Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ആഇശയോടൊരു ആവലാതി-3

ഡോ. ഇയാദ് ഖുനൈബി

അദ്ദേഹം എപ്പോഴെങ്കിലും നിങ്ങളെക്കുറിച്ച് മോശമായ വിചാരങ്ങളോ സംശയങ്ങളോ വെച്ചു പുലര്‍ത്തിയിട്ടുണ്ടോ?
കപടവിശ്വാസികള്‍ എന്നെക്കുറിച്ച് അപവാദം ഇളക്കിവിട്ട സമയത്ത് 'അവളെക്കുറിച്ച് എനിക്ക് നല്ലതല്ലാതെ ഒന്നും പറയാനില്ല' എന്ന് പറഞ്ഞാണ് അദ്ദേഹം പ്രതിരോധിച്ചത്. പക്ഷേ, എന്റെ കാര്യത്തില്‍ വഹ്‌യൊന്നും ഇറങ്ങാതെ വന്നപ്പോള്‍ അദ്ദേഹത്തിന് മനോവിഷമമുണ്ടായിരുന്നു. എന്നാല്‍, എന്നെ വേദനിപ്പിക്കുന്ന രീതിയില്‍ ഒരു സംസാരവും വന്നുപോകാതിരിക്കാന്‍ അദ്ദേഹം വളരെ ശ്രദ്ധിച്ചു. പ്രചാരണങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ഒരു ദിവസം എന്റെ അരികിലെത്തിയിട്ട് പറഞ്ഞു: 'ആഇശാ, നിന്നെക്കുറിച്ച് പുറത്ത് പലതും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. നീ തെറ്റുകാരിയല്ലെങ്കില്‍ അല്ലാഹു നിന്റെ നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരിക തന്നെ ചെയ്യും. അല്ല, നീ തെറ്റിലേക്ക് ചാഞ്ഞുപോയിട്ടുണ്ടെങ്കില്‍  പടച്ചവനോട് പശ്ചാത്തപിക്കണം. അവനിലേക്ക് ആത്മാര്‍ഥമായി മടങ്ങുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കാതിരിക്കില്ല.' അധികം വൈകാതെ എന്റെ നിരപരാധിത്വം തെളിയിച്ച് വഹ്‌യിറങ്ങി.

വീട്ടില്‍ എങ്ങനെയാണദ്ദേഹം, തിരക്കുകള്‍ക്കിടയില്‍ വീട്ടിലെ ജോലികളില്‍ സഹായിക്കാറുണ്ടോ? ഒഴിവ് ദിവസങ്ങളുണ്ടാകുമ്പോള്‍ വീട്ടിലെ ഒരു പണിയിലും ഇടപെടാതിരിക്കുന്ന ശാദിയെ മനസ്സിലോര്‍ത്ത് നദ ചോദിച്ചു.
വീട്ടിലെ കാര്യങ്ങൡലൊക്കെ അദ്ദേഹവും കൂടിത്തരും. നമസ്‌കാരത്തിന്റെ സമയമായാല്‍ പള്ളിയിലേക്ക് പോകും.
വീട്ടിലുണ്ടായിരിക്കെ കൂടെ നിന്ന് കാര്യങ്ങളൊക്കെ ചെയ്യുന്ന ഒരു ഭര്‍ത്താവുണ്ടാകുകയെന്നത് എത്ര മനോഹരമായിരിക്കുമെന്ന് നദ അന്നേരം മനസ്സിലോര്‍ത്തു.
ആളുകളുടെ ഇടയിലേക്കിറങ്ങുമ്പോള്‍ പാലിക്കുന്ന വൃത്തിയും വെടിപ്പുമൊക്കെ നിങ്ങളുടെ അരികിലും സൂക്ഷിക്കാറുണ്ടോ? പുകവലിയുടെ രൂക്ഷഗന്ധവുമായി തന്റെ അരികിലേക്ക് വരുന്ന ശാദിയെ ക്കുറിച്ചോര്‍ത്തുകൊണ്ട് നദ ചോദിച്ചു.
അദ്ദേഹം വീട്ടിലെത്തിയാലുടന്‍ ബ്രഷ് ചെയ്യുമായിരുന്നു. എപ്പോഴും അദ്ദേഹത്തില്‍നിന്ന് സുഗന്ധമനുഭവിക്കാനാകുമായിരുന്നു.

റസൂലുമായി അങ്ങേയറ്റത്തെ അടുപ്പമുണ്ടായിരുന്ന നിങ്ങള്‍ക്ക് അദ്ദേഹം കൂടെയില്ലാതിരിക്കുന്നത് പ്രയാസങ്ങളുണ്ടാക്കിയിരുന്നോ?
കൂടെയില്ലാതിരിക്കുന്നത് പ്രയാസകരം തന്നെയായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ താല്‍പര്യങ്ങളെ വകവെച്ച് കൊടുക്കുന്നതില്‍ ഞാന്‍ സംതൃപ്തിയുള്ളവളായിരുന്നു. ഒരു ദിവസം രാത്രിയില്‍ കൂടെ കിടക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു: 'എന്നെ വിട് ആഇശാ. എനിക്ക് രാത്രി നമസ്‌കാരം നിര്‍വഹിക്കണം.' അന്നേരം ഞാന്‍ പറഞ്ഞു: 'അങ്ങയുടെ സാമീപ്യമാണ് ഞാനാഗ്രഹിക്കുന്നത്. എന്നാല്‍, താങ്കളുടെ സന്തോഷങ്ങളെയും ഞാനിഷ്ടപ്പെടുന്നു (റബ്ബുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന് അങ്ങേയറ്റം പ്രിയമായിരുന്നു)'. അതു കേട്ട് അദ്ദേഹം എഴുന്നേറ്റ് ശുദ്ധിവരുത്തി നമസ്‌കരിക്കാന്‍ തുടങ്ങി.

പുറത്തുള്ളവരോട് പെറുമാറുമ്പോഴുള്ള മാന്യതയും ഹൃദ്യതയുമൊക്കെ വീട്ടിലും കാണിക്കാറുണ്ടോ?
അതിനെക്കാള്‍ ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലുള്ള പെരുമാറ്റം - ആഇശ (റ) പ്രതിവചിച്ചു. അതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്: 'നിങ്ങളിലേറ്റവും ഉത്തമന്‍ തന്റെ ഇണയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്. ഞാന്‍ എന്റെ ഇണയോട് ഏറ്റവും ഉത്തമമായാണ് പെരുമാറാറുള്ളത്.' മാന്യതയുടെയും സ്വഭാവ ഗുണങ്ങളുടെയും അളവുകോല്‍ ഇണകളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണെന്നതാണ് അദ്ദേഹം പഠിപ്പിച്ചത്.
ഏതൊരു ദാമ്പത്യ ബന്ധത്തിലും അതെത്ര സുദൃഢവും സ്‌നേഹമുള്ളതുമായാലും മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ടാവില്ലേ, അങ്ങനെ മറ്റുള്ളവര്‍ അറിയുന്നത് മോശമാണെന്ന് കരുതുന്ന വല്ലതും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിലുണ്ടായിട്ടുണ്ടോ? ചോദിച്ചത് അപരാധമാണെങ്കില്‍ നിങ്ങള്‍ ക്ഷമിക്കണം. നദ അല്‍പം പേടിയോടെയാണ് ചോദിച്ചത്.
ആഇശ(റ) ഒന്ന് പുഞ്ചിരിച്ചു. അദ്ദേഹത്തിന്റെ ജീവിതം- അത് വീട്ടിലേതായാലും നാട്ടിലേതായാലും- തുറന്നുവെച്ച പുസ്തകമാണ്. ഞാന്‍ അതിലെ ഓരോ താളുകളും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെച്ചിട്ടുമുണ്ട്. അവര്‍ക്കൊക്കെയും അവരുടെ ജീവിതത്തോട് ചേര്‍ത്തുവെക്കാന്‍ വേണ്ടി തന്നെയാണ് അങ്ങനെ ചെയ്തത്. അല്ലെങ്കില്‍ ഖുര്‍ആന്‍ തന്നെ ജീവിത സ്വഭാവമായ ഒരാളില്‍ എന്താണ് മറച്ചുവെക്കാനുണ്ടാവുക! ഖുര്‍ആന്‍ എടുത്തു പറയുന്ന എല്ലാ ശ്രേഷ്ഠ ഗുണങ്ങളുമണിഞ്ഞവരായിരുന്നു റസൂലുല്ലാഹി (സ). ഉള്ളു പോലെയായിരുന്നു അദ്ദേഹത്തിന്റെ പുറമേക്കുമുണ്ടായിരുന്നത്.

നിങ്ങളുടെ മുന്നില്‍ ശാരീരിക-മാനസിക ദൗര്‍ബല്യങ്ങള്‍ പ്രകടമാകുന്നതില്‍ അദ്ദേഹത്തിന് വല്ല നീരസവും തോന്നാറുണ്ടായിരുന്നോ? 
അസുഖമോ ടെന്‍ഷനോ മറ്റോ ഉണ്ടാകുമ്പോഴും താന്‍ കരുത്തനാണെന്ന് വരുത്തിത്തീര്‍ക്കാനും, അതുവഴി ഇണയുടെ മുന്നില്‍ ദുര്‍ബലനാവുന്നത് കുറച്ചിലായി കാണാനും ശ്രമിക്കുന്ന ശാദിയെക്കുറിച്ച് ഓര്‍ത്തുകൊണ്ട് നദ ചോദിച്ചു.
ആഇശ (റ) പറയാന്‍ തുടങ്ങി: അദ്ദേഹത്തിന്റെ അവസാന സമയങ്ങളില്‍ അസുഖം കൂടി. മറ്റുള്ളവരോട് അനുവാദം ചോദിച്ച് എന്റെ ശുശ്രൂഷ ആഗ്രഹിച്ച് എന്റെ വീട്ടിലായിരുന്നു കിടന്നിരുന്നത്. എന്റെ മടിയില്‍ തല വെച്ച് റസൂലുല്ലാഹി (സ) കിടക്കുകയാണ്. അന്നേരം സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ അങ്ങോട്ട് കയറിവന്നു. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന മിസ്‌വാക്കിലേക്ക് റസൂല്‍ നോക്കുന്നത് കണ്ട് പല്ല് വൃത്തിയാക്കാനാഗ്രഹിക്കുന്നതായി എനിക്ക് തോന്നി. ഞാന്‍ മിസ്‌വാക്കെടുത്ത് അത് പല്ല് തേക്കാന്‍ പാകത്തില്‍ കടിച്ച് ശരിപ്പെടുത്തി അദ്ദേഹത്തിന് നല്‍കി. വളരെ മനോഹരമായി അദ്ദേഹം പല്ലുകള്‍ വൃത്തിയാക്കി. ശേഷം മിസ്‌വാക്ക് എനിക്ക് നേരെ നീട്ടാന്‍ ശ്രമിച്ചെങ്കിലും കൈ താഴേക്ക് പതിച്ചുപോയി. ഞാന്‍, ജിബ്‌രീല്‍ അദ്ദേഹത്തിനായി പ്രാര്‍ഥിക്കാറുള്ള പ്രാര്‍ഥനകള്‍ ഉരുവിടാന്‍ തുടങ്ങി. അദ്ദേഹം കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി പറയാന്‍ തുടങ്ങി: 'ഉന്നതമായവന്റെ അരികിലേക്ക്.' അദ്ദേഹത്തിന്റെ ആത്മാവ് ഒഴുകി ഉയര്‍ന്നുപോയി. ഈ ദുന്‍യാവിലെ ഒടുവിലത്തെ നിമിഷത്തില്‍ എന്റെ ഉമിനീര്‍ അദ്ദേഹത്തിന്റെ ഉമിനീരുമായി ചേര്‍ത്തു വെച്ച അല്ലാഹുവേ നിനക്ക് സ്തുതി.

ഒടുവിലായി പിരിയുന്ന നേരത്ത് പോലും പ്രണയം നിറഞ്ഞുനിന്ന അവരുടെ ജീവിതത്തോട് തന്റെ ജീവിതത്തെ താരതമ്യപ്പെടുത്തി ഇനിയെന്തെങ്കിലും ചോദിക്കാന്‍ പോലും നദക്ക് ലജ്ജ തോന്നി. ഒടുവില്‍ ഒരു കാര്യം കൂടി അവള്‍ ചോദിച്ചു: 'നിങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ സ്‌നേഹവും സാന്നിധ്യവും മനസ്സില്‍ അനുഭവിക്കാറുണ്ടോ?
ആഇശ ശാന്തയായി പറഞ്ഞു: 'എന്റെ മനസ്സിലിപ്പോഴും അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ചലനങ്ങളും അടക്കങ്ങളും വാക്കുകളും ഓര്‍മകളായി എന്നിലുണ്ട്. അദ്ദേഹത്തില്‍നിന്ന് അറിവുകളൊരുപാട് ഞാന്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. ആ അറിവുകള്‍ മറ്റുള്ളവര്‍ക്കായി ഞാന്‍ പകര്‍ന്നു നല്‍കുമ്പോള്‍ ഉള്ളില്‍ അവിടുത്തെ ശ്വാസം നിറഞ്ഞുനില്‍ക്കുന്നതായി തോന്നും. എന്റെ ഗര്‍ഭപാത്രത്തില്‍ ഒരു കുഞ്ഞും ജനിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇണയായതിലൂടെ മുഴുവന്‍ വിശ്വാസികളുടെയും ഉമ്മയായി മാറാന്‍ എനിക്ക് കഴിഞ്ഞു. അതുവഴി ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനക്കും സ്‌നേഹത്തിനും ഉടമയായി മാറാനായി.

നാളെ സ്വര്‍ഗത്തില്‍ എന്റെ പ്രിയ ഹബീബിനെ വീണ്ടും കണ്ടുമുട്ടുന്നതാണെന്റെ കിനാവ്. അവിടെ ഇവിടത്തെക്കാള്‍ മനോഹരമായൊരു ജീവിതം വീണ്ടും ഞങ്ങളാരംഭിക്കും.
കൂടിക്കാഴ്ച അവസാനിച്ചു. നദ ക്ലോക്കിലേക്ക് നോക്കി. സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരു മനോഹര ജീവിതത്തെ കേട്ടിരുന്നപ്പോള്‍ സമയം പോയത് പോലും അറിഞ്ഞില്ല. പുതിയ പുലരി പ്രതീക്ഷിച്ച് പ്രാര്‍ഥനയോടെ അവളെഴുന്നേറ്റു. 
വിവ: സി.ടി സുഹൈബ്

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്