Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

ഒറ്റ (ബില്‍ക്കീസ് ബാനുവിന്)

 യാസീന്‍ വാണിയക്കാട്

അല്ല, ആ രാത്രി 
ഒറ്റക്കായിരുന്നില്ലവള്‍!
കൂട്ടിരിക്കാന്‍ ഉറ്റവരുടെ
ഉയിരറ്റ ഉടലുകള്‍,
പിഞ്ചോമനയുടെ തകര്‍ന്ന തലയോട്,
ഉദരഭിത്തിയില്‍ ചെവികോര്‍ക്കുന്ന
ഇനിയും പിറക്കാത്ത കുഞ്ഞ്,
ചെഞ്ചോര വഴുക്കും പാതിരകള്‍,
ഇനിയും കത്തിത്തീരാത്ത
മനുഷ്യഗന്ധമുള്ള പുകച്ചുരുള്‍!

അല്ല, ഒറ്റക്കായിരുന്നില്ലവള്‍!
നിശ്ചലമാകുന്ന
ഓരോ മാംസപിണ്ഡത്തിലേക്കും
പുളഞ്ഞു കയറാന്‍
ചട്ടംകെട്ടുന്ന പുഴുക്കള്‍,
മാംസം നീറുന്ന വടുക്കള്‍

കഴുകന്‍ ബാക്കിയിട്ടേച്ചുപോയ
നഗ്‌ന ശരീരത്തിനുള്ളില്‍
നിക്കണോ പോണോയെന്ന് 
സന്ദേഹിച്ച് പതിയെപ്പതിയെ 
സ്പന്ദിക്കും മിടിപ്പുകള്‍....

ജീവിക്കണം, എനിക്ക് ജീവിക്കണം
മുറിവേറ്റ ചുണ്ടുകള്‍ മന്ത്രിക്കുന്നത്
പച്ച ശരീരങ്ങള്‍ വെന്ത മണം 
ചുമലിലേറ്റിപ്പായുന്ന കാറ്റില്‍ തട്ടി 
ഇടയ്ക്കിടെ മുറിയുന്നുണ്ട്.

നോക്കൂ, നരോദ പാട്യയില്‍
ബെസ്റ്റ് ബേക്കറിയില്‍
ഗുല്‍ബര്‍ഗില്‍ ചമന്‍പുരയില്‍ 
ഗുജറാത്തിലെ തെരുവീഥികളില്‍
നഗ്‌നമാക്കപ്പെട്ട പെണ്ണുടലുകള്‍
ആ രാത്രിയെ പുതച്ചുറങ്ങുന്നത്,
തീ ബാക്കിവെച്ചേച്ചുപോയ അസ്ഥികള്‍ 
അവര്‍ക്ക് കൂട്ടിരിക്കുന്നത്.

നിന്റെ മേനിയിലാ രാത്രി
ഉടയാട ചുറ്റിത്തന്നുവോ
മുറിവില്‍ മരുന്ന് പുരട്ടിത്തന്നുവോ
എഴുന്നേറ്റു നില്‍ക്കാന്‍
താങ്ങു തന്നുവോ?

ബില്‍ക്കീസ്.....
നിന്റെ പ്രാണനില്‍
കത്തിവെച്ച കൈകള്‍ക്ക്
നീ ജനിച്ചുവളര്‍ന്ന മണ്ണ്
കൈമാറുന്നു പൂച്ചെണ്ടുകള്‍,
കടിച്ചുകീറിയ തേറ്റകളില്‍
തൊടീക്കുന്നു രസഗുളകള്‍,
കഴുത്തില്‍ ചാര്‍ത്തുന്നു
ചോരച്ചുവയുള്ള രക്തഹാരങ്ങള്‍

ഇന്നിപ്പോള്‍ നീ ഒറ്റ!
ഉടല്‍ രണ്ടായിപ്പിളര്‍ന്ന നീതിയും ഒറ്റ!
ചുറ്റും മുറ്റിവളരുന്ന 
നൂറ്റിമുപ്പതു കോടി മൗനത്തെ
ഭേദിക്കുവാനാകാത്ത
നിന്റെ ഒടുക്കത്തെ നിലവിളിയും ഒറ്റ!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് mhdpkd@gmail.com