Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

വിശ്രമം എന്തെന്നറിയാത്ത ഗുരുവര്യന്‍

കെ. ഇല്‍യാസ് മൗലവി

ശൈഖ് ഖറദാവിയുടെ സെക്രട്ടറിയായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു, എനിക്ക് ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതുണ്ട്, നാളെയാണ് യാത്ര. അതിനു മുമ്പായി ഒരു പ്രബന്ധം തയ്യാറാക്കേണ്ടതുണ്ട്. ഞാന്‍ എഴുതുന്നത് എത്രയും പെട്ടെന്ന് ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് എന്നെ ഏല്‍പ്പിക്കണം. അങ്ങനെ അദ്ദേഹം എഴുതും, ഞാനത് അപ്പോള്‍ തന്നെ ടൈപ്പ് ചെയ്യും. ഒരു മത്സരം പോലെ ആയിരുന്നു അത്. പലപ്പോഴും ആയത്തുകളും ഹദീസുകളും മാത്രമല്ല, പണ്ഡിതോദ്ധരണികള്‍ വരെ മനഃപാഠമായിരുന്ന അനുഗൃഹീത ഓര്‍മശക്തിയുടെ ഉടമയായിരുന്ന അദ്ദേഹം അതെല്ലാം ചേര്‍ത്ത് അപാരമായ സ്പീഡില്‍ എഴുതിത്തരുന്നത് അത്യാവശ്യം നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യാനറിയുന്ന ഞാന്‍, അത് ടൈപ്പ് ചെയ്തു തീര്‍ക്കുന്നതില്‍ പലപ്പോഴും  തോറ്റു പോകുമായിരുന്നു.
അങ്ങനെ രാവിലെ മുതല്‍ തുടങ്ങിയ എഴുത്ത് ഉച്ചക്ക് രണ്ടു മണിയും കഴിഞ്ഞു തുടരുകയായിരുന്നു. ഒടുവില്‍ നേരത്തെ എഴുതിവെച്ച ഒരു കെട്ട് കൂടി എടുത്ത് എന്നെ ഏല്‍പ്പിച്ച് പറഞ്ഞു: ഇനി നീ പോയ്‌ക്കോളൂ, ബാക്കി ഭക്ഷണം കഴിച്ചു പൂര്‍ത്തിയാക്കിയാല്‍ മതി. എന്നിട്ട് നാളെ കാലത്ത് എന്നെ ഏല്‍പ്പിക്കണം. അന്ന് രാത്രി  ഏറെ വൈകി ഞാനത് പൂര്‍ത്തിയാക്കി, പിറ്റേന്ന് രാവിലെതന്നെ അതുമായി ഞാന്‍ ഓഫീസില്‍ എത്തി. ശൈഖ് വരുന്നത് കാണുന്നില്ല. സാധാരണ വരുന്ന സമയം കഴിഞ്ഞ് ഏറെ കാത്തിരുന്നിട്ടും അദ്ദേഹം എത്തിയില്ല. നേരിട്ട് ഫോണ്‍ വിളിക്കാനും പറ്റുന്നില്ല. പിന്നീട് അറിയാന്‍ കഴിഞ്ഞു അദ്ദേഹം ഹോസ്പിറ്റലില്‍ ആണെന്ന്. ഒരാഴ്ച കഴിഞ്ഞാണ് പിന്നീടദ്ദേഹം ഓഫീസിലേക്ക് വരുന്നത്. ആ കോണ്‍ഫറന്‍സില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല. വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്കൊക്കെ ഇടക്ക് ഇങ്ങനെ അസുഖം വരണം, എന്നാലേ നിങ്ങള്‍ അല്‍പം വിശ്രമിക്കൂ. നിങ്ങളെപ്പോലുള്ളവര്‍ക്ക് വിശ്രമിക്കാനായി അല്ലാഹു നല്‍കുന്ന  അസുലഭ അവസരങ്ങളാണ് ഇത്തരം രോഗങ്ങള്‍ എന്ന് കരുതിയാല്‍ മതി. തമാശ രൂപത്തില്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത് ഉസ്താദിന് വലിയ ഇഷ്ടമായിരുന്നു. ഉടനെ അദ്ദേഹം പറഞ്ഞു: അങ്ങനെയല്ല നിങ്ങള്‍ പറയേണ്ടത്. ജോലി ഭാരമല്ല പ്രശ്‌നം, ജോലി താങ്ങാനുള്ള കരുത്ത് ഉണ്ടാവുക എന്നതാണ് പ്രധാനം. അത് അല്ലാഹു തന്നെങ്കില്‍ മാത്രമേ ജോലികള്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള തൗഫീഖിനായിരിക്കണം നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടത്. അതിനാല്‍, നിരന്തരം അല്ലാഹുവിനോട്  പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. എന്നിട്ട് പറഞ്ഞു: ഇമാം ഹസനുല്‍ ബന്ന ഞങ്ങളോട് പറയാറുണ്ടായിരുന്നു: 
 ഗ്നന്നശ്ല സ്സന്നഹ്നúല്ലന്നഗ്നö ശ്ലഗ്നഗ്നøന്നല്പന്ന ല്ലന്നറ്റú യ്ക്കõക്ടന്നശ്ചøöശ്ചന്ന ഡ്ഡöഷ്ടúഗ്നന്നത്മന്നക്ക കുന്നഗ്നന്നത്മöറ്റö ശ്ലഹ്നúല്ലന്നഗ്നõല്പõ ല്ലന്നറ്റú യ്ക്കõണ്ഡന്നകുøöയ്ക്കന്ന ന്ഥന്നല്പúച്ഛന്നത്മന്ന
(ഭാരം കുറക്കാനല്ല നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കേണ്ടത്, പ്രത്യുത ഭാരം താങ്ങാനുള്ള കരുത്ത് നിങ്ങളുടെ ചുമലുകള്‍ക്ക് ഉണ്ടാവാനാണ്). ജീവിതം വളരെ ഇടുങ്ങിയതാണ്. ഈ ഹ്രസ്വമായ ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ അതിനു മാത്രമുണ്ട്. ഇതൊക്കെ നമ്മളല്ലാതെ ആരു ചെയ്യും? ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം.
1990-ലാണ് ഞാന്‍ ഖത്തറില്‍ പഠിക്കാനായി എത്തുന്നത്. ഖത്തര്‍ റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് പഠനം.  സ്ഥാപനത്തിനുവേണ്ടി മത-ഭൗതിക വിജ്ഞാനങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ഉന്നത നിലവാരമുള്ള കരിക്കുലവും സിലബസ്സും ഒക്കെ തയാറാക്കിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള  പണ്ഡിതന്മാര്‍ അടങ്ങുന്ന ഒരു സമിതിയായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെ നിന്ന് മാറിയിട്ടുണ്ടായിരുന്നെങ്കിലും സിലബസും കരിക്കുലവുമൊന്നും മാറിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു സ്‌കൂളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ വ്യത്യസ്തമായി കുറെയധികം വിഷയങ്ങളും കുറെയധികം സമയവും അവിടെ  ചെലവഴിക്കേണ്ടതുണ്ടായിരുന്നു. ഭൗതിക വിഷയങ്ങളായ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജോഗ്രഫി, ഹിസ്റ്ററി, സൈക്കോളജി, ഫിലോസഫി എന്നിവക്കു പുറമേ, അറബി ഭാഷ, ഗ്രാമറും അലങ്കാരശാസ്ത്രവും ഇതിന്റെയൊക്കെ പുറമേ ഇസ്ലാമിക വിഷയങ്ങളായ ഫിഖ്ഹ്, ഖുര്‍ആന്‍ തഫ്‌സീര്‍, ഹദീസ്, ഉലൂമുല്‍ ഹദീസ്  തുടങ്ങി ധാരാളം വിഷയങ്ങളും ഞങ്ങള്‍ക്കവിടെ പഠിക്കാനുണ്ടായിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയും  അദ്ദേഹത്തിന്റെ തന്നെ സമകാലികരായ പണ്ഡിതവര്യന്മാരും  ചേര്‍ന്ന് തയാറാക്കിയതായിരുന്നു ദീനീ പാഠപുസ്തകങ്ങള്‍ മിക്കതും. അന്നുമുതലാണ് ശൈഖ് യൂസുഫുല്‍ ഖറദാവിയെ അടുത്തറിയാന്‍ തുടങ്ങിയത്. എല്ലാ റമദാനിലും അദ്ദേഹം  ഖത്തറിലെ വലിയ പള്ളിയില്‍ തറാവീഹിന് ഇമാമത്ത് നില്‍ക്കും. ഇടവേളയില്‍ അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. അത് കേള്‍ക്കാനായി മാത്രം  ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്ന്  പോകാറുണ്ടായിരുന്നു. പിന്നീടാണ് ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നത്. അപ്പോള്‍ മുതലാണ് ശൈഖുമായി വളരെ നേരിട്ട് ബന്ധം പുലര്‍ത്താന്‍ സാധിച്ചത്. അന്ന് അദ്ദേഹം യൂനിവേഴ്‌സിറ്റിയുടെ തന്നെ ഒരു ഭാഗമായിരുന്ന മര്‍ക്കസ് ബുഹൂസുസ്സുന്ന വസ്സീറ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു.
യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിക്കപ്പെട്ടിരുന്ന സെമിനാറുകളിലാണ്, അദ്ദേഹത്തിന്റെ അപാരമായ ഓര്‍മശക്തിയും വിശാലമായ അറിവും  ബോധ്യമാവുക.  യൂനിവേഴ്‌സിറ്റിയിലെ വലിയ വലിയ പ്രഫസര്‍മാര്‍ പങ്കെടുക്കുന്ന അത്തരം സെമിനാറുകളില്‍ അദ്ദേഹമായിരിക്കും മിക്കവാറും, വിഷയം അവതരിപ്പിക്കുക. വിഷയം അവതരിപ്പിച്ചതിനു ശേഷം  പ്രഫസര്‍മാരും പണ്ഡിതന്മാരും ആ വിഷയത്തെ സംബന്ധിച്ച് അന്വേഷിക്കുകയും നിരൂപണങ്ങള്‍ നടത്തുകയും ചെയ്യും. അവരില്‍ ഓരോരുത്തരും പറയുന്നത് സാകൂതം ശ്രദ്ധിച്ച്  ഒന്നിച്ച് മറുപടി പറയുക എന്നതായിരുന്നു ശൈഖിന്റെ രീതി. ഏതു ചോദ്യത്തിനും ചോദ്യകര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന വിധം മറുപടി പറയുന്നതില്‍ അദ്ദേഹം വിദഗ്ധനായിരുന്നു. വളരെ വിശദമായി പല വിഷയങ്ങളും  പ്രഫസര്‍മാരും ഉസ്താദുമാരും സംസാരിക്കുകയും അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുമ്പോള്‍, അതെല്ലാം ശ്രദ്ധിച്ച്  കേട്ട ശേഷം എല്ലാവരുടെയും പേര് പറഞ്ഞുകൊണ്ട് ഓരോരുത്തരും ചോദിച്ച ചോദ്യത്തിന് കൃത്യവും വിശദവുമായ മറുപടി പറയുന്നത് കണ്ടു പലപ്പോഴും അതിശയപ്പെട്ടിട്ടുണ്ട്. ഖത്തറില്‍ തന്നെ ചിലപ്പോള്‍ ചില രാത്രികളില്‍ അവിടെയുള്ള പണ്ഡിതന്മാരുടെ ഒത്തുചേരലുകള്‍ ഉണ്ടാകും. ഒന്ന് രണ്ടെണ്ണത്തില്‍ പഠനകാല ശേഷം  പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇടപെടലുകളുടെ വ്യതിരിക്തത കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു പണ്ഡിതന്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് എല്ലാ പണ്ഡിതന്മാരും വിഷയത്തെ സംബന്ധിച്ച് സംസാരിക്കും. അതിന്മേലുള്ള ചര്‍ച്ചകളെല്ലാം കഴിഞ്ഞ ശേഷം  ഉപസംഹരിച്ചുകൊണ്ട് ഒടുവില്‍ സംസാരിക്കുക പലപ്പോഴും ശൈഖായിരിക്കും. അങ്ങനെ ശൈഖ് സംസാരിച്ചു തുടങ്ങിയാല്‍ അതുവരെ വലിയ വലിയ പണ്ഡിതന്മാര്‍ അവതരിപ്പിച്ചതൊന്നും ഒന്നുമല്ല എന്ന് തോന്നുമാറ് വിഷയത്തെ സംബന്ധിച്ച സമഗ്രമായ അവതരണവും ഉപസംഹാരവുമാവും കേള്‍ക്കുക.
ശൈഖ് ക്ലാസ്സെടുക്കുന്ന സന്ദര്‍ഭത്തില്‍  ഖുര്‍ആന്‍ ആയത്തുകള്‍ ആ നാവിന്‍ തുമ്പില്‍ വന്നുകൊണ്ടേയിരിക്കും. ആയത്തുകള്‍ അപ്പോള്‍ അവതരിക്കുകയാണോ എന്ന് തോന്നിപ്പോകും. ആയത്തുകള്‍ ഉദ്ധരിക്കുമ്പോള്‍ വിഷയസംബന്ധമായ ഭാഗം  സൂറത്തുല്‍ ബഖറയിലുണ്ടെങ്കില്‍ അതിനു ശേഷം മാത്രമേ തൊട്ടടുത്ത സൂറത്തില്‍ നിന്നുള്ളത് ഉദ്ധരിക്കുമായിരുന്നുള്ളൂ. അത്രയും ക്രമത്തിലായിരുന്നു ഖുര്‍ആന്‍ അദ്ദേഹം ഉദ്ധരിച്ചിരുന്നത്. ശ്രദ്ധിച്ചു കേള്‍ക്കുന്നവര്‍ക്ക് വല്ലാത്ത അതിശയം തന്നെയായിരിക്കും. പരിശുദ്ധ ഖുര്‍ആന്‍ നന്നായി ഹൃദിസ്ഥമായിരുന്ന  അദ്ദേഹത്തിന് അതൊരു ലളിതമായ കാര്യമായിരുന്നു.

ജോലി തേടി
ശൈഖിന്റെ സന്നിധിയില്‍
ഖത്തര്‍ യൂനിവേഴ്‌സിറ്റി ശരീഅ കോളേജില്‍നിന്ന് ബിരുദം നേടിയ ശേഷം, നല്ല മാര്‍ക്കോടെ പാസായ ഞാന്‍ വളരെ പ്രതീക്ഷയോടെ ശൈഖിന്റെ ഓഫീസില്‍ ജോലിക്ക് അപേക്ഷ കൊടുത്തു. എന്തായിരുന്നാലും എനിക്കവിടെ ജോലി ലഭിക്കുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ചെന്നു കഴിഞ്ഞപ്പോള്‍ വലിയ നിരാശയോടെ മടങ്ങിപ്പോരേണ്ടിവന്നു. അപ്പോള്‍ വലിയ നിരാശയായിരുന്നെങ്കിലും പിന്നീട് ശൈഖിന് വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രം ആ തിരിച്ചയക്കല്‍ എനിക്ക് ഉപകാരപ്പെട്ടു എന്ന് പിന്നീട് ഖത്തര്‍ റേഡിയോയില്‍ ജോലി കിട്ടിയപ്പോള്‍ എനിക്ക് ബോധ്യമായി. അതിന്റെ ഗുണം ഞാന്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.
അഭിമുഖത്തില്‍ എന്നോട്, എന്റെ പഠനത്തെ സംബന്ധിച്ചോ എന്റെ ബിരുദത്തെ സംബന്ധിച്ചോ  ചോദിക്കുന്നതിനു മുമ്പ് പരിചയപ്പെട്ടതിനുശേഷം ആദ്യമായി ചോദിച്ചത്, എന്തൊക്കെയാണ് നിന്റെ കഴിവുകള്‍ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ മഅ്ഹദുദ്ദീനിയില്‍ വര്‍ഷങ്ങളോളം പഠിച്ചു, അതുകഴിഞ്ഞ് യൂനിവേഴ്‌സിറ്റിയിലും വര്‍ഷങ്ങളോളം പഠിച്ചു, അറബി ഭാഷയിലും ഇസ്‌ലാമിക വിഷയങ്ങളിലും അവഗാഹം നേടാന്‍ സാധിച്ചു, സര്‍ട്ടിഫിക്കറ്റും രേഖകളും ഒക്കെ എന്റെ കൈയിലുണ്ട് എന്നു പറഞ്ഞപ്പോള്‍ ഉസ്താദ് തിരുത്തി: 'അതല്ല ഞാന്‍ ചോദിക്കുന്നത്. നിന്റെ മഹാറത്ത് (ടസശഹഹ) എന്താണെന്നാണ് എനിക്ക് അറിയേണ്ടത്. നിനക്ക് കമ്പ്യൂട്ടര്‍ അറിയുമോ? നിനക്ക് ടൈപ്പ് ചെയ്യാന്‍ അറിയുമോ?' ഞാന്‍, ഇല്ല  എന്ന് മറുപടി പറഞ്ഞു. എനിക്ക് ഇതൊന്നും അറിഞ്ഞുകൂടായിരുന്നു. അപ്പോള്‍ എന്നോട് പറഞ്ഞു: ഈ കാലത്ത് ഇതൊക്കെ അറിയുന്ന ഒരാളെയാണ് എനിക്ക് ആവശ്യം, അതുകൊണ്ട് നീ അതൊക്കെ പഠിച്ചുവാ, എന്നിട്ട് നോക്കാം.  അങ്ങനെ ഞാന്‍ മടങ്ങിപ്പോന്നു. എനിക്ക് വളരെ നിരാശ തോന്നി. ഏതാണ്ട് 10 വര്‍ഷത്തോളം  ഖത്തറില്‍ പഠനം നടത്തിയ എനിക്ക് ശൈഖിന്റെ ഓഫീസില്‍ പോലും ജോലി ലഭ്യമല്ലെങ്കില്‍ പിന്നെ ഞാന്‍ ഈ പഠിച്ചതുംകൊണ്ട് എവിടെപ്പോകും?
ഇനി എന്ത് ചെയ്യുമെന്നറിയാതെ നിരാശാബോധം എന്നെ പിടികൂടി. നാട്ടിലേക്ക് പോന്നാലോ എന്നു വരെ ചിന്തിച്ചു. അപ്പോള്‍ എന്റെ സഹപാഠിയായിരുന്ന സുഹൃത്ത്  പറഞ്ഞു: 'ശൈഖ് പറഞ്ഞിടത്താണ് കാര്യം. അതിനെ പോസിറ്റീവായി മനസ്സിലാക്കൂ. കമ്പ്യൂട്ടര്‍ പരിജ്ഞാനം രണ്ടാഴ്ച കൊണ്ട് നേടാവുന്നതേയുള്ളൂ. അതുകൊണ്ട് എത്രയും വേഗം അത് പഠിക്കാന്‍ നോക്ക്.'  അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഞാന്‍ കമ്പ്യൂട്ടര്‍ കോഴ്‌സ് പഠിക്കാന്‍ ചേര്‍ന്നു, അത്യാവശ്യം കാര്യങ്ങള്‍ രണ്ടാഴ്ചകൊണ്ട് സ്വായത്തമാക്കി. ഉടനെത്തന്നെ ഖത്തറിലെ മറ്റൊരു വലിയ പണ്ഡിതനും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ഖുലൈഫി, പുതുതായി ആരംഭിക്കുന്ന ഓഫീസിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട് എന്ന് പരസ്യം കണ്ടപ്പോള്‍ ഞാന്‍ അവിടെ അപേക്ഷ കൊടുത്തു. ആദ്യത്തെ ഇന്റര്‍വ്യൂവില്‍ തന്നെ എനിക്ക് ജോലി ലഭിക്കുകയും അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
ഏതാനും മാസങ്ങള്‍ അവിടെ ജോലി ചെയ്തപ്പോള്‍ ശൈഖിന്റെ ഓഫീസിലേക്ക് എന്റെ ബയോഡാറ്റ തയ്യാറാക്കി ഒരു സുഹൃത്തിന്റെ കൈവശം കൊടുത്തയച്ചു. കിട്ടിയാല്‍ കിട്ടട്ടെ എന്നു വിചാരിച്ചതിനാല്‍ ഞാന്‍ നേരിട്ട് പോയില്ല.  അതിശയകരമെന്നു പറയട്ടെ, ബയോഡാറ്റ വായിച്ച ഉടനെ അദ്ദേഹവുമായി ബന്ധപ്പെടാനും ചെന്നുകാണാനും ആവശ്യപ്പെട്ടുകൊണ്ട് ശൈഖിന്റെ ഓഫീസില്‍നിന്ന് എനിക്ക് വിളി വന്നു. പിറ്റേന്ന് തന്നെ ഞാന്‍ ശൈഖിന്റെ ഓഫീസിലെത്തി. എന്നോട് മറ്റൊന്നും ചോദിച്ചില്ല. എന്നുമുതലാണ് നിനക്ക് ഇവിടെ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ സാധിക്കുക എന്ന് മാത്രമാണ് ചോദിച്ചത്. ശമ്പളം എത്രയാണ് ഇപ്പോള്‍ കിട്ടുന്നത് എന്നും അന്വേഷിച്ചു.  അതിന്റെ ഇരട്ടി ശമ്പളം നല്‍കാമെന്ന് അദ്ദേഹം എനിക്ക് വാഗ്ദാനവും നല്‍കി. അപ്പോള്‍ ഞാന്‍ പറഞ്ഞു, നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് പെട്ടെന്ന് പോരാന്‍ പ്രയാസമുണ്ട്. അതിനാല്‍ ചുരുങ്ങിയത് ഒരു മാസം എനിക്ക് ഒരു  സാവകാശം വേണം.  അദ്ദേഹം അത് സമ്മതിച്ചു. അങ്ങനെ ഒരു മാസം കഴിഞ്ഞ് ശൈഖിന്റെ ഓഫീസില്‍ ജോലിക്ക് ചേര്‍ന്നു.

ശൈഖിന്റെ സെക്രട്ടറി
ശൈഖ് കൈപ്പടയില്‍ എഴുതുന്നത് കമ്പ്യൂട്ടറില്‍ കമ്പോസ് ചെയ്ത് ഗ്രന്ഥരൂപത്തിലാക്കി കൊടുക്കുക എന്നതായിരുന്നു എന്റെ കാര്യമായ ജോലി. വളരെ വേഗത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്. അദ്ദേഹം എഴുതുന്നത് സ്പീഡില്‍ ടൈപ്പ് ചെയ്ത് തീര്‍ക്കാന്‍ പലപ്പോഴും സാധിക്കാറുണ്ടായിരുന്നില്ല. ഒരേസമയത്ത് മൂന്ന് ഗ്രന്ഥങ്ങള്‍ എഴുതിയത് എന്റെ ഓര്‍മയിലുണ്ട്. അതും തികച്ചും വ്യത്യസ്തമായ മൂന്ന് വിഷയങ്ങളില്‍. ഓരോ ഗ്രന്ഥവും എഴുതുന്നതിനനുസരിച്ച് ടൈപ്പ് ചെയ്തു കൊണ്ടുപോയി കൊടുക്കുമ്പോള്‍ അദ്ദേഹം അതെല്ലാം നോക്കി എഡിറ്റ് ചെയ്ത് തിരുത്തിത്തരികയും അതില്‍ ചേര്‍ക്കേണ്ട ഭാഗം  ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും.  തികച്ചും വ്യത്യസ്തമായ വിഷയങ്ങളായിരുന്നെങ്കിലും ഓരോ വിഷയത്തെ സംബന്ധിച്ചുമുള്ള അദ്ദേഹത്തിന്റെ അഗാധമായ ജ്ഞാനവും ഓര്‍മശക്തിയും ഉള്‍ക്കാഴ്ചയും  കണ്ട് ഞാന്‍ പലപ്പോഴും അമ്പരന്നിട്ടുണ്ട്. ഓരോ വിഷയവും തിരുത്തിത്തന്നത് പോലും അദ്ദേഹത്തിന് ഓര്‍മയുണ്ടാവും. ഒരു ദിവസം കഴിഞ്ഞ് തിരുത്തിയത് കൊണ്ടു ചെല്ലുമ്പോള്‍, ഇന്നലെ തിരുത്താന്‍ വേണ്ടി പറഞ്ഞ ഭാഗം തിരുത്താതെ അവിടെ കിടക്കുന്നുണ്ടല്ലോ എന്ന് അവിടെ പേനകൊണ്ട് വീണ്ടും മാര്‍ക്ക് ചെയ്തു തരും.
ഇസ്‌ലാമിന്റെ ശത്രുക്കള്‍, ഇസ്‌ലാമിക സംസ്‌കാരം, ഖദറിലുള്ള വിശ്വാസം തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഞാനായിരുന്നു അദ്ദേഹത്തിന് ഗ്രന്ഥരൂപത്തിലാക്കിക്കൊടുത്തത്. ആഗോളവല്‍ക്കരണത്തെ സംബന്ധിച്ച് ചെയ്തതും ഞാന്‍ തന്നെയായിരുന്നു. അതില്‍ ചേര്‍ക്കാന്‍ പറ്റിയ ചിലത് ഇംഗ്ലണ്ടിലും മറ്റും പ്രസിദ്ധീകരിക്കുന്ന അറബി പത്രങ്ങളില്‍ വന്ന ഭാഗങ്ങള്‍, ഇത് തരക്കേടില്ല എന്നു  തോന്നി ഞാനത് ക്വാട്ട് ചെയ്തുകൊണ്ടുപോയി കൊടുത്താല്‍ അദ്ദേഹമത് സ്വീകരിക്കുകയും പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ പറയുകയും  ചെയ്യാറുണ്ട്.
ജോലിത്തിരക്കിനിടയിലും അന്താരാഷ്ട്ര  വിഷയങ്ങളിലും മറ്റും നിരതനായിരിക്കുന്ന സന്ദര്‍ഭങ്ങളിലും, വ്യക്തിപരമായ കാര്യങ്ങള്‍ വല്ലതും പറഞ്ഞാല്‍ അതെല്ലാം അദ്ദേഹം ഓര്‍ത്തുവെക്കുകയും പരിഗണിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം അദ്ദേഹം ഈജിപ്തിലേക്കോ മറ്റോ യാത്രയുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: ഖത്തറില്‍ അങ്ങയുടെ  ഗ്രന്ഥങ്ങള്‍ പലതും കിട്ടാനില്ല, എല്ലാം വാങ്ങിച്ചു വെക്കണമെന്ന് ആഗ്രഹമുണ്ട്. അപ്പോള്‍ ആവശ്യമുള്ളവയുടെ ലിസ്റ്റ് അദ്ദേഹം ആവശ്യപ്പെട്ടു. അതെല്ലാം എഴുതി ഞാന്‍ അദ്ദേഹത്തിന്റെ കൈയില്‍ കൊടുത്തു. യാത്രയൊക്കെ കഴിഞ്ഞ് ഒരാഴ്ചയോ മറ്റോ കഴിഞ്ഞാണ് അദ്ദേഹം മടങ്ങിവരുന്നത്. ആ വലിയ മനുഷ്യന്‍, അദ്ദേഹം മടങ്ങി  ഓഫീസില്‍  വന്ന ഉടനെ എന്നെ വിളിപ്പിച്ചു.  ബാഗ് തുറന്ന്  ഒരു കെട്ട് പുസ്തകങ്ങള്‍ (എല്ലാം പുതിയ പ്രിന്റ്) എനിക്ക് എടുത്ത് തന്നിട്ട് പറഞ്ഞു, ഞാന്‍ പരമാവധി ശ്രമിച്ചിട്ട് കിട്ടിയതാണ്, ഇത് കൊണ്ടുപോയിക്കോ എന്ന്.
അതില്‍ ഒരു പുസ്തകം ഞാന്‍ ടൈപ്പ് ചെയ്തു കൊടുത്തതായിരുന്നു. ഞാന്‍ പറഞ്ഞു, അതിന്റെ മുകളില്‍ നിങ്ങള്‍ എനിക്ക് നിങ്ങളുടെ കൈപ്പടയില്‍ എഴുതിത്തരണം. ഉടനെ അദ്ദേഹം അത് അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിത്തരികയും ചെയ്തു. അദ്ദേഹത്തിന്റെ കൈപ്പടയിലുള്ള ധാരാളം പേപ്പറുകള്‍  ഒരുപാട്  കാലം ഞാന്‍ സൂക്ഷിച്ചുവെച്ചിരുന്നു. വളരെ സ്പീഡിലുള്ള എഴുത്തായതുകൊണ്ട് നന്നായി അറബി അറിയുന്നവര്‍ക്കും അദ്ദേഹത്തിന്റെ ശൈലി പരിചയമുള്ളവര്‍ക്കും മാത്രമേ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിവെച്ച ഒരു പുസ്തകത്തിന്റെ കരട്  ടൈപ്പ് ചെയ്യാന്‍ വേണ്ടി എനിക്ക് എടുത്തു തരികയുണ്ടായി. ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്ന ആ പുസ്തകം ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കെ അവിടന്നും ഇവിടന്നും  ഒക്കെ ചില കവറുകള്‍ എനിക്ക് കൊണ്ടുവന്നു തരും. അതിലൊരു കവര്‍ ഞാന്‍ തുറന്നു നോക്കിയപ്പോള്‍, പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലേഷ്യന്‍ പര്യടന വേളയില്‍  കിട്ടിയ ഹോട്ടലിന്റെ പേരൊക്കെ പ്രിന്റ് ചെയ്ത ചെറിയ സ്ലിപ്പുകളാണ്. അങ്ങനെയുള്ള കുറെ സ്ലിപ്പുകളിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പലതും എഴുതി വെച്ചിരിക്കുന്നത്. വിമാനയാത്രയിലായാലും ഹോട്ടലില്‍ താമസിക്കുകയായാലും അന്താരാഷ്ട്ര യാത്രകളിലായാലും  ഒഴിവ് സമയം കിട്ടിയാല്‍  എന്തെങ്കിലുമൊക്കെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കും.
ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് ഒരു പെരുന്നാളിന്, ഞങ്ങള്‍ കുറച്ച് വിദ്യാര്‍ഥികള്‍ ശൈഖിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. പലതും സംസാരിച്ച കൂട്ടത്തില്‍ ഒരു ഫലസ്ത്വീനി സുഹൃത്ത് ഉസ്താദിനോട് ചോദിച്ചു: അങ്ങ് എന്തുകൊണ്ടാണ് ഭരണാധികാരികളെ വിമര്‍ശിക്കാത്തത്? ഉടനെ ശൈഖിന്റെ മറുപടി: എനിക്ക് വേണമെങ്കില്‍ ഒരു തീപ്പൊരി പ്രസംഗം നടത്താം. എന്നിട്ട് ജയിലില്‍ പോകാം. പക്ഷേ, ലോക മുസ്‌ലിം ഉമ്മത്തിന് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം അതോടെ എനിക്ക് ഇല്ലാതാവും. അതുകൊണ്ട് ഭരണാധികാരിയെ പരസ്യമായി വിമര്‍ശിക്കാതെ അവരെ കാര്യം ബോധ്യപ്പെടുത്തലാണ് ഗുണകരം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതു പറഞ്ഞിട്ട് ഏതാണ്ട് കാല്‍ നൂറ്റാണ്ട്, ദീനീ മേഖലയില്‍ സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങിയത്.
ഇതിനര്‍ഥം അദ്ദേഹം ഭരണാധികാരികളെ വിമര്‍ശിക്കാറില്ല എന്നല്ല. ശിമോന്‍ പെരസ് ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ദോഹ സന്ദര്‍ശിച്ചത് ശൈഖ് ശക്തമായി വിമര്‍ശിച്ചു. സയണിസ്റ്റ് തലവന് കൈകൊടുത്തവര്‍ തങ്ങളുടെ കൈകള്‍ ഏഴു വട്ടം കഴുകട്ടെയെന്നും അതിലൊരു വട്ടം മണ്ണുകൊണ്ട് കഴുകണമെന്നും അദ്ദേഹം മിമ്പറില്‍ വെച്ച് രൂക്ഷമായി പ്രതികരിച്ചു.

ശൈഖും കേരളത്തിലെ ശിഷ്യന്മാരും
കേരളത്തിലെ തന്റെ ശിഷ്യന്മാര്‍ക്ക് ശൈഖിന്റെയടുക്കല്‍ വലിയ സ്ഥാനമാണ്. എം.വി സലീം മൗലവിയും വി.കെ അലി സാഹിബുമാണ് അവരില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍. ഞാന്‍ ശൈഖിന്റെ കൂടെ ജോലി ചെയ്യവേ ഒരിക്കല്‍ എം.വി സലീം മൗലവി ശൈഖിനെ കാണാന്‍ വന്നു. ശൈഖ് അപ്പോള്‍ തന്റെ ഓഫീസില്‍  മറ്റൊരാളുമായി  സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 'താങ്കള്‍ വന്ന വിവരം ഞാന്‍ ശൈഖിനോട് ചെന്ന് പറയട്ടെ' എന്നു ഞാന്‍ പല തവണ ചോദിച്ചിട്ടും സലീം മൗലവി സമ്മതിച്ചില്ല. 'വേണ്ട, ആ അതിഥി പോയിട്ട് പറഞ്ഞാല്‍ മതി' എന്നു പറഞ്ഞു എന്നെ മുടക്കി. കുറെക്കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് ശൈഖും ഗസ്റ്റും പുറത്തേക്കു വന്നു. ഗസ്റ്റിനെ വാതില്‍ക്കല്‍ വരെ വന്ന് യാത്രയാക്കുക എന്നത് ശൈഖിന്റെ ശീലമാണ്. അപ്പോള്‍ സലീം മൗലവിയെ കണ്ടു കെട്ടിപ്പിടിച്ചു. 'എന്തേ വന്ന വിവരം എന്നോട് പറയാതിരുന്നത്' എന്ന് രൂക്ഷമായി ചോദിച്ചു. 'ഞാന്‍ തടഞ്ഞതാണ്' എന്ന് മൗലവി പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്. എന്നിട്ട് ശൈഖ് എന്നോട് പറഞ്ഞു: 'ചിലയാളുകള്‍ വന്നാല്‍ കാത്തിരിക്കാന്‍ പറയരുത്, ഉടനെ എന്നെ വിവരമറിയിക്കണം, ശൈഖ് മുഹമ്മദ് സലീം അക്കൂട്ടത്തില്‍ പെട്ടയാളാണ്.'
മറ്റൊരിക്കല്‍ വി.കെ അലി സാഹിബായിരുന്നു അതിഥി. ളുഹ്ര്‍ നമസ്‌കാരത്തിന്റെ സമയമാണ്. ശൈഖ് കസേരയില്‍ ഇരുന്നുകൊണ്ടു നമസ്‌കരിക്കുന്നതിനാല്‍ എന്നെ പിടിച്ച് ഇമാം നിര്‍ത്തും.  ശൈഖിന് ഇമാമായി  നമസ്‌കരിക്കാനുള്ള മടി കാരണം ഞാന്‍ പിന്നോട്ട് പിന്നോട്ടു നില്‍ക്കും. അത് തിരിച്ചറിഞ്ഞ ശൈഖ് ഉടന്‍ ഇഖാമത്ത് കൊടുക്കും. അങ്ങനെ ഇഖാമത്തു കൊടുത്തുകൊണ്ടിരിക്കെ ഒരിക്കല്‍ വി.കെ അലി സാഹിബ് കടന്നുവന്നു. ഉടനെ, ഇഖാമത്തു കൊടുത്തുകൊണ്ടിരിക്കെത്തന്നെ ശൈഖ് ചെന്ന് അലി സാഹിബിനെ ആലിംഗനം ചെയ്തു.

ഒരിക്കലും മറക്കാത്ത സംഭവം
ശൈഖിനോടൊപ്പം കഴിഞ്ഞ കാലത്തെപ്പറ്റി പറയുമ്പോള്‍ ഒരിക്കലും മറക്കാത്ത വ്യക്തിപരമായ ഒരനുഭവം കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. ഓരോ മാസവും അവസാനിക്കുമ്പോള്‍ തന്റെ പേഴ്‌സ് തുറന്ന് എന്റെ ശമ്പളം കാശായി തരികയാണ് പതിവ്. അങ്ങനെയിരിക്കെ എനിക്ക് ഖത്തര്‍ റേഡിയോയില്‍ ജോലി കിട്ടി. ഞാന്‍ ശൈഖിനോട് വിവരം പറഞ്ഞു. എനിക്ക് അങ്ങയോടൊപ്പം ജോലി ചെയ്യാനാണ് താല്‍പര്യം. പക്ഷേ,  ഖത്തര്‍ റേഡിയോയില്‍  എനിക്ക് ജോലി ശരിയായിട്ടുണ്ട്. അങ്ങയുടെ അഭിപ്രായം പോലെ ചെയ്യാം.  ശൈഖിന്റെ മറുപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ആ മഹാത്മാവ് പറഞ്ഞു: അത് സര്‍ക്കാര്‍ ജോലിയാണ്. അത് സ്ഥായിയായിരിക്കും. ഇത് ഞാനെന്ന വ്യക്തിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അത് സ്ഥായിയായതല്ല. അതിനാല്‍ എന്റെ ഓഫീസിലെ ജോലി നീ ഉച്ചക്ക് ശേഷമോ, ഒഴിവു ദിവസങ്ങളിലോ ഒക്കെ ചെയ്തു തന്നാല്‍ മതി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല; ഖത്തര്‍ റേഡിയോയില്‍ ജോലിക്കു കയറി.
ഏറ്റവും മനസ്സില്‍ പതിഞ്ഞ സംഭവം പിന്നീടാണ്. മാസങ്ങള്‍ക്ക് ശേഷം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ ഉടനെ ഒരു കവര്‍ എനിക്കു തന്നിട്ടു പറഞ്ഞു: നിനക്ക് ഞാന്‍ അവസാനം തന്ന ശമ്പളത്തില്‍ കുറവുണ്ടായിരുന്നു. അന്ന് എന്റെ പേഴ്‌സില്‍ ഉള്ളത് എടുത്തു തന്നതാണ്. ബാക്കിയുണ്ടായിരുന്ന തുകയാണിത്. ഇത് നിന്റെ ഹഖ്ഖാണ്, വാങ്ങണം. എന്റെ ഹൃദയം പിടച്ചു. ലോക മുസ്‌ലിംകളുടെ മൊത്തം പ്രശ്‌നങ്ങള്‍ നിരന്തരം അന്വേഷിക്കുകയും ഇടപെടുകയും അതോര്‍ത്ത് പ്രയാസപ്പെടുകയും ചെയ്യുന്നതിനിടക്ക് എനിക്ക് തരാന്‍ ബാക്കിയുണ്ടായിരുന്ന കാശ് എത്രയാണെന്ന് ഓര്‍ത്തുവെക്കുക! അത് നേരിട്ട് കണ്ട ആദ്യ അവസരത്തില്‍ തന്നെ ഒരു അമാനത്തെന്ന വണ്ണം ഏല്‍പ്പിക്കുക! ആ മഹാത്മാവിനെക്കുറിച്ച് എന്താണ് ഞാന്‍ പറയേണ്ടത്? അല്ലാഹു ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത പദവി നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട