Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

അറിവിന്റെ ആഴം തേടി ദയൂബന്ദ്  ദാറുല്‍  ഉലൂമില്‍

ഇ.എന്‍ മുഹമ്മദ് മൗലവി / സദ്‌റുദ്ദീന്‍ വാഴക്കാട്  sadarvzkd@gmail.com

അറിവടയാളങ്ങള്‍-4 /
 

വലിയ സ്വപ്‌നങ്ങള്‍ കാണുന്ന ചില മനുഷ്യരുണ്ട്. തുടക്കം ചെറുതായിരിക്കുമെങ്കിലും ഒരു ഘട്ടത്തില്‍ അവരുടെ സ്വപ്‌നങ്ങള്‍ സഫലമാവുകയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യും. ഒരുപക്ഷേ, തങ്ങളുദ്ദേശിച്ച ലക്ഷ്യങ്ങള്‍ കരഗതമാകുന്നത് നേരില്‍ കാണാന്‍ അവര്‍ ജീവിച്ചിരിക്കണമെന്നു പോലുമില്ല. യുഗങ്ങളിലേക്ക് നീളുന്ന സുകൃതങ്ങളായി അവരുടെ സ്വപ്‌നങ്ങള്‍ പൂവണിഞ്ഞ് നില്‍ക്കും.
ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന പ്രഗല്‍ഭ പണ്ഡിതന്‍ മുഹമ്മദ് ഖാസിം നാനൂഥവി ഈ ഗണത്തില്‍പ്പെടുന്ന മഹദ് വ്യക്തിത്വമാണ്. മൂന്നോ നാലോ വിദ്യാര്‍ഥികളെയുമായി നാനൂഥവി തുടങ്ങിയ ദീനീ പാഠശാല, പില്‍ക്കാലത്ത് ദയൂബന്ദ് ദാറുല്‍ ഉലൂമായി വളര്‍ന്നു പടര്‍ന്നത് ഇതിന്റെ നല്ല ഉദാഹരണമാണ്. ദീനീ വിദ്യാഭ്യാസ മണ്ഡലത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിലും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി, ഇവിടുത്തെ മുസ്‌ലിം ചരിത്രത്തെ നിര്‍ണായകമായി സ്വാധീനിച്ചതാണ് ദാറുല്‍ ഉലൂം ദയൂബന്ദിന്റെ ചരിത്രം. നാല്‍പ്പത്തിയേഴ് വയസ്സ് വരെ മാത്രം ജീവിച്ച ഖാസിം നാനൂഥവിയുടെ ചരിത്രം സാമാന്യമായി അറിയുന്ന ഒരാള്‍, പില്‍ക്കാലത്ത് വളര്‍ന്നു പന്തലിച്ച ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെ കവാടത്തില്‍ ചെന്ന് നില്‍ക്കുമ്പോള്‍, അത്ഭുതവും അഭിമാനവും തോന്നും. പ്രസിദ്ധമായ ഈ കലാലയത്തില്‍ രണ്ടു വര്‍ഷം പഠിക്കാന്‍ എനിക്കും അവസരം ലഭിക്കുകയുണ്ടായി. നാനൂഥവിയുടെയും ദയൂബന്ദിന്റെയും ചരിത്രത്തിലൂടെ, 1963-65 കാലത്തെ എന്റെ കലാലയാനുഭവങ്ങളിലേക്ക് കടന്നുപോകാം:

നാനൂഥവിയുടെ കഥ
ദയൂബന്ദില്‍ പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കേട്ട പേരുകളിലൊന്നാണ് ഖാസിം നാനൂഥവി. ഇന്ത്യയിലെ മുസ്‌ലിം ചരിത്രം വായിക്കുമ്പോഴും നാനൂഥവി ഉള്‍പ്പെടെയുള്ള ദയൂബന്ദ് പണ്ഡിതന്‍മാര്‍ ധാരാളമായി കടന്നുവരും. അവിഭക്ത ഇന്ത്യയില്‍, അറിവിന്റെ ആഴമുള്ള പണ്ഡിതവര്യനായിരുന്നു ഖാസിം നാനൂഥവി. സൂഫീ ജീവിതം നയിച്ച, ദയൂബന്ദ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍. സഹാറന്‍പൂരിന് സമീപമുള്ള നാനൂഥവ് ഗ്രാമത്തില്‍ 1833-ലാണ് ജനനം. 
നാനൂഥവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ദയൂബന്ദിലേക്ക് പോയ ഖാസിം നാനൂഥവി, അവിടെ മൗലാനാ മെഹ്താബ് അലിയുടെ ശിഷ്യനായി. മുഹമ്മദ് ഹസന്‍ ദയൂബന്ദിയുടെ അമ്മാവനായിരുന്ന മെഹ്താബ് അലി, അന്ന് കറാമത്ത് ഹുസൈന്‍ മദ്‌റസയില്‍ അധ്യാപകനായിരുന്നു. ഒരു ഘട്ടത്തിനു ശേഷം നാനൂഥവില്‍ തിരിച്ചെത്തി മൗലാനാ നവാസ് സാഹിബില്‍ നിന്ന് അറബി വ്യാകരണം പഠിച്ചു. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നാനൂഥവിയുടെ വിദ്യാഭ്യാസത്തില്‍ ദീര്‍ഘദര്‍ശിയായ ഉമ്മയുടെ ഇടപെടല്‍ ഉണ്ടായത് ഇക്കാലത്താണ്. സഹാറന്‍പൂരിലുള്ള വല്യുപ്പ (ഉമ്മയുടെ ഉപ്പ), വജീഹുദ്ദീന്‍ വകീലിന്റെ അടുത്തേക്കാണ് ഉമ്മ അദ്ദേഹത്തെ അയച്ചത്. പേര്‍ഷ്യന്‍-ഉര്‍ദു ഭാഷകള്‍ നാനൂഥവി പഠിച്ചത് സഹാറന്‍പൂരില്‍ നിന്നാണ്. മൗലാനാ മംലൂക് നാനൂഥവിയോടൊപ്പമുള്ള ദല്‍ഹി യാത്രയാണ് ഖാസിം നാനൂഥവിയുടെ വൈജ്ഞാനിക ജീവിതത്തില്‍ വഴിത്തിരിവായത്. ദല്‍ഹി കോളേജില്‍ ചേര്‍ന്ന അദ്ദേഹം, തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ദൈവശാസ്ത്രം ഉള്‍പ്പെടെയുള്ളവ മംലൂക് നാനൂഥവിയില്‍ നിന്ന് പഠിച്ചു. റശീദ് അഹ്മദ് ഗങ്കോഹി ഉള്‍പ്പെടെയുള്ളവരുടെ ശിഷ്യനായിരുന്നു മംലൂക് അലി നാനൂഥവി.
വിദ്യാഭ്യാസത്തിനു ശേഷം, മീററ്റിലും മറ്റുമുള്ള പ്രസാധനാലയങ്ങളില്‍ അദ്ദേഹം എഡിറ്ററായി ജോലി ചെയ്തു. ഇക്കാലത്ത് സ്വഹീഹുല്‍ ബുഖാരിയുടെ ഏതാനും ഭാഗങ്ങള്‍ക്ക് അദ്ദേഹം ഹാശിയ എഴുതിയിട്ടുണ്ട്. ഛട്ട മസ്ജിദ് കേന്ദ്രീകരിച്ച് അദ്ദേഹം നടത്തിയ 'ഇഖ്‌ലീദീസ്' പ്രഭാഷണ പരമ്പരകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായി ജീവചരിത്രത്തില്‍ പറയുന്നു്. ഹജ്ജ് നിര്‍വഹിച്ച ശേഷം വ്യത്യസ്ത പ്രസാധനാലയങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു. പിന്നീടാണ് ഖാസിം നാനൂഥവി ദാറുല്‍ ഉലൂം മദ്‌റസ സ്ഥാപിക്കുന്നത്. 
നാനൂഥവിയുടെയും സഹപ്രവര്‍ത്തകരുടെയും ദീനീ പ്രതിബദ്ധതയുടെ അടയാളമാണ് ദയൂബന്ദ് ദാറുല്‍ ഉലൂം. ദീനുല്‍ ഇസ്‌ലാമിന്റെ ഇഖാമത്ത് ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ച ആ പണ്ഡിതന്‍മാര്‍ അതിനായി അവലംബിച്ച പ്രധാന മാര്‍ഗമാണ് ഈ വിദ്യാഭ്യാസ സംവിധാനം. ഇതിനായി, മുസ്‌ലിം സമൂഹത്തിനകത്ത് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടവും നിര്‍വഹിച്ച ദയൂബന്ദ് പ്രസ്ഥാനം, ദീര്‍ഘകാലം ഫലം നല്‍കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് നാം ശ്രദ്ധിക്കേണ്ടതാണ്. 

പശ്ചാത്തലം
ഖാസിം നാനൂഥവി ദാറുല്‍ ഉലൂം ആരംഭിക്കുന്നതിന് വലിയൊരു മത, സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലമുണ്ടായിരുന്നു. ഇസ്‌ലാമിനെ ആശയപരമായി തകര്‍ക്കാനുള്ള ശ്രമം അക്കാലത്ത് ചില തല്‍പരകക്ഷികള്‍ നടത്തുകയുണ്ടായി. ആര്യസമാജത്തിന്റെ പിന്തുടര്‍ച്ചക്കാരും ബ്രിട്ടീഷ് പിന്തുണയുള്ള മിഷണറി പ്രവര്‍ത്തകരും ഓറിയന്റലിസ്റ്റുകളും ചില യുക്തിവാദികളുമൊക്കെ ദുഷ്പ്രചാരണങ്ങളുമായി രംഗത്തുവന്ന കാലമാണത്. ദൈവ വിശ്വാസം, പുനര്‍ ജന്മവാദം തുടങ്ങിയ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ഖാദിയാനികളും ബറേല്‍വികളും ഉയര്‍ത്തിയ ദുര്‍വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും മറ്റൊരു ഭാഗത്തുണ്ടായിരുന്നു. ഇസ്‌ലാമിനെ മുന്‍നിര്‍ത്തിയുള്ള വാദപ്രതിവാദങ്ങള്‍ക്ക് അക്കാലത്ത് ഉത്തരേന്ത്യയിലെ പല മേഖലകളും സാക്ഷിയാവുകയുണ്ടായി. ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ ചരിത്രകൃതികളില്‍ ലഭ്യമായിരിക്കും. ആശയപരമായ ഇത്തരം പ്രശ്‌നങ്ങളെ വൈജ്ഞാനികമായി നേരിടേണ്ടത് ആ സന്ദര്‍ഭത്തില്‍ ഏറെ അനിവാര്യമായിരുന്നു. സമകാലികരായ പണ്ഡിതന്മാര്‍ തങ്ങളാലാകും വിധം ഈ ദൗത്യം നിര്‍വഹിച്ചു. പക്ഷേ, ഖാസിം നാനൂഥവി ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങളും ദുഷ്പ്രചാരണങ്ങളും ഏതു കാലത്തും ഉണ്ടാകാവുന്നതാണ്. അവയെ നേരിടാന്‍ വൈജ്ഞാനികമായി കരുത്തുള്ള ഒരു പണ്ഡിത സമൂഹം രംഗത്ത് വരേണ്ടതുണ്ട് - ഇതായിരുന്നു ഒരു ദീനീ വിദ്യാലയത്തിന് തുടക്കം കുറിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഒരു ഘടകം.
ബ്രിട്ടീഷ് ഇന്ത്യയിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യമായിരുന്നു ദാറുല്‍ ഉലൂമിന്റെ സ്ഥാപനത്തിന് നിമിത്തമായ മറ്റൊരു പശ്ചാത്തലം. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നില്‍ മുസ്‌ലിം സമൂഹമുണ്ടായിരുന്നു. ഇതിനെതിരെ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച പ്രതികാര നടപടികള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു.
മുസ്‌ലിം സമൂഹത്തെ വലിയ തോതില്‍ അടിച്ചമര്‍ത്തുന്ന നടപടികള്‍ പലരിലും നിരാശ സൃഷ്ടിച്ചു. ഈ പ്രതിസന്ധിയെ മറികടന്ന് മുസ്‌ലിം ഉമ്മത്തിന് മുന്നോട്ടുപോകാനുള്ള കരുത്ത് ലഭിക്കാന്‍, വിദ്യാഭ്യാസമാണ് പ്രധാന വഴിയെന്ന് നാനൂഥവി ചിന്തിച്ചിട്ടുണ്ടാകണം. ആദര്‍ശപരമായ വെല്ലുവിളികളുടെയും രാഷ്ട്രീയ-സാമൂഹിക പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് അദ്ദേഹം ദയൂബന്ദില്‍ ദാറുല്‍ ഉലൂമിന്  തറക്കല്ലിടുന്നത്. 1867-ലായിരുന്നു ദാറുല്‍ ഉലൂമിന്റെ തുടക്കം. നാനൂഥവിയോടൊപ്പം ഫദ്‌ലുര്‍ റഹ്മാന്‍ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ്, മെഹ്താബ് അലി നിഹാല്‍ അഹ്മദ് തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു.
മൂന്നോ നാലോ കുട്ടികള്‍ മാത്രമായിരുന്നു ദാറുല്‍ ഉലൂമിലെ ആദ്യ വിദ്യാര്‍ഥികള്‍. ഛട്ടാ മസ്ജിദിന് മുന്നിലെ ഒരു മരച്ചുവട്ടിലാണ് ഉസ്താദ് നാനൂഥവി ആ മഹത്തായ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. മുല്ലാ മഹ്മൂദ് പ്രഥമ അധ്യാപകനും മഹ്മൂദ് ഹസന്‍ ആദ്യ പഠിതാവുമായിരുന്നു. സ്ഥാപനത്തിന് സാരഥ്യം വഹിച്ച ഖാസിം നാനൂഥവി മറുഭാഗത്ത്, ക്രിസ്ത്യന്‍ മിഷണറി, ഓറിയന്റലിസ്റ്റുകള്‍, നിരീശ്വരവാദികള്‍, ഖാദിയാനികള്‍ തുടങ്ങിയവരുടെ പ്രചാരവേലകളെയും ശക്തമായി നേരിട്ടു. മീററ്റിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലും ദീനീ വിരുദ്ധരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. മിഷണറി പ്രവര്‍ത്തകര്‍ക്കും ഖാദിയാനികള്‍ക്കും ബറേല്‍വികള്‍ക്കും എതിരെ സംവാദങ്ങളും മറ്റും സംഘടിപ്പിച്ചു. സ്വഹീഹുല്‍ ബുഖാരിക്ക് എഴുതിയ ഹാശിയയാണ് നാനൂഥവിയുടെ പ്രധാന രചനാ സംഭാവന.

സഫീറുമാര്‍
ദാറുല്‍ ഉലൂമിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്ഥിരം വഖ്ഫ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഒരു പ്രത്യേകത. സ്ഥിരം വഖ്ഫ് വഴി സാമ്പത്തിക സുസ്ഥിതി കൈവന്നാല്‍, ഭൗതിക താല്‍പര്യങ്ങള്‍ക്കും കിടമത്സരത്തിനും കാരണമാകും എന്നായിരുന്നുവത്രെ നാനൂഥവിയും സഹപ്രവര്‍ത്തകരും ചിന്തിച്ചത്. പണ്ഡിതന്‍മാര്‍ സുഖലോലുപതയുടെ പിന്നാലെ പോയാല്‍ പലതരം കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് അവര്‍ ദീര്‍ഘ ദര്‍ശനം ചെയ്തു. പ്രതിനിധികളെ (സഫീര്‍) നിശ്ചയിച്ചുകൊണ്ട് അതത് സമയത്തേക്ക് ആവശ്യമായ പണം സംഭാവനകള്‍ വഴി സ്വരൂപിക്കുകയായിരുന്നു അവരുടെ നയം. ഒരു ഘട്ടത്തില്‍ നാല്‍പ്പത് സഫീറുമാര്‍ സ്ഥാപനത്തിന് ഉണ്ടായിരുന്നു. സാമ്പത്തികമായ ഞെരുക്കവും പ്രയാസവും നേരിട്ടാണ് സ്ഥാപനം മുന്നോട്ടു പോയത്. ആദ്യകാലത്തൊക്കെ അവര്‍ വളരെയേറെ വിഷമിക്കുകയുണ്ടായി. 
സഫീറുമാര്‍ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നവര്‍ മാത്രമായിരുന്നില്ല. സ്ഥാപനത്തിന്റെ ആശയപ്രചാരണം നിര്‍വഹിച്ച പ്രതിനിധികളുമായിരുന്നു. അവരിലൂടെ സ്ഥാപനത്തിന്റെ ഖ്യാതി ലോകത്തിന്റെ വലിയൊരു ഭാഗത്ത് ചെന്നെത്തുകയുണ്ടായി. ആഫ്രിക്ക, ചൈന, റഷ്യ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഖ്യാതി പരന്നു. അവിടെനിന്നെല്ലാം കാലാകാലങ്ങളില്‍ ദാറുല്‍ ഉലൂമില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. ആഫ്രിക്കയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ളവര്‍ എന്റെ സഹപാഠികളിലുായിരുന്നു. പല ഭൂഖണ്ഡങ്ങളില്‍നിന്നുള്ളവര്‍ ഇന്ത്യയിലെ ഒരേ കാമ്പസില്‍ ഒന്നിച്ച് പഠിക്കുന്ന കാഴ്ച! കയ്‌റോയിലെ അസ്ഹര്‍ പോലെ വൈജ്ഞാനിക രംഗത്ത് നിറഞ്ഞുനിന്ന ദാറുല്‍ ഉലൂം, ഇന്ത്യയിലെ അല്‍ അസ്ഹര്‍ എന്ന് വിശ്രുതമായിരുന്നു. മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കാന്‍ സഹായിക്കുന്ന ഒരു വിദ്യാഭ്യാസ ശൃംഖല രാജ്യത്ത് വളര്‍ത്തിക്കൊണ്ടുവരാനും പുസ്തക പ്രസാധനം, പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കാനും ഈ പ്രസ്ഥാനത്തിന് സാധിക്കുകയുണ്ടായി. മാത്രമല്ല, ഒരു ഘട്ടം പിന്നിട്ടുകഴിഞ്ഞതോടെ അഫ്ഗാന്‍, റഷ്യ, സുഊദി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ദയൂബന്ദിന്റെ നേതൃത്വത്തില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. ബ്രിട്ടനില്‍ ദയൂബന്ദ് മദ്‌റസകള്‍ ആരംഭിച്ചു. സുഊദി അറേബ്യയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു  പാഠശാല ദയൂബന്ദ് ദാറുല്‍ ഉലൂം നടത്തിയിരുന്നു. അവിടെ അധ്യാപകനായിരുന്നു ഹുസൈന്‍ അഹ്മദ് മദനി. ദയൂബന്ദിന്റെ അതേ ശൈലിയിലായിരുന്നു ഈ മദ്‌റസ. മക്കയില്‍ നടന്നിരുന്ന ഒരു മദ്റസ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഒരു മലയിടുക്കിലായിരുന്നു അതെന്നാണ് എന്റെ ഓര്‍മ. മലേഷ്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും ദയൂബന്ദില്‍ നിന്നുള്ള അധ്യാപകരെയും അന്ന് ഞാനവിടെ വെച്ച് പരിചയപ്പെടുകയുണ്ടായി.
കേവല മതപഠന കേന്ദ്രമായിരുന്നില്ല ദാറുല്‍ ഉലൂം. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ എന്നിങ്ങനെയുള്ള വിഷയങ്ങളോടൊപ്പം ഗണിത ശാസ്ത്രം, തത്ത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, മത താരതമ്യം, ഇംഗ്ലീഷ് ഭാഷ തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പ്രാഥമിക മദ്‌റസ, സ്‌കൂളുകള്‍ക്ക് സമാനമായ മദ്‌റസ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, എട്ട് വര്‍ഷത്തെ ദീനീ പഠന കോഴ്‌സ് എന്നിവയും ദാറുല്‍ ഉലൂമില്‍ ഉണ്ടായിരുന്നു. എട്ടു വര്‍ഷത്തെ കോഴ്‌സില്‍ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ പഠിപ്പിക്കും. പേര്‍ഷ്യന്‍ ഭാഷാ പഠനം ഉര്‍ദു ഭാഷ ശരിയായി മനസ്സിലാക്കാന്‍ പര്യാപ്തമാക്കുന്നു. ദൗറത്തുല്‍ ഹദീസിലെ തഖസ്സ്വുസ്വിന് ശേഷം, ദൗറത്തുല്‍ ഖുര്‍ആന്‍, ദൗറത്തുല്‍ ഫത്‌വാ തുടങ്ങിയവയും തഖസ്സ്വുസ്വ് കോഴ്‌സുകള്‍ക്കായി ഉണ്ടായിരുന്നു. ഹദീസിലെ ഗവേഷണ പഠനം തന്നെയായിരുന്നു ദാറുല്‍ ഉലൂമിന്റെ പ്രത്യേകത. അതുകൊണ്ടാണ് ഞാന്‍ അവിടെത്തന്നെ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചത്. അതേസമയം യൂനാനി വൈദ്യം, ടൈലറിങ്ങ്, ബാഗ് നിര്‍മാണം തുടങ്ങിയ തൊഴില്‍ പരിശീലനം, കലിഗ്രഫി എന്നിങ്ങനെ പല കോഴ്‌സുകളും കാമ്പസില്‍ ഉണ്ടായിരുന്നു. ദൗറത്തുല്‍ ഹദീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യൂനാനി കോഴ്‌സില്‍ പ്രവേശനം നല്‍കും. ഹംദര്‍ദ് യൂനിവേഴ്‌സിറ്റിയുടെ നാലോ, അഞ്ചോ വര്‍ഷത്തെ യൂനാനീ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഹകീം ബിരുദം ലഭിക്കുമായിരുന്നു. ദാറുല്‍ ഉലൂമിലെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ അല്‍ഖാസിമീ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

സംഭാവനകള്‍
പ്രഗല്‍ഭരായ നിരവധി പണ്ഡിതന്‍മാരെ ലോകത്തിന് സംഭാവന ചെയ്ത സ്ഥാപനമാണ് ദയൂബന്ദ് ദാറുല്‍ ഉലൂം. മഹ്മൂദ് ഹസന്‍, അന്‍വര്‍ ഷാ കശ്മീരി, അശ്‌റഫലി ഥാനവി, മുഹമ്മദ് ഇല്യാസ് കാന്ദലവി, റശീദ് അഹ്മദ് ഗങ്കോഹി, ദുല്‍ഫിഖര്‍ അലി മുബന്ദി, ശൈഖ് ഫദ്‌ലുര്‍റഹ്മാന്‍ ഉസ്മാനി, സയ്യിദ് ഫഖ്‌റുദ്ദീന്‍ അഹ്മദ്, ഹുസൈന്‍ അഹ്മദ് മദനി, മുഹമ്മദ് ഇദ്‌രീസ് കാന്ദലവി, മഹ്മൂദ് ഹസന്‍ ദയൂബന്ദി, മഹ്മൂദ് ഹസന്‍ ഗങ്കോഹി, ശബീര്‍ അഹ്മദ് ഉസ്മാനി, ഉബൈദുല്ലാ സിന്ധി, അബുല്‍ ഹസന്‍ അലി നദ്‌വി, അസ്അദ് മദനി, ബദ്‌റുദ്ദീന്‍ അജ്മല്‍ തുടങ്ങി ഒട്ടനവധി പ്രതിഭാശാലികള്‍ ഈ നിരയിലുണ്ട്. 
സ്ഥാപനത്തിലെ ആദ്യ വിദ്യാര്‍ഥിയായിരുന്ന മഹ്മൂദ് ഹസന്‍ തന്നെയാണ് ഇവരില്‍ ഒന്നാമന്‍. ദയൂബന്ദില്‍ പഠനം പൂര്‍ത്തിയാക്കിയ മഹ്മൂദ് ഹസന്‍, പില്‍ക്കാലത്ത് വലിയ പണ്ഡിതനും ധീരനായ സ്വാതന്ത്ര്യ സമര സേനാനിയുമൊക്കെയായി ഇന്ത്യാ ചരിത്രത്തില്‍ നിറഞ്ഞുനിന്നു. ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്‍ ദയൂബന്ദി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. ദയൂബന്ദിലെ അധ്യാപകനായി തുടങ്ങിയ അദ്ദേഹം, പിന്നീട് ബ്രിട്ടീഷ് വിരുദ്ധ സമരത്തിന്റെ നായകനായി ഉയര്‍ന്നുവന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. ബ്രിട്ടീഷുകാരുടെ മര്‍ദനങ്ങള്‍ക്കിരയായ അദ്ദേഹം ജയിലിലും അടക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ തന്ത്രപരമായ പല നീക്കങ്ങളും ലോകതലത്തില്‍ തന്നെ നടത്തിയ അദ്ദേഹത്തോട് മഹാത്മാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരവുണ്ടായിരുന്നു. ജാമിഅ മില്ലിയ്യയുടെ യഥാര്‍ഥ ശില്‍പി കൂടിയാണ് അദ്ദേഹം. ഇദ്ദേഹത്തെ പോലുള്ളവരുടെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട്, മതപഠനകേന്ദ്രം എന്നതിനപ്പുറം രാഷ്ട്രീയ സ്വാധീനമുള്ള ഒരു ബഹുജന പ്രസ്ഥാനമായി ദാറുല്‍ ഉലൂം വളരുകയുണ്ടായി. ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലും നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നേതൃപരമായ സംഭാവനകള്‍ക്കു പുറമെ, സ്വാതന്ത്ര്യാനന്തരം ഉത്തരേന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിലും സജീവമായിരുന്നു. ഹുസൈന്‍ അഹ്മദ് മദനിയും അസ്അദ് മദനിയും മഹ്മൂദ് മദനിയുമൊക്കെ ഈ ഗണത്തില്‍ സുപരിചിതമായ പേരുകളാണ്.
പ്രമുഖ മുഹദ്ദിസായിരുന്നു അന്‍വര്‍ ഷാ കശ്മീരി. ദയൂബന്ദ് ദാറുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം പേര് സൂചിപ്പിക്കുന്നതു പോലെ കശ്മീര്‍ സ്വദേശിയും മഹ്മൂദ് ഹസന്‍ ദയൂബന്ദിയുടെ ശിഷ്യനുമാണ്. ഹദീസില്‍ നല്ല അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തെ ഫഖ്‌റുദ്ദീന്‍ അഹ്മദ് സാഹിബ് ഉള്‍പ്പെടെയുള്ള ഉസ്താദുമാര്‍ ഞങ്ങളുടെ ക്ലാസില്‍ ഇടക്കിടെ ഉദ്ധരിക്കുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയാണ് ഞാന്‍ അന്‍വര്‍ ഷാ കശ്മീരിയെ അറിയാന്‍ തുടങ്ങിയത്. ഉസ്താദ് ഫഖ്‌റുദ്ദീന്‍ അഹ്മദിന്റെ ഉര്‍ദു ഭാഷയിലുള്ള തഅ്‌ലീഖാത്തിലും കുറിപ്പുകളിലും അന്‍വര്‍ ഷാ കശ്മീരിയുടെ വിവരണങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. നാലഞ്ച് ചെറു വാള്യങ്ങളുള്ള ആ കൃതി എന്റെ കൈയിലുണ്ട്. റശീദ് അഹ്മദ് ഗങ്കോഹിയില്‍ നിന്ന് ഹദീസ് അധ്യാപനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് (ഇജാസത്ത്) നേടിയിട്ടുണ്ട് അന്‍വര്‍ ഷാ കശ്മീരി. മുശ്കിലാത്തുല്‍ ഖുര്‍ആന്‍, ഫൈദുല്‍ ബാരി, അന്‍വാറുല്‍ ബാരി തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. ഫൈദുല്‍ ബാരി എന്ന അന്‍വര്‍ ഷാ കശ്മീരിയുടെ ഗ്രന്ഥത്തില്‍ ഇബ്‌നു തൈമിയ്യയെയും ഇബ്‌നുല്‍ ഖയ്യിമിനെയും മറ്റും ഉദ്ധരിക്കുന്നുണ്ട്. ശാ വലിയ്യുല്ലാഹിദ്ദഹ്‌ലവിയുടെ പിന്തുടര്‍ച്ച എന്ന നിലയില്‍, അദ്ദേഹത്തിന്റെ മക്കളും ശിഷ്യന്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഹദീസ് വിജ്ഞാനീയങ്ങള്‍ക്ക് വലിയ ശ്രദ്ധ നല്‍കുകയുണ്ടായി. ഹദീസ് എന്ന ഫന്ന് തലമുറകള്‍ക്ക് കൈമാറുന്നതില്‍ ഇവര്‍ നിര്‍വഹിച്ച സേവനം വളരെ വലുതാണ്. ദയൂബന്ദും സഹാറന്‍ പൂരുമൊക്കെ ഹദീസ് പഠനത്തിന് ഊന്നല്‍ നല്‍കിയ സ്ഥാപനങ്ങളായി ഉയര്‍ന്നുവന്നതും ഇതിന്റെയെല്ലാം ഭാഗമായാണ്. ഹദീസ് വിജ്ഞാന രംഗത്ത് ദയൂബന്ദിന്റെ മേന്മ കൊണ്ടാകണം, പ്രമുഖ പണ്ഡിതന്‍ അലി മിയാന്‍ തന്നെയും ലഖ്‌നൗ നദ്‌വത്തുല്‍ ഉലമാ ദാറുല്‍ ഉലൂമിലെ പഠനത്തിനു ശേഷം ദയൂബന്ദ് ദാറുല്‍ ഉലൂമിലെ ദൗറത്തുല്‍ ഹദീസില്‍ തഖസ്സ്വുസ്വ് പൂര്‍ത്തിയാക്കിയത്. മഹത്തായൊരു ചരിത്രദൗത്യം നിര്‍വഹിച്ചാണ് ഈ പണ്ഡിത മഹത്തുക്കളെല്ലാം കടന്നുപോയിട്ടുള്ളത്. ഇവരുടെ ചരിത്രവും സംഭാവനകളും പരിശോധിച്ചാല്‍ തന്നെ നമുക്ക് ദയൂബന്ദ് നിര്‍വഹിച്ച സേവനത്തിന്റെ വൈപുല്യം മനസ്സിലാക്കാന്‍ സാധിക്കും.. 
(തുടരും)
7025786574
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌