Prabodhanm Weekly

Pages

Search

2012 ജൂണ്‍ 2

വിദ്യാഭ്യാസ ഭാരം

ണ്ടുകാലത്ത് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിലും ആളുകള്‍ കുടുംബ പശ്ചാത്തലത്തില്‍ നിന്നും സാമൂഹിക ചുറ്റുപാടില്‍നിന്നും സാമാന്യമായ മാനവിക പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. അന്ന് ഒരു സാധാരണ മനുഷ്യനാകാന്‍ അക്ഷരജ്ഞാനം അനിവാര്യമായിരുന്നില്ല. ഇന്നത്തെ കുടുംബ-സാമൂഹിക സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. വളരുന്ന തലമുറ അപമാനവീകരിക്കപ്പെടാതിരിക്കാനും മാനവികത നിലനിര്‍ത്താനും വ്യവസ്ഥാപിത വിദ്യാഭ്യാസം അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. ഇന്ത്യാ രാജ്യം സെക്കന്ററിതലം വരെയുള്ള വിദ്യാഭ്യാസം മൗലികാവകാശങ്ങളിലൊന്നായി പരിഗണിക്കുകയും ഓരോ പൗരനും അത് നിര്‍ബന്ധമാക്കുകയും വിദ്യാഭ്യാസം സാധ്യമാകുന്ന സാഹചര്യങ്ങളൊരുക്കേണ്ടത് സര്‍ക്കാര്‍ ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രൈമറി വിദ്യാലയങ്ങള്‍ പോലും കാണാനവസരം ലഭിക്കാതെ ക്ലിഷ്ടമായ കായികാധ്വാനങ്ങളില്‍ ഹോമിക്കപ്പെടുന്ന ഇന്ത്യന്‍ ബാല്യങ്ങള്‍ എണ്ണമറ്റതാണ്. താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരമുള്ള സാക്ഷര കേരളത്തിനു പോലും ബാലവേല പൂര്‍ണമായി ഇല്ലാതാക്കാനായിട്ടില്ല.
നല്ല നല്ല നയങ്ങളും പരിപാടികളും കടലാസില്‍ എഴുതിവെച്ചതുകൊണ്ട് വിശേഷമൊന്നുമില്ല. അവ വേണ്ടവണ്ണം നടപ്പിലാക്കപ്പെടുമ്പോഴേ പൗരാവകാശങ്ങള്‍ സാക്ഷാത്കരിക്കപ്പെടൂ. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞു കൂടാ. സര്‍ക്കാര്‍ വക സൗജന്യ വിദ്യാലയങ്ങള്‍, കുട്ടികള്‍ക്ക് ഉച്ചഭക്ഷണം, പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പലതരം പദ്ധതികള്‍ ഒക്കെയുണ്ട്. ഇതൊന്നും പക്ഷേ വേണ്ടത്ര കാര്യക്ഷമമാകുന്നില്ല. അടുത്ത കാലം വരെ ഏറ്റം ശോചനീയമായിരുന്നു സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം. ഗവണ്‍മെന്‍ിന്റെ കെടുകാര്യസ്ഥതയും അധ്യാപകരുടെ അശ്രദ്ധയുമാണതിനു കാരണം. സര്‍ക്കാര്‍ സ്‌കൂളുകളിലയച്ചാല്‍ കുട്ടികളുടെ ഭാവി ഗുണം പിടിക്കില്ല എന്നൊരു ധാരണ സാധാരണക്കാരില്‍ സൃഷ്ടിക്കപ്പെടാനിടയായി. ഈ അവസരം മുതലാക്കാന്‍ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ മുന്നോട്ടുവന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ വ്യാപനം സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്, അല്ല അവയിലെ ജീവനക്കാര്‍ക്ക് വന്‍ ഭീഷണിയായപ്പോള്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, സാധാരണക്കാരുടെ വിശ്വാസം വീണ്ടെടുക്കാന്‍ അവക്ക് കഴിയുന്നില്ല. സി.ബി.എസ്.ഇ-അണ്‍ എയ്ഡഡ്- ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലാണ് ജനത്തിന്റെ പ്രതീക്ഷ. വിദ്യാഭ്യാസം സ്വകാര്യവത്കരിച്ച് ആ മേഖലയില്‍നിന്ന് പൂര്‍ണമായി പിന്മാറാനാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നില്ല. നിലവിലുള്ളവയില്‍ വേണ്ടത്ര അധ്യാപകരോ മറ്റു സൗകര്യങ്ങളോ ഇല്ല. എന്നിട്ടും അവ മെച്ചപ്പെട്ടുവരുന്നുവെങ്കില്‍ അത് ജീവനക്കാരുടെയും രക്ഷിതാക്കളുടെയും ഉത്സാഹം കൊണ്ടാണ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അപര്യാപ്തതകളും മക്കളുടെ ഭാവി സംബന്ധിച്ച സ്വപ്നങ്ങളും ചേര്‍ന്ന് കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്തു പഠിപ്പിക്കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിതരാക്കുകയാണിപ്പോള്‍. രണ്ടു പതിറ്റാണ്ട് മുമ്പു വരെ സ്‌കൂള്‍ വിദ്യാഭ്യാസം കുടുംബ ബജറ്റിലെ കാര്യമായ ഒരിനമായിരുന്നില്ല. ഏതാനും പുസ്തകങ്ങളും അതടുക്കിക്കെട്ടാന്‍ ഒരു റബര്‍ ബാന്റും ഒരു പെന്നും പെന്‍സിലുമുണ്ടായാല്‍ അത്യാവശ്യ വിദ്യാഭ്യാസോപകരണങ്ങളായി. ഇന്ന് സ്‌കൂള്‍ വിദ്യാഭ്യാസം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ദുര്‍വഹമായ ഭാരമായിത്തീര്‍ന്നിരിക്കുന്നു. എല്‍.കെ.ജി അഡ്മിഷനു പോലും ലക്ഷങ്ങള്‍ വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. മാസാന്ത ഫീസ്, വാഹനച്ചെലവ്, പുസ്തകം, ബാഗ്, യൂനിഫോം എല്ലാറ്റിനും തീ പിടിച്ച വിലയാണ്. രണ്ടോ മൂന്നോ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുവെങ്കില്‍ രക്ഷിതാവ് ജൂണ്‍ മാസത്തില്‍ ഒരു വന്‍തുക തന്നെ കൈയില്‍ കരുതണം. ചെറുകിടക്കാര്‍ കടത്തില്‍ മുങ്ങിപ്പോകുന്നു. മുതുകില്‍ ഭാരിച്ച പുസ്തകച്ചാക്കും ചുമന്നാണ് ഓരോ കുഞ്ഞും സ്‌കൂളിലെത്തുന്നത്. വിദ്യാഭ്യാസം പൗരന്റെ പ്രാഥമികാവകാശവും ബാധ്യതയുമാണെന്ന് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ കരുതുന്നുണ്ടെങ്കില്‍ കുടുംബങ്ങളുടെ വിദ്യാഭ്യാസ ഭാരം ലഘൂകരിക്കുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്.സ്വകാര്യ വിദ്യാലയങ്ങള്‍ അനുവദിക്കുന്നവര്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. വിദ്യാലയങ്ങളൊരുക്കുന്ന സൗകര്യങ്ങളോടൊപ്പം അതിന്റെ പേരില്‍ രക്ഷിതാക്കളില്‍ വന്നുചേരുന്ന സാമ്പത്തിക ഭാരവും പരിശോധിക്കപ്പെടണം. പൊതു വിദ്യാലയങ്ങള്‍ കുറഞ്ഞും സ്വകാര്യ വിദ്യാലയങ്ങള്‍ വര്‍ധിച്ചും വരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളുടെ മുതുകില്‍ വിദ്യാഭ്യാസത്തിന്റെ അമിതമായ സാമ്പത്തിക ഭാരം അടിച്ചേല്‍പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ യുക്തമായ നടപടികളെടുത്തേ തീരൂ. ഇല്ലെങ്കില്‍ കേരളം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാഭ്യാസ പുരോഗതി അധികം വൈകാതെ രോഗാതുരമായിത്തീരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം