Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 21

3273

1444 റബീഉല്‍ അവ്വല്‍ 25

കേരളം വീണ്ടുമൊരു ഭ്രാന്താലയമാകാതിരിക്കാന്‍

എഡിറ്റര്‍

കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കുമായി ലോട്ടറി വില്‍പ്പനക്കാരായ രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊന്ന് ശരീരം കഷണങ്ങളാക്കി കുഴിച്ചുമൂടിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു കേരള മനസ്സാക്ഷിയെ നടുക്കിയ ഈ നരബലി. കേരളത്തില്‍ നിന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരുന്നപ്പോഴും സംസ്ഥാനത്തിന്റെ പേരിനൊപ്പം ചേര്‍ക്കാറുള്ള 'പ്രബുദ്ധം' എന്ന വിശേഷണത്തിന് വലിയ പരിക്കുകളൊന്നും ഏറ്റിട്ടുണ്ടായിരുന്നില്ല. ആശയ സംഘട്ടനത്തില്‍ ഉണ്ടാകാവുന്ന അപശ്രുതികളായി ആ കൊലപാതകങ്ങളെ എഴുതിത്തള്ളാന്‍ കഴിയുമായിരുന്നു. ഇലന്തൂര്‍ നരബലിയോടെ എന്തര്‍ഥത്തിലാണ് കേരളത്തെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് എന്ന വലിയ ചോദ്യമാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന കേരളീയ നവോത്ഥാനവും പ്രബുദ്ധതയും അകം പൊള്ളയായ കെട്ടുകാഴ്ചകള്‍ മാത്രമാണെന്ന് വാദിക്കുന്നവര്‍ കൂടിവരികയാണ്. നവോത്ഥാനം നടന്നുവെന്ന് പറയപ്പെടുന്ന ഈ മണ്ണ് സകലവിധ അന്ധവിശ്വാസങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും തഴച്ചുവളരാന്‍ പറ്റുന്ന വിധം പാകപ്പെടുത്തപ്പെട്ടിരിക്കുന്നു. പുരോഗമന വാദികളും നാസ്തികരുമൊക്കെ ഇതിന് മതങ്ങളെയാണ് പ്രതിക്കൂട്ടില്‍ കയറ്റാന്‍ ശ്രമിക്കുന്നത്. വീണുകിട്ടിയ അവസരം അവര്‍ നന്നായി മുതലെടുക്കുന്നുണ്ടെന്ന് ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാവും. യഥാര്‍ഥത്തില്‍ മതങ്ങളെയല്ല കുറ്റവിചാരണ ചെയ്യേണ്ടത്; ഏതാണ്ട് എല്ലാ മതങ്ങളെയും ഹൈജാക്ക് ചെയ്തുകഴിഞ്ഞ പൗരോഹിത്യത്തെയാണ്. മതത്തിന്റെ പര്യായമല്ല പൗരോഹിത്യം. മതത്തെ ബാധിച്ച അര്‍ബുദമോ അതിന്റെ നീരൂറ്റി കൊഴുത്തുവളരുന്ന ഇത്തിക്കണ്ണിയോ ആണ് പൗരോഹിത്യം. പൊതുജനം മതത്തിന്റെ അന്തസ്സത്ത അറിഞ്ഞു പോകരുതെന്ന് പുരോഹിത വൃന്ദത്തിന് നിര്‍ബന്ധമുണ്ട്. പൊതുജനത്തെ പ്രകാശം പ്രസരിക്കുന്ന വഴിയില്‍ നിന്ന് തെറ്റിച്ച് അന്ധകാരത്തില്‍ നിര്‍ത്തിയാലേ തങ്ങളുടെ സ്വാര്‍ഥ അജണ്ടകളുമായി മുന്നോട്ട് പോകാനാവൂ എന്ന് പൗരോഹിത്യത്തിന് നല്ല നിശ്ചയമുണ്ട്. അതിനാല്‍, കിട്ടുന്ന വേദികളെയെല്ലാം പുതിയ തരം അന്ധവിശ്വാസങ്ങള്‍ ജനമനസ്സുകളില്‍ നട്ടുപിടിപ്പിക്കാനായി അവര്‍ ഉപയോഗിക്കും. വൈറലായ അത്തരം അന്ധവിശ്വാസ പ്രചാരണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സുലഭവുമാണ്. ഇവരില്‍ ആഭിചാരക്കാരും മന്ത്രവാദികളും കള്ള വൈദ്യന്മാരുമൊക്കെ കാണും. അവരുടെ 'ചികിത്സ' യുടെയും 'മരുന്നി'ന്റെയുമൊക്കെ പരസ്യങ്ങള്‍ വരുന്നത് മുഖ്യധാരാ മാധ്യമങ്ങളില്‍ തന്നെയാണല്ലോ. തട്ടിപ്പാണെന്ന് നൂറ് ശതമാനം ഉറപ്പായിട്ടും ഇത്തരം കള്ളപ്പരസ്യങ്ങള്‍ കൊടുക്കാന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. പണക്കിലുക്കത്തില്‍ അവറ്റകളുടെ കണ്ണ് മഞ്ഞളിച്ചു പോകും.
ജനത്തെ പിഴിയുകയും വഴിതെറ്റിക്കുകയും അവരുടെ ഉള്ളില്‍ അന്ധവിശ്വാസങ്ങള്‍ കുത്തിനിറക്കുകയും ചെയ്യുന്ന പുരോഹിതപ്പടകളെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇഷ്ടം. കാരണം, സകല അന്ധവിശ്വാസങ്ങളുടെയും പ്രചാരകരാണെങ്കിലും ഇക്കൂട്ടരെ മെരുക്കാനും കൂടെ നിര്‍ത്താനും എളുപ്പമാണ്. വ്യക്തി - പാര്‍ട്ടി താല്‍പര്യങ്ങളേ ഇരു കൂട്ടര്‍ക്കുമുള്ളൂ. ഇങ്ങനെ ഒളിഞ്ഞും തെളിഞ്ഞും പലതരം കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിക്കഴിഞ്ഞതിനാല്‍ 'പിന്തിരിപ്പന്‍ പൗരോഹിത്യ'ത്തിന്റെ മൂടുതാങ്ങേണ്ട ഗതികേടിലാണ് ഇടതുപക്ഷങ്ങള്‍ വരെ. അന്ധവിശ്വാസങ്ങളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പുകളും ലൈംഗിക ചൂഷണങ്ങളും പെരുകുമ്പോഴും സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ പോയതും ഈ അവിശുദ്ധ ബാന്ധവം കാരണമാണ്. യു.ഡി.എഫ് ഭരിച്ചപ്പോഴും എല്‍.ഡി.എഫ് ഭരിക്കുമ്പോഴും ആഭിചാരങ്ങളും ദുര്‍മന്ത്രങ്ങളും തടയുന്നതിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നുവെങ്കിലും അത് നടപ്പാവാത്തതിന് വേറെയെങ്ങും കാരണം അന്വേഷിക്കേണ്ടതില്ല.
ഇതാണ് മുഖ്യധാരാ മീഡിയയുടെയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യഥാര്‍ഥ നിലപാട്. ഇലന്തൂര്‍ നരബലിയിലെ പ്രതികളിലൊരാള്‍ ഈയടുത്ത കാലം വരെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. നരബലിക്കെതിരെ ഏറ്റവും കൂടുതല്‍ ഒച്ചവെക്കുന്നതും ഇക്കൂട്ടര്‍ തന്നെ. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പൗരോഹിത്യവുമായും അവരുടെ ട്രേഡ് മാര്‍ക്കായ അന്ധവിശ്വാസങ്ങളുമായും സന്ധി ചെയ്തതിന്റെയും ചങ്ങാത്തത്തിലായതിന്റെയും ഫലമായിട്ടു കൂടിയാണ് കേരളീയ നവോത്ഥാനം ഇക്കാണും വിധത്തില്‍ ജീര്‍ണിച്ചുപോയത്. അന്ധവിശ്വാസങ്ങളെ ശക്തിയുക്തം നിരാകരിക്കുകയും മതത്തിന്റെ യഥാര്‍ഥ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നവരെ തീവ്രവാദ പട്ടം നല്‍കി പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ഇടതുപക്ഷം മുന്നിലുണ്ട് താനും. ഇന്ത്യ പോലെ സര്‍വം മതമയമായ ഒരു സമൂഹത്തില്‍ മത വിരുദ്ധത ഏശുകയില്ലെന്ന് ഇടതുപക്ഷം വൈകിയാണെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, പരിഹാരം മതത്തിലേക്ക് കടത്തിക്കൂട്ടിയ അന്ധവിശ്വാസങ്ങളുമായി സന്ധി ചെയ്യുക എന്നതല്ല; നരബലി പോലുള്ള സകല അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത് മതത്തിന്റെ യഥാര്‍ഥ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നവരോടൊപ്പം നിന്ന്  കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുന്നത് തടയുക എന്നതാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 30-34
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വഹാബികള്‍ പൊട്ടിക്കരഞ്ഞ ദിനം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്