Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

കെ.ടി.സി ചരിത്രം രേഖപ്പെടുത്താതെ പോയ നവോത്ഥാന പ്രവര്‍ത്തകന്‍ 

ഡോ. അജ്മല്‍ മുഈന്‍ കൊടിയത്തൂര്‍

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തില്‍ തന്റെതായ സംഭാവനകള്‍ നല്‍കിയ അറബി, ഉര്‍ദു ഭാഷാ പണ്ഡിതനായിരുന്നു ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ കെ.ടി.സി. ബീരാന്‍ സാഹിബ്. 1926 - ല്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ  ജനനം. ഒരു നൂറ്റാണ്ടിനടുത്ത ജീവിതത്തിലുടനീളം താന്‍ കണ്ടെത്തിയ ശരികള്‍ക്കായി നിലകൊണ്ട വ്യക്തിത്വത്തെയാണ് കെ.ടി.സി.യുടെ മരണത്തോടെ നമുക്ക് നഷ്ടമായത്.
കേരളത്തിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച 1950-കളിലാണ് കീരന്‍ തൊടികയില്‍ ബീരാന്‍ സാഹിബിന്റെ യൗവനകാലം. വിവിധ മത-സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും, മലയാള പ്രസിദ്ധീകരണങ്ങള്‍ ജനകീയമായിക്കൊണ്ടിരിക്കുകയും ചെയ്ത ആ ഘട്ടത്തില്‍ തന്റെ യൗവനത്തെ  സാമൂഹിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവക്കുകയായിരുന്നു അദ്ദേഹം. തന്റെ തീ പിടിച്ച ചിന്തകള്‍ക്ക് വളര്‍ന്നു വികസിക്കാവുന്ന വളക്കൂറുള്ള മണ്ണായിരുന്നു ആ കാലത്തെ ചേന്ദമംഗല്ലൂര്‍ ഗ്രാമം. പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി  നേതാവുമായിരുന്ന കെ.സി അബ്ദുല്ല മൗലവി കൊടിയത്തൂരില്‍ നിന്ന് ചേന്ദമംഗല്ലൂരിലേക്ക് സ്ഥിരതാമസമാക്കിയ കാലം. യു.കെ അബൂ സഹ്‌ലയെ പോലുള്ള നിരവധി പേര്‍ ചേന്ദമംഗല്ലൂരില്‍ വന്നുചേര്‍ന്നു. ഈയൊരു ഘട്ടത്തില്‍ ചേന്ദമംഗല്ലൂര്‍ കേന്ദ്രീകരിച്ചുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാരനായ കെ.ടി.സി ശക്തമായ പിന്തുണ നല്‍കി.
കെ.ടി.സി ബീരാന്‍ സാഹിബിന്റെ സാമൂഹിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നാല് മേഖലകളിലാണ്. ശിര്‍ക്ക്-ബിദ്അത്തുകള്‍ക്കെതിരായ പ്രവര്‍ത്തനവും മതനവീകരണവും; ഉര്‍ദു ഭാഷാ പ്രചാരണം; യൂനാനി വൈദ്യത്തിന്റെ ജനകീയവല്‍ക്കരണം; സ്ത്രീ വിദ്യാഭ്യാസം.
തന്റെ പിതാവ് ബദ്‌രീങ്ങളുടെ ആണ്ടിന് അറുക്കാന്‍ നേര്‍ച്ചയാക്കിയ പശുവിനെ കയര്‍ ഊരി വിട്ടു കൊണ്ടാണ് കെ.ടി.സി തന്റെ ശിര്‍ക്ക്-ബിദ്അത്ത് വിരുദ്ധ പോരാട്ടം ആരംഭിക്കുന്നത്. കെ.സി അബ്ദുല്ല മൗലവിയുടെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാവായിരുന്ന കെ.ടി.സി കരുത്തുപകര്‍ന്നു. 'റോഡിനരികത്ത് വിധി നടന്നപ്പോള്‍ ഉയര്‍ന്നുവന്നൊരു സ്ഥാപനം' എന്ന് സഹപ്രവര്‍ത്തകന്‍ യു.കെ അബൂ സഹ്‌ല വിശേഷിപ്പിച്ച ഇസ്‌ലാഹിയാ മദ്‌റസയുടെയും കോളേജിന്റെയും സ്ഥാപനത്തില്‍ കെ.സിയോടൊപ്പം കെ.ടി.സിയും സജീവ പങ്കാളിയായി.
അറബി അധ്യാപകനായിരുന്ന കെ.ടി.സിയുടെ പ്രവര്‍ത്തനമണ്ഡലം പക്ഷേ ഉര്‍ദു ഭാഷയായിരുന്നു. 'കേരള ഉര്‍ദു പ്രചാര സമിതി'യുടെ സ്ഥാപകനായ അദ്ദേഹം ഉര്‍ദു ഭാഷയുടെ 'മലബാര്‍ അംബാസഡര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 'ഓറിയന്റല്‍ ഉര്‍ദു കോളേജ്' എന്ന പേരില്‍ ഉര്‍ദു പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും നിരവധി യുവാക്കളെ ഉര്‍ദു പഠിപ്പിക്കുകയും ചെയ്തു. ഉര്‍ദു ഭാഷ സ്‌കൂള്‍ സിലബസില്‍ വന്നതോടെ ഒട്ടനേകം അധ്യാപക തസ്തികകളുണ്ടായ ആ കാലത്ത് ഉര്‍ദു ഭാഷാധ്യാപകരായി കേരളത്തിലുടനീളം നിയമനം ലഭിച്ചവരില്‍ വലിയൊരു ഭാഗവും ചേന്ദമംഗല്ലൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരായിരുന്നു എന്നത്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉര്‍ദു പ്രചാരണ പരിപാടിയുടെ ഫലം തന്നെയായിരുന്നു. രാമചന്ദ്രന്‍ മാസ്റ്റര്‍, വേലായുധന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, അപ്പുണ്ണി മാസ്റ്റര്‍, കണ്ണന്‍കുട്ടി മാസ്റ്റര്‍, മുക്കം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ദേവകി ടീച്ചര്‍, ജയശ്രീ ടീച്ചര്‍, എല്‍സി ടീച്ചര്‍ തുടങ്ങി നിരവധി അമുസ്‌ലിം സഹോദരന്മാര്‍ക്കും ഇങ്ങനെ ഉര്‍ദു പഠിക്കാനും വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകരായി ചേരാനും അവസരം ലഭിച്ചു. ഉര്‍ദു ഭാഷാ പഠനത്തിനായി ഉര്‍ദു റീഡര്‍ എന്ന പുസ്തകവും മലബാരി ആവാസ് എന്ന പേരില്‍ കേരളത്തില്‍ ആദ്യമായി ഉര്‍ദു ആഴ്ചപ്പതിപ്പും പില്‍ക്കാലത്ത് ഉര്‍ദു കാലിഗ്രഫി സെന്ററും അദ്ദേഹം ആരംഭിച്ചു.
മലബാറിലെ യൂനാനി ചികിത്സയുടെയും തുടക്കക്കാരനായിരുന്നു കെ.ടി.സി. യൂനാനി നാട്ടുവൈദ്യനായിരുന്ന മുഖാജി എന്ന ആളെ ചേന്ദമംഗല്ലൂരില്‍ അദ്ദേഹം കൊണ്ടുവന്നു. പിന്നീട് തന്റെ മകന്, സ്വാതന്ത്ര്യ സമര സേനാനിയും യൂനാനി ഡോക്ടറുമായിരുന്ന ഹക്കീം അജ്മല്‍ ഖാന്റെ പേരിടുകയും അജ്മലിനെ പൂനയിലേക്ക് പറഞ്ഞയച്ച് യൂനാനി ഡോക്ടറാക്കി മാറ്റുകയും ചെയ്തു. സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്നിട്ടിറങ്ങുകയുണ്ടായി. ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്ത്രീ ശാക്തീകരണ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി രചനകള്‍ ആ കാലത്ത് അദ്ദേഹം നടത്തുകയുണ്ടായി. 1954-ല്‍ അദ്ദേഹം 'അബൂ നജീബ്' എന്ന തൂലികാ നാമത്തില്‍ അവളാണ് പെണ്ണ് എന്ന പേരില്‍ ഒരു പുസ്തകമെഴുതി. സഹോദരി എന്ന പേരില്‍ മറ്റൊരു പുസ്തകവും എഴുതിയിരുന്നു.
മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി എഴുതപ്പെട്ട ഒരു ഇസ്‌ലാമിക ചെറുകഥ എന്ന മുഖവുരയോടു കൂടിയാണ് അവളാണ് പെണ്ണ് എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 20 പേജുള്ള ഈ പുസ്തകം പ്രിന്റ് ചെയ്തിട്ടുള്ളത് എടയൂരിലെ പ്രബോധനം പ്രസ്സില്‍ നിന്നായിരുന്നു. ഉര്‍ദുവില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ ഹസനാത്ത് എന്ന ഉര്‍ദു മാസികയിലെ രണ്ട് ചെറുകഥകള്‍ അവലംബമാക്കിയാണ് ഈ കഥയെന്ന്   പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.
കഥയുടെ സാരമിതാണ്: അമ്മായിയമ്മയുടെയും നാത്തൂന്മാരുടെയും കുത്തുവാക്കുകള്‍ കേട്ട് സഹികെട്ട ജമീലക്ക് ഫാത്തിമ എന്ന തന്റെ സുഹൃത്ത് കുടുംബ ജീവിതം സന്തോഷഭരിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഒരു സമ്മാനം നല്‍കുന്നു. 'നിന്നോട് ഇങ്ങോട്ട് ബന്ധം മുറിച്ചവരോട് അങ്ങോട്ട് നീ ബന്ധം ചേര്‍ക്കുക, നിനക്ക് യാതൊരു സഹായവും നല്‍കാത്തവന് അങ്ങോട്ട് സഹായം നല്‍കുക, നിന്നെ അക്രമിക്കുന്നവന് നീ മാപ്പ് നല്‍കുക' എന്ന പ്രവാചക വചനം എഴുതിവെച്ച ഒരു ഫ്രെയിം ആണ്  സമ്മാനം. ഈ പ്രവാചക വചനമനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയാല്‍ പ്രശ്‌നങ്ങളെല്ലാം അവസാനിക്കും എന്ന് ഫാത്തിമ ജമീലയോട് പറയുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജമീല തന്റെ കുടുംബത്തിലെ ഓരോരുത്തരുമായി നല്ല ബന്ധം സ്ഥാപിക്കുകയും മികച്ച കുടുംബിനിയായി മാറുകയും ചെയ്യുന്നു. പിന്നീട് ജമീല ഒരു സജീവ ഇസ്‌ലാമിക പ്രവര്‍ത്തകയാകുന്നു. ഫാത്തിമയോടൊപ്പം ചേര്‍ന്ന് അടുത്തുള്ള വീടുകളിലും ഈ സന്ദേശം എത്തിക്കുന്നു. ഒരു സ്ത്രീ സംഘടന രൂപവത്കരിക്കണമെന്ന് വരെ ചര്‍ച്ച നീളുന്നു.
മുസ്‌ലിം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സഹോദരി എന്ന  മറ്റൊരു ചെറുകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് കെ.ടി.സി തന്നെ തുടങ്ങിയ ചേന്ദമംഗല്ലൂര്‍ 'വനിതാ ബുക്ക് സ്റ്റാള്‍' ആണ്. പതിനെട്ടു പേജുള്ള ഈ കൊച്ചു പുസ്തകത്തിന്റെ തുടക്കത്തില്‍ അദ്ദേഹം എഴുതുന്നു: 'പ്രിയ സഹോദരികളേ, ഭക്ഷണവും വസ്ത്രവും പോലെ ഇസ്‌ലാം ദീനും വീട്ടിലെ പുരുഷന്മാരുടെ ഉത്തരവാദിത്വമാണെന്ന് ധരിച്ചത് പോലെയാണ് ഇന്നത്തെ മുസ്‌ലിം സ്ത്രീകളുടെ നില. ദീനിനെ പറ്റി എന്തെങ്കിലും വായിച്ചോ ചോദിച്ചോ അറിയാന്‍ തന്നെ അവരില്‍ അധികപേരും ആഗ്രഹിക്കുന്നില്ല. മേല്‍പ്പറഞ്ഞ ചിന്താഗതിയെ മാറ്റി തങ്ങള്‍ വിശ്വസിച്ച ദീനിന്റെ ഉത്തരവാദിത്വങ്ങള്‍ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ഉണ്ടെന്നും അതിനായി അവര്‍ ഭര്‍ത്താക്കന്മാരോടും സഹോദരന്മാരോടും സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സ്ത്രീകളെ ധരിപ്പിക്കുന്ന ലളിത സാഹിത്യങ്ങള്‍ ധാരാളം മലയാളത്തില്‍ വേണ്ടതുണ്ട്. അത് കഥാരൂപത്തില്‍ ആയാല്‍ കൂടുതല്‍ നന്നാവും എന്ന് തോന്നിയതിനാലാണ് ഞങ്ങളിത് ഒരുക്കുന്നത്. എന്നാല്‍, മലയാള ലിപി പോലും അറിയാത്ത സഹോദരിമാരും കേരളത്തില്‍ കുറവല്ല. അവരെ അക്ഷരമാല മുതല്‍ പഠിപ്പിച്ചു കൊണ്ടുവരേണ്ടത് പുരുഷന്മാരുടെയും പഠിച്ച സ്ത്രീകളുടെയും ചുമതലയാണ്. ചിലര്‍ ദീനീ പ്രവര്‍ത്തനത്തിന്റെ വികാരത്തില്‍ അക്ഷരാഭ്യാസം പോലുമില്ലാത്ത ഭാര്യമാരെ സംബന്ധിച്ച് സങ്കടപ്പെടുകയും അവരോട് വെറുപ്പ് കാണിക്കുകയും ചെയ്യാറുണ്ട്. അത് ഒരിക്കലും ശരിയല്ല.'
കൈക്കൂലിക്കാരനായ പിതാവിന്റെയും ഏഷണിക്കാരിയായ മാതാവിന്റെയും, സംസ്‌കാര സമ്പന്നയും വിദ്യാഭ്യാസമുള്ളവളുമായ മകളായ തന്റെ, നയപരമായ ഇടപെടലിലൂടെ പിതാവിന്റെ കൈക്കൂലി വാങ്ങല്‍ നിര്‍ത്തിക്കാന്‍ സൈനബിന് കഴിയുന്നു. തന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് അക്കാലത്തെ വിവാഹത്തിന്റെ മുന്‍ഗണനകളായിരുന്ന സൗന്ദര്യം, ധനം, തറവാടിത്തം തുടങ്ങിയവയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് സൈനബ്. മുസ്‌ലിം സ്ത്രീകളെ വഅള് പരിപാടികളിലേക്ക് ആട്ടിത്തെളിയിച്ച് തങ്ങളുടെ സാമ്പത്തിക ലാഭത്തിനുവേണ്ടി ലേലം വിളികളില്‍ പങ്കെടുപ്പിച്ച് വളയും മാലയും ഊരി നല്‍കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കാലത്താണ് കെ.ടി.സി മുസ്‌ലിം സ്ത്രീകളോട് വിദ്യ അഭ്യസിക്കാന്‍ ആഹ്വാനം ചെയ്യുന്നത്.
താന്‍ സ്ഥാപിച്ച പുസ്തക പ്രസാധനാലയത്തിനു 'വനിതാ ബുക്ക് സ്റ്റാള്‍' എന്ന് പേര് നല്‍കുക മാത്രമല്ല, നിരവധി സ്ത്രീ നവോത്ഥാന ശാക്തീകരണ പരിപാടികളും കെ.ടി.സി ആവിഷ്‌കരിക്കുകയുണ്ടായി. തന്റെ വീട്ടില്‍ വനിതാ ലൈബ്രറി ആരംഭിക്കുകയും നാട്ടുകാരായ സ്ത്രീകള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു അദ്ദേഹം. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തന്റെ വീട്ടിനടുത്തുള്ള വയലില്‍ സ്ത്രീകളെ സംഘടിപ്പിച്ചു വനിതാ കൂട്ട്കൃഷി ആ കാലത്ത് കെ.ടി.സി ആരംഭിക്കുകയുണ്ടായി. മഹല്ല് കമ്മിറ്റിയില്‍ സ്ത്രീക്ക് പ്രാതിനിധ്യം നല്‍കി സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനത്തില്‍ മാതൃകയായി മാറാന്‍ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തെ പാകപ്പെടുത്തുന്നതില്‍ കെ.ടി.സി ബീരാന്‍ സാഹിബിന്റെ പങ്ക് സുപ്രധാനമാണ്.
കുടുംബം: ഭാര്യമാര്‍ -  പരേതരായ ഇയ്യാത്തുട്ടി, കുഞ്ഞിപ്പാത്തുമ്മ (വടകര).
മക്കള്‍: കെ.ടി നജീബ് (മാനേജര്‍, കോയന്‍കൊ സ്റ്റീല്‍), സല്‍മാന്‍, ഹാഷിം, താഹിര്‍ (റിട്ട. അധ്യാപകന്‍), ഡോ. അജ്മല്‍ (എം.ഡി കാലിക്കറ്റ് യൂനാനി ഹോസ്പിറ്റല്‍), മുര്‍ഷിദ് (എം.ഡി എല്ലോറ ഗ്രൂപ്പ്, ഖത്തര്‍), ഷമീമ (ജി.യു.പി സ്‌കൂള്‍, മൂര്‍ക്കനാട്), ഖദീജ, ഇസ്സത്ത് ബാനു, അമീറ ബാനു.

ഒളവട്ടൂര്‍ കണ്ണാടിമ്മല്‍ 
മുഹമ്മദ് മാസ്റ്റര്‍

കഴിഞ്ഞ ജൂണ്‍ 27-ന് വിടപറഞ്ഞ മുഹമ്മദ് മാസ്റ്റര്‍  ഒളവട്ടൂര്‍ ഹല്‍ഖയിലെ പഴയകാല പ്രസ്ഥാന അനുഭാവിയായിരുന്നു. ഒളവട്ടൂരില്‍ 1988-ല്‍ തറക്കല്ലിട്ട മസ്ജിദുല്‍ ഹിദായയുടെ നിര്‍മാണത്തില്‍ സജീവസാന്നിധ്യമായിരുന്നു മാസ്റ്റര്‍. കോഴിക്കോട് ജില്ലയിലുള്‍പ്പെടെ പലയിടങ്ങളിലും പോയി പിരിവെടുത്താണ് ഒളവട്ടൂരില്‍ മസ്ജിദ് സ്ഥാപിച്ചത്. ഒളവട്ടൂരിലെ ആദ്യകാല  പ്രസ്ഥാന പ്രവര്‍ത്തകരായ കമ്മദ് കുട്ടി ഹാജി, സമദ് മാസ്റ്റര്‍ എന്നിവരോടൊപ്പം  പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വേണ്ട എല്ലാ സഹകരണവും നല്‍കി. അക്കാലത്ത് ജമാഅത്തിന്റെ പല യോഗങ്ങളും മുഹമ്മദ് മാസ്റ്ററുടെ വീട്ടില്‍ വെച്ചാണ് നടന്നിരുന്നത്. മഹല്ല് പള്ളിയായ പനിച്ചിക പള്ളിയാളി പള്ളിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ മുഹമ്മദ് മാസ്റ്റര്‍ തിരൂരങ്ങാടി യത്തീം ഖാനയില്‍ താമസിച്ചു പഠിച്ചാണ് അധ്യാപകയോഗ്യത നേടിയത്. പഠനത്തിനു ശേഷം ഒളവട്ടൂര്‍ പനിച്ചിക പള്ളിയാളി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് ചെവിട്ടാണിക്കുന്ന് എ.എം.എല്‍.പി സ്‌കൂളിലെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ശേഷമാണ് വിരമിച്ചത്. അധ്യാപകന്‍ എന്നതിലുപരി നല്ലൊരു കര്‍ഷകനായിരുന്നു മുഹമ്മദ് മാസ്റ്റര്‍. രാവിലെ സ്‌കൂളില്‍ പോകുന്നതിനു മുമ്പും വൈകുന്നേരം സ്‌കൂളില്‍ നിന്ന് വന്നതിനു ശേഷവും കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുമായിരുന്നു.
എളിമയും ലാളിത്യവും സഹായമനസ്‌കതയുമായിരുന്നു മുഹമ്മദ് മാസ്റ്ററുടെ മുഖമുദ്ര. പാവപ്പെട്ടവരുടേയും അശരണരുടേയും അത്താണിയായിരുന്നു അദ്ദേഹം. ഒളവട്ടൂര്‍ മസ്ജിദുല്‍ ഹിദായയുമായി അഭേദ്യമായ ഹൃദയബന്ധം മുഹമ്മദ് മാസ്റ്റര്‍  കാത്തുസൂക്ഷിച്ചു. പള്ളി വൃത്തിയാക്കലും, ആദ്യകാല മദ്‌റസാ അധ്യാപകര്‍ക്കുള്ള ഭക്ഷണമെത്തിക്കലും, നോമ്പുതുറകളും മുഹമ്മദ് മാസ്റ്റര്‍ സ്വയം ഏറ്റെടുത്ത് നടത്തുമായിരുന്നു. രോഗിയാവുന്നത് വരെ എല്ലാ വര്‍ഷവും അവസാനത്തെ പത്തില്‍ പള്ളിയില്‍ ഇഅ്ത്തികാഫ് അനുഷ്ഠിക്കുമായിരുന്നു.
ഭാര്യമാര്‍: ഫാത്തിമ, ബീഫാത്തിമാബി. മക്കള്‍: ഷാഹിദ, റഹ്മത്തുല്ല.

കെ. റഹ്മത്തുല്ല, ഒളവട്ടൂര്‍


കട്ടുപ്പാറ മൊയ്തീന്‍ കുട്ടി ഹാജി

യാഥാസ്ഥിതികതയോട് മധുരമായി സംവദിച്ച പ്രബോധകന്‍

കൃഷിയിലും കച്ചവടത്തിലും മത-സാമൂഹിക രംഗങ്ങളിലും അനിഷേധ്യ സാന്നിധ്യമായിരുന്ന കട്ടുപ്പാറ മൊയ്തീന്‍ കുട്ടി ഹാജി(89) അല്ലാഹുവിലേക്ക് യാത്രയായി. നിലപാടുകളില്‍ ഉറച്ചുനിന്ന സാഹസിക സഞ്ചാരി, യാഥാസ്ഥിതിക മതബോധങ്ങളോട് മധുരമായി സംവദിച്ച പ്രബോധകന്‍, കട്ടുപ്പാറയുടെ ആധുനിക ചിന്തയുടെ മുമ്പില്‍ സഞ്ചരിച്ച ധീര വ്യക്തിത്വം എന്നീ നിലകളില്‍ ശ്രദ്ധേയനായ മൊയ്തീന്‍ കുട്ടി ഹാജി കൊണ്ടോട്ടി കൈക്കാരന്‍ എന്ന ധാരയില്‍ അറിയപ്പെട്ടിരുന്ന കക്കാട്ട് ആലിപ്പു ഹാജിയുടെയും ഖദീജയുടെയും മകനാണ്. കൈവെച്ച രംഗങ്ങളിലെല്ലാം വിജയവും മാതൃകയും കാഴ്ചവെച്ച പരിശ്രമ ശാലിയായിരുന്നു മൊയ്തീന്‍ കുട്ടിഹാജി. നവീന കൃഷിരീതികള്‍ നാട്ടുകാരെ പരിചയപ്പെടുത്തുന്നതില്‍ ഔത്സുക്യം കാണിച്ചു. ഏത്തം പൂട്ടി തേവിയിരുന്ന പാടശേഖരങ്ങളിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് മോട്ടോര്‍ പമ്പ് കൊണ്ടുവന്ന് ജലസേചനം നടത്തി മണ്ണിനെ പൊന്നാക്കാന്‍ കഴിയുമെന്ന് തെളിയിച്ചു. നിരവധി സ്ഥലങ്ങളില്‍ കൃഷി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ചു.
മെഡിക്കല്‍ ഫീല്‍ഡിലും കുറെക്കാലം പ്രവര്‍ത്തിച്ചു. പെരിന്തല്‍മണ്ണ, പട്ടാമ്പി എന്നിവിടങ്ങളിലായി മെഡിക്കല്‍ ഷോപ്പുകളും നടത്തിയിരുന്നു. പിതാവിനോടൊപ്പം കച്ചവടാവശ്യാര്‍ഥം സഞ്ചാരം നടത്തുന്നതിനിടയിലും സഹോദരന്മാരെ വിദ്യാസമ്പന്നരാക്കുന്നതില്‍ പ്രത്യേകം താല്‍പര്യം കാണിച്ചു. പരേതനായ കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബുമായുള്ള ബന്ധം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാതയില്‍ കര്‍മോത്സുകനാകാന്‍ ഇടവരുത്തി. മത-രാഷ്ട്രീയ നിലപാടുകള്‍ സമര്‍ഥമായി അവതരിപ്പിക്കാനും ശുഭാപ്തി വിശ്വാസത്തോടെയും സമചിത്തതയോടെയും പ്രതിബന്ധങ്ങളെ നേരിടാനും പ്രത്യേക പ്രാവീണ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍, ചെറിയൊരു സദസ്സിനോടാണെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രസംഗിച്ച അദ്ദേഹം എതിരാളികള്‍ക്ക് ആദ്യം ഒരു വിസ്മയവും പിന്നീട് ഒരു മാതൃകയുമായിരുന്നു. താന്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ വാചാലമായി മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതില്‍ പ്രത്യേക നൈപുണ്യമുായിരുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും ഉയര്‍ച്ചയില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ചു. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് മെമ്പര്‍, കട്ടുപ്പാറ മസ്ജിദുല്‍ ഹുദാ സ്ഥാപക പ്രസിഡന്റ്, ക്രസന്റ് ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
1952-ല്‍ ആലുവയില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം തുടര്‍ന്നുള്ള എല്ലാ സമ്മേളനങ്ങളുടെയും വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. മരണം വരെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലനായ പങ്കാളിയായിരുന്നു. കണ്ടുമുട്ടുന്നവരോടെല്ലാം സൗഹൃദ ബന്ധം സ്ഥാപിക്കുകയും ആദര്‍ശപരമായ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. വാര്‍ധക്യം അലട്ടുന്നതു വരെ ഐഡിയല്‍ റിലീഫ് വിംഗില്‍ (ഐ.ആര്‍.ഡബ്ല്യു) മുഴു സമയ പ്രവര്‍ത്തകനെന്ന നിലയില്‍ ധാരാളം സേവന-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. ഭൂകമ്പ ബാധിതമായ ലാത്തൂരില്‍ ദിവസങ്ങളോളം കര്‍മരംഗത്ത് വ്യാപൃതനായി. നല്ലൊരു വായനക്കാരനും കവിതാ-കഥാസ്വാദകനുമായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ എല്ലാ സംരംഭങ്ങളിലും നിര്‍ലോഭ സഹായ സഹകരണങ്ങള്‍ നല്‍കാന്‍ യാതൊരുവിധ വിമുഖതയും കാണിച്ചില്ല. മക്കളെയെല്ലാം ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം ചെയ്യിക്കുകയും പ്രസ്ഥാനത്തോടൊപ്പം നിര്‍ത്തുകയും ചെയ്തു. സൗഹൃദപൂര്‍ണമായ പെരുമാറ്റത്തിലൂടെ ആദര്‍ശബന്ധം സ്ഥാപിക്കുന്നതില്‍ അനുകരണീയ മാതൃക കാഴ്ചവെച്ചു.
ഭാര്യമാര്‍: തെക്കേതില്‍ നഫീസ (പുലാമന്തോള്‍), ആമിന വെള്ളൂര്‍ (കണ്ണൂര്‍).
മക്കള്‍: അബ്ദുല്‍ ഹമീദ് (സെക്ര, ജ.ഇ തിരൂര്‍ക്കാട് പ്രാദേശിക ജമാഅത്ത്), അഷ്‌റഫ് അലി (വെല്‍ഫെയര്‍ പാര്‍ട്ടി, പെരിന്തല്‍മണ്ണ മണ്ഡലം പ്രസിഡന്റ്), ഇബ്‌റാഹീം, അബ്ദുല്‍ ജലീല്‍ (ജിദ്ദ), അബ്ദുല്‍ ഖാദര്‍ ഫൈസല്‍, ഹസ്‌നൈന്‍ അഹ്മദ് ഫാറൂഖ് (മീഡിയ വണ്‍), മന്‍സൂര്‍ (ഖത്തര്‍), ഉമ്മു സല്‍മ, റംലാ ബീവി, ഹഫ്‌സ്വ, സാജിദ, സമ്മാഅ, പരേതയായ ഖദീജ.
പി.എ.എം അബ്ദുല്‍ ഖാദര്‍, 
തിരൂര്‍ക്കാട്‌

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌