Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഇസ്‌ലാമിക വിപ്ലവത്തിന്റെ ദാര്‍ശനികാടിത്തറ

ഡോ. ആര്‍ യൂസുഫ്   yusufrahath@gmail.com

സമകാലിക ലോകത്ത് ഒരു ജീവിത ദര്‍ശനമെന്ന നിലയില്‍ ഇസ്‌ലാമിന്റെ സാധ്യതയും പ്രസക്തിയും സധൈര്യം അടയാളപ്പെടുത്തി എന്നതാണ് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. വര്‍ത്തമാന കാല സാമൂഹിക സംവാദങ്ങളില്‍ അവഗണിക്കാനാവാത്ത ഒരു ദര്‍ശനമായി ഇസ്‌ലാം കൈവരിച്ചിരിക്കുന്ന ഇടം മൗദൂദി നിര്‍വഹിച്ച ദൗത്യം മാറ്റിനിര്‍ത്തി ചര്‍ച്ച ചെയ്യുക അസാധ്യമാണ്. ഇക്കാര്യം ബോധ്യപ്പെടണമെങ്കില്‍ ഒരു നൂറ്റാണ്ട് മുമ്പുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യവും അക്കാലത്ത് ഇസ്‌ലാമിനുണ്ടായ സാമൂഹിക പ്രതിനിധാനവും വിലയിരുത്തേണ്ടിവരും.
മുസ്‌ലിം നാടുകള്‍ പുരോഗതിയും സമൃദ്ധിയും കൈവരിക്കണമെങ്കില്‍ പരമ്പരാഗത മൂല്യങ്ങളെയും മതത്തെയും കൈയൊഴിയുകയോ സാമൂഹിക ജീവിതത്തില്‍ നിന്ന് അവയെ മാറ്റിനിര്‍ത്തുകയോ ചെയ്യണമെന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്ലിം ലോകത്ത് നിലനിന്ന മുഖ്യമായ ഒരു നിലപാട്. ഇത്തരമൊരു നിലപാട് സ്വാഭാവികമായും രൂപപ്പെട്ട ഒന്നായിരുന്നില്ല. വ്യക്തവും ശക്തവുമായ പ്രത്യയശാസ്ത്ര അടിത്തറയും താര്‍ക്കിക യുക്തിയും അതിന്റെ പിന്നിലുണ്ടായിരുന്നു.  സര്‍വ പുരോഗതിയും കൈവരിച്ചു എന്ന് അക്കാലത്ത് വിലയിരുത്തപ്പെട്ട പാശ്ചാത്യ കോളനി യജമാനന്മാരുടെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ താര്‍ക്കിക യുക്തി രൂപപ്പെട്ടത്. യൂറോപ്പിന്റെ പുരോഗതിക്കും സമൃദ്ധിക്കുമുള്ള കാരണം കണ്ടെത്താനുള്ള ചര്‍ച്ചകള്‍ യൂറോപ്പിന്റെ ഭൂതകാലത്തെ കുറ്റവിചാരണ ചെയ്തുകൊണ്ടാണ് അക്കാലത്ത് മുന്നേറിയത്. ഈ കുറ്റവിചാരണയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടത് പരമ്പരാഗത മതമായ ക്രിസ്തു മതമായിരുന്നു. ക്രിസ്തു മതത്തിന് അധികാരവും ആധിപത്യവുമുള്ള ഭൂതകാല യൂറോപ്പ് ഇരുണ്ടതും പിന്നാക്കവുമായിരുന്നു. വരണ്ട സാമൂഹിക ആചാരങ്ങളാണ് അക്കാലത്തുണ്ടായിരുന്നത്. ജന്മിമാരുടെ തേര്‍വാഴ്ചയും പ്രഭുകുമാരന്മാരുടെ ക്രൂരതയും നിറഞ്ഞ രക്തപങ്കിലമായ രാഷ്ട്രീയ ഘടനയായിരുന്നു നിലനിന്നത്. സ്വതന്ത്രാന്വേഷണങ്ങളും സ്വതന്ത്ര ചിന്തയും വിലക്കപ്പെട്ടു അന്ന്. ശാസ്ത്രകാരന്മാരും അന്വേഷണ കുതുകികളും കുപ്രസിദ്ധമായ കുറ്റവിചാരണക്കോടതികളില്‍ ക്രൂരമായ വിചാരണ നേരിട്ടു. ഈ ഇരുണ്ട ഭൂതകാലത്ത് നിന്ന് യൂറോപ്പിന് പുറത്തു കടക്കാനായത് മതത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും മാറ്റിനിര്‍ത്തി യുക്തിക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു ഘടനയിലേക്ക് അവര്‍ മാറിയത് കാരണമാണ്. അതോടു കൂടിയാണ് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, പിന്നാക്കാവസ്ഥയില്‍ നിന്ന് മുന്നാക്കാവസ്ഥയിലേക്ക്, അധോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് യൂറോപ്പിന് സഞ്ചരിക്കാനായത്. ഇതായിരുന്നു  മതത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അക്കാലത്ത് രൂപപ്പെട്ട രാഷ്ട്രീയ-സാമൂഹിക സംവാദങ്ങളുടെ രത്‌നച്ചുരുക്കം. മനുഷ്യയുക്തിക്ക് വഴങ്ങാത്തതെല്ലാം നിരാകരിക്കപ്പെടണം എന്ന 'പ്രബുദ്ധതാ യുക്തി'യാണ് യൂറോപ്പിന്റെ രക്ഷകനായത് എന്നതാണ് ഈ അവകാശവാദത്തിന്റെ മര്‍മം. മതത്തിനും മതമൂല്യങ്ങള്‍ക്കുമെതിരെയുള്ള പ്രബുദ്ധതാ കാലഘട്ടം മുതല്‍ തുടര്‍ന്നു വന്ന വിമര്‍ശന സംവാദങ്ങള്‍ക്ക് ദാര്‍ശനിക പിന്‍ബലം നല്‍കിയ ആശയങ്ങളായിരുന്നു പടിഞ്ഞാറ് തന്നെ പില്‍ക്കാലത്ത് വികസിച്ച സെക്യുലരിസവും മുതലാളിത്തവും കമ്യൂണിസവും.

മതവും മതേതര നാഗരികതയും

പാശ്ചാത്യ നാഗരികതയുടെ ഏറ്റവും മൗലികമായ സംഭാവനകളില്‍ ഒന്നായാണ് മതേതരത്വം വിലയിരുത്തപ്പെടാറുള്ളത്. മതപരമായി വിശുദ്ധമെന്ന നിലയില്‍ ആദരിക്കപ്പെടുന്ന എല്ലാറ്റിനെയും നിരാകരിക്കുക എന്നതാണ് സെക്യുലരിസത്തിന്റെ അടിസ്ഥാനം. ഏറ്റവും ചുരുങ്ങിയത് ലൗകിക ജീവിതത്തിന്റെ മര്‍മപ്രധാന ഇടമായ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ ഇടപെടാനുള്ള മതത്തിന്റെ അര്‍ഹതയെ സെക്യുലരിസം നിഷേധിക്കുന്നു. ക്രൈസ്തവ മതത്തെ സാമൂഹിക മേഖലയില്‍ ഇടപെടാനാവാത്ത ഒരാചാര മതമാക്കി മാറ്റിയത് സെക്യുലരിസത്തിന്റെ വിജയമാണെന്നും അതു കാരണമാണ് യൂറോപ്പിന് സര്‍വതോമുഖമായ പുരോഗതി കൈവരിക്കാനായത് എന്നും വാദിക്കുന്നവരുണ്ട്. ജെ.എല്‍ ടാല്‍മനെ പോലുള്ള പാശ്ചാത്യ ഗ്രന്ഥകാരന്മാര്‍, പതിനെട്ടാം നൂറ്റാണ്ടിലുണ്ടായ എല്ലാ സാമൂഹിക പുരോഗതിയുടെയും അടിസ്ഥാനം അന്നേവരെ അപ്രമാദിത്വം കല്‍പ്പിച്ചു പോന്ന മതമൂല്യങ്ങള്‍ പ്രകൃതിവിരുദ്ധമാണെന്ന് കണ്ടെത്തിയതാണെന്നും, തുടര്‍ന്ന് പ്രകൃതിക്കും യുക്തിക്കും ഇണങ്ങുന്നതും ബോധപൂര്‍വം വികസിപ്പിച്ചെടുത്തതും സര്‍വാംഗീകൃതവുമായ ഒരു പുതിയ ഘടനക്ക് തങ്ങള്‍ വിധേയമാകേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതാണെന്നും രേഖപ്പെടുത്തുന്നത് ഒരു ഉദാഹരണം.  ഈ മാറ്റത്തെ യൂറോപ്പിലെ പരമ്പരാഗത ക്രമത്തിന്റെ തകര്‍ച്ചയായി വിലയിരുത്തുന്ന അദ്ദേഹം, ഇപ്രകാരം മതത്തിനുണ്ടായിരുന്ന ബുദ്ധിപരവും വൈകാരികവുമായ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഫലമായി യൂറോപ്പ് കൈവരിച്ച സുപ്രധാന നേട്ടമാണ് ജനാധിപത്യവും പുരോഗതിയും എന്ന് അവകാശപ്പെടുകയും ചെയ്യുന്നു.
അതേ അവസരം, പാശ്ചാത്യ നാടുകളില്‍ മതേതര നാഗരികതക്ക് വളരാനായത് ക്രിസ്തു മതത്തെ സാമൂഹിക ജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റുന്നതില്‍ 'പ്രബുദ്ധതാ യുക്തി' വിജയിച്ചതുകൊണ്ടല്ലെന്നും, ക്രൈസ്തവ മതം സ്വയംതന്നെ മതത്തെയും സാമൂഹിക ജീവിതത്തെയും പരസ്പരം ബന്ധിപ്പിക്കാനാവാത്ത വിധം ചുരുങ്ങിപ്പോയതിനാലാണെന്നും വാദിക്കുന്നവരുണ്ട്. ലൗകികം, ആത്മീയം എന്നിവയെ പരസ്പരം ബന്ധിപ്പിക്കാനാവാത്ത വിധം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ക്രൈസ്തവ മതം ചുരുങ്ങിപ്പോയിരുന്നു എന്നും അക്കാരണത്താല്‍ തന്നെ സാമൂഹിക ജീവിതത്തിന്റെ നിത്യ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രസ്തുത മതത്തിനുള്ള കഴിവ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നഷ്ടപ്പെട്ടിരുന്നുവെന്നും വാദിക്കുന്നവരാണ് അവര്‍. ബൈബിളിന്റെ മൂല്യ വിചാരങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള ഭരണക്രമത്തിന് ഭൗതികാവിഷ്‌കാരം നല്‍കാനുള്ള ധൈര്യം ക്രൈസ്തവ നേതൃത്വത്തിനില്ലാതെ പോയത് മതേതരത്വം ക്രൈസ്തവതയെ ദുര്‍ബലപ്പെടുത്തിയതു കൊണ്ടല്ലെന്നും ക്രൈസ്തവ മതം തന്നെ സ്വയം ചുരുങ്ങിപ്പോയതിനാലാെന്നുമാണവര്‍ സമര്‍ഥിക്കുന്നത്. ഇപ്രകാരം ആത്മീയ അനുഭവങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ ക്രൈസ്തവ മതത്തിന്റെ നിസ്സഹായാവസ്ഥയെ സഹായിക്കുന്ന ഒരൊത്തുതീര്‍പ്പ് ഫോര്‍മുല മാത്രമാണ്, സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന മതേതര വീതംവെപ്പ് എന്നാണവരുടെ വാദം.
ഈ വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തിയാണ് മതേതരത്വത്തെ മതങ്ങളെ സാമൂഹിക ജീവിതത്തില്‍നിന്ന് അടര്‍ത്താന്‍ രൂപപ്പെട്ട ഒരാശയം എന്ന നിലയില്‍ ഒറ്റപ്പെടുത്തേണ്ടതില്ലെന്നും, ക്രൈസ്തവ മതം എത്തിപ്പെട്ട പരിതാപകരമായ ദുരവസ്ഥയില്‍ നിന്ന് പ്രസ്തുത മതത്തിന്റെ മുഖം രക്ഷിക്കാന്‍ അതിന്റെ തന്നെ വക്താക്കളെ സഹായിച്ച പിടിവള്ളിയാണതെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.

വാര്‍പ്പ് മാതൃകയാവുന്ന 
മതേതര ഭാവനകള്‍

യൂറോപ്പിന്റെ മതേതരവല്‍ക്കരണത്തെ കുറിച്ച ഈ രണ്ട് നിലപാടുകളും പക്ഷേ, മതം ആചാരങ്ങളില്‍ മാത്രം ഒതുങ്ങണമെന്നും അല്ലാത്ത പക്ഷം അത് പുരോഗതിക്ക് വിഘ്‌നം സൃഷ്ടിക്കുമെന്നുമുള്ള ഫോര്‍മുല തന്നെയാണ് മുന്നോട്ടു വെക്കുന്നത്. ഈ ഫോര്‍മുലയെ ഒരു ആദര്‍ശമായി ആഘോഷിക്കലും, അതിനെ വാര്‍പ്പ് മാതൃകയായി സ്വീകരിച്ചുകൊണ്ട് പാശ്ചാത്യേതര സമൂഹങ്ങളെ മാറ്റിപ്പണിയണമെന്ന വാശി പിടിക്കലുമാണ് പില്‍ക്കാലത്ത് മുസ്‌ലിം നാടുകളില്‍ രൂപപ്പെട്ട മതത്തിനെതിരായ പാശ്ചാത്യ സെക്യുലര്‍ സംവാദങ്ങളുടെ അടിസ്ഥാനം. യൂറോപ്പിന്റെ അനുഭവത്തെ മാതൃകയായെടുത്ത് മുസ്‌ലിം ലോകവും സ്വന്തം പാരമ്പര്യത്തെയും വിശ്വാസത്തെയും വിമര്‍ശന വിധേയമാക്കണമെന്നും യുക്തികൊണ്ട് ബോധ്യപ്പെടാത്ത എല്ലാ നിലപാടുകളും തള്ളിക്കളയണമെന്നുമായിരുന്നു മുസ്‌ലിം ലോകത്ത് പലരും മുന്നോട്ടു വെച്ച ആശയം. പാശ്ചാത്യ യുക്തിയെ മുസ്ലിം നാടുകളില്‍ അടിച്ചേല്‍പിക്കാനുള്ള ഈ ശ്രമത്തെ ചെറുത്തുതോല്‍പിച്ചു എന്നത് തന്നെയാണ് മൗദൂദിയുടെ ഏറ്റവും മികച്ച സംഭാവന. പടിഞ്ഞാറന്‍ സെക്യുലര്‍ നാഗരികതയുടെ ലോക ക്രമത്തിന് വഴങ്ങാതെ തന്നെ ചരിത്രഗതിയെ നിര്‍ണയിക്കാനുള്ള ഇസ്‌ലാമിന്റെ ആന്തരിക ശക്തിയെക്കുറിച്ചും, മുസ്‌ലിം നാടുകളിലെ സാമൂഹിക പ്രശ്‌നങ്ങളെ പടിഞ്ഞാറന്‍ മൂല്യസങ്കല്‍പങ്ങള്‍ക്ക് വിധേയപ്പെടാതെത്തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള മുസ്‌ലിംകളുടെ അവകാശത്തെക്കുറിച്ചും മൗദൂദി ധീരമായി സംസാരിച്ചു.
മൗദൂദി ഇക്കാര്യം നിര്‍വഹിച്ചത്  ബഹുമുഖമായ സമീപനം സ്വീകരിച്ചുകൊണ്ടാണ്. ഇസ്‌ലാമില്‍ ആത്മീയം, ലൗകികം എന്നിങ്ങനെ പരസ്പരം ചേര്‍ന്നു നില്‍ക്കാനാവാത്ത രണ്ട് അറകള്‍ക്ക് ഇടമില്ലെന്ന് സമര്‍ഥിക്കലായിരുന്നു അതില്‍ പ്രധാനം. മറ്റൊരു ഭാഷയില്‍, എന്താണ് ഇസ്‌ലാം എന്ന് നിര്‍ണയിക്കേണ്ടതുണ്ടായിരുന്നു. ക്രൈസ്തവ മതത്തെപ്പോലെ ആചാര ബന്ധിതമായ കേവലമൊരു വിശ്വാസമല്ല ഇസ്‌ലാം എന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന സംജ്ഞകളായ ദീന്‍, ഇലാഹ്, റബ്ബ്, ഇബാദത്ത് തുടങ്ങിയ പദങ്ങളെ അവയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും പ്രസ്തുത പ്രയോഗങ്ങള്‍ക്ക് ലഭിക്കാവുന്ന സൂക്ഷ്മാര്‍ഥങ്ങള്‍ പരിശോധിച്ചും മൗദൂദി തന്റെ നിലപാടുകള്‍ രേഖപ്പെടുത്തി. ഖുര്‍ആനിന്റെ നാല് സാങ്കേതിക പദങ്ങളെ വിശകലനം ചെയ്ത മൗദൂദിയുടെ പുസ്തകം, ഇസ്‌ലാമിനെ മതേതരവത്കരിച്ച്  സാമൂഹിക-രാഷ്ട്രീയ ജീവിതവുമായി ബന്ധമില്ലാത്ത ഒരു ആത്മീയ സന്ദേശമാക്കാനുള്ള നീക്കങ്ങളെ പ്രമാണങ്ങളുടെ അകമ്പടിയോടെ റദ്ദ് ചെയ്യുന്ന ഏറ്റവും മികവാര്‍ന്ന ഒരു യത്‌നമായിരുന്നു. ഒരര്‍ഥത്തില്‍ ക്രൈസ്തവതക്ക് സംഭവിച്ച നിസ്സഹായാവസ്ഥയുടെ പരിസരത്ത് ഇസ്‌ലാമിനെയും ചേര്‍ത്തു നിര്‍ത്താനാവും എന്ന പടിഞ്ഞാറന്‍ വിചാരങ്ങളെ അത് തകിടം മറിച്ചു. പടിഞ്ഞാറന്‍ യുക്തിക്കനുസരിച്ച് ഇസ്‌ലാമിനെ ചെത്തിമിനുക്കിയെടുക്കാന്‍ ഒരുമ്പെട്ട സെക്യുലര്‍ മുസ്‌ലിം ചിന്തകന്മാര്‍ പ്രവാചകന്‍ അടിസ്ഥാനപരമായി ഒരു രാഷ്ട്രനായകനായിരുന്നില്ല; സാന്മാര്‍ഗിക സന്ദേശങ്ങള്‍ പ്രചരിപ്പിച്ച ആത്മീയാചാര്യനായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത്തരം ഒരു ചരിത്രാന്വേഷണത്തിന്റെ സാധുതയെപ്പോലും അപ്രസക്തമാക്കും വിധം പ്രമാണങ്ങള്‍ മുന്‍നിര്‍ത്തി മൗദൂദി സംസാരിച്ചത്.  മൗദൂദിയുടെ പ്രമാണബദ്ധമായ ഈ നിലപാടുകള്‍ മതേതര സംസ്‌കൃതിയുടെ തണലില്‍ മുസ്‌ലിം ലോകത്ത് വളരാന്‍ ഉദ്യമിച്ച എല്ലാ തരം പ്രത്യയശാസ്ത്രങ്ങള്‍ക്കും കനത്ത വെല്ലുവിളി തന്നെയായിരുന്നു.
മതം, മനുഷ്യന്‍, പുരോഗതി,  രാഷ്ട്രം തുടങ്ങിയവയെ കുറിച്ച പാശ്ചാത്യ വാര്‍പ്പ് മാതൃകകളെ മൗദൂദി വിചാരണ ചെയ്യുന്നത് ഇസ്‌ലാമിക അധ്യാപനങ്ങളും ചരിത്രവും മുന്നില്‍ വെച്ചാണ്. ഇസ്‌ലാമിന്റെ സാങ്കേതിക പദങ്ങള്‍ക്ക് ആത്മീയം, ലൗകികം എന്ന വിഭജനത്തിന് വഴങ്ങാത്ത പ്രമാണബദ്ധമായ വിശദീകരണം മൗദൂദിയുടെ എല്ലാ ഗ്രന്ഥങ്ങളുടെയും അന്തസ്സത്തയാണ്. തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന തന്റെ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തിലൂടെ ഇക്കാര്യം വളരെ ആധികാരികതയോടെ മൗദൂദി നിര്‍വഹിക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് പ്രമാണപരമായ വ്യാഖ്യാനവും  യുക്തിപൂര്‍വകമായ ന്യായങ്ങളും സമര്‍പ്പിച്ചു കൊണ്ട്, ഇസ്‌ലാമിനെ കേവലം  ആധ്യാത്മിക സന്ദേശവും ആചാരമതവുമാക്കാന്‍ ആര്‍ക്കും സാധ്യമാവാത്തവിധമുള്ള വാദമുഖങ്ങളാണ് മൗദൂദി മുന്നോട്ടു വെക്കുന്നത്. ഇക്കാര്യം നിര്‍വഹിക്കുന്നതിന്റെ ഭാഗമായി അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ കുറിച്ച ഇസ്‌ലാമിക വിഭാവനയെ മൗദൂദി പല സന്ദര്‍ഭങ്ങളിലും വിശകലനം ചെയ്യുന്നുണ്ട്.
ആധുനിക മതേതര യുക്തിയനുസരിച്ച് വ്യാഖ്യാനിക്കാനോ വിശദീകരിക്കാനോ സാധ്യമല്ലാത്ത ഉജ്ജ്വലമായ ഒരു ജീവിത ദര്‍ശനമായി ഇസ്‌ലാമിനെ സ്ഥാപിച്ചപ്പോള്‍ മൗദൂദി ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കിയ  വിഷയമായിരുന്നു ഹാകിമിയ്യത്തിനെ കുറിച്ച ഇസ്‌ലാമിന്റെ കാഴ്ചപ്പാടുകള്‍. ഹാകിമിയ്യത്തിനെ മുന്‍നിര്‍ത്തിയാണ് ഇസ്‌ലാം, ഈമാന്‍, കുഫ്‌റ്, ശിര്‍ക്ക്, ഹുക്മ്, ശരീഅത്ത് തുടങ്ങിയ എല്ലാ സംജ്ഞകളെയും മൗദൂദി വിശദീകരിക്കുന്നത്. അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല എന്ന നിലയില്‍ ലളിതമായി വിശകലനം ചെയ്യപ്പെടുന്ന തൗഹീദ് ഇസ്‌ലാമിന്റെ കേന്ദ്രാശയത്തെ ഒരു നിലക്കും പ്രകാശിപ്പിക്കുന്നില്ലെന്നും, യഥാര്‍ഥ അധിപനും ഉടമയും യജമാനനും വിധികര്‍ത്താവും നിയമദാതാവുമായി അല്ലാഹു മാത്രമാണുള്ളത് എന്ന വിശകലനത്തിലൂടെ മാത്രമാണ് ഇസ്‌ലാമിന്റെ അകക്കാമ്പ് പ്രകാശിപ്പിക്കാനാവൂ എന്നും മൗദൂദി സ്ഥാപിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഹാകിമിയ്യത്തിനെ കുറിച്ച ഈ പരികല്‍പന മുന്‍നിര്‍ത്തിയാണ് മനുഷ്യ നിര്‍മിതമായ എല്ലാ ജീവിത ദര്‍ശനങ്ങള്‍ക്കും എതിരായ തന്റെ നിലപാടുകള്‍ മൗദൂദി രൂപപ്പെടുത്തുന്നത്. മുസ്‌ലിം നേതാക്കളില്‍ പലര്‍ക്കും ഒരു പ്രശ്‌നമായി തോന്നാത്ത ജനാധിപത്യത്തെ മൗദൂദി പ്രശ്‌നവല്‍ക്കരിച്ചത് ജനാധിപത്യം മുന്നാട്ടു വെക്കുന്ന പൗര സങ്കല്‍പത്തെയോ തെരഞ്ഞെടുപ്പ് അവകാശത്തെയോ പ്രതിയായിരുന്നില്ല. ജനാധിപത്യത്തിന്റെ ഇത്തരം എല്ലാ വശങ്ങളും ഇസ്‌ലാമുമായി ചേര്‍ന്നു നില്‍ക്കുന്നു എന്ന് തന്നെയാണ് മൗദൂദിയും സമര്‍ഥിക്കുന്നത്.  ആ അര്‍ഥത്തില്‍ ഏറ്റവും വലിയ ജനാധിപത്യവാദിയാണ് മൗദൂദി. ഇസ്‌ലാമിക ഖിലാഫത്തിന്റെ വളരെ പ്രധാനപ്പെട്ട അടിസ്ഥാനമാണ് ജനങ്ങളുടെ തെരഞ്ഞെടുപ്പവകാശം എന്ന് സമര്‍ഥിക്കുക മാത്രമല്ല, അത് നിഷേധിച്ച രാജവാഴ്ചയെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട് അദ്ദേഹം തന്റെ ഏറെ ശ്രദ്ധേയമായ ഖിലാഫത് വൊ മുലൂകിയത് എന്ന പുസ്തകത്തില്‍. അദ്ദേഹം ജനാധിപത്യത്തെ വിമര്‍ശനവിധേയമാക്കുന്നത് പരമാധികാരത്തെ കുറിച്ച ജനാധിപത്യ ഭാവനയെ  മുന്‍നിര്‍ത്തിയാണ്. നിയമ നിര്‍മാണാധികാരം ദൈവത്തിന് പകരം പൗരന്മാര്‍ക്ക് വിട്ടു കൊടുക്കുന്നതിനെയാണ് മൗദൂദി വിമര്‍ശിക്കുന്നത്. പ്രസ്തുത വിമര്‍ശനത്തിലൂടെ അദ്ദേഹം ഒരു നിയമവും ജനങ്ങള്‍ നിര്‍മിക്കരുത് എന്നല്ല വാദിക്കുന്നത്. സാന്മാര്‍ഗിക നിയമങ്ങളും ശരി-തെറ്റുകളെ കുറിച്ച മൗലിക കാഴ്ചപ്പാടുകളും ദൈവനിര്‍ണിതങ്ങളായിരിക്കെ, അത് നിരാകരിച്ചു കൊണ്ട് സെക്യുലര്‍ യുക്തിയിലൂടെ ശരി-തെറ്റുകള്‍ തീരുമാനിക്കാനുള്ള അധികാരം മനുഷ്യര്‍ക്കുണ്ടെന്നുള്ള കാഴ്ചപ്പാടിനെയാണ് മൗദൂദി എതിര്‍ക്കുന്നത്. വസ്തുനിഷ്ഠ യാഥാര്‍ഥ്യം (Objective Reality), കാലാതീത സത്യം (Non Relative Truth), ആത്യന്തിക സത്യം (Absolute Truth) തുടങ്ങിയവയെ കുറിച്ച മത-മതേതര സംവാദങ്ങളുമായി കൂടി ബന്ധമുണ്ട് ഈ നിലപാടിന്.
ഹാകിമിയ്യത്തിനെ കുറിച്ച തന്റെ നിലപാടുകള്‍ മുന്‍നിര്‍ത്തി തന്നെയാണ് സോഷ്യലിസം, കമ്യൂണിസം, മുതലാളിത്തം, ദേശീയത തുടങ്ങിയ എല്ലാ പുതിയ തരം ദര്‍ശനങ്ങളെയും മൗദൂദി നിരൂപണ വിധേയമാക്കുന്നത്. സമ്പത്തിന്റെ ഉടമസ്ഥാവകാശം വ്യക്തികള്‍ക്കാണോ സമൂഹത്തിനാണോ എന്ന ചര്‍ച്ചയെക്കാള്‍, സമ്പത്തിന്റെയും ഭൗതിക വിഭവങ്ങളുടെയും പരമാധികാരി ആരാണെന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് മുതലാളിത്ത വിമര്‍ശനങ്ങള്‍ മുന്നോട്ടു പോവുന്നത്. ഈ നിലപാടുകളിലൂടെയെല്ലാം മതരാഷ്ട്ര വിഭജനമെന്ന പാശ്ചാത്യ യുക്തിബോധത്തിന് കീഴ്‌പ്പെടാതെ തെളിമയോടെ നിലനില്‍ക്കുന്ന ഇസ്‌ലാമിനെ ദാര്‍ശനികമായി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

നവജാഗരണത്തിന്റെ 
ദാര്‍ശനിക ഭാവന

ദാര്‍ശനികമായി ഇസ്‌ലാം എന്താണെന്ന് നിര്‍ണയിച്ചതുകൊണ്ട് മാത്രം കൊളോണിയല്‍ - പോസ്റ്റ് കൊളോണിയല്‍ മുസ്‌ലിം ലോകത്തിന്റെ പ്രതിസന്ധികള്‍ തീരുമായിരുന്നില്ല. പടിഞ്ഞാറന്‍ ഭാവനകള്‍ക്കനുസരിച്ച് എല്ലാം മാറ്റിപ്പണിയണമെന്ന മുറവിളിക്ക് പല മുസ്‌ലിം നാടുകളിലും സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു. പാശ്ചാത്യ വികസന മാതൃകകള്‍ പിന്തുടരുകയും ദേശീയത, മതരാഷ്ട്ര വിഭജനം തുടങ്ങിയ പടിഞ്ഞാറന്‍ ആശയങ്ങള്‍ക്കനുരൂപമായി മുസ്‌ലിം സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂടങ്ങളെ പോസ്റ്റ് കൊളോണിയല്‍ യുഗത്തിലെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ പാശ്ചാത്യ ലോകം ഏതാണ്ട് വിജയിച്ചിരുന്നു. ദേശീയ വിപ്ലവത്തെ തുടര്‍ന്ന് സ്വാതന്ത്ര്യം ലഭിച്ച അള്‍ജീരിയ, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളെ മാറ്റി നിര്‍ത്തിയാല്‍ കൊളോണിയല്‍ കാലത്തിന്റെ തൊട്ടുടനെ മുസ്‌ലിം ലോകത്ത് നിലവില്‍വന്ന ഭരണകൂടങ്ങളെല്ലാം നയപരമായും താത്ത്വികമായും പടിഞ്ഞാറിന്റെ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങളെ സ്വീകരിച്ചവരും പിന്തുണക്കുന്നവരുമായിരുന്നു എന്ന് സാമുവല്‍ പി. ഹണ്ടിംഗ്ടണ്‍ രേഖപ്പെടുത്തുന്നുണ്ട്.  പടിഞ്ഞാറ് ഇക്കാര്യത്തില്‍ എത്രമാത്രം വിജയിച്ചു എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. ഈ രാഷ്ട്രങ്ങളെല്ലാം വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും മതത്തിന് നല്‍കപ്പെട്ട നാമമാത്ര പൊതു പ്രാധാന്യം പോലും വകവച്ചു കൊടുക്കാത്ത വിധത്തിലുള്ള വികസന മാതൃകകള്‍ പിന്തുടരുമെന്നും അത് കാലക്രമേണ പ്രസ്തുത നാടുകളില്‍ ഇസ്‌ലാമിനെ അപ്രസക്തമാക്കും എന്നുമാണ് പടിഞ്ഞാറ് പ്രതീക്ഷിച്ചത്. ഈ ദൗത്യം നിര്‍വഹിക്കേണ്ട സംവിധാനങ്ങള്‍ എന്ന നിലയിലാണ്  കമാലിസം തുര്‍ക്കിയിലും അറബ് നാഷനലിസം ഈജിപ്തിലും ബഅസ് സോഷ്യലിസം ഇറാഖിലും സിറിയയിലും വാഴ്ത്തപ്പെട്ടത്. തുര്‍ക്കിയിലെ മുസ്തഫാ കമാല്‍ അത്താതുര്‍ക്, ഈജിപ്തിലെ അലി അബ്ദുര്‍റാസിഖ്, ത്വാഹാ ഹുസൈന്‍, ഇന്ത്യയിലെ സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തുടങ്ങിയ മുസ്‌ലിം ബുദ്ധിജീവികള്‍ ഈ ദൗത്യം ഏറ്റെടുത്തവരായിരുന്നു.
പടിഞ്ഞാറന്‍ മൂല്യങ്ങളുടെ അനുകര്‍ത്താക്കളും സേവകരുമായി മുസ്‌ലിം സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ മുസ്‌ലിം നാടുകളില്‍ ശക്തിപ്പെട്ട ഈ ചരിത്ര ഘട്ടത്തിലാണ് ഇസ്‌ലാമിക നവജാഗരണത്തെക്കുറിച്ച മൂര്‍ത്തമായ ചില കാഴ്ചപ്പാടുകള്‍ കൂടി മൗദൂദി മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിക സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണം ഉറപ്പ് വരുത്തുന്നതില്‍ തജ്ദീദ് എന്ന പരികല്‍പനക്കുള്ള സ്ഥാനം തത്ത്വചിന്താപരമായും ചരിത്രപരമായും സ്ഥാപിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം നിര്‍വഹിക്കുന്നത്. പ്രവാചകന്‍ മദീന കേന്ദ്രീകരിച്ച് രൂപകല്‍പന ചെയ്ത ഇസ്‌ലാമിന്റെ സുന്ദരമായ ആവിഷ്‌കാരത്തെ ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍, സ്ഥലകാല ഭൂമികയില്‍ വീണ്ടും പുനരവതരിപ്പിക്കാനുള്ള ശ്രമത്തെയാണ് മൗദൂദി തജ്ദീദ് എന്ന് വിശേഷിപ്പിക്കുന്നത്. ഖിലാഫത്തുന്‍ അലാ മിന്‍ഹാജിന്നുബുവ്വ എന്ന വിശേഷണമാണ് മൗദൂദി അതിന് നല്‍കുന്നത്.  ഇസ്‌ലാമിനെ ഈ സ്വഭാവത്തില്‍ പുനരവതരിപ്പിക്കുന്നതിന് പകരം മുസ്‌ലിംകളുടെ രാഷ്ട്രീയമോ സാമ്പത്തികമോ വിദ്യാഭ്യാസപരമോ സാംസ്‌കാരികമോ ആയ ഉന്നമനം മാത്രം ഉദ്ദേശിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തജദ്ദുദ് എന്നാണ് മൗദൂദി വിശേഷിപ്പിക്കുന്നത്. അതത് കാലഘട്ടത്തിലെ തെറ്റായ ജീവിത നിലപാടുകളുമായി സമരസപ്പെട്ടു കൊണ്ടു വരെ തജദ്ദുദി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവാനിടയുണ്ട്. എന്നാല്‍, ഇസ്‌ലാമിന്റെ തനിമയും വിശുദ്ധിയും നിലനിര്‍ത്തി ഇത്തരം തെറ്റായ ജീവിത കാഴ്ചപ്പാടുകളുമായി ഒരര്‍ഥത്തിലും ചേര്‍ന്നു പോകാന്‍ തജ്ദീദീ പ്രവര്‍ത്തനത്തിന് കഴിയില്ലെന്ന് സമര്‍ഥിക്കുന്ന മൗദൂദി, മുസ്‌ലിം നാടുകളില്‍ പിടിമുറുക്കിയ വ്യത്യസ്ത ഭരണകൂട ആശയങ്ങള്‍ മുന്നോട്ടു വെക്കുന്ന ഉപരിപ്ലവമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ ലക്ഷ്യത്തെ ശരിവെക്കുന്നില്ല എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലിമിനെ ഒരു സാമുദായിക സ്വത്വം മാത്രമായി ചുരുക്കുകയും പ്രസ്തുത സമുദായത്തിന്റെ ഭൗതിക വളര്‍ച്ചയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന നിലപാടുകളെക്കൂടി ഇത്തരം ഒരു ചട്ടക്കൂടിന്റെ പിന്‍ബലത്തോടെ അദ്ദേഹം നിരാകരിക്കുന്നുണ്ട്. ഇസ്‌ലാമിനെ ആദര്‍ശമായി ഉള്‍ക്കൊണ്ട് പ്രസ്തുത ആദര്‍ശത്തിനനുസൃതമായി സാമൂഹിക പരിവര്‍ത്തനത്തിന് യത്‌നിക്കല്‍ മാത്രമാണ് മുസ്‌ലിംകളുടെ മുന്നോട്ടുള്ള വഴി എന്നു കൂടി തജ്ദീദിനെയും തജദ്ദുദിനെയും വിശകലനം ചെയ്ത് വികസിപ്പിച്ച ദാര്‍ശനിക ചട്ടക്കൂട്  സമര്‍ഥിക്കുന്നു.
മുസ്‌ലിം സമൂഹത്തിന്റെ പ്രായോഗിക ജീവിതത്തെ മുന്‍നിര്‍ത്തി മൗദൂദി അവതരിപ്പിച്ച തജ്ദീദിനെക്കുറിച്ച ഈ കാഴ്ചപ്പാടുകള്‍ മുസ്‌ലിം നാടുകളുടെ ഭാവി ഘടനയെ കുറിച്ചും മുസ്‌ലിം ലോകത്ത് നടക്കേണ്ട മാറ്റത്തെക്കുറിച്ചുമുള്ള മൗദൂദിയുടെ മൗലികമായ കാഴ്ചപ്പാടുകളെ സാധൂകരിക്കുന്നു. മുസ്‌ലിംകളോടും ഇസ്‌ലാമിനോടും അനുഭാവം പുലര്‍ത്തുകയും എന്നാല്‍ ഇസ്‌ലാമിനെ പ്രവാചക ചര്യ മാതൃകയായി സ്വീകരിച്ച് പുനരവതരിപ്പിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സംവിധാനങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിന് പകരം, ഇസ്‌ലാമിന്റെ പുനരാഗമനം സാധ്യമാകാന്‍ ഉപകരിക്കുന്ന കര്‍മ പരിപാടികളുമായി മുസ്‌ലിംകള്‍ സ്വയം സംഘടിക്കേണ്ടതുണ്ടെന്ന വീക്ഷണവും അവതരിപ്പിക്കുന്നു.  അതിനു വേണ്ടി മുസ്‌ലിംകളുടെ സാമൂഹികദൗത്യത്തെ ദ്യോതിപ്പിക്കുന്ന   ശഹാദത്തുല്‍ ഹഖ്, ഇള്ഹാറുദ്ദീന്‍, കലിമത്തുല്ലാഹി ഹിയല്‍ ഉല്‍യാ തുടങ്ങിയ ഖുര്‍ആനിക പരികല്‍പനകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മുസ്‌ലിം സമുദായം ഒരു മിഷനറി സമുദായമാണെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നിയോഗിതരായ ഉത്തമ /മധ്യമ സമുദായമാണ് മുസ്‌ലിംകള്‍ എന്ന ഖുര്‍ആനിക വചനത്തെ മുന്‍നിര്‍ത്തിയാണ് മുസ്‌ലിംകളുടെ സാമൂഹിക ദൗത്യത്തെക്കുറിച്ച്  സംസാരിക്കുന്നത്. പ്രസ്തുത ദൗത്യം നിര്‍വഹിക്കുന്നതിന് ഖുര്‍ആന്‍ നല്‍കിയിരിക്കുന്ന ആശയ ഗരിമയുള്ള ഒരു പ്രയോഗമെന്ന നിലയില്‍ ശഹാദത്തുല്‍ ഹഖ് എന്ന പരികല്‍പനയെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു. ജീവിത മാതൃകകളിലൂടെയും കര്‍മരംഗത്തിറങ്ങിയും നിര്‍വഹിക്കേണ്ട ഈ ദൗത്യം പക്ഷേ, വ്യക്തിതലത്തില്‍ ഒറ്റപ്പെട്ട നിലയില്‍ നിര്‍വഹിച്ചാല്‍ നിലനില്‍ക്കുന്ന സാമൂഹിക ഘടനയില്‍ സമൂലമായ മാറ്റങ്ങള്‍ സാധ്യമല്ല  എന്ന ഉറച്ച ബോധ്യത്തില്‍ നിന്നാണ്, പ്രസ്തുത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാവശ്യമായ സംഘടിത പ്രവര്‍ത്തനത്തെക്കുറിച്ച് മൗദൂദി സംസാരിക്കുന്നത്. ഈ അര്‍ഥത്തില്‍ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ആധുനികത മുന്നോട്ടു വെച്ച മനുഷ്യവിരുദ്ധവും ഇസ്ലാമിക മൂല്യങ്ങളെ തകിടം മറിക്കുന്നതുമായ എല്ലാ ആശയങ്ങള്‍ക്കുമെതിരായ സംഘടിത മുസ്‌ലിം മുന്നേറ്റത്തിനാവശ്യമായ പ്രത്യയശാസ്ത്ര പ്രതലം ഒരുക്കുന്നതില്‍ മൗദൂദി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് കാണാനാവും.
മതപ്രചോദിത രാഷ്ട്രീയ, സാമൂഹിക ക്രമത്തെക്കുറിച്ച ശുഭപ്രതീക്ഷകളാണ് മൗദൂദി മുസ്‌ലിം ലോകത്തിന് കൈമാറിയത്. പാശ്ചാത്യ തത്ത്വങ്ങളെ നിരാകരിക്കുന്നതും ഇസ്‌ലാമിക ആവിഷ്‌കാരങ്ങള്‍ക്ക് നിറം പകരുന്നതുമായ വിപ്ലവങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടാന്‍ ഇത് നിമിത്തമായിട്ടുണ്ട്. മതത്തെ അപ്രസക്തമാക്കുന്ന സംവിധാനങ്ങളായി പടിഞ്ഞാറ് ആഘോഷ പൂര്‍വം കൊണ്ടാടിയ തീവ്രമതേതരത്വം, അറബ് നാഷ്‌നലിസം, സോഷ്യലിസം , കമ്യൂണിസം, ഏകാധിപത്യം, മുതലാളിത്തം തുടങ്ങിയ ഭരണകൂട ആശയങ്ങള്‍ ഇന്നും മുസ്‌ലിം ലോകത്ത് കടുത്ത വെല്ലുവിളികള്‍ നേരിടുന്നതിന്റെ പിന്നില്‍ മൗദൂദിയുടെ രചനകള്‍ക്ക് അനല്‍പമായ പങ്കുണ്ട്.   
95627 73347
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌

ഹദീസ്‌

അന്യ സ്ത്രീ പുരുഷന്മാര്‍ അതിരുകള്‍ പാലിക്കണം
നൗഷാദ് ചേനപ്പാടി noushadpk@gmail.com