Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

പലിശയും കച്ചവടവും തമ്മില്‍

മൌലാനാ മൌദൂദി

ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ എന്താണ് പലിശ എന്നാണ് നാം ആദ്യം പരിശോധിക്കുന്നത്. അത് സംബന്ധമായി ഇസ്ലാം ആവിഷ്കരിച്ച നിയമങ്ങള്‍ എന്തൊക്കെ? എന്തടിസ്ഥാനത്തിലാണ് പലിശ വ്യവഹാരം നിയമവിരുദ്ധമായിത്തീരുന്നത്? പലിശ നിയമവിരുദ്ധമെങ്കില്‍ പിന്നെ ഏതടിത്തറയില്‍ മനുഷ്യന്റെ സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കണമെന്നാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്?

'രിബ'യുടെ വിവക്ഷ
പലിശക്ക് ഖുര്‍ആന്‍ രിബ എന്ന വാക്കാണ് പ്രയോഗിച്ചിരിക്കുന്നത്. 'റ, ബ, വ' എന്നാണ് അതിന്റെ മൂലധാതു. അധികം വരുന്നത്, വളര്‍ച്ച, വര്‍ധനവ്, ഉയര്‍ച്ച എന്നൊക്കെ അതിന് അര്‍ഥമുണ്ട്. 'റബാ' എന്നാല്‍ വളര്‍ന്നു, അധികരിച്ചു എന്നര്‍ഥം. 'റബാ ഫുലാനുന്‍ അര്‍റാബിയ' എന്ന് പറഞ്ഞാല്‍ 'അയാള്‍ കുന്ന് കയറി'. റബാ ഫുലാനുല്‍ അസ്സവീഖ= അയാള്‍ ബാര്‍ലിപ്പൊടിയില്‍ വെള്ളമൊഴിച്ച് അതിനെ തടിപ്പിച്ചു; റബാ ഫീ ഹിജ്രിഹി = അയാളുടെ സംരക്ഷണയില്‍ അവന്‍ വളര്‍ന്നു, അര്‍ബാ അശ്ശൈഅഃ = ആ വസ്തുവെ വളര്‍ത്തി, റിബ്വ = ഉയര്‍ന്നുള്ള, റാബിയ =തറയില്‍ നിന്ന് ഉയര്‍ന്ന പ്രതലം. ഈ മൂലധാതുവില്‍നിന്ന് ഉത്ഭവിച്ച പദങ്ങള്‍ ഖുര്‍ആനില്‍ നിങ്ങള്‍ പരതിയാല്‍ അവക്ക് അമിതമായത്, അധികരിച്ചത്, വളര്‍ച്ച എന്നൊക്കെ അര്‍ഥം കല്‍പിക്കപ്പെട്ടതായി കണ്ടെത്താനാവും.
"പിന്നെ നാമതില്‍ (ഭൂമിയില്‍) മഴ വീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും (റബത്ത്) കൌതുകമുണര്‍ത്തുന്ന സകലയിനം ചെടികളെ മുളപ്പിക്കുകയും ചെയ്യുന്നു'' (22:5).
"അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു, ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു (യുര്‍ബി)'' (2:276).
"ജലപ്രവാഹത്തിന്റെ മുകള്‍ത്തട്ടില്‍ നുരഞ്ഞുപൊങ്ങിയ (റാബിയ) പതയുണ്ട്'' (13:17).
"ദൈവശിക്ഷ അവരെ വര്‍ധിച്ച കാഠിന്യത്തോടെ (റാബിയ) പിടികൂടി'' (69:10).
"ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നതിനായി (അര്‍ബാ)'' (16:92).
"അവരിരുവര്‍ക്കും (മര്‍യമിനും മകന്‍ ഈസാ മസീഹിനും) നാം ഒരു ഉയര്‍ന്ന പ്രദേശത്ത് (റബ്വ) അഭയം നല്‍കി'' (23:50).
ഇതേ ധാതുവില്‍നിന്നാണ് രിബാ എന്ന വാക്കും ഉണ്ടായിട്ടുള്ളത്. "ധനത്തിലേക്ക് അമിതമായി കൂട്ടിച്ചേര്‍ക്കപ്പെടുന്നത്, മൂലധനത്തില്‍ വരുന്ന കൂട്ടിച്ചേര്‍ക്കലുകള്‍'' എന്നാണപ്പോള്‍ അര്‍ഥമാക്കുന്നത്. ഈ അര്‍ഥത്തില്‍ വന്ന ഖുര്‍ആനിക സൂചനകള്‍ കാണുക:
"പലിശയില്‍ നിങ്ങള്‍ക്ക് കിട്ടാനുള്ള ബാക്കി ഭാഗം നിങ്ങള്‍ കൈയൊഴിയുക... നിങ്ങള്‍ പശ്ചാത്തപിക്കുമെങ്കില്‍ (പലിശയില്ലാതെ) മൂലധനം നിങ്ങള്‍ക്ക് എടുക്കാം'' (2:278,279).
"മറ്റുള്ളവരുടെ സമ്പത്ത് വളരുന്നതിനായി നിങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പലിശയുണ്ടല്ലോ അത് അല്ലാഹുവിന്റെ അടുക്കല്‍ ഒരിക്കലും വളരുകയില്ല തന്നെ'' (30: 39).
അടിസ്ഥാന ധനത്തില്‍ ഉണ്ടാവുന്ന ഏതുതരം വര്‍ധനവിനെയും 'രിബ' എന്ന് പറയാമെന്ന് ഈ ഖുര്‍ആനിക സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ, എല്ലാതരം വര്‍ധനവിനെയും നിഷിദ്ധമാക്കുകയല്ല ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. വര്‍ധനവും വളര്‍ച്ചയും കച്ചവടം വഴിയും ആകാമല്ലോ. അടിസ്ഥാന ധനത്തിന്റെ ഒരു പ്രത്യേകതരം വളര്‍ച്ചയാണ് രിബ എന്നതുകൊണ്ട് സാങ്കേതികമായി അര്‍ഥമാക്കുന്നത്. അത്തരം വളര്‍ച്ചയാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളതും. പ്രവാചകന്റെ ആഗമനത്തിന് മുമ്പ് വിവരദോഷികളായ അറബികള്‍ അടിസ്ഥാന ധനത്തിലുണ്ടാവുന്ന വര്‍ധനവിനെ രിബ എന്നു തന്നെയാണ് പറഞ്ഞിരുന്നത്. പക്ഷേ, അവര്‍ കച്ചവടത്തെപ്പോലെ രിബയെയും അനുവദനീയമായി കണക്കാക്കിയിരുന്നു; കച്ചവടവും പലിശയും തമ്മില്‍ ഭേദം കല്‍പിക്കാത്ത ഇക്കാലത്തെ വിവരദോഷികളായ ആളുകളെപ്പോലെ തന്നെ. മൂലധനത്തില്‍ കച്ചവടം വഴിയുള്ള വര്‍ധനവും പലിശ വഴിയുള്ള വര്‍ധനവും ഒരുപോലെ കാണാന്‍ പറ്റില്ലെന്നും രണ്ടും രണ്ടാണെന്നും പഠിപ്പിക്കുകയായിരുന്നു ഇസ്ലാം. കച്ചവടം അനുവദനീയവും പലിശ നിഷിദ്ധവുമാണ്.
"പലിശ തിന്നുന്നവര്‍ പറഞ്ഞിരുന്നു: 'കച്ചവടവും പലിശപോലെത്തന്നെ'. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു'' (2:275).
രിബ എന്ന പേരില്‍ അറിയപ്പെടുന്ന സാമ്പത്തിക വര്‍ധനവിനെക്കുറിച്ച് സമൂഹത്തിലെ സകലര്‍ക്കും അറിയാമായിരുന്നതിനാലാണ് ആ ഇടപാട് എന്താണെന്ന് ഖുര്‍ആന്‍ വിശദീകരിക്കാതിരുന്നത്. ആ ഇടപാട് നിരോധിച്ചു എന്നറിയിക്കുകയും അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കല്‍പിക്കുകയും മാത്രമാണ് ചെയ്തത്.

ജാഹിലീ കാലത്തെ രിബ
രിബ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പല വ്യവഹാരങ്ങളെക്കുറിച്ചും ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ഖതാദ(റ) പറയുന്നു: അജ്ഞാന (ജാഹിലീ)കാലത്തെ പലിശയുടെ രൂപം ഇങ്ങനെയായിരുന്നു- ഒരാള്‍ മറ്റൊരാള്‍ക്ക് ഒരു സാധനം വില്‍ക്കുന്നു. വസ്തുവിന്റെ വില നല്‍കുന്നതിന് ഒരു നിശ്ചിത സമയം ഇളവ് അനുവദിക്കുന്നു. ആ സമയത്തിനകം വാങ്ങിയ ആള്‍ പണം നല്‍കിയില്ലെങ്കില്‍ പണമടക്കാനുള്ള സമയം മറ്റൊരു അവധി വരെ നീട്ടുന്നു. പക്ഷേ, അടവില്‍ വീഴ്ച വരുത്തിയതിനാല്‍ അധികമായി ഒരു സംഖ്യ കൂടി അയാള്‍ നല്‍കേണ്ടിവരും. മുജാഹിദ്(റ) പറയുന്നു: ജാഹിലീ കാലത്തെ രിബയുടെ രൂപം ഇങ്ങനെയായിരുന്നു- ഒരാള്‍ മറ്റൊരാളില്‍ നിന്ന് പണം കടം വാങ്ങുന്നു, തിരിച്ചടവിന് ഒരു സമയപരിധി നിശ്ചയിച്ചുകൊണ്ട്. വാങ്ങിയ തുകക്കൊപ്പം അധികമായി മറ്റൊരു തുക കൂടി നല്‍കാമെന്ന് അയാള്‍ വാക്ക് കൊടുക്കുന്നു (ഇബ്നു ജരീര്‍, വാള്യം മൂന്ന്, പേജ് 62).
അബൂബക്കര്‍ ജസ്സ്വാസിന്റെ നിഗമനം ഇതാണ്: ജാഹിലീ കാലത്തെ അറബികള്‍ പരസ്പരം കടം വാങ്ങുമ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കും, ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ അടിസ്ഥാന ധനത്തോടൊപ്പം ഒരു നിര്‍ണിത തുകയും അധികം നല്‍കാമെന്ന് (അഹ്കാമുല്‍ ഖുര്‍ആന്‍, ഒന്നാം വാള്യം).
ഇമാം റാസിയുടെ നിരീക്ഷണം ഇങ്ങനെ: ജാഹിലീ കാലത്ത് അറബികള്‍ ഒരു സംഖ്യ നിശ്ചിത കാലത്തേക്ക് കടമായി നല്‍കും. എന്നിട്ട് ഓരോ മാസവും അതിന്റെ പേരില്‍ ഒരു നിശ്ചിത സംഖ്യ അധികമായി ഈടാക്കിക്കൊണ്ടിരിക്കും. സമയപരിധി എത്തിയാല്‍ കടം കൊടുത്തവന്‍ തന്റെ മൂലധനം തിരികെ ആവശ്യപ്പെടും. കടം വാങ്ങിയ ആള്‍ക്ക് ആ സമയത്ത് അത് തിരിച്ചു നല്‍കാനായില്ലെങ്കില്‍ വര്‍ധിച്ച പലിശ വ്യവസ്ഥകളോടെ പുതിയൊരു സമയപരിധി നിശ്ചയിക്കും (തഫ്സീറുല്‍ കബീര്‍, വാള്യം 2, പേജ് 351).
ഇതുപോലുള്ള പല ഇടപാടുകളും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. അവക്ക് രിബ എന്നാണ് പറഞ്ഞിരുന്നത്. ഖുര്‍ആന്‍ നിരോധിച്ചത് ഈ ഇടപാടുകളെയാണ്.

കച്ചവടവും പലിശയും: അടിസ്ഥാന വ്യത്യാസങ്ങള്‍
ഇനി നമുക്ക് പരിശോധിക്കാനുള്ളത് പലിശയും കച്ചവടവും തമ്മിലുള്ള വ്യത്യാസമാണ്. പലിശയുടെ ഏതൊക്കെ വശങ്ങളാണ് അതിനെ നിഷിദ്ധമാക്കിത്തീര്‍ക്കുന്നത്?
ഒരാള്‍ ഒരു വസ്തു വില്‍ക്കാനായി വെക്കുക. ഇതിനെയാണ് കച്ചവടം (ബൈഅ്) എന്നു പറയുന്നത്. വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരു വിലയില്‍ യോജിപ്പിലെത്തുന്നു. വിലയായി നല്‍കിയ തുകക്ക് പകരമായി വാങ്ങിയവന്‍ ആ വസ്തു ഉടമപ്പെടുത്തുന്നു. വില്‍പന വസ്തുവിന്റെ കാര്യത്തില്‍ രണ്ടാലൊരു കാര്യം ഉറപ്പാണ്. ഒന്നുകില്‍ വില്‍ക്കുന്നവന്‍ ആ വസ്തു സ്വന്തം മുടക്കുമുതലും അധ്വാനവും ഉപയോഗിച്ച് ഉണ്ടാക്കിയതാണ്, അല്ലെങ്കില്‍ മറ്റാരില്‍ നിന്നോ വാങ്ങിയതാണ്. രണ്ടായാലും, ഉല്‍പാദിപ്പിക്കാനോ വാങ്ങാനോ ഉപയോഗിച്ച മൂലധനത്തോടൊപ്പം അയാള്‍ തന്റെ അധ്വാനം കൂടി ചേര്‍ത്തിട്ടുണ്ട്. ഈ അധ്വാനമാണ് അയാള്‍ക്ക് ലാഭത്തിനുള്ള അവകാശം നല്‍കുന്നത്.
ഇനി രിബ ഇടപാടില്‍ നടക്കുന്നത് എന്താണെന്ന് നോക്കാം. ഒരാള്‍ തന്റെ മൂലധനം മറ്റൊരാള്‍ക്ക് കൊടുക്കുന്നു. ഒരു നിശ്ചിത കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ തന്റെ മൂലധനത്തിന് പുറമെ മറ്റൊരു സംഖ്യ കൂടി തനിക്ക് നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഇവിടെ മൂലധനത്തിന് പകരം മൂലധനം മാത്രമാണുള്ളത്. നിശ്ചിത സമയപരിധിയുടെ പേരിലാണ് ഇവിടെ അധിക തുക ഈടാക്കുന്നത്. അതൊരു ഉപാധിയായി ഇടപാടിന് മുമ്പ് പറഞ്ഞുറപ്പിക്കുകയും ചെയ്യും. ഈ അധിക തുകയാണ് പലിശ. ഒരു പ്രത്യേക വസ്തുവിന് പകരമായിക്കൊണ്ടല്ല അത് ഈടാക്കുന്നത്; നിശ്ചിത സമയം എത്തിയതിന്റെ പേരില്‍ മാത്രമാണ്.
ഇനി കച്ചവടക്കരാറില്‍ തന്നെ, വാങ്ങുന്നവന്‍ തുകയടക്കാന്‍ ഒരു മാസം വൈകുമെങ്കില്‍ ഇത്രയധികം അടക്കണമെന്നും, രണ്ട് മാസം വൈകിയാല്‍ അതിനേക്കാള്‍ കൂടുതല്‍ അടക്കണമെന്നും വ്യവസ്ഥ വെക്കുകയാണെങ്കില്‍ അതും പലിശയില്‍ തന്നെയാണ് പെടുക. അതിനാല്‍ പലിശയെ നമുക്ക് ഇങ്ങനെ നിര്‍വചിക്കാം: "കടമായി നല്‍കുന്ന മൂലധനത്തിന് നിശ്ചിത തുക നിശ്ചിത സമയത്ത് അധികമായി നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്ന ഇടപാട്.'' മൂലധനത്തിന്മേല്‍ വര്‍ധനവ്, സമയ പരിഗണന വെച്ച് ഈ വര്‍ധനവ് എത്രയെന്ന് നിശ്ചയിക്കല്‍, അധിക സംഖ്യ നല്‍കുക എന്നത് ഇടപാടുതന്നെ നടക്കാനുള്ള വ്യവസ്ഥയായിത്തീരല്‍- ഈ മൂന്ന് കാര്യങ്ങളും പലിശയില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. ഇവ ഉള്‍ച്ചേര്‍ന്ന ഏതൊരു ഇടപാടും പലിശയായി കണക്കാക്കപ്പെടും. ഇടപാട് നടന്നത് ഉല്‍പാദനപരമായ ആവശ്യങ്ങള്‍ക്കാണെന്നതോ, വ്യക്തിപരമായ ബാധ്യതകള്‍ നിര്‍വഹിക്കാനാണെന്നതോ, കടം വാങ്ങിയവന്‍ ധനികനോ പാവപ്പെട്ടവനോ ആണെന്നതോ ഒന്നും ഇവിടെ പരിഗണനീയമല്ല.
കച്ചവടവും പലിശയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. കച്ചവടത്തില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും തമ്മില്‍ ലാഭം കൈമാറുന്നത് തുല്യമായ ഒരു ഭൂമികയില്‍ (ലൂൌമഹ ളീീശിേഴ) നിന്നുകൊണ്ടാണ്. ചില മേന്മകള്‍ കണ്ടിട്ടാണ് ഒരാള്‍ സാധനം വാങ്ങുന്നത്. അത് വില്‍ക്കുന്നവനാകട്ടെ, ആ വസ്തു സമ്പാദിക്കുന്നതില്‍ താന്‍ വ്യയം ചെയ്തിട്ടുള്ള അധ്വാനത്തിനും സമയത്തിനും പ്രതിഫലമെന്നോണം ഒരു ലാഭവിഹിതം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, പലിശയിടപാടില്‍ ലാഭക്കൈമാറ്റം തുല്യ ഭൂമികയില്‍ നിന്നുകൊണ്ടല്ല സംഭവിക്കുന്നത്. പലിശക്ക് നല്‍കുന്നവന്‍ ആദ്യമേ തനിക്കായി ഒരു നിശ്ചിത സംഖ്യ പറഞ്ഞുവെക്കുന്നു. അയാള്‍ക്കത് ലഭിക്കുമെന്ന് ഉറപ്പുമുണ്ട്. എന്നാല്‍, പലിശക്ക് കടം വാങ്ങുന്നവനെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് ഒരു നിശ്ചിത കാലാവധി മാത്രമാണ് ലഭിക്കുന്നത്. ആ കാലാവധി അയാള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതിന് യാതൊരു ഉറപ്പുമില്ല. ഇനി വ്യക്തിപരമായ ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് ഒരാള്‍ പലിശക്ക് കടമെടുത്തതെങ്കില്‍, യാതൊരു തരത്തിലുള്ള ഉല്‍പാദനവും നടക്കില്ലെന്നും സമയ പരിധി അയാള്‍ക്ക് നഷ്ടക്കച്ചവടമാണെന്നും പറയേണ്ടതില്ലല്ലോ. ഇനി ബിസിനസിലോ കൃഷിയിലോ വ്യവസായത്തിലോ മുതല്‍മുടക്കാനാണ് ഒരാള്‍ കടമെടുത്തതെങ്കില്‍ നിശ്ചിത സമയത്തിനകം ആ മുടക്ക് മുതലിന് നഷ്ടസാധ്യതയും ലാഭ സാധ്യതയും സമാസമമാണ്. കടം കൊടുത്തവന് ഏതായാലും ഒരു സംഖ്യ ലാഭമായി കിട്ടും, കടം വാങ്ങിയവന് തന്റെ സംരംഭത്തില്‍ ലാഭം കിട്ടിയാലും നഷ്ടം പറ്റിയാലും ശരി. അതിനാല്‍ പലിശാധിഷ്ഠിത ഇടപാടുകള്‍ രണ്ടാലൊരു തരത്തിലാണ്. ഒന്നുകില്‍, ഒരു കക്ഷിക്ക് ലാഭം, മറ്റേ കക്ഷിക്ക് നഷ്ടം. അല്ലെങ്കില്‍ ഒരു കക്ഷിക്ക് നിശ്ചിത വിഹിതം ലാഭം, മറ്റേ കക്ഷിക്ക് അനിശ്ചിതവും യാതൊരു ഉറപ്പുമില്ലാത്തതുമായ ലാഭം.
2. കച്ചവടത്തില്‍ വില്‍ക്കുന്നവന് വാങ്ങുന്നവനില്‍ നിന്ന് ഒരിക്കലേ ലാഭമെടുക്കാനാവൂ, കിട്ടുന്ന ലാഭം എത്ര വലിയതാണെങ്കിലും ശരി. പലിശയിടപാടില്‍ കടം കൊടുത്തവന് തന്റെ മൂലധനത്തിന്റെ പേരില്‍ നിരന്തരം ലാഭം ലഭിച്ചുകൊണ്ടേയിരിക്കുന്നു. കാലം കഴിയുന്നതിനനുസരിച്ച് ഈ ലാഭവിഹിതം വര്‍ധിക്കുകയും ചെയ്യും. കടം വാങ്ങിയവന്‍ ആ പണം കൊണ്ട് എത്രയധികം ലാഭം നേടിയാലും അതിനൊരു പരിധിയുണ്ട്. എന്നാല്‍, കടം കൊടുത്തവന് തന്റെ മൂലധനത്തിന് കിട്ടുന്ന അധികപ്പണത്തിന് യാതൊരു അറ്റവുമില്ല. കടം വാങ്ങിയവന്റെ മുഴുവന്‍ ആസ്തികളെയും ഉപജീവന മാര്‍ഗങ്ങളെയും പലിശക്കാരന്റെ ലാഭം വിഴുങ്ങിയാലും ലാഭ പരമ്പരക്ക് അവസാനമാവുകയില്ല.
3. കച്ചവടത്തില്‍ വില നിശ്ചയിച്ച് വസ്തു കൈമാറിയാല്‍ ഇടപാട് കഴിഞ്ഞു. ഇടപാട് പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം വിറ്റവനോട് വാങ്ങിയവന് യാതൊരു തരത്തിലുള്ള ബാധ്യതയും അവശേഷിക്കുകയില്ല. പലിശയിടപാടില്‍, ആദ്യം കടം വാങ്ങുന്നവന്‍ പണം പറ്റി അത് ഉപയോഗിക്കുന്നു. ആ പണം മാത്രമല്ല അതിന്മേല്‍ അധികമായി ചുമത്തപ്പെടുന്ന തുകയും അയാള്‍ പിന്നീട് ഉണ്ടാക്കുകയും അത് കടം നല്‍കിയവന് തിരിച്ചു കൊടുക്കുകയും വേണം.
4. കച്ചവടം, വ്യവസായം, കൃഷി തുടങ്ങിയ സംരംഭങ്ങളിലെല്ലാം ഒരാള്‍ ലാഭം നേടുന്നത് തന്റെ ബുദ്ധിയും അധ്വാനവുമൊക്കെ വ്യയം ചെയ്തിട്ടാണ്. പലിശയിടപാടില്‍ ഒരാള്‍ തന്റെ അധികമൂലധനം കടം കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ. യാതൊരു അധ്വാനവും അയാള്‍ ചെയ്യുന്നില്ല. ഒരു ചെലവും വഹിക്കുന്നില്ല. എന്നാലോ കടം കൊണ്ടവന്റെ ലാഭത്തിലെ ഒരു മുഖ്യ പങ്കാളി അയാള്‍ ആയിരിക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ ഈ സംരംഭത്തില്‍ പലിശക്ക് കടം കൊടുത്ത വ്യക്തി പങ്കാളിയേ അല്ല. ലാഭമെന്ന പോലെ നഷ്ടവും പങ്ക് വെക്കുമ്പോഴല്ലേ ഒരാള്‍ ഒരു സംരംഭത്തില്‍ പങ്കാളിയാവുക. ഇവിടെ കടം നല്‍കിയവന്‍ ബിസിനസ് ലാഭമോ നഷ്ടമോ എന്ന് നോക്കാതെ, ലാഭത്തിന്റെ അളവ് പോലും പരിശോധിക്കാതെ നിശ്ചിത തുക ലാഭമായി പറ്റിക്കൊണ്ടേയിരിക്കുന്നു.
(തുടരും)
(സൂദ് എന്ന കൃതിയില്‍ നിന്ന്)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം