Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

ജെന്‍ഡര്‍ വര്‍ണരാജി സമീപനത്തിന്റെ പ്രശ്‌നങ്ങള്‍

 ടി.കെ.എം ഇഖ്ബാല്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും അതുമായി ബന്ധപ്പെട്ട ആശയങ്ങളും കേരളത്തില്‍ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. യഥാര്‍ഥത്തില്‍ എല്‍.ജി.ബി.ടി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ആശയങ്ങളാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ സ്‌പെക്ട്രം തുടങ്ങിയ പേരുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ കേരള സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്‍.ജി.ബി.ടി ആശയങ്ങള്‍ പല രീതിയിലും സമൂഹത്തില്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ അതിനോടുള്ള സമീപനം കൃത്യപ്പെടുത്തേണ്ടത് മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അനിവാര്യമായിരിക്കുന്നു.
എല്‍.ജി.ബി.ടി എന്ന് ഇവിടെ ചുരുക്കിപ്പറയുന്നത് LGBTQIA+ എന്ന് സാമാന്യമായി വ്യവഹരിക്കുന്ന പ്രസ്ഥാനത്തെയാണ്. ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് സ്വവര്‍ഗാനുരാഗികളുടെ (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍) അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പടിഞ്ഞാറന്‍ ലോകത്ത് രൂപംകൊണ്ട ഈ പ്രസ്ഥാനം പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍സെക്‌സ് തുടങ്ങിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി വലിയ രാഷ്ട്രീയ മുന്നേറ്റം നടത്തുകയും സാമൂഹിക-സാംസ്‌കാരിക രംഗത്ത് വമ്പിച്ച സ്വാധീന ശക്തിയായി മാറുകയും ചെയ്തു. സമൂഹത്തില്‍ അവഗണനയും വിവേചനവും നേരിടുന്ന ന്യൂനപക്ഷ ലൈംഗിക സ്വത്വങ്ങളുടെ കൂട്ടായ്മയായിട്ടാണ് എല്‍.ജി.ബി.ടിയുടെ തുടക്കവും വളര്‍ച്ചയും. വൈവിധ്യമാര്‍ന്ന ലൈംഗിക സ്വത്വങ്ങളുടെ വര്‍ണരാജി എന്നാണ്, മഴവില്ലിനെ ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ച ഈ പ്രസ്ഥാനം സ്വയം വിശേഷിപ്പിക്കുന്നത്. ജെന്‍ഡര്‍ സ്‌പെക്ട്രം എന്ന് വിളിക്കുന്നത് എല്‍.ജി.ബി.ടിയിലെ ജെന്‍ഡര്‍ വൈവിധ്യത്തെയാണ്. ഇന്നിപ്പോള്‍ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്ന വിധത്തില്‍ എല്‍.ജി.ബി.ടി ആശയങ്ങള്‍ ലോകത്തുടനീളം വന്‍സ്വീകാര്യത നേടിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്‍.ജി.ബി.ടി ആശയങ്ങളാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണ രേഖയില്‍ പരാമര്‍ശിക്കുന്ന ജെന്‍ഡര്‍ സ്‌പെക്ട്രം എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത് കൃത്യമായും എല്‍.ജി.ബി.ടി പ്രസ്ഥാനത്തില്‍ ഉള്‍പ്പെട്ട വൈവിധ്യമാര്‍ന്ന ലൈംഗിക സ്വത്വങ്ങളെയാണ്. പ്രസ്ഥാനത്തിന്റെ പേരിന്റെ അവസാനമുള്ള + ചിഹ്നം സൂചിപ്പിക്കുന്നത് പുതിയ പുതിയ ജെന്‍ഡര്‍ സ്വത്വങ്ങള്‍ ഇനിയും അതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ്. LGBTQIA+ എന്ന് സാമാന്യമായി ഉപയോഗിക്കപ്പെടുന്ന പേരിന് പുറമെ പലതരം ന്യൂനപക്ഷ ലൈംഗിക സ്വത്വങ്ങളെ സൂചിപ്പിക്കുന്ന, ഇംഗ്ലീഷ് അക്ഷരമാലയിലെ വാക്കുകള്‍ പല തരത്തില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള സമാനമായ മറ്റു പേരുകളും നിലവിലുണ്ട്.
ആണ്‍-പെണ്‍ ലൈംഗികതക്ക് (Hetero sexual) പുറത്തുള്ള എല്ലാതരം ലൈംഗിക സ്വത്വങ്ങളെയും ലൈംഗികാഭിമുഖ്യങ്ങളെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് Queer (Q). എതിര്‍വര്‍ഗ ലൈംഗികാഭിമുഖ്യങ്ങളും (ആണ്‍-പെണ്‍) അതിന്റെ അടിസ്ഥാനത്തിലുള്ള വിവാഹവും ലൈംഗിക ബന്ധങ്ങളുമാണ് സ്വാഭാവികം (Hetero normative) എന്ന നിലനില്‍ക്കുന്ന ധാരണ ആണധികാരത്തിന്റെ അധീശത്വ നിര്‍മിതിയാണെന്നും അതിനെ തകര്‍ത്തുകൊണ്ട് വൈവിധ്യമാര്‍ന്ന ലൈംഗികാഭിമുഖ്യങ്ങളെയും ലൈംഗിക സ്വത്വങ്ങളെയും സ്വാഭാവികവല്‍ക്കരിക്കണമെന്നും എല്‍.ജി.ബി.ടി ആക്ടിവിസ്റ്റുകള്‍ വാദിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. Hetero normative എന്ന വാക്കിന് സമാന്തരമായി ക്വീര്‍ തിയറിയില്‍ ഉപയോഗിക്കുന്ന Queer normative എന്ന വാക്ക് കൊണ്ട് ഇതാണ് അര്‍ഥമാക്കുന്നത്.
എല്‍.ജി.ബി.ടി പ്രസ്ഥാനത്തെ വിശദമായി പരിശോധിക്കുകയല്ല, അതിനോടുള്ള ഇസ്‌ലാമിക സമീപനത്തെക്കുറിച്ച ചില കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അരികുവല്‍ക്കരിക്കപ്പെട്ട എല്ലാതരം ഐഡന്റിറ്റികള്‍ക്കും സ്വയം ഊന്നിപ്പറയാനും അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കാനും ശബ്ദമുയര്‍ത്താനും ഇടം ലഭിച്ച ഉത്തരാധുനികതയുടെ ആശയ പരിസരത്ത് നിന്നാണ് എല്‍.ജി.ബി.ടി പ്രസ്ഥാനത്തിന്റെ ഉത്ഭവം.
മിഷല്‍ ഫൂക്കോ, ജൂഡിത് ബട്‌ലര്‍ തുടങ്ങിയ പ്രഗത്ഭരായ സാമ്രാജ്യത്വ വിരുദ്ധ ചിന്തകര്‍ തന്നെ ക്വീര്‍ തിയറിയുടെയും എല്‍.ജി.ബി.ടി പ്രസ്ഥാനത്തിന്റെയും സൈദ്ധാന്തികരായി മാറിയത് യാദൃഛികമല്ല. മൂന്നാം തരംഗ ഫെമിനിസത്തിന്റെ ശക്തയായ വക്താവായി അറിയപ്പെടുന്ന ബട്‌ലറുടെ ആശയങ്ങളാണ് ക്വീര്‍ തിയറിയുടെ അടിസ്ഥാനമായത്. ഫൂക്കോയുടെ ചിന്തകളുടെ തുടര്‍ച്ചയായി, ജെന്‍ഡര്‍ മാത്രമല്ല ബയോളജിക്കല്‍ സെക്‌സ് തന്നെയും സാംസ്‌കാരികനിര്‍മിതിയാണെന്നും സ്ഥിരമായ ആണ്‍- പെണ്‍ സ്വത്വങ്ങള്‍ എന്ന സങ്കല്‍പം മിഥ്യയാണെന്നും ബട്‌ലര്‍ വാദിച്ചു. പെണ്‍ ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള അധീശത്വ ധാരണകളാണ് സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിന്റെയും ചൂഷണത്തിന്റെയും അടിസ്ഥാന കാരണം എന്ന് മനസ്സിലാക്കി, സാമൂഹിക ശാസ്ത്ര വിശകലനങ്ങളിലൂടെ ആണ്‍-പെണ്‍ ബൈനറിയില്‍ അധിഷ്ഠിതമായ എല്ലാതരം വ്യവഹാരങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് പുതിയ ഫെമിനിസ്റ്റ് ചിന്തകര്‍ ചെയ്തത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി തുടങ്ങിയ ആശയങ്ങള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിച്ചത് ബട്‌ലറെപ്പോലുള്ളവര്‍ മുന്നോട്ടുവെച്ച തിയറികളാണ്.
സെക്‌സ്, ജെന്‍ഡര്‍ പോലെ ജീവശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ട കാര്യങ്ങളെ സാമൂഹികശാസ്ത്ര വിശകലനത്തിലൂടെ മാത്രം കൈകാര്യം ചെയ്യുന്നതിലെ എല്ലാവിധ പ്രശ്‌നങ്ങളും വൈരുധ്യങ്ങളും ഇത്തരം തിയറികളില്‍ അടങ്ങിയിട്ടുണ്ട്. ജെന്‍ഡര്‍ ജീവശാസ്ത്രപരമല്ലെന്നും അത് സ്ഥായിയല്ലെന്നും, ഒരാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏത് ജെന്‍ഡറിലേക്കും മാറാമെന്നുമുള്ള ഒരു തിയറി - ഇതിനെയാണ് ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി എന്ന് പറയുന്നത് - ആണ്, പെണ്ണ് എന്ന യാഥാര്‍ഥ്യത്തെയോ അവര്‍ക്കിടയില്‍ ശരീരശാസ്ത്രത്തിലും ജൈവ പ്രകൃതിയിലും ഉള്ള വ്യത്യാസങ്ങളെയോ പ്രയോഗതലത്തില്‍ ഇല്ലാതാക്കാന്‍ പര്യാപ്തമല്ല. ആ വ്യത്യാസം നിലനില്‍ക്കുന്ന കാലത്തോളം ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആകര്‍ഷകമായ പദപ്രയോഗങ്ങളില്‍ പൊതിഞ്ഞ്, ഫെമിനിസ്റ്റ് ചിന്തകളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന ഇത്തരം സിദ്ധാന്തങ്ങള്‍ ആത്യന്തികമായി സ്ത്രീവിരുദ്ധമായി മാറും. പൊതു ഇടങ്ങളില്‍ സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ (വിവേചനങ്ങളല്ല) ഇല്ലാതാക്കാനുള്ള പദ്ധതികള്‍ സ്ത്രീ കൂടുതല്‍ കൂടുതല്‍ അരക്ഷിതയായി മാറുന്ന അവസ്ഥയുണ്ടാക്കും. ജെന്‍ഡറിനെക്കുറിച്ച ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കപ്പെടും. വിചിത്രമായ പേരുകളില്‍ പലതരം പുതിയ ജെന്‍ഡറുകള്‍ ഇതിനകം തന്നെ പ്രത്യക്ഷമായിക്കഴിഞ്ഞിട്ടുണ്ട്. ഒരു ജെന്‍ഡറും ഇല്ലാത്തവരും (Agender), ഒരേ സമയം മൂന്നും നാലും ജെന്‍ഡര്‍ ഉള്ളവരും (Tri gender, Quad gender), ജെന്‍ഡര്‍ പകുതി ആണും പകുതി പെണ്ണും ആയിട്ടുള്ളവരും (Demi man, Demi woman), രാത്രിയില്‍ മാത്രം ജെന്‍ഡര്‍ വെളിപ്പെടുന്നവരും (Moon gender), സ്വന്തം ജെന്‍ഡറിനെ പല കഷണങ്ങളായി നുറുക്കണം എന്ന് തോന്നുന്നവരും (Puzzle gender) അക്കൂട്ടത്തില്‍ പെടും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വഴി സ്ത്രീശരീരത്തെത്തന്നെ അപനിര്‍മിച്ച് ഇല്ലാതാക്കലല്ല. അങ്ങനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് ഇല്ലാതാവുകയുമില്ല.

സമീപനത്തിന്റെ പ്രശ്‌നങ്ങള്‍
എല്‍.ജി.ബി.ടി പ്രസ്ഥാനത്തോട് ബഹുസ്വര സമൂഹങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ എന്ത് സമീപനം സ്വീകരിക്കണം എന്നതിനെക്കുറിച്ച് പടിഞ്ഞാറന്‍ ലോകത്ത് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എല്‍.ജി.ബി.ടി ആശയങ്ങള്‍ക്ക് മേധാവിത്വമുള്ള ഒരു ലിബറല്‍ പരിസരത്ത് ജീവിക്കുന്നവര്‍ എന്ന നിലയില്‍ അതിനെക്കുറിച്ച് തുറന്ന അഭിപ്രായം പറയാന്‍ പോലും പറ്റാത്ത സാഹചര്യം ഇത്തരം നാടുകളില്‍ മുസ്‌ലിംകള്‍ നേരിടുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയോടും ട്രാന്‍സ്‌ജെന്‍ഡറിസത്തോടുമൊക്കെ ഇസ്‌ലാമിന്റെ മൂല്യ സങ്കല്‍പങ്ങള്‍ക്ക് യോജിക്കാന്‍ പറ്റാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പലരെയും ഇത് നിര്‍ബന്ധിതരാക്കിയിട്ടുമുണ്ട്. എല്‍.ജി.ബി.ടി പ്രസ്ഥാനത്തിനെതിരെ ഏത് തരം വിമര്‍ശനമുന്നയിക്കുന്നവരും ഹോമോഫോബുകളും ട്രാന്‍സ്‌ഫോബുകളുമായി മുദ്രയടിക്കപ്പെടുകയും മീഡിയാ ലിഞ്ചിംഗിന് വിധേയരാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം കേരളത്തില്‍ പോലും നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറന്‍ നാടുകളില്‍ ഇത്തരം വിമര്‍ശനങ്ങള്‍ നിയമനടപടികള്‍ക്ക് വരെ കാരണമായിത്തീരാവുന്ന അവസ്ഥയാണുള്ളത്. പല രാജ്യങ്ങളിലും എല്‍.ജി.ബി.ടി ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. അത് പഠിക്കാതിരിക്കാനുള്ള അവകാശം അതിനോട് ആശയപരമായിത്തന്നെ എതിര്‍പ്പുള്ള വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല. ലിബറല്‍ മൂല്യസങ്കല്‍പങ്ങളെ എതിര്‍ക്കാനുള്ള അവകാശം ലിബറല്‍ സാമൂഹിക, രാഷ്ട്രീയ ഘടനയില്‍ നിഷേധിക്കപ്പെടുന്നു എന്നത് വ്യക്തിസ്വാതന്ത്ര്യത്തെ പരമപ്രധാനമായി ആഘോഷിക്കുന്ന ലിബറലിസത്തിന്റെ കാപട്യത്തെയാണ് വെളിപ്പെടുത്തുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തലത്തില്‍ നിന്നുകൊണ്ട് മാത്രം എല്‍.ജി.ബി.ടിയോട് സമീപനം സ്വീകരിക്കുന്നതിലെ പ്രശ്‌നങ്ങള്‍ കൂടിയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മര്‍ദിത ലൈംഗിക ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയായി രൂപംകൊണ്ട ഈ പ്രസ്ഥാനം ഇപ്പോള്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യങ്ങളിലും അവകാശങ്ങളിലും കൈകടത്തുന്ന തരത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ ലോബി ഗ്രൂപ്പായി മാറിയിരിക്കുന്നുവെന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ഥ്യമാണ്.
എല്‍.ജി.ബി.ടി ആശയങ്ങളെ ലോക വ്യാപകമായി പിന്തുണക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രഖ്യാപനം അമേരിക്കയിലെ ജോ ബൈഡന്‍ ഭരണകൂടം പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷമാണ്. (Memorandum on Advancing the Human Rights of Lesbian, Gay, Bisexual, Transgender, Queer and Intersex Persons Around the World). കഴിഞ്ഞ വര്‍ഷം മേയില്‍ ഗസ്സയില്‍ ഇസ്രായേലി ബോംബാക്രമണം നടക്കുന്ന സമയത്ത് അമേരിക്കയിലെ പ്രമുഖ സയണിസ്റ്റ് അനുകൂല സംഘടനയായ AlPAC ട്വീറ്റ് ചെയ്തത് ഇങ്ങനെ: 'നിങ്ങള്‍ എല്‍.ജി.ബി.ടി ക്യു അവകാശങ്ങളെ പിന്തുണക്കുന്നുണ്ടോ? ഹമാസ് അത് ചെയ്യുന്നില്ല. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ഇന്റര്‍ സെക്‌സ് വിഭാഗങ്ങളോട് ഹമാസ് വിവേചനം കാണിക്കുന്നു.' അതേ സമയത്ത് ഇസ്രായേലി എംബസികള്‍ എല്‍.ജി.ബി.ടിയുടെ മഴവില്‍ പതാക പറത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരുന്നു.
എല്‍.ജി.ബി.ടി ആക്ടിവിസം മുസ്‌ലിം വിരുദ്ധ പ്രചാരവേലകള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ഹോമോനാഷനലിസം എന്ന വാക്ക് തന്നെ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ചില സമൂഹങ്ങള്‍ക്കെതിരെ, പ്രത്യേകിച്ചും മുസ്‌ലിംകള്‍ക്കെതിരെ വംശീയത വളര്‍ത്താന്‍ വേണ്ടി ചില രാജ്യങ്ങള്‍ എല്‍.ജി.ബി.ടി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുന്നതിനെയാണ് ഈ വാക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. പടിഞ്ഞാറന്‍ നാടുകളിലെ മുസ്‌ലിം കുടിയേറ്റക്കാരെ ഹോമോഫോബുകളും ക്വീര്‍ ഫോബുകളുമായി ചിത്രീകരിച്ചുകൊണ്ട് അവര്‍ക്കെതിരെ വംശീയ വികാരം ഇളക്കിവിടാനുള്ള ചില വലതുപക്ഷ പാര്‍ട്ടികളുടെ ശ്രമം ഇതിന്റെ ഭാഗമാണ്. സ്വവര്‍ഗരതിക്കെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ പള്ളി ഇമാമുകള്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയരായ സംഭവങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വവര്‍ഗരതി, ട്രാന്‍സ്‌ജെന്‍ഡറിസം തുടങ്ങിയ വിഷയങ്ങളില്‍ ക്ഷമാപണസ്വരത്തില്‍ സംസാരിക്കുന്ന മുസ്‌ലിംകളുടെ എണ്ണം പടിഞ്ഞാറന്‍ നാടുകളില്‍ കൂടിവരികയാണ്. (ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റിയാണ് ട്രാന്‍സ്‌ജെന്‍ഡറിസത്തിന്റെ അടിസ്ഥാനം. ബയോളജിക്കല്‍ സെക്‌സും ജെന്‍ഡറും തമ്മില്‍ ചേരാത്തതിന്റെ പേരില്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥത (ജെന്‍ഡര്‍ ഡിസ്‌ഫോറിയ) അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ മാത്രം ഉള്‍ക്കൊള്ളുന്ന പദപ്രയോഗമല്ല അത്. ബയോളജിക്കല്‍ സെക്‌സില്‍ നിന്ന് വ്യത്യസ്തമായ എല്ലാതരം ജെന്‍ഡര്‍ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന പേരാണ് ട്രാന്‍സ്‌ജെന്‍ഡറിസം).

വിവിധ വിഭാഗങ്ങളോടുള്ള സമീപനം
എല്‍.ജി.ബി.ടിയുടെ അടിസ്ഥാന പ്രശ്‌നം, അത് അധാര്‍മികതയെ സിദ്ധാന്തവല്‍ക്കരിക്കുകയും പ്രസ്ഥാനമാക്കി മാറ്റുകയും ചെയ്യുന്നുവെന്നതാണ്. സൃഷ്ടിപ്പില്‍ സ്ത്രീക്കും പുരുഷനും അല്ലാഹു നല്‍കിയ ജൈവിക ഘടനയെ നിഷേധിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ജെന്‍ഡര്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നതാണ്. മനുഷ്യരെ ആണും പെണ്ണുമായിട്ടാണ് അല്ലാഹു സൃഷ്ടിച്ചത് എന്നതാണ് ഇസ്‌ലാമിന്റെ യാഥാര്‍ഥ്യ നിഷ്ഠമായ കാഴ്ചപ്പാട്. 'മനുഷ്യസമൂഹമേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചത്' എന്ന് ഖുര്‍ആനില്‍ അല്ലാഹു പറയുന്നു. ഖുര്‍ആന്‍ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ലൈംഗിക ബന്ധങ്ങളെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചുമെല്ലാം പരാമര്‍ശിക്കുന്നതും നിയമനിര്‍ദേശങ്ങള്‍ നല്‍കുന്നതും ആണ്‍-പെണ്‍ ഇണകള്‍ എന്ന ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തിലാണ്. ശരീരശാസ്ത്രപരമായി കൃത്യമായും ആണ്‍-പെണ്‍ ബൈനറിയില്‍ ഉള്‍പ്പെടാത്ത വ്യക്തികള്‍ പൊതു നിയമത്തിന്റെ അപവാദങ്ങളും ആ അര്‍ഥത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കപ്പെടേണ്ടവരുമാണ് എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. അതിനെക്കുറിച്ച വിശദമായ ചര്‍ച്ചകള്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ കാണാം.
എല്‍.ജി.ബി.ടിയിലെ വിവിധ കാറ്റഗറികളോട് ഇസ്‌ലാമിന് വ്യത്യസ്തമായ സമീപനമാണുള്ളത്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്ന കുടക്കീഴില്‍ വ്യത്യസ്തമായ പ്രശ്‌നങ്ങളും സവിശേഷതകളുമുള്ള വിഭാഗങ്ങളെ ഒരുമിച്ചുചേര്‍ത്തതാണ് ഈ പ്രസ്ഥാനം. അതിനകത്ത് തന്നെ ധാരാളം വൈരുധ്യങ്ങളും വിവിധ സ്വത്വങ്ങള്‍ തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളും കാണാന്‍ കഴിയും. സ്വവര്‍ഗ ലൈംഗികതയോടുള്ള സമീപനമല്ല ഇന്റര്‍സെക്‌സിനോടും ട്രാന്‍സ്‌ജെന്‍ഡറിനോടും ഇസ്‌ലാമിനുള്ളത്. സ്വവര്‍ഗരതി ഇസ്‌ലാം വിലക്കിയ പാപവും മ്ലേഛവൃത്തിയുമാണ് (ഫാഹിശത്ത്). ആണ്‍-പെണ്‍ വിവാഹവും പ്രണയവും ലൈംഗിക ബന്ധങ്ങളുമാണ് പ്രകൃതിയിലെ സ്വാഭാവികത എന്ന് മനസ്സിലാക്കാന്‍ സ്ത്രീ-പുരുഷന്‍മാരുടെ ശരീര ഘടന പരിശോധിച്ചാല്‍ മാത്രം മതി.
സ്വവര്‍ഗ ലൈംഗികാഭിനിവേശങ്ങള്‍ ഒരാള്‍ക്ക് എങ്ങനെ, എവിടെ നിന്ന് കിട്ടുന്നതായാലും അത് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. അത്തരം ദുഷ്പ്രവണതകള്‍ ഉള്ളവര്‍ ദൈവഭയത്തിലൂടെയും ധാര്‍മിക ബോധത്തിലൂടെയും അതിനെ മറികടക്കണമെന്നാണ് വിശ്വാസികളോട് ഇസ്‌ലാം പറയുന്നത്. ദേഹേഛകളെ ദൈവഭയത്തിലൂടെ അതിജയിക്കുകയെന്നത് തഖ്‌വയുടെ ഭാഗമാണ്.
സ്വവര്‍ഗരതി ജീവിത ശൈലിയാക്കി മാറ്റിയതിന്റെ പേരില്‍ ലൂത്വ് നബിയുടെ ജനതയുടെ മേല്‍ ദൈവശിക്ഷ ഇറങ്ങിയതിന്റെ വിവരണങ്ങള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആന്‍ സൂക്തങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് സ്വവര്‍ഗരതിക്ക് ന്യായം ചമയ്ക്കാന്‍ സിറാജ് സ്‌കോട്ട് കൂഗിളിനെ പോലുള്ള ചിലയാളുകള്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും മുസ്‌ലിം പണ്ഡിത ലോകം അത്തരം വാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്വവര്‍ഗരതിയോടുള്ള ഇസ്‌ലാമിന്റെ നിലപാട് സംശയത്തിനിടമില്ലാത്തവിധം വ്യക്തമാണ്. സ്വവര്‍ഗരതിയെ സ്വാഭാവികവല്‍ക്കരിക്കുകയും മനുഷ്യന്റെ ജൈവപ്രകൃതിയുമായി ഏറ്റുമുട്ടുന്ന ലൈംഗികാഭിനിവേശങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് സ്വത്വരൂപവത്കരണം നടത്തുകയുമാണ് എല്‍.ജി.ബി.ടി പ്രസ്ഥാനം ചെയ്യുന്നത്.
സ്വവര്‍ഗ ലൈംഗികതയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ട്രാന്‍സ്‌ജെന്‍ഡറും ഇന്റര്‍സെക്‌സും അസെക്ഷ്വലും. ഇന്റര്‍സെക്‌സ് എന്നത് സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികാവയവങ്ങള്‍ സമ്മിശ്രമായി കാണപ്പെടുന്ന ശാരീരികാവസ്ഥയാണ്. ഇത് ഖുന്‍സ എന്ന പേരില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഏത് ലിംഗത്തോടാണോ ശരീരശാസ്ത്രപരമായി അവര്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്നത് അതിലേക്ക് അവരെ ചേര്‍ക്കണം എന്നാണ് പണ്ഡിതാഭിപ്രായം. ഇതിന് സഹായകമായ ചികിത്സകളും ശസ്ത്രക്രിയയും അവര്‍ക്ക് അനുവദനീയമാണ്.
ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റിയെയും ട്രാന്‍സ്‌ജെന്‍ഡറിസത്തെയും ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍, ജെന്‍ഡര്‍ ഡിസ്‌ഫോറിയ അനുഭവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളോട് ഏറക്കുറെ അടുത്തുനില്‍ക്കുന്നതാണ് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട മുഖന്നസ്, മുതറജ്ജല്‍ വിഭാഗങ്ങള്‍. അവരുടെ ബയോളജിക്കല്‍ സെക്‌സ് പൂര്‍ണമായും ഏതെങ്കിലും ഒരു ലിംഗത്തിന്റേത് ആയതുകൊണ്ട് എതിര്‍ലിംഗത്തിലേക്ക് മാറാന്‍ വേണ്ടി അടിസ്ഥാന ശരീരഘടനയെ മാറ്റിമറിക്കുന്ന തരത്തിലുള്ള ചികിത്സയോ സര്‍ജറിയോ അനുവദനീയമല്ല എന്നതാണ് അംഗീകൃതമായ പണ്ഡിതാഭിപ്രായം. ബയോളജിക്കല്‍ സെക്‌സിനോട് യോജിക്കുന്ന വിധത്തില്‍ മനസ്സിനെ പാകപ്പെടുത്താനും അതിനു സഹായകമായ വസ്ത്രധാരണ രീതികളും മറ്റും സ്വീകരിക്കാനുമാണ് അവര്‍ ശ്രമിക്കേണ്ടത്. ലൈംഗിക താല്‍പര്യം ഇല്ലാത്തവരെയാണ് Asexual (A) കൊണ്ട് അര്‍ഥമാക്കുന്നത്. അവരെക്കുറിച്ച പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലുമുണ്ട്. മേല്‍പ്പറഞ്ഞ വിഭാഗങ്ങളൊക്കെയും ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുകയും ആ നിലക്ക് മറ്റുള്ളവര്‍ അവരുമായി ഇടപഴകുകയും ചെയ്തിരുന്നു. അതേസമയം, ആണ്‍-പെണ്‍ ബൈനറിയിലെ അപവാദങ്ങളായിട്ടാണ് ഖുന്‍സ, മുഖന്നസ്, മുതറജ്ജല്‍ തുടങ്ങിയ വിഭാഗങ്ങളെ ഇസ്ലാം കാണുന്നത്. രണ്ടില്‍ ഏതെങ്കിലുമൊരു ലിംഗത്തോട് ചേര്‍ത്തുകൊണ്ടാണ് അവരുമായി ബന്ധപ്പെട്ട നിയമവിധികള്‍. 
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്