Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

അക്ഷരവെളിച്ചമില്ലാത്ത ഇന്ത്യന്‍ ഗ്രാമങ്ങള്‍

നിസ്താര്‍ കീഴുപറമ്പ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള  യാത്രയില്‍ അസമിലെ കൊക്രാജര്‍ ജില്ലയിലെ  പിന്നാക്ക പ്രദേശങ്ങളിലൂടെ യാത്ര ചെയ്യാന്‍ അവസരമുണ്ടായി. കൊക്രാജര്‍ ജില്ലയിലെ ദുറാമറി ഗ്രാമത്തില്‍ ഒരു കമ്യൂണിറ്റി സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. ഇത്ര ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന മനുഷ്യരെ മുമ്പ് കണ്ടിട്ടില്ല.  ഭക്ഷണം കഴിഞ്ഞ്  ഒരാള്‍ കെട്ടിപ്പിടിച്ച് കരയുന്നു.  കണ്ണുനീരൊഴുക്കി വിശപ്പിന്റെ ഭാഷയില്‍ സംസാരിക്കുകയാണ്. ഭക്ഷണം  കിട്ടിയതിന് എങ്ങനെ നന്ദി പറയണമെന്ന് അയാള്‍ക്കറിയില്ല. നമ്മുടെ നാട്ടില്‍ വിവാഹസമയത്ത് കുഴിച്ചു മൂടുന്ന ഭക്ഷണത്തെ കുറിച്ചാണ്  അപ്പോള്‍ ഓര്‍ത്തുപോയത്.
കന്നുകാലികളെ വളര്‍ത്തിയും കൃഷിയിടങ്ങളില്‍ ജോലി ചെയ്തും നിത്യവൃത്തിക്ക് വക കണ്ടെത്തുന്നവരാണവര്‍. വളരെ തുഛമായ കൂലിക്കാണ് മുതലാളിമാര്‍ അവരെ ജോലി ചെയ്യിക്കുന്നത്. അസമിലെ മുസ്‌ലിം ഗ്രാമങ്ങളുടെ അവസ്ഥ വളരെ ശോചനീയമാണ്. വികസനം എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമങ്ങള്‍. പൊതു ഗതാഗത സൗകര്യങ്ങള്‍ ഈ ഗ്രാമങ്ങള്‍ക്ക് സ്വപ്‌നം മാത്രമാണ്. ഓട്ടോ റിക്ഷകളില്‍ മാത്രമാണ് കുണ്ടും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകളിലൂടെ സഞ്ചരിക്കാന്‍ സാധിക്കുക. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പേരിന് പോലും ഇല്ല. ഹൈസ്‌കൂളുകളിലും കോളേജുകളിലും പഠിക്കാന്‍ കൊക്രാജര്‍ ടൗണ്‍ വരെ സൈക്കിളിലോ റിക്ഷയിലോ യാത്ര ചെയ്യണം. അമ്പതും അറുപതും കിലോമീറ്ററുകള്‍ക്കപ്പുറം യാത്ര ചെയ്താല്‍ മാത്രമേ ഹൈസ്‌കൂള്‍ പഠനം സാധ്യമാകൂ. അതുകൊണ്ടുതന്നെ ഗ്രാമങ്ങളില്‍ അക്ഷരവെളിച്ചമില്ല.
മുസ്‌ലിം സമുദായം സാമ്പത്തികമായും വിദ്യാഭ്യാസപരമായും, ഉദ്യോഗങ്ങളിലും ഏറ്റവും കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് അസം. മൊത്തം സാക്ഷരത 72.19 ശതമാനം മാത്രമുള്ള അസമിലെ മുസ്ലിം സമുദായത്തിന്റെ സാക്ഷരത 61.92 ശതമാനം മാത്രമാണ്. ബംഗ്ലാദേശികള്‍ എന്ന് ചാപ്പ കുത്തപ്പെട്ട് സര്‍വ മേഖലകളിലും അവഗണന നേരിടുന്ന ഗ്രാമീണ ജനതയാണ് ഇവരിലധികവും.  ദുറാമറി ഗ്രാമത്തിലെ എസ്.ഐ.ഒ പ്രവര്‍ത്തകനും അഭിഭാഷകനുമായ  സുഹൃത്ത് കിറാമത് അലിയാണ് അവിടത്തെ അവസ്ഥകള്‍ വിവരിച്ചുതന്നത്.
കേള്‍ക്കാന്‍ സമയമുണ്ടെങ്കില്‍ ധാരാളം സങ്കടകഥകള്‍ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാം.
ബോഡോ സ്വാധീന മേഖലകള്‍ വികസനത്തിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുമെല്ലാം ഏറെ മുന്നിലാണ്. എന്നാല്‍, ബോഡോകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അവസരം ലഭിക്കാറില്ല. രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് മേല്‍ക്കൈ. കോണ്‍ഗ്രസും ബി.ജെ.പി.യുമടക്കമുള്ള ദേശീയ പാര്‍ട്ടികള്‍ ഇവിടെ ദുര്‍ബലമാണ്. സങ്കുചിതമായ ബോഡോ പ്രാദേശിക വാദത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയമാണ് പ്രാദേശിക പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നത്. ബോഡോകളല്ലാത്തവരെ  തുരത്തി പ്രത്യേക ബോഡോ സ്വയംഭരണം ആവശ്യപ്പെടുന്ന ബോഡോ തീവ്രവാദ സംഘടനകളുടെ ഭീഷണിയും ഇടക്കിടെ ഉണ്ടാവാറുണ്ട്. ബോഡോകളല്ലാത്തവരെ ആട്ടിയോടിച്ച് ഗ്രാമങ്ങള്‍ ചുട്ടു കരിക്കുന്ന നിരവധി സംഭവങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങളില്‍ അധികൃതര്‍ പുലര്‍ത്തുന്ന പക്ഷപാതപരമായ സമീപനങ്ങള്‍  അക്രമികള്‍ക്ക് പ്രോല്‍സാഹനമാവുന്നു.
ബോഡോ മേഖലയില്‍ മാറി മാറി അധികാരത്തില്‍ വരുന്ന യു.പി.പി.എല്‍, ബി.പി.എഫ് പാര്‍ട്ടികള്‍ മുസ്‌ലിം സമുദായത്തോടുള്ള വിവേചനത്തിന്റെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. നിലവില്‍ ഭരണത്തിലുള്ള യു.പി.പി.എല്‍ പാര്‍ട്ടി, ബി.ജെ.പി. മുന്നണിയുടെ സഖ്യകക്ഷിയാണ്. ഈ പാര്‍ട്ടികള്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുക എന്നതിലപ്പുറമുള്ള വോട്ടവകാശമൊന്നും കൊക്രാജര്‍ മേഖലയിലെ മുസ്‌ലിംകള്‍ക്കില്ല എന്ന് കിറാമത് അലി പറയുന്നു. അനുസരിച്ചില്ലെങ്കില്‍ പലപ്പോഴും പ്രതികാര നടപടികളും നേരിടേണ്ടിവരും. മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ഉണ്ടാവാറില്ല. പ്രാദേശിക ഭരണ സംവിധാനങ്ങളില്‍ പ്രാതിനിധ്യവും ലഭിക്കാറില്ല. 2021-ലെ കണക്ക് പ്രകാരം മൊത്തം സംസ്ഥാന ജനസംഖ്യയില്‍ 40 ശതമാനത്തോളം വരുന്ന, 11 ജില്ലകളില്‍ ഭൂരിപക്ഷമായ ഒരു സമുദായത്തിന്റെ അവസ്ഥയാണിതെന്ന് ഓര്‍ക്കണം! ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെപ്പോലെ ചിതറപ്പെട്ട സമുദായത്തെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തി മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പും ദീര്‍ഘ വീക്ഷണവും വിവേകവുമുള്ള ഒരു നേതൃത്വത്തിന്റെ അഭാവവും അസമിലെ മുസ്‌ലിംകളുടെ ദുരവസ്ഥകള്‍ക്ക് ഒരു മുഖ്യ കാരണമാണ്.    ബംഗാള്‍, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏറ്റവും ദരിദ്രമായ ഗ്രാമങ്ങളാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്.
ജീവിതം തൊട്ടറിയാനും അനുഭവിച്ചറിയാനും ഈ യാത്ര സഹായകമായി. കേരളത്തില്‍ എല്ലാ സൗകര്യങ്ങളിലും ജീവിക്കുന്ന നമുക്ക് ഉത്തരേന്ത്യന്‍ ജീവിതം അല്‍പം പ്രയാസകരം തന്നെ. പടച്ചവന്‍ നമുക്ക് നല്‍കിയ വലിയ അനുഗ്രഹങ്ങളെ തിരിച്ചറിയാന്‍ ഈ യാത്ര സഹായകമായി.
***
പാനൂര്‍ ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്‍ സംഘത്തോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള  യാത്രയില്‍, പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്പൂര്‍ ജില്ലയില്‍ ബോണ്‍ വാഡി ഗ്രാമത്തില്‍ സന്ധാല്‍ ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ സന്ദര്‍ശിക്കാനും അവസരമുണ്ടായി. ചില വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയ കുഴല്‍ കിണറുകള്‍ കാണുകയായിരുന്നു ലക്ഷ്യം.
സന്ധാല്‍ ആദിവാസികളുടെ പൂര്‍വികര്‍  ഝാര്‍ഖണ്ഡ് സ്വദേശികളാണ്. പിറന്ന നാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ടും നാടോടികളായും ദിനാജ്പൂര്‍ മേഖലയില്‍ എത്തിപ്പെട്ട് അവിടെ സ്ഥിരതാമസമാക്കിയവരാണ് ഇവര്‍.
തനത് സംസ്‌കാരവും ആചാരങ്ങളും പുലര്‍ത്തുന്ന ഇവരുടെ മിക്ക വീടുകളിലും ചെറു മന്ദിറുകള്‍ കാണാം. ഹൈന്ദവ വിഭാഗത്തില്‍ പെടുന്നവരാണെങ്കിലും ഈ പ്രദേശങ്ങളില്‍ നടക്കുന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്രൈസ്തവ ചിഹ്നങ്ങളും ചിലപ്പോള്‍ ആ വീടുകളില്‍ കാണാം. കാര്‍ഷിക ജോലികള്‍ ചെയ്തും മീന്‍ പിടിച്ചും അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്ന പാവങ്ങളാണിവര്‍. ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാനോ പരിഹാരമുണ്ടാക്കാനോ രാഷ്ട്രീയ പാര്‍ട്ടികളോ അധികാരികളോ ശ്രമിക്കാറില്ല. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയക്കാര്‍ മദ്യം നല്‍കി ഇവരുടെ വോട്ട് ഉറപ്പിക്കുകയാണ് പതിവ്. വികസനം ഏഴയലത്തുപോലും എത്തിയിട്ടില്ലാത്ത ആദിവാസി ഗ്രാമത്തിലെ കുട്ടികള്‍ക്ക്  പഠനം സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ്.
ദിനാജ്പൂരിലെ ചില സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. നമ്മുടെ കാലിത്തൊഴുത്തിന്റെ നിലവാരം പോലുമില്ലാത്തവ. പുല്ലിന്റെയും മുളയുടെയും ചണത്തിന്റെയുമൊക്കെ മേല്‍ക്കൂരകളുള്ള സ്‌കൂളുകള്‍. ഗ്രാമീണരുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് അവ സ്ഥാപിതമായത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആ വഴിക്ക് എത്തിനോക്കിയിട്ടില്ല.
ഓരോ ഗ്രാമങ്ങളില്‍ നിന്നും ഞങ്ങളെ യാത്രയയക്കുമ്പോള്‍ ആ പാവം മനുഷ്യരുടെ സ്‌നേഹം ഞങ്ങളെ വീര്‍പ്പ്മുട്ടിച്ചു.  എത്ര ഇല്ലായ്മയിലും അവരുടെ ആതിഥ്യമര്യാദ നമ്മള്‍ മാതൃകയാക്കേണ്ടതാണ്. ഉള്ളത് ചെറിയ കുടിലുകളാണെങ്കിലും അവര്‍ മുറ്റത്ത് കിടന്ന് അതിഥിയെ അകത്ത് കിടത്തി  ഏത് ത്യാഗത്തിനും തയാറാണ്. യാത്രയയക്കുമ്പോള്‍ ഗ്രാമീണര്‍ പറയുന്നു,  എന്തെങ്കിലും കുറവ് വന്നിട്ടുണ്ടങ്കില്‍ ഞങ്ങളോട് ക്ഷമിക്കണം, നിങ്ങളുടെ യാത്ര അല്ലാഹു എളുപ്പമാക്കട്ടെ.....എന്തൊരു ഹൃദ്യതയാണ് അവരുടെ പെരുമാറ്റത്തിന്! വിദ്യാഭ്യാസം കുറവാണെങ്കിലും ആത്മാര്‍ഥമായി സ്‌നേഹിക്കാനറിയുന്നവര്‍.
300 രൂപയാണ് അവിടത്തെ വലിയ കൂലി. റിക്ഷ വലിക്കുന്നവരുടെ കഥ വളരെ പരിതാപകരം. വളരെ ചെറിയ പ്രായത്തില്‍ തുടങ്ങും റിക്ഷ വലിക്കാന്‍. 40 വയസ്സാകുമ്പോഴേക്ക് ക്ഷയം വന്ന് ചോരതുപ്പി, നട്ടെല്ല് വളഞ്ഞു ചെറുപ്പക്കാര്‍ 'വയസ്സന്മാരായി' മാറുന്നു. പിന്നീടങ്ങോട്ട് ഇത്തരം കുടുംബങ്ങള്‍ ആശ്രയിക്കാന്‍ ആളില്ലാതെ പ്രയാസപ്പെടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവാണ്. പ്രൈമറി പഠനം കഴിഞ്ഞാല്‍ പഠിക്കണമെങ്കില്‍  പത്തും ഇരുപതും കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്ത് വേണം പോകാന്‍. അതിനാല്‍, പഠിക്കാന്‍ കഴിയാതെ അവര്‍ വീട്ടിലിരിക്കുന്നു. അത്തരം കുട്ടികള്‍ ഓരോ ഗ്രാമത്തിലും ധാരാളമാണ്. സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളിലാണ് ഞങ്ങള്‍ ഓരോ ഗ്രാമത്തിലും എത്തിയത്. നിരവധി കുട്ടികള്‍ ഞങ്ങള്‍ക്കൊപ്പം കൂടി. എന്താണ് സ്‌കൂളില്‍ പോകാത്തത് എന്ന ചോദ്യത്തിന് ഒറ്റ മറുപടി മാത്രം: 'ഞങ്ങളുടെ ഗ്രാമത്തില്‍ സ്‌കൂളില്ല.'
ചില ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളൊന്നും അവിടെയില്ല. തറയിലിരുന്ന് പഠിക്കുന്നവര്‍. പുല്ല് മേഞ്ഞ, തകര ഷീറ്റ്‌കൊണ്ട് മറച്ച ക്ലാസ് റൂമുകള്‍. ഒരു പരിശീലനവും ലഭിക്കാത്ത ടീച്ചര്‍മാര്‍.... സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഗ്രാമങ്ങളില്‍ എത്തിനോക്കുന്നില്ല. അതിനാല്‍ തന്നെ വികസനം അതുവഴി വരുന്നില്ല. ഡിജിറ്റല്‍ ഇന്ത്യ എന്ന ആഘോഷത്തിനൊന്നും ഒരര്‍ഥവുമില്ല.
ഇന്ത്യയില്‍ തിളങ്ങുന്നത് ഗ്രാമീണരല്ല. അവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന മുതലാളിമാരാണ്. അറ്റം കാണാത്ത കൃഷിയിടങ്ങളില്‍ മുതലാളിമാര്‍ക്ക് വേണ്ടി വളരെ ചെറിയ കൂലിക്ക് ജോലി ചെയ്യുന്നവരാണ് ഗ്രാമീണര്‍. സ്വയം കൃഷി ചെയ്യുന്ന ഗ്രാമീണരുടെ ഉല്‍പ്പന്നങ്ങള്‍ക്ക്  വിലയും കിട്ടുന്നില്ല. വന്‍കിടക്കാര്‍ വന്ന് അത് ചുളുവിലക്ക് വാങ്ങുന്നു. എന്നിട്ട് വലിയ വിലക്ക് പുറത്തേക്ക് വില്‍ക്കുന്നു. 
ഞങ്ങള്‍ ബിഹാറിലെ ഹരാരിയക്കടുത്തുള്ള ഫുല്‍കാതോല ഗ്രാമത്തില്‍ പോയിരുന്നു. അവിടെ ഞങ്ങള്‍ നിര്‍മിച്ച പള്ളിയുടെയും കുഴല്‍കിണറുകളുടെയും ഉദ്ഘാടനത്തിന് വേണ്ടിയാണ് എത്തിയത്. വിദ്യാഭ്യാസപരമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ് ഫുല്‍കാതോല. ആ ഗ്രാമത്തില്‍ നിന്ന് ആശുപത്രിയിലേക്ക് എത്തണമെങ്കില്‍ നാല്‍പ്പത് കിലോമീറ്റര്‍ യാത്രചെയ്യണം. അവരുടെ പ്രയാസം മനസ്സിലാക്കി  ചെറിയൊരു ക്ലിനിക്കിന്റെ രൂപരേഖ തയാറാക്കിത്തരാന്‍ ഞങ്ങള്‍ അവരോടാവശ്യപ്പെട്ടിട്ടുണ്ട്.
പാനൂര്‍ ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ഷംഷിര്‍ഗഞ്ച് എന്ന പ്രദേശത്ത് ഒരു സമൂഹ വിവാഹം നടക്കുകയാണ്. പ്രദേശത്തെ നിര്‍ധനരായ ഏഴ് യുവതീ യുവാക്കള്‍ സംഘാടകര്‍ ഒരുക്കിയ പന്തലില്‍ വെച്ച് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ഒരു കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നരായിരുന്ന ആളുകള്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നു മുര്‍ഷിദാബാദ്. ചരിത്രപരമായ കാരണങ്ങളാല്‍ ഭരണകൂടങ്ങളുടെ കടുത്ത വിവേചനങ്ങള്‍ ഏറ്റുവാങ്ങിയ മുര്‍ഷിദാബാദ് ഇന്ന് ബംഗാളിലെ തന്നെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന, മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന  പ്രദേശങ്ങളില്‍ ഒന്നാണ്. റിക്ഷ ഓടിച്ചും ഇവിടത്തെ കൃഷിയിടങ്ങളില്‍  കൂലിപ്പണി ചെയ്തും ജീവിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചേടത്തോളം വിവാഹ പ്രായമെത്തിയ മക്കളുടെ വിവാഹം ചെലവേറിയ ഏര്‍പ്പാടാണ്. എന്നും ജോലി ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തി ജീവിക്കുന്ന ഇവര്‍ക്ക് നിത്യച്ചെലവുകള്‍ കഴിഞ്ഞ് മിച്ചം പിടിക്കാന്‍ ഒന്നും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ വിവാഹ പ്രായം കഴിഞ്ഞും ദാരിദ്ര്യം കാരണം വൈവാഹിക ജീവിതത്തിന് അവസരം ലഭിക്കാത്ത യുവതീ യുവാക്കള്‍ നിരവധിയാണ്.
യുവതീ യുവാക്കളുടെ വിവാഹ വസ്ത്രം മുതല്‍ ദമ്പതികള്‍ക്കുള്ള വിവാഹ സമ്മാനം ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും, ഒരു വിവാഹത്തിന് മൊത്തം ചെലവ് അമ്പതിനായിരം രൂപയാണ്. നമ്മുടെ നാടുകളില്‍ നടക്കുന്ന, ലക്ഷങ്ങളും കോടികളും ചെലവഴിച്ച് ദിവസങ്ങളും, ചിലപ്പോള്‍ ആഴ്ചകളും നീളുന്ന വിവാഹ മാമാങ്കങ്ങളില്‍ ചെലവഴിക്കുന്ന സംഖ്യകളെ അപേക്ഷിച്ച് തീരെ തുച്ഛമായ തുക കൊണ്ട് ഒരു ജോഡിയുടെ കല്യാണം നടത്തിക്കൊടുക്കാന്‍ സാധിക്കും എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്