ അതിന്റെ ഭാഗമെന്ന നിലക്ക് ഇത്തരം തിന്മകളില്‍ നിന്ന് അറിയാതെ മുക്തനായി മാറും. വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയുമെല്ലാം അത് സ്വാധീനിക്കും.
'മനഃസ്ഥിതി മാത്രം നന്നായാല്‍ പോരാ; വ്യവസ്ഥിതി കൂടി നന്നാവണം' എന്ന് പ്രവാചകന്‍ പഠിപ്പിച്ചതിന്റെ പൊരുള്‍ മനസ്സിലായത് കാര്യങ്ങളെ ഈ സ്വഭാവത്തില്‍ നിരീക്ഷിച്ചപ്പോഴാണ്.
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന തത്ത്വം കൊണ്ട് പരിഹരിക്കാവുന്നതല്ല മനുഷ്യന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്ന് ബോധ്യപ്പെടാനും ഈ നിരീക്ഷണം കാരണമായി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്