Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര്‍ 30

3270

റബീഉല്‍ അവ്വല്‍ 04

ഇസ്‌ലാമിന്റെ നവലോകം വരും

ഡോ. യൂസുഫുല്‍ ഖറദാവി  pkjamalkkd@gmail.com

മനസ്സിന് സന്തോഷവും ആഹ്ലാദവും നല്‍കുന്ന വാര്‍ത്തകളും വചനങ്ങളും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട കെട്ടകാലത്താണ് നാം ജീവിക്കുന്നത്. ജനഹൃദയങ്ങളില്‍ സന്തോഷമുളവാക്കുന്ന കാര്യങ്ങള്‍ പറയണമെന്നും അലോസരമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയരുതെന്നും കല്‍പിക്കപ്പെട്ടവരാണ് നാം. അതുപോലെ ജനങ്ങള്‍ക്ക് എളുപ്പമുണ്ടാക്കാനും അവര്‍ക്ക് ഞെരുക്കമുണ്ടാക്കാതിരിക്കാനും നാം അനുശാസിക്കപ്പെട്ടിരിക്കുന്നു. മുആദുബ്‌നു ജബലിനെയും അബൂമൂസല്‍ അശ്അരിയെയും യമനിലേക്ക് അയച്ചപ്പോള്‍ നബി ഹ്രസ്വമായ, എന്നാല്‍ സമഗ്രമായ ഉപദേശം നല്‍കി: ''നിങ്ങളിരുവരും കാര്യങ്ങള്‍ എളുപ്പമാക്കണം, ഞെരുക്കമുാക്കരുത്. ഇരുവരും ജനങ്ങള്‍ക്ക് സന്തോഷം പകരണം. അവരില്‍ വെറുപ്പുളവാക്കരുത്. രണ്ട് പേരും ഒരുമിച്ചു നില്‍ക്കണം, ഭിന്നിക്കരുത്.'' മുആദിനും അബൂമൂസല്‍ അശ്അരിക്കും നല്‍കിയ ഉപദേശമാണ് മുസ്‌ലിം സമൂഹത്തിന് പൊതുവിലും നബി നല്‍കിയതെന്ന് നബി(സ)യുടെ പരിചാരകനും സന്തത സഹചാരിയുമായ അനസുബ്‌നു മാലിക്(റ) ഓര്‍ക്കുന്നു: ''നിങ്ങള്‍ കാര്യങ്ങള്‍ ലളിതമാക്കണം; സങ്കീര്‍ണമാക്കരുത്. നിങ്ങള്‍ സന്തോഷം ഉളവാക്കണം; വെറുപ്പ് സൃഷ്ടിക്കരുത്.''
മുസ്‌ലിംകള്‍ പൊതുവിലും, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ പ്രത്യേകിച്ചും ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ദശാസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിരാശക്കും മോഹഭംഗത്തിനും നിമിത്തമാകുന്ന സംഭവങ്ങളാണ് ഇന്ന് ഏറെയും. മനസ്സുകള്‍ നിരാശക്കും മോഹഭംഗത്തിനും അടിപ്പെട്ടാല്‍ കരുത്ത് ചോര്‍ന്നുപോകും. ഇച്ഛാശക്തി ഇല്ലാതാകും. ആശകളും പ്രതീക്ഷകളും അസ്തമിക്കും. ഈ മൂല്യങ്ങളാണല്ലോ കര്‍മവീര്യം പകര്‍ന്ന് മനുഷ്യനെ ചലിപ്പിക്കുന്നതും നിതാന്ത പരിശ്രമങ്ങളര്‍പ്പിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതും.
ഇസ്‌ലാമിക നവജാഗരണത്തെയും ഇസ്‌ലാമിക പ്രസ്ഥാനത്തെയും നിശ്ചേതനമാക്കാന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പ്രയോഗിക്കുന്ന മനഃശാസ്ത്രപരമായ രീതിയാണ് നിരാശയും മോഹഭംഗവും സൃഷ്ടിക്കല്‍. നിരാശാബോധം വളര്‍ത്തി മനസ്സുകളില്‍ മാരക പ്രഹരമേല്‍പിച്ചാല്‍ ഇസ്‌ലാമിന്റെ വെളിച്ചം കെടുത്തിക്കളയാമെന്നാണ് അവര്‍ വ്യാമോഹിക്കുന്നത്. പ്രസ്ഥാനത്തെ നിശ്ചലമാക്കാനും നവോത്ഥാനത്തിന്റെ പുത്തന്‍ ഉണര്‍വിനെ കൊല്ലാക്കൊല ചെയ്യാനും അങ്ങനെ തങ്ങള്‍ക്കാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. അതിന് ചില മുസ്‌ലിം ഭരണാധികാരികളുടെ സഹായവും അവര്‍ തേടി. ഇസ്‌ലാമിക നവജാഗരണത്തെക്കുറിച്ച് അവര്‍ ഭരണാധികാരികളുടെ ഉള്ളില്‍ ഭീതി ജനിപ്പിച്ചു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കെതിരില്‍ പടനയിക്കാന്‍ ഭരണാധികാരികളെ അവര്‍ പ്രേരിപ്പിച്ചു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തേതുന്നെ് അവരെ വിശ്വസിപ്പിച്ചു. ദുഃഖകരമെന്ന് പറയട്ടെ, ആ ഭരണാധികാരികള്‍ ശത്രുക്കളുടെ ആജ്ഞാനുവര്‍ത്തികളായി മാറുകയായി. ഇസ്‌ലാമിന്റെ വിജയത്തെ ഭയപ്പാടോടെ അവര്‍ കു. ഇസ്‌ലാമിന്റെ വിജയം തങ്ങളുടെ കാമനകള്‍ക്ക് കടിഞ്ഞാണിടുമെന്നും അവിഹിത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുമെന്നും തങ്ങളെ കുറ്റവിചാരണക്ക് വിധേയമാക്കാന്‍ ജനകോടികളെ ധൃഷ്ടരാക്കുമെന്നും അവര്‍ ഭയപ്പെട്ടു.
ഇസ്‌ലാം വിരുദ്ധ ശക്തികള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഒരു മനഃശാസ്ത്രയുദ്ധം പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു നല്ല നാളെയെക്കുറിച്ച പ്രതീക്ഷയും ഭാസുര ഭാവിയെ സംബന്ധിച്ച പ്രത്യാശയുമില്ലാതെ നിരാശയില്‍ കഴിയുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനാവശ്യമായ വിഷലിപ്തമായ പ്രചാരവേലകള്‍ തുടങ്ങിക്കഴിഞ്ഞു. ആദര്‍ശ പ്രതിബദ്ധതയില്ലാതെ ചാഞ്ചാടുന്ന ഹൃദയങ്ങളെയാണ് പ്രചാരണങ്ങള്‍ സ്വാധീനിക്കുന്നത്. കൂലിയെഴുത്തുകാരാണ് ആ യുദ്ധം നയിക്കുന്നത്. ഇസ്‌ലാമികമായ എന്തിനെയും വികൃതമാക്കി ചിത്രീകരിക്കാനും താറടിക്കാനും ആരോപണങ്ങള്‍ ഉന്നയിച്ച് നശിപ്പിക്കാനും ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണവര്‍. ഇസ്‌ലാമിക പ്രബോധകരും നവജാഗരണത്തിന്റെ വക്താക്കളും അവരുടെ കണ്ണില്‍ തീവ്രവാദികളാണ്, ഭീകരന്മാരാണ്, വിധ്വംസക ശക്തികളാണ്, മതമൗലിക വാദികളാണ്. ഇസ് ലാം വിശ്വാസവും ആദര്‍ശവും ശരീഅത്തുമാണ്, അത് ജീവിത പദ്ധതിയും രാഷ്ട്ര നിയമസംഹിതയുമാണ്, ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണവുമാണ് എന്നാരെങ്കിലും പറഞ്ഞാല്‍ അത് മതരാഷ്ട്രവാദമായി! എന്നാല്‍ ഒന്നോര്‍ക്കുക, യഥാര്‍ഥ ഇസ്‌ലാമിന് രാഷ്ട്രീയമാവാതെ തരമില്ല.
ശത്രുതാപരമായ ആക്രമണങ്ങളെ ശക്തമായ ആയുധംകൊണ്ട് ചെറുക്കേണ്ടത് നമ്മുടെ കടമയാണ്. ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച് നാം പ്രതീക്ഷ നല്‍കേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ഭാസുര ഭാവിയെക്കുറിച്ച പ്രത്യാശകള്‍ക്ക് ജീവന്‍ പകരേണ്ടതുണ്ട്. മോഹഭംഗത്തിന്റെ കാര്‍മേഘങ്ങള്‍ അകറ്റുകയും നിരാശയുടെ കൂരിരുട്ടിനെ ഭേദിക്കുകയും ചെയ്യുന്ന, പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങള്‍ പുതിയ തലമുറയുടെ ഹൃദയത്തില്‍ ജ്വലിപ്പിച്ചു നിര്‍ത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
മതനിഷ്ഠയുള്ള പലരിലും 'അന്ത്യനാളി'നെ ക്കുറിച്ച കുഴമറിഞ്ഞ കാഴ്ചപ്പാടുകളാണുള്ളത്. സമുദായത്തിന്റെ ഭാവി അവരുടെ കണ്ണില്‍ ഇരുളടഞ്ഞതാണ്. അന്ത്യനാളിനോടനുബന്ധിച്ച ഫിത്‌നകള്‍, യുദ്ധങ്ങള്‍, ഖിയാമത്തിന്റെ അടയാളങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വന്ന ചില ഹദീസുകള്‍ തെറ്റായി വായിക്കുകയും അശുഭചിന്തകള്‍ വളര്‍ത്തുകയും ചെയ്തതാണ് വിഹ്വല ചിന്തകള്‍ ഉടലെടുക്കാന്‍ കാരണമായത്. ഇത്തരം ധാരണകളൊന്നും ശരിയല്ല. പലര്‍ക്കും അറിയാത്ത സന്തോഷ സൂചകമായ പല വചനങ്ങളുമു്. അവ വെളിച്ചത്ത് കൊണ്ടുവരേണ്ടതാവശ്യമാണ്. ഖുര്‍ആന്‍, സുന്നത്ത്, ചരിത്രം, വര്‍ത്തമാനകാല അനുഭവങ്ങള്‍, മാറ്റമോ വ്യതിയാനമോ ഇല്ലാത്ത അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ എന്നിവ അവലംബമാക്കിയാവണം ഈ ദൗത്യം പൂര്‍ത്തീകരിക്കേണ്ടത്.
ഓരോ പ്രബോധകന്നും അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരിക്കണം. അപഭ്രംശത്തിന്റെയും അവിശ്വാസത്തിന്റെയും അടയാളമായ നിരാശയില്‍നിന്ന് മുക്തനായി, ഇസ്‌ലാമിന്റെ ശോഭനമായ ഭാവിയെ സംബന്ധിച്ച നിറഞ്ഞ പ്രതീക്ഷയും പ്രത്യാശയും പുലര്‍ത്തി മുന്നോട്ടു ഗമിക്കേണ്ടവനാണ് പ്രബോധകന്‍. ഇസ്‌ലാമിന് സ്വാധീനമുള്ള നന്മനിറഞ്ഞ നവലോകം സാധ്യമാണ്.
ഇമാം ഹസനുല്‍ ബന്നയെ ഞാന്‍ അങ്ങനെയാണ് കണ്ടിട്ടുള്ളത്. ക്ലേശപൂര്‍ണമായ സന്ദിഗ്ധ സന്ദര്‍ഭങ്ങളില്‍ പോലും ആശയുടെ തിരിനാളങ്ങള്‍ ആ ഹൃദയത്തില്‍ കെടാതെ തിളങ്ങി. പ്രതീക്ഷയും പ്രത്യാശയും ഉജ്ജീവിപ്പിക്കുന്ന എത്രയെത്ര പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്! എന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന ഒരു വാക്യമുണ്ട്: ''ഇന്നത്തെ യാഥാര്‍ഥ്യങ്ങള്‍ ഇന്നലെ കണ്ട സ്വപ്‌നങ്ങളാണ്. ഇന്നത്തെ സ്വപ്‌നങ്ങള്‍ നാളത്തെ യാഥാര്‍ഥ്യങ്ങളാണ്.''
ശഹീദ് സയ്യിദ് ഖുത്വുബ് തന്റെ ഒരു കൃതിക്ക് പേരിട്ടത് ഇസ്‌ലാം നാളെയുടെ മതം (അല്‍ മുസ്തഖ്ബിലു ലി ഹാദദ്ദീന്‍) എന്നാണ്. ഇങ്ങനെ വേണം മൗലികതയുള്ള പ്രബോധകര്‍.
അതിനാല്‍ നമുക്ക് പുളകം കൊള്ളാം, സന്തോഷിക്കാം, നല്ലത് പ്രതീക്ഷിക്കാം.... ''അവരോട് പറയുക: അല്ലാഹുവിന് മാത്രമാകുന്നു സര്‍വ സ്തുതിയും. അടുത്ത് തന്നെ തന്റെ ദൃഷ്ടാന്തങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരും. അപ്പോള്‍ നിങ്ങള്‍ അറിയുകയും ചെയ്യും. നിന്റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കര്‍മങ്ങളെക്കുറിച്ച് ബോധമില്ലാത്തവനല്ല തന്നെ.'' (അന്നംല് 93). 
വിവ: പി.കെ ജമാല്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-19-22

ഹദീസ്‌

'നായകളും ഒരു സമുദായമാണ്'
അബ്ദുല്ലത്വീഫ് കൊടുവള്ളി