Prabodhanm Weekly

Pages

Search

2022 ഒക്‌ടോബര്‍ 07

3271

1444 റബീഉല്‍ അവ്വല്‍ 11

പോരാളിയായ ഇമാം

റാശിദുല്‍ ഗന്നൂശി

കഴിഞ്ഞ അര നൂറ്റാണ്ടിലധികം കാലമായി ഇസ്‌ലാമിക ചിന്തയുടെയും രാഷ്ട്രീയത്തിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളുടെയും ഏറ്റവും മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്നു ശൈഖ് യൂസുഫുല്‍ ഖറദാവി. ചിന്താ കാലുഷ്യങ്ങള്‍ നിറഞ്ഞ ഒരു ഘട്ടത്തില്‍ അദ്ദേഹം തന്റെതായ ഒരു ചിന്താരീതി വികസിപ്പിച്ചുകൊണ്ട് മുന്നോട്ടു പോയി. 'മധ്യമ / സന്തുലിത ചിന്ത' (വസത്വിയ്യ) എന്നാണ് അദ്ദേഹമതിനെ പേര് വിളിച്ചത്. വിശ്വാസത്തിലും രാഷ്ട്രീയത്തിലുമൊക്കെ ഈ മധ്യമ നിലപാട് സ്വീകരിക്കണം. രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ ഒരു സുവര്‍ണ പാതയുണ്ടെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു.
നമ്മുടെ പ്രിയങ്കരനായ ശൈഖ് ഉദിച്ചുയര്‍ന്നത് കാലഘട്ടത്തോട് ക്രിയാത്മകമായി പ്രതികരിക്കുന്ന അസ്ഹരി പണ്ഡിതനായിട്ടാണ്. അത്തരം പണ്ഡിതന്മാര്‍ അഭിമുഖീകരിച്ച പരീക്ഷണ ഘട്ടങ്ങളൊക്കെയും അദ്ദേഹവും അഭിമുഖീകരിച്ചു. രാഷ്ട്രീയത്തില്‍ ഇടപെട്ടതായിരുന്നു കാരണം. രാഷ്ട്രീയ പ്രവര്‍ത്തനം പക്ഷേ, ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ആഴത്തിലേക്ക് ഊളിയിട്ടു പോകുന്നതിന് അദ്ദേഹത്തിന് തടസ്സമായില്ല. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക തലങ്ങളിലേക്കെല്ലാം ആ ചിന്തയും അന്വേഷണവും കടന്നുചെന്നു. ജീവിതത്തെ അന്യവല്‍ക്കരിച്ച് അരികിലേക്ക് മാറ്റിനിര്‍ത്താനല്ല, മനുഷ്യാന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും സമുന്നത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഇസ്‌ലാം വന്നിട്ടുള്ളതെന്ന് സമര്‍ഥിച്ചു.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് കാലമായി അദ്ദേഹം നടത്തിയ പ്രത്യക്ഷ സമരങ്ങളെത്ര, ശീതസമരങ്ങളെത്ര! അത് ഒരു മഹാ വിജ്ഞാനകോശമായി നമുക്ക് മുമ്പിലുണ്ട്. അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം, ഫിഖ്ഹുസ്സകാത്ത്, ഫിഖ്ഹുല്‍ ജിഹാദ് പോലുള്ള കൃതികള്‍ ആ വിജ്ഞാനകോശത്തിലെ ചില ഏടുകള്‍ മാത്രം. ജിഹാദിനെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം ഇസ്‌ലാമിക ചരിത്രത്തില്‍ തന്നെ ആ വിഷയകമായി എഴുതപ്പെട്ട ഏറ്റവും വലിയ കൃതിയായിരിക്കും. ചരിത്രത്തിലുടനീളം, പ്രത്യേകിച്ച് കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി ഏറെ വികൃതമാക്കപ്പെടുകയും ദുര്‍വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്ന സംജ്ഞയാണല്ലോ ജിഹാദ്. അതിന്റെ പേരില്‍ എന്ത് ക്രൂരകൃത്യവും ആകാമെന്ന് വന്നു. ഈ ഘട്ടത്തിലാണ് രണ്ട് പണ്ഡിത പ്രതിഭകള്‍ ദീനിന് പ്രതിരോധമൊരുക്കുന്നതിനായി രംഗത്ത് വരുന്നത്; ശൈഖ് മുഹമ്മദുല്‍ ഗസാലിയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ശൈഖ് യൂസുഫുല്‍ ഖറദാവിയും. ഇസ്‌ലാമിനെ വികൃതമാക്കി അവതരിപ്പിക്കാന്‍ ശത്രുക്കള്‍ക്ക് കോപ്പുകളൊരുക്കുന്ന ആത്യന്തിക വാദികളുടെ കടന്നാക്രമണങ്ങളില്‍ നിന്നും, ആള്‍മാറാട്ടക്കാരുടെ കുതന്ത്രങ്ങളില്‍ നിന്നും, തീവ്രരുടെ തീവ്രതകളില്‍ നിന്നും രക്തദാഹികളുടെ വഴിതെറ്റലുകളില്‍നിന്നും ഈ ദര്‍ശനത്തെ കോട്ട കെട്ടി സംരക്ഷിച്ചു ഗുരുവും ശിഷ്യനും. ഇത്തരം തീവ്രതകളും ആത്യന്തികതകളും സമീപകാലത്ത് ആദ്യമായി തലപൊക്കിയത് ഈജിപ്തിലായിരുന്നല്ലോ. ഈ രണ്ട് പേരുടെയും രക്ഷാപ്രവര്‍ത്തനമില്ലായിരുന്നെങ്കില്‍ തീവ്ര-ഭീകര നെറ്റ്വര്‍ക്കുകള്‍ ഇസ്‌ലാമിനെ റാഞ്ചിയെടുത്തേനെ.
ഇമാം ഖറദാവിയുടെ ശിഷ്യന്‍മാരിലൊരാളാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഞങ്ങള്‍ സ്‌നേഹവും അഭിപ്രായങ്ങളും പങ്ക് വെച്ചു. നേരില്‍ കാണുന്നതിന് മുമ്പ് തന്നെ ഞാന്‍ അദ്ദേഹത്തെ ഒരുപാട് വായിച്ചിട്ടുണ്ടായിരുന്നു. നേരില്‍ കണ്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന ഭാവനാ ചിത്രം തകരുകയല്ല, കൂടുതല്‍ വെട്ടിത്തിളങ്ങുകയാണുണ്ടായത്. മറ്റൊരു മഹാ ചിന്തകന്‍ അള്‍ജീരിയക്കാരനായ മാലിക് ബിന്നബിയെ കണ്ടപ്പോഴും എനിക്ക് ഇതേ അനുഭവമുണ്ടായി. ഇവര്‍ക്ക് നല്ല പകരക്കാരെ നല്‍കി അല്ലാഹു ഇസ്‌ലാമിക സമൂഹത്തെ അനുഗ്രഹിക്കട്ടെ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ 2326
ടി.കെ ഉബൈദ്‌

ഹദീസ്‌

സമ്പാദ്യം സംശുദ്ധമാണോ?
കെ.പി ബഷീര്‍ ഈരാറ്റുപേട്ട