Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

മതേതര കേരളത്തെ ചവിട്ടിത്താഴ്ത്താനെത്തുന്ന വാമനന്‍

/ ബശീര്‍ ഉളിയില്‍    basheeruliyil@gmail.com

പ്രതിവിചാരം

പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടു എന്ന് സങ്കല്‍പിക്കപ്പെടുന്ന നീതിമാനായ ഭരണാധികാരിയെ കൊല്ലാകൊല്ലം പൂക്കളമൊരുക്കി വരവേല്‍ക്കുന്നവരാണ് മലയാളികള്‍. വര്‍ണവ്യവസ്ഥ ഇല്ലാതാക്കി കള്ളവും  ചതിയും 'സംഘടിത കൊള്ള'യുമൊന്നുമില്ലാതെ രാജ്യം ഭരിച്ചു എന്നതായിരുന്നു ചക്രവര്‍ത്തി ചെയ്ത 'അപരാധം.' ചക്രവര്‍ത്തിയെ കുഴിച്ചു മൂടിയതാകട്ടെ ചില്ലറക്കാരനല്ല. ത്രേതായുഗത്തിലെ വാമനനാണ്. മഹാവിഷ്ണുവിന്റെ ആദ്യത്തെ മനുഷ്യാവതാരം. ചെമ്പട്ട് കോണകമുടുത്ത് ഓലക്കുടയും ചൂടി ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണന്റെ വേഷത്തിലാണ് വാമനന്‍ അവതരിച്ചത്. ദാനശീലനായ മഹാബലിയുടെ മുന്നില്‍ വന്ന് വാമനന്‍ നമ്പൂതിരി ചോദിച്ചത് വെറും മൂന്നടി മണ്ണ്. രണ്ടടിയില്‍ തന്നെ ഭൂമി മലയാളം തീര്‍ന്നു. കഴിച്ചു ബാക്കിയുള്ളത് രാജാവിന്റെ ശിരസ്സായിരുന്നു. ഇനി തന്റെ തലയില്‍ ചുവടു വെച്ചോളൂ എന്ന് മഹാബലി. കേട്ടപാടെ 'ഞാനിത് മുഴുവനിങ്ങ് എടുക്കുവാ' എന്നും പറഞ്ഞു മഹാബലിയുടെ തലയില്‍ അമര്‍ത്തിച്ചവിട്ടി പാതാളത്തിലേക്കയച്ച് കേരളം മുഴുവന്‍ കൈക്കലാക്കുകയായിരുന്നുവത്രേ. ഈ  ബ്രാഹ്മണനെ വിശ്വസിക്കരുതെന്ന് അസുര ഗുരു ശുക്രാചാര്യന്‍ പറഞ്ഞു നോക്കിയതാണ്. ചതി അറിയാത്ത മഹാബലി അത് കേട്ടില്ല. മൂന്നടി ചോദിച്ചു പിടിച്ചു പറിച്ചെടുത്ത മലയാള മണ്ണ് പിന്നീട് രാജസ്വം (രാജാവിന്റെ സ്വത്ത്), ബ്രഹ്മസ്വം (ബ്രാഹ്മണന്റെ സ്വത്ത്), ദേവസ്വം (ദേവന്റെ സ്വത്ത്) എന്നിങ്ങനെ മൂന്നായി തന്നെ വിഭജിക്കപ്പെട്ടു.
ഭൂമി മലയാളത്തിലെ ജനങ്ങള്‍ അങ്ങനെയങ്ങു സുഖിക്കണ്ട എന്ന പരോത്കര്‍ഷത്തിലുള്ള അസഹ്യതയാണ് 'ദേവലോക'ത്തുള്ളവരെ ഇമ്മാതിരിയൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ആ കലിപ്പ് 'ഉത്തര ദേശത്തുള്ള ദേവലോകര്‍' ഇന്നും 'ദൈവത്തിന്റെ സ്വന്തം നാടി'നോട് കാണിക്കുന്നു. പഴയ വാമനക്കുശുമ്പ് 'സഞ്ചിതമായ അസൂയ' (Collective Jealousy) ആയെന്ന് മാത്രം. മലയാളികള്‍ പക്ഷേ വേറെയൊരു ഇനം ജനുസ്സാണ്. മനുഷ്യരെയെല്ലാം ഒരുപോലെ കണ്ട കഥയിലെ നീതിമാനായ രാജാവിനെയാണ്, അദ്ദേഹത്തെ ചതിയില്‍ ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണ ദൈവത്തെയല്ല അവര്‍ വരവേല്‍ക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 'പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു വെറുതേ മോഹിച്ചു' കൊണ്ട് അവര്‍ ആണ്ടോണ്ടാണ്ട് പൂക്കളം തീര്‍ത്തു സദ്യയൊരുക്കി കാത്തിരിക്കാന്‍ തുടങ്ങിയത്.  മലയാളികള്‍ സുഖപൂര്‍ണമായ ജീവിതം നയിക്കുമ്പോഴൊക്കെ  ഇങ്ങനെ ഓരോരോ വാമനന്മാര്‍ വടക്ക് നിന്ന് അവതരിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. 
ത്രേതായുഗവും ദ്വാപരയുഗവും കടന്ന് കലിയുഗത്തിലെത്തി നില്‍ക്കുമ്പോഴാണ് കഥയ്ക്ക് വീണ്ടും ട്വിസ്റ്റ് ഉണ്ടാവുന്നത്. സി.ഇ എട്ടാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ നിന്ന് ബ്രാഹ്മണര്‍ വേഷപ്രഛന്നരാവാതെ തന്നെ കേരളത്തില്‍ പുനരവതരിച്ചു. അതു പക്ഷേ ആരെയെങ്കിലും ചവിട്ടിത്താഴ്ത്താനല്ല, 'ഉദ്ധരിക്കാനായിരുന്നു.' അക്കാര്യം മറാത്തി കാര്‍ഹഡെ ബ്രാഹ്മണനായ, 'ഗുരുജി' എന്ന് അരുമയോടെ സംഘമിത്രങ്ങളാല്‍ വിളിക്കപ്പെടുന്ന രണ്ടാം സര്‍സംഘ് ചാലക് മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ തന്നെ പറയട്ടെ: 'ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനു വേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയ സന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള 'സംബന്ധ'വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം (രൃീ ൈയൃലലറശിഴ) പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സ്ത്രീകളുടെ ആദ്യ സന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന 'ധീര'മായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമേ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും, യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നില്ല' (ഗോള്‍വാള്‍ക്കര്‍ 1960 ഡിസംബറില്‍ ഗുജറാത്ത് സര്‍വകലാശാലയുടെ, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണം -  ഉദ്ധരണം:  ഓര്‍ഗനൈസര്‍ - 2-1-1961 -  പേജ് 5). ഇതേകുറിച്ചാണ് 'കൊല്ലം നാലു മുതല്‍ ഏഴു വരെ ശതകങ്ങള്‍, നമ്പൂതിരിമാരുടെ പുളപ്പുകാലമായിരുന്നു' എന്ന് ഒരു മലയാളി ചരിത്രകാരന്‍ പറഞ്ഞത് (കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍/ ഇളംകുളം കുഞ്ഞന്‍പിള്ള).
കാലചക്രം പിന്നെയും കറങ്ങി.  കഴിഞ്ഞ നൂറ്റാണ്ടിലെ അമ്പതുകളില്‍ കേരളത്തില്‍ എല്ലാം തകിടം മറിച്ചത് വേഷം മാറാത്ത മറ്റൊരു നമ്പൂതിരിയാണെന്നത് കലികാല വൈഭവം. മുലക്കരം, തലക്കരം, സംബന്ധം തുടങ്ങിയ അസംബന്ധങ്ങള്‍ക്ക് അറുതി വന്നു. ഭൂപരിഷ്‌കരണ നിയമത്തിലൂടെ കുടികിടപ്പും പാട്ടവ്യവസ്ഥയും ജന്മിത്തവും ഇല്ലാതായി. പക്ഷേ, ഈ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍, കേരളത്തിലെ താഴ്ന്ന വംശജര്‍ ഉന്നത കുലജാതരായ ബ്രാഹ്മണരുമായി ലൈംഗികബന്ധമുണ്ടാക്കിയാല്‍, സന്തതികളുടെ 'വംശഗുണം' വര്‍ധിക്കുമെന്ന് പറഞ്ഞ 'ഗുരുജി'യുടെ ആളുകള്‍  ഇന്ദ്രപ്രസ്ഥത്തില്‍ അഭിഷിക്തരായതോടെ വേഷപ്രഛന്ന വാമനര്‍ ഒരിക്കല്‍ കൂടി തെക്കോട്ട് പരന്നൊഴുകാന്‍ തുടങ്ങി. ഇപ്പോള്‍ ചരിത്രത്തെപ്പോലെ ഐതിഹ്യങ്ങളും മാറ്റിയെഴുതി പുതിയ ഭാരതം 'സൃഷ്ടി'ക്കാന്‍ ഒരുമ്പെട്ടിറങ്ങിയ പരിവാര്‍, കേരളം 'തിരിച്ചു' പിടിക്കാന്‍ എട്ട് ദിക്കില്‍ നിന്നും വാമനപ്പടയെ തന്നെ ഇറക്കിയിരിക്കുകയാണ്. മഹാബലിയുടെ അഹങ്കാരത്തെ നിഗ്രഹിച്ച് 'മോക്ഷം' നല്‍കാന്‍ വന്ന വാമനനാണ് വാഴ്ത്തപ്പെടേണ്ടത് എന്ന് തെക്ക് നിന്ന് കെ.പി  ശശികല കത്തിക്കയറി. 'സാമ്രാജ്യത്വ ശക്തി'യായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് ശശികലയുടെ കണ്ണില്‍ വാമനന്‍. 2016-ലെ ഓണത്തിന് മലയാളികള്‍ക്ക് 'വാമന ജയന്തി' ആശംസിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വീറ്റ് വന്നു (തുടര്‍ വര്‍ഷങ്ങളില്‍  ആ വാമനദിനാശംസ ആവര്‍ത്തിക്കുകയുണ്ടായില്ല).  അതേ വര്‍ഷം തന്നെ ഇറങ്ങിയ കേസരി ഓണപ്പതിപ്പിന്റെ മുഖചിത്രം കുള്ളന്‍ നമ്പൂതിരിയുടെ വേഷത്തിലുള്ള വാമനന്‍ ആയിരുന്നു!
മതേതര കേരളത്തെ ചവിട്ടിത്താഴ്ത്തി വാമനന്‍ വരവേല്‍ക്കപ്പെടുന്ന കേരളം പുനഃസൃഷ്ടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സംഘ് പരിവാര്‍. ഹിന്ദുത്വ അജണ്ടയില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ലെങ്കിലും മൃദു ഹിന്ദുത്വമാകും ന്യൂനപക്ഷങ്ങളുടെ ഭയം അകറ്റാന്‍ നല്ലതെന്ന മറ്റൊരു 'നയ'നദിയും സമാന്തരമായി ഒഴുകുന്നുണ്ട്. കുറേക്കാലം പീഡിപ്പിച്ചും പേടിപ്പിച്ചും നോക്കി. വടക്കേ ഇന്ത്യയില്‍ പയറ്റിത്തെളിഞ്ഞ തീവ്ര ഹിന്ദുത്വ തന്ത്രങ്ങളൊന്നും ഏശാത്ത സാഹചര്യത്തില്‍ കേരളത്തെ പിടിക്കാന്‍ വെറും 'മൂന്നടി മണ്ണ്' അഥവാ ഒരു കഴക്കൂട്ടമെങ്കിലും എന്ന പ്രീണന തന്ത്രവുമായിട്ടാണ് ഇപ്പോഴത്തെ പടയിറക്കം. ഇതുവരെ കളത്തിലിറങ്ങാത്ത കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇത്തവണ കഴക്കൂട്ടത്ത് വന്നു ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് 'രാഷ്ട്രീയ നിരീക്ഷണം' നടത്തി ഒരു പത്രസമ്മേളനവും വിളിച്ചാണ്  തിരിച്ചുപോയത്. തിരക്കുള്ള ലോകകാര്യങ്ങള്‍ നോക്കേണ്ടുന്ന അദ്ദേഹം കഴക്കൂട്ടത്തെ ഫ്ളൈ ഓവര്‍ കാണാന്‍ വന്നതിലുള്ള ചേതോവികാരം എല്ലാവര്‍ക്കും തിരിയുമെന്നാണ് ഇതേക്കുറിച്ചു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ മാസാദ്യം കൊച്ചിയിലെത്തിയ നരേന്ദ്ര മോദിക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ സ്വാഗതമോതിയത് 'തൃക്കാക്കരയപ്പ(വാമനന്‍)ന്റെയും ആദിശങ്കരന്റെയും നാട്ടിലെത്തിയ മോദിജി' എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു.  പ്രളയത്തില്‍ മുങ്ങി ശ്വാസം മുട്ടിയ കേരളത്തിന് വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത കോടികള്‍ തടഞ്ഞ പ്രധാനമന്ത്രി കൊച്ചിയില്‍ വന്നു  'കേരള്‍ കേ ഗരീബോം കേലിയേ' ഒരുപാട് കണ്ണീര്‍ പൊഴിച്ചു. വാഗ്ദാനങ്ങള്‍ നല്‍കി. ഉത്തരദേശത്തുള്ളവരെപ്പോലെ രാഷ്ട്രഭക്തി മാത്രം പോരാ, ബലിദാനം ചെയ്യാനും ത്രാണി വേണമെന്ന് 'ക്രമസമാധാന പാലകനായ കേന്ദ്ര ആഭ്യന്തര മന്ത്രി' തന്നെ കേരളത്തിലെ അണികളെ പരസ്യമായി ആഹ്വാനം ചെയ്തു.
ഓരോ തെരഞ്ഞെടുപ്പിലും പുലിയായി വന്ന് മലയാളികളെ മുഴുവന്‍ ഉദ്വേഗ മുനയില്‍ നിര്‍ത്താറുള്ള കേരള ബി.ജെ.പി കഥാന്ത്യത്തില്‍ ചിരിപ്പിച്ചു കൊല്ലുന്ന എലിയായി മാറുകയാണ് ചെയ്യാറുള്ളത്. സി.പി.എമ്മിലായാലും കോണ്‍ഗ്രസിലായാലും ജയിച്ചു മാത്രം ശീലമുള്ള 'അത്ഭുതക്കുട്ടി'കള്‍ക്കു പോലും നൈസായി പണികൊടുത്ത ടീമാണ് മലയാളികള്‍. കാടിളക്കി പ്രചാരണം നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടുമെന്നും, കേരളം ഇനി ആര് ഭരിക്കും എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും പ്രവചിച്ച സംസ്ഥാന പ്രസിഡന്റിനെക്കൊണ്ട്, ഒരിക്കല്‍ വിരിഞ്ഞ താമര തണ്ടൊടിഞ്ഞു വീണ സാഹചര്യത്തില്‍ 'ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ' എന്ന് പാടിച്ചവരാണ്. എന്നാല്‍ പോലും കൃത്യമായ അജണ്ടകളോടെ മലയാള 'ദൃശ്യമോഡിയ'കള്‍ നടത്തുന്ന അന്തിച്ചര്‍ച്ചകളും രാജ്ഭവന്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചിന്തന്‍ ഉപജാപങ്ങളും ഇ.ഡി, എന്‍.ഐ.എ റെയ്ഡുകളിലൂടെ വളര്‍ത്തുന്ന ഇസ്ലാംപേടിയുമെല്ലാം നെഞ്ചിടിപ്പോടെയാണ് മതേതര കേരളം നോക്കിനില്‍ക്കുന്നത്. 
7025195092
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌