Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

കരച്ചിലടക്കാനാവാത്ത രാത്രി

ഉമര്‍ സുലൈമാന്‍

 

ഗ്രന്ഥഭാഗം /

നമ്മള്‍ സത്യവിശ്വാസികളുടെയെല്ലാം മാതാവ് ആഇശ (റ) (അല്ലാഹു അവരെ അനുഗ്രഹിക്കുമാറാകട്ടെ) - ആയിരക്കണക്കിന് ആഖ്യാനങ്ങളിലൂടെ ദൈവദൂതന്റെ പല പല ജീവിത ചിത്രങ്ങള്‍ നമുക്ക് കാണിച്ചു തന്നത് അവരാണ്. ആ വിവരണങ്ങളത്രയും നബിയുമായി അവര്‍ക്കുണ്ടായിരുന്ന ആഴത്തിലുള്ള ഹൃദയബന്ധത്തിന്റെ സാക്ഷ്യങ്ങളാണ്. വാക്ക് തര്‍ക്കങ്ങളും തമാശകളുമൊക്കെ അതിലുണ്ടാവും. പരസ്പര സ്‌നേഹത്തിന്റെ ആ സുന്ദര ജീവിത നിമിഷങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് അതിയായ താല്‍പര്യമുണ്ട്. പ്രവാചകന്റെ അനുയായികള്‍ക്കും ആ കഥകള്‍ പറഞ്ഞു കേള്‍ക്കാന്‍ വലിയ താല്‍പര്യമായിരുന്നു. പ്രവാചകന്‍ തന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം മാത്രമാവുമ്പോള്‍, എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റ ശീലങ്ങള്‍ എന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. സ്വഹാബികള്‍ക്ക് ശേഷമുള്ള തലമുറ (താബിഊന്‍)ക്കായിരുന്നു ഈ സംഭവ വിവരണങ്ങള്‍ കേള്‍ക്കാന്‍ ഏറെ ആവേശം. പ്രവാചകനോടൊപ്പം ജീവിക്കാന്‍ അവര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ലല്ലോ. ആ പില്‍ക്കാലക്കാര്‍ ആഇശ(റ)യുടെ അടുത്തുപോയി പല ചോദ്യങ്ങളും ചോദിക്കും. റസൂലിന്റെ സ്വകാര്യ ജീവിതം എങ്ങനെ എന്നാണവര്‍ക്ക് അറിയേണ്ടത്. ആ വിവരണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, താന്‍ ആഇശ(റ)യുടെ സന്നിധിയില്‍ ഇരിക്കുകയാണെന്ന് നിങ്ങള്‍ ഭാവനയില്‍ കാണാന്‍ ശ്രമിക്കണം.
വീട്ടിനകത്ത്, മനുഷ്യന്‍ എന്ന നിലക്ക് എങ്ങനെ പെരുമാറുന്നു എന്ന് അവര്‍ക്കറിയണം. മനുഷ്യാതീതമായി വല്ലതും പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ അതും അറിയണം. വീട്ടിനകത്ത് പ്രവാചകന്‍ എങ്ങനെ എന്ന് ചോദിക്കുമ്പോള്‍ ഇതൊക്കെയാണ് അവരുടെ മനസ്സിലുള്ളത്. അദ്ദേഹം വിശ്രമിക്കുന്നതും ഉറങ്ങുന്നതും നമ്മെപ്പോലെത്തന്നെയോ എന്നും അവര്‍ക്കറിയണം. മറ്റു മനുഷ്യരെപ്പോലെ ക്ഷീണം ആ ശരീരത്തെ ബാധിക്കാറുണ്ടോ? ഇതിനൊക്കെയുള്ള ആഇശ(റ)യുടെ മറുപടി, മറ്റു മനുഷ്യരെപ്പോലെത്തന്നെ അദ്ദേഹവും എന്ന് തന്നെ.
അദ്ദേഹം വീട്ടിലെത്തിയാല്‍ തന്റെ വസ്ത്രങ്ങള്‍ കഴുകും, അതില്‍ ചെള്ളോ മറ്റോ പറ്റിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അവയെ നീക്കും. ആടിനെ കറയ്ക്കും- ഇങ്ങനെ പല വീട്ടുപണികളും ചെയ്യും. തന്റെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് ഭക്ഷണം കൊടുക്കും; ഒട്ടകത്തെ കെട്ടും. അടിമകള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. മാവ് കുഴക്കാനും മറ്റും അവരെ സഹായിക്കും. പല വ്യഞ്ജനങ്ങള്‍ കൊണ്ടുവരിക അദ്ദേഹം തന്നെയായിരിക്കും. 'അദ്ദേഹം എപ്പോഴും കുടുംബത്തെ സഹായിച്ചുകൊണ്ടിരിക്കും' (കാന യകൂനു ഫീ മിഹ്‌നതി അഹ്‌ലിഹി) എന്നാണ് ആ സേവനങ്ങളെ ആഇശ (റ) പുകഴ്ത്തിയത്. 
വീട്ടിലായിരിക്കുമ്പോള്‍ റസൂല്‍ ഇടക്കിടെ തമാശകള്‍ പറയും എന്നും ആഇശ (റ) ഓര്‍ത്തെടുക്കുന്നുണ്ട്. പ്രവാചകന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അധിക തമാശകളും ആഇശ(റ)യോട് പറഞ്ഞിട്ടുള്ളതാണ്. അവരെ രസിപ്പിക്കാനും വീട് ആഹ്ലാദഭരിതമാക്കാനുമുള്ള തമാശകള്‍. ആഇശ(റ)യുടെ വിവരണങ്ങളില്‍, നിസ്സാരമെന്ന് തോന്നുന്ന വിശദാംശങ്ങള്‍ വരെ ഇടംപിടിക്കുന്നതായി കാണാം. ഒരിക്കല്‍ ആഇശ (റ) വെള്ളം കുടിച്ചപ്പോള്‍, കപ്പിന്റെ ഏത് ഭാഗത്താണ് ചുണ്ട് വെച്ചത് എന്ന് നബി (സ) ചോദിച്ചു. ആ ഭാഗം ചൂണ്ടിക്കാണിച്ചു കൊടുത്തപ്പോള്‍ അവിടെത്തന്നെ ചുണ്ട് വെച്ച് റസൂലും വെള്ളം കുടിച്ചു. ഈ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുമ്പോഴൊക്കെ മഹതി കരഞ്ഞുപോകുമായിരുന്നു. അതിഥി പരിചരണത്തെക്കുറിച്ചും അവരുടെ വിവരണമുണ്ട്. അതിഥികള്‍ക്ക് എല്ലാം എത്തിച്ചു നല്‍കുന്നത് റസൂല്‍ തന്നെയായിരിക്കും. വീട്ടിനകത്ത് മാറിനിന്ന് എല്ലാം നോക്കിക്കാണുകയല്ല; വളരെ ആക്ടീവായി എല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കും. പുറത്ത് എന്തെല്ലാം പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടെങ്കിലും, കുടുംബത്തിന് വേണ്ടി എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തിരിക്കും. ചെയ്യുന്നത് എപ്പോഴെങ്കിലുമായിരിക്കില്ല; എപ്പോഴുമായിരിക്കും. അക്കാര്യത്തില്‍ ഒരു വീഴ്ചയുമില്ല. ഇതൊക്കെ മുന്നില്‍ വെച്ചാണ്, 'റസൂലിന്റെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്ന് ആഇശ (റ) പറയുന്നത്. ഇതിനെക്കാള്‍ മനോഹരമായി എങ്ങനെയാണ് പ്രശംസിക്കാനാവുക!
പ്രവാചകന്‍ എന്ത് പഠിപ്പിച്ചുവോ ആ മൂല്യങ്ങളുടെ ആവിഷ്‌കാരമായിരുന്നു അവിടുത്തെ ജീവിതം. ഒരിക്കല്‍ ആഇശ (റ) പറഞ്ഞു: ''നിങ്ങള്‍ ഖുര്‍ആനിലെ 'ഖദ് അഫ്‌ലഹല്‍ മുഅ്മിനൂന്‍' മുതല്‍ 'ലി ഫുറൂജിഹിം ഹാഫിളൂന്‍' വരെ പാരായണം ചെയ്യുക. അതിനിടയില്‍ വരുന്ന ആയത്തുകളില്‍ പറയുന്നതാണ് റസൂലിന്റെ സ്വഭാവ ഗുണങ്ങള്‍.''
റസൂലിന്റെ ആരാധനാ കര്‍മങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ഇതുപോലെ, ആറ്റിക്കുറുക്കിയതും മനോഹരവുമായിരുന്നു ആഇശ(റ)യുടെ മറുപടി. റസൂലിന്റെ നമസ്‌കാരം- അതിന്റെ ബാഹ്യാനുഷ്ഠാനങ്ങള്‍ തന്നെ എത്ര മനോഹരം. അതിന്റെ ആന്തരിക ദീപ്തിയും ചൈതന്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതും. 'ആ നമസ്‌കാരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും ദൈര്‍ഘ്യത്തെക്കുറിച്ചും എന്നോട് ചോദിക്കാതിരിക്കൂ' എന്നാണ് ആഇശ (റ) പറയുന്നത്. ഒരാളുടെയും അനുഷ്ഠാനം അതിന് തുല്യമാവുകയില്ല എന്നര്‍ഥം. വിത്ര്‍ നമസ്‌കാരത്തിന് മുമ്പായി അങ്ങ് ഉറങ്ങാറില്ലേ എന്ന ചോദ്യത്തിന് റസൂലിന്റെ മറുപടി നോക്കൂ: 'ആഇശാ, എന്റെ കണ്ണുകളേ ഉറങ്ങുന്നുള്ളൂ; ഹൃദയം ഉറങ്ങുന്നില്ല.'
നിങ്ങള്‍ മഹതി ആഇശ(റ)യുടെ സന്നിധിയില്‍ ഇരിക്കുകയാണെന്ന് ഭാവന ചെയ്യുക. നിങ്ങള്‍ക്ക് അവരോട് തീര്‍ച്ചയായും ഒരു ചോദ്യം ചോദിക്കാനുണ്ടാകും: താങ്കളെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ, അസാധാരണവും അവിശ്വസനീയവുമായ റസൂലിന്റെ ആ സ്വഭാവ വിശേഷം എന്താണ്? സത്യമായും, ഇങ്ങനെയൊരു ചോദ്യം ആരോ അവരോട് ചോദിച്ചിരുന്നു. കേട്ടപാടെ അവര്‍ നിശ്ശബ്ദയായി, പിന്നെ കരയാന്‍ തുടങ്ങി (സകതത്ത് വ ബകത്ത്). കുറേ നേരം കരച്ചില്‍ തന്നെയായിരുന്നു. പിന്നെ ചിമിഴിലൊതുക്കിയ ഒരു മറുപടിയും: 'അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും അത്ഭുതകരം തന്നെയായിരുന്നു' (കാന കുല്ലു അംരിഹി അജബന്‍).
എല്ലാം അത്ഭുതകരമെങ്കിലും ഒരു രാത്രി, തന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം അവര്‍ പ്രത്യേകം ഓര്‍മിക്കുന്നുണ്ട്. ആ രാത്രി റസൂല്‍ മുറിയിലേക്ക് വന്ന് ആഇശ(റ)യെ തൊട്ടുരുമ്മി കിടന്നു. എന്നിട്ട് ചോദിച്ചു: 'ആഇശാ, ഇന്ന് രാത്രി ഞാന്‍ എന്റെ നാഥന് വേണ്ടിയുള്ള ഇബാദത്തുകളില്‍ മുഴുകാന്‍ ആഗ്രഹിക്കുന്നു. നീ എനിക്ക് അനുവാദം തരുമോ?' അപ്പോള്‍ രാത്രിയുടെ ആദ്യ യാമമാണ്. ആ സമയത്ത് ഉറങ്ങി പിന്നെ നമസ്‌കരിക്കാനായി രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേല്‍ക്കുക- ഇതാണ് പ്രവാചകന്റെ രീതി. ഈ മുഴുസമയവും ആരാധനയില്‍ മുഴുകുന്നതിനായി  അന്ത്യറസൂല്‍ തന്റെ ഭാര്യയുടെ അനുവാദത്തിനായി കാത്തിരിക്കുകയാണ്! ആഇശ(റ)യുടെ മറുപടി നോക്കൂ:
''അല്ലാഹുവാണ, താങ്കളുടെ സാമീപ്യം എനിക്ക് ഇഷ്ടമാണ്; താങ്കളെ സന്തോഷിപ്പിക്കുന്നതെന്തോ അതും എനിക്ക് ഇഷ്ടമാണ്.'' ആ സാമീപ്യം താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇബാദത്തുകളില്‍ മുഴുകുന്നതാണ് താങ്കള്‍ക്ക് സന്തോഷം പകരുന്നതെങ്കില്‍ താങ്കള്‍ക്ക് അനുവാദം തന്നിരിക്കുന്നു എന്നര്‍ഥം. അങ്ങനെ റസൂല്‍ വുദൂവെടുത്ത് നമസ്‌കാരം തുടങ്ങി. ആ നമസ്‌കാരത്തില്‍ റസൂല്‍ വല്ലാതെ കരഞ്ഞു. താടിരോമങ്ങളെ കണ്ണുനീര്‍ നനയിച്ചു. പ്രവാചകന്റെ എത്രയോ രാത്രി നമസ്‌കാരങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട് ആഇശ (റ). ആ ചെറിയ മുറിയില്‍ സുജൂദ് ചെയ്യാന്‍ ഇടമില്ലാതിരിക്കുമ്പോള്‍, ഉറങ്ങിക്കൊണ്ടിരിക്കുന്ന ആഇശയുടെ കാലില്‍ മൃദുവായി തട്ടി അല്‍പ്പമൊന്ന് നീങ്ങിക്കിടക്കാന്‍ സൂചന നല്‍കാറുണ്ടായിരുന്നു. ഈ രാത്രി റസൂലിന്റെ കരച്ചില്‍ നില്‍ക്കുന്നില്ലല്ലോ. സുജൂദ് ചെയ്യുന്ന സ്ഥലം വരെ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നു. ആഇശ(റ)ക്ക് പേടിയായി. കാര്യമായ മറ്റു വല്ല പ്രശ്‌നങ്ങളുമുണ്ടോ? അവര്‍ റസൂലിനോട് ചോദിക്കുകയും ചെയ്തു: 'എന്തിനാണ് ഇങ്ങനെ കരയുന്നത്? കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ പാപങ്ങളെല്ലാം അല്ലാഹു അങ്ങേക്ക് പൊറുത്ത് തന്നതല്ലേ?'
റസൂലിന്റെ മറുപടി വികാര തീവ്രമായിരുന്നു: 'ഞാന്‍ നന്ദിയുള്ള അടിമയും ദാസനുമാകേണ്ടേ? ഇന്ന് രാത്രി എനിക്ക് ഒരു സൂക്തം അവതരിച്ചിരിക്കുന്നു. ആ സൂക്തം പാരായണം ചെയ്ത് അതേക്കുറിച്ച് ആലോചിക്കാത്തവന്‍ തുലഞ്ഞിരിക്കുന്നു.' ആ സൂക്തം ഏതാണെന്നും അവിടുന്ന് പറഞ്ഞു: അല്‍ബഖറ അധ്യായത്തിലെ 164-ാം സൂക്തം. ഇന്നഫീ ഖല്‍ഖിസ്സമാവാത്തി വല്‍ അര്‍ദി....
ആഇശ (റ) യഥാര്‍ഥത്തില്‍ ദൈവാസ്തിക്യത്തിന്റെ ഒരു പ്രത്യക്ഷ തെളിവ് തന്റെ കണ്‍മുന്നില്‍ കാണുകയായിരുന്നു. ആ തെളിവ് മറ്റൊന്നുമല്ല, തിരുദൂതര്‍ തന്നെ. ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഓര്‍ത്തും ചിന്തിച്ചുമാണ് ആ രാത്രി മുഴുവന്‍ റസൂല്‍ കരഞ്ഞത്. അത്ര ഭാവ തീവ്രമായി പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും നാമും തയാറാകേണ്ടതല്ലേ? 
(ഉമര്‍ സുലൈമാന്‍ എഴുതിയ മീറ്റിംഗ് മുഹമ്മദ് (2022) എന്ന കൃതിയില്‍ നിന്ന്. കുബെ പബ്ലിഷിംഗ് ലിമിറ്റഡ്, യു.കെ).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി