Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

ലഹരിക്കെതിരെ ഇസ്‌ലാമിന്റെ യുദ്ധപ്രഖ്യാപനം

ഇല്‍യാസ് മൗലവി  elliaskunnath@gmail.com

ലഹരി ഉപയോഗം ഇന്ന് ധാരാളം മനുഷ്യരെ കാര്‍ന്നു തിന്നുന്ന മഹാരോഗമാണ്. എത്രയെത്ര മനുഷ്യരുടെ ജീവിതമാണ് മദ്യവും മയക്കുമരുന്നും  കാരണം തകര്‍ന്നത്. എത്രയെത്ര സ്ത്രീകളും കുട്ടികളും പെട്ടെന്നുതന്നെ വിധവകളും പിതാവ് നഷ്ടപ്പെട്ടവരുമായി. അതിനടിപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നത് കൊണ്ട് കുടുംബത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് മാത്രമല്ല, അവര്‍ കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നവര്‍ കൂടിയായി മാറുന്നു. ലഹരിപദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായി നിരോധിച്ച ഇസ്‌ലാമിന്റെ അനുയായികളെന്ന് പറയുന്നവരില്‍ ചിലരും അതിന് അടിമകളായെന്നുള്ളത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അത് തിന്മയാണെന്നും അത് തന്റെ ജീവിതം നശിപ്പിക്കുന്നുവെന്നും തന്റെ കുടുംബത്തിന്റെ സ്വസ്ഥതയും സമ്പത്തും നശിപ്പിക്കുന്നുവെന്നും താന്‍ കുടുംബത്തിന് അപമാനമാണെന്നും അവര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. ആ ദുശ്ശീലം നിര്‍ത്തണമെന്ന് അവര്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കിലും അവര്‍ക്കതിന് കഴിയുന്നില്ല. എന്താണ് ഇതിനൊരു പരിഹാരം? എത്രയെത്ര ഡീ അഡിക്ഷന്‍ സെന്ററുകള്‍. പലതവണ അവിടെ ചികില്‍സ തേടിയിട്ടും വീണ്ടും അവരതിലേക്ക് തന്നെ തിരിച്ചുപോകുന്നു.
മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വി പറയുന്നു: ''ഒരു നാട്ടില്‍ നിന്ന് മദ്യപാനം തുടച്ചുനീക്കാന്‍ ഒരാള്‍ നടത്തുന്ന പോരാട്ടങ്ങള്‍ പരാജയത്തില്‍ കലാശിച്ചേക്കാം. കാരണം, മദ്യപാനം ഭോഗതൃഷ്ണയും വിനോദവാഞ്ഛയും നിറഞ്ഞ മനസ്സിന്റെ ദുശ്ശീലമാണ്. ഉപദേശവും ബോധവല്‍ക്കരണവും പ്രഭാഷണങ്ങളും പുസ്തകങ്ങളും കൊണ്ട് മാത്രം അത് ദൂരീകരിക്കുക സാധ്യമല്ല. മദ്യപാനം ആരോഗ്യത്തിന് ഏല്‍പിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്ത്ര ക്ലാസുകള്‍ കൊണ്ടോ, സ്വഭാവശീലങ്ങളില്‍ വരുത്തുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചുള്ള ധാര്‍മികോപദേശങ്ങള്‍ കൊണ്ടോ, നിയമം അനുശാസിക്കുന്ന ശിക്ഷാവിധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ കൊണ്ടോ അതു തുടച്ചുനീക്കാന്‍ കഴിയില്ല. അഗാധസ്പര്‍ശിയായ മാനസിക പരിവര്‍ത്തനം കൊണ്ടു മാത്രമേ അതു സാധ്യമാവുകയുള്ളൂ. ഇത്തരമൊരു പരിവര്‍ത്തനത്തിന്റെ അഭാവത്തില്‍ അതു മറ്റു പല കുറ്റകൃത്യങ്ങളായും താന്തോന്നിത്തങ്ങളായും, പല പേരുകളും രൂപങ്ങളും കൈക്കൊണ്ട് സമൂഹഗാത്രത്തിലേക്ക് ആണ്ടിറങ്ങും.
അമേരിക്കയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുകയും, സകല വാര്‍ത്താവിതരണ മാധ്യമങ്ങളും ഉപയോഗപ്പെടുത്തി മദ്യപാനത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയുമുണ്ടായി. 60 മില്യന്‍ ഡോളറാണ് മദ്യവിരുദ്ധ പ്രചാരണത്തിനു വേണ്ടി അക്കാലത്ത് ചെലവഴിക്കപ്പെട്ടത്. പത്രങ്ങളുടെയും പുസ്തകങ്ങളുടെയും ഒരു ബില്യന്‍ പേജുകള്‍ അതിനായി വിനിയോഗിക്കപ്പെട്ടു. മദ്യനിരോധന നിയമം നടപ്പാക്കുന്നതിനു വേണ്ടി മാത്രം 250 മില്യന്‍ ഡോളറാണ് ചെലവഴിച്ചത്. 300 പേര്‍ക്ക് വധശിക്ഷയും 5323 പേര്‍ക്ക് ജയില്‍ ശിക്ഷയും നല്‍കപ്പെട്ടു. പിഴ ചുമത്തപ്പെട്ടത് 76 മില്യന്‍ ഡോളറാണ്. 404 മില്യന്‍ ഡോളറിന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. പക്ഷേ, മദ്യപാനശീലം വര്‍ധിക്കുകയല്ലാതെ ഒട്ടും കുറയുകയുണ്ടായില്ല. ഒടുവില്‍ 1933-ല്‍ നിരോധം പിന്‍വലിച്ച് സമ്പൂര്‍ണ മദ്യപാനസ്വാതന്ത്ര്യം അനുവദിക്കേണ്ടിവന്നു'' (സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തന്‍ഖീഹാത്ത് എന്ന കൃതിയില്‍ നിന്ന്).
സത്യപ്രബോധന ദൗത്യവുമായി  മുഹമ്മദ് നബി (സ) കടന്നുവരുമ്പോള്‍ അറേബ്യന്‍ സമൂഹം മദ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്തിരുന്ന  സമൂഹമായിരുന്നു. അറബികളുടെ വഴിവിട്ട ലൈംഗിക ജീവിതത്തിനും സമാനതകളില്ലാത്ത യുദ്ധഭ്രാന്തിനും ഊര്‍ജം പകര്‍ന്നിരുന്നത് പ്രധാനമായും മദ്യം തന്നെയായിരുന്നു. മദ്യം സിരകളിലൊഴുകുന്നതുകൊണ്ട് മാത്രമാണ് ജീവിതം ആനന്ദഭരിതമാകുന്നതെന്ന് കരുതിയിരുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചകന്‍ കടന്നുവന്നിട്ടും ഒന്നാമതായി അവരോട് മദ്യപിക്കരുതെന്നല്ല പറഞ്ഞത്. ഈ മഹാപ്രപഞ്ചത്തിന്റെ സംവിധായകനും സംരക്ഷകനുമായ, മനുഷ്യരുള്‍െപ്പടെയുള്ള സകല സൃഷ്ടികളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും, ഈ ഐഹിക ജീവിതം നശ്വരമാണെന്നും, മരണത്തിന് ശേഷമുള്ള പരലോകജീവിതം യാഥാര്‍ഥ്യമാണെന്നും, അവിടെ നരകത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കലാണ് ജീവിത വിജയമെന്നും, അതിന് വേണ്ടിയുള്ള പരിശ്രമമാണ് ഈ ഐഹിക ജീവിതത്തില്‍ വേണ്ടതെന്നും നബി (സ) ജനങ്ങളെ ഉപദേശിച്ചു.  ഇസ്‌ലാം തുടക്കത്തിലേ ഒറ്റയടിക്ക് മദ്യത്തെ നിരോധിക്കുകയല്ല ചെയ്തത് എന്നര്‍ഥം. പ്രത്യുത, മദ്യവര്‍ജനം അംഗീകരിക്കാന്‍ അവരുടെ മനസ്സുകളെ പാകപ്പെടുത്തുകയും അതിനു ശേഷം അത് നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
ഒടുവില്‍ മദ്യപാനം പാടേ നിരോധിച്ചുകൊണ്ടുള്ള നിയമം അവതരിപ്പിക്കേണ്ട താമസം, മദ്യകുംഭങ്ങളും പാനപാത്രങ്ങളും ആ ജനം വലിച്ചെറിഞ്ഞു. പതയ്ക്കുന്ന പാനപാത്രത്തിനും കൊതിക്കുന്ന ചുണ്ടുകള്‍ക്കുമിടയില്‍ അല്ലാഹുവിന്റെ കല്‍പന തടസ്സമായി നിന്നു. കൈകള്‍ പൊക്കാന്‍ കരുത്തില്ലാതായി. ചുണ്ടുകളുടെ കൊതികള്‍ വറ്റിപ്പോയി. പാനപാത്രങ്ങള്‍ അവര്‍ വലിച്ചെറിഞ്ഞു. മദ്യകുംഭങ്ങള്‍ അടിച്ചുതകര്‍ത്തു. മദീനയുടെ തെരുവുകളില്‍ മദ്യത്തിന്റെ തോടുകള്‍ ഒഴുകി (മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ മുസ്ലിംകളുടെ പതനവും ലോകത്തിന്റെ നഷ്ടവും എന്ന ഗ്രന്ഥത്തോട് കടപ്പാട്).
കള്ളിന്റെ നിരോധം മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കപ്പെട്ടതെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു. സാദാ പാനീയം കണക്കെ കള്ള് കുടിക്കുന്ന അറബികള്‍ക്ക് അത് ഒറ്റയടിക്ക് നിശ്ശേഷം നിരോധിക്കുന്നത് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു.
ആഇശ (റ) പറയുന്നു: ''ചെറിയ അധ്യായങ്ങളാണ് ഖുര്‍ആനില്‍ ആദ്യമായി അവതരിച്ചത്. സ്വര്‍ഗവും നരകവുമെല്ലാമാണ് അവയിലെ പ്രതിപാദ്യ വിഷയങ്ങള്‍. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി കടന്നുവന്നപ്പോള്‍ വിധിവിലക്കുകളെക്കുറിച്ചുള്ള സൂക്തങ്ങള്‍ ഇറങ്ങി. ആദ്യം ഖുര്‍ആനില്‍ അവതരിച്ചത് 'നിങ്ങള്‍ മദ്യം കഴിക്കരുത്' എന്നായിരുന്നുവെങ്കില്‍ 'മദ്യം ഒരിക്കലും ഞങ്ങള്‍ ഒഴിവാക്കുകയില്ല' എന്ന് അവര്‍ പറയുമായിരുന്നു. ആദ്യം അവതരിച്ചത് 'നിങ്ങള്‍ വ്യഭിചരിക്കരുത് ' എന്നായിരുന്നുവെങ്കില്‍ 'വ്യഭിചാരം ഒരിക്കലും ഞങ്ങള്‍ ഉപേക്ഷിക്കുകയില്ല' എന്നായിരിക്കും അവര്‍ പറയുക'' (ബുഖാരി: 4993).
മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും മദ്യപാനികളെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. നബി (സ) ഒന്നാമതായി, അവരോട് മദ്യപിക്കരുതെന്നോ വ്യഭിചരിക്കരുതെന്നോ ആണ് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ അത് അംഗീകരിക്കുമായിരുന്നില്ല. അല്ലാഹുവിലും സ്വര്‍ഗ നരകങ്ങളിലുമുള്ള വിശ്വാസം അവരെ പഠിപ്പിച്ചപ്പോള്‍ അവരത് ഉള്‍ക്കൊണ്ടുകൊണ്ട് എന്ത് തിന്‍മയും ഒഴിവാക്കാന്‍ സന്നദ്ധരായി. ഇന്നത്തെ മദ്യപാനികളോടും ആദ്യം മദ്യപിക്കരുതെന്ന് പറഞ്ഞാല്‍ അവരുടെ പ്രതികരണവും ഇതായിരിക്കും. ഇവിടെയാണ് വിശ്വാസത്തിന്റെ പ്രാധാന്യം. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും പരലോകബോധവും രക്ഷാശിക്ഷകളെക്കുറിച്ചുള്ള തിരിച്ചറിവുമൊക്കെ മനസ്സില്‍ രൂപപ്പെട്ടു വന്നുകഴിഞ്ഞാല്‍ മാത്രമേ തിന്മകളില്‍ നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനമെടുക്കാന്‍ ഏതൊരാള്‍ക്കും സാധിക്കൂ. വിശ്വാസ സംസ്‌കരണത്തിലൂടെ മദ്യപാനം സമ്പൂര്‍ണമായി ഒഴിവാക്കിയ ആ സമൂഹം നമുക്ക് മാതൃകയാണ്.
മദ്യത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും അതില്‍ പാപത്തിന്റെ അംശത്തിനാണ് മുന്‍തൂക്കമുള്ളതെന്ന് വ്യക്തമാക്കിക്കൊടുക്കുകയുമാണ് ഖുര്‍ആന്‍ ആദ്യമായി ചെയ്യുന്നത്. മദ്യപാനികളുടെ എക്കാലത്തേയും  ന്യായമാണ്, അതില്‍ നന്മയുണ്ടല്ലോ എന്നത്. ആനന്ദം, ഉന്‍മേഷം, ധൈര്യം, ദഹനശക്തി, ധനം നേടല്‍, തൊഴില്‍ സാധ്യത മുതലായവയെല്ലാം മദ്യത്തിലൂടെ ലഭിക്കുന്നുണ്ടെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍, മദ്യപാനം 'ഗുരുതരമായ പാപം' ആണെന്നും ആ പാപത്തെ ചെറിയ 'പ്രയോജനങ്ങള്‍' കാണിച്ച് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഉദ്‌ബോധിപ്പിച്ച് മദ്യം വിശ്വാസികള്‍ക്ക് അനഭികാമ്യമാണെന്ന സന്ദേശം അല്ലാഹു നല്‍കി. അങ്ങനെ ലഹരി പാപമാണെന്ന ബോധ്യത്തിലേക്ക് സമൂഹത്തെ ഖുര്‍ആന്‍ വളര്‍ത്തിയെടുത്തു. പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന് പുണ്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ പരിശീലിപ്പിക്കപ്പെട്ട സമൂഹം മദ്യത്തിന്റെ കരാളഹസ്തങ്ങളില്‍നിന്ന് സ്വതന്ത്രരാകുവാന്‍ തുടങ്ങി.
മദ്യത്തെക്കുറിച്ച ആദ്യ ഖുര്‍ആനിക വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികള്‍ പലരും മദ്യപാനത്തില്‍ നിന്ന് വിരമിച്ചുവെങ്കിലും ചിലര്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ ചിലര്‍ മദ്യപിച്ചു ലഹരി പിടിപെട്ടവരായി നമസ്‌കരിച്ചപ്പോള്‍ ഖുര്‍ആന്‍ വചനങ്ങള്‍ തെറ്റിച്ച് ഓതുകയുണ്ടായി. ഇതിനെ തുടര്‍ന്ന് മദ്യനിരോധനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നിര്‍ദേശങ്ങള്‍ വന്നു.
'സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ......' (അന്നിസാഅ് 43).
രണ്ടാമത്തെ വിധികൂടി വന്നപ്പോള്‍ നല്ലൊരു ശതമാനം പേര്‍ മദ്യത്തില്‍നിന്ന് മുക്തരായി. ഈ വചനം അവതരിച്ചതിനുശേഷം സത്യവിശ്വാസികള്‍ പലരും അവയില്‍ നിന്ന് വിരമിച്ചുവെങ്കിലും ചിലര്‍ വീണ്ടും തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീട് അവതരിപ്പിക്കപ്പെട്ടത്, മദ്യപാനത്തിന്റെ മതവിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന വചനങ്ങളാണ്.
''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?'' (അല്‍മാഇദ 90,91).
ഇത് അവസാനത്തെ വിധിയാണ്. ഈ വിധി വരുന്നതിനുമുമ്പ് റസൂല്‍ (സ) തിരുമേനി ഒരു പ്രസംഗത്തില്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി: മദ്യപാനം അല്ലാഹുവിനു കഠിന വെറുപ്പാണ്. അതിനെ തീരെ വിരോധിച്ചുകൊണ്ടുള്ള ഒരു വിധി ആസന്നമായിരിക്കുന്നു. അതുകൊണ്ട് മദ്യം കൈവശമുള്ളവര്‍ അത് ഉടന്‍ വിറ്റേക്കണം. കുറച്ചു കാലത്തിനുശേഷം പ്രകൃത സൂക്തം ഇറങ്ങി. അതോടെ തിരുമേനി പ്രഖ്യാപിച്ചു:  'മദ്യം കൈവശമുള്ളവര്‍ക്ക് അതു കുടിക്കാനോ വില്‍ക്കാനോ പാടില്ല. അതു നശിപ്പിച്ചുകളയേണ്ടതാണ്.' ഈ വിധി പ്രകാരം മുസ്ലിംകള്‍ പ്രവര്‍ത്തിച്ചു. മദീനയുടെ തെരുവീഥികളിലൂടെ കള്ള് ഒഴുകി. ചിലര്‍ ചോദിച്ചു: 'നമുക്കിതു യഹൂദികള്‍ക്കു സൗജന്യമായി കൊടുത്താലെന്താ?' തിരുമേനി ഉത്തരം നല്‍കി: 'ഇതിനെ നിഷിദ്ധമാക്കിയവന്‍ സൗജന്യമായി നല്‍കുന്നതും നിരോധിച്ചിരിക്കുന്നു.' ചിലര്‍ ചോദിച്ചു: 'നമുക്കിത് സുര്‍ക്കയാക്കി മാറ്റിയാലെന്താ?' തിരുമേനി അതും തടയുകയാണുണ്ടായത്. അവിടുന്നു കല്‍പിച്ചു: 'പാടില്ല; ഒഴുക്കിക്കളയുക?' മരുന്നെന്ന നിലക്കുപയോഗിച്ചു കൂടേ എന്നൊരാള്‍ ചോദിച്ചതിനു 'പാടില്ല; മദ്യം മരുന്നല്ല, രോഗമാണ് ' എന്നു തിരുമേനി ഉത്തരം കൊടുത്തു. മറ്റൊരാള്‍ ഇങ്ങനെ ബോധിപ്പിച്ചു: 'ശൈത്യം കഠിനമായ ഒരു പ്രദേശത്താണ് ഞങ്ങള്‍ പാര്‍ക്കുന്നത്. കഠിനമായ തൊഴിലെടുക്കേണ്ടതുണ്ട്. മദ്യപാനം കൊണ്ടാണ് ഞങ്ങള്‍ ക്ഷീണവും തണുപ്പും മാറ്റാറുള്ളത് '. തിരുമേനി ചോദിച്ചു: 'നിങ്ങള്‍ കുടിക്കുന്ന ഈ വസ്തു നിങ്ങളെ മത്തന്മാരാക്കുന്നില്ലേ?' അയാള്‍ പറഞ്ഞു: 'ഉവ്വ്.' അവിടുന്നു കല്‍പിച്ചു: 'അതിനെ ഉപേക്ഷിക്കുക!' അയാള്‍ തദവസരം പറഞ്ഞു: 'ഞങ്ങളുടെ പ്രദേശക്കാര്‍ ഇതംഗീകരിക്കുന്നതല്ല.' തിരുമേനി ഉത്തരം നല്‍കി: 'അംഗീകരിക്കുകയില്ലെങ്കില്‍ അവരോട് യുദ്ധം ചെയ്യുക!' ഈ വചനം അവതരിച്ചപ്പോള്‍ അതുവരേക്കും കള്ളുകുടി നിര്‍ത്തല്‍ ചെയ്തിട്ടില്ലാത്ത ചില സ്വഹാബികള്‍ ഉച്ചൈസ്തരം പ്രഖ്യാപിച്ചു: 'ഞങ്ങള്‍ വിരമിച്ചു, ഞങ്ങള്‍ വിരമിച്ചു.'
മദ്യമുള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം ഇസ്ലാമില്‍ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ് ഇസ്ലാമില്‍. ഇബ്നു ഉമറി(റ)ല്‍നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന നബിവചനം കാണുക: ''ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്; ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധവുമാണ്.'' മറ്റൊരു ഹദീസിലെ പരാമര്‍ശം ഇങ്ങനെ: ''എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ നിശ്ചയമായും മദ്യം കഴിക്കും. പക്ഷേ, അതിനവര്‍ 'മദ്യം' എന്നല്ലാത്ത പേര്‍ വിളിക്കും'' (അഹ്മദ്, നസാഈ). ലഹരിയുണ്ടാക്കുക എന്നതാണ് നിഷിദ്ധതയുടെ മാനദണ്ഡം. 
മദ്യത്തിന്റെ രുചിയില്ലാത്ത ജീവതമെന്നത് സങ്കല്‍പിക്കുകപോലും സാധ്യമല്ലാത്തവിധം മദ്യപാനത്തില്‍ മുഴുകിയിരുന്ന അറേബ്യന്‍ ജനതയില്‍നിന്ന് മദ്യത്തെ തുടച്ചുനീക്കി സാംസ്‌കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹമാക്കി അവരെ ലോകത്തിനു കാണിച്ചുകൊടുക്കാന്‍ ഇസ്ലാമിക സന്ദേശങ്ങളുടെ പ്രയോഗവല്‍ക്കരണം വഴി മുഹമ്മദ് നബി(സ)ക്ക് സാധിച്ചു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ സമ്പൂര്‍ണ മദ്യരഹിത സമൂഹമെന്ന ആശയം ആദ്യമായി നടപ്പില്‍ വരുത്തിയത് മുഹമ്മദ് നബി(സ)യാണെന്ന് നിസ്സംശയം പറയാം.
തിന്മകളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മദ്യം മനുഷ്യനെ എല്ലാ തിന്മകളിലേക്കും എത്തിക്കും. മദ്യപിക്കാന്‍ പണം ലഭിക്കാന്‍ അയാള്‍ മോഷ്ടിക്കും. ഭാര്യയുമായി പിണങ്ങിയാല്‍ അയാള്‍ വ്യഭിചരിച്ചേക്കും. ലഹരിയില്‍ വഴക്കടിക്കുമ്പോള്‍ അയാള്‍ കൊല നടത്തിയേക്കും. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തും. ഇങ്ങനെ എല്ലാ തെറ്റുകളിലേക്കും ഒരാളെ എത്തിക്കാന്‍ മദ്യത്തിന് കഴിയും. എത്രത്തോളമെന്നു വെച്ചാല്‍ സ്വന്തം മാതാവിനോട് വരെ എന്ത് നീചകൃത്യവും ചെയ്യാന്‍ അവനെ പ്രേരിപ്പിക്കും. മദ്യം മ്ലേഛവൃത്തികളുടെ മാതാവാണെന്നതിന് പുറമെ അത് സര്‍വ തിന്മകളുടെയും താക്കോലുമാണ്. കാരണം, മദ്യപിച്ച ശേഷം ഏത് തിന്മ ചെയ്യാനും അവന് മടിയുണ്ടാകില്ല. സ്വബോധത്തോടെ ഒരിക്കലും ചെയ്യാത്ത നീചവൃത്തികള്‍ മദ്യപിച്ച ശേഷം മദ്യപാനി ചെയ്യും.
അബുദ്ദര്‍ദാഇല്‍(റ)നിന്ന് നിവേദനം. എന്റെ ഇഷ്ടഭാജനം നബി (സ) എന്നോട് വസ്വിയ്യത്ത് ചെയ്തു: ''താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീര്‍ച്ച'' (ഇബ്‌നു മാജ:  3496).
ഖുര്‍ആനും ഹദീസും ലഹരി പദാര്‍ഥങ്ങള്‍ക്ക് 'ഖംറ്' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മറയ്ക്കുക, മൂടുക എന്നൊക്കെയാണ് ഖംറ് എന്ന പ്രയോഗം അര്‍ഥമാക്കുന്നത്. ബുദ്ധിയെ ലഹരിയാല്‍ മറയ്ക്കുന്നതും മൂടുന്നതുമായതെല്ലാം ഖംറാണ്. ആയതിനാല്‍ ലഹരിയുണ്ടാക്കുന്ന പാനീയങ്ങളും മയക്കുമരുന്നുകളും ഇതര ദ്രവ്യങ്ങളുമെല്ലാം മദ്യത്തിന്റെ പരിധിയില്‍പെടും. അവക്കെല്ലാം മദ്യത്തിന്റെ വിധി ബാധകവുമാകുന്നു.
അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''എല്ലാ ലഹരിയുണ്ടാക്കുന്നതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു'' (മുസ്‌ലിം: 2003).
അനസുബ്‌നു മാലികില്‍(റ) നിന്ന് നിവേദനം: ''നബി (സ) കള്ളിന്റെ വിഷയത്തില്‍ പത്ത് പേരെ ശപിച്ചു. മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്ക് വാങ്ങുന്നുവോ അവന്‍'' (തിര്‍മിദി: 1295).
മദ്യം കഴിക്കുന്നതും ഉണ്ടാക്കുന്നതും അതില്‍ ഇടപാട് നടത്തുന്നതും അതുകൊണ്ട് സമ്പാദിക്കുന്നതും ഇസ്‌ലാം നിഷിദ്ധമാക്കി. അബൂഹുറയ്‌റയില്‍ (റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''നിശ്ചയം അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു'' (അബൂദാവൂദ്: 3485).
മദ്യം പല അസുഖങ്ങള്‍ക്കും മരുന്നാണെന്ന് പറഞ്ഞ് അതിനെ ന്യായീകരിക്കുന്നവരുണ്ട്. എന്നാല്‍, മദ്യം രോഗശമനിയല്ലെന്നും അതുപയോഗിച്ച് ചികിത്സിക്കരുതെന്നുമാണ് ഇസ്‌ലാമിന്റെ പാഠം. വാഇലുബ്‌നു ഹദ്‌റമിയില്‍(റ)നിന്ന് നിവേദനം. സുവൈദുബ്‌നു ത്വാരിഖ് നബി(സ)യോട് മദ്യത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ നബി (സ) അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.'' നബി (സ) പറഞ്ഞു: ''നിശ്ചയം അത് രോഗമാണ്. ഒരിക്കലും രോഗശമനിയല്ല'' (മുസ്‌നദ് അഹ്മദ്: 18859).
അല്‍പമൊക്കെ കുടിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരുണ്ട്. കുടിക്കുന്ന പാനീയത്തില്‍ മദ്യത്തിന്റെ അളവ് കുറച്ചാണെങ്കിലും അതും ഹറാമാണ്.
ജാബിറുബ്‌നു അബ്ദില്ലായില്‍(റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''കൂടുതല്‍ (ഉപയോഗിച്ചാല്‍) ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്'' (അബൂദാവൂദ്: 3681).
ആഇശയില്‍(റ)നിന്ന് നിവേദനം. നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ''എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു. ഒരു 'ഫര്‍ഖ്' ലഹരിയുണ്ടാക്കുന്നത് ഒരു കൈകുമ്പിള്‍ നിറച്ചാണെങ്കിലും ഹറാമാകുന്നു'' (അബൂദാവൂദ്: 3687).
 മദ്യപാനിയായി ജീവിച്ച് മരിക്കുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണ്. അബുദ്ദര്‍ദാഇല്‍ (റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'കള്ളുകുടിയന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (ഇബ്‌നു മാജ: 6337). അബ്ദുല്ലാഹിബ്‌നു അംറില്‍(റ) നിന്ന് നിവേദനം. നബി (സ) പറഞ്ഞു: 'മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവനും ദാനം ചെയ്തത് എടുത്തുപറയുന്നവനും മുഴുകുടിയനും വ്യഭിചാരിയും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല' (മുസ്‌നദ് അഹ്മദ്: 6892).
മദ്യപാനികള്‍ക്ക് പരലോകത്ത് ശിക്ഷ കിട്ടുന്നതിന് പുറമേ ഈ ലോകത്തെ ജീവിതവും നഷ്ടത്തിലാണ്. ലോകാരോഗ്യ സംഘടനയായ ഡബ്ല്യു.എച്ച്.ഒ നടത്തിയ പഠനത്തില്‍ മുഴുകുടിയന്മാര്‍ക്ക് വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങളുടെ ഒരു പട്ടിക തയാറാക്കിയിട്ടുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:
''ഓര്‍മക്കുറവ്, ധൈര്യക്കുറവ്, അക്രമവാസന, വിഷാദം, വായിലും തൊണ്ടയിലും കാന്‍സര്‍, കരള്‍ സംബന്ധമായ അസുഖം, ജലദോഷം, പ്രതിരോധശക്തിക്കുറവ്, വിറയല്‍, ഞരമ്പ് കടച്ചില്‍, അള്‍സര്‍, അകാല വാര്‍ധക്യം, ഹൃദയപേശികളുടെ ശക്തിക്ഷയം, ഹൃദയാഘാതം, അനീമിയ, സ്തനാര്‍ബുദം, രക്തവാര്‍ച്ച, ഛര്‍ദി, ദഹനക്കേട്, ലൈംഗിക ശേഷിക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രമാണ്.''
''ദൃഢമായ മതവിശ്വാസം കൊണ്ടു മാത്രമാണ് മദ്യത്തിന്റെ പിടിയില്‍നിന്ന് മനുഷ്യര്‍ക്കുള്ള മോചനം... ഭൗതിക നിയമങ്ങള്‍ക്ക് സാക്ഷാല്‍ക്കരിക്കാന്‍ കഴിയാത്തതെല്ലാം സാക്ഷാല്‍ക്കരിക്കാന്‍ ഇസ്‌ലാമിനായിട്ടുണ്ട്... ഇവിടെ നിന്ന് നാം പറയട്ടെ, ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം വലയെറിഞ്ഞ പാശ്ചാത്യ നാഗരികതയുടെ സ്വാധീനങ്ങളില്‍നിന്ന് മനുഷ്യകുലത്തെ മോചിപ്പിക്കാന്‍ ഇസ്‌ലാമിനേ കഴിയൂ, തീര്‍ച്ച.'' ആര്‍നോള്‍ഡ് ടോയന്‍ബി സിവിലൈസേഷന്‍ ഓണ്‍ ട്രയല്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ എഴുതിയ വരികളാണിത്. 
+91 97464 56410
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് mhdpkd@gmail.com