Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

നിലപാടുകളുടെ ഇമാം

കെ.എം അശ്‌റഫ്

ആരായിരുന്നു ശൈഖ് ഖറദാവി? ഇതര പണ്ഡിതരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത് എന്താണ്? പ്രസക്തമായ ഈ ചോദ്യത്തിന് മറുപടിയായി ലോക പണ്ഡിത സഭയുടെ മുന്‍ അധ്യക്ഷന്‍ ശൈഖ് അഹ്മദ് റയ്‌സൂനിയുടെ ചെറിയ ഒരു വാചകം മതി: 'നിലപാടുകളുള്ള ഇമാം, സ്ഥാനമാനങ്ങളില്‍ വിരക്തന്‍' (ഇമാമുല്‍ മവാഖിഫ് വസ്സുഹ്ദി ഫില്‍ മനാസ്വിബ്). ശൈഖ് ഖറദാവിക്ക് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. ഇസ്‌ലാമിക വ്യവസ്ഥയുടെ വ്യതിരിക്തതകളായി ഖറദാവി എണ്ണുന്ന ദൈവികം (റബ്ബാനിയ്യ്), സമഗ്രം (ശുമൂല്‍), സന്തുലിതം (മുതവാസിന്‍), ലളിതം(മുയസ്സര്‍), പ്രായോഗികം (വാഖിഇയ്യ്) എന്നീ ഗുണങ്ങളാണ് അദ്ദേഹത്തിന്റെ നിലപാടുകളുടെ കാതല്‍. മറ്റൊരു രീതിയില്‍ ശൈഖ് ഖറദാവിയുടെ നിലപാടുകളുടെ സവിശേഷതകളെ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്: ലോകമുസ്ലിംകള്‍, അവരുടെ പ്രതിസന്ധികള്‍, ഭാവി, അതിജീവന വഴികള്‍ - ഇവയായിരുന്നു ആ നിലപാടുകള്‍ക്കാധാരം. ശൈഖിലെ കവി പറഞ്ഞതുപോലെ, 'ഇന്ത്യയിലെയും മൊറോക്കോയിലെയും സഹോദരാ, നീ എന്നില്‍ പെട്ടവനാണ്; ഞാന്‍ നിന്നിലും. നീ എന്റെ ഭാഗമാണ്; ഞാന്‍ നിന്റെയും. എന്റെ വംശത്തെക്കുറിച്ചോ പരമ്പരയെക്കുറിച്ചോ ചോദിക്കേണ്ട, ഇസ്‌ലാമാണ് എന്റെ ഉപ്പയും ഉമ്മയുമെല്ലാം.'
രണ്ട്: നിലപാടുകളിലെ വസത്വിയ്യത്ത്. മിതത്വം/മധ്യമത്വം /സ്വാശ്രയത്വം എന്നീ ആശയങ്ങളെ പ്രകാശിപ്പിക്കുന്ന വസത്വിയ്യത്ത് ആയിരുന്നു ശൈഖിന്റെ നിലപാടുകളുടെ രണ്ടാമത്തെ സവിശേഷത. മറ്റുള്ള പണ്ഡിതര്‍  അദ്ദേഹത്തെ  ഇമാമുല്‍ വസത്വിയ്യ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. വസത്വിയ്യത്തിനെ ഒരു രീതിശാസ്ത്രമായി ശൈഖ് ഖറദാവി വികസിപ്പിച്ചു. ദീനിന്റെ വസത്വിയ്യത്തുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കായി ഒരു ഗവേഷണ കേന്ദ്രം തന്നെ സ്ഥാപിച്ചു. തദ്വിഷയകമായി നിരവധി ഗവേഷണ പ്രബന്ധങ്ങളും  പഠനങ്ങളും ഈ സ്ഥാപനം പുറത്തിറക്കിയിരുന്നു. മുസ്‌ലിം ലോകത്ത് രൂപപ്പെട്ട ഒരു തീവ്ര ധാരയുമായും അദ്ദേഹത്തിന് യോജിക്കാനാവുമായിരുന്നില്ല. കര്‍മ ശാസ്ത്ര വിധികള്‍ ഉരുത്തിരിച്ചെടുക്കുമ്പോള്‍ പോലും 'തീവ്ര നിലപാടുകാര്‍ നശിക്കുമെന്ന' പ്രവാചക വചനം നിരന്തരം അദ്ദേഹം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ മുസ്‌ലിം യുവതയില്‍ ഉരുവം കൊണ്ട ചില തീവ്രവാദ പ്രവണതകളെ കുറിച്ച ചോദ്യത്തിന് ശൈഖ് നല്‍കിയ സുദീര്‍ഘമായ മറുപടി (ഫതാവാ അല്‍ മുആസ്വിറ, മൂന്നാം വാള്യം) ഒരു  ഉദാഹരണം മാത്രം. ഈജിപ്തിലെ ചെറുപ്പത്തെ ഗ്രസിച്ച 'തക്ഫീര്‍' ചിന്തകളും  തീവ്ര നിലപാടുകളും അതിന്റെ പ്രത്യാഘാതങ്ങളും പിന്നീടവര്‍ക്ക് മാറിച്ചിന്തിക്കേണ്ടിവന്നതുമൊക്കെ  മുസ്‌ലിം യുവതയെ അദ്ദേഹം തെര്യപ്പെടുത്തി.
മൂന്ന്:  പ്രയാസങ്ങള്‍ ദൂരീകരിച്ച് കാര്യങ്ങള്‍ എളുപ്പമാക്കുക. മന്‍ഹജുത്തയ്‌സീര്‍ എന്നാണ് ശൈഖ് തന്റെ ഈ നിലപാടിനെ വിശദീകരിച്ചത്. രണ്ടാലൊരു കാര്യം തെരഞ്ഞെടുക്കേണ്ടി വരൂമ്പോഴൊക്കെ ഏറ്റവും എളുപ്പമുള്ളതിനെ തെരഞ്ഞെടുക്കുമായിരുന്ന പ്രവാചക ചര്യയായിരുന്നു ശൈഖിന്റെ മാതൃക. മുആദുബ്‌നു ജബലിനെ യമനിലേക്ക് നിയോഗിക്കുമ്പോള്‍ തിരുദൂതര്‍ (സ) നല്‍കിയ വസ്വിയ്യത്ത് ഇങ്ങനെയായിരുന്നല്ലോ: കാര്യങ്ങള്‍ എളുപ്പമാക്കുക, ആളുകളെ പ്രയാസപ്പെടുത്തരുത്, ജനങ്ങളുടെ കൂടെ നില്‍ക്കുക, ഭിന്നിക്കരുത് (അല്‍ മദ്ഖലു ലി ദിറാസത്തിസ്സുന്ന നബവിയ്യ). ഖറദാവിയുടെ ഫത്വകളുടെ പൊതു പ്രത്യേകതയായി പലരും  തയ്‌സീറിനെ (എളുപ്പമാക്കല്‍ രീതി) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേ സമയം,  അഴകൊഴമ്പന്‍ നിലപാടെന്നും ലളിതമാക്കല്‍ പരിപാടിയെന്നുമുള്ള അക്ഷരപൂജകരുടെയും തീവ്രനിലപാടുകാരുടെയും  ആക്ഷേപശകാരങ്ങള്‍ക്ക് ശൈഖിന്റെ ഫത്വകള്‍ ശരവ്യമാവുകയും ചെയ്തിട്ടുണ്ട്.
നാല്: പ്രായോഗികത. തന്റെ നിലപാടുകള്‍ പ്രായോഗികമാകണമെന്ന നിര്‍ബന്ധബുദ്ധി ശൈഖിനുണ്ടായിരുന്നു. സമകാലിക ലോകത്തെ കുറിച്ച തികഞ്ഞ ധാരണയുടെ ബലത്തിലാണ് അദ്ദേഹം നിലപാടുകള്‍ രൂപപ്പെടുത്തിയത്. ഒരു ഫത്വ / ആശയം സമര്‍പ്പിക്കുമ്പോള്‍ അത് പ്രായോഗികമായി നടപ്പില്‍ വരുത്താനുള്ള പ്രമാണപരമായ എല്ലാ തെളിവുകളും അദ്ദേഹം സമാഹരിച്ചിരുന്നു. സംഭവലോകവുമായി ബന്ധമില്ലാത്ത ഉട്ടോപ്യന്‍ /സാങ്കല്‍പിക നിലപാടുകളെ അദ്ദേഹം നിരാകരിച്ചു. ഫിഖ്ഹുല്‍ വാഖിഅ് (സമകാലിക ലോകത്തെക്കുറിച്ച ഗ്രാഹ്യം) എന്ന മുജ്തഹിദിന്റെ ഉപാധി സാക്ഷാല്‍ക്കരിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വ്യത്യസ്ത മദ്ഹബുകളുടെ വീക്ഷണങ്ങളില്‍ നിന്ന് കാലത്തിനനുയോജ്യമായതെന്ത് എന്ന ഒരു തെരച്ചിലും താരതമ്യവും തന്റെ ഫത്വകള്‍ ഉരുത്തിരിച്ചെടുക്കുമ്പോള്‍ ശൈഖ് നടത്തിയിരുന്നു. 'ഇജ്തിഹാദ് ഇന്‍തിഖാഈ' എന്നാണ് ഈ ഗവേഷണ രീതിക്ക് പറയുക.
അഞ്ച്: മുന്‍ഗണനാ ക്രമം. ഓരോ കാര്യങ്ങളും അവയുടെ പ്രാധാന്യവും മുന്‍ഗണനാക്രമങ്ങളു പാലിച്ചാണ് നടപ്പില്‍ വരുത്തേണ്ടത്. 'ശാഖാപരമായ' വിഷയങ്ങളെക്കാള്‍ ഉമ്മത്തിന്റെ ഐക്യം  സുപ്രധാനമാണെന്ന് അദ്ദേഹം വിലയിരുത്തി. മുന്‍ഗണനാക്രമങ്ങളുടെ ഫിഖ്ഹ് എന്ന ഒരു ഗ്രന്ഥവും  ഖറദാവിയുടെതായിട്ടുണ്ട്. ഫിഖ്ഹ്അക്കാദമികളിലും പണ്ഡിതവേദികളിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പലപ്പോഴും നിരൂപണവിധേയമായിട്ടുണ്ട്. അപ്പോഴൊക്കെയും പ്രമാണബദ്ധമായി വരുന്ന നിരൂപണങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയും തിരുത്തേണ്ടവ തിരുത്താനുള്ള വൈജ്ഞാനിക സത്യസന്ധത പുലര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് എന്നു പറയാവുന്ന ഫിഖ്ഹുസ്സകാത്തിലെ പല അഭിപ്രായങ്ങളും ഇത്തരം നിരൂപണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം തിരുത്തിയിരുന്നു.

ധീരമായ നിലപാടുകള്‍
സത്യം ആരുടെയും മുന്നില്‍ മറച്ചുപിടിക്കാന്‍ തയാറല്ലാത്ത ധീരമായ വ്യക്തിത്വമായിരുന്നു ശൈഖ് ഖറദാവിയുടേത്.  മത - രാജ്യ ഭേദമന്യേ ഭരണാധികാരികളുടെ കൊള്ളരുതായ്മകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. നിലപാടുകള്‍ കൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെയും  അവയുടെ കുഴലൂത്തുകാരുടെയും കണ്ണിലെ കരടായി ശൈഖ് ഖറദാവി മാറി. പല രാജ്യങ്ങളും അദ്ദേഹത്തിന് വിസ നിഷേധിച്ചു. ഫലസ്ത്വീന്‍ പ്രശ്‌നം, മുസ്‌ലിം അഭയാര്‍ഥികള്‍ / ന്യൂനപക്ഷങ്ങള്‍, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സാമ്രാജ്യത്വവും അന്താരാഷ്ട്ര സമൂഹവും വെച്ചുപുലര്‍ത്തുന്ന ഒട്ടും നീതിയില്ലാത്ത നിലപാടുകള്‍ക്കെതിരെ അദ്ദേഹം ഒച്ചവെച്ചു. അത്തരം വിഷയങ്ങളിലേക്ക് മുസ്ലിം അന്താരാഷ്ട്ര വേദികളുടെ ശ്രദ്ധ ക്ഷണിച്ചു. പ്രായാധിക്യത്തിലും ഖത്തറില്‍ നടന്ന ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പങ്കുകൊണ്ടു. അങ്ങനെ എല്ലാ അര്‍ഥത്തിലും അദ്ദേഹം ഇസ്‌ലാമിന്റെ ശത്രുക്കളുടെ നോട്ടപ്പുള്ളിയായി. ശൈഖിന്റെ സുരക്ഷ മുന്‍ നിര്‍ത്തി ഖത്തര്‍ ഭരണകൂടം വാഗ്ദാനം ചെയ്ത സുരക്ഷാ ക്രമീകരണങ്ങള്‍ നിരസിച്ചുകൊണ്ട് ഈ മഹാപണ്ഡിതന്‍ പറഞ്ഞ വാക്കുകള്‍ ഈമാനുള്ള ഏവരെയും കോള്‍മയിര്‍ കൊള്ളിക്കും. 'കാലങ്ങളായി ഞാന്‍ കാത്തുകൊതിച്ചിരിക്കുന്ന ശഹാദത്തിനെ (രക്തസാക്ഷ്യത്തെ) തടയരുതേ' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന! ശഹാദത്തിനെ കൊതിക്കുന്നവര്‍ക്ക് അവര്‍ രോഗശയ്യയിലാണെങ്കില്‍ പോലും രക്തസാക്ഷിയുടെ പ്രതിഫലം ലഭിക്കുമെന്ന തിരുദൂതരുടെ വചനം ശൈഖ് ഖറദാവിയില്‍ പുലരുമെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. ദീര്‍ഘായുസ്സും സദ്‌വൃത്തിയുമാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്ന് തിരുമേനി (സ) പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും ചേര്‍ന്നുവന്നതായിരുന്നു  തൊണ്ണൂറ്റിയാറ്  വയസ്സ് പിന്നിട്ട (ഹിജ്‌റ കണക്കില്‍ ശതകം പൂര്‍ത്തിയാക്കിയ) ആ ധന്യജീവിതം. 

വ്യക്തി ബന്ധം
''നിനക്ക്  ഒരു സഫീറിനെ അറിയുമോ? എന്റെ ഡ്രൈവറായിരുന്നു. എന്താണ് അവന്റെ അവസ്ഥ? അവന്റെ കുടുംബം എങ്ങനെ കഴിയുന്നു? എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍ എന്നെക്കാണാന്‍ അറിയിക്കാന്‍ മറക്കരുതെന്ന് പറയണം. തമ്മില്‍ കാണുമ്പോള്‍  എന്തായാലും എന്റെ അന്വേഷണവും സലാമും അറിയിക്കണം.'' വിശ്വ പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍, അറിവിന്റെ മഹാസാഗരം, വന്ദ്യ ഗുരുനാഥന്‍, കാലഘട്ടത്തിന്റെ ഇമാം ശൈഖ് യൂസുഫുല്‍ ഖറദാവിയുമായി നടന്ന അവസാന കൂടിക്കാഴ്ചയിലെ ഒരു സംഭാഷണശകലമാണ് മുകളിലുദ്ധരിച്ചത്. തന്നോട് ഇടപഴകുന്നവരോടൊക്കെയും പിതൃനിര്‍ഭരമായ വാത്സല്യം കാത്തുസൂക്ഷിക്കുന്ന ഒരു മഹാപണ്ഡിതന്റെ ജീവിതസാക്ഷ്യം.
ഇസ്ലാമിക പ്രസ്ഥാനമെന്ന ആശയം മനസ്സിലുറഞ്ഞ ചെറുപ്പം നാള്‍ മുതല്‍ കാതില്‍ പതിഞ്ഞു തുടങ്ങിയതാണ് ശൈഖ് ഖറദാവിയെന്ന നാമം. ഇമാം മൗദൂദി,  ഇമാം ഹസനുല്‍ ബന്ന, ശഹീദ് സയ്യിദ് ഖുത്വ്ബ് എന്നീ പേരുകളും കേട്ടുതുടങ്ങിയതും അന്നു മുതല്‍ തന്നെ. ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തുന്ന മലയാളികളുടെ മുഖ്യ അജണ്ടകളിലൊന്നാണ് ശൈഖിനെ സന്ദര്‍ശിക്കല്‍. അങ്ങനെയാണ് 1999-ലെ ഒരു മാര്‍ച്ച് മാസത്തില്‍ ശൈഖിനെ അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും. തൊട്ടുമുന്നൊരിക്കല്‍ (26-02-1999) മസ്ജിദ് ഉമറുബ്‌നുല്‍ ഖത്ത്വാബില്‍ തിങ്ങിനിറഞ്ഞ സദസ്സിലൊരുവനായി ശൈഖിന്റെ ഘനഗംഭീര ശബ്ദത്തില്‍ ജുമുഅ ഖുത്വ്ബ കേട്ടതാണ് ആദ്യാനുഭവം. പിന്നീട് അവസരം ഒത്തുവന്നപ്പോഴെല്ലാം ആ വാഗ്‌ധോരണി ശ്രവിക്കാന്‍ ഓടിയെത്തിയിട്ടുണ്ട്. ദോഹയിലെ അല്‍ജാമിഉല്‍ കബീറിലെ (വലിയ പള്ളിയിലെ) റമദാന്‍ രാവുകളാണ് ശൈഖിനോടൊപ്പമുള്ള ഏറ്റം പച്ചപ്പുള്ള ഓര്‍മകള്‍. ഘനഗാംഭീര്യമുള്ള അര്‍ഥം മനസ്സില്‍ പതിയുന്ന പാരായണം. ശേഷം, (അധികവും) ഓതിയ സൂക്തങ്ങളുമായി ബന്ധപ്പെട്ട കനമുള്ള വിശദീകരണം, വിത്‌റില്‍ ദീര്‍ഘമായ ഖുനൂത്ത്.
ഖുദ്‌സിന്റെ മോചനം ശൈഖിന്റെ വലിയ സ്വപ്‌നമായിരുന്നു. മുബശ്ശിറാത്തുകള്‍ (പ്രവാചക വചനങ്ങളിലെ ശുഭവാര്‍ത്തകള്‍) നിരത്തി, സൈഫുദ്ദീന്‍ ഖുത്വ്‌സിനെയും, നൂറുദ്ദീന്‍ സങ്കിയെയും സ്വലാഹുദ്ദീന്‍ അയ്യൂബിയെയും ഓര്‍മിപ്പിച്ച് ഖുദ്‌സിനെ കുറിച്ച് ആ മനീഷി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. മസ്ജിദുല്‍ അഖ്‌സയും ഫലസ്ത്വീനും ഗസ്സയും മനസ്സിന്റെ നോവായി മാറിയതും ശൈഖിന്റെ പ്രഭാഷണങ്ങളില്‍നിന്നു തന്നെ.
മുസ്‌ലിം ഉമ്മത്തായിരുന്നു ആ മനസ്സുനിറയെ.
പലപ്പോഴായി ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന ശൈഖിന്റെ ക്ലാസ്സുകളില്‍ പങ്കെടുക്കാറുണ്ടെങ്കിലും കുല്ലിയ്യത്തുശ്ശരീഅ സംഘടിപ്പിച്ച ഫിഖ്ഹുല്‍ ഇമാമില്‍ ഹറമൈന്‍ ഇമാം ജുവൈനി പഠന ശിബിരത്തിലാണ് ഒരു പഠിതാവെന്നോണം  തുടര്‍ച്ചയായി ശൈഖിന്റെ  ക്ലാസ്സിലിരുന്നത്.  പ്രിയ അധ്യാപകന്‍ ശൈഖ് അലി അല്‍ മുഹമ്മദിയുമായി ആ വലിയ ഗുരുനാഥനെ കാണാന്‍ പോയ നാളൊരിക്കല്‍ ശിഷ്യത്വം ഇജാസത്തായി തന്നത് ഇന്നും മനസ്സില്‍ കുളിര്‍കോരുന്ന അനുഭവമാണ്.
2003-ല്‍  ഖത്തര്‍ യൂനിവേഴ്‌സിറ്റി വിട്ട ശേഷവും ഖത്തര്‍ സന്ദര്‍ശന വേളകളിലൊക്കെ ശൈഖിനെ കണ്ടിട്ടേ മടങ്ങിയിട്ടുള്ളൂ. സംസാരവേളയില്‍ യബ്‌നീ (മോനേ), ചിലപ്പോള്‍ യാ ശൈഖ്  എന്നൊക്കെ അദ്ദേഹം നമ്മെ സംബോധന ചെയ്യും. ആ വിനയത്തില്‍ നാം ഒന്നുമല്ലാതാകും.
ഈയുള്ളവന്‍  പഠിക്കാന്‍ ചെല്ലുമ്പോള്‍  ഖത്തര്‍ യൂനിവേഴ്‌സിറ്റിയുടെ പരിസരത്ത് എടുത്തുമാറ്റാന്‍ പറ്റുന്ന കുറച്ചു ക്യാബിനുകളിലായിരുന്നു 'മര്‍കസുല്‍ ബുഹൂസ് വദ്ദിറാസാത്ത്' എന്ന പേരിലുള്ള ശൈഖിന്റെ ഓഫീസ്. വീണുകിട്ടുന്ന ഇടവേളകളില്‍ ശൈഖിനെ കാണലും മൂര്‍ധാവില്‍ ചുംബിച്ചു അഭിവാദ്യമര്‍പ്പിക്കലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ പതിവായിരുന്നു.  മര്‍കസില്‍ നിന്നു പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ സൗജന്യമായി സ്വന്തമാക്കുകയെന്ന ഒരു ഗൂഢലക്ഷ്യവും  ഈ സന്ദര്‍ശനങ്ങള്‍ക്കു പിന്നിലില്ലാതില്ല. അപ്പോഴെല്ലാം ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യം, ഒരേസമയം വ്യത്യസ്ത വിഷയങ്ങളില്‍ രചന നിര്‍വഹിക്കുകയെന്ന ആ രചനാ പാടവവും അറിവാഴവുമായിരുന്നു. നാടകത്തിന്റെ ഫിഖ്ഹ്  എഴുതുന്ന ആ തൂലിക അതേ സമയം നോമ്പിന്റെ ഫിഖ്ഹിനെ കുറിച്ചും നവോത്ഥാനത്തിന്റെ ഉപാധികളെ കുറിച്ചും എഴുതിക്കൊണ്ടിരിക്കും.
ശൈഖിന്റെ ഫതാവാ അല്‍ മുആസ്വിറയിലെ (സമകാലിക മതവിധികള്‍) ചില ലേഖനങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ അനുമതി തേടിയപ്പോള്‍ അറിവ് ഉമ്മത്തിന്റെ പൊതുസ്വത്താണെന്നു പറഞ്ഞ് അനുവാദം തരികയായിരുന്നു..
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട