Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 14

3272

1444 റബീഉല്‍ അവ്വല്‍ 18

ഇറാനും  'മുന്നോട്ടോടി രക്ഷപ്പെടല്‍ രാഷ്ട്രീയ'വും

അലി ഹുസൈന്‍ ബാകീര്‍

കഴിഞ്ഞ സെപ്റ്റംബര്‍ മധ്യത്തിലാണ് തെഹ്റാനിലെ സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഇറാനിയന്‍ യുവതിയായ മഹ്‌സാ അമീനിയെ അറസ്റ്റ് ചെയ്തത്. ഹിജാബ് ധരിച്ച രീതിയാണ് അവര്‍ പ്രശ്‌നമാക്കിയത്. ഹിജാബ് ധാരണം ശരിയായ രീതിയിലല്ല എന്നായിരുന്നു പോലീസിന്റെ വാദം. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ വിശദീകരിച്ചു കൊടുക്കാനായി മഹ്‌സയെയും ഏതാനും യുവതികളെയും തടഞ്ഞുവെക്കുക മാത്രമാണ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.  ഏറെത്താമസിയാതെ മഹ്‌സാ അമീനി ഹൃദയ സ്തംഭനം വന്ന് മരിക്കുകയാണുണ്ടായതെന്നും ഔദ്യോഗിക വിശദീകരണ കുറിപ്പില്‍ പറയുന്നു. എന്നാല്‍, പോലീസിന്റെ പിടിയിലായ മഹ്‌സാ ക്രൂരമായ പീഡനങ്ങള്‍ക്കിരയായെന്നും അതാണ് മരണ കാരണമെന്നുമാണ് സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ടുകളിലുള്ളത്.
തൊട്ടുടനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ റാലികള്‍ അരങ്ങേറി. വനിതകള്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അദ്‌രി, തുര്‍ക്കി, ഖുര്‍ദി ഉപദേശീയ വിഭാഗങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഇറാന്റെ വടക്ക് - പടിഞ്ഞാറ് ഭാഗങ്ങളിലാണ് പ്രക്ഷോഭം രൂക്ഷമായത്. പതിവ് രീതിയില്‍ തന്നെ ഇറാനിയന്‍ ഭരണകൂടം ഈ പ്രശ്‌നത്തെയും കൈകാര്യം ചെയ്തു. 'മഹ്‌സ കൊല്ലപ്പെട്ടു' എന്ന പ്രയോഗം വാസ്തവ വിരുദ്ധമാണെന്ന് ഭരണകൂട അനുകൂലികള്‍ വാദിച്ചു. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വിദേശ കരങ്ങളാണെന്നും അവര്‍ കുറ്റപ്പെടുത്തി. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും അവര്‍ ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്നും ഇറാനിയന്‍ ഭരണകൂടവും ആരോപിച്ചു. അരാജകത്വം സൃഷ്ടിച്ചു എന്നാരോപിച്ച് വിവിധ യൂറോപ്യന്‍ നാടുകളില്‍ നിന്ന് വന്ന ചിലരെയും ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭം പടര്‍ന്നപ്പോള്‍ ഭരണകൂടം പതിവു പോലെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. മുഴുവന്‍ പ്രക്ഷോഭകരുടെയും ഫോട്ടോയെടുത്തു. പിടികൂടാനുള്ള മുന്നൊരുക്കമാണിത്. പ്രക്ഷോഭകര്‍ക്കെതിരെ നിര്‍ദയ ബലപ്രയോഗമാണ് നടന്നത്. പ്രക്ഷോഭവുമായി മുന്നോട്ടു പോകുന്നവരെ ജയിലില്‍ തള്ളുമെന്ന് തന്നെയാണ് (അത് മരണത്തിലുമെത്തിയേക്കാം) മുന്നറിയിപ്പ്.
വിചിത്രമെന്ന് പറയട്ടെ, ഇതേ സമയത്ത് തന്നെയാണ്, സമാന്തരമായി ഇറാന്റെ റവലൂഷനറി ഗാര്‍ഡ് ഇറാഖിലെ ഇര്‍ബീല്‍ നഗരത്തിന്റെ വടക്കു ഭാഗത്ത് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയത്. പെട്ടെന്ന് നോക്കിയാല്‍ ഇതിനുള്ള പ്രകോപനമെന്തെന്ന് മനസ്സിലാവുകയില്ല. ഈ ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധികപേരും ഇറാഖി സിവിലയന്മാര്‍. ഇറാന്‍ വിരുദ്ധ കുര്‍ദ് മിലീഷ്യകളുടെ ഭീകര പ്രവൃത്തികളോടുള്ള പ്രതികരണമാണിതെന്ന് ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ചു. ഇറാനിലെ ക്രമസമാധാന നില അട്ടിമറിക്കാന്‍ കുര്‍ദ് മിലീഷ്യകള്‍ തങ്ങളുടെ നാട്ടിലേക്ക് നുഴഞ്ഞു കയറുകയാണെന്നാണ് റവലൂഷനറി ഗാര്‍ഡ് ആരോപിച്ചത്.
Escape Forward (മുന്നോട്ടോടിയുള്ള രക്ഷപ്പെടല്‍ തന്ത്രം) എന്ന  സംജ്ഞ ഉപയോഗിച്ചേ ഇറാന്റെ ഈ ആക്രമണങ്ങളെ വിശദീകരിക്കാനാവുകയുള്ളൂ. അതായത്, സ്വന്തം നാട്ടിലെ പ്രശ്‌നത്തെ പുറം രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി ചെയ്യുക.  എല്ലാറ്റിനും കാരണം മറ്റുള്ളവരാണെന്ന് പഴി ചാരുക. എന്നിട്ട് ഒരു വശത്ത് അനുകൂലികളെ സംഘടിപ്പിച്ച് നാട്ടില്‍ പ്രതിരോധം തീര്‍ക്കുക. മറുവശത്ത് ആഭ്യന്തരമായ ഭീകര അടിച്ചമര്‍ത്തലുകള്‍ക്ക് ന്യായീകരണങ്ങള്‍ ചമയ്ക്കുക. ഇത്തവണത്തെ പ്രക്ഷോഭങ്ങള്‍ വളരെ നിര്‍ണായക വഴിത്തിരിവാണ്. കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന് ഭരണകൂടം ഏറ്റവും കൂടുതല്‍ പേടിച്ച സന്ദര്‍ഭമായിരുന്നു ഇത്.
പ്രക്ഷോഭത്തെ അത്യുക്തി കലര്‍ത്തി വിശദീകരിക്കുന്നവരും അവഗണിക്കുന്നവരും ഉണ്ട്. പ്രക്ഷോഭം നിര്‍ണായകമായിരുന്നു എന്നതില്‍ സംശയമൊന്നില്ല. പക്ഷേ, ഏത് നീക്കങ്ങളെയും മൃഗീയമായി തച്ചുതകര്‍ക്കാനുള്ള ശേഷി ഭരണകൂടത്തിനുണ്ട്. പിടിച്ചുനില്‍ക്കാനുള്ള ഒരു സാവകാശവും പ്രക്ഷോഭകര്‍ക്ക് നല്‍കില്ല. ഇത്തവണത്തെ പ്രക്ഷോഭം വളരെ നിര്‍ണായകമാണ് എന്നു പറയാന്‍ കാരണം, അതിന്റെ അന്താരാഷ്ട്രീയവും മേഖലാപരവുമായ മാനങ്ങളാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഭരണകൂടമാണ് ഇറാനിലുള്ളത്. അഴിമതിയും വ്യാപകമാണ്. അമേരിക്കയുമായി ആണവക്കരാറില്‍ എത്താന്‍ കഴിഞ്ഞാല്‍ ആഭ്യന്തര രംഗം മെച്ചപ്പെടുത്താന്‍ കഴിയുമായിരുന്നു. പക്ഷേ, കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. പരമോന്നത മതാധ്യക്ഷന്റെ ആരോഗ്യനിലയെക്കുറിച്ച ഊഹാപോഹങ്ങളാണ് മറ്റൊരു പ്രശ്‌നം. അദ്ദേഹത്തിന് ശേഷം കാര്യങ്ങള്‍ എങ്ങനെയാവുമെന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്. ഭരണ വിഭാഗങ്ങള്‍ തമ്മില്‍ അധികാര മത്സരത്തിനും, രാഷ്ട്രീയത്തിലും സാമ്പത്തിക - സുരക്ഷാ മേഖലകളിലും റവലൂഷനറി ഗാര്‍ഡ് പിടിമുറുക്കുന്നതിനും അത് വഴിവെക്കില്ലേ എന്ന ആശങ്കയുണ്ട്.
ഇതെല്ലാം ഇറാന്റെ ഭാവിയെക്കുറിച്ച ഒട്ടേറെ അവ്യക്തതകള്‍ ബാക്കി വെക്കുന്നു. എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകാം. ചിലര്‍ പറയുന്നതു പോലെ തലസ്ഥാന നഗരിയല്ല ഇപ്പോള്‍ ഭരണകൂടത്തെ ഭയപ്പെടുത്തുന്നത്; മത വംശീയ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മേഖലകളാണ്. പ്രത്യേകിച്ച് തുര്‍ക്കി, കുര്‍ദ്, അറബി, സുന്നി വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങള്‍. വളരെ വൈകാരികമായ സമീപനങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അവരോട് അനുവര്‍ത്തിച്ചു പോരുന്നത്. പേര്‍ഷ്യന്‍ വംശജര്‍ കഴിഞ്ഞാല്‍ പിന്നെ ഇറാനില്‍ ഏറ്റവും കൂടുതലുള്ളത് തുര്‍ക്കി വംശജരാണ്. അര്‍മീനിയ - അസര്‍ബൈജാന്‍ യുദ്ധത്തില്‍ തുര്‍ക്കി വംശജരായ അസര്‍ബൈജാനോടൊപ്പമല്ല, ക്രൈസ്തവ രാജ്യമായ അര്‍മീനിയയോടൊപ്പമായിരുന്നു ഇറാന്‍ എന്നതില്‍ നിന്ന് ഇക്കാര്യം വ്യക്തമാവും. കോക്കസസ് മേഖലയില്‍ തുര്‍ക്കി പിടിമുറുക്കുന്നതും ഇറാന് സഹിക്കുന്നില്ല.
ഇറാനിലെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണകൂടം തല്‍പരരല്ല. ഇറാനിയന്‍ ന്യൂനപക്ഷങ്ങള്‍ അതിക്രമങ്ങള്‍ക്ക് ഇരകളാവുന്നു എന്നത് കെട്ടിച്ചമച്ച വാര്‍ത്തയാണ് എന്നാണവരുടെ വാദം. ആ വാദം സത്യമല്ലെന്ന് അവിടെ നടക്കുന്ന സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഭരണകൂടത്തിന്റെ വിശ്വാസ്യതക്കും നിയമാനുസൃതത്വത്തിനും ഇതെല്ലാം കോട്ടം തട്ടിക്കുന്നുണ്ട്. ഒരു പക്ഷേ, പരമോന്നത മതാധ്യക്ഷന്‍ അലി ഖാംനഇക്ക് ശേഷമായിരിക്കാം ആ രാജ്യത്തിന്റെ യഥാര്‍ഥ പരീക്ഷണ ഘട്ടം തുടങ്ങുക. 
(ഖത്തര്‍ യൂനിവേഴ്‌സിറ്റി ഇബ്‌നു ഖല്‍ദൂന്‍ സെന്ററില്‍ ഗവേഷകനാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-27-29
ടി.കെ ഉബൈദ്‌