Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 23

3269

1444 സഫര് 27

മൗദൂദീ  ചിന്തകളെ  പുനര്‍വായിക്കുമ്പോള്‍

പല ദാര്‍ശനികരുടെയും ചിന്തകരുടെയും സ്വാധീനം പലപ്പോഴും അവര്‍ ജീവിച്ച നൂറ്റാണ്ടിനപ്പുറം കടക്കാറില്ല. തീര്‍ത്തും വ്യത്യസ്തനാണ് മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (1903 സെപ്റ്റംബര്‍ 25 - 1979 സെപ്റ്റംബര്‍ 22). അദ്ദേഹത്തിന്റെ ചിന്തകളും കാഴ്ചപ്പാടുകളും അദ്ദേഹം ജീവിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിനെ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവുകയില്ല.  നിരന്തരം തുടര്‍ന്നുകൊണ്ടിരുന്ന പ്രതിയോഗികളുടെ കടന്നാക്രമണങ്ങളില്‍ നിന്നും പൈശാചികവല്‍ക്കരണങ്ങളില്‍ നിന്നും ആ സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഒരു സ്വാധീനവും ചെലുത്താത്ത ഒരാളുടെ പുസ്തകങ്ങള്‍ നിരോധിക്കുകയോ സിലബസില്‍ നിന്ന് മാറ്റുകയോ ചെയ്യേണ്ട കാര്യമില്ലല്ലോ. ഒരു പക്ഷേ, മൗലാനാ മൗദൂദി താന്‍ ജീവിച്ച നൂറ്റാണ്ടിനെക്കാള്‍ നമ്മള്‍ ജീവിക്കുന്ന നൂറ്റാണ്ടിനെയാവും കൂടുതല്‍ സ്വാധീനിക്കുന്നുണ്ടാവുക. പൊതു മുസ്‌ലിം സമൂഹത്തിന്റെ ചിന്താഗതികളിലും സ്ഥാപനങ്ങളിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ഗവേഷകര്‍ മൗലാനാ മൗദൂദിയെ പോലുള്ള ചിന്തകരില്‍ അവയുടെ അടിവേര് കണ്ടെത്തുന്നതില്‍ അത്ഭുതമില്ല. കേരളത്തിന്റെ കാര്യം തന്നെ എടുക്കാം: ഇസ്‌ലാമിന്റെ രാഷ്ട്രീയ - സാമൂഹിക ഉള്ളടക്കങ്ങള്‍ ഊന്നിപ്പറയുന്ന അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ആദ്യമായി പ്രകാശിതമായപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചവരും പരിഹസിച്ചവരും ധാരാളമുണ്ടായിരുന്നു മുസ്‌ലിം സമൂഹത്തില്‍. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടോ എന്ന തര്‍ക്കം ഇന്ന് ആരും ഉയര്‍ത്തിക്കൊണ്ടു വരുന്നില്ല. മലയാള ഇസ്‌ലാമിക സാഹിത്യത്തില്‍ മൗദൂദീ ചിന്തകളുടെ സ്വാധീനം വേറെത്തന്നെ പഠന വിധേയമാക്കേണ്ട ഒന്നാണ്.
തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ (സെപ്റ്റംബര്‍) ഡോ. ഖുര്‍ശിദ് അഹ്മദ് ഒരു ആമുഖ ലേഖനം എഴുതിയിട്ടുണ്ട്, 'നവ സമ്പദ്ഘടനയുടെ രൂപവത്കരണം - മൗലാനാ മൗദൂദി വഴി കാട്ടുന്നു' എന്ന ശീര്‍ഷകത്തില്‍. അഭിജിത് വി. ബാനര്‍ജിയും എസ്തര്‍ ഡഫ് ലിയും ചേര്‍ന്നെഴുതിയ Good Economics For Hard Times എന്ന പുസ്തകത്തെ അതില്‍ പ്രത്യേകം എടുത്തുപറയുന്നു. നമ്മുടെ കാലത്തെ സമ്പദ്ഘടന എന്തുകൊണ്ട് ദുഷിച്ചുപോകുന്നു എന്നാണ് അതില്‍ അന്വേഷിക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനത്തെ അതിന്റെ ധാര്‍മികവും നൈതികവുമായ തലങ്ങളില്‍ നിന്ന് വേര്‍പ്പെടുത്തിയതാണ് അതിന്റെ മൗലിക കാരണമെന്ന് ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. 'നമുക്ക് വേണ്ടത് സാമ്പത്തിക  എഞ്ചിനീയറിംഗ് അല്ല, റിയല്‍ എഞ്ചിനീയറിംഗ് ആണെ'ന്ന്  അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമ പറഞ്ഞതും ഇവിടെ ഓര്‍ക്കാം. ജീവിതത്തെ വ്യക്തിപരം, സാമൂഹികം, മതകീയം എന്നിങ്ങനെ പല കള്ളികളിലാക്കി വെട്ടി മുറിക്കാതെ അതിനെ സമഗ്രമായി കാണുകയാണ് 'റിയല്‍ എഞ്ചിനീയറിംഗ്' കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തന്നെയാണ് ജീവിതത്തെക്കുറിച്ച സമഗ്ര ദര്‍ശനം. മൗലാനാ മൗദൂദിയുടെ ഏറ്റവും വലിയ സംഭാവനയും ഇവിടെയാണ്. ജീവിതത്തെ സമഗ്രമായും സമ്പൂര്‍ണമായും അടയാളപ്പെടുത്തുന്ന ദര്‍ശനമായി ഇസ്‌ലാമിനെ അവതരിപ്പിച്ചു എന്നതാണത്. ഈ ദര്‍ശന സാകല്യം മൗദൂദീ കൃതികളുടെ ആന്തരാത്മാവാണ്.
ഏതൊരു ചിന്തകനും പണ്ഡിതനും താന്‍ ജീവിക്കുന്ന കാലത്തെ മുന്നില്‍ വെച്ചാണ് നിലപാടുകള്‍ രൂപവത്കരിക്കുക. എത്ര ക്രാന്തദര്‍ശിയാണെങ്കിലും അത്രയേ സാധ്യമാവുകയുള്ളൂ. കാലം മാറുമ്പോള്‍ നിലപാടുകളും മാറും. മൗദൂദീ ചിന്തകള്‍ക്കും ബാധകമായ ഒന്നാണിത്. ആ ചിന്തകളില്‍ കാലാനുസൃതമായവയെ പരിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടിവരും. മൗദൂദീ ചിന്തകള്‍ക്ക് അത്തരമൊരു തുടര്‍ച്ചയോ വികാസമോ വേണ്ടപോലെ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനം പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഒരു പക്ഷേ, മൗദൂദിയെപ്പോലുള്ള ഒരു പ്രതിഭാശാലിക്ക് മാത്രം സാധ്യമാവുന്ന ഒന്നായിരിക്കാം അത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-16-18
ടി.കെ ഉബൈദ്‌

ഹദീസ്‌

അന്യ സ്ത്രീ പുരുഷന്മാര്‍ അതിരുകള്‍ പാലിക്കണം
നൗഷാദ് ചേനപ്പാടി noushadpk@gmail.com